മരണം വരെയും സമരം ചെയ്യും
പ്രതിബന്ധങ്ങളോടുള്ള ഏറ്റുമുട്ടൽ,യുദ്ധം, പ്രക്ഷോഭം എന്നെല്ലാമുള്ള അർഥത്തിൽ രാഷ്ട്രീയ പരിസരത്ത് ഉപയോഗിക്കുന്ന പ്രയോഗമാണ് സമരം. ഉപയോഗിച്ച് പതം വന്ന ക്ലീഷേയാണ് അരനൂറ്റാണ്ട് മുമ്പ് തെരുവിലേറ്റ്മുട്ടൽ പ്രക്ഷോഭങ്ങൾ നടത്തിയ അന്നത്തെ യുവതുർക്കികൾക്ക് പോലുമാപദം. എന്നാൽ ഖുർആൻ ഭൂമിയിൽ നിലനില്ക്കുവോളം ഭൂമിയിൽ നിലനില്ക്കുന്ന ജീവിതസമരമാണ് അതാഹ്വാനം ചെയ്യുന്ന ജിഹാദ് فَلَا تُطِعِ ٱلْكَٰفِرِينَ وَجَٰهِدْهُم بِهِۦ جِهَادًا كَبِيرًا ആകയാൽ, നീ അവിശ്വാസികളെ അനുസരിക്കരുത്, ഇത് (ഖുർആൻ) കൊണ്ട് അവരോട് വലുതായ സമരം നടത്തുകയും ചെയ്തുകൊള്ളുക. 25:52
തീർത്തും വ്യത്യസ്തമായ പ്രബോധന പരിസരത്ത് അവതരിച്ച മക്കീ സൂറ:യായ ഫുർഖാനിലാണ് ഇവിടെ വലിയ സമരം എന്നയർഥത്തിൽ ജിഹാദ് കബീർ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഓറിയന്റലിസ്റ്റുകൾ അടിച്ചേൽപിച്ച വിശുദ്ധ യുദ്ധമെന്ന അർഥം മനസ്സിലാക്കാതെ മുസ്ലിം ഭിക്ഷാംദേഹികളും അത് തന്നെ (as it is ) തങ്ങളുടെ ചർവ്വിത ചർവണങ്ങൾക്കുപയോഗിച്ചതാണ് അതിത്രമേൽ തെറ്റുധരിക്കപ്പെടാനിടയായത്. مَنْ قَاتَلَ لِتَكُونَ كَلِمَةُ اللهِ هِيَ الْعُلْيَا فَهُوَ فِي سَبِيلِ اللهِ അല്ലാഹുവിന്റെ വചനം പരമോന്നതമാകാൻ വേണ്ടി പോരാടുന്നവൻ അവന്റെ മാർഗത്തിലാണ് എന്ന സുപ്രസിദ്ധ ഹദീസാണ് ജിഹാദിന്റെ പാരാമീറ്റർ .
പണ്ഡിതന്മാർ പറയുന്നു:- الجهاد كل سعي يبذل لإعلاء كلمة الله ദൈവികവചനത്തെ ( لا إله إلا الله ) ഉയർത്തിപ്പിടിക്കാൻ നടത്തുന്ന എല്ലാ ത്യാഗ പരിശ്രമങ്ങളുമാണ് ജിഹാദ് . പ്രയാസങ്ങളോട് മല്ലിടുക എന്നർത്ഥം വരുന്ന അറബി പദമാണ് ജിഹാദ് . الجهاد ماضٍ إلى يوم القيامة ഉയിർത്തെഴുന്നേൽപിൻറെ നാൾ വരെ ജിഹാദ് തുടരുമെന്നാണ് നബിയുടെ പ്രവചനം. പ്രവാചകന്റെ (സ) യുടെ പ്രവചനങ്ങൾ രാഷ്ട്രീയക്കാരുടെ വെറും വാക്കല്ലല്ലോ ?? അത് തുടരാനുള്ളതാണ്, തുടരുക തന്നെ ചെയ്യും. എന്നാൽ ഖുർആനിൽ 70 ഇടങ്ങളിൽ വന്നിട്ടുള്ള ജിഹാദ് എന്ന പദവും അതിന്റെ നിഷ്പന്നങ്ങളായ പ്രയോഗങ്ങളും സായുധ വിപ്ലവം സൃഷ്ടിക്കാനുള്ള ആഹ്വാനങ്ങളാണോ ??! ഒരിക്കലുമല്ല. നബി പറഞ്ഞത് ശ്രദ്ധിക്കൂ: –
الساعي على الأرملة والمسكين كالمجاهد في سبيل الله വിധവകൾക്കും ദരിദ്രർക്കും വേണ്ടി പരിശ്രമിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിലെ പോരാളിയെപ്പോലെയാണ് എന്ന ഹദീസ് ജിഹാദിന്റെ പരിമാണവും വ്യാപ്തിയും ആഴവും പരപ്പും പ്രസക്തിയും പ്രയോഗവും വ്യക്തമാക്കുന്നതാണ്.
യുദ്ധമെന്ന് അർഥം വരുന്ന قتال / ഖിതാലിനെ ജിഹാദിന്റെ സമാനാർഥമായും പര്യായമായും മനസ്സിലാക്കിയതാണ് നമുക്ക് പറ്റിയ വീഴ്ച. ഒരു നാടൻ ഉദാഹരണത്തിലൂടെ അവ തമ്മിലുള്ള വ്യത്യാസം വ്യക്തമാകും. ചക്ക പഴമാണ്; പഴമെല്ലാം ചക്കയല്ല. അഥവാ ഖിതാൽ ജിഹാദാവാം. ഇസ്ലാമിക ചരിത്രത്തിൽ നടന്ന യുദ്ധങ്ങളെ പരാമർശിക്കുന്ന വേളയിൽ ജിഹാദ് എന്ന പദം വന്നിട്ടുള്ളത് കൊണ്ടാണ് രണ്ടിനേയും അത് താനല്ലയോ ഇത് എന്ന പാതിവെന്ത ധാരണയിൽ നിന്നാണ് ഇത്തരം generalisation /പൊതുവൽക്കരണം.
ഇസ്ലാമിൽ പലതരത്തിലുള്ള ജിഹാദുകളുണ്ട്. ചിലത് വ്യക്തി തലത്തിൽ തന്നെ നിർബന്ധമായതാണ്. അതിൽ ചിലത് പര്യാപ്തതയുടെ ബാധ്യതയാണ് (ഫർദ് കിഫായ) അഥവാ ചിലർ അത് നിർവഹിക്കുകയാണെങ്കിൽ ബാധ്യത ബാക്കിയുള്ളവരിൽ നിന്ന് ഒഴിവാക്കപ്പെടും, അവയിൽ ചിലത് അഭികാമ്യമാണ് അഥവാ സുന്നത്താണ് . ദേഹേഛയ്ക്കും പിശാചിനും എതിരായ ജിഹാദ് ഓരോരുത്തർക്കും നിർബന്ധമാണ്. ഇബ്നുൽ ഖയ്യിം691 –751 AH /1292 – 1350 CE ) തന്റെ മാസ്റ്റർ പീസായ സാദുൽ മആദിൽ (9-11/3) അതിനെ കൃത്യപ്പെടുത്തുകയും ക്ലിപ്തപ്പെടുത്തുകയും ചെയ്യുന്നുണ്ട്: “ജിഹാദിന് നാല് പദവികളുണ്ട്: സ്വന്തത്തിനെതിരായ ജിഹാദ്, ശൈത്വാനെതിരെയുള്ള ജിഹാദ്, അവിശ്വാസികൾക്കെതിരായ ജിഹാദ്, കപടവിശ്വാസികൾക്കെതിരായ ജിഹാദ്.”
ചുരുക്കിപ്പറഞ്ഞാൽ ജിഹാദിന്റെ ലക്ഷ്യങ്ങൾ കേവലം രണ്ടാണ്. ഇസ്ലാമിനെയും ഖുർആനെയും സർവോപരി കലിമതു ത്തൗഹീദിനെയും ഉയർത്താനുള്ള ശ്രമവും അധ്വാനവും . രണ്ട് എല്ലാ അന്ധകാരങ്ങളിൽ നിന്നും ഭൂമിയുടെ രക്ഷയും സമാധാനവും സമതുലിതാവസ്ഥയും നിലനിർത്താനുള്ള ശ്രമങ്ങൾ. ഈ രണ്ട് തരത്തിലുള്ള ജിഹാദീ ലക്ഷ്യങ്ങളെ കുറിച്ചും പണ്ഡിതന്മാർ സംസാരിച്ചിട്ടുണ്ട്. ബാഹ്യവും ആന്തരികവുമായ ജിഹാദും പ്രാധാന്യം അർഹിക്കുന്നു. പ്രത്യേകിച്ച് ആന്തരികം. ഹാഫിസ് ഇബ്നു റജബ് ഹൻബലി(736-795 AH/1335–1393 CE) പറയുന്നു:
ബാഹ്യ ശത്രുവിനെതിരെയുള്ള ജിഹാദ് നിഷേധികളുമായുണ്ടായേക്കാം. എന്നാൽ ആന്തരിക ശത്രുവിനെതിരായ ജിഹാദും വളരെ പ്രാധാന്യമുള്ളതാണ്. അത് ദേഹേഛക്കും പരിധി വിടുന്ന ആഗ്രഹത്തിനും എതിരായ ജിഹാദാണ് (جهاد النفس ) കാരണം ആ ജിഹാദിനെ ഏറ്റവും വലിയ ജിഹാദിലാണെണ്ണുക . നബി പറഞ്ഞു: المجاهد من جاهد نفسه في طاعة الله അല്ലാഹുവിന്റെ അനുസരണത്തിന് വേണ്ടി സ്വന്തത്തോട് അധ്വാനിക്കുന്നവനാണ് മുജാഹിദ് / പോരാളി.
ജിഹാദിനെക്കുറിച്ച് തന്നോട് ചോദിച്ചവരോട് അബ്ദുല്ല ബിൻ ഉമർ (റ) അന്ന് പറഞ്ഞത് : “നിങ്ങളിൽ നിന്ന് തന്നെ ആരംഭിച്ച് അതിനായി പരിശ്രമിക്കുക, സ്വയം ആരംഭിച്ച് അതിനെ സ്വയം വരുതിയിൽ നിർത്തുക സാധ്യമാക്കുക എന്നാണ് .”
“നിങ്ങളുടെ ജിഹാദിൽ ഭാവിയിൽ നിങ്ങൾ ആദ്യം നിഷേധിക്കുന്നത് നിങ്ങളുടെ ദേഹേഛകൾക്കെതിരായ ജിഹാദായിരിക്കുമെന്ന് “അലി (റ) യുടെ ഒരു പ്രവചനമുണ്ട് ശീഈ / സ്വൂഫീ ഗ്രന്ഥങ്ങളിൽ .
“നിങ്ങളുടെ ഏറ്റവും വലിയ ശത്രു നിങ്ങളുടെ ഇരുവശങ്ങൾക്കുമിടയിലുള്ള ആത്മാവാണ്.” എന്നു ആശയം വരുന്ന ഒരു അസറുണ്ട്. ആദ്യ ഖലീഫയായി തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ അബൂബക്ർ സിദ്ദീഖ് (റ ) ഉമർ (റ)നോട് പറഞ്ഞത് :
“ഞാൻ നിങ്ങൾക്ക് ആദ്യം മുന്നറിയിപ്പ് നൽകുന്നത് നിങ്ങളുടെ പാർശ്വങ്ങൾക്കിടയിലുള്ള ആത്മാവിനെയാണ് . ഈ ജിഹാദിന് ക്ഷമയും ഏറെ ആവശ്യമാണ്.തനിക്കും തന്റെ ആഗ്രഹങ്ങൾക്കും എതിരായി പോരാടുന്നതിൽ പരാജയപ്പെടുന്നവനെ പിശാച് കീഴടക്കുകയും അവനെ സ്വന്തമാക്കുകയും ചെയ്യുന്നു.അങ്ങനെ പിശാച് അവന്റെ മുതലാളിയായി മാറുന്നു. “(جامع العلوم والحكم(460 ـ489/}
ഇബ്നു അബീ ജംറ (D 699 AH) തന്റെ ബഹ്ജതു ന്നുഫൂസിൽ (71-72/2) പറയുന്നു:
ചെറിയ ജിഹാദ് ശത്രുവിനെതിരായ ജിഹാദാണ്, ആത്മാവിന്റെ ജിഹാദാണ് വലിയ ജിഹാദ് (പിശാച് നിങ്ങളെ പ്രകോപിപ്പിച്ചാൽ അല്ലാഹുവിന്റെ സംരക്ഷണം തേടുക) ഫുസ്സ്വിലത് 36
ആത്മാവിന്റെ മേലുള്ള വിജയത്തിന് പോരടിക്കുന്നവനെയും അതിനുള്ള ഉതവിയിലേക്ക് വഴി നടത്തുമെന്ന് ഖുർആൻ പ്രത്യേകം സന്തോഷ വാർത്ത നല്കുന്നുണ്ട്.
‘നമ്മുടെ കാര്യത്തിൽ സമരം നടത്തുന്നവരാകട്ടെ, അവരെ നാം നമ്മുടെ മാർഗ്ഗങ്ങളിൽ നയിക്കുകതന്നെ ചെയ്യുന്നതാണ്. നിശ്ചയമായും, അല്ലാഹു സുകൃതന്മാരോടു കൂടെയായിരിക്കുന്നതുമാകുന്നു. ’29:69
ജിഹാദിന്റെ നൈതികതയും ആവശ്യകതയും വ്യക്തമാക്കി കൊണ്ട് ഖുർആൻ പറയുന്നു:
‘നിങ്ങൾ അല്ലാഹുവിന്റെ കാര്യത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം ( حق جهاده ) സമരം ചെയ്യുവീൻ. അവൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; മതകാര്യത്തിൽ നിങ്ങളുടെമേൽ യാതൊരു വിഷമതയും ഏർപ്പെടുത്തിയിട്ടുമില്ല. നിങ്ങളുടെ പിതാവ് ഇബ്രാഹീമിന്റെ മാർഗ്ഗം! (അതാണ് നിങ്ങളോട് ഉപദേശിക്കുന്നത്.) മുമ്പും, ഇതിലും [മുൻ വേദഗ്രന്ഥങ്ങളിലും ഈ വേദത്തിലും] നിങ്ങൾക്കു ‘മുസ്ലിംകൾ’ എന്നു് അവൻ പേരുവെച്ചിരിക്കുന്നു; റസൂൽ, നിങ്ങൾക്കു സാക്ഷിയും, നിങ്ങൾ, മനുഷ്യർക്കു് സാക്ഷികളും ആയിത്തീരുവാൻവേണ്ടിയാകുന്നു (അതു). ആകയാൽ, നിങ്ങൾ നമസ്ക്കാരം നിലനിറുത്തുകയും ‘സകാത്ത്’ [വിശുദ്ധ ധർമ്മം] കൊടുക്കുകയും അല്ലാഹുവിനെ മുറുകെ പിടിക്കുകയും ചെയ്യുവീൻ! അവൻ, നിങ്ങളുടെ യജമാനനാകുന്നു. അപ്പോൾ, (നിങ്ങളുടെ യജമാനൻ) എത്രയോ നല്ല സഹായകനും! ’22:78
ഈ ആയതിൽ പറയുന്ന حق جهاده കാലഘട്ടത്തിന്റെ തേട്ടമനുസരിച്ചാണ് നിശ്ചയിക്കപ്പെടേണ്ടത്. ഇന്ന് യുദ്ധത്തിലുള്ള പോരാട്ടത്തേക്കാൾ ഇസ്ലാമിന് വേണ്ടി വൈജ്ഞാനിക മേഖലകളിൽ പ്രവർത്തിക്കുന്ന പോരാളികളെയാണ് ഇസ്ലാമിക പ്രബോധനത്തിന് ആവശ്യം. ‘പള്ളികൾ പണിയുക, അവയിൽ ദീനിലെ കടമകളും സുന്നത്തും കർമ്മശാസ്ത്രവും പഠിപ്പിക്കുക’ എന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞ കാലത്തേക്കാൾ കാലം ഏറെ മുന്നോട്ട് പോയി. പള്ളിക്കൂടങ്ങൾ / വിദ്യാ കേന്ദ്രങ്ങളാവുന്ന പള്ളികൾ കേന്ദ്രീകരിച്ച് വിജ്ഞാന പ്രസരണം നടത്തിയ കാലത്തെ വർത്തമാനമാണത്. അതിനെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാലികമായി വികസിപ്പിക്കണം. അപ്പോഴാണ് ഖറദാവിയെ പോലുള്ള പണ്ഡിതന്മാർ പറഞ്ഞ ജിഹാദു ത്തഅലീം ( Education Jihad) ഉം ജിഹാദുദ്ദഅവ (Da’wa Jihad)യും പൂർത്തിയാവൂ.
يحمِلُ هذا العلمَ من كلِّ خلَفٍ عدولُه ينفونَ عنهُ تحريفَ الغالينَ وانتحالَ المبطلينَ وتأويلَ الجاهلينَ തീവ്രന്മാരുടെ വക്രീകരണം, വ്യാജന്മാരുടെ പകർത്തിയെഴുത്ത്, അറിവില്ലാത്തവരുടെ ദുർവ്യാഖ്യാനം എന്നിവ നിരസിച്ചു കൊണ്ട് ഈ അറിവ് ഏറ്റെടുക്കാൻ പ്രാപ്തരായ നീതിമാന്മാരായ ഒരു പിൻതലമുറയുടെ സൃഷ്ടി ആവശ്യമാണ്. അതാണിന്നിന്റെ താല്പര്യവും ( വിശദീകരണം വായനക്കാരന്റെ മുന്നറിവിന് വിടുന്നു)
قض المنطق ص 156 ൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ഒരു വാചകം പ്രസിദ്ധമാണ്: അക്കാ പ്രദേശം മുഴുവൻ കീഴ്പ്പെടുത്തുന്നതിനേക്കാൾ അവിടെയുള്ള ഒരു വിദ്യാലയം പുന:സ്ഥാപിക്കാനായാൽ അതാണ് ഏറ്റവും ഉത്തമമെന്നാണാ ഉദ്ധരണി . പ്രബോധനം , സംവാദം , വിജ്ഞാന പ്രസരണം എന്നിവ ഇസ്ലാമിക ജിഹാദിന്റെ മെയിൻ അജണ്ടയാകേണ്ട ഇക്കാലത്ത് ജിഹാദെന്ന സംജ്ഞയുടെ അർഥ തലങ്ങളെ കുറിച്ചോ അതിന്റെ കർമശാസ്ത്ര ഉപചർച്ചകളെ കുറിച്ചോ ഉള്ള വൈജ്ഞാനിക / ദാർശനിക ബുദ്ധി വ്യവഹാരങ്ങൾ അവസാനിപ്പിച്ച് ഇന്നത്തെ കാലത്ത് ഇസ്ലാമിക പണ്ഡിതർ ഇക്കാലഘട്ടത്തിന്റെ ജിഹാദിന്റെ മുൻഗണനാക്രമം എന്താവണമെന്ന ഉറക്കെയുള്ള ആലോചനകളാവട്ടെ ഇന്നത്തെ حق جهاده… അപ്പോഴാണ് الجهاد ماضٍ എന്ന് പറയുന്നത് കൂടുതൽ പ്രോജ്വലമായി പ്രകാശം പരത്തുന്ന കെടാവിളക്കായും വരും കാലങ്ങളിലും തലമുറകൾക്ക് ഇന്ധനവുമാവൂ. ( തുടരും )