ശക്തർക്കാഭരണം ക്ഷമ
പണ്ട് കാലത്ത് വൻസമുദ്രങ്ങൾ താണ്ടിക്കടന്നുപോകാൻ മാത്രം ശേഷിയുള്ളവയും വലിപ്പമേറിയവയുമായ സമുദ്രയാനങ്ങളായ കപ്പലും പത്തേമാരിയും ഉരുവുമെല്ലാം നിർമ്മിക്കുമ്പോൾ പ്രത്യേകം മരവും കീലുമുപയോഗിച്ച് അടിഭാരം സ്ഥിരസ്ഥിതിയായി നിലനിർത്തിയിരുന്ന പ്രക്രിയക്ക് അറബിയിൽ പറയുന്ന പേരാണ് صابورة/ സ്വാബൂറ . ശക്തമായ തിരമാലകളിലും കാറ്റിലും കോളിലും ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടി
കപ്പലിന്റെ ബാലൻസ് നഷ്ടപ്പെടാതിരിക്കാനായിരുന്നു ഈ പരിപാടി. ഇക്കാലത്തും കപ്പലിന്റെ അടിഭാരം ബാലൻസ് ചെയ്യുന്ന യൂണിറ്റിന് ballast എന്നാണ് പറയുക. സ്വാബൂറയുടെ ആംഗലേയ നാമമാണത്.
ജീവിതമാവുന്ന തിരമാലകളിൽ ആടിയുലയാതിരിക്കാൻ വിശ്വാസികൾ നെഞ്ചിൽ സ്ഥാപിക്കേണ്ട ബാലസ്റ്റാണ് ക്ഷമ, സഹനം എന്നെല്ലാം അറിയപ്പെടുന്ന സ്വബ്ർ. നമസ്കരിക്കുന്ന/നോമ്പ് നോക്കുന്ന / സകാത് കൊടുക്കുന്ന / ഹജ്ജ് ചെയ്യുന്നവരോടൊപ്പമാണ് അല്ലാഹു എന്ന് ഖുർആൻ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ إِنَّ اللَّهَ مَعَ الصَّابِرِينَ എന്ന് ഖുർആനിൽ നാല് സ്ഥലങ്ങളിലാണ് പറഞ്ഞിട്ടുള്ളത്. അഥവാ ക്ഷമാശാലികളോടൊപ്പമാണ് അല്ലാഹു എന്നു സാരം.
സഹനം അവരുടെ അനിവാര്യമായ ഗുണമായി മാറുകയാണെങ്കിൽ മാത്രമേ അവന്റെ സാമിപ്യവും സഹായവും ലഭിക്കൂ എന്ന് സൂചിപ്പിക്കാൻ “നിങ്ങളോടൊപ്പം” / معكم എന്ന് പറയാതെ مَعَ الصَّابِرِينَ എന്നാണ് പറഞ്ഞത്.സ്ഥിരോത്സാഹത്തോടെയും തുടർച്ചയോടെയും ക്ഷമയോടെയും അല്ലാതെ വിജയിക്കുകയില്ല എന്നർഥം. فما انْقادَتِ الآمالُ إلا لِصابِرِ. ക്ഷമാലുവിനല്ലാതെ പ്രതീക്ഷകൾ കീഴടങ്ങിയിട്ടില്ല … അതാണ് ദൈവിക വ്യവസ്ഥ ;സയ്യിദ് ഖുത്വുബിന്റെ ഭാഷയിൽ كلية ناموس الكون (പ്രപഞ്ച നിയാമക സാകല്യം). സ്വബ്ർ എന്നതിന് അലി (റ) നല്കിയ സുന്ദരമായ ഒരു നിർവചനമുണ്ട്.
الصَّبْرُ حَبْسُ النفس عن المحبوب وحَبْسُ النفس على المكروه ഇഷ്ടപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടുമ്പോഴും വെറുക്കപ്പെട്ടവ സംഭവിക്കുമ്പോഴും മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നതിന്റെ പേരാണ് صبر. ജ്ഞാനികൾ റമദാനെ പൊതുവെ ശഹ്റു സ്സ്വബ്ർ ( ക്ഷമയുടെ മാസം )എന്ന് വിശേഷിപ്പിക്കാറുണ്ട്. കാരണം സ്വബ്റിന്റെ ഫാക്ടറി നോമ്പാണ്.ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ ( CE1238 – 1325) പറഞ്ഞ പ്രസിദ്ധ വാചകമുണ്ട് : “പ്രാർത്ഥനയുടെ പകുതിയാണ് ഉപവാസം; മറ്റേ പകുതി ക്ഷമയാണ്.”
വിശുദ്ധ ഖുർആനിൽ 93 സ്ഥലങ്ങളിലായി 114 തവണ സ്വബ്റും നിഷ്പന്ന രൂപങ്ങളും പരാമർശിക്കപ്പെടുന്നു. സൂറ: ബഖറയിൽ മാത്രം 9 തവണയും ആലു ഇമ്രാനിലും കഹ്ഫിലും 8 തവണയും സൂറ: നഹ് ലിൽ 7 തവണയും സ്വബർ ആവർത്തിക്കുന്നു. അപ്പറഞ്ഞതിൽ ഏറ്റവും ഹൃദ്യമായ ഒരു പ്രയോഗമാണ് صبر جميل ( മനോഹരമായ ക്ഷമ ) എന്ന പ്രയോഗം صبر لا شكوى فيه. യാതൊരു പരാതിയുമില്ലാത്ത ക്ഷമ. യൂസുഫ് – യ്അഖൂബ് (അലൈഹിമാ സ്സലാം) ചരിത്രത്തിലാണ് ( യൂസുഫ് 8) പ്രസ്തുത പരാമർശം വന്നിട്ടുള്ളത്. നബിയോടും അതനുവർത്തിക്കാനാണ് ഖുർആന്റെ ആഹ്വാനം.فَٱصْبِرْ صَبْرًا جَمِيلًا / ഭംഗിയായി ക്ഷമിക്കൂ 70:5.
മക്കാ വിജയ ദിവസം തന്നെ ഇക്കാലമത്രയും ദ്രോഹിക്കുക മാത്രം ചെയ്ത ജനങ്ങളെ അഭിസംബോധന ചെയ്തു നബി അതി സുന്ദരമായി ചരിത്രത്തിന്റെ കരിമ്പാറയിൽ കൊത്തിവെച്ചു ആ വാചകം.ഇല്ലായിരുന്നുവെങ്കിൽ പഴയ ക്ഷമക്കഥയിലെ കടൽ പുറത്തെ മണലിലെ എഴുത്തായി മാത്രം ആ മഹാ സംഭവം അത് മാറുമായിരുന്നു. ചരിത്രത്തിൽ പ്രതികാരത്തിനു മുതിരുന്നവരാരും മാതൃകാ പരമായ നേതൃസ്ഥാനത്തിന് അർഹരായിട്ടില്ല. ക്ഷമ എക്കാലത്തും ശക്തരുടെ ഗുണമാണ്;ശക്തരുടെ ആയുധവും ആഭരണവുമാണത് . ലോകത്ത് എവിടെയും എപ്പോഴും വാശിയുടേയും മത്സരത്തിന്റെയും യുദ്ധങ്ങളുടെയും ഒക്കെ പിന്നിൽ ക്ഷമയില്ലായ്മയാണ്.
ക്ഷമ ആശ്വാസത്തിന്റെ താക്കോലാണെന്ന് അറബിയിൽ ഒരു ആപ്തവാക്യമുണ്ട് الصبر مفتاح الفرَج. ഇത് നമ്മൾ പറയുന്ന കേവലമൊരു ചൊല്ലല്ല.സർവ്വശക്തനായ റബ്ബ് പറഞ്ഞതാണ്: {إِنِّي جَزَيْتُهُمُ الْيَوْمَ بِمَا صَبَرُوا} (ക്ഷമിച്ചതിന് ഞാനിന്നവർക്ക് പ്രതിഫലം നൽകി) 23:111
അവർ നമസ്കരിച്ചതോ നോമ്പനുഷ്ഠിച്ചതോ മറ്റ് ആരാധനകൾ നിർവഹിച്ചത് കൊണ്ടോ ആണ് ഈ പ്രതിഫലം എന്ന് അല്ലാഹു എവിടെയും പറഞ്ഞിട്ടില്ല. കാരണം വേദനിക്കുന്ന സമയത്ത് രക്തം കൊടുത്തും അടയാളപ്പെടുത്തുന്ന ഹൃദയപൂർവമായ ആരാധനയാണ് ക്ഷമ. ക്ഷമയെകുറിച്ച് എപ്പോഴും നമ്മൾ വലിയ വർത്തമാനം പറയാറുണ്ട്. പക്ഷേ എന്തെങ്കിലുമൊരു പ്രശ്നം വരുന്ന സമയത്ത് പലർക്കും ക്ഷമിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്…
إنما الصبر عند الصدمة الأولى സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞ ഉമ്മയോടാണ് നബി (സ) ഈ വർത്തമാനം പറഞ്ഞത്. ക്ഷമ ആഘാതത്തിന്റെ തുടക്കത്തിലെ വേണമെന്നർഥം. തല്ലുന്നവന്റെ തല്ല് കൊള്ളുന്നിടം കൊണ്ട് ക്ഷമിച്ചിരിക്കുന്നു എന്നു വീമ്പിളക്കുന്ന ശിക്കാരി ശംഭു പുരുഷോത്തമന്മാർ പക്ഷേ ഈ വാചകത്തെ പലയർഥത്തിലും തെറ്റുധരിച്ചിരിക്കുന്നു. പ്രതിസന്ധികളിൽ ക്ഷമ ധീരതയിൽ കുറവായിട്ടാണ് ഇന്ന് പലരും കാണുന്നത്. ക്ഷമ തോൽവിയാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. വാസ്തവത്തിൽ സഹനവും ക്ഷമയും പ്രശ്ന പരിഹാരമാണ്. നമ്മുടെയൊക്കെ ശാന്ത സുന്ദരമായ ഭാസുര ജീവിതത്തിലേക്കുള്ള മൂലധനമാണത് ;ബോധപൂർവ്വം ആർജിച്ചെടുക്കേണ്ടത്.
ഒരു സൂഫി കഥയുണ്ട്.
ശൈഖിനോട് ഒരു മുരീദ് ചോദിച്ചു: ക്ഷമയുടെ അർഥമെന്താണ് ? ക്ഷമിക്കേണ്ടത് എങ്ങനെയാണ്? ശൈഖ് : ‘ഒരു പൂവിനെ ഞെരിച്ചമർത്തുമ്പോൾ അത് തിരിച്ചു നൽകുന്ന സുഗന്ധമാണ് ക്ഷമ’. ക്ഷമ / സഹനം / صبر എന്നീ മൂന്നക്ഷരങ്ങളിൽ അർത്ഥങ്ങളുടെ മഹാ പ്രതിഭാസങ്ങൾ അടങ്ങിയിരിക്കുന്നു. അവയുടെ ഫലങ്ങൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവയാണ്.
“ക്ഷമ” പണ്ഡിതന്മാരുടെയും പ്രഭാഷകരുടെയും ‘കത്തീ ‘ബന്മാരുടെയും നാവുകളിൽ ഈ വിഷയം എത്ര തവണ ആവർത്തിച്ചു പറഞ്ഞു വരുന്നു !! എത്ര കവിതകളും തത്വങ്ങളും പഴഞ്ചൊല്ലുകളും ട്വീറ്റുകളും പോസ്റ്റുകളും തദ്വിഷയകമായി നാം വായിച്ചിരിക്കുന്നു.
എന്തൊക്കെയായാലും നമ്മിൽ പലർക്കും അത്യാവശ്യ ഘട്ടങ്ങളിൽ എത്തിപ്പെടാൻ കഴിയാത്ത രീതിയിലുള്ള ഗിരിശൃംഗമാണത്.
അല്ലാഹുവിന്റെ വളരെ ലളിതമായ വസ്വിയതാണ് ക്ഷമ : ക്ഷമയും, നമസ്കാരവും വഴി നിങ്ങൾ സഹായം തേടിക്കൊള്ളുവിൻ. നിശ്ചയമായും ഇത് വലിയ കാര്യം തന്നെയാകുന്നു, ഭക്തന്മാർക്കൊഴികെ. 2:45
ക്ഷമയെന്ന ആഭരണം പ്രതിഫല ദായകവും മഹത്തരവുമാണെന്ന് അല്ലാഹു ഉണർത്തുന്നു:-
പറയുക: ‘വിശ്വസിച്ചവരായ എന്റെ അടിയാന്മാരേ, നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിൻ. ഈ ഇഹലോകത്തുവെച്ച് നന്മ പ്രവർത്തിക്കുന്നവർക്കു നന്മയുണ്ട്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ, വിശാലമായതുമാകുന്നു. സഹനശീലർക്കു അവരുടെ പ്രതിഫലം, കണക്കില്ലാതെയത്രെ നിറവേറ്റിക്കൊടുക്കപ്പെടുക, തീർച്ച’ 39:10
നാം മനസ്സിൽ സജീവമായി നിലനിർത്തേണ്ട ഒരു ഹദീസുണ്ട്: ” വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവനു സന്തോഷമുണ്ടാവുമ്പോൾ അല്ലാഹുവിന് നന്ദി ചെയ്യും, അപ്പോൾ അതവനു നന്മയാകും. പ്രയാസമുണ്ടാകുമ്പോൾ അവൻ ക്ഷമിക്കും, അപ്പോഴും അത് അവന് നന്മയാകും.”
ക്ഷമ.. പലപ്പോഴും എല്ലാ സദ്ഗുണങ്ങളുടെയും സംഗമസ്ഥലിയാണ്. എല്ലാ ദുർഗുണങ്ങളും ഉണ്ടാവുന്നതും പരകായ പ്രവേശം നടത്തുന്നതും ക്ഷമ കൈമോശം വരുമ്പോഴാണ് . ശാന്തതയുടെ താക്കോലാണത്, ആത്മാവ് അനുരഞ്ജിപ്പിക്കപ്പെടുകയും മനസ്സുകൾ പ്രബുദ്ധമാവുകയും മനസ്സാക്ഷികൾ ശാന്തമാവുകയും ചെയ്യുന്നതാണ് ക്ഷമയുള്ളപ്പോൾ നമുക്കനുഭവപ്പെടുന്നത്. അല്ലാത്തവരുടെ നെഞ്ചകങ്ങൾ ഗർജിക്കുന്ന സാഗരങ്ങളാവും.ഗുരുതരമായ വിഷയങ്ങൾക്കെതിരെ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആയുധമാണിത്.
ജീവിതത്തെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ‘ഞാൻ തലകുനിക്കില്ല, റബ്ബ് എന്നോടൊപ്പമുണ്ട്’ എന്ന് നെഞ്ചിൽ കൈവെച്ച് ഒന്നു പറഞ്ഞു നോക്കൂ. ഏതു വൈതരണികളെയും സുന്ദരമായി മറികടക്കാൻ കഴിയും. സഹിഷ്ണുതയോടു സ്ഥിരോത്സാഹത്തോടും , ശാന്തവും ശ്രദ്ധാപൂർവവുമായ പ്രയത്നത്തിലൂടെ സകലമാന പ്രശ്നങ്ങളെയും നമുക്ക് മന്ദഹാസത്തോടെ നേരിടാൻ കഴിയും.
സഹനമാണ് പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസിയുടെ ഒരേയൊരു അഭയം. പ്രതികൂല സാഹചര്യങ്ങളിൽ നമ്മുടെ ചെവിയിൽ ആരോ മന്ത്രിക്കുന്നത് കേൾക്കാം: അടങ്ങൂ , ആശ്വാസം അടുത്തിരിക്കുന്നു , വിഷാദത്തിന്റെ സായാഹ്നത്തിന് ശേഷം പ്രതീക്ഷയുടെ ഒരു പെരുന്നാൾ പുലരി പുലരാനിരിക്കുന്നു .
പഠന വേളയിൽ നമുക്ക് പഠിക്കാനും ഉയരാനുമുള്ള അർഹതയുണ്ട് എന്ന് രഹസ്യമായി പറയുന്ന പാഠ പുസ്തകമാണ് ക്ഷമ. നമ്മുടെ ഭാവിക്ക് വേണ്ടി പിതാവിന്റെ / മാതാവിന്റെ നെറ്റിയിൽ നിന്നൊഴുകുന്ന വിയർപ്പ് തുള്ളിയാണ് ക്ഷമ. ഭാവിയിൽ നാം വളരും, തണലാവും എന്ന് അവരോട് പറഞ്ഞു കൊടുത്തിരുന്നത് അവരുടെ സഹനവും പ്രതീക്ഷയുമായിരുന്നു.ക്ഷമ ഇരുട്ടിൽ വെളിച്ചവും രോഗകാലത്ത് മരുന്നുമാണ്. തടവറയിൽ സ്വാതന്ത്ര്യത്തിന്റെ സ്വപ്നവും യുദ്ധത്തിൽ ധീരതയും സർവോപരി എല്ലാ പ്രവാചകന്മാരുടെയും നവോത്ഥാന നായകരുടെയും മാർഗവുമാണത്. ക്ഷമയുടെ നെല്ലിപ്പടി കണ്ടവൻ ജീവിതത്തിൽ തകരുകയില്ല , യാതൊരു ദുരിതവും ഇരുലോകത്തും അവനെ ബാധിക്കുകയുമില്ല.
ഉപസംഹാരമായി പറയട്ടെ: ക്ഷമ വിലമതിക്കാനാവാത്ത നിധിയാണ്. അതിനെ നമ്മുടെ കരുതലായി മാറ്റുക . സഹനത്തിന്റെ വൃക്ഷം എല്ലായ്പ്പോഴും പ്രതീക്ഷയുടെ ഫലങ്ങൾ മാത്രമെ ഉത്പാദിപ്പിക്കാറുള്ളൂ. കാലം സാക്ഷി, ചരിത്രം സാക്ഷി . ( തുടരും)