കാരുണ്യ വർഷമാവുക
ഖുർആനിലെ 30 പ്രധാന വിഷയങ്ങളിലൂടെയുള്ള ( تفسير موضوعي) ഒരു യാത്രയ്ക്ക് ഇന്ന് മുതൽ തുടക്കം കുറിക്കുകയാണ്. കഴിഞ്ഞ റമദാനിൽ ഖുർആൻ 30 ജുസ്ഉകളുടെ സാരാംശം ( ഖുർആൻ മഴ) തയ്യാറാക്കിയ ഉസ്താദ് അബ്ദുൽ ഹഫീദ് നദ് വിയുടെ മറ്റൊരു പഠനമാണിത്.
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ പലപ്പോഴും അല്ലാഹുവിനോട് കരുണ ചോദിക്കുന്ന നാം നമ്മുടെ ചുറ്റുവട്ടത്തുമുള്ളവരെ മറന്നു പോകുന്നു.സർവ്വശക്തനായ അല്ലാഹുവിന്റെ സ്വഭാവങ്ങളെ ഉൾക്കൊള്ളുന്നതിലും സ്വാംശീകരിക്കുന്നതിലുമാണ് ( التخلق بأخلاق الله) നമ്മുടെ പൂർണതയും സന്തോഷവുമെന്ന് ഇമാം ഗസാലി തന്റെ മഖ്സ്വിദുൽ അസ്നയിൽ വിശദീകരിക്കുന്നുണ്ട്. അഥവാ അല്ലാഹുവിനോട് നാം ചോദിക്കുന്ന ഗുണങ്ങൾ നമ്മിൽ സന്നിവേശിപ്പിക്കാനുള്ള ശ്രമം നാം തന്നെ ബോധപൂർവ്വം നടത്തേണ്ടതുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.
اللهم ارحمني يا أرحم الراحمين എന്ന് പറഞ്ഞു അല്ലാഹുവിനോട് ഇങ്ങോട്ട് കാരുണ്യം തേടുമ്പോൾ ഇന്നലെ നമ്മുടെ കീഴുദ്യോഗസ്ഥൻ സമർപ്പിച്ച ന്യായമായ ലീവ് അപേക്ഷ നമ്മുടെ ഫയലിൽ ഒപ്പ് വെക്കാതിരുന്നത് നാം ഓർക്കണം.
Give respect, take respect എന്ന് ആംഗലേയ ഭാഷയിൽ പറയുന്നത് പോലെ നാം കരുണയുടെ കരങ്ങൾ പൂട്ടി വെച്ച് അതല്ലാഹുവിനോട് ചോദിക്കേണ്ടതാണെന്ന കൈക്കോട്ട് മനസ്ഥിതി ആദ്യം മാറ്റണം.
“കരുണ / رحمة” എന്ന പദവും അതിന്റെ വ്യുൽപ്പന്നങ്ങളും ഖുർആനിൽ 268 തവണ പരാമർശിക്കപ്പെട്ടിരിക്കുന്നു.
إِحْسان ,حنان , رَأْفَة , رِفْق ….. തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളും ഏതാണ്ടിതേയർഥത്തിൽ ഖുർആനിലും ഹദീസിലും എമ്പാടും കാണാം. رحمة / കാരുണ്യമെന്ന പദം മിക്ക സ്ഥലങ്ങളിലും നാമത്തിന്റെ രൂപത്തിലാണ് ( رحمن / رحيم / رحمة ) പരാമർശിക്കപ്പെട്ടിട്ടുള്ളത്. ഉദാ:-അവൻ പൊറുക്കുന്നവനും കാരുണ്യവാനുമാണ് {إنه هو التواب الرحيم} 2:37
ക്രിയാ രൂപത്തിൽ 14സ്ഥലങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഉദാ: നമ്മുടെ നാഥൻ നമ്മോട് കരുണ കാട്ടിയില്ലെങ്കിൽ …
{قالوا لئن لم يرحمنا ربنا} 7: 149
ഇമാം റാഗിബ് അസ്ഫഹാനി മുഫ്റദാതിൽ പറഞ്ഞത്: കാരുണ്യത്തിനർഹനായവനോട് തോന്നുന്ന ഹൃദയ നിർമലതയാണ് റഹ്മത് എന്നാണ്. അത് ചിലപ്പോൾ കേവലമായ ആർദ്രതയാവും, മറ്റു ചിലപ്പോൾ ആർദ്രതയും ദയാവായ്പും ഒരുമിച്ചാവും . ഏതാണ്ട് അതേ അർഥമാണ് ഇബ്നു മൻളൂർ ലിസാനുൽ അറബിലും വ്യക്തമാക്കിയിട്ടുള്ളത്.
ഗർഭപാത്രത്തെ റഹം എന്നാണ് അറബിയിൽ വിളിക്കുന്നത്; കാരണം മാതാവിന്റെ ഗർഭപാത്രത്തിലാരംഭിക്കുന്നു ഈ കാരുണ്യവും വാത്സല്യവും. ഈ പറയുന്ന ഗുണങ്ങൾ റഹ്മാനിലും റഹീമിലുമുണ്ട്. എന്നാൽ ഈ ലോകത്തും പരലോകത്തും ഒരുപോലെ കാരുണ്യമേകുന്നവനാണ് റഹ്മാൻ. വഴിപ്പെട്ടവർക്ക് പരലോകത്ത് പ്രത്യേക പരിഗണന നൽകുന്നവനാണ് റഹീം: زيادة المباني تدلّ على زيادة المعاني (നിർമിതിയിലെ വർധനവ് ആശയത്തിന്റെ ആധിക്യത്തെ സൂചിപ്പിക്കുന്നു) എന്ന ഒരു പൊതുതത്വം തന്നെയുണ്ട്. ഇമാം ഖുർതുബി പറഞ്ഞു: ( റഹ്മാൻ എന്ന പദം റഹ്മത്
എന്ന പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത് )(1/104)
സർവ്വശക്തനായ റബ്ബിന്റെ പ്രധാന ഗുണമായി ഹദീസുകളിലും റഹ്മതിനെ കാണാം (അല്ലാഹു സൃഷ്ടിയെ സൃഷ്ടിച്ചപ്പോൾ ‘എന്റെ ദയ എന്റെ ക്രോധത്തെ മുൻകടന്നു ) എന്ന് പഠിപ്പിക്കുന്ന പ്രബലമായ ഒരു ഖുദ്സിയായ ഹദീസു തന്നെയുണ്ട്.
നബി ആഹ്വാനം ചെയ്തത് : കരുണയുള്ളവർക്ക് പരമകാരുണികൻ കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. വാനലോകത്തുള്ളവൻ നിങ്ങൾക്ക് കരുണ കാണിക്കുമെന്നു’മാണ് .
‘ദുർഭഗനിൽ നിന്നല്ലാതെ കാരുണ്യം എടുത്തുകളയപ്പെടുന്നില്ല ‘എന്നു പഠിപ്പിക്കുന്ന ധാരാളം അധ്യാപനങ്ങൾ ഹദീസുകളിൽ കാണാം.
ക്രൂരത നിഷിദ്ധമാക്കിയ ഇസ്ലാം പൂച്ചയെ കെട്ടിയതിന്റെ പേരിൽ ഏറെ ആരാധനകൾ നിർവഹിച്ച സ്ത്രീ നരകത്തിൽ പ്രവേശിച്ച സംഭവവും
നായക്ക് വെള്ളം കൊടുത്ത് സ്വർഗത്തിൽ പോയ കുടിയന്റെ സംഭവവുമെല്ലാം പ്രസിദ്ധങ്ങളാണല്ലോ ?!
കാരുണ്യം ശരീഅത്തിന്റെ അടിത്തറയാണ്. അതിന്റെ ശാഖകളും കെട്ടിപ്പടുക്കാൻ ദീക്ഷിച്ചതും അതു തന്നെ. ഒരാത്മാവിനേയും അതിന് കഴിയാത്തത് അല്ലാഹു വഹിപ്പിക്കുകയില്ല ﴿لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ﴾ 2:286 പ്രയാസങ്ങൾ എളുപ്പത്തെ കൊണ്ടുവരുന്നു ( المشقة تجلب التيسير)
തുടങ്ങിയ നിരവധി അടിസ്ഥാന നിദാന ശാസ്ത്ര തത്വങ്ങളെല്ലാം ഉരുവം കൊള്ളുന്നത് റഹ്മത് എന്ന ഭൂമികയിലാണ്. നിർബന്ധിത സാഹചര്യങ്ങളിൽ അസീമകൾ / ശക്തമായ പ്രമാണ നിർദ്ദേശങ്ങൾ റുഖ്സ്വകളായി / ഇളവുകളായി മാറുന്ന രസതന്ത്രവുമതു തന്നെ.
അനുതപിക്കുന്ന പാപികളുടെ മേലുള്ള കാരുണ്യം വ്യക്തമാക്കുന്ന മറ്റൊരു ഹദീസിതാ : അനസ് ബിൻ മാലിക് (റ)നിവേദനം ചെയ്യുന്നു: നബി(സ) പറയുന്നത് ഞാൻ കേട്ടു: അല്ലാഹു പറഞ്ഞു: “ആദമിന്റെ മകനേ, നീ എന്നെ വിളിച്ച് യാചിച്ച് തേടിയില്ലെങ്കിലും നിന്നിലുള്ള പാപങ്ങൾ ഞാൻ പരിഗണിക്കുകയില്ല. ആദമിന്റെ പുത്രാ, നിന്റെ പാപങ്ങൾ ആകാശത്തിലെ മേഘങ്ങളളോളം എത്തുകയും നീ എന്നിൽ നിന്ന് പാപമോചനം തേടുകയും ചെയ്താൽ, ഞാനതും പൊറുക്കും. ആദമിന്റെ മകനേ, നീ പാപങ്ങളുടെ കൂമ്പാരവുമായി എന്റെ അടുക്കൽ വരികയും എന്നോടു യാതൊന്നും പങ്കു ചേർക്കാത്ത അവസ്ഥയിൽ എന്നെ കണ്ടുമുട്ടുകയും ചെയ്താൽ അത്രമേൽ പാപമോചനവുമായി നിന്നിലേക്ക് വരും”
തുടങ്ങിയ അധ്യാപനങ്ങൾ ജീവിതത്തിൽ നല്കുന്ന പോസിറ്റീവ് എനർജി ഒന്ന് ഓർത്തു നോക്കുക.
വീട്ടിൽ നിന്നും കുറുമ്പ് കാട്ടി ചാടിപ്പോയ മകനെ ചാട്ടവാറുമായ് കാത്തുനില്ക്കുന്ന വാപ്പയും ഉമ്മയുമാണ് അവന്റെ മനസ്സിലെങ്കിൽ അവൻ ഒരിക്കലും തിരിച്ചുവരില്ല. ഇങ്ങോട്ടൊന്നടുത്താൽ അങ്ങോട്ട് ഓടി അടുക്കുന്ന നാഥൻ എന്നെ കാത്തിരിക്കുന്നു എന്ന പ്രതീക്ഷ നിസ്സാരമല്ല.
ഇഹലോകത്ത് അവന്റെ എല്ലാ സൃഷ്ടികളോടുമുള്ള കരുണയിൽ അവരുടെ ഉപജീവനം, ജീവിതത്തിന്റെ മറ്റു നിമിത്തങ്ങൾ സാധ്യമാക്കുന്നത് എന്നിവയുടെ നിർവ്വഹണമെല്ലാം ഉൾപ്പെടുന്നുവെങ്കിൽ പരലോകത്ത് അവന്റെ പ്രത്യേക കാരുണ്യത്തെ സംബന്ധിച്ചിടത്തോളം വിശദമാക്കാൻ വാക്കുകളില്ല. വിശ്വാസികളുടെ ഒരു പ്രാർഥന ഖുർആൻ ചിത്രീകരിക്കുന്നതിങ്ങനെ:
“ഐഹികലോകത്തു ഞങ്ങൾക്കു നീ നന്മ രേഖപ്പെടുത്തേണമേ. പരലോകത്തിലും രേഖപ്പെടുത്തേണമേ! ഞങ്ങൾ നിന്നിലേക്കു ഖേദിച്ചു മടങ്ങിയിരിക്കുന്നു ”
അതിന് റബ്ബിന്റെ മറുപടി കാണുക: “എന്റെ ശിക്ഷ – ഞാൻ ഉദ്ദേശിക്കുന്നവർക്കു അതിനെ ബാധിപ്പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ, അതു എല്ലാ വസ്തുവിലും വിശാലമായിരിക്കുന്നു. സൂക്ഷ്മത പാലിക്കുകയും, സകാത് നിർവഹിക്കുകയും ചെയ്യുന്നവർക്കു അതു രേഖപ്പെടുത്തുന്നതാണ് “7:156
പ്രവാചകൻ കാരുണ്യത്തിന്റെ അമ്പാസിഡർ
കാരുണ്യത്തിന്റെ ഗുണം പ്രവാചകന്റെ വ്യക്തിത്വത്തിന്റെ ആകെത്തുകയായിരുന്നു.”നബിയേ ലോകത്തുള്ളവർക്കു് മുഴുവൻ കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.”
رَحْمَةً لِلْعَالَمِينَ [:107:21:] “തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തിൽ അതീവതാൽപര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം. ( 9: 128 ) എന്നതിലും ഊന്നി പറയുന്നത് ആ മാനവിക മൂല്യങ്ങൾ തന്നെ.
നബിയുടെ ഈ ആർദ്രതയും സ്നേഹവുമായിരുന്നു ഏതു പ്രതിസന്ധിയിലും അദ്ദേഹത്തോടൊപ്പം ചേർന്നു നിൽക്കാൻ അവരെ ഉദ്യുക്തരാക്കിയത്.
അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം നിമിത്തം നീ അവരോട് സൗമ്യമായിരിക്കുന്നു. പരുഷ സ്വഭാവിയും, കഠിന ഹൃദയനുമായിരുന്നെങ്കിൽ, അവർ നിന്റെ ചുറ്റുപാടിൽ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നു. ആകയാൽ, നീ അവർക്ക് മാപ്പ് നൽകുകയും, അവർക്കുവേണ്ടി പാപമോചനം തേടുകയും ചെയ്തുകൊള്ളുക. കാര്യത്തിൽ, അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക. എന്നിട്ട്, നീ (വല്ലതും) തീർച്ചപ്പെടുത്തിയാൽ, നീ അല്ലാഹുവിന്റെ മേൽ ഭരമേൽപിച്ച് കൊള്ളുക. നിശ്ചയമായും അല്ലാഹു, ഭരമേൽപിക്കുന്നവരെ സ്നേഹിക്കുന്നു. 3:159
കുട്ടികളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ മാതൃകകൾ സീറാ ഗ്രന്ഥങ്ങളിൽ നിറഞ്ഞ് നിൽക്കുന്നു.
അവരോട് തമാശയും കളിയും ചിരിയുമായി അവരുടെ കൂടെ നല്ല കൂട്ടുകാരനായി , അവരിൽ ഒരാളായി മാറുകയായിരുന്നു പതിവ്. ഒരിക്കൽ പ്രവാചകൻ പേരമക്കളെ ചുംബിക്കുന്നത് കണ്ട് വന്ന സാധാരണക്കാരനായ അഖ്റഅ് ബിൻ ഹാബിസ് തമീമി (റ) മുറിക്കകത്ത് പ്രവേശിച്ച് കൊണ്ട് ചോദിച്ചത് :
“താങ്കൾ മക്കളെ മുത്തുകയോ ” എന്നാണ്.
എനിക്ക് പത്ത് കുട്ടികളുണ്ടെന്നും അവരിൽ ആരെയും ഞാനിതുവരെ ചുംബിച്ചിട്ടില്ല.” എന്നും പറഞ്ഞപ്പോൾ
“റബ്ബ് നിങ്ങളുടെ ഹൃദയത്തിലെ കരുണ എടുത്തു കളഞ്ഞാൽ ഞാനെന്ത് ചെയ്യാനാണ് ” എന്നയർഥത്തിലുള്ള ഹാസ്യാത്മകമായ ഉപദേശമാണ്
പ്രവാചകൻ നൽകിയത്. മക്കളെ കുതിര കളിപ്പിക്കുക, മടിയിലിരുത്തി ലാളിക്കുക എന്നിവ അദ്ദേഹത്തിന്റെ പതിവായിരുന്നു.’ഞാൻ അവരോട് കരുണ കാണിക്കുന്നതു പോലെ അവരോട് നീയും കരുണയുണ്ടാകേണമേ എന്ന് അദ്ദേഹം പ്രാർഥിക്കാറുണ്ടായിരുന്നു.’
ചെറിയ മക്കളുടെ കരച്ചിൽ കേട്ടാൽ നമസ്കാരം ചുരുക്കുകയും നമസ്കാരം നീട്ടുന്ന ഇമാമുമാരെ സ്നേഹബുദ്ധ്യാ തിരുത്തുകയും ചെയ്യുക പ്രവാചകന്റെ പതിവായിരുന്നു.
ജനങ്ങളോട് കരുണ കാണിക്കാത്തവനോട് റബ്ബ് കരുണ കാണിക്കില്ല എന്നത് അദ്ദേഹം വ്യക്തമാക്കിയ തത്വമായിരുന്നു. വിശ്വാസികൾക്കിടയിലുള്ള പാരസ്പര്യത്തെ ഒരറ്റ ശരീരമായി ചിത്രീകരിക്കുന്ന വാചകം പ്രശസ്തമാണ്.
സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ പ്രസിദ്ധങ്ങളാണ്. അവരെ ബഹുമാനിക്കുകയും അവരുടെ ബലഹീനതകളിൽ കരുണ കാണിക്കുകയും അവരോടുള്ള ചൂഷണവും ഉപദ്രവവും തടയുകയും ചെയ്യുക പതിവായിരുന്നു.
ശത്രുക്കളോടു പോലും സ്നേഹത്തോടെ പെരുമാറുകയും കരുണകൊണ്ട് അവരുടെ ഹൃദയം കവരുകയും ചെയ്ത എത്രയോ രംഗങ്ങൾ
ചരിത്രത്തിലുണ്ട്. തന്നെ ഇകഴ്ത്തുകയും ഒട്ടകത്തിന്റെ കുടൽ മാല കഴുത്തിൽ കൊണ്ടു വന്നിടുകയും ചെയ്തവരോട് പോലും സകല വിജയവും ലഭ്യമായ സന്ദർഭത്തിൽ ‘പോയ്ക്കോളൂ നിങ്ങൾ സ്വതന്ത്രരാണ് ‘ എന്നു പറയാനുള്ള അലിവ് ചരിത്രത്തിൽ വിരളമാണ്.
മൃഗങ്ങളോട് ഇടപഴകുന്നതിനുള്ള മര്യാദകൾക്കായി നിയമനിർമ്മാണം നടത്തിയ ആദ്യ ഭരണ സംവിധാനത്തിന് ലോകം സാക്ഷിയായത് പ്രവാചക കാലഘട്ടത്തിലാണ്. മൃഗങ്ങളോടുള്ള അനുകമ്പ ഉണ്ടാക്കുന്ന നേരത്തെ സൂചിപ്പിച്ച കഥാകഥനങ്ങളിലൂടെ നബി തങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചത് അയൽക്കാരനോട് നല്ല നിലക്ക് നില്ക്കുന്ന വെറും ശമരിയാക്കാരെയല്ല, പ്രത്യുത പച്ചക്കരളുള്ള ഏതു ജീവിയും ഭൂമിയുടെ അവകാശികളാണെന്ന അത്യുന്നതമായ കാരുണ്യത്തിന്റെ പ്രായോഗിക പരിഹാരങ്ങളും പാഠങ്ങളുമായിരുന്നു അദ്ദേഹം ലോകത്തിന് മുന്നിൽ സമർപ്പിച്ചത്.
കഠിനമായ വിശപ്പ് കാരണം മുതുക് വയറ്റിലൊട്ടിയ ഒട്ടകത്തെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് : “ഈ മൃഗങ്ങളുടെ കാര്യത്തിൽ നിങ്ങൾ റബ്ബിനെ ഭയപ്പെടുക, അവയെ നീതിപൂർവ്വം മാത്രം സവാരിക്ക് ഉപയോഗപ്പെടുത്തുക . നീതിപൂർവ്വം മാത്രം ഭക്ഷിക്കുക.” എന്നായിരുന്നു. മൃഗത്തെ ശപിക്കുന്നതും മുദ്രകുത്തുന്നതുമെല്ലാം ഇസ്ലാമിലെ നിരോധനങ്ങളിലാണ് പെടുന്നത്. ഭക്ഷണാവശ്യത്തിന് മൃഗത്തെ അറുക്കുന്നവരോട് പോലും കത്തി മൂർച്ചകൂട്ടി ഉരുവിന് വേദന കുറക്കാനാണ് നബി (സ) പഠിപ്പിച്ചത്.
ഇന്നും വിശ്വാസികൾ തങ്ങളുടെ വളർത്തു മൃഗങ്ങളെ അതിക്രമം കാണിക്കാതെ , കരുണയോട് സംരക്ഷിക്കുന്നത് ലോകത്തെവിടെയും കാണാം.
ആത്മഹത്യയും ദയാവധവും പോലുള്ളവയെ ഗുരുതരമായ കുറ്റകൃത്യമാക്കി പഠിപ്പിച്ചതിന്റെ സദ്ഫലങ്ങളും ലോകത്തെവിടെയും ദർശിക്കാനാവും.
കുടുംബവും സമൂഹവും കാരുണ്യം പെയ്തിറങ്ങുന്ന ഇടങ്ങളായാണ് ഖുർആൻ പഠിപ്പിക്കുന്നത്.
കുടുംബത്തിനുള്ളിൽ സ്നേഹവും കാരുണ്യവും പ്രസരിപ്പിക്കാൻ ഇസ്ലാം സദാ പ്രേരിപ്പിക്കുന്നു. സഹാനുഭൂതിയുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിന് ഇണകൾ തമ്മിലുള്ള കാരുണ്യത്തെ ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാന ശിലയും ഘടകവുമായി ബോധ്യപ്പെടുത്തി ഗാർഹികമായ ഈ ഇമ്പവും അൻപുമെല്ലാം അതിന്റെ ഇന്ധനമായി നിശ്ചയിക്കുകയും ചെയ്തു. ഇസ്ലാമിക ദൃഷ്ടിയിൽ ഇളയവരോടുള്ള ദയാവായ്പ്പും മൂത്തവരോടുള്ള ആദരവും ബഹുമാനവും പരിശീലിക്കേണ്ട ആദ്യയിടവും നമ്മുടെ വീടകങ്ങളാണ്.
കുടുംബനാഥനും കുടുംബാംഗങ്ങളുമുള്ള ഇഴയടുപ്പവും നേതാവും നീതരും തമ്മിലുള്ള ബന്ധവുമെല്ലാം ഈ കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി , പരസ്പര ബന്ധിത പാഠങ്ങളായി നാം നെഞ്ചിലേറ്റിയാൽ തീരുന്നതേയുള്ളൂ ഇന്ന് നാം സമൂഹത്തിൽ കാണുന്ന ആഭ്യന്തര – ബാഹ്യ പ്രശ്നങ്ങൾ .
പലപ്പോഴും ജനങ്ങൾ മറന്നു പോകുന്ന പാഠങ്ങളാണ് വാണിജ്യ മേഖലയിലെ കാരുണ്യവും നൈതികതയും; പ്രവാചകൻ പറഞ്ഞു:
(വിൽക്കുമ്പോൾ ഉദാരമനസ്കനും വാങ്ങുമ്പോൾ സഹിഷ്ണുതയുള്ളവനും ആവശ്യപ്പെടുമ്പോൾ വിട്ടുവീഴ്ചയുള്ളവനുമായ അടിമയോട് അല്ലാഹു കരുണ കാണിക്കട്ടെ)
ക്രയവിക്രയത്തിലെ കാരുണ്യവും സഹിഷ്ണുതയും സമൂഹത്തിന് ഏറെ ഗുണകരവും സാമൂഹിക കെട്ടുറപ്പിൽ വലിയ സ്വാധീനം ചെലുത്തുന്നതുമായ ഒരു മാർഗദർശനമാണെന്നർഥം.
അത്യധികം കരുണയുള്ളവനും കരുണാമയനുമാണ് അല്ലാഹു എന്നത് ഖുർആന്റെ പ്രാഥമികാഹ്വാനമാണ്. അവൻ കരുണയുള്ളവരെ അങ്ങേയറ്റം സ്നേഹിക്കുന്നു. “അല്ലാഹുവിൽ വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ അവൻ ഉൾപ്പെടുകയും ചെയ്തിരിക്കുന്നു. ” 90: 17
കാരുണ്യം റബ്ബിന്റെ ഔദാര്യമാണ്, തൻറെ ദാസൻമാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവരുടെ ഹൃദയത്തിലേക്ക് അത് സന്നിവേശിപ്പിക്കും.(إنما يرحم الله ﷻ من عباده الرحماء). എന്ന പ്രവാചകാധ്യാപനം അർഥമാക്കുന്നതുമതു തന്നെ.(അല്ലാഹുന് കരുണയുള്ളത് അവന്റെ കരുണയുള്ള ദാസന്മാരോടാണ് ).
ശൈഖ് മുഹമ്മദ് മുത്വാഅ് ഖസ്നവി പറയുന്നു:
ഇസ്ലാം വന്നത് വിശ്വാസവും സൽകർമ്മങ്ങളും കൊണ്ട് ഹൃദയങ്ങളെ ശുദ്ധീകരിക്കാനും കരുണയും ആർദ്രതയും കൊണ്ട് അവിടം നിറയ്ക്കാനുമാണ്. ഓരോ മുസ്ലിമിനും അവന്റെ സഹോദരനോട് കരുണ ആവശ്യമാണ്, ഇടയൻ തന്റെ ആട്ടിൻകൂട്ടത്തോട് കരുണ കാണിക്കണം. പിതാവ് തന്റെ മക്കളോട് കരുണയുള്ളവനായിരിക്കണം ; അധ്യാപകൻ തന്റെ വിദ്യാർത്ഥികളോട് കരുണ കാണിക്കണം. വിശ്വാസി എല്ലാവരോടും കരുണ കാണിക്കേണ്ടതുണ്ട്. അവൻ അവരെ ദയയോടെ ഉപദേശിക്കുകയും, കരുണയോടെ സംരക്ഷിക്കുകയും സൗമ്യതയോടെ സത്യത്തിലേക്ക് പ്രബോധനം ചെയ്യുകമാണ് ചെയ്യേണ്ടത്.തനി ധിക്കാരിയായ ഫിർഔനോട് പോലും മൃദുവായി സംസാരിക്കുവാനാണ് ഖുർആൻ പഠിപ്പിക്കുന്നത് :
‘നിങ്ങൾ അവനോട് സൗമ്യമായ വാക്കു പറയുക; അവൻ ഉപദേശം സ്വീകരിക്കുകയോ, അല്ലാത്തപക്ഷം ഭയപ്പെടുകയോ, ചെയ്തേക്കാം.’ 20:44
വ്രതാനുഷ്ഠാനത്തിലൂടെ വയറിന് വിശപ്പുണ്ടാകുന്നത് ഹൃദയങ്ങളിൽ കാരുണ്യം വർദ്ധിക്കുന്നതിനുള്ള ഒരു നിമിത്തമാണ്. നോമ്പു കാലത്ത് മുസ്ലിം ലോകത്ത് വ്യാപകമാവുന്ന റിലീഫുകൾ അതിന്റെ തെളിവാണ്. വിശക്കുന്ന വയറിന്റെ നീറ്റൽ അനുഭവപ്പെടുമ്പോൾ സമാന സ്വഭാവമുള്ള പാവങ്ങളെ ഓർക്കുന്നത് സ്വാഭാവികം. യൂസുഫ് (അ) യെ സംബന്ധിച്ച് ഒരു ഇസ്രായീലീ സംഭവമുണ്ട്.
നിങ്ങൾ ഭൂമിയിലെ ഖജനാവുകളുടെ മേധാവിയായി ഇരിക്കുമ്പോഴും എന്തിനാണ് പട്ടിണി കിടക്കുന്നത്?! എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി :
” വയറുനിറഞ്ഞാൽ, വിശക്കുന്നവരെ മറക്കുമെന്ന് ഞാൻ ഭയപ്പെടുന്നു” എന്നാണ്. ഹൃദയത്തിന്റെ നൈർമല്യം, മറ്റുള്ളവരുടെ കഷ്ടപ്പാടുകളും പ്രശ്നങ്ങളും സ്വന്തം പ്രശ്നമായി ഏറ്റെടുക്കൽ, ഒരു വ്യക്തിയുടെ ജാതിയോ മതമോ രാഷ്ട്രീയമോ പരിഗണിക്കാതെയുള്ള സഹായഹസ്തം , സഹജീവികളോടുള്ള അനുകമ്പ,വിഷമകരമായ സാഹചര്യങ്ങളിലുള്ളവരോടുള്ള സഹതാപം / condescension എന്നീ സ്വഭാവഗുണങ്ങൾ കാരുണ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനുള്ള അസുലഭ നിമിഷങ്ങളിലാണ് നാമുള്ളത് .
അല്ലാഹുവിന്റെ റഹ്മാൻ , റഹീം എന്നിവയിലെ സ്വഭാവ സവിശേഷതകളെ നാമും ഏറ്റെടുക്കുക . അതിന് നാഥൻ തുണക്കട്ടെ …. നാം പ്രാർഥിക്കുക
اللهم ارزقنا قَطرةً من مُحيطِ رحمتِك الواسعة അല്ലാഹുവേ, നിന്റെ കാരുണ്യക്കടലിലെ ഒരു തുള്ളി നമുക്കും നൽകണമേ. (തുടരും)