സഹായത്തിന് പകരം പാപമോചനമോ ?
إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ (1) وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا (2) فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا (3) എല്ലാവരും എല്ലാ കാര്യങ്ങളിലും സർവ്വശക്തനായ അല്ലാഹുവിൽ നിന്നുള്ള സഹായത്തിനായി കാത്തിരിക്കുകയാണ്… അവരുടെ കാഴ്ചപ്പാടുകൾ അതിന്റെ സാമീപ്യത്തിലും ദൂരത്തിലും മാത്രമെ വ്യത്യാസപ്പെട്ടിട്ടിട്ടുള്ളൂ.. ഒരുപക്ഷേ അത് വൈകാതെ സംഭവിക്കുമെന്നാണ് പലർക്കും പറയാനുള്ളത്. എന്നാൽ അല്ലാഹു അവന്റെ സഹായത്തിനുള്ള കാരണങ്ങളും കാര്യങ്ങളും ഒരുപോലെ എല്ലാവർക്കുമായി സൃഷ്ടിച്ചു; അതോടൊപ്പം വിജയത്തിനായി ചില പ്രകൃതി നിയമങ്ങളും മുന്നുപാധികളും നിശ്ചയിച്ചു. അവന്റെ ദാസന്മാരിൽ അതിന്റെ സാക്ഷാത്കാരത്തെ സൂചിപ്പിക്കുന്ന സൂചകങ്ങളും അടയാളങ്ങളും ഖുർആനിലൂടെ കൃത്യമായി നല്കി. സർവ്വശക്തനായ റബ്ബിന്റെ സഹായം ലഭ്യമാകുന്നതിന് മുമ്പ് ചില മുൻകരുതലുകൾ സ്വീകരിക്കണമെന്നും അപര്യാപ്തതകൾ മറികടക്കുകയും മനുഷ്യസഹജമായ പോരായ്മകളും ബലഹീനതകളും ബോധപൂർവ്വം ഇല്ലാതാക്കണമെന്നും അവൻ നിർദ്ദേശിക്കുന്നുണ്ട്. അവയെല്ലാം തിരിച്ചറിയാനുള്ള അകക്കാഴ്ചയുണ്ടാക്കുന്ന ഒരു ഗ്രന്ഥമാണ് ഈയിടെ പുറത്തിറങ്ങിയ متى نصر الله ؟ / എപ്പോഴാണ് അല്ലാഹുവിന്റെ സഹായം ? പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ മുഹമ്മദ് റാതിബ് നാബുലുസിയിടേതാണ് ( B 29 /01 / 1939) പ്രസ്തുത ഗ്രന്ഥം. അല്ലാഹുവിന്റെ സഹായം ലഭിക്കുവാനുള്ള വ്യവസ്ഥകളും മാർഗങ്ങളും വിശദമായി ചർച്ച ചെയ്യുന്ന ഒരു ഗ്രന്ഥമാണത്. പ്രാർഥന മാത്രം നടത്തി മുന്നിൽ ഹാജരാക്കാൻ കഴിയുന്ന ഒരു മാന്ത്രിക ദണ്ഡല്ല നസ്വ്റും ഫത്ഹുമെന്നാണ് ആധികാരികമായി തയ്യാറാക്കിയ ആ പഠനത്തിൽ പറയുന്നത്.
نَصَرَ الْمَطرُ الأرضَ ഭൂമിയെ മഴ നനച്ചു എന്നാണ് ഭാഷാ പരമായി നസറ എന്ന പദത്തിന്റെയർഥം. അവശ്യഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പെയ്തിറങ്ങുന്നതിനെയാണ് ആലങ്കാരികമായി نصر الله എന്ന് പറയുന്നത്. സത്യവിശ്വാസികൾക്ക് അല്ലാഹുവിന്റെ സഹായത്തിന്റെ നിമിത്തങ്ങൾ പലതാണ്. അല്ലാഹു അവന്റെ സഹായവും വിജയവും സാക്ഷാത്കരിക്കാൻ ചില കാരണങ്ങളും പരാജയത്തിനുള്ള ചില നിമിത്തങ്ങളും ഉണ്ടാക്കി വെച്ചിട്ടുണ്ട്. വിശ്വാസമുള്ള ആളുകൾ അവരുടെ എല്ലാ കാര്യങ്ങളിലും വിജയത്തിന്റെ മാർഗങ്ങൾ ബോധപൂർവ്വം സ്വീകരിക്കുകയും എല്ലായിടത്തും – പള്ളിയിലും പള്ളിക്കൂടത്തിലും – അവയോട് ചേർന്നുനിൽക്കുകയും ചെയ്യും. വീട്ടിലും, വഴിയിലും, ശത്രുക്കളെ കണ്ടുമുട്ടുമ്പോഴും, എല്ലാ സാഹചര്യങ്ങളിലും, വിശ്വാസികൾ നാഥന്റെ കൽപ്പനകൾ പാലിക്കുന്നവരാവും. അവന്റെ സഹായം ലഭ്യമാക്കാനാവശ്യമായ ഇന്ദ്രിയ ഗോചരമല്ലാത്ത പല കാരണങ്ങളുമുണ്ട്.
ഹേ, വിശ്വസിച്ചവരെ, നിങ്ങൾ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം, അവൻ നിങ്ങളെ സഹായിക്കും; നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യും. 47:7
ഈ മഹത്തായ വാക്യം എല്ലാ വിശ്വാസികളോടും ഉള്ള അഭിസംബോധനമാണ് ;അതിൽ ആര് റബ്ബിനെ സഹായിക്കുന്നുവോ അവൻ അവരെ സഹായിക്കുമെന്നാണ് വാഗ്ദാനം. അവന്റെ നിയമം പിന്തുടരുക, അവന്റെ ദീനിനെ പിന്തുണയ്ക്കുക, ഒപ്പം അതിന്റെ സംസ്ഥാപനത്തിനു വേണ്ടി നിലകൊള്ളുക. ഇപ്പറഞ്ഞതൊന്നും റബ്ബിന്റെ വെറും ആവശ്യങ്ങളല്ല; പ്രത്യുത നമ്മുടെ രക്ഷയുടെ മാർഗമാണെന്ന സംഗതി എന്തായാലും അടിയാറുകൾ ഓർക്കണം.
ഹേ, മനുഷ്യരേ, അല്ലാഹുവിങ്കലേക്കു ആശ്രയമുള്ളവരത്രെ നിങ്ങൾ. അല്ലാഹുവാകട്ടെ, അവൻ (അന്യാശ്രയമില്ലാത്ത) ധന്യനാണ്; സ്തുത്യർഹനാണ്.അവൻ (വേണമെന്നു) ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവൻ നശിപ്പിച്ചു കളയുകയും, ഒരു പുതിയ സൃഷ്ടിയെ കൊണ്ടുവരുകയും ചെയ്യുന്നതാണ്. അതു അല്ലാഹുവിൻറെ മേൽ ഒരു പ്രയാസപ്പെട്ട കാര്യമല്ലതാനും 35:15 – 17
എല്ലാ ജനങ്ങൾക്കും അവരുടെ നാഥന്റെ ആവശ്യമുണ്ട്. അവരെല്ലാം അവന്റെ മുമ്പിൽ ദരിദ്രരാണ്, സർവ്വശക്തനായ റബ്ബ് മാത്രമാണ് ധനികനും സ്തുത്യർഹനുമായുള്ളത്.
(നബിയേ) അവ(യൊക്കെ) അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു; അവ നിനക്കു നാം ‘വഹ്- യു’ നൽകുന്നു. നീയാകട്ടെ, നിൻറെ ജനതയാകട്ടെ, ഇതിനു മുമ്പു അവ അറിയുമായിരുന്നില്ല. ആക യാൽ, നീ ക്ഷമിച്ചുകൊള്ളുക. നിശ്ചയമായും, (ശുഭ) പര്യവസാനം സൂക്ഷമത പാലിക്കുന്നവർക്കായിരിക്കും. 11:49
നിങ്ങൾക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവർക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങൾക്ക് വല്ല ദോഷവും നേരിട്ടാൽ അവരതിൽ സന്തോഷിക്കുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങൾക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു. 3:120
സ്വബ്റും തഖ്വയുമാണ് അല്ലാഹുവിന്റെ സഹായത്തിന്റെ ഉപാധികൾ .അവന്റെ ദീനിനുവേണ്ടി നിലനിൽക്കുന്നവർക്ക് രഹസ്യമായും പരസ്യമായും, പ്രയാസങ്ങളിലും സമൃദ്ധിയിലും, എല്ലാ സാഹചര്യങ്ങളിലും അവന്റെ സഹായത്തിനും വിജയത്തിനും വഴിവെക്കുന്നത് എന്ന് സ്വബ്റും തഖ്വയും ചർച്ച ചെയ്തപ്പോൾ നാം മുമ്പ് സൂചിപ്പിരുന്നു. അല്ലാഹുവിനെ സഹായിക്കുകയെന്നാൽ അവന്റെ ശരീഅതിനെ ആളുകൾക്ക് മുന്നിൽ ആത്മാർഥമായി സമർപ്പിക്കലും അതിന്റെ ജീവത് മാതൃകയായി ജീവിക്കലും അതിന്റെ പേരിൽ നേരിടേണ്ടി വരുന്ന ക്ഷമയും സഹനവുമാണെന്ന് സൂറ: മുഹമ്മദ് : 7ാം സൂക്തത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുഞ്ഞായിരുന്ന ഇബ്നു അബ്ബാസിനോട് നബി (സ) പറഞ്ഞ ഉപദേശം നമുക്കറിയാമല്ലോ ??
കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് മാത്രം സഹായം തേടുക.
{വിശ്വാസികളെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്.}” (30: 47)
എല്ലാ അമ്പിയാ മുർസലുകളിലുമുള്ള അല്ലാഹുവിന്റെ നടപടിക്രമം ( സുന്നതുല്ലാഹ്) ഉണ്ടായിട്ടുണ്ട്. അതായത് അവൻ എല്ലാവർക്കും സന്ദേശം എത്തിച്ചു കൊടുക്കാനുള്ള അവസരം നൽകുകയും അങ്ങനെയത് എല്ലാവർക്കുമെത്തുകയും അവന്റെ സഹായത്താൽ സമൂഹത്തിൽ സത്യം വളരെ വ്യക്തമാകുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ആ സുന്നത്. അതാത് സമൂഹങ്ങളിലെ കുറ്റവാളികൾ അവരെയും അവരുടെ സന്ദേശങ്ങളെയും നിഷേധിക്കാൻ ശഠിച്ചാൽ പിന്നെ വേണ്ട നടപടികൾ സ്വീകരിക്കലാണ് അടുത്ത സുന്നത്. ശതുക്കൾ പ്രയാസങ്ങൾ സൃഷ്ടിക്കുമ്പോൾ തങ്ങളുടെ യഥാർഥ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും തങ്ങളുടെ പ്രവാചകന്മാരെ സമീപിക്കുന്ന കാര്യത്തിൽ നാഥന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്ത വിശ്വാസികളുടെ മേൽ അവന്റെ സഹായവും വിജയവും ഇറങ്ങുന്നു എന്നതാണ് അടുത്ത സുന്നത്.
വിജയം വൈകുകയാണെങ്കിൽ മനസ്സിലാക്കേണ്ടത് ഒന്നുകിൽ ആ കാലതാമസം ലോകരക്ഷിതാവിൽ നിന്നുള്ള പരീക്ഷണ ഘട്ടമായിരിക്കും ; ഒരുപക്ഷേ കുറ്റവാളികൾ സത്യത്തിലേക്ക് മടങ്ങിവന്ന് പശ്ചാത്തപിക്കാനായി അവന്റെ വിശാലമായ കാരുണ്യത്തിന്റെയും കൃപയുടെയും ഭാഗമായ കാലവിളംബമാവും .വിശുദ്ധ ഖുർആൻ ദൈവിക സഹായത്തിന് അർഹരായ വിശ്വാസികളെ വിവരിക്കുന്ന പദപ്രയോഗങ്ങൾ വിവിധങ്ങളാണ്.
നിശ്ചയമായും, നമ്മുടെ റസൂലുകളെയും, വിശ്വസിച്ചിട്ടുള്ളവരെയും ഐഹികജീവിതത്തിലും, സാക്ഷികൾ നിൽക്കുന്ന [ വിചാരണാ] ദിവസവും നാം സഹായിക്കുക തന്നെ ചെയ്യും. അതായത് അക്രമികൾക്ക് അവരുടെ ഒഴികഴിവ് പ്രയോജനപ്പെടാത്ത ദിവസം. അവർക്കാകുന്നു ശാപം. അവർക്കാകുന്നു ചീത്തഭവനം. 40:51-52
بَشِّرْ هَذِهِ الْأُمَّةَ بالسَّناء والرِّفْعَةِ، وَالدِّينِ، وَالنَّصْرِ، وَالتَّمْكِينِ فِي الْأَرْضِ» തിളക്കത്തിന്റെയും ഉയർച്ചയുടെയും ബഹുമാനത്തിന്റെയും ധർമത്തിന്റെയും സഹായത്തിന്റെയും ഭൂമിയിൽ ലഭ്യമാവുന്ന ശാക്തീകരണത്തിന്റെയും സന്തോഷ വാർത്തകൾ ഈ ഉമ്മതിനറിയിക്കുക … أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي : نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ
എനിക്ക് മുമ്പ് ആർക്കും നൽകാത്ത അഞ്ച് കാര്യങ്ങൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നു. ഒരു മാസത്തെ യാത്രാദൂരമുള്ളപ്പോൾ തന്നെ ദൈവികസഹായ ഭീതി ശത്രു മനസ്സിലുണ്ടാവുക എന്നത് മറ്റാർക്കും ലഭിക്കാത്ത അനുഗ്രഹമാണ്. എന്നു തുടങ്ങുന്ന ഒരു പാട് സന്തോഷ വാർത്തകൾ പ്രവാചകൻ മുഹമ്മദ് (സ) ഈ മാർഗത്തിൽ പ്രവർത്തിക്കുന്നവർക്ക് വാഗ്ദാനം നല്കിയിട്ടുണ്ട്. അതിലെല്ലാം പ്രത്യേകം ഊന്നുന്ന വിഷയം അവന്റെ സഹായമെന്നതാണ്.
‘(ബദ്റിൽ) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളിൽ തീർച്ചയായും നിങ്ങൾക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികൾക്ക്) തങ്ങളുടെ ദൃഷ്ടിയിൽ അവർ (വിശ്വാസികൾ) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് തൻറെ സഹായം കൊണ്ട് പിൻബലം നൽകുന്നു. തീർച്ചയായും കണ്ണുള്ളവർക്ക് അതിൽ ഒരു ഗുണപാഠമുണ്ട്.'( 3:13 )
എന്ന ഖുർആനിക റിപ്പോർട്ടിലൂടെ അല്ലാഹുവിന്റെ സഹായത്തിനു മാനദണ്ഡം എണ്ണമല്ലെന്നും വണ്ണമാണെന്നും ഗണം അല്ലാഹുവിങ്കൽ പരിഗണനീയമായ ഒന്നല്ലെന്നും ഗുണം മാത്രമാണ് അവന്റെ സഹായത്തിന് പരിഗണനയിലുള്ളൂവെന്നും അല്ലാഹു വ്യക്തമാക്കുന്നു.
‘നിങ്ങൾ ഭൂമിയിൽ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേർ മാത്രമായിരുന്ന സന്ദർഭം നിങ്ങൾ ഓർക്കുക. ജനങ്ങൾ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങൾ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവൻ നിങ്ങൾക്ക് ആശ്രയം നൽകുകയും അവൻറെ സഹായം കൊണ്ട് നിങ്ങൾക്ക് പിൻബലം നൽകുകയും വിശിഷ്ട വസ്തുക്കളിൽ നിന്ന് നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തു. നിങ്ങൾ നന്ദിയുള്ളവരാകാൻ വേണ്ടി.സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങൾ വിശ്വസിച്ചേൽപിക്കപ്പെട്ട കാര്യങ്ങളിൽ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്.നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കിൽ നിങ്ങൾക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും, അവൻ നിങ്ങളുടെ തിൻമകൾ മായ്ച്ചുകളയുകയും, നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.’ 8: 26 – 29
ഇസ്ലാമിക പ്രബോധനത്തിന് അനിവാര്യമായ ഏതു നിമിഷവും അല്ലാഹുവിന്റെ സംരക്ഷണവും സഹായവും ലഭിച്ചിട്ടുണ്ടെന്നും നിങ്ങളോരോരുത്തരും ആസ്വദിക്കുന്ന സത്യാസത്യാ വിവേചന ബുദ്ധി, കഴിഞ്ഞ സന്നിഗ്ദ ഘട്ടങ്ങളിൽ നിങ്ങൾക്ക് ലഭിച്ച ദൈവിക ഉതവിയുടെ അനുരണനവും പ്രതിഫലനവുമാണെന്നും ഉണർത്തുകയാണ് ഈ ആയതുകളിലൂടെ അല്ലാഹു ചെയ്യുന്നത്.
‘അല്ലാഹുവിന്റെ സഹായവും, വിജയവും വന്നാൽ അല്ലാഹുവിന്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നതായി മനുഷ്യരെ നീ കാണുകയും (ചെയ്താൽ),- അപ്പോൾ നീ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് ‘തസ്ബീഹു’ [സ്തോത്ര കീർത്തനം] ചെയ്തുകൊള്ളുക; അവനോടു പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. ‘110: 1-3
ഈ ലളിതമായ അധ്യായത്തിലൂടെ അല്ലാഹുവിന്റെ സംരക്ഷണത്തിൽ വളർന്നു വലുതായ മാതൃകാ സമൂഹത്തെ കണ്ട് കൊണ്ട് മാത്രം മനസ്സ് കൊണ്ടഹങ്കരിക്കരുതെന്നും അല്ലാഹുവിലേക്ക് മടങ്ങാനും വീഴ്ചകൾക്ക് പൊറുക്കലിനെ തേടാനുമാണ് ഓരോ വിശ്വാസിയും അവസരം ഉപയോഗപ്പെടുത്തേണ്ടതെന്നും അല്ലാഹു ഉണർത്തുകയാണ്. അഥവാ ലഭ്യമായ സഹായത്തിന് റബ്ബിനെ സ്തുതിക്കണമെന്നും പറ്റിപ്പോയിട്ടുണ്ടാവാൻ സാധ്യതയുള്ള വീഴ്ചകളിൽ അവനോട് പൊറുക്കലിനെ തേടണമെന്നുമാണ് ഈ സൂറ: പഠിപ്പിക്കുന്നതിന്റെ രത്നച്ചുരുക്കം. നബി നിർവഹിക്കാനുള്ളത് പൂർത്തിയാക്കിയപ്പോൾ അല്ലാഹു അവന്റെ സഹായവും പൂർത്തിയാക്കി എന്നർഥം. നബിയുടെ ദൗത്യം വിജയകരമായി പൂർത്തിയായി എന്നാണ് ഈ അധ്യായം അവതരിച്ചപ്പോൾ സ്വഹാബത് മനസ്സിലാക്കിയത് എന്ന് തഫ്സീറുകളിൽ കാണാം.
اللّهمّ إنّي أسألك النصر الذي نصرت به رسولك وفرّقت به بين الحقّ والباطل، حتّى أقمت به دينك وأفلجت به حجتك. يا من هو لي في كلّ مقام (അല്ലാഹുവേ, നിന്റെ ദൂതനെ സഹായിച്ച് സത്യവും അസത്യവും തമ്മിൽ വേർതിരിച്ച് നിന്റെ ധർമം സ്ഥാപിക്കുകയും നിന്റെ വാദം വ്യക്തമാക്കുകയും ചെയ്തവനേ .. എല്ലാ സ്ഥാനങ്ങളിലും എനിക്കാരാണോ ഉള്ളത് അവനേ) ( തുടരും )