പള്ളിയിൽ പോയി പറഞ്ഞാ മതി
വിശ്വാസത്തിന്റെ ചൂരും ചൂടുമുള്ള ചിലർ
ഒറ്റരാത്രികൊണ്ട് നിർമ്മിച്ചൊരു മസ്ജിദ്,
പാപപങ്കില മനസ്സാലവർ കഷ്ടം , നഷ്ടം
നിസ്കരിക്കാനവർക്ക് കഴിഞ്ഞില്ലിതുവരെ
(ഇഖ്ബാൽ )
ആവേശത്താൽ പള്ളിയുണ്ടാക്കി എന്തിനാണവ ഉണ്ടാക്കിയതെന്ന് പോലും മറന്നു പോയ ഒരു സമൂഹത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന ഒരു കവിതാ ശകലമാണിത് .ഇസ്ലാമിൽ പള്ളിക്ക് വലിയ പ്രാധാന്യമുണ്ട്.മുസ്ലീം സമൂഹത്തിന് പള്ളിയുമായുള്ള ബന്ധം മറ്റു മതക്കാർക്ക് അവരുടെ ആരാധനാലയങ്ങളുമായുള്ളതിനേക്കാൾ എത്രയോ വലുതാണ്. പള്ളിയെയും അതിന്റെ സ്ഥാനത്തെയും വ്യക്തമാക്കിക്കൊണ്ട് അതിന്റെ നിർമ്മാണത്തിനും സംരക്ഷണത്തിനും പ്രവർത്തിക്കുന്നവർക്ക് മഹത്തായ പ്രതിഫലം വിശുദ്ധ ഖുർആൻ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട് :
‘ചില ഭവനങ്ങളിലത്രെ ആ വെളിച്ചമുള്ളത്. അവ ഉയർത്തപ്പെടാനും അവയിൽ തൻറെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നൽകിയിരിക്കുന്നു. അവയിൽ രാവിലെയും സന്ധ്യാസമയങ്ങളിലും അവൻറെ മഹത്വം പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു.
‘ചില ആളുകൾ. അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്നും, നമസ്കാരം മുറപോലെ നിർവഹിക്കുന്നതിൽ നിന്നും, സകാത്ത് നൽകുന്നതിൽ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവർ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു…
അല്ലാഹു അവർക്ക് അവർ പ്രവർത്തിച്ചതിനുള്ള ഏറ്റവും നല്ല പ്രതിഫലം നൽകുവാനും, അവൻറെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് കൂടുതലായി നൽകുവാനും വേണ്ടിയത്രെ അത്. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് കണക്ക് നോക്കാതെ തന്നെ നൽകുന്നു. ’24:36 – 38
‘അല്ലാഹുവിൻറെ പള്ളികൾ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവർ മാത്രമാണ്. എന്നാൽ അത്തരക്കാർ സൻമാർഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം.’ 9:18
ഈ സൂക്തം ചുരുങ്ങിയത് പള്ളി പരിപാലന കമ്മിറ്റികളെങ്കിലും സഗൗരവം പഠിച്ചിരുന്നുവെങ്കിൽ എന്ന് കുറിപ്പുകാരൻ ആശിച്ച് പോവാറുണ്ട്
മസ്ജിദ്, ബൈത് എന്നീ പ്രയോഗങ്ങളാണ് പള്ളി എന്ന് സൂചിപ്പിക്കാൻ ഖുർആൻ ഉപയോഗിക്കുന്ന പ്രയോഗങ്ങൾ .ബൈത് എന്നതിന്റെ ബഹുവചനമാണ് ബുയൂത് അഥവാ ഭവനങ്ങൾ . ബഹു വചന രൂപത്തിൽ ഈ അർഥത്തിൽ ഇവിടെ മാത്രമെ (24:36 – 38 )
വന്നിട്ടുള്ളൂ. അല്ലാഹുവിന്റെ ഭവനമാണ് മസ്ജിദ് / പള്ളിയെന്നാൽ അല്ലാഹു അവിടെ മാത്രമേയുള്ളൂ എന്നയർഥത്തിലല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
മസാജിദ് ബഹുവചനമാണ്. രണ്ടു പദങ്ങളും ഏകവചനമായും ബഹുവചനമായും ഖുർആൻ ഉപയോഗിച്ചിട്ടുണ്ട്. മസ്ജിദ് എന്ന പ്രയോഗം ഖുർആനിൽ 28 തവണ പരാമർശിച്ചിട്ടുണ്ട്. കഅബയെ കുറിച്ച് ബൈത് എന്ന്17തവണയാണ് ഖുർആനിലുള്ളത്.
‘അല്ലാഹുവിന് നാടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് പള്ളികളും, ഏറ്റവും വെറുക്കപ്പെട്ടത് ചന്തകളുമാണ് ‘ എന്നാണ് ഹദീസ് .
A-റസൂലുല്ലാഹ് (സ) വരുന്നതിന് മുമ്പുതന്നെ മസ്ജിദ് / പള്ളി സങ്കല്പം ഉണ്ടായിരുന്നു. മലയാളത്തിലെ പള്ളി എന്ന പ്രയോഗത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും ഏതെല്ലാം മത വിഭാഗങ്ങൾ ആ പ്രയോഗം തങ്ങളുടെ ആരാധനാലയങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് . ഖുർആൻ പരാമർശിക്കുന്ന ചില മസ്ജിദ് / ബൈത് പ്രയോഗങ്ങളിലേക്ക് ഒരു എത്തിനോട്ടമാണ് താഴെ:-
1-കാര്യത്തിൽ വിജയം നേടിയവർ പറഞ്ഞു: ‘നമുക്കു അവരുടെമേൽ ഒരു പള്ളി ഉണ്ടാക്കുകതന്നെ വേണം.’ 18:21 എന്നും.
2-അവസാനത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവിധി) വന്നാൽ, നിങ്ങളുടെ മുഖങ്ങളെ അവർ (ശത്രുക്കൾ) വഷളാക്കുവാനും, ആദ്യ പ്രാവശ്യം അവർ പള്ളിയിൽ പ്രവേശിച്ചതുപോലെ (വീണ്ടും) അതിൽ പ്രവേശിപ്പിക്കുവാനും, അവർ ഔന്നത്യം നേടിയതു (ജയിച്ചടക്കിയതു) അവർ ഒരു (കടുത്ത) നശിപ്പിക്കൽ നശിപ്പിച്ചു തകർക്കുവാനും 17 : 7 ഇവിടെ പറഞ്ഞ പള്ളി സിനഗോഗ് എന്ന അർഥത്തിലാണ്.
അഥവാ ആരാധനാ കേന്ദ്രം എന്ന അർഥത്തിൽ മസ്ജിദ് എന്ന പ്രയോഗത്തിന് കല്പാന്തകാലത്തോളം പഴക്കമുണ്ടെന്നർഥം.
B: ആർക്കാണ് പള്ളി പണിയാനും സംരക്ഷിക്കാനും അനുവാദമില്ലാത്തത്, ആർക്കാണ് അനുമതിയും ധാർമി മായ അവകാശവുമുള്ളത് എന്ന് അല്ലാഹു വ്യക്തമാക്കുന്നു:
‘ബഹുദൈവവാദികൾക്ക്, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിൻറെ പള്ളികൾ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കർമ്മങ്ങൾ നിഷ്ഫലമായിരിക്കുന്നു. നരകത്തിൽ അവർ നിത്യവാസികളായിരിക്കുകയും ചെയ്യും.
അല്ലാഹുവിൻറെ പള്ളികൾ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവർ മാത്രമാണ്. എന്നാൽ അത്തരക്കാർ സൻമാർഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം. ‘9:17-18
C- ഇസ്ലാമിക ചരിത്രത്തിൽ രണ്ടുതരം പള്ളികളേയുള്ളൂ.
ഒന്ന് ഇസ്ലാമിന്റെ ചലനത്തിന് പ്രയാസം സൃഷ്ടിക്കുന്ന കപടരുണ്ടാക്കിയ ദിറാർ മസ്ജിദും വിശ്വാസികളിൽ തഖ്വ അങ്കുരിപ്പിക്കുന്ന തഖ്വാ മസ്ജിദും . മദീനത്തോ ഖുബയിലോ മാത്രം പരിമിതമായ ചരിത്രമല്ല; യാഥാർഥ്യവും കൂടിയാണത്.
‘ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവൻറെ ദൂതനോടും യുദ്ധം ചെയ്തവർക്ക് താവളമുണ്ടാക്കികൊടുക്കുവാൻ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും ( ആ കപടൻമാരുടെ കൂട്ടത്തിലുണ്ട് ). ഞങ്ങൾ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവർ ആണയിട്ട് പറയുകയും ചെയ്യും. തീർച്ചയായും അവർ കള്ളം പറയുന്നവർ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
( നബിയേ, ) നീ ഒരിക്കലും അതിൽ നമസ്കാരത്തിനു നിൽക്കരുത്. ആദ്യ ദിവസം തന്നെ ഭക്തിയിൻമേൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാൻ ഏറ്റവും അർഹതയുള്ളത്. ശുദ്ധികൈവരിക്കുവാൻ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയിൽ. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക ‘. 9:107-108
D- പള്ളികളിൽ പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ റബ്ബ് കൃത്യപ്പെടുത്തുന്നു :-
a-പറയുക: “എന്റെ റബ്ബ് നീതി മുറക്ക് [അതു പാലിക്കുവാൻ] കൽപിച്ചിരിക്കുന്നു.
എല്ലാ നമസ്കാര സ്ഥാനത്തിങ്കലും നിങ്ങൾ നിങ്ങളുടെ മുഖങ്ങളെ നേരെ നിറുത്തുവിൻ എന്നും; മതം (അഥവാ കീഴ്വണക്കം) അവനു നിഷ്കളങ്കമാക്കിക്കൊണ്ടു അവനെ വിളി(ച്ചു പ്രാർത്ഥി)ക്കുകയും ചെയ്യുവിൻ എന്നും (കൽപിച്ചിരിക്കുന്നു)….
ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും ( അഥവാ എല്ലാ ആരാധനാവേളകളിലും ) നിങ്ങൾക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചുകൊള്ളുക നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. 7:29, 31
b-നിങ്ങൾ പള്ളികളിൽ ‘ഇഅ്തികാഫ്’ [ഭജനമിരിക്കൽ] ചെയ്യുന്നവരായിരിക്കുമ്പോഴും അവരുമായി നിങ്ങൾ സ്പർശനം നടത്തരുത് [കൂടിച്ചേരരുത്] അവ(യൊക്കെ) അല്ലാഹുവിൻറെ (നിയമ) അതിർത്തികളാകുന്നു: അതിനാൽ, അവയെ നിങ്ങൾ സമീപിക്കരുത്. അപ്രകാരം, അല്ലാഹു അവൻറെ ‘ആയത്ത് ‘ [ലക്ഷ്യം]കളെ മനുഷ്യർക്ക് (വ്യക്തമാക്കി) വിവരിച്ചുതരുന്നു; അവർ സൂക്ഷ്മത പാലിച്ചേക്കാം. 2:187
അഥവാ പള്ളികൾ മണിയറകളല്ല എന്ന ഓർമപ്പെടുത്തലാണത്.
c-പള്ളികൾ അല്ലാഹുവിനുള്ളതാണ്; ആകയാൽ അല്ലാഹുവിനോടുകൂടി നിങ്ങൾ ഒരാളെയും വിളി(ച്ചു പ്രാർത്ഥി)ക്കരുത് 72: 18
അഥവാ ഇന്ന് ചിലരെങ്കിലും കരുതുന്ന പോലെ പള്ളികളെ ശിർക് വാഴുന്ന ഇടങ്ങളാക്കരുതെന്ന് ചുരുക്കം. പള്ളികളെ അല്ലാഹുവിലേക്ക് ചേർത്ത് മാത്രം പറയുന്ന ഒരു നല്ല നാളെയെ പ്രതീക്ഷിക്കാമെന്ന സൂചനയും ഈ ആയതിലുണ്ടെന്ന് നമുക്ക് പ്രതീക്ഷിക്കാം.
E- മക്കത്തെ മസ്ജിദുൽ ഹറാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും നിർദേശങ്ങളും പോരിശകളും നിയന്ത്രണങ്ങളുമാണ് 2: 125, 127,144, 149, 150, 158 191,196,217, 3: 96-97,5:2,97, 8:34 – 35, 9:7, 14:37, 17:1 ,22:25 -33,106 : 3 എന്നീ സൂക്തങ്ങൾ അതിസൂക്ഷ്മമായി പഠിപ്പിക്കുന്നത്. ഇവയിൽ ചിലയിടങ്ങളിൽ ബൈത് എന്നാണ് വിശേഷിപ്പിക്കുന്നത്.
മസ്ജിദുകൾ അല്ലാഹുവിന്റെ ഭവനങ്ങളാണെനും, അവ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളും, ഭൂമിയിലെ ശുദ്ധമായ ഇടങ്ങളുമാണെന്നും, അതോടൊപ്പമവ ലോകത്തിന്റെ ഏറ്റവും സുതാര്യമായ ധാർമിക സദാചാര വേദികളാവണമെന്നും പഠിപ്പിക്കുന്നതോടൊപ്പം അവയിൽ നിന്ന് മാർഗദർശനത്തിന്റെ വെളിച്ചം പ്രകാശിക്കണമെന്നും പ്രബോധനത്തിന്റെ ആഹ്വാനങ്ങളാണ് ഉണരേണ്ടതെന്നും ഉണർത്തുന്ന പാഠങ്ങൾ നമുക്ക് കാണാം. ആത്മാക്കൾ ശുദ്ധീകരിക്കപ്പെടുന്ന, കണ്ണുകൾക്ക് സമാധാനം ലഭ്യമാവുന്ന ഹൃദയങ്ങൾ ശാന്തമാകുന്ന ,ആത്മാവ് വിമലമാവുന്ന ഇടങ്ങളാവണം പള്ളികളെന്നും പോർവിളികളുടെയും യുദ്ധാഹ്വാനത്തിന്റെയും കേന്ദ്രങ്ങളാവരുതെന്നുമുള്ള ഉണർത്തലുകളാണ് ഉപരിസൂചിത സൂക്തങ്ങൾ .
ആത്മാക്കളെ രൂപം നൽകുന്ന മൂശകളാവണം പള്ളികൾ ; അവരുടെ ആത്മാവിൽ മാനുഷിക സമത്വത്തിന്റെ യാഥാർത്ഥ്യങ്ങളും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കടമകളും ബാധ്യതകളും ഉണർത്തുന്ന പരിശീലനങ്ങളാവണം ഉരുവം കൊള്ളേണ്ടത്. അതാണ് പ്രവാചകൻ (സ) മദീനയിലേക്ക് പുറപ്പെട്ട വഴിയിൽ വെച്ചും അവിടെ താമസമായതിന് തൊട്ടുടനെയും ഇസ്ലാമിക സമൂഹത്തിന്റെ ആദ്യ കേന്ദ്രമായി പള്ളിയുടെ നിർമ്മാണമാരംഭിച്ചത്.
അങ്ങനെ, ഈ സമൂഹം സ്ഥാപിക്കുന്നതിനുള്ള ആദ്യ തൂണും തണലും പള്ളി ആണെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം. പള്ളിയുടെ നിർമ്മാണം പൂർത്തിയായി വിശ്വാസികൾ അവിടെ പ്രവേശിച്ചയുടനെ അവർക്കിടയിൽ സാഹോദര്യം കെട്ടിപ്പടുക്കിക്കൊണ്ട് വിശ്വാസികളുടെ ഹൃദയങ്ങളെ إخاء എന്ന സാഹോദര്യ മതിലുകെട്ടി അവ കൂടുതൽ സുഭദ്രമാക്കുകയാണ് നബി ചെയ്തത്. അല്ലാഹുവിന്റെ കൽപ്പനയനുസരിച്ചും അവന്റെ പ്രവാചകന്റെ സുന്നത്തനുസരിച്ചും പകലും രാത്രിയും ചുരുങ്ങിയത് അഞ്ച് തവണ അവിടെ ഒരുമിച്ച് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് നിർബന്ധ നമസ്കാത്തിലൂടെയും ആഴ്ചയിലൊരിക്കലെ ജുമുഅ /സമ്മേളനത്തിലൂടെയും വിശ്വാസികൾ ചെയ്യുന്നത്.
മഹമൂദും അയാസും നിരനിരയായി നിന്നവിടം
അടിമയോ ഉടമയോ അവശേഷിച്ചില്ലവിടം
സേവകരും യജമാനന്മാരും ദരിദ്രരും പണക്കാരുമൊന്നാ യയിടം,
ദൈവസമക്ഷത്തിലെത്തിയവരെല്ലാം ഒന്നായവിടം
എന്ന് ദാർശനിക കവി ഇഖ്ബാൽ പറഞ്ഞത് എത്ര ശരിയാണ് !!.
സ്ഥിരമായി പള്ളിയിൽ പോകുന്നവർക്കിടയിലുണ്ടാവുന്ന സാമൂഹിക ബന്ധങ്ങൾ സ്നേഹത്തിലും സാഹോദര്യത്തിലും വർധിക്കുന്നതും ചിലരുടെ ആത്മ ബന്ധം അവിടെ ആരംഭിക്കുകയും പിന്നീട് ആശയവിനിമയവും സ്നേഹവും കരുതലും മരണത്തിന് ശേഷവും തുടരുകയും ചെയ്യുന്നത് നാമെത്ര കണ്ടിരിക്കുന്നു.
മസ്ജിദിനുള്ളിലെ അന്തസ്സും ശാന്തതയും അച്ചടക്കവും വ്യക്തിയുടെ ക്രമവും അന്തസ്സും മര്യാദയും ഉണ്ടാക്കാൻ സഹായിക്കുന്നു. അതിന്റെ ആത്മീയത അവൻറെ ഉള്ളിലേക്ക് പ്രവേശിച്ചാൽ അവന്റെ പെരുമാറ്റവും പ്രകൃതവും മാറുന്നു. ഒരുപക്ഷേ അവന്റെ ഘടനയിൽ തന്നെ ധാർമ്മികതയും സത്യവും ശക്തിപ്പെടുന്നതു നാം കാണുന്നു. പള്ളികളിൽ ചിരിയും കളിയും അലസമായ സംസാരവും നിരോധിച്ചിരിക്കുന്നതിനാൽ അവ പ്രസരിപ്പിക്കുന്ന ഗൗരവമുള്ള ജീവനാണ് പള്ളിയിൽ വളർന്ന / ഹൃദയങ്ങൾ പള്ളിയോട് ഊട്ടപ്പെട്ടവരിലുണ്ടാവുക.അല്ലാഹുവിന്റെ അർശിന്റെ തണലിലാണ് അവർ അവങ്കലെത്തുക. അഥവാ പ്രതിസന്ധി നേരിടുന്ന വേളയിൽ പള്ളിയുമായുള്ള ആത്മബന്ധം തണലായിതീരുമെന്നർഥം.
‘അവിടെ പ്രവേശനം വിലക്കുകയും അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തവരെ ശക്തമായി ഭീഷണിപ്പെടുത്തി; ഈലോകത്തെയും പരലോകത്തെ ശിക്ഷയെയും ഓർമിപ്പിച്ചുകൊണ്ട് പറയുന്നു:
‘അല്ലാഹുവിന്റെ പള്ളികളെ -അവയിൽ വെച്ച് അവന്റെ നാമം സ്മരിക്കപ്പെടുന്നതിനെ- തടസ്സപ്പെടുത്തുകയും, അവയുടെ ശൂന്യതയിൽ (അഥവാ അവയെ പാഴാക്കുന്നതിൽ) പരിശ്രമിക്കുകയും ചെയ്തവനെക്കാൾ അധികം അക്രമി ആരാണുള്ളത് ?! (അങ്ങിനെയുള്ള) അക്കൂട്ടർ, ഭയപ്പെട്ടവരായിക്കൊല്ലാതെ അവർക്ക് അതിൽ പ്രവേശിക്കാവതല്ല. ഇഹലോകത്ത് അവർക്ക് അപമാനമുണ്ടായിരിക്കും. പരലോകത്ത് അവർക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.’2:114
പള്ളികൾ തടയുകയും പൂട്ടിയിടുകയും ചെയ്തവരുടെ പരിണതി നമ്മൾ എത്രയോ കണ്ടതാണ്.
സലഫുസ്സ്വാലിഹുകളുടെ കാലഘട്ടത്തിലെ മസ്ജിദുകൾ ലോകത്തെ പ്രകാശിപ്പിച്ച, സമൂഹങ്ങളെ നവീകരിച്ച, മനുഷ്യരെ അന്ധകാരങ്ങളിൽ നിന്നും പുറത്തു കൊണ്ടുവന്ന, തലമുറകളെ വളർത്തിയ, അവർക്ക് ആത്മീയ പോഷണവും വിശ്വാസവും നൽകിയ വിളക്കുകളായിരുന്നു. അവർക്കവ ധാർമ്മികതയും അതുല്യമായ സ്വഭാവസവിശേഷതകളും നല്കുകയും അവരിൽ നിന്ന് അജ്ഞതയുടെ ദോഷങ്ങളും അതിന്റെ തിന്മകളും നീക്കം ചെയ്തു. അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പള്ളികൾക്ക് ഫലപ്രദമായ പോസിറ്റീവ് റോൾ ഉണ്ടായിരുന്നു. ഭക്തി, വിദ്യാഭ്യാസം, രാഷ്ട്രീയം, സൈനികം, സാമൂഹികം, സാമ്പത്തികം, ജുഡീഷ്യൽ തുടങ്ങി നിരവധി മേഖലകളിൽ അവരുടെ പ്രാഥമിക വിദ്യാലയങ്ങളായിരുന്നു മസ്ജിദുകൾ .
അവരുടെ കാലഘട്ടത്തിൽ, പള്ളികൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കേന്ദ്രവും കോടതിയും ഒത്തുചേരലിനുള്ള കേന്ദ്രവും അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെടുന്ന കേന്ദ്രവും ആരാധനാലയവും നേതൃത്വത്തിന്റെ കാര്യാലയവും പാർലമെന്റും ഭരണത്തിന്റെ അടിത്തറയുമായിരുന്നു. അന്ന് മതവും രാഷ്ട്രീയവും രണ്ടും രണ്ടായിരുന്നില്ല. ലാഭകരമായ വ്യാപാരമായ സ്വർഗവും മരണാനന്തര ജീവിതത്തിന്റെ സൗഭാഗ്യങ്ങളും അവർ പഠിച്ചത് അവിടെ നിന്നുമായിരുന്നു. ആരാധകർ അവിടെ ആരാധിക്കുന്നു, ആലംബമില്ലാത്തവർ അവിടെ ആലംബം തേടുന്നു.ഭയപ്പെടുന്നവർ അവിടെ അഭയം പ്രാപിക്കുന്നു, ദരിദ്രർ അവിടെ ഭക്ഷണം കണ്ടെത്തുന്നു. അതെ , അക്ഷരാർഥത്തിൽ അക്കാലത്ത് പള്ളിയിൽ പോയി പറഞ്ഞാൽ എന്തിനും ഏതിനും പരിഹാരം കണ്ടെത്താൻ സാധിക്കുമായിരുന്നു. മുദർ ഗോത്രത്തിലെ ചില സാധുക്കൾ അർദ്ധനഗ്നരായി, നഗ്നപാദരായി വടിയും കുത്തി വാളും പിടിച്ച് ദാരിദ്ര്യം പ്രകടമാവുന്ന വേഷവിധാനത്തിൽ വന്നവർക്ക് വേണ്ടി പ്രവാചകൻ (സ) സ്പെഷ്യൽ പ്രസംഗം നടത്തി അവർക്കുള്ള ഫണ്ട് സമാഹരണം നടത്തിയ സംഭവം മുസ്ലിം 1017 ൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. വിശ്വാസി സമൂഹത്തിന്റെ ചെറിയ ചെറിയ സംഭാവനകൾ ആ ഗോത്രത്തെ മൊത്തം ധനികരാക്കാൻ പര്യാപ്തമായിരുന്നു എന്നാണ് സംഭവത്തിന്റെ രത്നച്ചുരുക്കം.
ആകുലതകളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും പലായനം ചെയ്തു പള്ളികളെ അഭയസ്ഥാനമാക്കിയവർക്ക് പള്ളികൾ അന്നുമിന്നുമെന്നും അവയുടെ സാമൂഹിക ധർമ്മം നിർവഹിച്ചിട്ടുണ്ട്. അബൂ സഈദിൽ ഖുദ്രി(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം : നബി (സ) നമസ്കാരത്തിന്റെ സമയത്തല്ലാതെ പള്ളിയിൽ കയറിയപ്പോൾ അബൂ ഉമാമ(റ) വളരെ ദുഃഖിതനായി ഇരിക്കുന്നത് കണ്ടു. കാരണം ചോദിച്ചപ്പോൾ അബൂ ഉമാമ പറഞ്ഞു: റസൂലേ, എനിക്ക് ഒരുപാട് ആശങ്കകളും എടുത്താൽ പൊങ്ങാത്ത കടങ്ങളും ഉണ്ട്.”
ഇതു കേട്ടപ്പോൾ തന്നെ അത് പരിഹരിക്കാനായി രാവിലെയും വൈകിട്ടും താഴെ പറയുന്ന പ്രാർഥന ചൊല്ലാൻ പഠിപ്പിക്കുകയാണ് നബി ചെയ്തത് :
اللهم إني أعوذ بك من الهم والحزن, وأعوذ بك من العجز والكسل, وأعوذ بك من الجبن والبخل, وأعوذ بك من غلبة الدين وقهر الرجال”
(ഉത്കണ്ഠ, ദുഃഖം, നിസ്സഹായത,അലസത,
ഭീരുത്വം,പിശുക്ക്, കടബാധ്യത, മനുഷ്യരാൽ കീഴടക്കപ്പെടുന്ന അവസ്ഥ എന്നിവയിൽ നിന്നും
ഞാൻ നിന്നോട് അഭയം തേടുന്നു)
നബി പഠിപ്പിച്ചതു പോലെ ചെയ്ത അദ്ദേഹത്തിന്റെ
ആശങ്കകൾ നീങ്ങി എന്നും കടങ്ങൾ വീടിയെന്നും അബൂ ഉമാമ തന്നെ സാക്ഷ്യപ്പെടുത്തുന്നു
[സുനൻ അബീ ദാവൂദ് (1555)].
അങ്ങനെ വിശ്വാസികളുടെ നീറുന്ന നീറുന്ന പ്രശ്നങ്ങൾക്ക് ഭൗതികവും മാനസികവും ആത്മീയവുമായ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുന്ന സംവിധാനം ചെയ്യുന്ന ഇടങ്ങളാവണം നമ്മുടെ പള്ളികൾ .
‘അവർക്കു വിശപ്പിനു ഭക്ഷണം നൽകുകയും ഭയത്തിനു സമാധാനം നൽകുകയും ചെയ്ത ഗേഹത്തിന്റെ നാഥനെ മാത്രം ആരാധിച്ചുകൊള്ളട്ടെ ‘ (106:4 ) എന്നു പറയുന്നത് ചരിത്രത്തിലെ ഖുറൈശികളോട് മാത്രമല്ല. ( തുടരും)