കൊട്ടിയടക്കപ്പെടാത്ത വാതിലുകൾ – 2

إلهي غارت النجوم، ونامت العيون وغلقت الملوك أبوابها، وبابك مفتوح، وخلا كل حبيب بحبيبه، وهذا مقامي بين يديك
“നാഥാ… താരകങ്ങൾ അസ്തമിച്ചു. കണ്ണുകൾ നിദ്ര പൂണ്ടു. കൊട്ടാര വാതിലുകൾ അടഞ്ഞു. നിന്റെ വാതിലുകളോ.. തുറന്നു കിടക്കുന്നു. പ്രണേതാക്കൾ തനിച്ചായി. ഞാനിതാ നിന്റെ സവിധത്തിൽ സന്നിഹിതനായിരിക്കുന്നു”
ഈ പ്രാർത്ഥന ഹബീബ അൽ അദവിയ്യ എന്ന മഹതിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്വഹാബി വനിത അല്ലെങ്കിലും മുൻതലമുറയിലെ വളരെ ഭയഭക്തിയുള്ളവരിൽ ഒരാളായിരുന്നു അവർ. അബ്ദുൽ മാലിക്ക് അൽ മക്കിയുടെ നിവേദനം പ്രകാരം രാത്രിയുടെ അന്ത്യയാമങ്ങളിൽ കൈകൾ ആകാശത്തേക്കുയർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന ശീലമുണ്ടായിരുന്നു അവർക്ക്. ഫജ്ർ നമസ്ക്കാരം നിർവഹിക്കുന്നതിന് മുമ്പ് ഈ പ്രാർത്ഥന കൊണ്ടായിരുന്നു അവർ തഹജ്ജുദ് നമസ്കാരത്തിന് വിരാമം കുറിച്ചിരുന്നത്.
إلهي غارت النجوم، ونامت العيون وغلقت الملوك أبوابها، وبابك مفتوح، وخلا كل حبيب بحبيبه، وهذا مقامي بين يديك
“നാഥാ… താരകങ്ങൾ അസ്തമിച്ചിരിക്കുന്നു. കണ്ണുകളെല്ലാം നിദ്ര പൂണ്ടു കഴിഞ്ഞു. രാജാക്കന്മാർ അവരുടെ വാതിലുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. നിന്റെ വാതിലുകളോ.. ഇപ്പോഴും തുറന്നു തന്നെ കിടക്കുന്നു. പ്രണയിക്കുന്നവർ രഹസ്യമായി അവർ പ്രണയിക്കുന്നവരോടൊപ്പമാണ്. ഞാൻ നിന്നോടൊപ്പമാണ് റബ്ബേ.”
ഭൂമിയിലെ രാജാക്കന്മാരുടെ വാതിൽപടിക്കൽ ദിവസങ്ങൾ ചിലവഴിക്കുകയും രാത്രികളിൽ രാജാധി രാജനായ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകാൻ വിമുഖത കാണിക്കുകയും ചെയ്യുന്ന കൂട്ടരെ പറ്റി ഹാഫിദ് ഇബ്നു റജബ് പരാമർശിക്കുന്നതായി കാണാം. ആവിശ്യമുള്ളത് എന്തും നൽകാൻ റബ്ബ് തയാറായിട്ടും അവർ അല്ലാഹുവുമായിട്ട് അടുക്കുന്നതിൽ പരാജയപെട്ടു പോയവരാണ്. അല്ലാഹു നമ്മോടൊപ്പം തന്നെയുണ്ട് എന്ന പ്രതീക്ഷയും നമ്മുടെ പ്രാർത്ഥനയെങ്ങാനും അവൻ കേൾക്കാതെ പോവുമോ എന്ന ഭയവും, രണ്ടും ഈ പ്രാർത്ഥനയിൽ ഒരു പോലെ ഉൾചേർന്നിരിക്കുന്നു. കഅ്ബയുടെ പുനർനിർമ്മാണത്തിന് ശേഷം ഇബ്റാഹിം നബിയും മകൻ ഇസ്മാഈൽ നബിയും നടത്തിയ പ്രാർത്ഥനയും ഇതേപോലെ പ്രതീക്ഷയും ആശങ്കയും ഒരു പോലെ ഉറ്റി നിന്നതായിരുന്നു. സമാനമായി ഹബീബ് അൽ അദവിയ്യയും അല്ലാഹുവിലേക്ക് കൈകൾ ഉയർത്തുകയാണ്. അവരുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുകയാണെങ്കിൽ അവർ അല്ലാഹുവിനെ പ്രകീർത്തിക്കും. അതല്ല നിരസിക്കപ്പെടുകയാണെങ്കിൽ അവർ സ്വയം സങ്കടം രേഖപ്പെടുത്തുകയും അധികമായി ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അല്ലാഹുവിൻ്റെ വാതിൽക്കൽ നിന്ന് അവർ ഒരിക്കലും പിന്തിരിഞ്ഞുകളയുമായിരുന്നില്ല. അവൻ്റെ സ്നേഹവും തൃപ്തിയുമല്ലാതെ ഒന്നുകൊണ്ടും അവരുടെ ഹൃദയ ദാഹം ശമിക്കുമായിരുന്നില്ല.
നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി നാം അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ ഒന്നുകിൽ നാം പ്രാർത്ഥനയ്ക്കുള്ള മറുപടിക്കായി കാത്തു നിൽക്കുകയും അല്ലാഹുവുമായിട്ട് സംഭാഷണം നടത്തിയതിൽ ആത്മസംതൃപ്തിയടയുകയും ചെയ്യുന്നു. അല്ലെങ്കിൽ നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാതെ പോയി എന്ന് കണ്ട് നിരാശപ്പെടുന്നു. എന്നാൽ ഹബീബ അൽ അദവിയയുടെ പ്രാർത്ഥനയുടെ സൗന്ദര്യം നോക്കൂ, രാത്രി കടന്നു പോവുമ്പോൾ അവർ ആഗ്രഹിച്ചത് അല്ലാഹുവിൻ്റെ വാതിൽപടിക്കൽ പ്രാർത്ഥിക്കാനായി ഒരിക്കൽ കൂടി വന്നു നിൽക്കാനുള്ള അവസരം ഉണ്ടാവണം എന്ന് മാത്രമായിരുന്നു. ഒരിക്കലും പിന്തിരിഞ്ഞു മടങ്ങാൻ അവർ തയാറായിരുന്നില്ല.
അല്ലാഹു അവൻ്റെ വാതിലുകൾ ഒരിക്കലും നമ്മുടെ മുന്നിൽ കൊട്ടിയടക്കാതിരിക്കട്ടെ…
അവനെ എപ്പോഴും വിളിച്ചു പ്രാർത്ഥിക്കുന്നവരുടെ കൂട്ടത്തിൽ അവൻ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ. പരലോകത്ത് അവൻ നമ്മെ അഭിവാദ്യം ചെയ്യുകയും അവൻ്റെ സ്വർഗ പൂന്തോപ്പുകളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നത് വരെയും നമുക്ക് അവൻ്റെ വാതിലിൽ മുട്ടി കൊണ്ടേയിരിക്കാം.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1