പൊറുക്കാൻ വെറും പത്ത് നാളോ ?
وَسَارِعُوٓاْ إِلَىٰ مَغْفِرَةٍۢ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ 3:133 റമദാൻ മുഴുവൻ കാരുണ്യമാണ്, റമദാൻ മുഴുവൻ പാപമോചനമാണ് , റമദാൻ മുഴുവൻ നരക വിമുക്തിയുടെ മാസമാണ്. റമദാനിൽ മാത്രമല്ല എല്ലാ മാസവും ദിവസവും വിശ്വാസിക്ക് പറ്റുന്ന തെറ്റുകൾ തിരുത്താൻ കഴിയണം. അതിന് ഏതെങ്കിലും സീസൺ കാത്തിരിക്കേണ്ടി വരില്ല.
‘ആദമിന്റെ എല്ലാ മക്കളും പാപം ചെയ്തവരാണ്, പാപികളിൽ ഏറ്റവും മികച്ചവർ അനുതപിക്കുന്നവരാണ് ‘എന്ന് നബി പറഞ്ഞത് മനുഷ്യന്റെ പ്രകൃതം അറിഞ്ഞു കൊണ്ട് തന്നെയാണ്. ജീവിതത്തിൽ തെറ്റുകുറ്റങ്ങൾ ചെയ്യുക എന്നത് മനുഷ്യ സഹജമാണ്. ശരീരത്തിലെ മാലിന്യങ്ങൾ ശുദ്ധിയാക്കുന്നത് പോലെ തന്നെ പാപ പങ്കിലമായ മനസ്സിനെ വൃത്തിയാക്കുന്ന ബോധപൂർവ്വമായകർമമാണ് പശ്ചാതാപം . അഥവാ നാവു കൊണ്ട് മന്ത്രം ജപിച്ച് മനസിനെ സ്ഫുടം ചെയ്യൽ സാധ്യമല്ല. അധിക്ഷേപാർഹമായ കാര്യങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയും തുടർന്ന് സ്തുത്യർഹമായ വിഷയങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതിനാണ് പശ്ചാതാപം അഥവാ തൗബ എന്ന് പറയുന്നത്. മടങ്ങുക എന്നതാണ് താബ / تاب എന്ന പദത്തിന്റെ അർഥം. ഖുർആനിൽ 87 തവണയാണ് അല്ലാഹുവിലേക്ക് മടങ്ങുക എന്ന അർഥത്തിൽ ഈ പദം ഉപയോഗിച്ചിട്ടുള്ളത്. പാപമുക്തമായ ജീവിതത്തിലേക്ക് തിരിച്ചു വരിക എന്ന് സാരം.
ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് ആത്മാർത്ഥമായ പശ്ചാത്താപം പശ്ചാത്തപിക്കുവിൻ. (എന്നാൽ) നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് നിങ്ങളുടെ തിന്മകളെ മൂടിവെച്ചു (മാപ്പാക്കി) തരുകയും, താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗങ്ങളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം; (അതെ) നബിയെയും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരേയും അല്ലാഹു അപമാനത്തിലാക്കാത്ത ദിവസം. തങ്ങളുടെ പ്രകാശം അവരുടെ മുമ്പിലൂടെയും, അവരുടെ വലഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കും. അവർ പറയും: ‘ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് ഞങ്ങളുടെ പ്രകാശം പൂർത്തീകരിച്ചു തരേണമേ! ഞങ്ങൾക്ക് പൊറുത്തു തരുകയും വേണമേ! നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.’ 66: 8
നസ്വൂഹായ തൗബ എന്ന പ്രയോഗമാണ് ആയതിൽ വന്നിട്ടുള്ളത്. കറയില്ലാത്ത തേനാണ് عسل نصوح .വിശ്വാസിയുടെ ഇഹപര ജീവിതത്തിൻറെ വിജയത്തിന് കറയിലാത്ത പാശ്ചാത്താപം അനിവാര്യമാണ്. എന്താണ് തൗബ ?? എന്തല്ല എന്ന് വ്യക്തമായി പറയുന്ന രണ്ട് സൂക്തങ്ങൾ
സൂറ: നിസാഇൽ 17 – 18 ലായി കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ അല്ലാഹു പറയുന്നുണ്ട്.
‘പശ്ചാത്താപം സ്വീകരിക്കാൻ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിൻമ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവർക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാത്താപം എന്നത് തെറ്റുകൾ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോൾ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവർക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവർക്കുമുള്ളതല്ല. അങ്ങനെയുള്ളവർക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്. സമൂഹത്തിൽ പാപമുഖരിതമായ ജീവിതം നയിക്കുകയും തന്നിഷ്ടപ്രകാരം ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നുവെന്നത് ഏറെ ഖേദകരമാണ്. നവലോകത്ത് പാപമുക്തമായ ജീവിതം മനുഷ്യന് അസാധ്യമാണെങ്കിലും താൻ ചെയ്ത പാപങ്ങളെ പൊറുപ്പിക്കുന്നതിന് അല്ലാഹുവിനോട് മാപ്പിരന്ന് പശ്ചാത്തപിക്കുന്നതിൽ വിശ്വാസിയുടെ ബാധ്യതയാണ്.’
തൗബയ്ക്ക് ചില നബന്ധനകൾ ഇമാം നവവി (റഹ്) (631هـ-1233م / 676هـ-1277م) രേഖപ്പെടുത്തുന്നുണ്ട്. സകല ദോഷങ്ങളിൽ നിന്നും പശ്ചാതപിക്കൽ നിർബന്ധമാണ്. മനുഷ്യരുമായി യാതൊരു ബന്ധമില്ലാത്തതും അല്ലാഹുവിനും വ്യക്തികൾക്കുമിടയിലുമുളള താണെങ്കിൽ അതിന് മൂന്ന് നിബന്ധനകളുണ്ട്.
1-ചെയ്ത തെറ്റിൻറെ പേരിൽ ഖേദിക്കുക الندم على ما فعل
2-പാപത്തിൽ നിന്ന് വിട്ടുനിൽക്കുക الإقلاع من الذنوب
3 – തെറ്റ് ആവർത്തിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക العزم على عدم العودة എന്നിവയാണവ. എന്നാൽ പടപ്പുകൾ തമ്മിലുള്ള തെറ്റുകളാണെങ്കിൽ തെറ്റുചെയ്തു പോയവർ (object) ആരാണോ അവരോട് പൊരുത്തപ്പെടീക്കണം.
നബി(സ)യുടെ ജീവിതം അർത്ഥത്തിലും അക്ഷരത്തിലും പിന്തുടർന്ന സ്വഹാബക്കളെ നബി തങ്ങൾ അല്ലഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാൻ നിരന്തരം നിർദേശിച്ചിരുന്നു. കൂടെ പാപമുക്തമായ ജീവിതത്തിനുടമയായ പ്രവാചകർ(സ)യും ദിവസവും നൂറിലേറെ തവണ ഇസ്തിഗ്ഫാർ നടത്തിയിരുന്നു. നബി പറഞ്ഞു:’ഹേ മനുഷ്യരെ, നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും ഞാൻ ദിനംപ്രതി നൂറുവട്ടം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നുണ്ട്.’
വിശ്വാസിയുടെ അടയാളമാണത് : നിശ്ചയമായും തങ്ങളുടെ രക്ഷിതാവ് നൽകിയ ആനുഗ്രഹങ്ങളും ആസ്വാദനങ്ങളും സ്വീകരിച്ച് കൊണ്ട് ഭക്തർ സ്വർഗതോട്ടങ്ങളിലും അരുവികളിലും ആനന്ദിച്ചുല്ലസിക്കുന്നവരായിരിക്കും, അതിന് മുമ്പ് അവർ സുകൃതം ചെയ്യുന്നവരായിരുന്നു, രാത്രിയിൽ നിന്ന് അൽപ സമയും മാത്രമെ അവർ ഉറങ്ങുമായിരുന്നുള്ളൂ, പുലർകാലങ്ങളിൽ പശ്ചാത്തപിച്ച് കൊണ്ടിരിക്കുന്നതവരായിരുന്നു’ (ദാരിയാത്ത് 15-18)
പ്രവാചകന്മാരെല്ലാം തങ്ങളുടെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നതും അതു തന്നെയായിരുന്നു. ‘നിങ്ങൾ നാഥനോട് പൊറുത്തു തരാൻ അപേക്ഷിക്കു, നിശ്ചയം അവൻ ധാരാളമായി പാപമോചനമരുളുന്നവനാകുന്നു. എന്നാൽ നിങ്ങൾക്കവൻ ധാരാളം മഴ വർഷിപ്പിച്ചും സ്വത്തുക്കൾ കൊണ്ടും സന്താനങ്ങൾ കൊണ്ടും അവൻ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങൾക്കവൻ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരുന്നതുമാണ്.(നൂഹ് 10-12)
പാപമോചനമർഥിക്കുന്നവർക്ക് ഇഹലോകത്ത് വെച്ച് തന്നെ ക്ഷേമാഭിവൃദ്ധികളും ഐശര്യങ്ങളും നൽകി അനുഗ്രഹിക്കുമെന്നും ഉപരിസൂചിത വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നുണ്ട്. നബി പറഞ്ഞതായി തുർമുദി നിവേദനം ചെയ്യുന്നു: ജീവൻ തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ ( ما لم يغرغر ) അടിമയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.
സ്രഷ്ടാവ് സൃഷ്ടിയുടെ പശ്ചാതാപം സ്വീകരിക്കുന്നതിൽ ഏറെ സന്തുഷ്ടനാണ്. നബി(സ)യുടെ വർത്തമാനം ശ്രദ്ധേയമാണ് :’ മരുഭൂമിയിൽ നഷ്ടപ്പെട്ടു പോയ ഒട്ടകത്തെ തിരിച്ചു കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തേക്കാൾ കൂടുതൽ അല്ലാഹു തൻറെ അടിമയുടെ പശ്ചാതാപം മൂലം സന്തോഷിക്കുന്നതാണ് എന്ന നിലയിൽ ദീർഘമായ ഒരു ഹദീസുണ്ട്. പകലിലെ കുറ്റവാളികളുടെ പശ്ചാതാപം സ്വീകരിക്കാൻ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ പശ്ചാത്താപം സ്വീകരിക്കാൻ പകലും അല്ലാഹു കൈ നീട്ടിയിരിക്കുന്നു. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കെ റമദാനിലെ മഗ്ഫിറതിന്റെ പത്ത് എന്ന പ്രയോഗം തന്നെ തീരെ സൂക്ഷ്മമല്ല എന്ന് സൂചിപ്പിക്കുന്നു.
مغفرة ،صَفْح , عَفْو , غُفْران എന്നിങ്ങനെ വിവിധ പേരുകളിൽ അല്ലാഹു പാപമോചനത്തെ പ്രോത്സാഹിപ്പിക്കുകയും പാപ പരിഹാരത്തിനായി പ്രാർഥിക്കാൻ ഉണർത്തുകയും ചെയ്യുന്ന ധാരാളം ആയതുകളുണ്ട്. മറക്കുക, പൊറുക്കുക എന്നിവയൊക്കെ ദൈവിക ഗുണങ്ങളായത് കൊണ്ട് നാം ബോധപൂർവ്വം ശീലിക്കേണ്ട ഗുണങ്ങളാണവ. ചെറിയ വീഴ്ചകൾക്ക് പോലും കീഴ്ജീവനക്കാരനോട് ചാടിക്കടിക്കുന്നവൻ സഹസ്രനാമ പാപ പരിഹാര ക്രിയകൾ എത്ര നടത്തിയിട്ടും ഫലമില്ല.
ഉപരിസൂചിത പദങ്ങളിൽ തൗബ കഴിഞ്ഞാൽ ഖുർആനിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള പദം ഇസ്തിഗ്ഫാറും മഗ്ഫിറതുമാണ്. തലയിൽ അപകടം സംഭവിക്കാതിരിക്കാൻ പോരാളി ധരിക്കുന്ന ശിരോ വലയമാണ് مِغفر (മിഗ്ഫർ ) .നമ്മുടെ ഹെൽമറ്റ് പോലെ യുദ്ധ സമയത്ത് അവർ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ മിഗ്ഫറും ഉൾപ്പെട്ടിരുന്നു. തന്റെ വീഴ്ചകളിൽ സംരക്ഷിക്കണമേ എന്ന പ്രാർഥനയാണ് വാസ്തവത്തിൽ ഇസ്തിഗ്ഫാർ . 239 തവണയാണ് ഗഫറയും അതിന്റെ നിഷ്പന്നങ്ങളും ഖുർആനിൽ വന്നിട്ടുള്ളത്. അവിടെയെല്ലാം സംരക്ഷണമെന്ന ഭാഷാർഥം ആശയത്തിലടക്കം ചെയ്തിരിക്കുന്നു.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹ്) തൗബയും ഇസ്തിഗ്ഫാറും രണ്ടും മഗ്ഫിറതിന്റെ നിമിത്തങ്ങളിൽ സ്വതന്ത്രമായ കാരണങ്ങളാണെന്ന് അഭിപ്രായപ്പെടുന്നു.അനുസരണത്തിന്റെ പ്രവൃത്തികൾ ചെയ്യുന്ന വിശ്വാസിയുടെ വീഴ്ചകൾ തിരുത്താൻ അവനെ ബാധിക്കുന്ന വിപത്തുകളും പരീക്ഷണങ്ങളും ഇടയാകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പാപമോചനം തേടുന്നത് അടിമ ചെയ്തു പോയ പാപങ്ങൾക്കും തെറ്റുകൾക്കും വേണ്ടിയാണ്. മുറിവുകൾ സാനിറ്റൈസ് ചെയ്യുന്നതിന് മുമ്പായി ആ ഭാഗം വൃത്തിയാക്കുന്നത് പോലെയാണ്
തൗബയ്ക്കു മുന്നോടിയായി ഇസ്തിഗ്ഫാർ നടത്തുന്നതെന്നാണ് ശൈഖ് ഇബ്നു ഉസൈമീൻ (1347 -1421 AH /1929 -2001 CE ) പഠിപ്പിക്കുന്നത് ; അഥവാ പാപമോചനം തേടുന്നത് പശ്ചാത്താപത്തിന്റെ മുന്നോടിയാണെന്നർഥം. അതുകൊണ്ടാണ് ഇസ്തിഗ്ഫാറിന് ശേഷം തൗബ എന്ന ക്രമത്തിൽ ഖുർആൻ ഉപയോഗിച്ചിട്ടുള്ളത് (وَأَنِ اسْتَغْفِرُواْ رَبَّكُمْ ثُمَّ تُوبُواْ إِلَيْهِ) നിങ്ങൾ നിങ്ങളുടെ റബ്ബിനോടു ഇസ്തിഗ്ഫാർ തേടുവിൻ, പിന്നെ അവനിലേക്ക് തൗബ ചെയ്യുവിൻ 11:3
ഒരാളുടെ തെറ്റിന് വേണ്ടി മറ്റൊരു വ്യക്തി തൗബ നടത്തുന്നതിന് സാധുതയില്ല. എന്നാൽ അപരന്ന് വേണ്ടി പാപമോചനം (ഇസ്തിഗ്ഫാർ ) തേടുന്നത് ഒരു അനുവദനീയമാണ്. നാം പ്രാർഥിക്കുമ്പോൾ നമുക്ക് വേണ്ടിയും മറ്റ് സഹോദരന്മാർക്ക് വേണ്ടിയും പാപമോചനം തേടുന്നത് പതിവാണല്ലോ ?
വിശുദ്ധ ഖുർആൻ വിശ്വാസിളോട് മറ്റുള്ളവർക്ക് വേണ്ടി പാപമോചനം തേടാൻ കൽപ്പിച്ചിട്ടുണ്ട്. അതേ ഇസ്തിഗ്ഫാർ മലക്കുകളും ചെയ്യുന്നുണ്ട്. അവർ വിശ്വാസികൾക്ക് വേണ്ടി പാപമോചനം തേടുന്നു.പക്ഷേ നമ്മുടെ തെറ്റുകൾക്ക് തൗബ ചെയ്യേണ്ടത് കുമ്പസാര രീതിയിലല്ല. പ്രത്യുത അല്ലാഹുവിനോട് നേരിട്ടാണ്. അതായത് നമുക്ക് വേണ്ടി ഇസ്തിഗ്ഫാർ നടത്താൻ നമുക്ക് വേണ്ടപ്പെട്ടവരോട് വസ്വിയത് ചെയ്യാം.
പക്ഷേ നമ്മുടെ പാപങ്ങൾക്ക് തൗബ ചെയ്യേണ്ടത് നാം തന്നെയാണെന്ന് പറയാം.
പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സൽക്കർമ്മം പ്രവർത്തിക്കുകയും ചെയ്തവർ ഒഴികെ. അവരാകട്ടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്; അവർ ഒട്ടും തന്നെ അക്രമിക്കപ്പെടുന്നതുമല്ല 19:60
പക്ഷെ, ആരെങ്കിലും പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സൽക്കർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നതായാൽ, അങ്ങിനെയുള്ളവരുടെ തിൻമകളെ അല്ലാഹു നൻമകളായി മാറ്റുന്നതാകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. 25:70
എന്നീ സൂക്തങ്ങൾ വ്യക്തമാക്കുന്നത് തൗബ ചെയ്തു എന്നതിന്റെ പേരിൽ കർമങ്ങളിൽ യാതൊരുവിധ അമാന്തവും കാണിക്കരുതെന്നാണ്.
പശ്ചാത്താപത്തിന് മാനസാന്തരത്തിന് ഗുണങ്ങൾ ഉള്ളതുപോലെ മഹത്തായ ഗുണങ്ങളുണ്ട്.
A- പാപമോചനത്തിന്റെ ഫലവും സന്തോഷവും പാപമോചനം തേടുന്ന ഒരാൾ സ്വയം അനുഭവിക്കുന്നു എന്നതാണ് പ്രധാനം. അവന് അതോടെ റബ്ബിനോട് നന്ദി തോന്നുന്നു, അവന്റെ പാപങ്ങളും ദുഷ്പ്രവൃത്തികളും ക്ഷമിച്ചതിന് നാഥനെ അവൻ പ്രത്യേകം സ്മരിക്കും.
ആരെങ്കിലും വല്ല തിൻമയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്. 4:110
B – വിപത്തുകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്ന ഒരു കവചമാണ് പാപമോചനം. അവർ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല. 8:33
C- ഉത്കണ്ഠ ഒഴിവാക്കുവാനും ഉപജീവനം നേടുവാനും മഴ വർഷിക്കാനുമെല്ലാമുള്ള മാർഗമാണ് പാപമോചനം.
അങ്ങനെ, ഞാൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുവിൻ, നിശ്ചയമായും, അവൻ വളരെ പൊറുക്കുന്നവനാണ്;-
എന്നാൽ നിങ്ങൾക്കു അവൻ ആകാശത്തെ [മഴയെ] സമൃദ്ധമായി അയച്ചുതരും’; സ്വത്തുക്കളും മക്കളും കൊണ്ടു നിങ്ങളെ അവൻ പോഷിപ്പിക്കുകയും ചെയ്യും; നിങ്ങൾക്കു തോട്ടങ്ങളുണ്ടാക്കിത്തരികയും, നിങ്ങൾക്കു അരുവികളുണ്ടാക്കിത്തരികയും ചെയ്യും.’ 71 : 10-12
D- സന്തുഷ്ടവും നല്ലതുമായ ജീവിതത്തിനുള്ള നിമിത്തമാണ് പാപമോചനം .പാപമോചനം തേടുന്നവർക്ക് അവരുടെ ജീവിതത്തിൽ ഭയത്തിന് പകരം സുരക്ഷിതത്വവും ദാരിദ്ര്യത്തിനും ദുരിതത്തിനും പകരം സംതൃപ്തിയും സന്തോഷവും റബ്ബ് ഉണ്ടാക്കുന്നു.
നിങ്ങൾ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുവിൻ, പിന്നെ അവനിലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിൻ എന്നും. (എന്നാൽ) നിങ്ങളെ അവൻ ഒരു നിർണ്ണയിക്കപ്പെട്ട അവധിവരെ നല്ല (സുഖമായ) അനുഭവം അനുഭവിപ്പിക്കുന്നതാണ്; വല്ല ശ്രേഷ്ടതയുമുള്ള എല്ലാവർക്കും അവ(രവ)രുടെ ശ്രേഷ്ടത അവൻ (വകവെച്ചു)കൊടുക്കുകയും ചെയ്യും. നിങ്ങൾ തിരിഞ്ഞു കളയുന്നുവെങ്കിൽ, നിശ്ചയമായും ഞാൻ ഒരു വലിയ ദിവസത്തെ ശിക്ഷ നിങ്ങളുടെ മേൽ ഭയപ്പെടുകയും ചെയ്യുന്നു. 11:3
ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നേടുവാൻ പര്യാപ്തമായ, ദുൻയാവിലും ആഖിറതിലും ഒരുപാട് ശ്രേഷ്ഠതകൾ ഉൾകൊള്ളുന്നതെന്ന് നബി (സ) പഠിപ്പിച്ച സയ്യിദുൽ ഇസ്തിഗ്ഫാർ നമുക്ക് ശീലമാക്കാം :-
اللَّهُمَّ أنْتَ رَبِّي لا إلَهَ إلّا أنْتَ، خَلَقْتَنِي وأنا عَبْدُكَ، وأنا على عَهْدِكَ ووَعْدِكَ ما اسْتَطَعْتُ، أعُوذُ بكَ مِن شَرِّ ما صَنَعْتُ، أبُوءُ لكَ بنِعْمَتِكَ عَلَيَّ، وأَبُوءُ لكَ بذَنْبِي فاغْفِرْ لِي، فإنَّه لا يَغْفِرُ الذُّنُوبَ إلّا أنْتَ
അല്ലാഹുവേ ! നീ എന്റെ രക്ഷിതാവാണ്,നീയല്ലാതെ ഒരു ആരാധ്യനുമില്ല,നീയാണ് എന്നെ സൃഷ്ടിച്ചത്,ഞാൻ നിന്റെ അടിമയാണ്,എന്റെ കഴിവിന്റെ പരമാവധി നിന്റെ കൽപനയും നിന്നോടുള്ള കരാറും അനുസരിച്ച് ഞാൻ നിലകൊള്ളുന്നതാണ്,എന്റെ പ്രവ്യത്തിയുടെ ദോഷത്തിൽ നിന്ന് നിന്നോട് ഞാൻ അഭയം തേടുന്നു,നീ എനിക്ക് ചെയ്തിട്ടുള്ള അനുഗ്രഹങ്ങൾ നിന്നോട് ഞാനിതാ സമ്മതിക്കുന്നു,എന്റെ പാപവും ഞാൻ സമ്മതിക്കുന്നു,അതിനാൽ എനിക്ക് നീ പൊറുത്തു തരേണമേ,നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരുമില്ല. (തുടരും )