കൊലയിലും കലയുണ്ട്
ദൈവപ്രോക്ത മതങ്ങളിലെ അവസാന എഡിഷനായത് കൊണ്ടാവണം , എത്ര സ്ഥൂലവും സൂക്ഷ്മവുമായ സംഗതികൾ അതിസുന്ദരമായി ഇസ്ലാമിൽ അടുക്കി വച്ചിരിക്കുന്നു എന്ന് ഏതൊരാൾക്കും മനസ്സിലാകും. ഇഹ്സാൻ, ജമാലിയാത്, കമാലിയാത് എന്നെല്ലാം പറയുന്നത് ഈ പൂർണത / Perfection യെയാണ്. പടച്ചവൻ സുന്ദരനായത് കൊണ്ട് ആ സൗന്ദര്യവും പൂർണ്ണതയും അവന്റെ ആരാധകരെല്ലാം നെഞ്ചിലേറ്റണമല്ലോ?!
അല്ലാഹു തന്റെ ദാസന്മാർക്ക് പരിപൂർണത പഠിപ്പിക്കുകയും 37 തവണ ആ പദം വിശുദ്ധ ഖുർആനിൽ ഉപയോഗിച്ച് നമ്മുടെ കർമങ്ങൾ സമ്പൂർണമാക്കാനും ന്യൂനതയില്ലാതാക്കാനും ആജ്ഞാപിക്കുകയും വൈയക്തികവും സാമാജികവുമായി അതിന്റെ വക്താക്കളും പ്രയോക്താക്കളുമാവാൻ അർഹിക്കുന്ന പ്രാധാന്യത്തോടെ ഊന്നിപ്പറയുകയും ചെയ്തു കൊണ്ട് പറയുന്നു :
തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നൻമചെയ്യുവാനും (ഇഹ്സാൻ) കുടുംബബന്ധമുള്ളവർക്ക് സഹായം നൽകുവാനുമാണ് . അവൻ വിലക്കുന്നത് നീചവൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്കു ഉപദേശം നൽകുന്നു. 16:90
“അല്ലാഹു എല്ലാത്തിനും പരിപൂർണത നിശ്ചയിച്ചിരിക്കുന്നു.” എന്ന് പറഞ്ഞു കൊണ്ട് നബി (സ) ഇഹ്സാൻ നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂല്യമായി പഠിപ്പിക്കുകയും വിശ്വസ്തനായ ദാസൻ തന്റെ വിശ്വാസത്തിലും ആരാധനകളിലും, ദാനധർമ്മം, നോമ്പ് ദൈനംദിന /സീസണൽ ആരാധനകളിലും ഇഹ്സാൻ ദീക്ഷിക്കാനും സമ്പൂർണത പരിഗണിക്കാനും ആവശ്യപ്പെടന്നു . വിശുദ്ധ ഭവനത്തിങ്കലെത്തിയാലും വിശ്വാസി അവന്റെ ധാർമ്മികതയിലും ഇടപാടുകളിലും, റബ്ബിന്റെ സംതൃപ്തിയും ദയയും കൈവരിക്കുവാൻ ഇഹ്സാൻ കൊണ്ട് കഴിയുമെന്ന് ഉറപ്പുനൽകുന്നു. ‘ഇഹ്സാൻ ചെയ്തതിൻറെ പ്രതിഫലം ഇഹ്സാനല്ലാതെ മറ്റുവല്ലതുമാണോ ?!’ 55:60
നമ്മുടെ ഭരണഘടനയായ വിശുദ്ധ ഖുർആൻ, ഇഹ്സാനെ ഒരു ജീവിത നൈപുണ്യ (life skill )മായി കണ്ട് അതിന് പ്രത്യേക ഗുണപരമായ ശ്രദ്ധ നൽകുന്നു. അതുകൊണ്ടാണ് കൊലയിലും കലയുണ്ടെന്ന് പഠിപ്പിച്ചത്. ഒരു ജീവിയെ ഭക്ഷണാവശ്യത്തിന് കൊല്ലുമ്പോൾ പോലും ഈ ഇഹ്സാൻ പാലിക്കണമെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. കത്തിക്ക് മൂർച്ച കൂട്ടണമെന്നും ഉരുവിന് പ്രയാസമില്ലാത്ത രീതിയിൽ അറവ് നിർവ്വഹിച്ചു കൊണ്ട് അതിൽ പോലും Perfection പുലർത്തണമെന്നും പഠിപ്പിച്ച വേറെ വല്ല ദർശനമോ മതമോ ഉണ്ടാകുമോ ?! സംശയമാണ്!
ഇഹ്സാൻ / ഇസ്ലാം /ഈമാൻ എന്തെന്നും അന്ത്യദിനത്തിൻറെ അടയാളങ്ങൾ എന്തെല്ലാമെന്നും പഠിപ്പിക്കുന്ന ഹദീസ് മുസ്ലിം റിപ്പോർട്ട് ചെയ്യുന്നുണ്ട് : ഉമർ (റ) നിവേദനം: ഒരു ദിവസം ഞങ്ങൾ നബി (സ) ക്ക് ചുറ്റുമിരിക്കുമ്പോൾ കറുകറുത്ത മുടിയുള്ള ശുഭ്രവസ്ത്രധാരിയായ ഒരാൾ കടന്ന് വന്നു. ഞങ്ങളിൽ ഒരാൾക്കും അയാളെ പരിചയമുണ്ടായിരുന്നില്ല. അയാളിൽ യാത്രയുടെ ലക്ഷണമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ അയാളുടെ കാൽമുട്ടുകൾ നബി (സ) യുടെ കാൽമുട്ടുകളോട് ചേർത്ത് വെച്ച് അയാളുടെ തുടകളിൽ കൈകളും വെച്ചു. എന്നിട്ട് അയാൾ ചോദിക്കുകയുണ്ടായി:
മുഹമ്മദ്, ഇസ്ലാമിനെക്കുറിച്ച് നിങ്ങൾ എനിക്ക് പറഞ്ഞ് തരിക. നബി (സ) പറഞ്ഞു: ഇസ്ലാമെന്നാൽ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് നബി (സ) അല്ലാഹുവിൻറെ ദാസനും ദൂതനുമാണെന്നും സാക്ഷ്യം വഹിക്കലും, നമസ്കാരം കൃത്യതയോടെ നിർവ്വഹിക്കലും, സകാത്ത് നൽകലും, റമദാനിലെ വ്രതമനുഷ്ഠിക്കലും, സാധിക്കുന്നവർ ഹജ്ജ് നിർവ്വഹിക്കലുമാണ്. അപ്പോൾ ആഗതൻ പറയുകയുണ്ടായി: നിങ്ങൾ പറയുന്നത് ശരിതന്നെയാണ്. അത് കേട്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. ചോദ്യം ചോദിക്കുകയും ഉത്തരം കേൾക്കുമ്പോൾ ശരിയാണന്ന് പറയുകയും ചെയ്യുന്നു
അയാൾ വീണ്ടും ചോദിക്കുകയുണ്ടായി: ഈമാനിനെക്കുറിച്ച് നിങ്ങൾ എനിക്ക് പറഞ്ഞ് തരിക. നബി (സ) പറയുകയുണ്ടായി അല്ലാഹുവിലും, അവൻറെ മലക്കുകളിലും, അവൻ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും, അവൻറെ ദൂതരിലും, അന്ത്യദിനത്തിലും, നന്മയും തിന്മയും അല്ലാഹുവിൻറെ വിധിയനുസരിച്ചാണെന്നും വിശ്വസിക്കലാകുന്നു. അപ്പോഴും ആഗതൻ പറയുകയുണ്ടായി: നിങ്ങൾ പറയുന്നത് ശരിതന്നെയാണ്.
ആഗതൻ വീണ്ടും ചോദിച്ചു: ഇഹ്സാനിനെക്കുറിച്ച് നിങ്ങൾ എനിക്ക് പറഞ്ഞ് തരിക. നബി (സ) പറയുകയുണ്ടായി: നീ അല്ലാഹുവിനെ കാണുന്ന രൂപത്തിൽ ആരാധന നിർവ്വഹിക്കലാണ് ഇഹ്സാൻ. അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അവൻ നിന്നെക്കാണുന്നുണ്ട് .
അയാൾ വീണ്ടും ചോദിക്കുകയുണ്ടായി: അന്ത്യനാളിനെക്കുറിച്ച് നിങ്ങൾ എനിക്ക് പറഞ്ഞ് തരിക. അപ്പോൾ നബി (സ) പറയുകയുണ്ടായി: ചോദിക്കുന്നവനേക്കാൾ മറുപടി പറയുന്നവന് തദ്വിഷയത്തെക്കുറിച്ച് അറിയില്ല.
അയാൾ ചോദിച്ചു: എന്നാൽ അതിൻറെ അടയാളങ്ങളെക്കുറിച്ച് പറഞ്ഞ് തരിക. അപ്പോൾ നബി (സ) പറയുകയുണ്ടായി: അടിമ സ്ത്രീ യജമാനത്തിയെ പ്രസവിക്കുന്നതും, നഗ്ന പാദരും വിവസ്ത്രരും ദരിദ്രരുമായ ആട്ടിടയന്മാർ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിൽ മത്സരിക്കുന്നത് നീ കാണുന്നതുമാണ് . അങ്ങിനെ അയാൾ പോവുകയും ഞാൻ അൽപ സമയം അവിടെ തങ്ങുകയും ചെയ്തു. അപ്പോൾ നബി (സ) ചോദിക്കുകയുണ്ടായി: ഉമർ , ആരാണ് ആ ചോദ്യകർത്താവെന്ന് നിങ്ങൾക്കറിയുമോ? ഞാൻ പറഞ്ഞു: അല്ലാഹുവിനും തിരു ദൂതനുമറിയാം. നബി (സ) പറയുകയുണ്ടായി: അയാൾ ജിബ്രീൽ (അ) ആയിരുന്നു. നിങ്ങളുടെ മതത്തെക്കുറിച്ച് നിങ്ങൾക്ക് പഠിപ്പിച്ച് തരാൻ വന്നതാണ്.
الاحسان أن تعبد الله كأنك تراه فإن لم تكن تراه فأنه يراك “.. (നീ അല്ലാഹുവിനെ കാണുന്ന രൂപത്തിൽ ആരാധന നിർവ്വഹിക്കലാണ് ഇഹ്സാൻ. അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അവൻ നിന്നെക്കാണുന്നുണ്ട് .) ഈ നിർവചനത്തിൽ നിന്ന് നാം മനസ്സിലാക്കുന്നതുപോലെ ഇഹ്സാൻ ഇസ്ലാമിന്റെയും ഈമാനിന്റെയും കാതലാണ്. ഇസ്ലാമിന്റെ ആത്മാവും ഈമാനിന്റെ പൂർണ്ണതയും, ഇഹ്സാനാണ്. അറിവ്, സ്മരണ, ആദരവ്, അനുകമ്പ, മര്യാദ, മറ്റ് ധാർമ്മിക പദവികൾ തുടങ്ങിയ എല്ലാ പദവികളെയും വിശ്വാസിക്ക് പഠിപ്പിക്കുന്ന പാഠമാണ് ഇഹ്സാൻ എന്ന് ഇബ്നു ഖയ്യിം അൽ ജൗസിയ്യ (691-751 AH/1292-1350CE) തന്റെ മദാരിജു സ്സാലികീനിൽ വിശദമായി ചർച്ച നടത്തിയിട്ടുണ്ട്. അഥവാ ഒരു നിശ്ചിത ഫ്രെയിമിൽ ഒതുക്കി വയ്ക്കാൻ കഴിയാത്ത , ഭൗതികമായ മൂല്യനിർണയത്തിന് വിധേയപ്പെടുത്താൻ പറ്റാത്ത , നിലക്കാത്ത നിർഝരിയാണ് ഇഹ്സാൻ.
ശൈഖ് മുഹമ്മദ് ഗസാലി( 1335-1416AH/1917-1996CE )
തന്റെ “” الجانب العاطفي من الإسلام ” (ഇസ്ലാമിന്റെ വൈകാരിക വശം) എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കൂ: വിശ്വാസം ആത്മാർത്ഥവും ഇസ്ലാം പൂർണ്ണവുമാകുമ്പോൾ, അതിന്റെ അനിവാര്യമായ ഫലമാണ് ഇഹ്സാൻ. ‘നിശ്ചയമായും, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ, (അങ്ങനെ) പ്രവർത്തനം നന്നാക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കുന്നതല്ലതന്നെ.’18:30
ഒരു വിശ്വാസിയുടെ വിശ്വാസത്തിന്റെ നനവിൽ നല്ല പ്രവൃത്തികൾ തഴച്ചുവളരുന്നുവെങ്കിൽ ആ വ്യക്തി അനിവാര്യമായും ഒരു സുകൃതൻ ആയിരിക്കും. നേരെമറിച്ച് ഒരുത്തന്റെ കർമങ്ങൾക്ക് സമൂഹത്തിൽ യാതൊരു സ്വാധീനവും സൃഷ്ടിക്കാൻ കഴിയുന്നില്ലെങ്കിൽ അവന്റെ ഇഹ്സാന് കാര്യമായി എന്തോ ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
പ്രശസ്ത ഭാഷാ പണ്ഡിതൻ ഡോ. തമാം ഹസ്സാൻ (1918-2011 CE)
ചൂണ്ടിക്കാണിക്കുന്നത് ഇഹ്സാൻ എന്ന വാക്ക് ഒന്നിലധികം അർത്ഥങ്ങളുള്ള പദങ്ങളിൽ ഒന്നാണ് എന്നാണ്. നന്മ, പൂർണ്ണത, കൃത്യത, സൂക്ഷ്മത എന്നിങ്ങനെ യഥാർത്ഥവും ആലങ്കാരികവുമായ അർഥങ്ങളിലെല്ലാം ഇഹ്സാൻ ഉപയോഗിക്കാറുണ്ടെന്നർഥം.
വിശുദ്ധ ഖുർആനിൽ പരാമർശിച്ചിരിക്കുന്ന ഇഹ്സാൻ എന്ന വാക്കിന് ദാനധർമ്മങ്ങൾ, നന്മ , പൂർണത എന്നീ അർഥങ്ങൾ സാന്ദർഭികമായി വന്നു ചേരുന്നത് വിശുദ്ധ ഖുർആനിന്റെ തന്നെ അമാനുഷികതയുടെയും ഖുറൈശികളുടെ ഭാഷാ വാക്ചാതുരിയുടെയും തെളിവായാണ് ഡോ – മുസ്ത്വഫാ സ്വാദിഖ് റാഫിഈ തന്റെ ( إعجاز القرآن والبلاغة النبوية ) എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നത്.
അറബി ഭാഷ സംസാരിക്കുന്നവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഈ അറബി വാക്ക് ഉച്ചരിക്കുന്നത് വിലക്കപ്പെട്ടിട്ടില്ല. പക്ഷേ അവരുടെ വാക്കുകളിലെ ഇഹ്സാൻ പ്രയോഗം ഖുർആൻ/ ഹദീസ് എന്നീ പ്രമാണങ്ങളിലെ പോലെ അർഥ വിപുലമായി ഉപയോഗിക്കാൻ കഴിയുന്നില്ല.
ഖുർആനിലും ഹദീസിലും അവ അസാധ്യമായ അർഥ സംയോജനത്തിലാണ് എപ്പോഴും പ്രത്യക്ഷപ്പെടുന്നത്.
ഇഹ്സാനിന്റെ അർഥ വ്യത്യാസങ്ങൾ ശ്രദ്ധിക്കാൻ താഴെ കാണുന്ന സൂക്തങ്ങൾ കാണുക :-
അങ്ങനെ അവരീ പറഞ്ഞത് നിമിത്തം അല്ലാഹു അവർക്ക് താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ പ്രതിഫലമായി നൽകി. അവരതിൽ നിത്യവാസികളായിരിക്കും. സദ്വൃത്തർക്കുള്ള പ്രതിഫലമത്രെ അത്. 5:85
അഥവാ അവരുടെ കർമങ്ങളുടെ സ്വീകാര്യതയുടെ വിളംബരമാണ് ഈ ഇഹ്സാൻ .. ലോകരിൽ നൂഹിന്റെമേൽ ‘സലാം’ [സമാധാന ശാന്തി] ഉണ്ടായിരിക്കും. നിശ്ചയമായും, നാം അപ്രകാരമാണ് സുകൃതവാൻമാർക്കു പ്രതിഫലം കൊടുക്കുന്നത്. അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാൻമാരിൽ പെട്ടവനാകുന്നു. 37:79-81
നൂഹ് നബിയുടെ സത്യതയുടെ തെളിവാണ് ഇവിടെ പറഞ്ഞ ഇഹ്സാൻ. ക്ഷമിക്കുകയും ചെയ്തു കൊള്ളുക. (കാരണം) നിശ്ചയമായും, സൽഗുണം ചെയ്യുന്നവരുടെ പ്രതിഫലത്തെ അല്ലാഹു പാഴാക്കുകയില്ല. 11: 115
സഹനത്തിനുള്ള സാന്ത്വനമാണ് ഈ ഇഹ്സാൻ പ്രയോഗം : നമ്മുടെ കാര്യത്തിൽ സമരം നടത്തുന്നവരാകട്ടെ, അവരെ നാം നമ്മുടെ മാർഗ്ഗങ്ങളിൽ നയിക്കുകതന്നെ ചെയ്യുന്നതാണ്. നിശ്ചയമായും, അല്ലാഹു സുകൃതന്മാരോടു കൂടെയായിരിക്കുന്നതുമാകുന്നു. 29:69
അവരുടെ കർമ സ്വീകാര്യതയും അംഗീകാരവുമാണ് ഈ സാമിപ്യവും ഇഹ്സാനും ഗസ്നവി കാലത്തെ പ്രസിദ്ധ അഫ്ഗാനി വംശജനായ അറബി കവി അബുൽ ഫത്ഹ് ബസ്തി (330 – 440 AH/942 -1010 CE) പറയുന്നു:-
أحسن إلى الناسِ تَستعبد قلوبَهم فطالما استعبدَ الإنسانَ إحسانُ
ആളുകൾക്ക് നല്ലത് ചെയ്യുക, നിങ്ങൾ അവരുടെ ഹൃദയങ്ങളെ കീഴടക്കി വരുതിയിലാക്കാം, ഒരു വ്യക്തിയെ കീഴടക്കാൻ ഏറ്റവും മികച്ചത് നന്മയാണ്.
സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
എന്ന് കുമാരനാശാൻ പറഞ്ഞതും നാം ചർച്ച നടത്തി വരുന്ന ഇഹ്സാൻ എന്ന നന്മയോട് യോജിക്കുന്ന ഒരു വരിയാണ്. വിശ്വാസികൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പാഠമാണ് ഇഹ്സാൻ. അതിനാൽ നമുക്ക് ഈ ദുആ ശീലിക്കാം اَللّـهُمَّ حَبِّبْ اِلَيَّ الاِْحْسانَ، وَكَرِّهْ اِلَيَّ الْفُسُوقَ وَالْعِصْيانَ
(അല്ലാഹുവേ, നന്മയെ എനിക്ക് പ്രിയങ്കരമാക്കണമേ, ധിക്കാരത്തെയും അനുസരണക്കേടിനെയും വെറുപ്പുള്ളതക്കുകയും ചെയ്യേണമേ ) (തുടരും )