വമ്പിച്ച അക്രമമാണത്

ഏകനായ അല്ലാഹുവിന് പങ്കുകാരെ ചേർക്കുന്നത് ഇസ്ലാമിൽ വളരെ വലിയ തെറ്റായാണ് കാണുന്നത്. ഏഴ് വൻപാപങ്ങളിലൊന്നായാണ് പ്രവാചകൻ (സ) അതിനെ വിളിച്ചത്. കബാഇർ , മൂബിഖാത് എന്നൊക്കെയാണ് ഹദീസുകളിൽ അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ബഹുദൈവാരാധന / മൂർത്തീ പൂജ എന്നൊക്കെയാണ് പൊതുവെ ശിർക്ക് എന്നതിനെ മലയാളത്തിൽ ചിലരെങ്കിലും പരാവർത്തനം ചെയ്ത് വരാറ് . ആരാധനകളിലും ഉടമസ്ഥതയിലും അല്ലാഹുവിന് പങ്കാളിയാക്കുന്നതിനെ സൂചിപ്പിക്കുന്ന പദമാണത്. ബഹുദൈവവിശ്വാസി എന്ന് വിളിക്കുന്നത് ആ മഹാപാപം ചെയ്യുന്നവനെയാണ്. ശിർക്കും കുഫ്റും ഒരേ അർത്ഥത്തിൽ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. അല്ലാഹുവിന്റെ അസ്തിത്വം തന്നെ നിഷേധിക്കലാണല്ലോ കാഫിറും മുശ്രിക്കും ഒരുപോലെ ചെയ്യുന്നത്. ഒന്നാമൻ ദൈവാസ്തിത്വം തന്നെ നിഷേധിക്കുമ്പോൾ രണ്ടാമൻ യഥാർത്ഥ ദൈവാസ്തിത്വം നിഷേധിച്ച് വേറെ വല്ലവനും അത് കല്പിച്ചു നല്കുകയും ചെയ്യുന്നു. വിഗ്രഹങ്ങളെയോ നക്ഷത്രങ്ങളെയും മറ്റ് ജീവജാലങ്ങളെയും ആരാധിക്കുന്നതിന് മാത്രമല ശിർക് എന്ന് പറയുന്നത്. പ്രത്യുത അല്ലാഹുവിന്റെ സ്ഥിരപ്പെട്ട ഏതെങ്കിലും ഗുണങ്ങൾ മറ്റാർക്കെങ്കിലും വകവെച്ചു കൊടുക്കുന്നത് പോലും ശിർക്കാണ്.
يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ( 31:13 ) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവിനോടു പങ്കുചേർക്കരുത്. നിശ്ചയമായും (അവനോട്) പങ്കുചേർക്കൽ വമ്പിച്ച അക്രമമത്രെ.’ എന്ന് ലുഖ്മാനുൽ ഹകീം തന്റെ പുത്രനെ ഉണർത്തുന്നത്.
إثبات الصفات الخاصة بالله لغيره എന്നാണ് ഇമാം ദഹ് ലവി (1114 -1176AH /1703 -1762 CE )ശിർകിനെ നിർവചിച്ചത്. ദൈവേതരർക്ക് ദൈവത്തിന്റെ ഗുണങ്ങൾ പതിച്ചു നൽകലാണത് എന്നർഥം. ശിർക് എന്ന അറബിപദത്തിന്റെ അർഥം പങ്കു ചേർക്കുക എന്നാണ്. ഒരു കാര്യത്തിൽ ഒരാൾ മറ്റൊരാളെ പങ്കാളി(ശരീക്) ആക്കിയാൽ അതിന് ഭാഷയിൽ ശിർക്കു ചെയ്തുവെന്ന് പറയാം. എന്നാൽ സാങ്കേതിക ഭാഷയിൽ ശിർക് എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത് അല്ലാഹുവിന് പങ്കാളികളെ സങ്കൽപിക്കുക എന്നതാണ്. അദ്വിതീയമല്ലാത്ത കാര്യത്തിൽ രണ്ടാളുകൾ പങ്കാളികളാവുന്നതാണ് അറബിയിൽ ശരിക : നിങ്ങൾ ഒരാളുടെ പങ്കാളിയായി മാറിയെങ്കിൽ, നിങ്ങളവന്റെ ശരീക് ആയി എന്നു പറയാം. ഒരാൾക്ക് മാത്രം അവകാശപ്പെട്ടതിൽ മറ്റൊരുവന് അവകാശം വകവെച്ചു കൊടുക്കുന്നതാണ് ശിർക്. ഖുർആനിൽ 169 ഇടങ്ങളിൽ ശിർക് എന്ന പദമോ അതിന്റെ നിഷ്പന്നങ്ങളോ വന്നിട്ടുണ്ട് . അതിൽ 163 സ്ഥലങ്ങളിലും അല്ലാഹുവിൽ പങ്കുചേർക്കുക എന്ന സാങ്കേതികാർഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്.
മീൻപിടിക്കുന്നവെരൊക്കെയും മുക്കുവനല്ല എന്ന് പറയുന്നത് പോലെ ശിർക്ക് ചെയ്യുന്നവരൊക്കെയും മുശ്രിക്കല്ല എന്ന് പൊതുവത്കരിക്കുക സാധ്യമല്ല എന്ന് ശിർക്കിനെയും മുശ് രിക്കിനെയും ന്യായീകരിക്കുന്ന നിലപാട് ചില പ്രബോധകരുടെ ഭാഗത്ത് നിന്നുമുണ്ടാവാറുണ്ട്. ശിർക്കാണെന്നറിഞ്ഞിട്ടും ഒരു കാര്യം മനപൂർവ്വം ചെയ്യുന്നവനെ മുശ് രിക് എന്നാണ് ഇസ്ലാമിക ദൃഷ്ട്യാ വിളിക്കൽ . ചെയ്യുന്നത് എന്താണെന്നറിയാതെ ശിർക് ചെയ്തു പോയവനെ മുശ് രിക് എന്ന് വിളിക്കാതിരിക്കാനും പ്രബോധകർ സന്മനസ് കാണിക്കണം. ഏതു തെറ്റും തെറ്റാവുന്നത് മനപ്പൂർവ്വം ചെയ്യുമ്പോഴാണല്ലോ ?? ആ പശ്ചാത്തലത്തിൽ സാമൂഹ്യ/ കുടുംബ പരിസരത്തു നിന്നും ഒരാൾ ഗൗരവം ബോധ്യപ്പെടാതെ ശിർകിന്റെ ലാഞ്ചനയുള്ള സംഗതി ചെയ്യുമ്പോഴേക്കും അടിക്കാനുള്ളതല്ല ശിർകിന്റെ സീൽ എന്ന് സാരം. “ഒരു സൃഷ്ടിയെ അല്ലാഹുവിനെ ആരാധിക്കുന്നതുപോലെ ആരാധിക്കുന്നതോ, മഹത്വപ്പെടുത്തുന്നതോ , ദൈവേതരമായ ശക്തികൾക്ക് ദൈവികത കല്പിക്കുന്നതോ ആണ് ബഹുദൈവത്വത്തിന്റെ യാഥാർത്ഥ്യമെന്നാണ് ഇബ്നുസ്സഅദി (1889-1956) അഭിപ്രായപ്പെടുന്നത്.
ശിർക്ക് രണ്ട് തരത്തിലാണ് 1-വലിയ ശിർക് 2 – ചെറിയ ശിർക്.പൂർണ്ണമായും ദൈവേതരനെ ആരാധിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിശേഷണങ്ങളും ഗുണങ്ങളും ദൈവേതരർക്ക് സങ്കല്പിക്കലാണ് വലിയ ശിർക്. ഈ ശിർക് സംഭവിച്ചാൽ ഇസ്ലാമിൽ നിന്നും പുറത്തുപോയി എന്നും വഴികേടുമായാണ് അതിനെ കുറിച്ച് പറയുക.ആ അവസ്ഥയിൽ മരിക്കുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്താൽ അയാൾ അഗ്നിയിൽ അനശ്വരനാകും എന്നാണ് അഖീദയിലെ വിശ്വാസം. ”ഏറ്റവും വലിയ പാപം ഏതാണെന്ന് നബി(സ)യോടു ഞാൻ ചോദിച്ചു. അപ്പോൾ തിരുനബി(സ) അരുളി: നിന്നെ സൃഷ്ടിച്ച അല്ലാഹുവിൽ നീ പങ്ക് ചേർക്കലാണ്” .
അല്ലാഹുവിന്റെ സത്ത(ദാത്ത്)യിലോ പ്രവർത്തനങ്ങളിലോ(അഫ്ആൽ) വിശേഷണങ്ങളിലോ(സ്വിഫാത്ത്) പങ്കു ചേർക്കലാണ് ബഹുദൈവാരാധന അഥവാ ശിർക്ക്. എന്നാൽ ചെറിയ ശിർക് വലിയ ബഹുദൈവത്വത്തിലേക്ക് എത്താത്തതും വലിയ ബഹുദൈവാരാധനയിലേക്ക് നയിക്കാൻ സാധ്യതയുള്ളതുമാണ്. ചെറിയ ശിർക് സംഭവിച്ചവൻ നരകത്തിൽ ശാശ്വതനാണെന്ന് മുസ്ലിം സമൂഹം കാണുന്നില്ല. അവൻ മരിച്ചാൽ മുസ്ലിം ഖബറിസ്ഥാനിൽ ഖബറടക്കും.
ചെറിയ ശിർകിന്റെ തരങ്ങൾ പലതാണ്. ഹൃദയത്തിലുള്ള ഉദ്ദേശ്യം മനുഷ്യന്റെ കർമങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനമാണ്.
ചില കർമങ്ങളെങ്കിലും പ്രദർശന ത്വര / ലോകമാന്യത / രിയാഉ എന്നിവ കൊണ്ട് പാഴായി പോകുന്നവയാണ്. «كنا نعد على عهد رسول الله صلى الله عليه وسلم الشرك الأصغر الرياء». എന്ന ശദ്ദാദ് ബ്നു ഔസിന്റെ വാചകം ശ്രദ്ധേയമാണ്. നബിയുണ്ടായിരുന്ന കാലത്ത് പ്രദർശന ത്വരയുള്ള കർമങ്ങളെ ശിർകായായിരുന്നു നമ്മൾ എണ്ണിയിരുന്നതെന്നർഥം. ഒരു വ്യക്തി സൽകർമ്മങ്ങൾ ചെയ്യുന്നത് മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ കേൾക്കുന്നതിനോ പബ്ലിസിറ്റിക്കോ വേണ്ടിയുള്ളതാണെങ്കിൽ സർവ്വശക്തനായ റബ്ബിൽ നിന്നുള്ള പ്രതിഫലത്തിനർഹനല്ല.
ഒരു ധർമിഷ്ടൻ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് പത്രത്തിൽ പേര് വരാനാണെങ്കിൽ പത്രത്തിൽ പേരു വരുന്നതോടെ അതിന്റെ പ്രതിഫലം തീർന്നു. ഒരാൾ തന്നെ കുറിച്ച് വിദ്യാസമ്പന്നനാണെന്നോ പണ്ഡിതനാണെന്നോ പറയിപ്പിക്കാൻ വേണ്ടി ബൗദ്ധിക വ്യായാമം നിർവഹിച്ചാൽ അതാണതിന്റെ കൂലി. ധീരനാണെന്ന് തെളിയിക്കാൻ പോരാടുന്നവന്റെ റിവാർഡും തഥൈവ.ഇപ്പറഞ്ഞവയെല്ലാം കാപട്യത്തിന്റെ ലക്ഷണമാണ്. കാപട്യത്തെ ശരിഅത് ശക്തമായി നിരോധിക്കുകയും കപടനെ ശിക്ഷിക്കുകയും ചെയ്യും.
ആളുകളെ കാണിക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളെ അല്ലാഹു അസാധുവാക്കുന്നു, അതിനാൽ മുസ്ലിം കാപട്യത്തിൽ നിന്ന് അകന്നുനിൽക്കുകയും മനസ്സാ വാചാ കർമ്മണാ ലോകമാന്യതയിൽ നിന്നും വിട്ടു നിൽക്കാൻ കഴിയുകയും വേണം. നിയ്യത് പൂർണ്ണമായും അല്ലാഹുവിന് മാത്രമാക്കി, സർവ്വശക്തനായ അല്ലാഹുവുമായുള്ള അവന്റെ അടുപ്പത്തിലൂടെയും വിശ്വാസം ശക്തിപ്പെടുത്തുന്നതിലൂടെയും, നിയമങ്ങളെക്കുറിച്ചും ഉള്ള സൂക്ഷ്മമായ അറിവ് വർദ്ധിപ്പിക്കുന്നതിലൂടെയും, റബ്ബിനെ സ്മരിക്കുകയും ശപിക്കപ്പെട്ട പിശാചിൽ നിന്ന് അവനോട് ശരണം തേടുകയും ചെയ്യുന്നത് ഒരു പരിധിവരെ രിയാഇൽ നിന്നും വിമുക്തി നല്കുന്നതാണ്.
ഏതെങ്കിലും പ്രവൃത്തി ഏറ്റെടുക്കുന്നതിന് മുമ്പ് തന്റെ ഉദ്ദേശ്യം സർവ്വശക്തനായ റബ്ബിന്റെ അടുക്കലുള്ള തൃപ്തിയാണെന്ന് കരുതുന്നതോടെ കർമങ്ങൾ എത്ര കുറവാണെങ്കിലും അതിന് അല്ലാഹുവിന്റെ അടുത്ത് വിലയും കനവും കൂടും. അല്ലാത്തവ പാപഭാരമായി നാളെ പരലോകത്ത് വെച്ച് ശിക്ഷക്കുള്ള നിമിത്തമായി അവ മാറും..
ദുൻയാവ് സമ്പാദിക്കുന്നതിന് വേണ്ടിയുള്ള ആരാധനകൾ കൊണ്ട് ദുൻയാവ് മാത്രമാണ് ലഭ്യമാവുക. ഒരാൾ തനിക്ക് വിചാരണ നാളിൽ കൂടുതൽ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി ദാനധർമ്മം ചെയ്യുന്നത് അവന് ഫലം ചെയ്യും. പരലോകത്തെ പ്രതിഫലവും പ്രതിഫലനവും മറന്ന്, ഇഹലോകത്ത് ആരാധനകളും ചെയ്യുന്നവൻ അവന്റെ ആരാധനകളെയും കർമ്മങ്ങളെയും അസാധുവാക്കാണ്..
ഭൗതിക വ്യവഹാരങ്ങളിൽ അല്ലാഹുവിനെ അവലംബിക്കാതെ സ്വയം കഴിവുകളിൽ അമിത പ്രതീക്ഷ വെച്ചു പുലർത്തലും ലഘുവായ ശിർകിന്റെ വകഭേദമാണ്.
ശകുനം : ഒരു മുസ്ലിം പക്ഷിയുടെ ശബ്ദം, സ്ത്രീ, നായ, പൂച്ച തുടങ്ങിയ ശകുന വിശ്വാസം വെച്ചു പുലർത്തൽ മുശ്രിക്കുകളുടെ വിശ്വാസത്തോട് സാദൃശ്യം പുലർത്തുന്നതാണ്. അതിനാൽ തന്നെ അത് ചെറിയ ശിർക്കുമാണ്. അപ്രകാരം ചില കാര്യങ്ങൾ പറയുന്നതിന് വേണ്ടി സൃഷ്ടിയെയും സ്രഷ്ടാവിനെയും ഒരേ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വാക്കുകൾ ഉച്ചരിക്കുന്നത് (ഉദാ: റബ്ബിന്റെ ഔദാര്യവും ഇന്നാലിന്ന ഔലിയായുടെ ബറകതുമില്ലായിരുന്നെങ്കിൽ ) ഇപ്പറഞ്ഞ ശിർക്കിന്റെ ലാഞ്ചനയുള്ള വർത്തമാനമാണത്.
അല്ലാഹു പറയുന്നു: ”അവർ പങ്കു ചേർക്കുന്ന പക്ഷം അവർ പ്രവർത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകും”(6:88).
മുഹമ്മദ് നബി(സ)യോടു പോലും അല്ലാഹു ഇക്കാര്യം സഗൗരവം ഉണർത്തുന്നു: ‘മുഹമ്മദ് നബിയേ, താങ്കൾ ശിർക്ക് ചെയ്യുന്ന പക്ഷം നിശ്ചയം താങ്കളുടെ കർമം നിഷ്ഫലമാകുമെന്നും താങ്കൾ നഷ്ടപ്പെട്ടവരിൽ പെട്ടുപോകുമെന്നും താങ്കൾക്കും താങ്കളുടെ മുമ്പുള്ളവർക്കും ദിവ്യസന്ദേശം നൽകപ്പെട്ടിട്ടുണ്ട്'(39:65).
വീണ്ടും പറയുന്നു: ‘നിശ്ചയം, തന്നോട് പങ്ക് ചേർക്കപ്പെടുന്നത് അല്ലാഹു പൊറുക്കുകയില്ല. അതിനേക്കാൾ താഴയുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തുകൊടുക്കും. അല്ലഹുവിനോട് ആര് പങ്കു ചേർക്കുന്നുവോ തീർച്ചയായും അവൻ മഹാകുറ്റം ചമച്ചിരിക്കുന്നു’ (4:48).
വിശുദ്ധ ഖുർആനിലെ സൂറത് കഹ്ഫും അമ്മ ജുസ്ഉമെല്ലാം പഠിച്ചാൽ മറ്റൊരു ശിർകിന്റെ രൂപം വ്യക്തമാവും . പലപ്പോഴും ശുദ്ധ മുവഹ്ഹിദുകൾ വരെ അശ്രദ്ധരായി പോവുന്ന ആ ശിർക് സാമ്പത്തിക മേഖലയിൽ സംഭവിക്കുന്നതാണ്. സമ്പത്ത് പരീക്ഷണമാണ്.
വേണ്ട! നിശ്ചയമായും, മനുഷ്യൻ അതിരുവിട്ടുകളയുന്നു അവൻ അവനെ (സ്വയം) ധന്യനായിരിക്കുന്നുവെന്ന് കണ്ടതിനാൽ! 96: 6-7
തനിക്ക് താൻ പോന്നവനായി കാണുന്നത് അല്ലാഹുവിന്റെ സ്ഥാനത്ത് തന്നെയോ തന്റെ ധനത്തെയോ പ്രതിഷ്ഠിക്കലാണ്
രണ്ടു ചങ്ങാതികളിലൊരാൾ അല്ലാഹുവിന് വേണ്ടി ദാനം ചെയ്യുന്ന വിശ്വാസിയെയും നന്ദികെട്ട പിശുക്കനെയും കുറിച്ച കഥാകഥനം സൂറ: കഹ്ഫിൽ പരാമർശിച്ചിരിക്കുന്നത് ഇങ്ങനെ വായിക്കാം :-
നീ അവർക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷൻമാർ. അവരിൽ ഒരാൾക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങൾ നൽകി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയിൽ (തോട്ടങ്ങൾക്കിടയിൽ) ധാന്യകൃഷിയിടവും നാം നൽകി.
ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങൾ നൽകി വന്നു. അതിൽ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു. 18:32-33
ഈ ധനികന് രണ്ട് ഫലപുഷ്ടിയുള്ള തോട്ടങ്ങൾ ഉണ്ടായിരുന്നു, അവയിൽ മുന്തിരിയും ഈന്തപ്പനയും സമൃദ്ധമായി ഉണ്ടായിരുന്നു. അതിലൂടെ നദി ഒഴുകുന്നു. ഖുർആൻ തന്നെ പറയട്ടെ:-
അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവൻ തൻറെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാൾ കൂടുതൽ ധനമുള്ളവനും കൂടുതൽ സംഘബലമുള്ളവനും. സ്വന്തത്തോട് തന്നെ അന്യായം പ്രവർത്തിച്ച് കൊണ്ട് അവൻ തൻറെ തോട്ടത്തിൽ പ്രവേശിച്ചു. അവൻ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. 18: 34-35
ഉള്ള അനുഗ്രഹങ്ങളിൽ സംതൃപ്തനായി ജീവിക്കേണ്ടതിന് പകരം അഹങ്കാരത്തിന്റെ അന്ത്യമെന്തെന്ന് ഉണർത്തുന്നതായി ആ മുതലാളിയുടെ കഥാന്ത്യം.
നിഷേധവും അഹങ്കാരവും ബുദ്ധിയും കഴിവും ഒരിക്കലും നശിക്കില്ലെന്ന അമിതാത്മവിശ്വാസവും അവനെ തനി ഖാറൂനാക്കി.
അവൻ പറഞ്ഞു: ‘എൻറെ അടുക്കൽ (തക്ക) അറിവുള്ളതിൻറെ പേരിൽ തന്നെയാണ് എനിക്കിതു നൽകപ്പെട്ടിരിക്കുന്നതു.’ അവൻറെ മുമ്പ് അവനെക്കാൾ കടുത്ത ശക്തിയുള്ളവരും കൂടുതൽ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിക്കുകയുണ്ടായിട്ടുണ്ടെന്നതു അവൻ അറിഞ്ഞിട്ടില്ലേ?! കുറ്റവാളികളോട് തങ്ങളുടെ പാപങ്ങളെക്കുറിച്ച് ചോദിക്കപ്പെടുകയില്ല. 28: 78
തനി ബൂർഷ്വാ വർത്തമാനമാണ് പിന്നെ ആ മുതലാളി പറഞ്ഞത് : അന്ത്യസമയം, സംഭവിക്കുന്ന ഒന്നാണെന്നും ഞാൻ വിചാരിക്കുന്നില്ല; അഥവാ എന്റെ റബ്ബിന്റെ അടുക്കലേക്ക് ഞാൻ മടക്കപ്പെടുന്നതായാൽ തന്നെ, നിശ്ചയമായും, മടങ്ങിച്ചെല്ലുന്നതിനു ഇതിനേക്കാൾ നല്ലതായ ഒരു സ്ഥാനം എനിക്കു (അവിടെ) കിട്ടുന്നതാണ്.’ 18:36
പണത്തോടുള്ള അമിത പ്രതീക്ഷയിൽ നിന്നുണ്ടായ അഹങ്കാരത്തിൽ നിന്നും അവ ഒരിക്കലും നശിക്കില്ല എന്ന അഹങ്കാരത്തിലേക്ക് നീങ്ങി. തുടർന്ന് അന്ത്യസമയത്തിന്റെ സാധ്യതയെ നിഷേധിക്കുകയും ചെയ്തു.
അവിശ്വസിച്ചവർക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവരുടെ സ്വന്തങ്ങൾക്ക് ഗുണകരമാണെന്ന് അവർ നിശ്ചയമായും വിചാരിക്കേണ്ട. അവർക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവർക്ക് പാപം വർദ്ധിക്കുവാൻ വേണ്ടി മാത്രമാകുന്നു. അവർക്ക് അപമാനകരമായ ശിക്ഷയുമുണ്ട്. 3:178
പിന്നീടവന്റെ നാശം അല്പാല്പമായി വരുന്നതിനെ ഖുർആൻ എത്ര വശ്യമായാണ് ചിത്രീകരിക്കുന്നതെന്ന് നോക്കൂ.
അവൻറെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണിൽ നിന്നും അനന്തരം ബീജത്തിൽ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനിൽ നീ അവിശ്വസിച്ചിരിക്കുകയാണോ?
എന്നാൽ (എൻറെ വിശ്വാസമിതാണ്.) അവൻ അഥവാ അല്ലാഹുവാകുന്നു എൻറെ രക്ഷിതാവ്. എൻറെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാൻ പങ്കുചേർക്കുകയില്ല. നീ നിൻറെ തോട്ടത്തിൽ കടന്ന സമയത്ത്, ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാൾ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കിൽ.
എൻറെ രക്ഷിതാവ് എനിക്ക് നിൻറെ തോട്ടത്തെക്കാൾ നല്ലത് നൽകി എന്ന് വരാം. നിൻറെ തോട്ടത്തിൻറെ നേരെ അവൻ ആകാശത്ത് നിന്ന് ശിക്ഷ അയക്കുകയും, അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്ന് വരാം. അല്ലെങ്കിൽ അതിലെ വെള്ളം നിനക്ക് ഒരിക്കലും തേടിപ്പിടിച്ച് കൊണ്ട് വരുവാൻ കഴിയാത്ത വിധം വറ്റിപ്പോയെന്നും വരാം. അവൻറെ ഫലസമൃദ്ധി (നാശത്താൽ) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങൾ) അവയുടെ പന്തലുകളോടെ വീണടിഞ്ഞ് കിടക്കവെ താൻ അതിൽ ചെലവഴിച്ചതിൻറെ പേരിൽ അവൻ (നഷ്ടബോധത്താൽ) കൈ മലർത്തുന്നവനായിത്തീർന്നു. എൻറെ രക്ഷിതാവിനോട് ആരെയും ഞാൻ പങ്കുചേർക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് അവൻ പറയുകയും ചെയ്ത്കൊണ്ടിരുന്നു. 18:38 – 42
لَمْ/ لا أُشْرِك بِرَبِّي أَحَدًا എന്ന ഏറ്റു പറച്ചിലിൽ അവൻ വീഴ്ച വരുത്തിയ മേഖല ഏതായിരുന്നു എന്ന് വ്യക്തം. ഇഹലോകത്തുള്ളത് പോലെ പരലോകത്തും തനിക്ക് പണവും മക്കളും ഉപകാരത്തിനുണ്ടാവുമെന്ന് തെറ്റിദ്ധാരണയനുസരിച്ച് ജീവിച്ച ഒരു മനുഷ്യ ജീവിതം (ആസ്വ് ബിൻ വാഇൽ സഹ്മി ) ഉദാഹരണം സ്വഹാബികൾക്ക് മുമ്പിലുണ്ടായിരുന്നു.
എന്നാൽ, നമ്മുടെ ലക്ഷ്യങ്ങളിൽ അവിശ്വസിക്കുകയും, “എനിക്കു നിശ്ചയമായും സ്വത്തും സന്താനവും നൽകപ്പെടു”മെന്നു പറയുകയും ചെയ്തവനെ നീ കണ്ടുവോ (നബിയേ)?! അവൻ അദൃശ്യകാര്യത്തെ നോക്കിക്കണ്ടിരിക്കുന്നുവോ, അഥവാ പരമകാരുണികനായുള്ളവൻറെ അടുക്കൽ വല്ല ഉടമ്പടിയും ഉണ്ടാക്കിവെച്ചിട്ടുണ്ടോ?!
അങ്ങിനെയില്ല;- അവൻ പറയുന്നതു നാം രേഖപ്പെടുത്തുന്നതാകുന്നു; അവനു നാം ശിക്ഷ കൂട്ടിക്കൂട്ടികൊടുക്കുകയും ചെയ്യും.
അവൻ (ആ) പറയുന്നതു [സ്വത്തും സന്താനവും] അവനോടു നാം അവകാശമെടുക്കുകയും, അവൻ നമ്മുടെ അടുക്കൽ ഒറ്റപ്പെട്ടവനായി വരുകയും ചെയ്യുന്നതാകുന്നു. 19:77 – 80
ഈ ആസ്വും ഖബ്ബാബു ബ്നു അറതും തമ്മിലുള്ള സാമ്പത്തിക ഇടപാടും കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാതിരിക്കാൻ ആസ്വ് പറഞ്ഞ ന്യായീകരണവുമെല്ലാം ചരിത്ര പ്രസിദ്ധമാണ്.
بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا ﴾١٦﴿ പക്ഷേ, നിങ്ങൾ ഐഹിക ജീവിതത്തിനു പ്രാധാന്യം നൽകുന്നു. 87:16 എന്നു തുടങ്ങുന്ന ഭാഗത്ത് പരാമർശിക്കുന്ന ശിർക്കും ഈ സാമ്പത്തിക വിഷയത്തിലുള്ളതായിരുന്നു.
ശുഐബേ….ഞങ്ങളുടെ പിതാക്കൾ ആരാധിച്ചുവന്നതിനെ ഞങ്ങൾ ഉപേക്ഷിക്കണമെന്നും ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾക്കിഷ്ടമുള്ള പ്രകാരം പ്രവർത്തിക്കാൻ പാടില്ലെന്നും നിനക്ക് കൽപന നൽകുന്നത് നിന്റെയീ നമസ്കാരമാണോ(11: 87)
ശുഐബ് നബിയുടെ കാലത്തെ സമൂഹത്തിന് ബാധിച്ച ധാർമികച്യുതി വിളിച്ചോതുന്ന ഈ വെളിപ്പെടുത്തലും ആ ജനതയെ മുഴുവൻ ബാധിച്ച ശിർക്കിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു.
اللهم إني أعوذ بك أن أشرك بك وأنا أعلم ، وأستغفرك لما لا أعلم അല്ലാഹുവേ, എനിക്കറിയാവുന്ന ശിർകിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, എനിക്കറിയാത്തതിന് നിന്നോട് ഞാൻ പാപമോചനവും തേടുന്നു എന്ന പ്രർഥനയിലടങ്ങിയിരിക്കുന്നു ഒറ്റ നോട്ടത്തിൽ നമുക്ക് ശിർകെന്ന് തിരിയാത്ത പലവിധമുണ്ടെന്ന് . ( തുടരും)