പ്രകടനപരതയിൽനിന്ന് മോചിപ്പിക്കുന്നതാണ് വ്രതാനുഷ്ഠാനം
فعن ابن شهاب عن النبي صلى الله عليه وسلم قال “لَيْسَ فِي الصِّيَامِ رِيَاءٌ ” رواه البيهقي
നബി (സ) പറഞ്ഞു: “വ്രതത്തിൽ പ്രകടനപരതയില്ല.” (ബൈഹഖി)
ആത്മാർത്ഥതയോടും നിഷ്കളങ്കരായും അനുസരണം അവനുമാത്രമാക്കിയും ഇബാദത്ത് ചെയ്യാനാണ് അല്ലാഹു തൻറെ ദാസന്മാരോട് കൽപിച്ചത്. അവ്വിധം ആരാധനകളെല്ലാം നിർവഹിക്കലാണത്രെ ദൈവികമതം. മനസ്സുകളിൽ മികച്ച ദൈവിക ലക്ഷ്യങ്ങൾ വളർത്തുന്ന മഹത്തായ ഒരു ആരാധനയാണ് നോമ്പ്. നാഥനിലേക്കുള്ള പൂർണമായ അർപ്പണവും ഉദ്ദേശ്യലക്ഷ്യങ്ങളെ തികച്ചും അല്ലാഹുവിലേക്കാക്കി ശെരിപ്പെടുത്തിയെടുക്കലുമാണ് വ്രതത്തിൻറെ ലക്ഷ്യം. ദൈവസാമീപ്യത്തിനായ് ആഹാരം ഉപേക്ഷിക്കുന്നതും വിശന്നിരിക്കെ ആഹാരം വേണ്ടെന്ൻവെക്കുന്നതും പ്രത്യക്ഷത്തിൽ ഒരു പോലെയാണ്. എന്നാൽ, അവയെ തമ്മിൽ വേർതിരിക്കുന്നത് നിയ്യത്താണ്. നോമ്പ് അല്ലാഹുവിനല്ലാതെ മറ്റാർക്കും കാണാൻ കഴിയാത്ത ഒരു ഇബാദത്താണ്. പ്രകടനപരത അതിൽ പ്രവേശിക്കില്ല. അതുകൊണ്ടാണ് അല്ലാഹു നോമ്പിനെ സവിശേഷം തന്നിലേക്ക് ചേർത്തുവെച്ചത്. ഹദീസിൽ കാണാം: “എനിക്കുവേണ്ടി അവൻ ആഹാരം ഉപേക്ഷിക്കുന്നു. തൻറെ വികാരങ്ങളെ ഉപേക്ഷിക്കുന്നു…”
എല്ലാ ആരാധനകളും കർമംകൊണ്ട് പ്രകടമാകുന്നു. നമ്സ്കാരം സംഘടിതമായി നിർവഹിക്കലാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. ജനലക്ഷങ്ങളുടെ കൂടെയല്ലാതെ നിർവഹിക്കാൻ നിർവാഹമില്ല. സകാത്ത് സമാഹരിക്കുന്നവർ അറിയാതെ വഴിയില്ല. പ്രകടിത രൂപമില്ലാത്ത ആരാധന നോമ്പാണ്. നിഷേധാത്മകമായ ഒരു ഭാവം അത് പ്രകടിപ്പിക്കുന്നു. ദൈവപ്രീതി മാത്രം ലക്ഷ്യമാക്കുന്ന ഏറെ മനോഹരമായ ആരാധന. ആത്മാർഥതയാണ് വ്രതാനുഷ്ഠാനത്തിൻറെ സുന്ദരമായ ഫലം. മലക്കിന് എത്തിനോക്കി രേഖപ്പെടുതാനോ പിശാചിന് ഇടപെട്ട് നശിപ്പിക്കാനോ പറ്റാത്തവിധമുള്ള അടിമയുടെയും റബ്ബിൻറെയും ഇടയിലെ രഹസ്യമാണ് ആത്മാർഥതയെന്ൻ മഹത്തുക്കൾ വിശേഷിപ്പിച്ചതായി കാണാം. ഒരു കർമത്തിൽ ആത്മാർഥത വന്നുചേരുമ്പോൾ ലോകമാന്യം കുടിയൊഴിഞ്ഞു പോകും.
ജനം കാണാൻ വേണ്ടി പ്രവർത്തിക്കുന്നത് ശിർക്കാണ്. ജനം കാണും എന്ൻ കരുതി പ്രവർത്തനം ഉപേക്ഷിക്കുന്നത് ലോകമാന്യമാണ്. അത് രണ്ടിൽ നിന്നും ദൈവികമായ ഒരു മുക്തി ലഭിക്കുന്നതാണ് ആത്മാർഥത. ആ ആത്മാർഥതയിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് വ്രതം.
എന്താണ് പ്രകടനപരത? ജനത്തെ കാണിച്ച് അവരുടെ പ്രശംസയും ആദരവും നേടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കലാണത്. ആത്മാർഥതയുടെ മരണമാണ് അതോടെ സംഭവിക്കുന്നത്. ഗുരുതരമായ അപരാധമാണത്. വൻപാപമെന്നും ഭീകര അക്രമമെന്നും വിശേഷിപ്പിക്കപ്പെട്ട ശിർക്കുമായാണ് അത് ബന്ധപ്പെടുന്നത്. റസൂൽ ഈ രോഗത്തിൻറെ ഗുരുതരാവസ്ഥ പറഞ്ഞുതന്നിട്ടുണ്ട്: “വളരെ ലഘുവായ ശിർക്കാണ് നിങ്ങളുടെ കാര്യത്തിൽ ഞാൻ ഭയപ്പെടുന്നത്. പ്രവാചകരേ, ലഘുവായ ശിർക്കെന്താണ്? അനുചരർ ചോദിച്ചു. തിരുദൂദർ പ്രതിവചിച്ചതിങ്ങനെ: പ്രകടനപരത.” മസീഹുദ്ദജ്ജാലിനെക്കാൾ അപകടകാരി ആണത്. ‘നമസ്കരിക്കുന്ന ഒരാൾ തൻറെ നമസ്കാരം കണ്ടുകൊണ്ടിരിക്കുന്നവനെ പരിഗണിച്ച് നന്നാക്കുന്നു. അതാണ് ഗോപ്യമായ ശിർക്ക്.’
ശദ്ദാദ് ഇബ്നു ഔസ് പറഞ്ഞു: നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. “കാണിക്കാൻ വേണ്ടി നമസ്കരിച്ചവൻ ശിർക്ക് ചെയ്തു. കാണിക്കാൻ വേണ്ടി നോമ്പനുഷ്ടിച്ചവൻ ശിർക്ക് ചെയ്തു. കാണിക്കാൻ വേണ്ടി സകാത്ത് നൽകിയവൻ ശിർക്ക് ചെയ്തു.”(മിശ്കാത്ത്)
പ്രകടനവാഞ്ചയോടെയുള്ള പ്രവത്തനങ്ങളുടെ ഫലം നാശവും നരകവുമത്രെ. “നമസ്കാരക്കാർക്ക് നാശം. അവർ നമസ്കാരത്തെ കുറിച്ച് അശ്രദ്ദരാണ്. അവർ ആളുകളെ കാണിക്കുകയാണ്” (അൽ മാഊൻ). ആരാധനകൾ മാത്രമല്ല, ജീവിതത്തിൻറെ ഏത് മേഖലയിലും വിശ്വാസി എന്ന നിലയിൽ നിർവഹിക്കുന്ന കാര്യങ്ങളിലൊന്നും ഉണ്ടാകാൻ പാടില്ലാത്ത ഒരു ദുർഗുണമാണ് പ്രകടനപരത. സമ്പത്ത് ജനം കാണണം എന്ന ലക്ഷ്യത്തോടെ ദാനം ചെയ്യുന്ന മനുഷ്യൻ എത്രമേൽ വലിയ മണ്ടത്തരമാണ് ചെയ്യുന്നതെന്ൻ ഖുർആൻ അൽ ബഖറ അധ്യായത്തിൽ ഇരുനൂറ്റി അറുപത്തിനാല്, അഞ്ച് സൂക്തങ്ങളിൽ പരാമർശിക്കുന്നത് കാണാം.
രക്തസാക്ഷി എന്ന പേരിനും പ്രശസ്തിക്കും വേണ്ടി പോരാടി മരണം വരിച്ച മുജാഹിദിനെയും പണ്ഡിതൻ എന്നറിയപ്പെടാൻ വേണ്ടി വിദ്യ അഭ്യസിക്കുകയും അധ്യാപനം നടത്തുകയും ചെയ്ത അറിവാളനെയും വലിയ പാരായകനെന്ന ഖ്യാതിക്കുവേണ്ടി ഖുർആൻ പാരായണം ചെയ്തവനെയും ഉദാരൻ എന്ന പ്രശസ്തിക്കുവേണ്ടി ധനം വിതരണം ചെയ്ത ധനവാനെയും എല്ലാ ന്യായീകരണങ്ങൾക്കുമപ്പുറം പ്രകടനപരതയുടെ പേരിൽ നരകത്തിൽ എറിയുമെന്ന് പ്രവാചകൻ മുന്നറിയിപ്പ് നൽകിയതായി കാണാം.
മുസ്ലിം തൻറെ വാക്കുകൊണ്ടും കർമംകൊണ്ടും സകല പരിശ്രമങ്ങൾകൊണ്ടും ദൈവപ്രീതിയും നല്ലപ്രതിഫലവും ലക്ഷ്യമാക്കലാണ് ഇഖ്ലാസ്. ഇഖ്ലാസിൻറെ നിറവിൽ ജീവിക്കുന്ന വിശാസിയുടെ നിലപാട് ഖുർആൻ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്: “പറയുക. നിശ്ചയം എൻറെ നമസ്കാരവും ബലിയും എൻറെ ജീവിതവും മരണവും സർവലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. അവനു പങ്കുകാരില്ല. അതുകൊണ്ടാണ് ഞാൻ കൽപിക്കപ്പെട്ടത്. ഞാൻ മുസ്ലിംകളിൽ ഒന്നാമനാകുന്നു.”(അൽ അൻആം : നൂറ്റി അറുപത്തി രണ്ട്, മൂന്ൻ). ആത്മാർഥതയുടെ ആത്മാവില്ലാത്ത കർമങ്ങൾ അനാവശ്യ ഭാരം ചുമക്കുന്നതിനു തുല്യമാണ്. ഇബ്നുൽ ഖയ്യിം പറഞ്ഞു: ‘ആത്മാർത്ഥതയില്ലാത്ത പ്രവർത്തനം കാഴ്ച്ചവെക്കുന്നവൻ ഭാണ്ഡത്തിൽ മണൽ നിറക്കുന്ന യാത്രക്കാരനെപോലെയാണ്. അതയാൾക്ക് ഭാരമാണ്. പ്രയോജനരഹിതവും.’
ഒരു മുസ്ലിം ഇരട്ടമുഖവുമായി ജീവിക്കുന്നത് ഇസ്ലാം ഇഷ്ട്ടപ്പെടുന്നില്ല. ദൈവത്തെ അഭിമുഖീകരിക്കുന്ന മുഖവും ദൈവേതര ശക്തികളെ അഭിമുഖീകരിക്കുന്ന മുഖവും. അല്ലാഹുവിനുള്ളതെന്നും ദൈവേതര ശക്തികൾക്കുള്ളതെന്നും ജീവിതത്തെ രണ്ടായി പകുക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. നന്മക്കും തിന്മക്കും വെവ്വേറെ ദൈവങ്ങൾ ഉണ്ടെന്ന ഗർഹണീയമായ വാദം ഇസ്ലാം പാടെ നിരാകരിക്കുന്നു. മുസ്ലിമിനെ പള്ളിയിലും റമദാനിലും മാത്രമല്ല, അവൻറെ വ്യക്തിജീവിതത്തിലും മറ്റുള്ളവരുമായുള്ള ഇടപാടുകളിലും ഒരുപോലെയാണ് കാണപ്പെടേണ്ടത്. ഇഖ്ലാസ് മുസ്ലിമിൻറെ ജീവിതത്തെ ഏകീകരിക്കുന്നു. നമസ്കാരവും ബലിയും ജീവിതവും മരണവും പൂർണമായും അല്ലാഹുവിനുള്ളതാക്കിത്തീര്ത്തപോലെ. . അല്ലാഹുവിനു മാത്രമുള്ളതല്ലാത്ത പ്രവർത്തനമൊന്നും അവൻ സ്വീകരിക്കില്ല. അത്തരം ഒരു ബോധ്യത്തെ വിശ്വാസത്തെ നോമ്പ് വിശ്വാസിയുടെ അന്തരംഗത്ത് സ്ഥാപിചെടുക്കുന്നുണ്ട്.
അല്ലാഹു അല്ലാതെ മറ്റാരും അറിയാത്ത ചില പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുക . തന്നെക്കൂടാതെ ആരെയും അത് അറിയിക്കാതിരിക്കുക. തനിക്കും തൻറെ നാഥനും ഇടയിൽ മറ്റാരുടെയും കണ്ണ് പതിയാത്ത ചില കാര്യങ്ങൾ നാളേയ്ക്കുള്ള നിക്ഷേപമായി ബാക്കിയുണ്ടാവുക. ജീവിതാന്ത്യത്തിൽ ഉപകാരപ്പെടുന്നതും മുതൽക്കൂട്ടാകുന്നതുമായ അത്തരം കുറചെങ്കിലും കർമങ്ങൾ ബാക്കിയാക്കുക. അത്തരം കരുതിവെപ്പുകൾക്ക് റമദാൻ സുവർണാവസരമാണ്.