കാഫിർ വിളി

ആകാശ ഭൂമികളിലുള്ള സർവ്വവും അല്ലാഹുവിന് സ്വമേധയാലോ പരമേധയാലോ കീഴടങ്ങിയിരിക്കുന്നു എന്നത് പൊതുതത്വമാണ്. അല്ലാഹു നല്കിയ അനുഗ്രഹങ്ങളുടെ നിഷേധമാണ് വാസ്തവത്തിൽ കുഫ്ർ. ഖുർആനികമായി ഇസ്ലാമിനും ഈമാനിനും തൗഹീദിനും ശുക്റിനുമെല്ലാം നേർവിപരീതമായ പദമാണ് കുഫ്ർ. എന്താണ് കുഫ്ർ എന്നതിന്റെ ഗഹനമായ അർഥം? ഗൂഡമായ ഉദ്ദേശം? കുഫ്റിന്റെ കൃത്യമായ ഇനങ്ങൾ ഏതെല്ലാം? എപ്പോഴാണ് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കുഫ്ർ സംഭവിക്കുക? കാഫിർ നന്മ ചെയ്താൽ സ്വീകരിക്കപ്പെടുമോ? കാഫിർ സ്വർഗത്തിൽ പോവുമോ എന്നീ ചർവ്വിത ചർവണങ്ങൾ അഖീദാ ഗ്രന്ഥങ്ങളിലോ ദൈവശാസ്ത്ര / കലാം കൈകാര്യം ചെയ്യുന്ന സംവാദ ഇടങ്ങളിലോ വായിക്കുക.
കുഫ്ർ എന്നത് ഖുർആനിക പദമാണ്. പ്രവാചകൻ (സ) കൊണ്ടുവന്ന ദീനിൽ അനിവാര്യമായും അറിയപ്പെട്ട ഒരു കാര്യത്തെ മന:പ്പൂർവം നിഷേധിക്കലാണത്. തെളിവ് സ്ഥാപിക്കപ്പെടുകയും യാഥാർത്ഥ്യം ലഭ്യമാവുകയും ചെയ്ത ശേഷവും സർവ്വാംഗീകൃതമായ ഒരു സത്യത്തെ നിഷേധിക്കുന്നവന്റെ സ്വഭാവമാണത്. ഭാഷയിൽ, മൂടുക, മറയ്ക്കുക എന്നൊക്കെയാണ് കുഫ്ർ എന്ന പദത്തിന്റെ അർത്ഥം.
‘നിങ്ങൾ അറിഞ്ഞിരിക്കണം: ഐഹിക ജീവിതമെന്നത്, കളിയും, വിനോദവും, അലങ്കാരവും, നിങ്ങൾ തമ്മിൽ ദുരഭിമാനം നടിക്കലും, സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം നടിക്കലും മാത്രമാകുന്നുവെന്ന്. അതെ, കേവലം മഴയുടെ മാതിരി, അതിൽ മുളച്ച ചെടി കർഷകരെ / കാഫിറുകളെ ആശ്ചര്യപ്പെടുത്തി; പിന്നീടത് വാടിപ്പോകുന്നു, എന്നിട്ടതിനെ മഞ്ഞനിറം പൂണ്ടതായി നീ കാണുന്നു, പിന്നെ അത് ഉണങ്ങി തുരുമ്പായിത്തീരുന്നു (എന്നപോലെ.) പരലോകത്തിലാകട്ടെ കഠിനമായ ശിക്ഷയും, അല്ലാഹുവിങ്കൽ നിന്നുള്ള പാപമോചനവും, പ്രീതിയും! ഇഹലോകജീവിതം, വഞ്ചനയുടെ (അഥവാ കൃത്രിമത്തിന്റെ) വിഭവമല്ലാതെ (മറ്റൊന്നും) അല്ല. 57:20
ഈ സൂക്തത്തിൽ കർഷകർ എന്നതിന് ഉപയോഗിച്ച പദം കുഫ്ഫാർ എന്നാണ്. ധാന്യം മണ്ണിൽ കുഴിച്ചിട്ടാണല്ലോ അവർ തന്റെ കൃഷി ചെയ്യുന്നത് തന്നെ.
സാങ്കേതികാർഥമാണ് പ്രഥമ ഖണ്ഡികയിൽ നാം സൂചിപ്പിച്ചത് .ഒരാൾ മുസ്ലിമായി ജനിച്ചു.അറിവും ബോധവുമില്ലാതെ കാനേഷുമാരി മുസ്ലിം ആയിത്തന്നെതുടർന്നു.സ്വന്തം ബുദ്ധിയും ജ്ഞാനവുമുപയോഗിച്ച് ദൈവത്തെ അറിഞ്ഞില്ല.തനിക്ക് അധികാരവും സ്വാതന്ത്ര്യവുമുള്ളകാര്യങ്ങളിൽ ദൈവത്തെ അനുസരിക്കുവാൻ ഇഷ്ട്ടപ്പെട്ടില്ല. ഇവനാണ് ഖുർആനിക ദൃഷ്ട്യാ ദൈവനിഷേധി(കാഫിർ).ഈ മനുഷ്യൻ സ്വന്തം പ്രകൃതിയുടെമേൽ അവിവേകമാകുന്ന / നിഷേധമാവുന്ന മറയിട്ടിരിക്കുകയാണ്. അതുകൊണ്ടാണ് അവനെ കാഫിർ എന്നുപറയുന്നത്. സത്യത്തിൽ ജന്മനാ ഇസ്ലാമികപ്രകൃതിയോടെയാണ് അവനും ജനിച്ചത്. അവന്റെയും ശരീരത്തിലെ സർവ്വകോശങ്ങളും പ്രവർത്തിക്കുന്നത് പടച്ചവൻ നിശ്ചയിച്ച പ്രകൃതിയിലാണ്. ആ പ്രകൃതി മതത്തെയാണ് അവന്റെ കേവല യുക്തി / നിഷേധം /അജ്ഞത ഉപയോഗിച്ച് മറയിട്ടിരിക്കുന്നത്. അപ്പോൾ അവന്റെ ഹൃദയത്തിലെ അവിശ്വാസമല്ലാത്തതെല്ലാം പരമേധയാ പ്രകൃതി മതമായ ഇസ്ലാമിലും ഹൃദയം കൊണ്ട് അവൻ കാഫിറുമാണെന്ന് ചുരുക്കം.
ഇനങ്ങൾ
അഹ്ലുൽ ഹദീസ് കുഫ്റിനെ നരകാഗ്നിയിൽ നിത്യത അനിവാര്യമാക്കുന്ന വലിയ കുഫ്ർ , ദൈവിക ഭീഷണിക്ക് അർഹമാകാൻ കാരണമായ ചെറിയ കുഫ്ർ എന്നാണ് പൊതുവെ തരം തിരിക്കൽ .
ദൈവശാസ്ത്ര / കലാമീ ഗ്രന്ഥങ്ങളിൽ
1- നിഷേധം تكذيب
2- അഹങ്കാരം استكبار
3 – അവഗണന إعراض
4 – സന്ദേഹം شك
5 – കാപട്യം نفاق
എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു
ഇസ്ലാമികാധ്യാപനമനുസരിച്ച് കുഫ്ർ വ്യക്തിയുടെ നിഷേധമായി നിർവചിക്കാം. ഒരാൾക്ക് ഇസ്ലാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിൽ അഥവാ പ്രബോധനം ശരിയായ രീതിയിൽ എത്തിയിട്ടില്ലെങ്കിൽ അവനെങ്ങനെയാണ് കാഫിറാവുന്നത് ?!ദഅ്വത്, സത്യവും മാർഗദർശനവും എന്നിവയെ ആശ്രയിച്ചാണ് കുഫ്ർ സീൽ ഉപയോഗിക്കാവൂ എന്നും കാഫിർ വിളി ബൂമറാങ്ങാണെന്നും അഭിനവ പ്രബോധകന്മാർ അറിയുന്നത് നന്ന്. അഥവാ വിളിക്കപ്പെടുന്നവൻ അക്ഷരാർഥത്തിൽ കാഫിറല്ലെങ്കിൽ വിളിച്ചവനാരായി !!
ഖുർആനിക വീക്ഷണത്തിൽ ആരാണ് കാഫിറെന്ന് നോക്കാം:-
നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നു (ജനങ്ങളെ) തടയുകയും, തങ്ങൾക്കു സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം ‘റസൂലി’നോടു ചേരിപിരിയുകയും ചെയ്തിട്ടുള്ളവർ, അവർ അല്ലാഹുവിനു ഒട്ടും ഉപദ്രവം വരുത്തുകയില്ലതന്നെ. അവരുടെ പ്രവർത്തനങ്ങളെ അവൻ വഴിയെ ഫലശൂന്യമാക്കുകയും ചെയ്യും. 47:32
പ്രവാചകനുമായുള്ള ശത്രുതയാണ് കുഫ്റിന്റെ അടിസ്ഥാനം. അഥവാ ഹിദായതിനേയും നുബുവ്വതിനേയും ഒരേ സമയം നിഷേധിക്കുന്നവനാണ്
കാഫിർ . പ്രബോധനം ലഭിക്കാത്തവനോ മനപ്പൂർവ്വം
സത്യത്തെ നിഷേധിക്കാത്തവനോ പറയേണ്ട പേരല്ല
കാഫിറെന്നർഥം.
ഇമാം ഗസാലി (450- 505 AH /1058 – 1111 CE)
(فيصل التفرقة بين الإسلام والزندقة) (ഇസ്ലാമും സന്ദഖയും തമ്മിലുള്ള വ്യത്യാസം )
തന്റെ പുസ്തകത്തിൽ ഇസ്ലാമിന്റെ സന്ദേശം ലഭിക്കാത്തവരെയും അല്ലാഹുവിനെ കുറിച്ചും പ്രവാചകനെ സംബന്ധിച്ചും വികലമായ വിവരങ്ങൾ മാത്രമുള്ളവരെയും കാഫിർ എന്നു പറയുന്നത് ധാർമികമായി ശരിയല്ല എന്നു കൃത്യമായി സിദ്ധാന്തിക്കുന്നുണ്ട്. ആധുനിക കാലത്ത്
ശൈഖ് മുഹമ്മദുൽ ഗസാലി (1335 -1416 AH /1917 -1996 CE ) തന്റെ (مع الله، دراسات في الدعوة والدعاة) എന്ന ഗ്രന്ഥത്തിലും ഇസ്ലാമിനെ കുറിച്ച്
വികലവും വെറുപ്പുളവാക്കുന്നതുമായ പ്രതിച്ഛായ മാത്രം ലഭിച്ചവരെ / ഇസലാമിനെ കുറിച്ചറിയാത്ത ജനതയായതുകൊണ്ടാണ്” ( 9: 6) എന്ന നിലയിലാവാം വിശേഷണമെന്നാണ് സിദ്ധാന്തിക്കുന്നത് . യഹൂദന്മാരെയും ക്രിസ്ത്യാനികളെയും പോലും അവർ ബോധപൂർവ്വം സത്യസന്ദേശത്തെ നിഷേധിക്കാതിരിക്കുവോളം അവർ കേവലം വേദക്കാരാണ്;അഥവാ ദിവ്യ പ്രോക്ത വിജ്ഞാനത്തിന്റെ വാഹകർ . അതൊരിക്കലും അവരോടുള്ള നിന്ദയല്ല; പ്രത്യുത അല്ലാഹുവിന്റെ ഭാഗത്ത് നിന്നുമുള്ള ആദരവാണ്. അഥവാ ഇസ്ലാമിന്റെ സത്യത്തിൽ പല കാരണങ്ങളാൽ എത്തിച്ചേരാത്ത ജൂത ക്രൈസ്തവർ പോലും – അവർ സത്യത്തെ നിഷേധിക്കാതിരിക്കുവോളം – അവിശ്വാസികളല്ല.
കുഫ്ർ വിശ്വാസപരിത്യാഗമാണെന്ന് മുതകല്ലിമുകളുടെ / മുസ്ലിം തിയോളജിസ്റ്റുകളുടെ വാദം . ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്നിനെയോ ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നിനെയോ ഏതെങ്കിലും പരമ്പരാഗത മുസ്ലിം നിരാകരിക്കുകയോ ഇസ്ലാമിന്റെ വിശ്വാസ-കർമ്മ വ്യവസ്ഥകൾ ലംഘിക്കാനുള്ള പരസ്യമായ ശാഠ്യവും പുലർത്തിയാൽ അവനെ കുറിച്ച് നിഷേധി എന്ന് പറയുന്നത് കുഴപ്പമില്ല. എന്നാൽ അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിൽ മനപ്പൂർവ്വമല്ലാതെ വീഴ്ച വരുത്തുന്നതിന്റെ പേരിൽ അയാളെ കാഫിറാക്കി പടിയടച്ച് പിണ്ഡം വെയ്ക്കുന്നതോ പള്ളിയോ പള്ളിക്കാടോ ബഹിഷ്കരിക്കുന്നതോ ലോകത്തുള്ള ഭൂരിഭാഗം അഹ് ലുസുന്നതിന്റെ പാരമ്പര്യമല്ല.
കാഫിറിന്റെ നിർവചനത്തിൽ സുന്നി- ശിആ വ്യത്യാസങ്ങൾ കാരണം അവിശ്വാസം / കുഫ്ർ / റിദ്ദത് എന്നിവ ആരോപിക്കപ്പെടുന്നവരോടുള്ള സമീപനങ്ങളിലും അവർ വ്യത്യസ്തരാണ്. പൊതുവേ, സുന്നികൾ വിശ്വാസ/ നിരാകരണ സിദ്ധാന്തത്തിലൂടെ അവരുടെ സ്ഥാനം / മൻസിലത് നിർണ്ണയിക്കുന്നു, അതേസമയം മിക്ക ശിയാ വിഭാഗങ്ങളും ഇമാമത്തിന്റെ തത്വം നിഷേധിക്കുന്നത് കുഫ്റും ഫുസൂഖുമായാണ് നിരീക്ഷിക്കുന്നത്. അഥവാ ഇമാമത് സങ്കല്പത്തെ ആധാരമാക്കിയുള്ള അഖീദയെ എതിർത്താൽ കാഫിറും മുർതദ്ദുമാവുമെന്ന ആത്യന്തിക നിലപാടാണ് അവർ സ്വീകരിക്കുന്നത്. തങ്ങളെ എതിർക്കുന്നവരുടെ നിലപാടിനെ അടിസ്ഥാനമാക്കിയാണ് അവരുടെ സ്ഥാനം നിർണ്ണയിക്കുന്നത് പോലും .
ഇസ്ലാം വിടുന്ന മുർതദ്ദിനോടുള്ള മുസ്ലിം നിലപാട് വ്യത്യസ്തമാണ്. ചിലർ അത്തരക്കാരുടെ മുമ്പിൽ ഇസ്ലാം അവതരിപ്പിച്ചതിന് ശേഷം അവിശ്വാസിയോട് യുദ്ധം ചെയ്യണമെന്ന് വിശ്വസിക്കുന്നു. തങ്ങളോട് പരസ്യമായി പോരാട്ടത്തിന്റെ വെല്ലുവിളി ഉയർത്താത്തിടത്തോളം യുദ്ധം ചെയ്യരുതെന്ന് വിശ്വസിക്കുന്നു.
(ظاهرة الغلو في التكفير) എന്ന ഖറദാവിയുടെ പുസ്തകത്തിലും (ضوابط التكفير عند اهل السنة) എന്ന പേരുള്ള ശൈഖ് അബ്ദുല്ലാഹ് ബിൻ മുഹമ്മദ് അൽ ഖറനിയുടെ പഠനത്തിലും അതേ പേരുള്ള ഡോ സമീറ ബിന്ത് ആഇദിൽ ഖഹ്ത്വാനിയുടെ ഗവേഷണത്തിലും സമൂഹത്തിൽ വളരുന്ന കാഫിർ വിളി പ്രവണതക്കുള്ള പരിഹാരങ്ങൾ നിർദേശിക്കുന്നുണ്ട്. എൻറെ വചനങ്ങൾ നിങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു അവിശ്വാസികൾ . മാഇദ:44 എന്ന ആയതിനെ കുറിച്ചു പോലും ഹസ്റത് ഇബ്നു അബ്ബാസ് (റ) كفر دون كفر (അവിശ്വാസമല്ലാത്ത അവിശ്വാസം) എന്നാണ് പറഞ്ഞതെന്ന് കുഫ്ർ ചാപ്പയടിക്കാൻ ഓടി നടക്കുന്നവർ അറിയുന്നത് നല്ലതാണ്. ലോകത്തുള്ള എല്ലാ മനുഷ്യരേയും നരകത്തിൽ നിന്നും മോചിപ്പിക്കാൻ അധ്വാനിക്കേണ്ട പ്രബോധകന്മാർ തങ്ങളുടെ രീതിയിലല്ലാത്തവരെ കാഫിർ സീലടിച്ചു ആകാശ ഭൂമികളോളം വിശാലതയുള്ള സ്വർഗത്തിൽ നിന്നും പുറത്താക്കാനുള്ള പണിയെടുക്കേണ്ട . സ്വർഗവും നരകവുമെല്ലാം നല്കേണ്ടത് റബ്ബിന്റെ പണിയാണ്. ( തുടരും )