സ്ഥേയസ്സും സ്ഥിരോത്സാഹവും
പകൽ മുഴുവർ പാടുപെട്ട് പണിഞ്ഞുണ്ടാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്ന ഭ്രാന്തൻ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഖുർആൻ പറയുന്ന ഒരു ഉപമയുണ്ട് സൂറ നഹ്ൽ 92ാം സൂക്തത്തിൽ : പിരിമുറുക്കി ഉറപ്പുണ്ടായശേഷം തന്റെ നൂൽ പിരി ഉടഞ്ഞ തുണ്ടങ്ങളായി ഉടച്ചുകളയുന്ന ഒരുവളെപ്പോലെ നിങ്ങൾ ആയിത്തീരരുത്;
അല്ലാഹുമായി ചെയ്ത കരാറുകൾ ലംഘിക്കരുതെന്നും ഉണ്ടാക്കിയെടുത്തതെല്ലാം അല്പനേരം കൊണ്ട് ഒറ്റപ്പിരി ഇളക്കി നശിപ്പിക്കുന്ന മക്കയിലെ ആ ഭ്രാന്തി സ്ത്രീയുടെ പ്രതിരൂപങ്ങളാവരുതെന്നും ഉണർത്തുകയാണ് ഈ സൂക്തം. നമ്മുടെ നാട്ടിൽ കുപ്രസിദ്ധനായ നാറാണത്ത് ഭ്രാന്തന്റെ അറബിക് വേർഷനായിരുന്നു ആ സ്ത്രീ . റീത്വ ബിന്ത് അംറ് എന്നായിരുന്നുവത്രെ അവരുടെ പേര്. സുന്ദരമായി നൂൽ നെയ്തു കണ്ണഞ്ചിപ്പിക്കുന്ന പുതുമയുള്ള കൈത്തറി വസ്തുക്കൾ ഉണ്ടാക്കിയിരുന്ന റീത്വ വിഷാദം ശക്തമായി പക്കാ ഭ്രാന്തിയായി താനുണ്ടാക്കിയതെല്ലാം ഒറ്റവലിക്ക് ഇല്ലാതാക്കിയ സംഭവമാണ് ആയതിന്റെ പരിസരം. സ്ഥിരമായി ചെയ്തു ശീലിച്ച പണി പകൽ മുഴുവൻ തുടർന്ന് വൈകുന്നേരമായാൽ തന്റെ നൂൽ പിരി തുണ്ടങ്ങളായി ഉടച്ചുകളയുന്ന ഭ്രാന്തൻ സമീപനമാണ് ഞാനും നിങ്ങളുമെല്ലാം പ്രതിനിധാനം ചെയ്യുന്ന ഉമ്മതിന് റമദാനോടുള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
സ്ഥിരോത്സാഹം നിലനിർത്തലും ചെയ്തു വന്ന കർമങ്ങളിൽ ക്ഷമയോടും സ്ഥേയസ്സോടും ചെയ്തു വന്ന കർമങ്ങൾ നിലനിർത്തലിന്റെ പേരാണ് സ്വബ്ർ /ഇസ്തിഖാമ. أحب الأعمال إلى الله أدومها وإن قل (അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമ്മങ്ങൾ കുറവാണെങ്കിലും സ്ഥിര സ്വഭാവമുള്ളതാണ്.) എന്ന് നബി പറഞ്ഞത് നമ്മളെ പോലെയുള്ള റമദാൻ ഭക്തരോടാണ്. كَانَ عَمَلُـهُ دِيمَةً സ്ഥായീ സ്വഭാവമുള്ളതായിരുന്നു നബിയുടെ കർമങ്ങൾ എന്നാണ് അദ്ദേഹത്തിന്റെ നല്ല പാതി ആഇശ (റ) റിപ്പോർട്ട് ചെയ്യുന്നത്. നബിയുടെ വഫാതിന് തൊട്ടുടനെ മതപരിത്യാഗം വ്യാപകമായ സന്ദർഭത്തിൽ അന്നത്തെ ഖലീഫ അബൂബക്ർ (റ) പറഞ്ഞതുപോലെ :-
فمن كان منكم يعبد محمدا فإن محمدا قد مات ومن كان منكم يعبد الله فإن الله حي لا يموت നിങ്ങളിൽ ആരെങ്കിലും മുഹമ്മദിനെയാണ് ഇബാദത് ചെയ്തിരുന്നതെങ്കിൽ മുഹമ്മദ് ഇതാ മരിച്ചിരിക്കുന്നു. നിങ്ങളിൽ ആരെങ്കിലും അല്ലാഹുവിനെയാണ് ഇബാദത് ചെയ്തിരുന്നതെങ്കിൽ അവനിന്നും ജീവിച്ചിരിക്കുന്നു, മരിക്കുന്നില്ല.
അതെ, നമ്മളിൽ ആരെങ്കിലും റമദാനിനെയാണ് ഇബാദത് ചെയ്തിരുന്നതെങ്കിൽ റമദാനിതാ കഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ് ഇബാദത് ചെയ്തിരുന്നതെങ്കിൽ അവനിന്നും എന്നും ജീവിച്ചിരിക്കുന്നു, മരിക്കുന്നില്ല.
كونوا ربانيين ولا تكونوا رمضانيين റബ്ബിന്റെയാളുകളാവുക ; റമദാനിന്റെയല്ല …
ഇസ്ലാമൊരിക്കലും സീസണൽ ദീനല്ല. നോമ്പും നമസ്കാരവുമെല്ലാം റമദാനല്ലാത്ത സമയത്തുമുള്ളവ തന്നെയാണ്. റമദാനിലെ അവസാന വെള്ളിയാഴ്ചത്തെ ഖത്വീബിന്റെ സലാം പറയൽ പള്ളിയോടും പള്ളിക്കാരോടും മതചിഹ്നങ്ങളോടുമുള്ള സലാം പറച്ചിലല്ല എന്ന സംഗതി ഓർക്കേണ്ടതാണ്.
നമ്മുടെ പ്രയത്നവും കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടായിരുന്നിട്ടു പോലും, നാം ആഗ്രഹിക്കുന്നതോ പ്രതീക്ഷിച്ചതോ ആയ ഫലമോ പ്രതികരണമോ കാണാത്ത സമയങ്ങളുണ്ട്. ഈ നിമിഷങ്ങളിൽ നമുക്ക് അനുഭവപ്പെടുന്ന നിരാശയുടെയും വിഷാദത്തിന്റെയും വികാരങ്ങളുമായി സമരസപ്പെടാൻ നമുക്കാവണം. ക്ഷമ, സ്ഥേയസ് എന്ന നിലയിൽ ഖുർആൻ പഠിപ്പിക്കുന്നത് ആ സ്ഥിരോത്സാഹത്തിന്റെ പാഠങ്ങളാണ്. فَاصْبِرْ صَبْرًا جَمِيلًا ( 70:5) നീ സുന്ദരമായി ക്ഷമിക്കൂ … എന്നാണാഹ്വാനം; പ്രാഥമിക അഭിസംബോധിതൻ നബി(സ)യാണെങ്കിലും പ്രവാചകന്റെ അനുയായികളും അദ്ദേഹത്തെ പോലെയാവൽ അനിവാര്യമാണ്. 93 ഇടങ്ങളിലാണ് സ്വബ്റിനെ കുറിച്ച് ഇതേ ഊന്നലിൽ ഖുർആൻ പറയുന്നതെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞതാണ്.
فاستقم كما أمرت (11:112) നിന്നോട് കല്പിക്കപ്പെട്ടത് പോലെ സ്ഥേയസ്സോടെ നില്ക്കുക എന്ന് ഖുർആൻ പറയുന്നു. “ഇസ്തിഖാമതി “ൽ നിന്ന് നിഷ്പന്നങ്ങളായ ക്രിയകളും പ്രയോഗങ്ങളും ഖുർആനിൽ വന്നിരിക്കുന്ന 20 ലേറെ സ്ഥലങ്ങളിൽ വന്നിരിക്കുന്ന استقامة ഉം 14 തവണ വന്നിട്ടുള്ള ثبات ഉം പ്രത്യേകമായി പഠിക്കുന്നത് നന്നായിരിക്കും.
അല്ലാഹുവിന്റെ ദീനിലും അതിൽ അന്തർലീനമായ നേരായ പാതയിലും സ്ഥിരത പുലർത്തുകയും അനുസരണ മനോഭാവം നിലനിർത്തുകയും ചെയ്യുകയും പാപത്തിൽ വീഴാതെ സൂക്ഷിക്കുക എന്നതും വിശ്വാസത്തിന്റെ സത്യതയുടെ തെളിവാണ്. നല്ല കാര്യങ്ങൾ നേടാനും നിലനിർത്താനും പശ്ചാത്താപം സ്ഥായിയായ രീതിയാക്കാനും മനുഷ്യ സഹജമായി എന്തെങ്കിലും തെറ്റു സംഭവിച്ചാൽ കാലതാമസം കൂടാതെ തൗബ ചെയ്യാനും റബ്ബിന്റെ പ്രീതിയും പാപമോചനവും നേടുവാനും നമുക്കാവണം. അപ്പോൾ മാത്രമാണ് വിശ്വാസത്തിന്റെയും ഭക്തിയുടെയും മാധുര്യവും മനസ്സമാധാനനത്തിന്റെ സൗന്ദര്യവും കണ്ടെത്തുവാൻ നമുക്ക് സാധിക്കൂ.
‘എന്നാൽ, അല്ലാഹു ഒരുവന്റെ നെഞ്ചിന് [ഹൃദയത്തിന്നു] ‘ഇസ്ലാമി’ലേക്കു വികാസം നൽകി. അങ്ങനെ അവൻ തന്റെ രക്ഷിതാവിങ്കൽനിന്നുള്ള പ്രകാശത്തിലാകുന്നു. ഇങ്ങിനെയുള്ളവനോ?! [ഇവനും ഹൃദയം കടുത്തവനും സമമായിരിക്കുമോ? ഇല്ല]. അപ്പോൾ, അല്ലാഹുവിന്റെ സ്മരണയെ (അഥവാ കീർത്തനത്തെ) സംബന്ധിച്ചു ഹൃദയം കടുത്തുപോയിട്ടുള്ളവർക്കു നാശം! അക്കൂട്ടർ, സ്പഷ്ടമായ ദുർമാർഗ്ഗത്തിലാകുന്നു. ’39:22
‘നിർജ്ജീവനായിരുന്നിട്ട് നാം അവനെ ജീവിപ്പിക്കുകയും, നാം അവന് ഒരു പ്രകാശം – അവൻ അതുമായി മനുഷ്യരിൽ നടക്കുമാറ് – ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിട്ടുള്ളവൻ (ഇങ്ങിനെയുള്ള) ഒരുവനെപ്പോലെയാണോ?! അവന്റെ ഉപമ (അവൻ) അന്ധകാരങ്ങളിലാണ്; അതിൽ നിന്നു അവൻ (രക്ഷപ്പെട്ട്) പുറത്ത് കടക്കുന്നവനേയല്ല. [ഇങ്ങിനെയുള്ളവനെപ്പോലെയാണോ അവൻ?] അതുപോലെ, അവിശ്വാസികൾക്കു അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു ഭംഗിയായി കാണിക്കപ്പെട്ടിരിക്കുന്നു ‘. 6:122
ദീനിലുള്ള സ്ഥിരതയാണ് യഥാർത്ഥ വിശ്വാസത്തിന്റെയും സൽകർമ്മങ്ങളുടെയും അടയാളപ്പെടുത്തുന്ന അടയാളം. ഇച്ഛകളുടെയും ആഗ്രഹങ്ങളുടെയും യുദ്ധത്തിലെ വിജയം എളുപ്പമായാൽ മാലാഖമാർ അവരിലേക്ക് ഇറങ്ങി വരുന്നു , ഇഹത്തിലും പരത്തിലും അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പു നൽകുന്നു :-
‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണു എന്നു പറയുകയും, പിന്നീടു (അതനുസരിച്ചു) ചൊവ്വായി നിലകൊള്ളുകയും ചെയ്തിട്ടുള്ളവർ, അവരിൽ മലക്കുകൾ (സന്തോഷ വാർത്തയുമായി) ഇറങ്ങിവരുന്നതാണ്: അതായതു: ‘നിങ്ങൾ പേടിക്കേണ്ടാ, നിങ്ങൾ വ്യസനിക്കുകയും വേണ്ടാ, നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വർഗ്ഗം കൊണ്ടു നിങ്ങൾ സന്തോഷമടഞ്ഞുകൊള്ളുവിൻ!
‘ഇഹത്തിലും, പരത്തിലും നിങ്ങളുടെ ബന്ധുമിത്രങ്ങളാണ് ഞങ്ങൾ. നിങ്ങൾക്കു അവിടത്തിൽ [പരലോകത്തു] നിങ്ങളുടെ മനസ്സുകൾ എന്തു ഇച്ഛിക്കുന്നുവോ അതു (മുഴുവനും) ഉണ്ടായിരിക്കും. നിങ്ങൾ അവിടെവെച്ച് എന്തു ആവശ്യപ്പെടുന്നുവോ അതും നിങ്ങൾക്കുണ്ടായിരിക്കും;-
വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായ ഒരുവനിൽ [അല്ലാഹുവിൽ] നിന്നുള്ള സൽക്കാരമായികൊണ്ട് !’ ’40:30 – 32
അല്ലാഹുവിന്റെ ദീനിന്റെ മാർഗത്തിൽ സുസ്ഥിരതയോടെ നിർദ്ദിഷ്ട പാഠങ്ങളിൽ ഉറച്ചുനിൽക്കുന്നവരുമാണെങ്കിൽ
മരണ വേളയിൽ മാലാഖമാരുടെ സാന്നിധ്യവും സാന്ത്വനവും നാളെ ലഭ്യമാവാനിരിക്കുന്ന സ്വർഗവുമാണ്
ഈ സൂക്തങ്ങളിലുള്ള ശുഭവാർത്ത.
അബൂബക്ർ (റ) പറഞ്ഞു: അവർ അല്ലാഹുവുമായി യാതൊന്നും പങ്കുചേർത്തിട്ടില്ലാത്തവരും, അവനിലേക്കല്ലാതെ മറ്റൊരു ദൈവത്തിലേക്ക് തിരിയുകയും ചെയ്യാത്തവരാണവർ.
ഉമർ (റ) ഒരിക്കൽ മിമ്പറിൽ ഈ ആയതോതിയിട്ട് പറഞ്ഞു: ” കൽപ്പനകളിലും വിലക്കുകളിലും നേരുള്ളവരായിരിക്കുക, കുറുക്കന്മാരെ പോലെ ഓരിയിട്ട് ഓടിക്കളയരുത്.” (സൗകര്യവും സന്ദർഭവും സാഹചര്യവും ഒത്തുവരുമ്പോൾ ആളുകൾ കാണാതെ എവിടെയെങ്കിലും വന്ന് ഒച്ചയിട്ടു ഓടിക്കളയുന്ന കുറുക്കന്മാരെ കണ്ടിട്ടുള്ളവർക്ക് ഈ ഉപമ പെട്ടെന്ന് തിരിയും) ഇമാം ഹസനുൽ ബസ്വരി (റ) പറഞ്ഞു: “അവർ അല്ലാഹുവിന്റെ കൽപ്പന അനുസരിച്ചു കൊണ്ട് അവനെ അനുസരിക്കുകയും അനുസരണക്കേട് പാടെ ഒഴിവാക്കുകയും ചെയ്തു.” നൂറ്റാണ്ടിന്റെ നവോത്ഥാന നായകൻ സയ്യിദ് ഖുത്വുബ് ഇസ്തിഖാമതിനെ പരിചയപ്പെടുത്തി പറയുന്നു:”അംഗീകാരത്തിന് ശേഷമുള്ള ഉറച്ചു നില്ക്കലാണത്, അംഗീകാരത്തിന് ശേഷമുള്ള ഓടിപ്പോകലല്ല.”
വിശ്വാസത്തിന്റെയും അനുസരണത്തിന്റെ മാധുര്യം ആസ്വദിച്ചതിന് ശേഷം അനുസരണക്കേടിന്റെയും അവിശ്വാസത്തിന്റെയും അന്ധകാരം സ്വയം തെരെഞ്ഞെടുക്കുന്നതിന് സമാനമാണ് സീസണലായ ആരാധനകളിൽ സംതൃപ്തി കണ്ടെത്തുന്നത്.
ഇമാം ഹസനുൽ ബസ്വരി പറഞ്ഞു: ” ചിലർ ഒന്നോ രണ്ടോ മാസം അല്ലെങ്കിൽ ഒന്നോ രണ്ടോ കൊല്ലം വളരെ നല്ല രീതിയിൽ കർമങ്ങളൊക്കെ ചെയ്യും. പിന്നീട് അകർമണ്യത്തിലേക്ക് നീങ്ങും. ഈ രീതി നമുക്ക് അഭികാമ്യമല്ല. ചെയ്യുന്ന നന്മ മരണം വരേക്കും തുടരുക. തുടർന്നദ്ദേഹം ഓതി:حتى يأتيك اليقين…[الحجر/99] … നിങ്ങൾക്ക് ഉറപ്പായ മരണം വരുന്നതുവരെ നിങ്ങളുടെ നാഥനെ ഇബാദത് ചെയ്യുക.
വരാനിരിക്കുന്ന ഏഴുകാര്യങ്ങൾക്കു മുമ്പായി നിങ്ങൾ സൽക്കർമ്മങ്ങളിൽ ജാഗരൂകരാവുക. വിസ്മൃതിയിലകപ്പെടുന്ന ദാരിദ്യ്രമോ, അധർമ്മത്തിലേക്കു നയിക്കുന്ന സമ്പത്തോ, ആപത്തിലാഴ്ത്തുന്ന രോഗമോ, പിച്ചും പേയും പറയുന്ന വാർദ്ധക്യമോ, ആകസ്മിക മരണമോ, വരാനിരിക്കുന്നതിൽ വെച്ചു ഏറ്റവും ക്രൂരനായ ദജ്ജാലോ കയ്പേറിയതും അപ്രതിരോധ്യവുമായ അന്ത്യദിനമോ അല്ലാത്ത വല്ലതും നിങ്ങൾക്ക് പ്രതീക്ഷിച്ചിരിക്കാനുണ്ടോ? എന്ന് നബി പഠിപ്പിക്കുന്നത് നമ്മളോട് കൂടിയാണ്.
ഉറച്ചു നിൽക്കുക, നിങ്ങൾ എണ്ണപ്പെടുകയില്ല…
ഉറച്ചു നിന്നു കർമ്മങ്ങളെ സമീപിക്കുക ..
തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് നബി നമ്മെ പഠിപ്പിക്കുന്നത്.
മനുഷ്യൻ അവന്റെ പെരുമാറ്റത്തിലും ചലനങ്ങളിലും കർമങ്ങളിലും സ്ഥായീഭാവം നിലനിർത്തണം.
( فاستقيموا إليه واستغفروه)- [فصلت/6]
ഉറച്ചു നിന്നു പാപ മോചനം നേടാൻ ശ്രമിക്കണം.
ഹൃദയവും നാവും സ്ഥേയസ് നേടിയാൽ ശരീരം മുഴുവൻ ആ രീതിയിലായി കിട്ടും. അവ വളഞ്ഞാൽ വ്യക്തി ദുഷിക്കുകയും അവന്റെ കർമങ്ങൾ സീസണലായി മാറുകയും ചെയ്യും ..
തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി. അതത്രെ ഹൃദയം.” ഈ പറഞ്ഞതിനെ മറ്റൊരു വാക്കിൽ നബി (സ) തന്നെ വിശദീകരിക്കുന്നു. ” ഹൃദയം ചൊവ്വാവാതെ വിശ്വാസമോ നാവ് ചൊവ്വാവാതെ ഹൃദയമോ ചൊവ്വാവില്ല ” എന്നാണാ വാചകം.
അബ്ദുല്ലാഹിബ്നു ഹുദാഫഃ അസ്സഹ്മീ (റ) യുടെ ഇസ്തിഖാമതിന്റെ കണ്ണീർക്കഥ ഏവർക്കും കേട്ടുപരിചയമുള്ളതായിരിക്കും. താൻ മനസ്സിലാക്കിയ സത്യത്തിന് വേണ്ടി സ്വന്തം ജീവൻ തൃണവൽഗണിച്ച അദ്ദേഹത്തിന്റെ ശിരസ്സ് സ്നേഹപൂർവ്വം ഉമർ (റ) ചുംബിച്ച ചരിത്രം മിക്കവാറും പ്രഭാഷകരും ഖത്വീബന്മാരും പറഞ്ഞ് കേട്ടിട്ടുള്ളവരാവും നാമെല്ലാം. ഏതൊരു സന്ദേശമാണോ നാം ഉൾകൊണ്ടിട്ടുള്ളത് അതിനുവേണ്ടി എന്തും സമർപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുക എന്നതാണ് ആ ചരിത്രത്തിന്റെ രത്നച്ചുരുക്കം.
വിശുദ്ധ ഖുർആൻ എടുത്തുകാണിച്ച പദങ്ങളിലൊന്നും ഇസ്ലാമിക നിയമത്തിലെ കേന്ദ്ര പദങ്ങളിലൊന്നുമായ പദമാണ് (ഇസ്തിഖാമ / സബാത്), താങ്കൾക്ക് ശേഷം ആരോടും ചോദിക്കേണ്ടതില്ലാത്ത ഒരു ഉപദേശം തരൂ എന്ന് സ്വഹാബതിന്റെ ആവശ്യത്തിന് നബി നല്കിയ വസ്വിയത് : എന്റെ നാഥൻ അല്ലാഹു ആണെന്ന് പ്രഖ്യാപിക്കുക, എന്നിട്ട് ഉറച്ചുനിൽക്കുക .
(الأنعام:153) (هود:112) (الفتح:2)، (الإسراء:35) (الشورى:15)
(يونس:89) (فصلت:30) (الجن:16)، (الأعراف:69).
എന്നീ ആയതുകളിൽ വ്യത്യസ്ത വീക്ഷണ കോണുകളിൽ നിന്നും ഇസ്തിഖാമതിനേയും
(الأحزاب: 23) . (إبراهيم: 27)
എന്നീ സൂക്തങ്ങളിലൂടെ സബാതിനെ പറ്റിയും കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഖുർആൻ രണ്ടും തമ്മിലുള്ള ബന്ധവും രണ്ടിന്റേയും സ്വഭാവവും പാരസ്പര്യവും വ്യക്തമാക്കുന്നുണ്ട്. പരീക്ഷണങ്ങളിൽ പതറാത്ത പാദവും ചിതറാത്ത ചിത്തവും മൂലധനമായി സ്വീകരിച്ചവർക്കുള്ള പരിഹാരമാണ് ഖുർആൻ നിർദ്ദേശിക്കുന്ന ഇസ്തിഖാമതും സബാതുമെല്ലാം . നബി പഠിപ്പിച്ച ഒരു ദുആ ഇങ്ങനെ :-
اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ وَالْعَزِيمَةَ عَلَى الرُّشْدِ (അല്ലാഹുവേ, കൽപ്പനയിൽ ദൃഢതയും നീതിമാനായിരിക്കാനുള്ള ദൃഢനിശ്ചയവും ഞാൻ നിന്നോട് ചോദിക്കുന്നു.) ( മുപ്പത് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പരമ്പര അവസാനിച്ചു )