ഫാസ്റ്റ് കാലം ഫീസ്റ്റ് കാലമല്ല
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ٢ : ١٨٣
“ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പുള്ളവരുടെ മേൽ നിയമിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മേലും നോമ്പ് നോൽക്കൽ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ സൂക്ഷ്മത പാലിച്ചേക്കാം ” 2:183
നോമ്പിന് അറബിയിൽ സ്വൗം / صوم എന്നാണ് പറയുക.
പരമകാരുണികനു വ്രതം അനുഷ്ഠിക്കുവാൻ ഞാൻ നേർന്നിരിക്കുകയാണ്; ആകയാൽ, ഞാൻ ഇന്നു ഒരു മനുഷ്യനോടും സംസാരിക്കുകയില്ലതന്നെ എന്ന നിലയിൽ സംസാരം നിയന്ത്രിച്ച മർയം ബീവിയുടെ ചരിത്രം പറയുന്നയിടത്ത് (19:26) ഉപയോഗിച്ച പദമാണ് സ്വൗം.
കുതിരയെ അതിൻറെ ദുർമേദസ് ഇല്ലാതാക്കാൻ, അതിൻറെ കായിക ക്ഷമത വീണ്ടെടുക്കാൻ ഭക്ഷണവും മറ്റും നിയന്ത്രിച്ച് കർശന പരിശീലനങ്ങളിൽ വിധേയമാക്കുന്ന കാലമാണ് സ്വൗം.
അത്തരം കുതിരയെ ഫർസുൻ സ്വാഇം / فرس صائم എന്നാണ് അറബിയിൽ പറയുക.
പിന്നീടുള്ള ജാക്ക്പോട്ടുകളിൽ കൂടുതൽ വേഗതയിൽ പങ്കെടുക്കാനുള്ള ഓജസ് കിട്ടുന്നത് വർഷത്തിലുള്ള ഈ നിയന്ത്രണകാലം കൊണ്ടാണ്. ആ കാലഘട്ടത്തിൽ ഭക്ഷണ നിയന്ത്രണം തന്നെ മുഖ്യം.
എന്നാൽ ഞാനും നിങ്ങളുമടങ്ങുന്ന മുസ്ലിംകളുടെ നോമ്പ് ഈ ലക്ഷ്യത്തിൽ നിന്നെല്ലാം പുറത്ത് പോയിരിക്കുന്നു എന്ന സംഗതി എന്തായാലും സത്യമാണ്. നമ്മുടെ ബഡ്ജറ്റ് തെറ്റുന്നതും പലപ്പോഴും ഈ “നിയന്ത്രണ” കാലത്താണ്. ഫാസ്റ്റ് കാലം ഫീസ്റ്റ് കാലം എന്ന് പറയാൻ പറ്റുന്ന രീതിയിൽ ആയി മാറ്റിയിരിക്കുന്നു ഓരോ വീടകങ്ങളിലെ അത്താഴ / നോമ്പുതുറ / മുത്താഴ വേളകളിലെ മെനു .
ആരുടെ നോമ്പു മാസത്തിലെ ചെലവ് മറ്റു മാസങ്ങളിലെ ചെലവിനേക്കാൾ കൂടുതലാണോ അവൻറെ സ്വൗമിൻറെ ആത്മാവ് ചോർന്നുവെന്ന് മനസ്സിലാക്കുക.
ആയതിനാൽ നാം നോമ്പിൻറെ ചൈതന്യമുൾക്കൊണ്ട് എല്ലാവിധ നിയന്ത്രണങ്ങൾക്കും വിധേയമാവുമെന്നും നാവു കൊണ്ടും ശരീരം കൊണ്ടുമുള്ള അതിരു കടക്കുന്നതിൽ നിന്നും ബോധപൂർവ്വം വിട്ടു നില്ക്കുന്നത് പോലെ നോമ്പ്ജന്യ ധൂർത്തിൽ നിന്നും അകന്നു നില്ക്കുമെന്നും ശപഥം ചെയ്തു കൊണ്ട് പുണ്യമാസത്തെ സ്വീകരിക്കുക …
നാഥൻ തുണക്കട്ടെ..