കുളക്കോഴിയുടെ തവക്കുൽ , വേഴാമ്പലിന്റെയും
നിങ്ങൾ അല്ലാഹുവിൽ യഥാവിധി കാര്യങ്ങൾ ഭരമേൽപ്പിക്കുകയാണെങ്കിൽ, പക്ഷികൾക്ക് ആഹാരം ലഭിക്കും പോലെ നിങ്ങൾക്കും ആഹാരം ലഭിക്കും. അവ പ്രഭാതത്തിൽ ഒട്ടിയ വയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു എന്നയർഥത്തിലുള്ള ഒരു ഹദീസുണ്ട്. ശൈഖ് നാബ്ലുസി പറഞ്ഞ ആ സംഭവം , ചിലപ്പോഴെങ്കിലും ഓർമവരുന്ന സംഭവമാണ് പ്ലവെറിന്റെ ജീവിതം . നമ്മുടെ നാട്ടിലെ കുളക്കോഴി വർഗത്തിൽ പെട്ട നീർപക്ഷികളാണ് പ്ലവർ. എത്ര ദൂരെയാണെങ്കിലും മുതലകളുള്ള ജല സ്രോതസ്സുകളിലേക്ക് കാതങ്ങൾ പറന്നു വിരുന്നു വന്നു തങ്ങളുടെ ഭക്ഷണം കണ്ടെത്തുന്നു ഈ പ്ലവറുകൾ .
മുതലയ്ക്ക് ഓരോ ഭക്ഷണത്തിനു ശേഷവും അതിന്റെ പല്ലിനിടയിൽ കയറുന്ന ഭക്ഷണം വൃത്തിയാക്കി കൊടുക്കുന്നത് ഈ പക്ഷികളാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ വായിൽ അവശേഷിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കെട്ടിക്കിടന്നാൽ മുതലയുടെ പല്ലുകൾ ക്രമേണ ദ്രവിക്കും. ഇങ്ങനെ പല്ലുകൾ കേടാവുന്നതിൽ നിന്ന് സൂക്ഷിക്കുകയാണ് പ്ലവറിന്റെ പണി. സ്രഷ്ടാവിന്റെ അത്ഭുതകരമായ ചാക്രിക സൃഷ്ടികളാണ് മുതലയും പ്ലവറും.
ഈ പക്ഷി മുതലകൾ ഉള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് അവിടെയെത്തി ചുറ്റിക്കറങ്ങുന്നത് നമുക്ക് കാണാം.മുതല ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ വായ തുറന്ന് ഒരു കിടപ്പുണ്ട്. അപ്പോഴേക്കും ഈ ചെറിയ ദന്ത ഡോക്ടർ വന്ന് അതിന്റെ താഴത്തെ താടിയെല്ലിൽ നിൽക്കുകയും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് വളരെ സമർത്ഥമായി പല്ല് വൃത്തിയാക്കി കൊടുക്കുകയും ചെയ്യുന്നു.അതിന് സ്വാദിഷ്ടമായ ഭക്ഷണം , മുതലയ്ക്ക് കേടില്ലാത്ത പല്ലുകളും! ആ സമയത്ത് മുതലയോട് വായ അടയ്ക്കരുതെന്ന് ആരാണ് പഠിപ്പിച്ചത്?! തന്നെ മുതല തിന്നില്ല എന്ന ഉറപ്പിൽ ഇത്ര ധൈര്യത്തോടെ സ്വന്തം ആവാസ കേന്ദ്രത്തിൽ നിന്നും പുറത്തു വന്നു മുതലയുടെ വായിൽ കയറി നിൽക്കാൻ ആരാണ് പ്ലവറിനെ പഠിപ്പിച്ചത്?!
തവക്കുലിന്റെ മാതൃകയായി ജീവിക്കുന്ന വേറൊരു പക്ഷിയെയും പരിചയപ്പെടാം.നമ്മുടെ സംസ്ഥാനപക്ഷിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മലമുഴക്കി വേഴാമ്പൽ. തന്റെ കുടുംബത്തിന്റെ വിഷയത്തിൽ ഇത്രയേറെ ഭരമേല്പിക്കലുള്ള മറ്റൊരു ജീവജാലമുണ്ടോ എന്ന കാര്യം സംശയമാണ്.
സാധാരണ എല്ലാ പക്ഷികളും മൃഗങ്ങളും പോളിഗാമികാണ്..അതായത് ഒരു ജീവിക്ക് ഒന്നിലേറെ ഇണകൾ…എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ ,അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ.. വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കി പെൺപക്ഷി അതിൽ മുട്ടയിടുന്നു..പെൺപക്ഷിയെ പൊത്തിലിരുത്തി ആൺപക്ഷി തൻെറ ശരീരത്തിൽനിന്നുള്ള ഒരു ദ്രവം കൊണ്ട് പൊത്ത് അടയ്ക്കും..കൊക്കിടാൻ വേണ്ടി ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ആൺപക്ഷി കാടായ കാടൊക്ക ഭക്ഷണം തേടിപ്പോവും. കാലിവയറ്റിൽ പോവുന്ന ഈ വേഴാമ്പൽ വൈകുന്നേരം കിട്ടിയ ഭക്ഷണം കൊണ്ടുവന്ന് പെൺപക്ഷിക്ക് ആ ദ്വാരത്തിലൂടെ കൊടുക്കും. ഈ പോക്കിനിടയിൽ ഒരിക്കൽ പോലും സ്വന്തം ഇണയേയും അവളിൽ പിറക്കാനിരിക്കുന്ന മക്കളേയും ഗൃഹനാഥൻ വേഴാമ്പൽ മറക്കുകയില്ല. ഭക്ഷണവുമായി തിരിച്ചു വരാതിരുന്നാൽ ആ പെൺ വേഴാമ്പലിന്റെ കാര്യം ഓർത്തു നോക്കൂ. പട്ടിണി കിടന്നു അവളും മക്കളും ചാവും .
മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ കൊക്ക് വെളിയിലേക്കിട്ട് പെൺപക്ഷി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും..ഉടൻ തന്നെ ആൺപക്ഷി വന്ന് കൂട് കൊത്തിപ്പൊട്ടിക്കുകയും അമ്മയേയും മക്കളെയും സ്വതന്ത്രമാക്കുകയും ചെയ്യും..ഒരുപക്ഷേ ഇരതേടിപോകുന്ന വഴിക്ക് അച്ഛൻ പക്ഷി മരിച്ചു പോയാൽ അമ്മക്കിളിയും കുഞ്ഞുങ്ങളും കൂട്ടിൽ കിടന്നു മരിക്കും.വഴിക്കണ്ണുമായി അച്ഛനെ കാത്തിരിക്കുന്ന ഒരമ്മയും വിശന്ന് കരഞ്ഞ് തളർന്ന ആ കുഞ്ഞുങ്ങളും അഛൻ വേഴാമ്പലിനെ പോലെ എന്നുമെന്നും തവക്കുലിന്റെ ജീവിക്കുന്ന മാതൃകകളാണ്. تفويض جميع الأمور على الله എല്ലാ കാര്യങ്ങളും അല്ലാഹുവിനെ ഏൽപ്പിക്കുന്നതിനെയാണ് സ്വൂഫികൾ തവക്കുൽ എന്ന് വിളിക്കുക.
ഇമാം ജുർജാനി (1009 – 1078 or 1081 AD [400 – 471 or 474 A.H.]) തവക്കുലിനെ നിർവചിക്കുന്നത് കാണുക :-
التوكل هو الثقة بما عند الله واليأس عما في أيدي الناس അല്ലാഹുവിന്റെ പക്കലുള്ളതിൽ വിശ്വാസവും ആളുകളുടെ കൈയിലുള്ളതിൽ നിരാശയുമാണ് തവക്കുൽ . സത്യവിശ്വാസികൾക്കുണ്ടാവേണ്ട വളരെ പ്രധാനപ്പെട്ട സ്വഭാവമാണ് ‘തവക്കുൽ‘.ഇസ്ലാമിന്റെ അടിസ്ഥാനമായ ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദ്) അതിപ്രധാനമായ ആശയമാണ് ‘തവക്കുൽ’. തനിക്ക് ഏത് സമയത്തും അല്ലാഹു മതിയെന്ന വിശ്വാസ പ്രഖ്യാപനമാണത്. അതിനാൽ തന്നെ തവക്കുൽ തൗഹീദിന്റെ ധീരമായ വിളംബരമാണ്.
തവക്കുലിനെ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ചുരുക്കത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാം : ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനിൽ നീ ഭരമേൽപിക്കുക. … (25/58)
സൃഷ്ടികളിലുള്ള ഭരമേല്പിക്കൽ ഭാരമായി അനുഭവപ്പെടുമെന്നത് കൊണ്ട് കൂടിയാണ് ദൈവേതരരെ നമ്പെരുതെന്ന് ഖുർആൻ പറയുന്നത് : അല്ലാഹു, അവനല്ലാതെ യാതൊരാരാധ്യനുമില്ല.അതിനാൽ സത്യവിശ്വാസികൾ അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കട്ടേ. (64/13)
തവക്കുൽ ചെയ്യപ്പെടുന്നവന്റെ മിനിമം യോഗ്യത ഖുർ ആനിൽ വളരെ കൃത്യമായി പറയുന്നു. പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനിൽ നീ ഭരമേൽപിക്കുക. (26/217)
….വല്ലവനും അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു4ആൻ:8/49)
എല്ലാം കാര്യങ്ങളും അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിന്റെ സംഭവങ്ങൾ ഖുർആൻ നിർലോഭം ഉദ്ധരിക്കുന്നുണ്ട്
….പറയുക: എനിക്ക് അല്ലാഹു മതി. ഭരമേൽപ്പിക്കുന്നവരൊക്കെയും അവനിൽ ഭരമേൽപ്പിക്കട്ടേ.(39/38)
സത്യവിശ്വാസികളുടെ ഗുണങ്ങൾ വിവരിക്കുമ്പോൾ അല്ലാഹു പ്രധാന ഗുണമായി പറഞ്ഞിട്ടുള്ളത് എല്ലാ കാര്യങ്ങളും അല്ലാഹുവിൽ തവക്കുൽ ചെയ്യുന്നവരെന്നാണ്.
‘അല്ലാഹുവിനെകുറിച്ച് പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങൾ വായിച്ചുകേൾപ്പിക്കപ്പെട്ടാൽ വിശ്വാസം വർദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ.'(8/2)
മനുഷ്യർ ചെയ്യാനുള്ളത് കഴിവിന്റെ പരമാവധി ചെയ്യുകയും ബാക്കി മുഴുവൻ കാര്യങ്ങളും അല്ലാഹുവിലേക്ക് വിടുകയും ചെയ്യണം. അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെട്ടവർ എങ്ങും നിമിത്തങ്ങൾ / അസ്ബാബുകൾ സ്വീകരിച്ചിട്ടാണ് പുറപ്പെട്ടിട്ടുള്ളത്.. ഉദാ : ചരിത്രത്തിലെ ഗുഹാവാസികൾ , മദീനയിലേക്ക് ഹിജ്റ പുറപ്പെട്ടവർ .
ഒരിക്കൽ പ്രവാചകനെ സന്ദർശിക്കാനെത്തിയ ഒരാൾ തന്റെ ഒട്ടകത്തിൽ നിന്നിറങ്ങിയ ശേഷം കെട്ടിയിടാതെ തവക്കുൽ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു പള്ളിയിൽ പ്രവേശിച്ചു. നബി അയാളോട് പറഞ്ഞു: ആദ്യം ഒട്ടകത്തെ കെട്ടുക, പിന്നെ തവക്കുൽ ചെയ്യുക.. ഒട്ടകത്തെ കെട്ടിയിടാതെയുള്ള തവക്കുലിനെ തവാകുൽ എന്നാണ് പറയുക. അതും വെറും അഭിനയം മാത്രം.
ഉമർ ബിൻ ഖത്വാബ്(റ) പറഞ്ഞ ഒരു പ്രസിദ്ധ വാചകമുണ്ട് : “അദ്ധ്വാനിക്കുക, കാരണം ആകാശം സ്വർണ്ണമോ വെള്ളിയോ മഴയായി പെയ്യുന്നില്ല.”
ഖുർആൻ പേരെടുത്ത് പറഞ്ഞ പ്രവാചകൻമാരുടെയും മഹത്തുക്കളുടെയും ജീവിതത്തിന്റെ മുഖമുദ്ര തവക്കുലായിരുന്നു.
‘ നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങൾ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ മേലാണ് ഭരമേൽപിക്കുന്നവരെല്ലാം ഭരമേൽപിക്കേണ്ടത് ‘.(14/12)
(നബിയേ) നീ അവർക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേൾപ്പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം: എന്റെ ജനങ്ങളേ, എന്റെ സാന്നിദ്ധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്റെ ഉൽബോധനവും നിങ്ങൾക്ക് ഒരു വലിയ ഭാരമായിത്തീർന്നിട്ടുണ്ടെങ്കിൽ അല്ലാഹുവിന്റെ മേൽ ഞാനിതാ ഭരമേൽപിച്ചിരിക്കുന്നു. ( 10/71)
ഫിർഔനിൽ നിന്ന് രക്ഷപെട്ട മൂസായും(അ) അനുയായികളും ചെങ്കടലിന്റെ അടുത്തെത്തിയ സന്ദ4ഭം ഖുർആൻ പറയുന്നു: മൂസാ പറഞ്ഞു: എൻറെ ജനങ്ങളേ,നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അവൻറെ മേൽ നിങ്ങൾ ഭരമേൽപിക്കുക- നിങ്ങൾ അവന്ന് കീഴ്പെട്ടവരാണെങ്കിൽ. (10/84)
അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോൾ മൂസായുടെ അനുചരൻമാർ പറഞ്ഞു: തീർച്ചയായും നാം പിടിയിലകപ്പെടാൻ പോകുകയാണ്. അദ്ദേഹം പറഞ്ഞു: ഒരിക്കലുമില്ല, തീർച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് , അവൻ എനിക്ക് വഴി കാണിച്ചുതരും.(26/62)
യൂസുഫ് നബിയുടെ തവക്കുൽ പ്രസിദ്ധമാണ്.
പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിൻറെ മേലാണ് സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്. 9:51
അസൂയാലുക്കൾ” അദ്ദേഹത്തെ തടവറയിൽ തള്ളി.. “ദല്ലാളന്മാർ” അദ്ദേഹത്തെ കുറഞ്ഞ വിലയ്ക്ക് ചന്തയിലെത്തിച്ചു. ” നിരാശാ കാമുക ഹൃത്തർ” അദ്ദേഹത്തെ ജയിലിലടച്ചു.. കൂട്ടത്തിലെ “ജ്ഞാനി” അദ്ദേഹത്തെ ധനമന്ത്രിയാക്കി.. അദ്ദേഹത്തിനെതിരെ പല തല്പരകക്ഷികളും പലതും ആസൂത്രണം ചെയ്തു.. അദ്ദേഹത്തെ നാട്ടിൽ ആവശ്യമുണ്ടായിരുന്നവർ അദ്ദേഹത്തെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കി…
കൊട്ടാരം സ്നേഹത്തിന്റെ അടയാളമോ ജയിൽ വെറുപ്പിന്റെ അടയാളമോ അധികാരം സംതൃപ്തിയുടെ അടയാളമോ അല്ല.അദ്ദേഹത്തെ അല്ലാഹു ഏറ്റെടുത്തതിനാൽ അദ്ദേഹത്തിന്റെ മുഴുവൻ കാര്യവും അവനങ്ങേറ്റെടുത്തു
(‘അപ്രകാരം, നിന്റെ റബ്ബ് നിന്നെ തിരഞ്ഞെടുക്കുന്നതാണ്;) 12:6
തെരഞ്ഞെടുക്കലിന്റെയും രക്ഷാകർതൃത്വത്തിന്റെയും പാത റബ്ബിന്റെ സംരക്ഷണം നിറഞ്ഞതാണ്.
യൂസുഫിന്റെ സഹോദരന്മാർ അദ്ദേഹത്തെ ചെറുപ്പത്തിൽ തന്നെ കൊല്ലാൻ ആഗ്രഹിച്ചു!! അദ്ദേഹം മരിച്ചില്ല..!! പൊട്ടക്കിണറ്റിൽ നിന്നും അധികാരത്തിലേക്ക് പടിപടിയായി പദവികൾ ഉയർന്നു. എവിടെന്നാണോ ഇറങ്ങിപ്പോരേണ്ടി വന്നത് അവിടേക്ക് രാജോചിത സ്വീകരണമായിരുന്നു കഥാവസാനം. സ്വന്തം ഉപ്പയുടെ ഹൃദയത്തിൽ നിന്നും കുഞ്ഞ് യൂസുഫിന്റെ സ്നേഹം മായ്ക്കാൻ അവർ ആഗ്രഹിച്ചു!! .. കാലം കഴിയുന്തോറും അത് വർദ്ധിക്കുന്നതാണ് നാം കാണുന്നത് ..!
‘നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ തോൽപിക്കാനാരുമില്ല. അവൻ നിങ്ങളെ കൈവിടുകയാണെങ്കിൽ അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാൽ സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപ്പിക്കട്ടെ” (3:160).
നാളെയെക്കുറിച്ച് ആധിയോ ആശങ്കകളോ ഇല്ലാതെ അല്ലാഹുവിൽ ഭരമേൽപ്പിച്ച് ശുദ്ധ മനസ്കരായി ഇറങ്ങുന്നവർക്ക് പ്രതീക്ഷക്ക് വകയുണ്ടെന്നും അവർ വിചാരിക്കാത്ത മാർഗങ്ങളിലൂടെ അല്ലാഹു അവർക്ക് ഉപജീവനം നൽകുമെന്നും അല്ലാഹു പഠിപ്പിക്കുന്നുണ്ട് (65:2,3)
മുമ്പ് മകൻ യൂസുഫിന് പിന്നാലെ ബിൻയാമീനെയും നഷ്ടമായപ്പോഴും യഅഖൂബ് നബിയുടെ(അ) നിലപാട് തവക്കുലായിരുന്നു.
അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, (ആ സ്ഥലത്തേക്ക്) നിങ്ങൾ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിൽ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളിൽ നിന്ന് തടുക്കുവാൻ എനിക്കാവില്ല. വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേൽ ഞാൻ ഭരമേൽപിക്കുന്നു. അവന്റെ മേൽ തന്നെയാണ് ഭരമേൽപ്പിക്കുന്നവർ ഭരമേൽപ്പിക്കേണ്ടത്. (12/67)
മുഹമ്മദ് നബിയുടെ ഹിജ്റ ഖുർആൻ വളരെ ചുരുക്കി ചിത്രീകരിക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ ഹദീസ് / സീറാ ഗ്രന്ഥങ്ങളിലുണ്ട്.
… അവർ രണ്ടുപേരും ആ ഗുഹയിലായിരുന്നപ്പോൾ അദ്ദേഹം(നബി) തന്റെ കൂട്ടുകാരനോട് പറഞ്ഞു: ദുഃഖിക്കേണ്ട. തീർച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്…..(9/40)
ഇബ്നുൽ ഖയ്യിം (റഹ്) പറഞ്ഞു: അടിമ അല്ലാഹുവിന്റെ മേൽ ഒരു പർവ്വതം അതിന്റെ സ്ഥാനത്ത് നിന്ന് നീങ്ങുന്ന വിഷയത്തിൽ യഥാർത്ഥ തവക്കുൽ ചെയ്യുകയാണെങ്കിൽ, നീങ്ങാൻ കൽപ്പിക്കപ്പെട്ടാലത് അതിന്റെ സ്ഥാനത്തു നിന്ന് നീങ്ങുന്നതാണ്.
قال ابن القيم رحمه الله : ولو توكل العبد على الله حق توكله في إزالة جبل عن مكانه، وكان مأموراً بإزالته، لأزاله. (മദാരിജു സ്സാലികീൻ)
ജീവിതത്തിലുടനീളം തവക്കുൽ ശീലിച്ചവർക്ക് ധാരാളം പ്രതിഫലങ്ങൾ ലഭിക്കുന്നതാണ്.
1 -അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കും.
നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക. തന്നിൽ ഭരമേൽപിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്. (3/159)
2. അവർക്കെല്ലാ കാര്യത്തിനും അല്ലാഹു മതിയാവുന്നതാണ്.
……വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്. ( 65/3)
ഈ സൂക്തത്തിന്റെ വിശദീകരണമെന്നോണം ഇബ്നു റജബ് (736-795 AH/1335–1393 CE) തന്റെ നൂറുൽ ഇഖ്തിബാസ് (212)ൽ പറയുന്നു:
ആവശ്യങ്ങൾ നേടിയെടുക്കാനുള്ള മഹത്തായ കാരണങ്ങളിൽ പെട്ടതാണ് തവക്കുൽ എന്നത് , അല്ലാഹുവിൽ ഭരമേൽപ്പിച്ചവനു അവൻ തന്നെ മതിയായവനാണ്.
അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെട്ട ഇബ്രാഹിം നബിയുടെ (അ) വാക്കുകൾ حَسْبِى الْلَّه وَنِعْم الْوَكِيْل (എനിക്ക് അല്ലാഹു മതി, ഭരമേൽപ്പിക്കുവാൻ അവനാണ് ഏററവും ഉത്തമൻ) എന്ന് മാത്രമായിരുന്നു. അതദ്ദേഹത്തിന് തണുപ്പായി പെയ്തിറങ്ങി.. നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക ( 21/69)
3.പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷ ലഭിക്കും.
വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭാരമേൽപിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേൽ അവന് (പിശാചിന് ) തീർച്ചയായും യാതൊരു അധികാരവുമില്ല. 16/99)
4. മാന്യമായ ഉപജീവനം ലഭിക്കും.
ആമുഖത്തിൽ നാം സൂചിപ്പിച്ച പക്ഷികളുടെ തവക്കുൽ സംബന്ധിയായ വർത്തമാനം ഒന്നു കൂടി ഓർത്തു നോക്കൂ.അല്ലാഹുവിൽ ഭരമേൽപിക്കുകയെന്നത് ഒരു ജോലിയും ചെയ്യാതെ ചടഞ്ഞിരിക്കുന്നതിന്റെ പേരല്ലെന്നും ആ ഹദീസിൽ നിന്നും മനസ്സിലാക്കാം. അല്ലാഹു പറയുന്നു:
പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭാരമേൽപ്പിക്കേണ്ടത്.( 9/51)
5 -അല്ലാഹുവിന്റെ സഹായം ലഭിക്കും.
…….നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോൽപ്പിക്കാനാരുമില്ല. അവൻ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവനു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാൽ (അല്ലാഹുവിന്റെ സഹായത്തിനായി) സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപിക്കട്ടെ. (ഖു4ആൻ : 3/160)
ഹിജ്റ വേളയിലും, ബദ്റ്, അഹ്സാബ് മറ്റ് യുദ്ധവേളകളിലും മറ്റ് പ്രതിസന്ധിഘട്ടങ്ങളിലുമെല്ലാം അല്ലാഹുവിന്റെ അദൃശ്യമായ സഹായങ്ങൾ നബിക്കും സ്വഹാബികൾക്കും ലഭിച്ചിട്ടുള്ള വിശദീകരണം ചരിത്രത്തിൽ കാണാം.
6 -പ്രതിസന്ധികളിൽ പിടിച്ച് നിൽക്കാനുള്ള ശക്തി ലഭിക്കും അല്ലാഹുവിൽ തവക്കുൽ ചെയ്യുന്ന സത്യവിശ്വാസിയുടെ ജീവിതത്തിൽ എന്തെങ്കിലും ദുരിതമോ പ്രയാസമോ പ്രതിസന്ധികളോ ബാധിച്ചാൽ അവൻ നിരാശപ്പെട്ട് പരാജയപ്പെടില്ല.അല്ലാഹു പറയുന്നു: പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭാരമേൽപ്പിക്കേണ്ടത്.( 9/51)
7. അവർക്കാണ് സ്വർഗ്ഗം
ക്ഷമ കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിനെ ഭരമേൽപിച്ചു കൊണ്ടിരിക്കുകയും ചെയ്തവരത്രെ അവർ. ( 29/59)
ഇബ്നുൽ ഖയ്യിം പറഞ്ഞത് പ്രസിദ്ധമാണ് : അല്ലാഹുവിലുള്ള തവക്കുലിൽ ആരെങ്കിലും സത്യസന്ധത കാണിച്ചാൽ അതവനു ലഭിക്കും.
من صدق توكله على الله في حصول شيء ناله- مدارج السالكين ٢ / ١١٤ രാവിലെയും വൈകിട്ടും ശീലിക്കാവുന്ന ഒരു പ്രാർഥനയായി ചില ഹദീസുകളിൽ പറയുന്ന ,സൂറ: തൗബ:യുടെ അവസാന ഭാഗം കാണാതെ പഠിക്കുന്നത് നല്ലതാണ്..
{حَسْبِيَ اللّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ﴾. എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവൻറെ മേലാണ് ഞാൻ ഭരമേൽപിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിൻറെ നാഥൻ 9:129 ( തുടരും)