വിദ്യ തന്നെ മഹാധനം
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ .. നിരക്ഷരനായ ഒരു പ്രവാചകനെ കൊണ്ട് അക്ഷര വിപ്ലവം സൃഷ്ടിച്ച മഹാത്ഭുതമാണ് ഖുർആൻ . ആദ്യ വെളിപാടിൽ തന്നെ വായിക്കാൻ രണ്ടു തവണ ആഹ്വാനം ചെയ്തത് വായനക്കും പഠനത്തിനും ഖുർആൻ നല്കുന്ന പ്രാധാന്യമാണ് പ്രത്യക്ഷീകരിക്കുന്നത്. പൊതുവെ വെളുത്ത കുപ്പായവും തലപ്പാവും താടിയുമാണ് ഇ’ൽമളക്കാനുള്ള നമ്മുടെ മാനദണ്ഡം. അതിലെത്ര മാത്രം കണിശതയുണ്ടോ അത്രമാത്രം ഇ’ൽമിന് ആഴം കൂടുമെന്നാണ് ജനവിശ്വാസം. വാസ്തവത്തിൽ ഇൽമ് / علم എന്ന വാക്കിനെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒന്നു പരിഭാഷപ്പെടുത്തി നോക്കൂ.
അപ്പോഴറിയാം എന്താണ് ഇ’ൽമെന്ന്. വുദു മുറിയുന്ന അന്താരാഷ്ട്ര കാര്യങ്ങൾ അറിയുന്നതിനെയാണോ ഖുർആന്റെ വെളിച്ചത്തിൽ ഇ’ൽമ് എന്ന് വിളിക്കുന്നതെന്ന്. ഖുർആൻ പഠിപ്പിക്കുന്ന ആ’ലിം എന്ന സങ്കല്പം മത പണ്ഡിതൻ എന്ന പരിമിതമായ തോതിൽ പരാവർത്തനം നടത്തിയതാണ് സമുദായത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ്. ഈ തെറ്റായ പാരാമീറ്റർ കൊണ്ട് നമ്മുടെയാളുകൾ ഇ’ൽമളക്കുന്നതു കൊണ്ടാണ് വലതു നിന്നും വായിച്ചു തുടങ്ങിയാൽ അഹങ്കാരത്തിന്റെ പനമരങ്ങളായി മാറുന്നത്. ചന്ദ്രനുദിക്കുന്നത് മഗ് രിബിന് പടിഞ്ഞാറാണെന്ന് ധരിച്ചുവശായ , പാതിരാത്രിയിൽ ആ വിളംബരങ്ങൾക്ക് കുടപിടിക്കുന്ന സമുദായം കൂടെയുള്ളത് കൊണ്ട് വലിയ കുഴപ്പമില്ലാതെ ‘കഴിച്ചു ‘ കൂട്ടുന്ന ഒരു കൂട്ടരെ കുറിച്ച് അറബി ഭാഷയിലെ മഹാകവി മുതനബ്ബി ചൊല്ലിയ ഒരു പദ്യശകലമിങ്ങനെ:
يا أمةً ضحكتْ من جهلها الأمم
അന്യ സമൂഹങ്ങൾ ഏതൊരു സമുദായത്തിന്റെ അറിവില്ലായ്മയിൽ ചിരിച്ചുവോ ആ സമുദായമേ,
ദൃഢവിശ്വാസമില്ലാത്ത ആളുകൾ നിങ്ങളെ (വിവരമില്ലാത്തതിന്റെ പേരിൽ ) കൊച്ചാക്കുന്ന അവസ്ഥ വരുത്താതിരിക്കുകയും ചെയ്യട്ടെ. 30: 60
“എന്റെ നാഥാ, എനിക്ക് അറിവ് വർദ്ധിപ്പിക്കേണമേ എന്ന് പറയുക,” (ത്വാഹ :114)
رَبِّ زِدْنِي عِلْمًا എന്ന പ്രാർഥനയാവണം വിദ്യാ സമ്പാദനത്തിൽ നമ്മുടെ പ്രചോദനം .അറിയില്ലെങ്കിൽ അറിവുള്ള ആളുകളോട് ചോദിച്ചു പഠിക്കുക എന്നതാണ് അറിവ് നിർമ്മാണ പ്രക്രിയയുടെ പ്രാഥമിക ഘട്ടമായി മുൻഗണനാ ക്രമത്തിൽ ഖുർആൻ പഠിപ്പിക്കുന്നത്. “فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ”. النحل 43 ‘നിങ്ങൾ വിവരമുള്ള ആൾക്കാരോടു ചോദി(ച്ചുനോ)ക്കുവിൻ, നിങ്ങൾക്കു അറിഞ്ഞുകൂടാതിരിക്കുകയാണെങ്കിൽ ‘
” ഇസ്ലാമിക സന്ദേശത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് / مقاصد /intentions അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് മനസ്സിനെ സ്വതന്ത്രമാക്കുക എന്നതാണ്, യുക്തി പ്രയോഗിച്ചും വിവരമുള്ള ആളുകളോട് ചോദിച്ച് മനസ്സിലാക്കിയുമാണത് സാധ്യമാവുക.” എന്ന് അഭിപ്രായപ്പെട്ടത് അശ്ശരീഅ: വൽ ഹയാത് എന്ന പരിപാടിയിൽ വെച്ച് ശൈഖ് ഖറദാവിയാണ്. വിശുദ്ധ ഖുർആനിലെ അറിവിന്റെ അർത്ഥവും അതിന്റെ ഉറവിടങ്ങളും തരങ്ങളും മനസ്സിലാക്കിയാൽ അതിന്റെ പഠന വിഷയത്തിൽ നമ്മുടെ മുൻഗണനാ ക്രമങ്ങളും അധ്യാപന രീതികളും ശൈലികളും പ്രയോഗവത്കരണങ്ങളും മാറും, സംശയമില്ല.
അതുകൊണ്ടാണ് വിശുദ്ധ ഖുർആനിൽ ബുദ്ധിയുടെ / Intelligence ന്റെ വിവിധ രൂപഭേദങ്ങളും, വിചിന്തനം, അകക്കാമ്പ്, ബോധം, ഹൃദയം, ഉൾക്കാഴ്ച, നിരീക്ഷണം തുടങ്ങിയ ബൗദ്ധിക ഭാവങ്ങളെ കുറിച്ചും ധാരാളം പരാമർശിച്ചിരിക്കുന്നത്. നിരവധി ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളും സംവാദങ്ങളുമുയർത്തിയാണ് ഖുർആൻ പ്രപഞ്ച സൃഷ്ടിയുടെ ആരംഭവും വളർച്ചയും വിശദീകരിക്കുകയും അവയെ കുറിച്ചുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളും മനനങ്ങളും പ്രോത്സാഹിപ്പിക്കുന്നത്.വിശുദ്ധ ഖുർആനിൽ വ്യക്തമാക്കുന്ന ശാസ്ത്രീയ വർഗ്ഗീകരണ മനോഭാവവും അവതരണ രീതിയും മനസ്സിലാക്കിയാൽ ശരിയായ അറിവിന്റെയും അറിവുല്പാദന പ്രക്രിയകളുടെയും (Cognitive processes) മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ കഴിയും.
ഖുർആനിലെ ഇ’ൽമ്/അറിവ് എല്ലാ വിജ്ഞാന ശാഖകളെയും ഉൾക്കൊള്ളുന്നു.അവ മത വിജ്ഞാനങ്ങളായാലും ആഗോള /ഖഗോള ശാസ്ത്രങ്ങളായാലും, ഒരു വ്യക്തിക്ക് അറിയാത്തതിനെ കുറിച്ചുള്ള യാഥാർത്ഥ്യം വെളിപ്പെടുത്തുന്നതോ അവനറിയുന്നതിനെക്കുറിച്ചുള്ള ജിജ്ഞാസ വർദ്ധിപ്പിക്കുന്നതോ എല്ലാം ഖുർആനിലെ ഇ’ൽമാണ് . ഖുർആനിൽ പരാമർശിച്ചിരിക്കുന്ന വിവരം മതകീയ വിജ്ഞാനീയങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് ചില പണ്ഡിതന്മാർ പണ്ടു കാലത്ത് അവരുടെ കിതാബുകളിൽ എഴുതി വെച്ചിട്ടുണ്ട്.എന്നാലിത് യഥാർത്ഥത്തിൽ ഖുർആനിൽ പ്രതിപാദിക്കുന്ന ഇൽമിന് വിരുദ്ധമാണ്. ഉദാഹരണത്തിന് :-
‘അവനത്രെ, നിങ്ങൾക്കു നക്ഷത്രങ്ങളെ – അവ മൂലം കരയിലെയും, കടലിലെയും അന്ധകാരങ്ങളിൽ നിങ്ങൾ വഴി കാണുവാൻ വേണ്ടി – ഏർപ്പെടുത്തിയവനും. അറിയുന്ന ജനങ്ങൾക്കു നാം ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. ‘6:97
ഈ Oceanography ഏത് മതപാഠശാലയിലാണ് പഠിപ്പിക്കപ്പെടുന്നത് ?
അവനത്രെ, സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവൻ, അതിന് [ചന്ദ്രന്] അവൻ ചില ഭവനങ്ങൾ [രാശികൾ] നിർണയിക്കുകയും ചെയ്തിരിക്കുന്നു; നിങ്ങൾ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാൻവേണ്ടി. യഥാർത്ഥ (മുറ) പ്രകാരമല്ലാതെ അതിനെ (ഒന്നും) അവൻ സൃഷ്ടിച്ചിട്ടില്ല. അറിയാവുന്ന ജനങ്ങൾക്കുവേണ്ടി അവൻ ദൃഷ്ടാന്തങ്ങളെ വിശദീകരിക്കുകയാണ്. 10:5
സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (നിലകൊള്ളുന്നത്.) 55:5
ഈ Astrophysics ഉം Astronomy ഉം ഏത് ദീനീ സിലബസിലാണുള്ളത് ?
അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതു തന്നെയാണ്, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും, നിങ്ങളുടെ ഭാഷകളും, നിങ്ങളുടെ വർണ്ണങ്ങളും വ്യത്യസ്തമായിരിക്കുന്നതും. നിശ്ചയമായും, അറിവുള്ളവർക്ക് അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്. 30:22
ഈ Sociolinguistics ആരാണ് പഠിക്കേണ്ടത് ?
അല്ലാഹു കാർമേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മിൽ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവൻ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന് നീ കണ്ടില്ലേ? അപ്പോൾ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്ത് നിന്ന് -അവിടെ മലകൾ പോലുള്ള മേഘകൂമ്പാരങ്ങളിൽ നിന്ന് -അവൻ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താൻ ഉദ്ദേശിക്കുന്നവർക്ക് അത് അവൻ ബാധിപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരിൽ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിൻറെ മിന്നൽ വെളിച്ചം കാഴ്ചകൾ റാഞ്ചിക്കളയുമാറാകുന്നു. 24:43
ഈ collision-coalescence process പഠിക്കാൻ ആരാണ് സമയം കണ്ടെത്തേണ്ടത് ?
ആ ഉപമകൾ (എല്ലാംതന്നെ) നാം മനുഷ്യർക്കു വേണ്ടി വിവരിക്കുകയാണ്. ആ’ലിമുകളല്ലാതെ അവയെ (ചിന്തിച്ച്) മനസ്സിലാക്കുകയില്ല. 29:43
ഇവിടെ പറയുന്ന ആലിമുകൾ ആരാണ് ?
ഇ’ൽമിൻറെ അടിസ്ഥാനത്തിൽ നിങ്ങൾ എനിക്ക് പറഞ്ഞുതരൂ; നിങ്ങൾ സത്യവാൻമാരാണെങ്കിൽ. 6:143
എന്ത് ഇൽമാണ് ഇവിടെ പരാമർശിക്കുന്നത് ?
അനുവദനീയമായതും നിഷിദ്ധമായതും ദീനിൽ നിശ്ചയിക്കപ്പെടുന്നതിന്റെ അടിസ്ഥാനം അറിവാണ്. എന്നാൽ ചിലപ്പോളത് അറിവ് പ്രാപഞ്ചികമായ അറിവുകളാവാം മറ്റു ചിലപ്പോൾ ഗണിതശാസ്ത്രവും പ്രകൃതി ശാസ്ത്രവും, മനുഷ്യ ശാസ്ത്രവും സാങ്കേതിക വിദ്യയും വൈദ്യ ശാസ്ത്രവുമൊക്കെ ആവാം. കേവല കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ ഇബാറതുകൾ കൊണ്ട് മാത്രം ഹലാൽ ഹറാമുകളുടെ മാനദണ്ഡങ്ങൾ തീരുമാനിക്കപ്പെടണമെന്നില്ല.
ഉദാ: ക്രെഡിറ്റ് കാർഡ്, Artificial insemination എന്ന് തുടങ്ങിയ ആധുനിക കാലത്തെ നിരവധി വിഷയങ്ങൾ
എല്ലാ ഇ’ൽമും അതിലെ വിദഗ്ദരിൽ നിന്നുമാണ് മനസ്സിലാക്കേണ്ടത് .ഓരോ ഇ’ൽമിനും അതിന്റേതായ ആളുകളുണ്ട്. അതായത് കുളിയുടെ സുന്നത്തുകൾ മെഡിക്കൽ / എഞ്ചിനീയറിംഗ് സ്കോളേഴ്സിൽ നിന്നല്ല പഠിക്കേണ്ടത്.വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന് പറയുന്നത് പോലെ മുറി വൈദ്യന്മാർ ചികിത്സിച്ചു തുടങ്ങിയതാണ് എല്ലാ കാര്യങ്ങളും അടിമുടി അട്ടിമറിയാൻ കാരണം. ഓരോ ഇൽമും പഠിക്കുന്നതിന് അതിന്റേതായ വഴികളും മാർഗങ്ങളും ഉണ്ട് .
لا تأخذ العلم من صحفي ولا القرآن من مصحفي എന്നത് അറബിയിലെ സർവാംഗീകൃത തത്വമാണ്. പുസ്തകം മാത്രം വായിച്ചവനിൽ നിന്നും ഇ’ൽമോ ഖുർആൻ മാത്രം ഓതി പഠിച്ചവനിൽ നിന്നും ഖുർആനോ പഠിക്കരുതെന്നർഥം. പുസ്തകങ്ങളിൽ വായിച്ച / പോസ്റ്റലായി പഠിച്ച അറിവുമായി ആരും നീന്താൻ പോവാറില്ലല്ലോ ??!ഓരോ ഇ’ൽമിനും അവയുടെതായ താക്കോലുകളുണ്ട്. അതിന്റെ വിജ്ഞാന കലവറ തുറക്കാൻ അതിന്റെതായ താക്കോലുകൾ തന്നെ വേണം. അറിവ് തേടുന്നിടത്തോളം മനുഷ്യൻ പഠിതാവായിരിക്കണം. തീരമില്ലാത്ത മഹാസമുദ്രമാണ് വിജ്ഞാനമെന്ന് അലി (റ) പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഇമാം ശാഫിഈ പറയുന്നത് കേട്ടു നോക്കൂ: –
كلما أدبني الدهر أراني نقص عقلي
أو أراني ازددت علما زادني علما بجهل
കാലം എത്രത്തോളം എനിക്ക് ശിക്ഷണം നൽകുന്നുവോ അത്രയധികം ഞാൻ എന്റെ ധിഷണാ പോരായ്മ കാണുന്നു.
അറിവ് വർദ്ധിക്കുമ്പോഴെല്ലാം ഞാനറിയുന്നത് എന്റെ അജ്ഞതയെ കുറിച്ച അറിവാണ് വർധിക്കുന്നത് എന്നാണ്.
ഇമാം ശാത്വിബി (D 790 AH/1388 CE) ഇ’ൽമിനെ salt of knowledge എന്നും core of knowledge എന്നും വേർതിരിക്കുന്നുണ്ട്. ആദ്യത്തേത് വിവരത്തിന് രുചി പകരുന്നതും രണ്ടാമത്തേത് കാമ്പ് വർദ്ധിപ്പിക്കുന്നതും. പലപ്പോഴും ഉപ്പ് ആവശ്യത്തിലധികം കൂടുന്നത് കൊണ്ട് കാമ്പുള്ള വിഷയങ്ങൾ കരിക്കുലത്തിന് പുറത്തു പോവുന്നു എന്ന വിധിവൈപരീത്യത്തിന് പഠിതാക്കൾ ഇരയാവുന്നു.
(ഉദ്ധരണി مسائل في طلب العلم، ص: 37، د / محمد بن حسين الآجري)
അധ്യാപകരിൽ ചിലർക്ക് ഉപ്പിനോട് / രുചിയോട് മാത്രം താൽപ്പര്യം ഉള്ളതിനാൽ ഇ’ൽമിന്റെ കാതൽ ഉപേക്ഷിക്കപ്പെടുന്നതിനാലാണ് പലവിജ്ഞാനീയങ്ങളും പടിയടച്ച് പിണ്ഡം വെയ്ക്കുന്ന അവസ്ഥയുണ്ടാവുന്നത്. മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന ഗ്രാജ്വേറ്റ് പെർസണാലിറ്റി ഡെവലപ്മെന്റ് ട്രൈനറും കുല്ലിയത്തു ശ്ശരീഅ: കഴിഞ്ഞിറങ്ങുന്ന പണ്ഡിതൻ കാവ്യകലയുടെ പ്രചാരകനാവുന്നതുമെല്ലാം സമതുലിതുല്ലാത്ത കരിക്കുലങ്ങളുടെ നിർമ്മാണ ദൂഷ്യമായേ മനസ്സിലാക്കാനാവുന്നുള്ളൂ. ഖുർആനിൽ 779 തവണ എടുത്തു പറഞ്ഞ ഇ’ൽമും അതിന്റെ നിഷ്പന്ന രൂപങ്ങളും പ്രാമാണിക ഗ്രന്ഥങ്ങളിൽ പര്യായങ്ങളോ സമാനാർഥങ്ങളോ ആയി വന്ന إدْراك , مَعْرِفَة , دِرَايَة …. എന്നീ പ്രയോഗങ്ങളും തന്നെ മതി ഇസ്ലാം ഇൽമിന് നല്കുന്ന പ്രാധാന്യം മനസ്സിലാക്കുവാൻ . എല്ലാവരും എല്ലാം പഠിക്കാൻ തുടങ്ങിയതോടെ സംഭവിച്ചത് എല്ലാവരും ആക്റ്റിവിസ്റ്റുകളാവുകയും അകാദമിസ്റ്റുകൾ അന്യം നില്ക്കുകയും ചെയ്യുന്ന കാഴ്ചയാണ്.
‘സത്യവിശ്വാസികൾ ആകമാനം പുറപ്പെടാവതല്ല. എന്നാൽ അവരിലെ ഓരോ വിഭാഗത്തിൽ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ ? എങ്കിൽ മതകാര്യങ്ങളിൽ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകൾ അവരുടെ അടുത്തേക്ക് തിരിച്ചുവന്നാൽ അവർക്ക് താക്കീത് നൽകുവാനും കഴിയുമല്ലോ? അവർ സൂക്ഷ്മത പാലിച്ചേക്കാം. ‘ 9: 122 എന്ന ആയത്താണ് ദീനീ കാര്യങ്ങളിൽ വിജ്ഞാനം നേടുവാനുള്ള ശക്തമായ ആഹ്വാനം നല്കുന്ന ഒന്ന്. മർഹൂം ഇസ്മാഈൽ റജീ ഫാറൂഖി പറയാറുണ്ടായിരുന്നതു പോലെ ഈ വിജ്ഞാനത്തോടൊപ്പം തന്നെ മറ്റു വിജ്ഞാനങ്ങളുടെ ഇസ്ലാമീകരണവും ആ വിദ്യാർഥികളിൽ നിന്നുമുണ്ടാവുകയാണെങ്കിൽ അല്ലാഹുവിനെ സൂക്ഷിക്കുന്ന യഥാർഥ വിജ്ഞാനികൾ നമ്മുടെ ഉമ്മതിൽ നിന്ന് തന്നെഉടലെടുക്കും.ഇൻശാ അല്ലാഹ്.
‘അല്ലാഹുവിന്റെ അടിയാന്മാരിൽനിന്ന് ഉലമാ മാത്രമേ അവനെ ഭയപ്പെടുകയുള്ളു. നിശ്ചയമായും, അല്ലാഹു പ്രതാപശാലിയാണ്, വളരെ പൊറുക്കുന്നവനാണ്. ’35:28
ഇവിടെ പറഞ്ഞ ഉലമാ എന്നാൽ സ്വർഫും നഹ്വും മാത്രം വശമുള്ള പള്ളിയിലെ ഉസ്താദ് മാത്രമാണോ ??
അതോ ആധുനിക ശാസ്ത്ര വിഷയങ്ങളെ കുറിച്ച് കൂടുതൽ അറിയാനും അറിയിക്കാനും ശ്രമിക്കുന്ന പ്രബോധകരായ സ്കോളേഴ്സോ ??
ഇതുവരെ ജീവിതത്തിൽ ഒരാവശ്യവുമില്ലാത്ത പലതും പഠിക്കേണ്ടി വന്നത് കൊണ്ട് പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഏതു പുതിയ വിജ്ഞാന ശാഖയും പഠിച്ചു തുടങ്ങുമ്പോൾ മുതൽ നാം നിർബന്ധമായും ശീലിക്കേണ്ട ഒരു ദുആ താഴെ നൽകിയിരിക്കുന്നു :-
اللهم أسألك علماً نافعاً وأعوذ بك من علم لا ينفع (അല്ലാഹുവേ, ഞാൻ നിന്നോട് പ്രയോജനകരമായ ഇ’ൽമ് ചോദിക്കുന്നു, പ്രയോജനമില്ലാത്ത ഇ’ൽമിൽ നിന്ന് അഭയം തേടുന്നു)
( തുടരും )