മക്കളുടെ റമദാൻ കാലം
عَنِ الرُّبَيّعِ بِنْتِ مُعَوِّذِ رضى الله عنهاَ . قالت: أَرْسَلَ النبي صلى الله عليه وسلم غَدَاةَ عَاشُورَاءَ إِلَى قُرَى الأَنْصَارِ: مَنْ َ أَصْبَحَ مُفْطِرًا فَلْيُتِمَّ بَقِيَّةَ يَوْمِهِ وَمَنْ أَصْبَحَ صَائِمًا فَلْيُصَمَ. قالت فَكُنَّا نصومه بَعْدَ وَنُصَوِّمُ صِبْيَانَنَا وَنَجْعَلُ لَهُمُ اللُّعْبَةَ مِنَ الْعِهْنِ فَإِذَا بَكَى أَحَدُهُمْ عَلَى الطَّعَامِ أَعْطَيْنَاهَ ذلك حتى يكون عند الإِفْطَارِ.
റുബയ്യിഅ ബിൻതു മുഅവ്വിദിൽനിന്ന് : അൻസ്വാരികളുടെ ഗ്രാമങ്ങളിലേക്ക് ആശൂറാ ദിവസം പ്രഭാതത്തിൽ നബി ഒരാളെ ഇങ്ങനെ വിളംബരപ്പെടുത്താൻ നിയോഗിച്ചു: നോമ്പില്ലാതെ പ്രഭാതത്തിൽ എഴുന്നേറ്റവൻ ബാക്കിയുള്ള നേരം നോമ്പെടുക്കട്ടെ. നോമ്പുകാരായി പ്രഭാതത്തിലെഴുന്നേറ്റവർ നോമ്പ് പൂർത്തിയാക്കട്ടെ. ‘ അതിനു ശേഷം ഞങ്ങൾ ആശൂറാ നോമ്പ് നോൽക്കുകയും കുട്ടികളെക്കൊണ്ട് നോൽപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായി രോമങ്ങൾകൊണ്ട് ഞങ്ങൾകളിപ്പാട്ടമുണ്ടാക്കും. വല്ല കുട്ടികളും ഭക്ഷണത്തിനായി കരഞ്ഞാൽ നോമ്പ് തുറക്കുവോളം കളിപ്പാട്ടം നൽകി ഞങ്ങളവരെ കളിപ്പിക്കുമായിരുന്നു. (ബുഖാരി)
മക്കൾ ഐഹികലോകത്തെ അലങ്കാരവും അല്ലാഹുവിൻറെ അനുഗ്രഹവുമാണ്. വിശ്വാസികളെ സംബന്ധിച്ചേടത്തോളം നാഥനോടുള്ള പ്രാർഥനയുടെ ഫലമാണ്. കുഞ്ഞുങ്ങളെ സ്നേഹിച്ചും അവരോട് കരുണകാണിച്ചും വളർത്തുക രക്ഷിതാക്കളുടെ മതപരമായ താൽപര്യമാണ്.
മക്കളുടെ ശരിയായ ശിക്ഷണം മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തമാണ്. മാതാപിതാക്കൾ മക്കളുടെ പ്രാഥമിക പാഠശാലയാണ്. തഹ് രീം അധ്യായത്തിൽ അല്ലാഹു ഉണർത്തിയല്ലോ: “സത്യവിശ്വാസികളേ, നിങ്ങൾ നിങ്ങളെയും കുടുംബത്തെയും നരകത്തിൽ നിന്ന് രക്ഷിക്കുക… ”
അബ്ദുല്ലാഹിബ്നു ഉമർ പ്രവാചകനെ കേട്ടതായി ഉദ്ധരിച്ച ഹദീസിൽ പറഞ്ഞതായി കാണാം:”…പുരുഷൻ തൻറെ വീട്ടിലെ ഉത്തരവാദപ്പെട്ടവനാണ്. വീട്ടുകാരെ കുറിച്ച് അവൻ ചോദിക്കപ്പെടും. സ്ത്രീ ഭർതൃവീട്ടിലെ ചുമതലക്കാരിയാണ്. അവിടത്തുകാരെ കുറിച്ച് അവൾ വിചാരണ നേരിടേണ്ടിവരും. …..” (ബുഖാരി, മുസ്ലിം)
മക്കളുടെ സംസ്കരണം രക്ഷിതാക്കൾക്ക് ഇഹത്തിലും പരത്തിലും അനുഗ്രഹമായിത്തീരും. മനുഷ്യൻ മരിച്ചാൽ അവശേഷിക്കുന്ന പ്രധാനമായ മൂന്ന് കാര്യങ്ങളിൽ ഒന്ന് അവനുവേണ്ടി പ്രാർഥിക്കുന്ന സന്താനമാണ്. ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനു തുല്യമാണ് കുട്ടികൾക്ക് സംസ്കാരം പഠിപ്പിക്കൽ. മക്കൾക്ക് ഉത്തമമായ സംസ്കാരവും ദീനീ വിദ്യാഭ്യാസവും നൽകൽ ഒഴിച്ചുകൂടാത്ത ബാധ്യതയാണ്. ഏഴ് വയസ്സാകുമ്പോൾ തന്നെ നമസ്കാരം ശീലിപ്പിക്കാനും നിഷ്ഠയിൽ വളർത്താനും തിരുനബി ഓർമിപ്പിക്കുന്നു. വളരും തലമുറക്ക് ആവശ്യമായ ശിക്ഷണശീലനങ്ങളിലൂടെ ദൈവികാനുസരണത്തിലും ആരാധനകളിലും തൽപരനായ സന്താനമാക്കി നിലനിർത്താൻ ബോധപൂർവമായ ശ്രദ്ധവേണം. സമയാസമയം മക്കളുടെ സംസ്കരണത്തിനാവശ്യമായ ഇടപെടൽ ആവശ്യമാണ്. ചരിത്രത്തിൽ കാണാം. ഉമറുബ്നു അബ്ദിൽ അസീസ് യുവാവായിരിക്കെ പിതാവ് അദ്ദേഹത്തെ കർമശാസ്ത്രവും ദീനീജ്ഞാനവും പഠിക്കുന്നതിനായി മദീനയിലേക്ക് അയച്ചു. സ്വാലിഹുബ്നു കൈസാൻ ആയിരുന്നു ഉമറിൻറെ ഗുരുവും മാർഗദർശിയും. ഉമറുബ്നു അബ്ദിൽ അസീസ് പള്ളിയിൽ വരാത്തകാര്യം ഒരു ദിവസം ഗുരുനാഥൻറെ ശ്രദ്ധയിൽപെട്ടു. അപ്പോൾ അദ്ദേഹം കാര്യം തിരക്കാൻ ഉമറിൻറെ അടുത്തേക്ക് പോയി. ‘ജമാഅത്ത് നമസ്കാരത്തിൽനിന്ന് താങ്കളെ അകറ്റിയതെന്തെന്ന് തിരക്കി. ഉമർ പറഞ്ഞു: എൻറെ മുടി നന്നാക്കുകയായിരുന്നു. അദ്ഭുതത്തോടെ ഗുരു ചോദിച്ചു. നിൻറെ മുടി നന്നാക്കൽ നമസ്ക്കാരത്തിൽനിന്നു നിന്നെ പിന്തിക്കാൻ മാത്രമായോ? ഉമറിൻറെ പിതാവ് അബ്ദുൽ അസീസിബ്നി മർവാന് അദ്ദേഹം കത്തെഴുതി. ആ അവസ്ഥ ആവർത്തിക്കാതിരിക്കുമാറ് തല മുണ്ഡനം ചെയ്യാനായിരുന്നു പിതാവിൻറെ കൽപന. (സിയറു അഅലാമിന്നുബലാ 9:133.
റമദാൻ അനുഗ്രഹങ്ങളുടെ പേമാരിപെയ്യുന്ന കാലം. എല്ലാ ആരാധനകളിലും വെച്ച് ഏറ്റം ദൈർഘ്യമേറിയ ആരാധന. തലമുറകളെ ദൈവികാധ്യാപനങ്ങളിൽ അനുരക്തരായി വളർത്തുന്നതിനുള്ള ഏറെ ഉചിതമായ സന്ദർഭമാണ് റമദാൻ. തഖ്വയുടെ പാഠശാലയെന്ന് വിശേഷിപ്പിക്കാവുന്ന കളരി . ശഹ്റു റമദാനിൽ നിന്ന് ഏറെ പ്രയോജനപ്രദമായ അധ്യാപനങ്ങളും ഗുണപാഠങ്ങളും വിശ്വാസിക്ക് ആർജിക്കാനുണ്ട്. സുദീർഘമായ ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിൻറെ ക്ലേശപൂർണമായ അനുഭവങ്ങൾ, കുടുംബത്തിനും രക്തബന്ധുക്കൾക്കുമുള്ള നന്മയും സുകൃതവും, ആവശ്യക്കാർക്കും ദരിദ്രർക്കുമുള്ള ധനവ്യയം, രാത്രിനമസ്കാരം തുടങ്ങി എണ്ണമറ്റ അനുസരണങ്ങൾക്കുള്ള പരിശ്രമങ്ങൾ അതിൽപ്പെട്ടതാണ്.
അല്ലാഹുവിൻറെ ദർശനവും മതചിഹ്നങ്ങളും പ്രായപൂർത്തിയായ മുതിർന്നവർക്ക് മാത്രമുള്ളതല്ല. നോമ്പ് കുട്ടികൾക്ക് കൂടിയുള്ളതാണ്. അവർക്കും കൂടി അവകാശപ്പെട്ടതാണ്. ഉമ്മമാർക്ക് തങ്ങളുടെ മക്കളോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന സമയങ്ങളിൽ മഹത്തായ സമയമാണ് റമദാൻ മാസം. അവർക്ക് ശിക്ഷണംനൽകി വളർത്തുന്നതിലും ആരാധനനകളുടെ നിർവഹണത്തിന് അവരെ പ്രേരിപ്പിക്കുന്നതിലും വലിയ പരിശ്രമങ്ങൾ ഉമ്മാക്ക് കാഴ്ചവെക്കാനുണ്ട്. റമദാൻ മാസം അവസ്സാനിക്കുമ്പോൾ മക്കളുടെ കാര്യത്തിൽ ഉമ്മമാർ ചെയ്ത പരിശ്രമത്തിൻറെ നല്ല ഫലം മക്കളുടെ സ്വഭാവത്തിലും ജീവിതത്തിലും കാണാൻ കഴിയും.
നോമ്പിൻറെ സുന്നത്തുകളിൽ പെട്ടതാണ് അത്താഴം. അത്താഴത്തിൽ അനുഗ്രഹമുണ്ടെന്ന് ലോകഗുരുവായ റസൂലുല്ലാഹ് പറഞ്ഞിട്ടുണ്ട്. അത്താഴം കഴിക്കാൻ മക്കളെ വിളിച്ചുണർത്തുമ്പോൾ ആ സൗഭാഗ്യത്തെ അവരെ ബോധ്യപ്പെടുത്തുകയാണ്. ആഹാരം എന്നതിനപ്പുറത്ത് മറ്റെന്തൊക്കെയോ ആണത്. തികച്ചും അനുചിതമായ ആ സമയത്തെ എഴുന്നേൽപ്പും നോമ്പിനായുള്ള ഒരു വീടിൻറെയും കുടുംബത്തിൻറെയും തെയ്യാറെടുപ്പുകളും ജീവിത ശീലങ്ങളിൽ വരുത്താൻ പോകുന്ന മാറ്റങ്ങളുടെ വിളംബരമാണ്. മക്കളിലേക്ക് പകരുന്ന ഒരിനം പരിവർത്തനമാണിത്. അപ്രകാരം തന്നെയാണ് പ്രഭാത വേളയിലെ ഉറക്കം വിട്ട് നേരത്തെ ഉണർന്ന് കുടുംബത്തോടൊപ്പം സുബ്ഹ് നമസ്കരിക്കുന്നതിനുമുള്ള ശീലം സൃഷ്ടിക്കുമ്പോൾ അത് ജമാഅത്ത് നമസ്കാരത്തിൻറെ അടിത്തറ ഉറപ്പിക്കലാണ്. ഒരു ആത്മീയ സംസ്കാരത്തിൻറെ ബലിഷ്ഠമായ വേര് പിടിപ്പിക്കലാണത്. മക്കൾക്ക് ആഹാരം നൽകുന്നതുപോലെ ചെയ്യേണ്ട കാര്യമാണ് അവരെ പള്ളിയിലേക്ക് കൊണ്ടുപോകുക എന്നത്. അത് പിതാക്കളുടെ ബാധ്യതയാണ്. ഇസ്ലാമിക സമൂഹഗാത്രത്തിൽ മക്കളുടെ മേൽവിലാസം സുസ്ഥാപിതമാക്കുന്നതിലൂടെ വലിയൊരു സംഘത്തിൻറെ തണൽ ലഭിക്കുന്നതിൻറെ സുരക്ഷിതത്വം അതുവഴി അവരനുഭവിക്കുന്നു. തങ്ങളുടെ സംരക്ഷണോത്തരവാദിത്വത്തിൻറെ വിശാലത മഹല്ലിലെ മുതിർന്ന തലമുറയും തിരിച്ചറിയുന്നു. പാവപ്പെട്ടവർക്കുള്ള സ്വദഖ മക്കളെക്കൊണ്ട് കൊടുപ്പിക്കുന്നത് ദാനധർമ്മങ്ങളുടെ പ്രാധാന്യം അവരുടെ മനസ്സിൽ വേരുറക്കാൻ വളരെ സഹായകമാണ്. ദാരിദ്ര്യത്തിൻറെ കെടുതിയനുഭവിക്കുന്നവരെ നോമ്പ് തുറപ്പിക്കുമ്പോൾ മുസ്ലിം സഹോദരങ്ങളോടുള്ള സഹാനുഭൂതിയും ഉദാരതയും അവർക്ക് പ്രിയകാര്യമായി മാറും. കുട്ടികളുടെ വിശപ്പനുഭവങ്ങൾ പശിയകറ്റാൻ ഒന്നും കണ്ടെത്താൻ കഴിയാത്ത സാധുക്കളോട് അനുകമ്പ കാണിക്കേണ്ടതുണ്ടെന്ന വിദ്യാഭ്യാസം അവർക്ക് പകർന്ന് നൽകും. മക്കളുടെ മനസ്സിൽ നോമ്പിൻറെ ഇത്തരം പൊതുവായ പാഠങ്ങൾ നട്ടുവളർത്താൻ കുടുംബത്തിനു കഴിയണം. മഹത്തായ ലക്ഷ്യങ്ങളോടെയുള്ള സദൃശമായ അജണ്ടകൾ വീട്ടിലും കുടുംബത്തിലും നടപ്പാക്കേണ്ടത് റമദാനിൽ മാത്രമല്ല; മറ്റു മാസങ്ങളിലും ചെയ്യേണ്ട കാര്യങ്ങൾ തന്നെ.
നോമ്പ് എന്ന നിർബന്ധ ആരാധന ചങ്കുറപ്പോടെ ഏത് കാര്യവും നിർവഹിക്കുവാനുള്ള ധീരത സംലഭ്യമാക്കുന്നു. സകാത്തുൽ ഫിത്റിൻറെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നത് അതിൻറെ പൊരുളും അവകാശികളെ സംബന്ധിച്ചേടത്തോളമുള്ള അതിൻറെ പ്രാധാന്യവും ബോധ്യമാക്കുന്നു. നമസ്ക്കരിക്കുന്നതിനും ഇഅതികാഫ് അനുഷ്ഠിക്കുന്നതിന്നും വൈജ്ഞാനിക സദസ്സുകളിൽ പങ്കെടുക്കുന്നതിന്നുമായി പള്ളിയിലേക്കുള്ള നടത്തത്തിലൂടെ പിതാവ് മക്കളുടെ വഴികാട്ടിയും അധ്യാപകനും തത്വത്തിലും പ്രയോഗത്തിലും അവർക്ക് അനുകരണീയനായ നേതാവുമായിത്തീരുന്നു. ഭക്ഷണമുണ്ടാക്കുന്നിടത്തേക്ക് മക്കളെ സഹായത്തിന് ക്ഷണിക്കുന്നതിൽ അവർ സന്തുഷ്ടരായിരിക്കും. അവരുടെ സമയം ചെലവഴിക്കാനും കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലുള്ള ഒരു പരിശീലനവും അതുവഴി ലഭിക്കുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം നല്ലവരായ പൂർവികർ ഉദാത്ത മാതൃക നമുക്ക് പകർന്ന് തന്നിട്ടുണ്ട്. അതിലൊരുദാഹരണമാണ് ആശൂറാ നോമ്പിനെ പ്രതി ഉദ്ദരിച്ച ഹദീസ് സൂചിപ്പിക്കുന്നത്. അങ്ങിനെ പടിപടിയായി കുട്ടികൾ ചെറിയ പ്രായത്തിൽത്തന്നെ നോമ്പിനെ ഗൗനിക്കുകയും നോമ്പുമായുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു.
വലിയുമ്മമാർക്കും വലിയുപ്പമാർക്കും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ചിലത് ചെയ്യാനുണ്ട്. നബിചരിത്രവും മറ്റ് പ്രവാചക കഥകളും ധീരരായ സ്വഹാബികളുടെ ജീവിതവും വ്രതകാല സന്ദർഭം ഉപയോഗിച്ച് അവർക്ക് പറഞ്ഞുകൊടുക്കാം. ഈ കഥകൾ ആ കുഞ്ഞുമനസ്സുകളിൽ സൽസ്വഭാവത്തിൻറെ, ധീരതയുടെ, ത്യാഗത്തിൻറെ, പരക്ഷേമതൽപരതയുടെ, സഹനത്തിൻറെ അടിത്തറപാകും.
റമദാൻ മാസം മക്കളെ ഖുർആൻ പാരായണവും മനഃപാഠവും പരിശീലിപ്പിക്കാനുള്ള സമുചിത സന്ദർഭമാണ്. അവർക്കിടയിൽ മത്സരങ്ങൾ സംഘടിപ്പിക്കാം. അവർക്ക് മികച്ച സമ്മാനങ്ങൾ നൽകാം. അതിനായി നേരത്തെ തന്നെ ഒരുക്കങ്ങൾ നടത്താം. സജീവമാകുന്ന റമദാൻ പരിപാടികളിലൂടെ സൃഷ്ടാവിനെയും അവൻറെ അടിയാറുകൾക്ക് അവനോടുള്ള ബാധ്യതകളെക്കുറിച്ചും കുടുംബം ഒന്നടങ്കം ബോധവാന്മാരാകും. തഖ്വയുടെ പൊരുളും നാഥനോടുള്ള ഭയവും അതുവഴി കുഞ്ഞുമനസ്സുകളിൽ തളിർക്കും. അന്നപാനീയങ്ങളുടെ ആസ്വാദനത്തിൽനിന്ന് മനസ്സിനെ നിരുത്സാഹപ്പെടുത്താൻ ശീലിപ്പിക്കുന്ന റമദാൻ സർവോപരി മക്കളെ സുകൃതസ്നേഹം അഭ്യസിപ്പിക്കാനുള്ള സന്ദർഭമാണ്.
മാതാപിതാക്കളും സഹോദരങ്ങളും മാത്രമല്ല സമൂഹത്തിലെ ഓരോരുത്തർക്കും എല്ലാ മക്കളോടും ബാധ്യതയുണ്ട്. അവരോടുള്ള കാരുണ്യവും കരുതലും എല്ലാവരും പ്രകടിപ്പിച്ചുകൊണ്ടിരിക്കണം. നിഷ്കളങ്കരായ കുഞ്ഞുങ്ങളോട് കണ്ണുരുട്ടിയും വിരട്ടിയും കൺവെട്ടത്ത് വരാതാക്കരുത്. പള്ളികൾ അവരുടേത് കൂടിയാണ്. മസ്ജിദുന്നബവിയിൽ ഓടിക്കളിക്കുന്ന, തിരു ശിരസ്സിൽ കയറിയിരിക്കുന്ന കുഞ്ഞുങ്ങളെ ചരിത്രപാഠങ്ങളിൽ തെളിഞ്ഞുകാണുന്നുണ്ട്. നമസ്കരിക്കുന്നവർക്ക് പിറകിൽ മക്കളുടെ സാനിധ്യവും അനക്കങ്ങളും ഇല്ലാത്ത മസ്ജിദുകളിൽ എത്രകാലം വിളക്കുകൾ തെളിഞ്ഞുകത്തും?