അത്യുന്നതങ്ങളിൽ റബ്ബിനു സ്തുതി

الحَمْدُ للهِ رَبِّ العَالَمِينَ സ്തുതിക്കൽ , പ്രകീർത്തിക്കൽ , പുകഴ്ത്തൽ എന്നെല്ലാമാണ് ഹംദ് എന്ന പദത്തിന്റെ അർത്ഥം. അൽഹംദുലില്ലാഹ് എന്ന സ്തോത്ര വാചകമുച്ചരിക്കലാണ് ഹംദല : . ആളുകളുടെ തേനൂറുന്ന നല്ല വാക്കുകൾകൊണ്ട് പ്രഖ്യാതരാവാൻ മനുഷ്യർക്കായേക്കാം. എന്നാൽ അനിവാര്യമായ പ്രശംസക്ക് അർഹനായി റബ്ബേയുള്ളൂ എന്ന പ്രഖ്യാപനമാണ് ഹംദല : യിലൂടെ ഓരോ വിശ്വാസിയും നടത്തുന്നത്. ”അൽഹംദു’ വിലെ അൽ വർഗസൂചകമാണെന്നാണ് പണ്ഡിതാഭിപ്രായം. അഥവാ സ്തുതിയുടെ വർഗത്തിൽ പെട്ടയെല്ലാ സംഗതികളും അല്ലാഹുവിന് മാത്രമാണെന്ന പ്രഖ്യാപനമാണത്.
അടിമയുടെ നമസ്കാരം രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നുവെന്നും അതിന്റെ തുടക്കത്തിൽ അൽഹംദുലില്ലാഹ് എന്ന് പറയുമ്പോൾ എന്റെ ദാസൻ എന്നെ സ്തുതിച്ചു എന്ന് പറഞ്ഞു കൊണ്ട് പടച്ചവൻ സന്തോഷം കൊള്ളുന്നു എന്ന് തുടങ്ങുന്ന വലിയൊരു ഖുദ്സിയായ ഹദീസുണ്ട്.’അൽഹംദുലില്ലാഹ് എന്നത് നന്ദിയുടെ വചനമാണ്. അല്ലാഹുവിന്റെ അടിമ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും; എന്റെ അടിമ എനിക്ക് നന്ദി പറഞ്ഞിരിക്കുന്നു ‘ എന്ന് വേറൊരു നിവേദനത്തിലുണ്ട്. നമ്മെയോരോരുത്തരേയും സകല കാര്യങ്ങൾക്കും പര്യാപ്തനാക്കിയതും, ജീവിതത്തിൽ ദുഖ:മായി പോകുമായിരുന്നതിനെ സന്തോഷമായി പരിവർത്തിപ്പിച്ചതും ആരുടെയും സഹായമില്ലാതെ തന്നെ, ശക്തി പകർന്നു തന്ന് , മറ്റാരുടെയും താങ്ങില്ലാതെ നിവർന്നു നിന്നവനുമാക്കിയ അല്ലാഹുവിന് സ്തുതി എന്ന കൃതജ്ഞതാ വാചകമാണ് ചുരുങ്ങിയത് 17 തവണ ദിനേന നമസ്കാരത്തിൽ അർത്ഥമറിയാതെ പറയുന്നത് എന്നർത്ഥം. ഖുർആനിൽ 23 തവണയേ ‘അൽ ഹംദു ലില്ലാഹ് ‘ വന്നിട്ടുള്ളൂവെങ്കിലും ഒരു വിശ്വാസി എപ്പോഴും പറയുന്ന പ്രാർത്ഥനാ വാചകം ഒരുപക്ഷേ അതാവും . ഹംദ് നാവുകൊണ്ട് പറയുമ്പോഴെല്ലാം നമ്മുടെ മനോമുകുരത്തിൽ നിറയുന്ന വികാരം ഈ മഹനീയ വാഴ്ത്തലിന്റേതാവണം. ഒരു വിശ്വാസിയുടെ
ഉറക്കമെഴുന്നേല്കുമ്പോൾ മുതൽ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വരെയുള്ള നിത്യ ജീവിതത്തിലെ പ്രാർഥനകൾ ഓരോന്നെടുത്ത് അവലോകനം ചെയ്തു നോക്കിയാൽ ഇത് വളരെ വ്യക്തമാവും.
നൂറ്റാണ്ടുകൾക്കു മുമ്പ് ഇസ്ലാമിക ചരിത്രത്തിൽ സ്വന്തം മക്കൾ മുഴുവൻ രക്തസാക്ഷികളായി എന്നറിഞ്ഞ നിമിഷം മഹതി ഖൻസ (റ) പറഞ്ഞതും
പതിറ്റാണ്ടുകൾക്ക് മുമ്പുള്ള പ്രാസ്ഥാനിക ചരിത്രത്തിൽ സ്വന്തം ഇടതു കൈ ചലന ശേഷി നഷ്ടപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ ശൈഖ് സിബാഇ പറഞ്ഞതുമെല്ലാം ഈ മാന്ത്രിക വാചകമായിരുന്നു. ഏതു ദുഃഖത്തേയും മറപ്പിക്കാനും അവശേഷിക്കുന്ന അനുഗ്രഹത്തിന് നന്ദി പറയാനും വിശ്വാസിയുടെ മൂലധനവും ഇന്ധനവുമാണത്. ഇമാം ബൈദാവി പറയുന്നതുപോലെ കൃതജ്ഞത / ശുക്റിനേക്കാൾ വ്യാപക അർത്ഥമുള്ളതാണ് സ്തുതി /ഹംദ്. ഹംദ് നടത്തുന്നവൻ അല്ലാഹുവിനെ നന്ദി പറയുകയും അവനെ സ്തുതിക്കുകയും ഒരേ സമയം ചെയ്യുന്നു. അവ തമ്മിലുള്ള വ്യത്യാസം ഹംദ് അനുഗ്രഹങ്ങൾക്കും മറ്റുള്ളവയക്കും നാമർപ്പിക്കുന്ന മനസ്സാലുള്ള പ്രകീർത്തനമാണ്. എന്നാൽ ഒരു വ്യക്തിയുടെ നല്ല പെരുമാറ്റത്തെ പുകഴ്ത്തുവാനാണ് പൊതുവെ നന്ദി ; അതായത് അനുഗ്രഹ / ദാനത്തിന് പകരമായി നാവാലുള്ള തിരുമുൽകാഴ്ചയാണ് കൃതജ്ഞത. ആ അർഥത്തിലാണ് ثَنَاء , مَدْح ، شُكْر തുടങ്ങിയ നിരവധി പദങ്ങൾ പ്രമാണങ്ങളിൽ വന്നിട്ടുള്ളത്. Hymn എന്ന നിലയിലുള്ള വെറും ‘സ്തോത്ര’ പാട്ടുകളല്ല ഖുർആൻ പഠിപ്പിക്കുന്ന ഹംദും ശുക്റും .
സ്തുതി / ഹംദ് എന്നത് നന്മയുടെ നിറവ് പകരലാണെങ്കിൽ നന്ദി / ശുക്ർ അത് നാവാൽ ചൊരിയലാണ്. പശ്ചാതാപ ബോധത്തിന്റേയും അടിമത്വത്തിന്റേയും വിളംബരമാണ് ഹംദ്. ( 9: 112 )
التَّائِبُونَ الْعَابِدُونَ الْحَامِدُونَ അഥവാ പശ്ചാത്താപ വിവശനാവാതെ ,റബ്ബിന് വഴിപ്പെടാതെ ,ചെയ്യാൻ കഴിയുന്ന കർമ്മമല്ല ഹംദ് എന്നർഥം.റബ്ബിന്റെ കൃപയാൽ ഒരു വ്യക്തി തന്റെ ഉമ്മയുടെ ഉദരത്തിൽ ജീവന്റെ തുടിപ്പായി തുടങ്ങുന്നതു മുതൽ റബ്ബിന്റെ ശ്രദ്ധ അവന്റെ കൂടെയുണ്ട്. നാഥന്റെ അനുഗ്രഹമില്ലാത്ത ഒരു നിമിഷം പോലും മനുഷ്യനെ കടന്നുപോകുന്നില്ല. സൂര്യൻ, ചന്ദ്രൻ, നക്ഷത്രം, മേഘങ്ങൾ, മൃഗങ്ങൾ, മരങ്ങൾ, ജലം, മറ്റ് നേട്ടങ്ങൾ എന്നിങ്ങനെ നിരവധി വിഭവങ്ങളാൽ അവൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ഇവയെല്ലാം നമ്മുടെ നേട്ടങ്ങൾക്കും താൽപ്പര്യങ്ങൾക്കും വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് ഖുർആൻ പലകുറിവ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ആളുകളും ഈ അനുഗ്രഹങ്ങളെയെല്ലാം ധിക്കരിച്ചും അവിശ്വസിച്ചും നിഷേധിച്ചും പ്രതികരിക്കുന്നവരാണ്. അനുഗ്രഹം നന്ദിയോടെ സ്വീകരിച്ചില്ലെങ്കിൽ, അത് അതിന്റെ ഉടമകൾക്ക് എന്നെന്നും ശാപമായും പിഴയായും മാറുകയാണ് ചെയ്യുന്നത്.
الحَمْدُ مَغْنَمٌ، والمَذَمَّة مَغْرَمٌ എന്ന് പറയാറുണ്ട്. സ്തുതി ഗനീമതാണെന്നും ഇകഴ്ത്തൽ ഹാനിയുമാണെന്നർത്ഥം… മനുഷ്യ ജീവിതത്തിന്റെ പല കാര്യങ്ങളിലും ഈ ചൊല്ല് വളരെ അർത്ഥവത്തായി അനുഭവപ്പെട്ടിട്ടുണ്ട്. സൂറതുൽ ആദിയാത് പഠിപ്പിച്ചപ്പോൾ മർഹൂം സി.കെ കോയ ഉസ്താദ് (കൊച്ചി) പറഞ്ഞ
“നന്ദിയുള്ളവനെ പട്ടിയെന്നും നന്ദികേട് കാട്ടുന്നവനെ മനുഷ്യനെന്നും വിളിക്കുന്നു നമ്മൾ..” എന്ന വാചകം ഇന്നും ഓർക്കുന്നു.
നിറഞ്ഞു കവിയുന്നതാണ് നന്ദി അഥവാ ശുക്ർ .അകിട് നിറഞ്ഞു പാൽ ചുരത്താലാണത്രെ അറബി ഭാഷയിൽ ശുക്ർ .ഉപകാരസ്മരണ, കൃതജ്ഞതബോധം എന്നൊക്കെയാണ് ‘ശുക്റി’ന്റെ അർഥ തലങ്ങൾ. കുഫ്ർ അഥവാ നിഷേധം എന്നതിന്റെ വിപരീത പദമായ കുശ്റ് ആണ് മറിഞ്ഞ് ശുക്റായത്.
ഒരാൾ ഒരുപകാരം ചെയ്താൽ അതിന് നന്ദി കാണിക്കുന്നതിന്റെ രൂപം ഇതാണ്: ഉപകാരത്തെ ഹൃദയംഗമമായി സമ്മതിക്കുകയും നാവുകൊണ്ട് ഏറ്റുപറയുകയും പ്രവൃത്തി മുഖേന ഉപകാരസ്മരണയുള്ളവനെന്ന് തെളിയിക്കുകയും ചെയ്യുക. ഇത് മൂന്നും കൂടിച്ചേർന്നതാണ് ‘ശുക്ർ.’ അനുഗ്രഹത്തെ അനുഗ്രഹദാതാവോട് ബന്ധപ്പെടുത്തണം. മറ്റാരോടും ബന്ധപ്പെടുത്തുകയുമരുത്. ഉപകാരസ്മരണയിൽ മറ്റാർക്കും പങ്കനുവദിക്കരുത്. അനുഗ്രഹദായകനോട് സദാ കൂറും നന്ദിയുമുണ്ടായിരിക്കണം. അവന്റെ ശത്രുക്കളോടാവരുത് സ്നേഹവും കൂറും . അനുഗ്രഹദാതാവിന്റെ ആജ്ഞാനുവർത്തിയായി എപ്പോഴും നിലകൊള്ളണം. അവന്റെ അനുഗ്രഹങ്ങൾ അവന്റെ ഉദ്ദേശ്യങ്ങൾക്ക് വിപരീതമായി ഉപയോഗപ്പെടുത്താതിരിക്കണം- ഇതെല്ലാമാണ് ശുക്റിന്റെ താൽപര്യങ്ങൾ.
അനുഗ്രഹദാതാവിനെയും ആ അനുഗ്രഹത്തെയും മനസ്സാ അറിഞ്ഞുവേണം നന്ദിപ്രകടിപ്പിക്കേണ്ടത് എന്ന് ചുരുക്കം .അപ്പോഴാണ് വിശപ്പിന്റെ കാഠിന്യത്തിൽ കിട്ടുന്ന പാലുപോലും നാളെ ചോദ്യംചെയ്യപ്പെടുന്ന അനുഗ്രഹമാണെന്ന തിരിച്ചറിവ് വിശ്വാസിയിൽ രൂഡമൂലമാവുമെന്നതിന് അബൂബക്ർ (റ) , ഉമർ (റ) എന്നിവരോടൊപ്പം അബൂ അയ്യൂബൽ അൻസ്വാരിയുടെ ആതിഥ്യം സ്വീകരിച്ചതിന് ശേഷം നബി (സ) ഓതിയ ആയത് ധാരാളം മതി.. ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ അന്നത്തെ ദിവസം, നിങ്ങളോട് സുഖാനുഗ്രഹങ്ങളെപ്പറ്റി നിശ്ചയമായും ചോദ്യം ചെയ്യപ്പെടും! 102: 8
لا يشكر اللهَ من لا يشكر الناسَ ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവിനു നന്ദി കാണിച്ചിട്ടില്ല എന്നർത്ഥം …
اللهم لك الحمد كله، ولك الشكر كله അല്ലാഹുവേ നിനക്കാണെല്ലാ സ്തുതിയും നന്ദിയും …. ( തുടരും )