വഴിപ്പെടലാണ് വേണ്ടത്
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ഒരു പ്രാവശ്യം പോലും ഏകദൈവത്വം / തൗഹീദ് എന്ന തിയോളജിക് പദം ഉപയോഗിക്കാതെ അത് സ്ഥാപിച്ച മഹാത്ഭുതമാണ് ഖുർആൻ . അല്ലാഹുവിന്റെ ഏകത്വത്തെ കുറിക്കുന്ന വാഹിദ്, അഹദ് എന്നീ വാക്കുകളെ ദൈവശാസ്ത്രപരമായും പദോൽപത്തി ശാസ്ത്രപരമായും വ്യാഖ്യാനിച്ചാൽ തൗഹീദിലേക്കെത്തിക്കാൻ കഴിയുമെന്നത് ശരിയാണ്. നമ്മുടെ സൃഷ്ടിയുടെ ന്യായമായി ഖുർആൻ പഠിപ്പിക്കുന്നത് കേവലപൂജയോ ആരാധനയോ ഒന്നുമല്ല, അവന്റെ അടിമത്വവും വഴിപ്പെടലുമെല്ലാം ഉൾചേർന്ന ഇബാദതാണ്.
وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ജിന്നിനെയും, മനുഷ്യനെയും എന്നെ ഇബാദത് ചെയ്യാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല. (51:56 ) ഖുർആനിൽ 270 ലേറെ തവണ വന്നിട്ടുള്ള പദമാണ് ഇബാദത്. അതിന്റെ പല നിഷ്പന്നിത രൂപങ്ങളിലും ഈ പദം വന്നിട്ടുണ്ട്.
A- നാമ രൂപത്തിൽ നൂറ്റി അമ്പത്തിരണ്ട് സ്ഥലങ്ങളിൽ ഈ പദം വന്നിട്ടുണ്ട്.
{والله رؤوف بالعباد} (البقرة:207). -:ഉദാ {അല്ലാഹു തന്റെ ദാസന്മാരോട് കരുണയുള്ളവനാണ്}
{والله بصير بالعباد} (آل عمران:15) { അല്ലാഹു ദാസന്മാരെ കണ്ടു കൊണ്ടിരിക്കുന്നു}
ഇത് വഴിപ്പെട്ടവരും അല്ലാത്തവരുമെല്ലാം അടങ്ങുന്ന പ്രയോഗമാണ്.
B- നൂറ്റി ഇരുപത്തിരണ്ട് സ്ഥലങ്ങളിൽ ഇത് ക്രിയാരൂപത്തിലും വന്നിട്ടുണ്ട്:
{يا أيها الناس اعبدوا ربكم} (البقرة:21) {ഓ ജനങ്ങളേ, നിങ്ങളുടെ റബ്ബിന് ഇബാദത് ചെയ്യൂ}
റബ്ബ് എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം ഉപരിസൂചിത ഇബാദത് അഥവാ വഴിപ്പെടലാണ് . ഖുർആനിൽ സൃഷ്ടികളെ അടിയാറുകൾ എന്നാണ് വിളിക്കുന്നുണ്ട്. കാരണം അവരുടെ അസ്തിത്വത്തിന്റെ ലക്ഷ്യം അവരുടെ സ്രഷ്ടാവിന് വഴിപ്പെടലും അവന്റെ അടിമകളായിരിക്കലുമാണ്. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളെയും വിധികളെയും ഈ ഇബാദതിന്റെ പരിധിയിലാണ് പെടുത്തുക. ഇബാദുകൾ അവയിലൂടെ സർവശക്തനായ നാഥനോട് അടുക്കുന്നു. ഇബാദത് ലോകത്തിന്റെ നാഥനിലേക്ക് അടുക്കുവാനുള്ള ഉപാധിയാണ്. എല്ലാ ആളുകളും ആ നാഥന്റെ ദാസന്മാരാണ്. ചിലർ സ്വമേധയാ അതംഗീകരിക്കുന്നു എന്ന് മാത്രം.
അറബി നിഘണ്ടുക്കൾ ഇബാദതിന്റെ ഉത്ഭവം ( ع ب د) എന്നാണെന്നും ആ പദം വൈരുദ്ധ്യാത്മകവുമായ രണ്ട് ഉത്ഭവങ്ങളെ സൂചിപ്പിക്കുന്നു എന്നും കാണാം. ഒന്ന്: മൃദുത്വത്തെയും താഴ്മയേയും സൂചിപ്പിക്കുന്നു, മറ്റൊന്ന്: ശക്തിയേയും സ്ഥേയസ്സിനേയും സൂചിപ്പിക്കുന്നു. ആദ്യ തത്ത്വമനുസരിച്ച് അബ്ദ് എന്നാൽ അടിമ, വിധേയൻ എന്നെല്ലാമാണ് അർഥം . അബീദ് ആണതിന്റെ ബഹുവചനം . രണ്ടാമത്തേത് ഇബാദ് എന്നാണ് ബഹുവചനമാക്കപ്പെടുന്നത്. അതിൽ വിധേയത്വമില്ല, ഇഷ്ടത്തോടെ ഏറ്റെടുക്കുന്ന പദവിയാണത്. നാം ആരുടെയെല്ലാം ‘അബീദ് ‘ അല്ല; പ്രത്യുത അല്ലാഹുവിന്റെ ഇബാദാണ്.
ഭാഷാ വിശാരദനായ ഖലീൽ (100 – 170 AH – 718 – 786 CE)
ഉപരിസൂചിത അടിസ്ഥാന വ്യത്യാസം കിതാബുൽ ഐനിൽ എടുത്തു പറഞ്ഞിട്ടുണ്ട് .
അബ്ദ്= അടിമ (ഇതിൽ നിന്നും മറ്റു പദങ്ങൾ നിഷ്പന്നങ്ങളല്ല )അബദ എന്നാൽ വഴിപ്പെട്ടു, ആരാധിച്ചു എന്നീ അർഥങ്ങളെല്ലാം അടങ്ങിയ പദമാണത്.
അങ്ങനെയാവുമ്പോൾ കീഴൊതുക്കം, വണക്കം, വഴിപ്പെടൽ എന്നൊക്കെ ഇബാദത് എന്ന അറബി പദത്തിൻറെ അർഥം ലഭിക്കും . طريق معبّد എന്ന് പറഞ്ഞാൽ ‘നടന്നു വഴക്കം ചെന്ന വഴി’ എന്നാവും അർഥം. അബദത് എന്നാൽ ശക്തി / ഉറപ്പ് എന്നാണർഥം
هذا ثوب له عبدة നല്ല കട്ടിയുള്ള വസ്ത്രമെന്നാണ് ഉദ്ദേശം
ناقة عبدة ഉറപ്പും ബലവുമുള്ള കുതിര എന്നുമാവും അർഥം.
എന്നാൽ സാങ്കേതികമായി, ഇബാദത്ത് എന്ന് പറഞ്ഞാൽ ” അങ്ങേയറ്റത്തെ ഇഷ്ടവും അങ്ങേയറ്റത്തെ വിധേയത്വവും പ്രകടിപ്പിക്കലാണ്. അതിനപ്പുറം ഒരു വിധേയത്വം ഇല്ല. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (റഹ) (AH 661 – 728ـ / 1263- 1328 CE )
പറഞ്ഞതു ഈ വിഷയത്തിൽ സമഗ്രമാണ്. ” അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മുഴുവൻ വാക്കുകളുടെയും ബാഹ്യവും ആന്തരികവുമായ പ്രവർത്തനങ്ങളുടെയും മൊത്തത്തിലുള്ള പേരാണു ഇബാദത്”. അപ്പോൾ അല്ലാഹുവിനു ഇഷ്ടവും തൃപ്തിയുമുള്ള എല്ലാ അമലുകൾക്കും, ഖൌലുകൾക്കും ഇബാദത് എന്ന് പറയാം.
ഇമാം ഇബ്നു ആശൂർ (റഹ്) (AH1296-1393/1879-1973 CE) തന്റെ തഹ്രീറുവത്തൻവീറിൽ സൂറതുദ്ദാരിയാതിലെ 50-52 ആയതുകൾ വിശദീകരിച്ചു കൊണ്ട് പറയുന്നു. (പറയുക:) ആകയാൽ നിങ്ങൾ അല്ലാഹുവിങ്കലേക്കു (അഭയാർത്ഥം) ഓടിചെല്ലുവിൻ. നിശ്ചയമായും ഞാൻ, നിങ്ങൾക്കു അവന്റെ അടുക്കൽനിന്നു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു. അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെ നിങ്ങൾ ഏർപ്പെടുത്തുകയും ചെയ്യരുത്. നിശ്ചയമായും ഞാൻ, നിങ്ങൾക്കു അവന്റെ അടുക്കൽനിന്നു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
അപ്രകാരം (തന്നെ) ഇവരുടെ മുമ്പുള്ളവർക്കു ഒരു റസൂലും തന്നെ വരികയുണ്ടായില്ല ‘(ഇവൻ) ഒരു ജാലവിദ്യക്കാരനാണ്, അല്ലെങ്കിൽ ഭ്രാന്തനാണ്’ എന്നു അവർ പറയാതെ!)
ഈ ആയതുകൾ പിന്നീട് വരുന്ന 56ാം ആയതിന്റെ ആമുഖമാണ് . തങ്ങളുടെ സൃഷ്ടിപ്പിന്റെ അടിസ്ഥാന ലക്ഷ്യമായ ഇബാദത് മറന്നു പോയ ജനതതികളെ പോലെ നിങ്ങളും ആവരുതെന്നും അവർ അവരിൽ ആഗതരായ നബിമാരെ ധിക്കരിച്ചത് പോലെ നിങ്ങളുടെ ഭാഗത്ത് നിന്നും ധിക്കാരം സംഭവിക്കരുതെന്നുമുണർത്തിയിട്ടാണ് ഇബാദതിലേക്കെത്തുന്നത് ‘.
‘ഇബാദത്’ (عبادة) എന്നാൽ അങ്ങേയറ്റം താഴ്മയും ഭക്തിയും പ്രകടമാക്കുക ( إظهار غاية التذلل والخشوع) എന്നത്രെ വൈജ്ഞാനിക വിലയിരുത്തൽ .‘മുഫ്റദാതി’ൽ ഇമാം റാഗിബ് (റഹ്)[AH 502 (1108/1109)] പ്രസ്താവിച്ചിട്ടുള്ള ചിലവരികൾ ഇവിടെ അറിയുന്നതു നന്നായിരിക്കും. അദ്ദേഹം പറയുന്നു: عبودية (അതേ ധാതുവിന്റെ മറ്റൊരു രൂപമായ ‘ഉബൂദിയത്) എന്നാൽ താഴ്മ പ്രകടമാക്കുക (إظهار التذلل) എന്നാണ്. അതിനെക്കാൾ അർത്ഥവത്തായതാണ് عبادة (‘ഇബാദത്’ എന്ന രൂപം). കാരണം, അതു അങ്ങേഅറ്റത്തെ താഴ്മ പ്രകടിപ്പിക്കൽ (غاية التذلل) ആകുന്നു.അങ്ങേയറ്റത്തെ അനുഗ്രഹങ്ങൾ ചെയ്യുന്ന ആൾ മാത്രമേ അതിനു അവകാശിയാവൂ.
അതുകൊണ്ടാണ് അവനല്ലാതെ ഇബാദത് ചെയ്യരുതെന്നു പറഞ്ഞിരിക്കുന്നത്. അതായത് ഇബാദത് രണ്ടുതരമുണ്ട്. ഒന്നു: കീഴ്പ്പെടുത്തൽ (പ്രകൃതി നിയമങ്ങൾക്കു വിധേയമായിരിക്കൽ)മുഖേനയുള്ള ഇബാദത്ത് (عبادة بالتسخير) [പരമേധയാലുള്ള ഇസ്ലാം എന്ന് മൗദൂദി സാഹിബ് പറയുന്ന ഇബാദതാണിത് ]
മറ്റൊന്നു: സ്വേച്ഛപ്രകാരം ഉണ്ടാകുന്ന ഇബാദത്ത്
(عبادة بالاختيار) ഇതു ബോധവും ബുദ്ധിയുമുള്ളവർക്കു മാത്രം ബാധകമായതാണ്.സ്വമേധയാ ഉള്ള വിധേയത്വം എന്ന് പറയുന്നത് ഈ ഇബാദതാണ്.
‘നിങ്ങളുടെ റബ്ബിനു ഇബാദത് ചെയ്യുവിൻ’ എന്നും, ‘അല്ലാഹുവിനു ഇബാദത്തു ചെയ്യണം’ എന്നും
(اعْبُدُوا رَبَّكُمُ ، وَاعْبُدُوا اللَّهَ) മറ്റുമുള്ള വാക്യങ്ങളിൽ ഈ ഇബാദത്തിനാണ് ആഹ്വാനം.
وَلِلَّـهِ يَسْجُدُ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَظِلَالُهُم بِالْغُدُوِّ وَالْآصَالِ – الرعد : ١٥ (ആകാശങ്ങളിലും, ഭൂമിയിലുള്ളവർ സ്വമനസ്സാലെയും, വെറുപ്പോടെയും അല്ലാഹുവിനു തന്നെ ‘സുജൂദു’ ചെയ്യുന്നു; രാവിലെയും, വൈകുന്നേരങ്ങളിലും അവരുടെ നിഴലുകളും സുജൂദു ചെയ്യുന്നു )
എന്ന ഖുർആൻ വാക്യം ആദ്യം പറഞ്ഞ (കീഴ്പെടുത്തൽ കൊണ്ടുള്ള) ഇബാദത്താണ് ചൂണ്ടിക്കാട്ടുന്നത്.
ദാരിയാതിലെ 56-ാം വചനത്തിലും അല്ലാഹുവിനു ഇബാദത്തു ചെയ്വാൻ കൽപിക്കുന്ന മറ്റു വചനങ്ങളിലും ഉദ്ദേശിക്കപ്പെടുന്ന ഇബാദത് രണ്ടാമതു പറഞ്ഞ (ഇച്ഛയനുസരിച്ചു ചെയ്യുന്ന) ഇബാദതാണ്.
ഇബാദത് അല്ലാഹുവിനു മാത്രമേ പാടുള്ളു. ഇതാണ് ഖുർആൻ പ്രതിപാദിക്കുന്ന തൗഹീദ്. പ്രാർഥന അല്ലാഹുവോട് മാത്രമെന്നോ പ്രാർഥന മാത്രം അല്ലാഹുവിനെന്നോ ഈ പറഞ്ഞതിനർഥമില്ല.
അല്ലാഹുവിലുള്ള ശരിയായ വിശ്വാസവും, അവനെക്കുറിച്ചുള്ള അറിവും, അവനോടുള്ള ഭക്തിയും കൂടാതെ സ്വമേധയാലുള്ള ഇബാദത് സാക്ഷാൽകരിക്കപ്പെടുന്നതുമല്ല. അതുകൊണ്ടാണ് 56-ാം വചനത്തിൽ لِيَعْبُدُونِ (അവർ എന്നെ ഇബാദത് ചെയ്യുവാൻവേണ്ടി) എന്ന വാക്കിനു ചില മുഫസ്സിറുകൾ ليعرفون (എന്നെ അറിയുവാൻ വേണ്ടി) എന്നും വേറെ ചിലർ ليوحدونى (എന്നെ മാത്രം ആരാധിക്കുവാൻ) എന്നും, മറ്റു ചിലർ ليخضعوا لي (എനിക്കു താഴ്മ ഉള്ളവരാവാൻ) എന്നുമൊക്കെ വ്യാഖ്യാനിച്ചിട്ടുള്ളത്.
അവരെ സൃഷ്ടിച്ച പ്രകൃതിയിൽ നിന്ന് വ്യതിചലിച്ച ബഹുദൈവാരാധകരെയും താന്തോന്നികളെയും തുറന്നുകാട്ടാൻ ഉപയോഗിക്കുന്ന പ്രയോഗമാണിവിടെ.
ليعبدون എന്നതിലെ “ലാം” കാരണം വ്യക്തമാക്കാനുള്ളതാണ്. ഒരു കാരണവുമില്ലാതെയല്ല ഞാൻ അവരെ സൃഷ്ടിച്ചത് എന്ന് റബ്ബ് പ്രഖ്യാപിക്കുകയാണ്.അവന് ഇബാദത് ചെയ്യുക , അവനിൽ യാതൊരു പങ്കുകാരനെയും ചേർക്കാതിരിക്കുക (4:36)
وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ തീർച്ചയായും, എല്ലാ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; ‘നിങ്ങൾ അല്ലാഹുവിന് ഇബാദത് ചെയ്യുകയും, ‘ത്വാഗൂത്തി’നെ വെടിയുകയും ചെയ്യണ’മെന്നു പ്രബോധനം ചെയ്തുകൊണ്ട് (16:36 )
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍۢ رَّسُولًا أَنِ ٱعْبُدُواْ ٱللَّهَ وَٱجْتَنِبُواْ ٱلطَّٰغُوتَ ഇതേയർഥത്തിലുള്ള മറ്റു സൂക്തങ്ങളും ഉപരിസൂചിത ഇബാദതിന് കൂടുതൽ വ്യക്തതയും കൃത്യതയും വിശദീകരണവും നല്കിയിട്ടുണ്ട്. ദൈവേതരരെ വെടിയുക , അവർക്ക് വഴിപ്പെടുന്നതിൽ നിന്നും വിട്ടു നിൽക്കുക , അവൻ കല്പിച്ചത് പള്ളിയിലും പള്ളിയുടെ പുറത്തും ഒരുപോലെ നെഞ്ചിലേറ്റുക. കേവല മതരംഗത്ത് നിഷിദ്ധമായത് മതത്തിനപ്പുറമുള്ള ജീവിതത്തിലും ബാധകമാക്കുക ഇതെല്ലാം ഉൾചേർന്നതാണ് ഖുർആൻ പരിചയപ്പെടുത്തുന്ന ഇബാദത്. അതിനാൽ കേവലം ഏകദൈവാരാധന, ബഹുദൈവത്വം എന്നീ ദ്വന്തങ്ങളിൽ മാത്രമായി ഒതുക്കി നിർത്താതെ ഖുർആൻ പഠിപ്പിക്കുന്ന ജീവിത സാകല്യത്തിൽ ഇബാദതിനെ ബാധകമാക്കുക.
‘എന്റെ നമസ്കാരവും, ബലി മുതലായ ആരാധനാ കർമ്മങ്ങളും ജീവിതവും, മരണവുമെല്ലാം ലോകരുടെ രക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.;- 6:162
إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ എന്ന് എല്ലാ നേരവും സത്യപ്രതിജ്ഞ ചെയ്യുന്ന വിശ്വാസിക്ക് ദുർമൂർത്തികളുടെ മുമ്പിൽ മാത്രമല്ല ; ദൈവേതരമായ ഒന്നിനോടും വിധേയത്വമോ ഓച്ചാനിച്ചു നില്ക്കലോ സങ്കല്പിക്കുക പോലും സാധ്യമല്ല. അല്ലാത്ത പക്ഷം അവൻ വാദിക്കുന്ന തൗഹീദ് അപൂർണ്ണവും ശിർക്കിലധിഷ്ഠിതവുമായിരിക്കും; തൽക്കാലം മിമ്പറുകൾ വിറപ്പിക്കാനും ശ്രോതാക്കളെ ഉണർത്താനും അവ ഉപകരിക്കുമെങ്കിലും അടിസ്ഥാന ലക്ഷ്യമായ ഇബാദതിലേക്ക് നയിക്കാൻ ആ ആത്മാവില്ലാത്ത പ്രഘോഷണങ്ങൾക്ക് കഴിയുമെന്ന് തോന്നുന്നില്ല.
إن الله ابتعثنا لنُخرِجَ من شاء من عبادة العباد إلى عبادة رب العباد ومن جور الأديان إلى عدل الإسلام ومن ضيق الدنيا إلى سعة الدنيا والآخرة
( അടിമകളുടെ അടിമത്വത്തിൽ നിന്ന് അടിമകളുടെ നാഥന്റെ അടിമത്വത്തിലേക്കും മതങ്ങളുടെ അനീതിയിൽ നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും ലോകത്തിന്റെ സങ്കുചിതത്വത്തിൽ നിന്ന് ഈ ലോകത്തിന്റെയും പരലോകത്തിന്റെയും വിശാലതയിലേക്കും അവൻ ഉദ്ദേശിക്കുന്നവരെ കൊണ്ടുവരാൻ അല്ലാഹു നമ്മെ അയച്ചിരിക്കുന്നു. ) എന്ന് മഹാനായ റിബ്ഇയ്യു ബ്നു ആമിർ(റ) അന്ന് പേർഷ്യൻ സൈനികത്തലവൻ റുസ്തമിനോട് പറഞ്ഞ ധീരമായ പ്രഖ്യാപനത്തിൽ ഇബാദതിന്റെ ആന്തരികമായ ശക്തി അടങ്ങിയിരിക്കുന്നു… ( തുടരും )