തുരപ്പ ജന്മങ്ങൾ
വാസസ്ഥലത്തിന് രണ്ടു പ്രവേശന കവാടങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക തരം എലികളുണ്ട്. മണ്ണിനടിയിൽ വളരെ വിപുലമായ രീതിയിൽ വിദഗ്ധമായി ആവാസ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ വൈദഗ്ദ്യം ലഭിച്ച ആ എലികൾക്ക് തുരപ്പനെലി , പെരുച്ചാഴി, മാളമുയൽ എന്നൊക്കെ വിളിക്കാറുണ്ട്. വളരെ കൃത്യമായ തുരങ്കങ്ങൾ തുരക്കാനുള്ള കഴിവിൽ നിന്നാണ് ഇവയ്ക്ക് തുരപ്പനെലി എന്ന പേരു ലഭിച്ചത്. അറബി ഭാഷയിൽ അവയെ നാഫിഖാ (نافقاء) എന്നാണ് വിളിക്കുക. അപ്രകാരം പ്രതിസന്ധികളിൽ പുറത്തു ചാടാൻ തയ്യാറാക്കി വെച്ചിരിക്കുന്ന രണ്ടു ദ്വാരങ്ങളുള്ള ഒളിയിടങ്ങളിൽ കഴിയുന്ന മനുഷ്യജന്മങ്ങളെ ഖുർആൻ വിളിച്ച പേരാണ് മുനാഫിഖ് . ഹദീസുകളിൽ കുറച്ചു കൂടി വ്യക്തമാക്കി ഇരട്ടമുഖക്കാർ ذو الوجهين എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് അത്തരക്കാരെയാണ് . നബി (സ) അവന്റെ അടയാളങ്ങൾ പറഞ്ഞിരിക്കുന്നത് പ്രസിദ്ധമാണ്.
‘കപടവിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നാണ്: അവൻ വായെടുത്താൽ കള്ളം പറയുന്നു, വാഗ്ദാനം ചെയ്താൽ അത് ലംഘിക്കുന്നു, വിശ്വസിച്ചാൽ ചതിക്കുന്നു. ‘ മറ്റൊരു നിവേദനത്തിൽ : “നാലു കാര്യങ്ങൾ ഉള്ളവൻ കാപട്യക്കാരനാണ്, അവയിലൊന്ന് ഉള്ളവന് അത് ഉപേക്ഷിക്കുന്നതുവരെ കാപട്യത്തിന്റെ ഒരു സ്വഭാവമുണ്ട്: കള്ളം പറയുകയും വാഗ്ദാനം ലംഘിക്കുകയും ചെയ്യും, കൂടാതെ ഒരു തർക്കമുണ്ടായാൽ തെറിപറയുകയും, ഉടമ്പടി ചെയ്താൽ വഞ്ചിക്കുകയും ചെയ്യും ‘ എന്നാണ് . എന്നാൽ ഖുർആനിൽ 37 ഇടങ്ങളിലായി 30 തരം ലക്ഷണങ്ങളാണ് നിഫാഖിന് പറഞ്ഞിട്ടുള്ളത്. മുനാഫിഖൂൻ , തൗബ എന്ന സൂറകളിൽ പ്രധാനമായും കൈകാര്യം ചെയ്യുന്നത് ഇത്തരക്കാരെയാണ് .
അല്ലാഹുവിന്റെ സമക്ഷം ഏറ്റവും വലിയ പാപങ്ങളിൽ ഒന്നാണ് കാപട്യം . നാവുകൊണ്ട് ഒന്നു സംസാരിക്കുകയും ഹൃദയത്തിലുള്ളത് അതിനെതിരെ ആവുകയും ചെയ്യുന്ന അവസ്ഥാന്തരമാണ്. തൊള്ളയിൽ തോന്നിയത് കോതക്ക് പാട്ട് എന്നു പറയുന്നത് പോലെ നാമിന്നു ചില രാഷ്ട്രീയ നേതാക്കളുടെ പ്രഭാഷണങ്ങളിൽ കേൾക്കുന്നതു പോലെ ഉള്ളിലില്ലാത്തത് പള്ളായി തള്ളുന്നത് അത്തരം നിഫാഖിന്റെ പ്രാഥമിക ലക്ഷണമാണ്.
‘കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തിൽ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും…..
തീർച്ചയായും കപടവിശ്വാസികൾ നരകത്തിൻറെ അടിത്തട്ടിലാകുന്നു. അവർക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. ‘
إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعاً ….. 140
: إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيراً النساء: 145
നരകത്തിലെ ഏറ്റവും താഴത്തെ തറ സീറ്റ് അവർക്കായി റിസർവ് ചെയ്തിരിക്കുന്നുവെന്നർഥം.
കൈറോ , ഖത്വർ യൂണിവേഴ്സിറ്റികളിലെ പ്രൊഫസറായിരുന്ന ഡോ. മുഹമ്മദ് ദസൂഖി (B 1353 AH/
1934 CE) പറയുന്നു: ഇസ്ലാം കാപട്യത്തിനെതിരെ ഏറ്റവും കഠിനമായി മുന്നറിയിപ്പ് നൽകുന്ന ദർശനമാണ്.കാപട്യത്തെയും കപടന്മാരെയും കുറിച്ച് സംസാരിക്കുന്ന നിരവധി സൂക്തങ്ങളുണ്ട്.
മധുവേറും മൊഴിയുമായാരിക്കുമവരുടെ ആഗമനമെന്ന് മുനാഫിഖൂൻ അധ്യായം തുടക്കം തന്നെ സാക്ഷി :
‘(നബിയേ) കപടവിശ്വാസികൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും: ‘താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്നു ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു’ എന്ന്. അല്ലാഹുവിനറിയാം, നീ അവന്റെ റസൂൽ തന്നെ എന്നു. നിശ്ചയമായും, കപടവിശ്വാസികൾ കളവുപറയുന്നവരാകുന്നുവെന്നു അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.’ 63:1
അല്ലാഹുവിനോടുള്ള ശാത്രവമനുസരിച്ചാണ് അവർക്കുള്ള കൂലി..
‘(നബിയേ) അവർക്കുവേണ്ടി നീ പാപമോചനം തേടുകയോ, അല്ലെങ്കിൽ അവർക്ക് പാപമോചനം തേടാതിരിക്കുകയോ ചെയ്യുക; അവർക്കുവേണ്ടി നീ എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയില്ലതന്നെ. അത്, അല്ലാഹുവിലും, അവൻറെ റസൂലിലും അവർ അവിശ്വസിച്ചിരിക്കുന്നതുകൊണ്ടാണ്. അല്ലാഹുവാകട്ടെ, തോന്നിയവാസികളായ ജനങ്ങളെ നേർമാർഗത്തിലാക്കുകയില്ല. ‘9.80
വിശുദ്ധ ഖുർആനിൽ കപടരെ പലയിടത്തും തുറന്നുകാട്ടുകയും, അവർ അല്ലാഹുവിന്റെ വഴിയിൽ നിന്ന് മറ്റുള്ളവരെ തടയുന്ന കള്ളന്മാരാണെന്നും, അഹങ്കാരികളാണെന്നും വിവരിച്ചതുപോലെ മനസ്സിലാക്കാത്തവരും തെറ്റായി വായിക്കുന്നവരാണെന്നും അടിസ്ഥാനപരമായി
അറിയാത്തവരുമാണെന്നും ശക്തിയുക്തം തെളിയിക്കുന്നുണ്ട്.
‘എന്നാൽ, ഹൃദയങ്ങൾക്ക് രോഗം ബാധിച്ച ചില ആളുകൾ അവരുടെ കാര്യത്തിൽ ( അവരുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതിൽ ) തിടുക്കം കൂട്ടുന്നതായി നിനക്ക് കാണാം. ഞങ്ങൾക്ക് വല്ല ആപത്തും സംഭവിച്ചേക്കുമോ എന്ന് ഞങ്ങൾ ഭയപ്പെടുന്നു. എന്നായിരിക്കും അവർ പറയുന്നത്. എന്നാൽ അല്ലാഹു ( നിങ്ങൾക്ക് ) പൂർണ്ണവിജയം നൽകുകയോ, അല്ലെങ്കിൽ അവൻറെ പക്കൽ നിന്ന് മറ്റുവല്ല നടപടിയും ഉണ്ടാകുകയോ ചെയ്തേക്കാം. അപ്പോൾ തങ്ങളുടെ മനസ്സുകളിൽ രഹസ്യമാക്കിവെച്ചതിനെപ്പറ്റി ഈ കൂട്ടർ ഖേദിക്കുന്നവരായിത്തീരും. 5:52
ഹൃദയങ്ങൾക്ക് രോഗം ബാധിച്ച ചില ആളുകൾ എന്ന ഉപമ /രൂപകം എത്രമാത്രം ശരിയാണെന്ന് ആലോചിച്ചു നോക്കൂ.പിശാചാണ് അവരുടെ കൂടെ അണിയറക്കു പിന്നിൽ കളിക്കുന്നതെന്ന് ഖുർആൻ വ്യക്തമാക്കുന്നു :
‘നിശ്ചയമായും, തങ്ങൾക്കു സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷം പിന്നോട്ടു തിരിച്ചുപോയിട്ടുള്ളവർ, അവർക്കു പിശാചു (അവരുടെ ചെയ്തികളെ) അലംകൃതമാക്കിക്കൊടുത്തിരിക്കുകയാണ്. അവർക്കവർ (വ്യാമോഹങ്ങളെ) അയച്ചിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നു. ’47:25
പ്രവാചകൻ (സ) തന്റെ അനുയായികളെ കാപട്യത്തെയും കപടന്മാരെയും പരിചയപ്പെടുത്തുകയും അവരിൽ നിന്ന് അകലം പാലിക്കാൻ ഉണർത്തുകയും ചെയ്തു: “ എനിക്കു ശേഷം ഞാൻ ഭയപ്പെടുന്നത് നാവറിയുന്ന (عليم اللسان) കപടരെയാണെന്ന് “തുറന്നു പറഞ്ഞു.
പ്രമുഖ താബിഈ ആയിരുന്ന ഇബ്നു അബീ മുലൈക നൂറ് കണക്കിന് സ്വഹാബത്തിനെ കണ്ട്, അവരിൽ നിന്ന് പഠിച്ച് സഹവസിച്ച വ്യക്തിയായിരുന്നു. അദ്ദേഹം പറഞ്ഞത് : അവരെല്ലാം നിഫാഖിനെ കുറിച്ച് വല്ലാത്ത ആശങ്കയിലായിരുന്നുവെന്നാണ്. എന്നാൽ നമുക്ക് തീരെ ആശങ്കയില്ലാത്തതതിലാണ്.
ഇക്കാലത്തെ പ്രദർശന ത്വരയും സ്ത്രീ പുരുഷ സങ്കലനങ്ങളും വസ്ത്ര വിഷയത്തിലെ ലാഘവത്വവും നമസ്കാരങ്ങളിലെ അലസതയും
കോഴികുത്ത് നമസ്കാരങ്ങളും ആരാധനകളിലെ യാന്ത്രികതയുമെല്ലാം കൂടുതലായി കാണപ്പെടുന്നത് കപടതയുടെ വർധനവാകാനാണ് സാധ്യത.
എക്കാലത്തും കാപട്യത്തിന്റെ രൂപങ്ങൾ പലതാണ്. കപടനാട്യക്കാരന്റെ നമസ്കാരത്തെ നബി വിശേഷിപ്പിച്ചത് : അവൻ നമസ്കാര സമയം പിശാചിന്റെ രണ്ട് കൊമ്പുകൾക്കിടയിലാണെങ്കിൽ, എഴുന്നേറ്റ് നാല് തവണ കുത്തി മറിയൽ നടത്തും. അല്ലാഹുവിനെ വളരെ
കുറച്ചല്ലാതെ അവർ ഓർക്കാറുമുണ്ടാവില്ല എന്ന മുന്നറിയിപ്പ് എല്ലാകാലത്തേക്കാളും ഇക്കാലത്ത് കൂടുതലായിട്ടുണ്ടോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
തങ്ങൾക്കിടയിൽ അധാർമികത വ്യാപിക്കുന്നതിൽ യാതൊരു മനസ്സങ്കോചവുമില്ലാത്ത ഒരു വിഭാഗത്തെ ഖുർആൻ അനാവരണം ചെയ്യുന്നത് ഇങ്ങനെ: ‘നിശ്ചയമായും, വിശ്വസിച്ചിട്ടുള്ളവരിൽ നീചവൃത്തി പ്രചരിക്കു(ന്നത് കാണു)വാൻ ഇഷ്ടപ്പെടുന്നവരാകട്ടെ, ഇഹത്തിലും പരത്തിലും അവർക്ക് വേദനയേറിയ ശിക്ഷയുണ്ട്. അല്ലാഹു (എല്ലാം) അറിയുന്നു. നിങ്ങൾക്ക് അറിയുകയില്ല.’ 24:19
ഇക്കാലത്ത് നുണപറയുന്നതിൽ യാതൊരു വിധ മനസ്സാക്ഷി കുത്തും തോന്നാത്ത ചില പ്രത്യേക ജനുസ്സുകളെ കാണുമ്പോൾ സൂറ: ബഖറയിലെ 8, മുജാദില 14 സൂക്തങ്ങളാണ് ഓർമ്മ വരൽ . ശപഥങ്ങൾ പരിചകളാക്കി ( اتَّخَذُوا أَيْمَانَهُمْ جُنَّةً ) വായെടുത്താൽ അല്ലാഹുവാണെ എന്ന് പറഞ്ഞു സംസാരിച്ചു തുടങ്ങുന്ന ചിലരെ കുറിച്ച് സൂറ മുനാഫിഖൂൻ രണ്ടാം സൂക്തം വ്യക്തമാക്കുന്നുണ്ട്.
പ്രവാചകൻ(സ) സത്യസന്ധതയെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും കള്ളം പറയുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഹൃദയങ്ങളിലിറങ്ങിയ കാപട്യത്തെ സുഖപ്പെടുത്തുന്നതിന് ഈ സ്വഭാവത്തിന്റെ അനന്തരഫലങ്ങളെയും അതുമൂലമുണ്ടാകുന്ന ദോഷങ്ങളെയും കുറിച്ച് ചിന്തിക്കേണ്ട ആവശ്യകത അടിക്കടി ബോധ്യപ്പെടുത്തി. യഥാർഥ വിശ്വാസി തന്റെ ജീവിതത്തിൽ വ്യാജവും വഞ്ചനയും ഒഴിവാക്കുന്നവനുമാവണമെന്ന് ഉണർത്തുകയും ചെയ്തു .
ഇസ്ലാം കാപട്യത്തെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നത്
a- വിശ്വാസപരമായ കാപട്യം: വേഷത്തിലും പോഷാക്കിലും ഇസ്ലാമിനെ പ്രകടമാക്കി , അവിശ്വാസം മറച്ചു വെക്കുന്നത് ഏറ്റവും വലിയ കാപട്യമാണ്. ഈ ഇനം കപടതക്ക് ഇസ്ലാമിക ചരിത്രത്തിൽ മുൻ മാതൃക പറയൽ അബ്ദുല്ലാഹിബ്നു ഉബയ്യി ബ്നി സുലൂലാണ്.
ഇന്ന് ഇബ്നു സുലൂലുമാർ എണ്ണത്തിൽ റെക്കോർഡ് മറികടന്നു എന്ന് വേണമെങ്കിൽ പറയാം. തേനൂറുന്ന നാവും , കണ്ടാൽ വീണുപോവുന്ന വേഷത്തിലെ മതകീയതയുമാണ് അന്ന് ഇബ്നു സുലൂലിന് വ്യതിരിക്തത നല്കിയിരുന്നത്. സൂറത്തുൽ ബഖറയിലെ 8 മുതലുള്ള ചില സൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ അഭിനവ ഇബ്നു സുലൂലുമാരെ പെട്ടെന്ന് തന്നെ വായിച്ചെടുക്കാനും മനസ്സിലാക്കാനും കഴിയും.
b- പ്രവർത്തി പരമായ കാപട്യം: ഇതൊരു പ്രത്യേക തരം കാപട്യമാണ്. അടിസ്ഥാന പരമായി വിശ്വാസം നിലനിർത്തിക്കൊണ്ട് തന്നെ പലപ്പോഴും കപടവിശ്വാസികളുടെ പ്രവർത്തനങ്ങളിൽ നിന്ന് പല ലക്ഷണങ്ങളും പ്രകടിപ്പിക്കുന്ന പ്രത്യേക തരം നിഫാഖ് .
പക്കാ മുനാഫിഖ് അല്ലെങ്കിലും താഴെ പറയുന്ന ചിലതെങ്കിലും അവരിൽ പ്രകടമാവും. പ്രസ്തുത ലക്ഷണങ്ങൾ കൂടുന്തോറും നിഫാഖിന്റെ പരിമാണം കൂടിക്കൂടിവരും. നിഫാഖിനെ വിലയിരുത്താനുള്ള ആ മൂല്യ നിർണ്ണയ സൂചികകൾ താഴെ നൽകിയിരിക്കുന്നു :-
إنهم يقولون بألسنتهم ما ليس في قلوبهم
അവരുടെ ഹൃദയത്തിൽ ഇല്ലാത്തത് നാവുകൊണ്ട് പറയുന്നു….
إنهم يخادعون المؤمنين
അവർ വിശ്വാസികളെ വഞ്ചിക്കുന്നു….
يفسدون في الأرض بالقول والفعل
അവർ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഭൂമിയിൽ ദ്രോഹം ചെയ്യുന്നു….
يستهزءون بالمؤمنين
അവർ വിശ്വാസികളെ പരിഹസിക്കുന്നു….
يحلفون كذبًا ليستروا جرائمهم
തങ്ങളുടെ കുറ്റകൃത്യങ്ങൾ മറയ്ക്കാൻ അവർ കള്ളസത്യം ചെയ്യുന്നു.
يراؤون الناس
ജനങ്ങളെ കാണിക്കാൻ വേണ്ടി ചെയ്യുന്നു ..
موالاة الكافرين ونصرتهم على المؤمنين
അവിശ്വാസികളോടുള്ള കൂറും വിശ്വാസികളുടെ മേൽ നിഷേധികൾക്ക് ഒത്താശയും ചെയ്യുന്നു ….
العمل على توهين المؤمنين وتخذيلهم
വിശ്വാസികളെ അപകീർത്തിപ്പെടുത്താനും വഞ്ചിക്കാനും പ്രവർത്തിക്കുന്നു….
تدبير المؤامرات ضد المسلمين أو المشاركة فيها
മുസ്ലിംകൾക്കെതിരായ ഗൂഢാലോചനകൾ സംഘടിപ്പിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യുക, ഇസ്ലാമിക സമൂഹത്തിനെതിരായ കപടവിശ്വാസികളുടെ ഗൂഢാലോചന തെളിയിക്കുന്ന സംഭവങ്ങൾ ചരിത്രത്തിൽ എമ്പാടുമുണ്ട്
ترك التحاكم إلى الله ورسوله
വിധിക്കാനുള്ള പരമാധികാരം അല്ലാഹുവിനും അവന്റെ റസൂലിനും വകവെച്ച് കൊടുക്കാതിരിക്കുന്നു …
طعنهم في المؤمنين وتشكيكهم في نوايا الطائعين
വിശ്വാസികൾക്കെതിരായ അവരുടെ അപവാദ പ്രചാരണങ്ങളും അനുസരണയുള്ളവരുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നതും …
ഖുർആനിൽ പലയിടത്തായി പരന്നുകിടക്കുന്ന പ്രവർത്തി പരമായ കപടതയെ ചുരുക്കിപ്പറയാൻ ശ്രമിച്ചതാണിവ. സർവോപരി താഴെ പറയുന്ന ആയത് ശ്രദ്ധിക്കുക.
സത്യവിശ്വാസികളിൽ നിന്ന് ദാനധർമ്മങ്ങൾ ചെയ്യാൻ സ്വയം സന്നദ്ധരായി വരുന്നവരെയും, സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും ( ദാനം ചെയ്യാൻ ) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവർ. അങ്ങനെ ആ വിശ്വാസികളെ അവർ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്. അവർക്ക് വേദനയേറിയ ശിക്ഷയാണുള്ളത്. 9:79
ഈ ആയത് പാരായണം ചെയ്യുമ്പോൾ അന്നത്തെ തബൂക്ക് യുദ്ധത്തേക്കാൾ ഇന്നത്തെ ഇസ്ലാമിക സമൂഹത്തിലെ ചക്കാലൻ ചക്കളത്തി പോരാണ് ഈയുള്ളവന്റെ മനസിൽ തെളിഞ്ഞ് വരുന്നത്.
ഇത്തരം കെട്ടകാഴ്ചകൾ കാണുമ്പോൾ താഴെ പറയുന്ന പ്രാർഥന നടത്തുക.
اللهم طهِّرْ قلبي من النفاق وعملي من الرياء ولساني من الكذب وعيني من الخيانة فإنك تعلم خائنة الأعين وما تخفي الصدور
അല്ലാഹുവേ, എന്റെ ഹൃദയത്തെ കാപട്യത്തിൽ നിന്നും, എന്റെ പ്രവൃത്തിയെ ലോകമാന്യതയിൽ നിന്നും നാവിനെ കള്ളത്തിൽ നിന്നും, കണ്ണുകളെ വഞ്ചനയിൽ നിന്നും ശുദ്ധീകരിക്കേണമേ, കാരണം കണ്ണുകളുടെ വഞ്ചനയും നെഞ്ചകങ്ങൾ മറച്ചുവെക്കുന്നതും നിനക്കറിയാം. ( തുടരും)