മനുഷ്യരായ പ്രവാചകന്മാർ
آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ മക്കിയായ സൂറകളുടെ മുഖ്യ ഊന്നൽ ഏക ദൈവത്വം, പ്രവാചകത്വം, പരലോകം എന്നിവയാണല്ലോ ?
ഇബാദത്, ആഖിറത് എന്നീ ചർച്ചകളിൽ ആദ്യവിഷയവും അവസാന വിഷയവും ചുരുങ്ങിയ രീതിയിൽ നമ്മൾ കൈകാര്യം ചെയ്തു കഴിഞ്ഞു. ഈ കുറിപ്പിൽ രണ്ടാമത്തെ വിഷയത്തിലേക്ക് ചില സൂചനകൾ മാത്രം നൽകുന്നു. ഖുർആനിലെ ചില സൂറകൾ ചില പ്രവാചകന്മാരുടെ പേരിലാണ് അറിയപ്പെടുന്നത്. യൂനുസ്, ഹൂദ്, യൂസുഫ്, ഇബ്രാഹിം, മുഹമ്മദ്, നൂഹ് എന്നിങ്ങനെ വിവിധ സൂറ:കൾ ഉള്ളതോടൊപ്പം മുസമ്മിൽ, മുദ്ദഥ്ഥിർ, താഹ, യാസീൻ എന്നിവയും അക്കൂട്ടത്തിലാണ് ചിലർ പരിഗണിച്ചിട്ടുള്ളത്. രിസാലത്, നുബുവ്വത് എന്നീ സംജ്ഞകളാണ് ഈ വിഷയം കൈകാര്യം ചെയ്യാൻ ഖുർആൻ പറയുന്ന പ്രമേയ പദങ്ങൾ .
‘എന്നിട്ട് അദ്ദേഹം ( സ്വാലിഹ്) അവരിൽ നിന്നു വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: “എന്റെ ജനങ്ങളേ, തീർച്ചയായും, ഞാൻ എന്റെ റബ്ബിന്റെ ദൗത്യം (രിസാലത് ) നിങ്ങൾക്കു എത്തിച്ചു തരുകയും, നിങ്ങൾക്കു ഗുണം കാംക്ഷിച്ചു ഉപദേശിക്കുകയും ചെയ്യുകയുണ്ടായി. പക്ഷേ, നിങ്ങൾ ഗുണകാംക്ഷികളെ ഇഷ്ടപ്പെടുന്നില്ല!’ 7:79
‘അദ്ദേഹത്തിന് ഇസ്ഹാഖിനെയും, യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിൻറെ സന്തതിയിൽ നാം പ്രവാചകത്വവും ( നുബുവ്വത്) വേദഗ്രന്ഥവും ഏർപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിൻറെ പ്രതിഫലം ഇഹത്തിൽ നാം അദ്ദേഹത്തിന് നൽകി. അദ്ദേഹം പരലോകത്തിലാകട്ടെ, നിശ്ചയമായും സദ്വൃത്തന്മാരിൽപെട്ടവനുമാകുന്നു. ‘
29: 27
‘നൂഹിനെയും, ഇബ്രാഹീമിനെയും നാം അയക്കുകയുണ്ടായി. രണ്ടുപേരുടെയും സന്തതികളിൽ പ്രവാചകത്വവും, വേദഗ്രന്ഥവും നാം ഏർപ്പെടുത്തുകയും ചെയ്തു. എന്നിട്ട് അവരിൽ സന്മാർഗം പ്രാപിച്ചവരുണ്ട്; അവരിൽ വളരെപ്പേർ ദുർന്നടപ്പുകാരുമാകുന്നു. ‘
57:26
നബിയും റസൂലും തമ്മിലുള്ള വ്യത്യാസം
ഇസ്ലാമിക ചരിത്രത്തിൽ നബിയും റസൂലും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാണ്. റസൂൽ എന്നാൽ ഒരു സന്ദേശവും പുതിയ നിയമവുമായി (ശരീഅതുമായി ) നിയോഗിക്കപ്പെട്ടതായിരിക്കും. നബി എന്നാൽ റബ്ബ് മ തന്റെ പ്രവാചകന്മാർക്ക് വെളിപ്പെടുത്തിയ രീതിയിൽ നിലവിലുള്ള നിയമമനുസരിച്ച് റബ്ബിനെ ആരാധിക്കുന്നതിന് ആഹ്വാനം ചെയ്യാൻ വഹ്യ് ലഭിച്ച വ്യക്തിയാണ് നബി. അല്ലാഹുവിനെ കുറിച്ചുള്ള സന്ദേശം അറിയിക്കുന്നതോടെ നബിയുടെ ദൗത്യം കഴിഞ്ഞു. എന്നാൽ റസൂൽ സമൂഹത്തിന് പുതിയ ശരീഅത് പരിചയപ്പെടുത്തുവാൻ ഉത്തരവാദിത്തമുള്ളയാളാണ്.
എല്ലാ റസൂലുകളും നബിമാരായിരിക്കും. എല്ലാ നബിമാരും റസൂലുകളാവണമെന്നില്ല.
ഇബ്നു തൈമിയ്യ പറഞ്ഞത് ശ്രദ്ധേയമാണ്: “നബി” എന്നാൽ അല്ലാഹുവിനെ കുറിച്ച വൃത്താന്തം എത്തിച്ചു തരുന്നയാളും ‘റസൂൽ ‘ എന്നാൽ ഒരു നിയോഗിത ദൗത്യം ഏറ്റെടുത്തു പൂർത്തീകരിക്കുന്ന ആളുമാണ്.
അവിശ്വാസികളായ ജനതയിലേക്ക് അയക്കപ്പെടുന്നയാളാണ് റസൂൽ . നബി തനിക്ക് മുമ്പുള്ള / കൂടെ നിയമിനെയ ഒരു റസൂലിന്റെ നിയമത്തിൽ വിശ്വസിക്കുന്ന ജനതയിലേക്ക് അയക്കപ്പെട്ടയാളാവും. മൂസാ (അ) നബിയും റസൂലുമാണ്. എന്നാൽ ഹാറൂൻ ( അ ) നബിമാത്രവും.
“എനിക്ക് ശേഷം ഒരു പ്രവാചകനില്ല. ” എന്നത് അന്തിമ പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞതാണ്.എനിക്ക് ശേഷം ഒരു റസൂൽ ഇല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?! മുസ്ലീങ്ങളുടെ സമവായമനുസരിച്ച് 25 നബിമാരുടെ പേരാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. ലുഖ്മാൻ , ഇംറാൻ എന്നിവരെ കുറിച്ചും മർയം ബീവിയെ കുറിച്ചുമെല്ലാം ചില ഒറ്റപ്പെട്ട വിഭാഗങ്ങൾ നുബുവത് നല്കപ്പെട്ടവരായിരുന്നു എന്ന് വിശ്വസിക്കുന്നുണ്ട്. അഭിപ്രായ ഐക്യമുള്ള പ്രവാചകന്മാരുടെ പേരുകൾ ഓർക്കാൻ എളുപ്പത്തിന് നാല് വരി കവിത നല്കുന്നു.
هم آدم إدريس نوح هود مع * صـالـح وإبـراهـيـم كل متبع
لوط وإسـماعيل إسحاق كذا * يـعـقوب يوسف وأيوب احتذى
شعيب هارون وموسى واليسع * ذو الـكـفـل داود سليمان اتبع
إلـيـاس يونس زكريا يحيى * عـيـسـى وطـه خاتم دعه غيا
സുവിശേഷം അറിയിക്കുന്നവരായും, താക്കീതു നൽകുന്നവരായും കൊണ്ടല്ലാതെ ‘മുർസലു’ കളെ [ദൂതന്മാരെ] നാം അയക്കാറില്ല. സത്യത്തെ തകർത്തുകളയുവാൻവേണ്ടി. മിഥ്യാവാദവുമായി അവിശ്വസിച്ച ആളുകൾതർക്കിക്കുന്നു! എന്റെ ലക്ഷ്യങ്ങളെയും, അവർക്കു താക്കീതു നൽകപ്പെട്ടിട്ടുള്ളതിനെയും അവർ പരിഹാസ്യമാക്കുകയും ചെയ്തിരിക്കുന്നു! 18:56
റസൂലെന്ന അർഥത്തിലാണ് മുർസൽ എന്ന പ്രയോഗം പൊതുവെ അറിയപ്പെടുന്നത്. ചിലപ്പോഴെങ്കിലും മാലാഖമാരെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുമുണ്ട്.
നബിയേ, തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാർത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിൻറെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്. 33:45-46
അന്ത്യ പ്രവാചകൻ മുഹമ്മദ് റസൂലുല്ലാക്ക് ഭൂമിയിൽ നിർവഹിക്കാനുണ്ടായിരുന്ന എല്ലാ കാര്യങ്ങളും അനാവരണം ചെയ്യുന്ന പരാമർശമാണിത്.
രിസാലതിന്റെ വിശാലമായ താല്പര്യത്തിലാണ് അമ്പിയാ മുർസലുകളുടെ വഹ്യിലും ദിവ്യപ്രോക്ത ഗ്രന്ഥങ്ങളിലുമുള്ള വിശ്വാസം .
‘ റസൂലിന്ന് അദ്ദേഹത്തിന്റെ റബ്ബിങ്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതിൽ, അദ്ദേഹവും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. എല്ലാവരും (തന്നെ) അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ റസൂലുകളിൽ ഒരാൾക്കിടയിലും ഞങ്ങൾ വ്യത്യാസം കാണിക്കുകയില്ല. (ഇതാണവരുടെ നില). അവർ പറയുകയും ചെയ്യുന്നു: ‘ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്റെപൊറുക്കൽ -(അതാണ് ഞങ്ങൾ തേടുന്നത്)- ഞങ്ങളുടെ റബ്ബേ, നിന്റെ അടുക്കലേക്കത്രെ തിരിച്ചുവരവും ‘ 2:285
ഇസ്ലാമിക വിശ്വാസമനുസരിച്ച്, പ്രവാചകത്വത്തിന്റെ അന്ത്യം (ഖത്മുന്നുബുവ്വത്) എന്നാൽ മുഹമ്മദ് നബി (സ) അവസാന പ്രവാചകനും അവസാന ദൂതനുമാണെന്ന വിശ്വാസമാണ് . അല്ലാഹു നബി(സ)യെ അയച്ച് പ്രവാചകന്മാരുടെ പരമ്പര അവസാനിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന് ശേഷം ഒരു പ്രവാചകനും വരാനില്ല.
മുഹമ്മദ് നിങ്ങളുടെ പുരുഷൻമാരിൽ ഒരാളുടെയും പിതാവായിട്ടില്ല; , അദ്ദേഹം അല്ലാഹുവിൻറെ റസൂലും, നബിമാരിൽ അവസാനത്തേവനുമാകുന്നു. അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാകുന്നു. 33:40
ഇസ്ലാമിൽ പ്രവാചകൻമാരെ ഒരു കാരണവശാലും ആരാധിക്കപ്പെടുന്നില്ല.കാരണം അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ . എല്ലാ പ്രവാചകന്മാരും ദൂതന്മാരും ഇസ്ലാമിക ദൃഷ്ട്യാ ബഹുമാനിക്കപ്പെടുകയാണ് ചെയ്യുന്നത്.അല്ലാഹുവും മനുഷ്യരും തമ്മിലുള്ള പാലമാണ് പ്രവാചകന്മാർ. ചരിത്രത്തിൽ മുഹമ്മദ് നബി വരെ 124,000 നബിമാർ വരെ ഉണ്ടായിരുന്നു എന്നാണ് മുസ്ലിം സമൂഹത്തിന്റെ വിശ്വാസം. വിശ്വാസികൾ എല്ലാ പ്രവാചകന്മാരെ തുല്യരായി കണക്കാക്കുന്നു. അവരിൽ ആരെയും വേർതിരിവ് കല്പിക്കുന്നില്ല (2:136 ) എന്നത് ഖുർആന്റെ തന്നെ പ്രഖ്യാപനമാണ്.
അല്ലാഹു തന്റെ സത്യങ്ങൾ വെളിപ്പെടുത്താനാണ് നബിമാരെ തിരഞ്ഞെടുത്തത്. വെളിപാടിനെ പരസ്യപ്പെടുത്തുന്ന ഉത്തരവാദിത്തം അവരുടെ ബാധ്യതയായിരുന്നു.അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾ മാലാഖമാരെ ഉപയോഗിച്ചാണ് അല്ലാഹു പ്രവാചകർക്ക് അയച്ചത്. ഈ സന്ദേശങ്ങൾ മൊത്തത്തിൽ ദിവ്യപ്രോക്ത ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.പ്രവാചകന്മാർ അത്ഭുത പ്രവർത്തികൾ ചെയ്തിട്ടുണ്ടാവാം. അതൊന്നും അവരുടെ വ്യക്തിപരമായ കഴിവുകളായിരുന്നില്ല. അവർ യഥാർത്ഥത്തിൽ പ്രവാചകന്മാരാണെന്ന് തെളിയിക്കുന്ന അടയാളപ്പെടുത്തലായിരുന്നു അവ. പ്രവാചകന്മാർ നൽകിയ സന്ദേശങ്ങൾ അവഗണിക്കുന്നതിനെതിരെ ഖുർആനിൽ അല്ലാഹു മുന്നറിയിപ്പ് നൽകുന്നു:
‘തീർച്ചയായും മൂസാക്ക് നാം വേദഗ്രന്ഥം നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ ശേഷം നാം ദൂതൻമാരെ തുടർച്ചയായി അയക്കുകയും ചെയ്തിരിക്കുന്നു. മർയമിന്റെ മകൻ ഈസാക്ക് വ്യക്തമായ തെളിവുകൾ നാം നൽകുകയും ചെയ്തു. അദ്ദേഹത്തെ നാം പരിശുദ്ധാത്മാവിനാൽ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ നിങ്ങളുടെ ദേഹങ്ങൾ (അഥവാ മനസ്സുകൾ) ഇഷ്ടപ്പെടാത്തതുമായി നിങ്ങൾക്ക് വല്ല റസൂലും വരുമ്പോഴൊക്കെയും നിങ്ങൾ അഹംഭാവം നടിക്കുകയാണോ?! അങ്ങനെ, ഒരു കൂട്ടരെ നിങ്ങ ൾവ്യാജമാക്കി; ഒരു കൂട്ടരെ നിങ്ങൾകൊലപ്പെടുത്തുകയും ചെയ്യുന്നു!’ 2.87
പ്രവാചകന്മാരെ ആക്രമിക്കുകയോ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്ത ആളുകൾ അല്ലാഹുവിന്റെ ശാപത്തിന് വിധേയരായിട്ടുണ്ടെന്ന് ഖുർആൻ പറയുന്നു. എല്ലാ പ്രവാചകന്മാർക്കും ഒരേ സന്ദേശമാണ് ലഭിച്ചത് .
തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക. 16:36
ഇതിൻറെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽ നിന്ന് മാത്രമാകുന്നു 26: 164
അല്ലാഹു മാറ്റമില്ലാത്തവനാണെന്ന പോലെ അവന്റെ യുഗാന്തരങ്ങളായുള്ള സന്ദേശവും ദൗത്യവും മാറ്റമില്ലാത്തതാണെന്ന് കാണിക്കുന്നു. അതിന്റെ പേരിൽ ഭൗതികമായ യാതൊരു പ്രതിഫലവും അവർ സ്വീകരിച്ചിരുന്നില്ല എന്നതും നബിമാരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഏകകമായിരുന്നു.
എന്നാൽ ഓരോ നബിമാരും സമൂഹത്തിൽ നടമാടിയിരുന്ന സാമൂഹിക ച്യുതികൾക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു എന്ന് ഖുർആൻ പറയുന്നു. ഉദാ: ലൂത്വ് നബി (അ) ലൈംഗിക അരാജകത്വത്തിനെതിരെയും ശുഐബ് നബി സമൂഹത്തിലെ വാണിജ്യ രംഗത്തെ തരികടകൾക്കുമെതിരെയാണ് പ്രബോധനം നടത്തിയത്. (വിശദ വിവരങ്ങൾക്ക് ശുഅറാ , ഹൂദ് , അമ്പിയാ അധ്യായങ്ങൾ വായിക്കുക )
എല്ലാ പ്രവാചകന്മാരും ഇവിടേക്ക് നിയോഗിക്ക പെട്ടവരും ഇവിടെ ജീവിച്ചു മരിച്ചവരുമാണ്. ഖുർആൻ പേരെടുത്ത് പറഞ്ഞ 25 പ്രവാചകന്മാരുടെ കാലത്തിന്റെയും ദൗത്യത്തിന്റെയും മരണത്തിന്റെയും ഏകദേശ രൂപം താഴെ കൊടുത്തിരിക്കുന്നു :-
(അവലംബം 1-المعارف لابن قتيبة، 2-البداية والنهاية لابن كثير، 3-أطلس تاريخ الأنبياء والرسل لسامى المغلوث . )
1-ആദം (അ)(ബിസി 5800-5000), ഇന്ത്യൻ ഉപദ്വീപിലെ ശ്രീലങ്കയിലും അറേബ്യൻ ഉപദ്വീപിലുമായി ജീവിച്ചു. മക്കയിലാണ് അന്തരിച്ചത്.
2 – ഇദ്രീസ് (അ)പുരാതന ഇറാഖിലാണ് ജീവിച്ചിരുന്നത് (ബിസി 4500-4000), അല്ലാഹു അദ്ദേഹത്തെ സ്വർഗത്തിലേക്ക് ഉയർത്തി എന്ന വിശ്വാസമുണ്ട്.
3 – നൂഹ്(അ) തെക്കൻ ഇറാഖിലും മക്കയിലും (4000-3000), മക്കയിൽ വച്ച് മരിച്ചു.
4- ഹൂദ് (അ)(ബി.സി. 2400)അഹ്ഖാഫിൽ (അമ്മാനും കിഴക്കൻ യമനും) കിഴക്കൻ ഹദറമൗതിൽ വെച്ച് അന്തരിച്ചു.
5- സ്വാലിഹ് (അ) (ബിസി 2100) ഹിജർ മേഖലയിൽ (അൽ-മുഅല്ലയുടെ വടക്ക്) നിയോഗിക്കപ്പെട്ടു. മക്കയിൽ വെച്ച് അദ്ദേഹം മരിച്ചു.
6- ഇബ്രാഹിം (അ)(1900ബിസി )ഇറാഖ് ദേശത്ത് പ്രബോധനം നടത്തി ഫലസ്തീനിലെ ഹെബ്രോണിലെ ഖലീലിൽ വെച്ച് മരിച്ചു.
7 – ലൂത്വ് (അ)(ബി.സി. 1900), സോദോം, ഗൊമോറ ഗ്രാമങ്ങളിൽ (ചാവുകടലിന്റെ തെക്ക്) ശാമിലെ സുഫ്ര ഗ്രാമത്തിൽ മരിച്ചു.
8 – ഇസ്മാഈൽ (അ)(ബിസി 1850), മക്കയിൽ ജീവിച്ച് മക്കയിൽ മരിച്ചു.
9- ഇസ്ഹാഖ് (അ)(1800ബിസി) , ഹെബ്രോണിൽ (ഖലീൽ ) ജനിക്കുകയും മരിക്കുകയും ചെയ്തു
10 – യഅഖൂബ്(അ) (1750ബിസി ) ശാമിൽ ജനിച്ചു ഖലീലിൽ മരിച്ചു.
11 – യൂസുഫ് (അ)(1715ബി.സി)., ഈജിപ്തിൽ ജനിച്ചു ഫലസ്തീനിലെ നാബ്ലുസിൽ വച്ച് മരിച്ചു.
12 – ശുഐബ് (അ)(ബി.സി. 1500), മദ് യനിൽ (ഖലീൽ അൽ-അഖബയുടെ കിഴക്ക്) ജനിക്കുകയും മരിക്കുകയും ചെയ്തു .
13- അയ്യൂബ് (അ)(ബിസി 1500) ഹൗറാൻ സമതലത്തിൽ (സിറിയ) അവിടെ തന്നെ മരിച്ചു.
14 – ദുൽ-കിഫ്ൽ (അ)(ബിസി 1460), ഈജിപ്തിലെ സീനായിൽ ജനിച്ച് സീനായി മരുഭൂമിയുടെ വടക്ക് മരിച്ചു.
15 – മൂസ (അ) (ബിസി 1450), ഈജിപ്തിലെ സീനായിയിലായിരുന്നു ജനനവും മരണവും.
16- ഹാറൂൻ (അ) (ബി.സി. 1450) സീനായിയിലേക്ക് നിയോഗിക്കപ്പെട്ടു. അവിടെ തന്നെ മരണവും
17- ദാവൂദ് (അ)(ബിസി 1010), ഫലസ്തീനിലേക്ക് നിയോഗിക്കപ്പെട്ടു. ബൈതുൽ മഖ്ദിസിലാണ് മരണം.
18- സുലൈമാൻ (അ)(ബി.സി. 970), ഫലസ്തീനിലേക്ക് നിയോഗവും ഖുദ്സിൽ വെച്ച് മരണവും
19 – ഇൽയാസ് (അ)(ബി.സി. 870), ലബനാനിലെ ബഅലബക്കിൽ, അദ്ദേഹത്തെ അല്ലാഹു ഉയർത്തി എന്നാണ് വിശ്വാസം.
20- അൽയസഅ് (അ)(ബിസി 830), ഡമാസ്കസിൽ നിയോഗിക്കപ്പെട്ടു. ഫലസ്തീനിലാണ് മരിച്ചത്.
21 – യൂനുസ് (അ)(780 ബിസി), ഇറാഖിലെ നിനുവയിലേക്ക് നിയോഗിക്കപ്പെട്ടു,അവിടെ വച്ച് തന്നെ മരിച്ചു.
22 – സകരിയ (അ)(സി ഇ 2) ഫലസ്തീനിൽ നിയോഗിക്കപ്പെട്ടു, ഖല്ലബിൽ വച്ച് മരിച്ചു.
23 – യഹ്യ (അ)(സി ഇ 28) ഫലസ്തീനിൽ നിയോഗിക്കപ്പെട്ടു ഡമാസ്കസിൽ വച്ച് മരിച്ചു.
24- ഈസാ (അ)(സി ഇ 29 ) ഫലസ്തീനിൽ നിയോഗിക്കപ്പെട്ടു. അദ്ദേഹത്തെയും അല്ലാഹു ഉയർത്തി എന്നാണ് വിശ്വാസം
25- മുഹമ്മദ് (സ) (സി.ഇ 610 ) ജനനം മക്കയിലും മരണം മദീനയിലും
സൂചിപ്പിച്ച വർഷങ്ങളോ സ്ഥലങ്ങളോ കൃത്യമാണെന്ന് കുറിപ്പ്കാരന് ഉറപ്പില്ല. ഏകദേശ കാലയളവ് നൽകുന്നത് അവരുടെ ചരിത്രത്തിന്റെ തുടർച്ച മനസിലാവാൻ ഉപകാരപ്പെട്ടേക്കാം എന്ന ധാരണയിലാണ് എടുത്ത് ചേർത്തിരിക്കുന്നത്.
ആര് അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുന്നുവോ അവർ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകൻമാർ, സത്യസന്ധൻമാർ, രക്തസാക്ഷികൾ, സച്ചരിതൻമാർ എന്നിവരോടൊപ്പമായിരിക്കും. അവർ എത്ര നല്ല കൂട്ടുകാർ! 4:69
اللهم أَلْحِقْنا بهم غيرَ مفتونين ولا مخذولين അല്ലാഹുവേ, പരീക്ഷിക്കപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യാത്ത വിധം ഞങ്ങളെയും അവരോടൊപ്പം ചേർക്കണേ. ( തുടരും)