അസതോമാ സദ്ഗമയ

ദിവ്യപ്രോക്ത മതങ്ങളെല്ലാം വന്നത് മനുഷ്യരെ സത്യത്തിലേക്ക് നയിക്കാനും നേരായ പാതയിലേക്ക് വഴിനടത്താനുമാണ്. എല്ലാ പ്രവാചകന്മാരുടെയും പ്രവർത്തനത്തിന്റെ കേന്ദ്രബിന്ദുവും ദൈവിക സന്ദേശങ്ങളുടെ ഊന്നലും ഈ മാർഗദർശനമായിരുന്നു.
الهداية أو الهدى يعني الإيصال إلى المطلوب ഉദ്ദിഷ്ട ലക്ഷ്യത്തിലേക്ക് എത്തിക്കലാണ് മാർഗദർശനമെന്നാണ് അല്ലാമാ തഫ്താസാനിയെ (722 -792 AH ) പോലുള്ളവരുടെ നിർവചനം.
اهْدِنَا الصِّرَاطَ الْمُسْتَقِيمَ ഞങ്ങളെ നീ സ്വിറാത്വുൽ മുസ്തഖീമിലേക്ക് വഴിനയിക്കേണമേ! 1:6 എന്ന് ഒരു വിശ്വാസി പ്രാർഥിക്കുമ്പോൾ നേരായ പാതയിലേക്ക് മാർഗനിർദേശം ആവശ്യപ്പെടുകയാണവൻ ചെയ്യുന്നത്. ഞങ്ങളെ സത്യത്തിന്റെയും നീതിയുടെയും പാതയിലേക്ക് നയിക്കുകയും സ്വർഗത്തിലേക്ക് എത്തിക്കുകയും തദ്വാരാ ദൈവപ്രീതിയെന്ന ലക്ഷ്യപ്രാപ്തിയും ഇഹത്തിലും പരത്തിലുമുള്ള സകല വിജയത്തിനും വേണ്ടിയുമാണ് നിത്യവും ചുരുങ്ങിയത് 17 പ്രാവശ്യം അല്ലാഹുവിനോട് നാം ചോദിച്ചു കൊണ്ടിരിക്കുന്നത്.
ഇബ്നുൽ അൻബാരി ( 271 -328 AH)
പറഞ്ഞു: “അറബികളുടെ സംസാരത്തിൽ ഹുദായെന്നാൽ ഉതവി അഥവാ വിജയം ( توفيق )” എന്നാണർഥം “. ഇബ്ൻ അത്വിയ്യ (481 -541 AH ) പറയുന്നത് ” ഹിദായതിന്റെ ഭാഷാർഥം മാർഗ്ഗനിർദ്ദേശം ( إرشاد ) എന്നാണ്. വ്യാഖ്യാതാക്കൾ ഹുദക്ക് സാന്ദർഭികമായി സമാന സ്വഭാവമുള്ള അർഥങ്ങൾ പറയാറുണ്ട്. ഇമാം റാഗിബ് ( D 502 AH / 1108 CE) പരിചയപ്പെടുത്തുന്നത് دلالة بلطف അഥവാ മൃദുലമായ അറിയിക്കൽ എന്ന നിലയിലാണ്. ഖുർആനിൽ ഈ പദത്തിന്റെ നിരവധി വ്യുൽപ്പന്നങ്ങൾ ഉണ്ട് . ഇരുനൂറ്റമ്പതോളം സ്ഥലങ്ങളിൽ വ്യത്യസ്തവുമായ രൂപങ്ങളിൽ ഹുദയുടെ നിഷ്പന്ന രൂപങ്ങൾ വന്നിട്ടുണ്ട്.
1) ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ നാമരൂപത്തിൽ വന്നിരിക്കുന്നു.
{ذلك الكتاب لا ريب فيه هدى للمتقين} :ഉദാ {ഇത് സദ്വൃത്തർക്ക് മാർഗദർശനമായ – ഒരു സംശയവുമില്ലാത്ത – ഗ്രന്ഥമാണ്} ( 2:2)
2) നാൽപ്പത്തിയൊൻപത് സ്ഥലങ്ങളിൽ വ്യത്യസ്ത സ്വഭാവങ്ങളോടെ വർത്തമാനകാല രൂപത്തിൽ വന്നിട്ടുണ്ട്.
{ويهدي به كثيرا}: ഉദാ {അവൻ അതിലൂടെ ധാരാളം പേർക്ക് വഴികാട്ടുന്നു} 2:26
3) മുപ്പത്തിയേഴ് സ്ഥലങ്ങളിൽ വ്യത്യസ്ത സ്വഭാവങ്ങളുള്ള ഭൂതകാല ക്രിയാ രൂപത്തിലാണ് വന്നിട്ടുള്ളത് ..
ഉദാ: : {وإن كانت لكبيرة إلا على الذين هدى الله} {അല്ലാഹു നേർവഴിയിലാക്കിയവരൊഴികെ അത് വലിയ പ്രയാസമാണ്} 2:143
4) മൂന്നു സ്ഥലങ്ങളിൽ കല്പന ക്രിയാ രൂപത്തിലും വന്നിട്ടുണ്ട് . ഉദാ: {اهْدِنَا الصِّرَاطَ الْمُسْتَقِيمَ}
{ഞങ്ങളെ നീ സ്വിറാത്വുൽ മുസ്തഖീമിലേക്ക് വഴിനയിക്കേണമേ! }1:6
1-ഈ പദത്തിന്റെ വിപുലവും വ്യത്യസ്തവുമായ അർഥതലങ്ങൾ വിശുദ്ധ ഖുർആനിലെ അതിന്റെ ഊന്നലിനെ സൂചിപ്പിക്കുന്നു.
: {أولئك على هدى من ربهم} {അവർ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ ദർശനത്തിലാണ്} (2: 5)
വെളിച്ചം, വ്യക്തത, ഉൾക്കാഴ്ച, തിരിച്ചറിവ് എന്നീ അർഥങ്ങൾ ഇവിടെ സംഗതമാണ്
{إنا هديناه السبيل} {തീർച്ചയായും, നാം അവന് നേർവഴി വ്യക്തമാക്കി} 76:3
{إن علينا للهدى} {തീർച്ചയായും, മാർഗം വ്യക്തമാക്കൽ നമ്മുടെ മേൽ ബാധ്യതയാണ് } (92:12)
2-ഇസ്ലാമിന്റെ അർത്ഥത്തിലും ഹുദ വന്നിട്ടുണ്ട്
{إن هدى الله هو الهدى} {തീർച്ചയായും, അല്ലാഹുവിന്റെ മാർഗം (ഇസ്ലാം) ആണ് മാർഗം} (2: 120)
{إنك لعلى هدى مستقيم} {നീ നേർവഴിയിലാകുന്നു (ഇസ്ലാമിലാണ്} ( 22: 67).
3-വിശ്വാസത്തിന്റെ അർത്ഥത്തിൽ ഹുദാ പലസ്ഥലങ്ങളിലും വന്നിട്ടുണ്ട്.
{وزدناهم هدى} {നാം അവർക്ക് മാർഗദർശനം (വിശ്വാസം) വർദ്ധിപ്പിച്ചിരിക്കുന്നു} ( 18: 13)
{أنحن صددناكم عن الهدى} {ഞങ്ങൾ നിങ്ങളെ മാർഗദർശനത്തിൽ (വിശ്വാസത്തിൽ ) നിന്ന് തടഞ്ഞുവോ ?} ( 34: 32),
4- ഖുർആനിൽ വന്ന ഹുദയുടെ മറ്റ് അർഥ തലങ്ങൾ
*പ്രബോധനം എന്ന അർഥത്തിൽ അമ്പിയാ:73, സജദ:24ലും
*വഴി എന്ന നിലയിൽ നഹ്ൽ : 16, അമ്പിയാ:31, ത്വാഹ : 10 ലും
*പ്രവാചക കല്പന പ്രകാരം എന്നയർഥത്തിൽ ബഖറ: 159 ,മുഹമ്മദ് : 25,32 എന്ന അർഥത്തിലും
*ഖുർആൻ എന്നയർഥത്തിൽ ഇസ്രാ : 94, നജ്മ് : 23 എന്നീ സൂക്തങ്ങളിലും
*തൗറാത് എന്ന നിലയിൽ ഗാഫിർ :53 ലും
*ഏകദൈവത്വം എന്ന അർഥത്തിൽ തൗബ:33,
*ഇൽഹാം / ബോധോദയം എന്ന നിലയിൽ ത്വാഹ :50, അഅലാ : 3
*തിരുത്തൽ എന്നയർഥത്തിൽ യൂസുഫ് : 53, അലഖ് : 11 ലും
* സ്വബോധമെന്നയർഥത്തിൽ ബഖറ : 16, അൻആം :56 ലും
* ദൂതൻ എന്ന നിലയിൽ ബഖറ :38,
*പ്രാമുഖ്യം നൽകുന്നതെന്ന നിലയിൽ നിസാ :51 ലും *സമർപ്പണമെന്ന അർഥത്തിൽ സ്വാഫാത് :23ലും *മരണമെന്ന സത്യത്തെ ഉദ്ദേശിച്ചു കൊണ്ട് ത്വാഹ : 82 ലും
*വിദ്യാഭ്യാസം / തർബിയത് എന്നയർഥത്തിൽ ദുഹ :7ലും *സ്ഥേയസ്സ്/ ഇസ്തിഖാമ എന്ന നിലയിൽ ഫാതിഹ : 3 ആയതിലും വന്നിരിക്കുന്നു.
ഖുർആനിൽ വന്നിട്ടുള്ള ഹുദ / ഹിദായത് എന്നതിന്റെ ഉപരി സൂചിത അർത്ഥങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അവയെല്ലാം അന്തിമ വിശകലനത്തിൽ മാർഗദർശനത്തിന്റെ ഉദ്ദേശത്തിലാണെന്ന് ദൃശ്യമാകും.
ഇതാണ് ഇബ്നു അത്വിയയെ നേരത്തെ സൂചിപ്പിച്ച പോലെ പറയാൻ പ്രേരിപ്പിച്ചത്. ഹുദായുടെ അർത്ഥം അത് ഉപയോഗിക്കുന്ന സന്ദർഭത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു.
إرْشاد , رُشْد , دَلاَلَة
തുടങ്ങിയ നിരവധി പദങ്ങളും പ്രയോഗങ്ങളും ഏകദേശം ഇതേ അർഥത്തിൽ പ്രമാണങ്ങളിൽ ലഭ്യമാണ്. സർവ്വശക്തനായ റബ്ബ് അവന്റെ ദാസന്മാരെ വഴിനയിക്കുകയും തെറ്റിക്കുകയും ചെയ്യുന്നത് വിധിവിശ്വാസത്തിന്റെ അടിസ്ഥാന സംഗതിയാണ്. അവൻ വിധിക്കുന്ന ഏറ്റവും മികച്ച അനുഗ്രഹം ഹിദായതും മനുഷ്യനെ ബാധിക്കുന്ന ഏറ്റവും വലിയ നിഗ്രഹം ദലാലതുമാണ്. ലോകത്ത് വന്ന എല്ലാ നബിമാരും വേദ ഗ്രന്ഥങ്ങളും അല്ലാഹു അവനുദ്ദേശിക്കുന്നവരെ സത്യവഴിയിൽ നയിക്കുകയും അതിൽ നിന്ന് തെറ്റിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.മാർഗനിർദേശം നൽകുന്നതിലും വഴിതെറ്റിക്കലിലും അടിമയുടെ പ്രാർത്ഥനക്കും ധിക്കാരത്തിനും വലിയ പങ്കുണ്ട് എന്നത് വാസ്തവമാണ് . പ്രബോധകന്റെ ഇംഗിതമല്ല സന്മാർഗവും ലക്ഷ്യപ്രാപ്തിയും നല്കേണ്ടത് റബ്ബ് മാത്രമാണ്. ഹിദായതിനെ പണ്ഡിതന്മാർ നാല് തലങ്ങളായി സംഗ്രഹിച്ചിരിക്കുന്നു.
1- പൊതുവായ ഹിദായത്:
ഓരോ സൃഷ്ടിയുടെയും കാര്യങ്ങൾ പരിഹരിക്കുന്നതിനുള്ള പൊതു മാർഗ്ഗനിർദ്ദേശമാണിത്.
قَالَ رَبُّنَا الَّذِي أَعْطَى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَى” (طه : 50)
എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും വേണ്ട മാർഗ നിർദേശങ്ങൾ പ്രകൃത്യാ നല്കുകയും ചെയ്തുവെന്നത്
എല്ലാ സൃഷ്ടികളെയും ഉൾക്കൊള്ളുന്ന പ്രയോഗമാണ്. ഭക്ഷണം, പാനീയം എന്നിങ്ങനെയുള്ള ഉപജീവനത്തിന്റെ മറ്റെല്ലാ കാര്യങ്ങളും ഈ ഹിദായതിന്റെ ഭാഗമാണ്.
ഉദാ: ഉറുമ്പുകൾ അവയുടെ ഭക്ഷണവും വെള്ളവും
താമസവും മറ്റും റബ്ബ് അവക്ക് നേരത്തെ നല്കിയിട്ടുണ്ട്.
2- സത്യമാർഗത്തിലേക്കുള്ള വഴിനടത്തൽ : സൃഷ്ടികളെ സത്യത്തിലേക്ക് ക്ഷണിക്കുകയും അവർക്ക് നന്മ വ്യക്തമാക്കുകയും ചെയ്യുക. ദൂതന്മാരെ അയച്ച് സന്മാർഗം വെളിപ്പെടുത്തിയതിന് ശേഷമല്ലാതെ അവൻ ആരെയും ശിക്ഷിക്കുകയില്ല.
“رُّسُلاً مُّبَشِّرِينَ وَمُنذِرِينَ لِئَلاَّ يَكُونَ لِلنَّاسِ عَلَى اللّهِ حُجَّةٌ بَعْدَ الرُّسُلِ وَكَانَ اللّهُ عَزِيزًا حَكِيمًا” (النساء : 165).
സന്തോഷവാർത്ത അറിയിക്കുന്നവരും, താക്കീതു നൽകുന്നവരുമായ റസൂലുകളായിക്കൊണ്ട് അയച്ചു; നിയോഗത്തിനു ശേഷം അല്ലാഹുവിന്നെതിരിൽ മനുഷ്യർക്ക് ഒരു ന്യായവും പറയുവാൻ ഉണ്ടാകാതിരിക്കുവാൻ വേണ്ടിയത്രെ അതെല്ലാം .
“وَلِكُلِّ أُمَّةٍ رَّسُولٌ فَإِذَا جَاء رَسُولُهُمْ قُضِيَ بَيْنَهُم بِالْقِسْطِ وَهُمْ لاَ يُظْلَمُونَ” (يونس : 47)
ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള ദൂതൻ വന്നാൽ അവർക്കിടയൽ നീതിപൂർവ്വം തീരുമാനമെടുക്കപ്പെടുന്നതാണ്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.
: “وَهَدَيْنَاهُ النَّجْدَيْنِ” (البلد : 10) അവനു നാം രണ്ടു വഴികളും കാണിച്ചു കൊടുത്തു
“وَمَاكُنَّا مُعَذِّبِينَ حَتَّى نَبْعَثَ رَسُولاً” (الإسراء : 15). ഒരു ദൂതനെ അയക്കാതെ നാം അവരെ ശിക്ഷിക്കുകയില്ല.
എന്നീ സൂക്തങ്ങളിൽ അനാവരണം ചെയ്യുന്നത് സത്യപാതയിലേക്കെത്തിക്കുക എന്ന ഉദ്ദേശമാണ്.
3- വിജയത്തിന്റെയും പ്രചോദനത്തിന്റെയും ഭാഗധേയത്തിന്റെയും മാർഗ്ഗനിർദ്ദേശം നല്കുക:
റബ്ബിന് മാത്രമേ ഈ മാർഗനിർദേശത്തിന് കഴിയൂ, അവൻ സത്യത്തിൽ നയിക്കാൻ ആഗ്രഹിക്കുന്നവൻ നേർവഴിയിലാകും, അല്ലാത്തവർ വഴിതെറ്റിക്കപ്പെടും
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَن يَشَاء وَهُوَ أَعْلَمُ بِالْمُهْتَدِينَ” (القصص : 56)
(നബിയേ) നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേർമാർഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ നേർമ്മാർഗ്ഗത്തിലാക്കുന്നു. സൻമാർഗ്ഗം പ്രാപിക്കുന്നവരെക്കുറിച്ച് അവൻ നല്ലവണ്ണം അറിയുന്നവനുമത്രെ.
4- സ്വർഗ പാതയിലേക്കുള്ള ഹിദായത്:
പരലോകത്ത് കണക്കെടുപ്പിനും പ്രതിഫലത്തിനും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ
ലക്ഷ്യസ്ഥാനത്തേക്കെത്തിക്കുമ്പോഴാണ് ഹിദായത് എന്ന നടപടി ക്രമങ്ങൾ പൂർത്തിയാവൂ. മണ്ണിൽ നിന്നും വിണ്ണിലേക്കും സ്വർഗത്തിലേക്കും കൈപിടിച്ചെത്തിക്കുന്ന നടപടിക്രമം ..
“إِنَّ الَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ يَهْدِيهِمْ رَبُّهُمْ بِإِيمَانِهِمْ تَجْرِي مِن تَحْتِهِمُ الأَنْهَارُ فِي جَنَّاتِ النَّعِيمِ” (يونس: 9).
നിശ്ചയമായും, വിശ്വസിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ, അവരുടെ വിശ്വാസം നിമിത്തം അവരുടെ റബ്ബ് അവരെ സൻമാർഗത്തിലാക്കുന്നതാണ്. സുഖാനുഗ്രഹത്തിൻറെ സ്വർഗങ്ങളിൽ, അവരുടെ അടിഭാഗത്തിലൂടെ അരുവികൾ ഒഴുകികൊണ്ടിരിക്കും.
“وَالَّذِينَ قُتِلُوا فِي سَبِيلِ اللَّهِ فَلَن يُضِلَّ أَعْمَالَهُمْ * سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ” (محمد: 4، 5)،
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവരാകട്ടെ, അവരുടെ കർമ്മങ്ങളെ അവൻ പാഴാക്കുന്നതേയല്ല.
അവൻ അവരെ ലക്ഷ്യത്തിലേക്കു നയിച്ചുകൊള്ളുന്നതാണ്; അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും’.
ഇതേയർഥത്തിലെല്ലാം ഖുർആൻ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന പദമാണ് “റുശ്ദ്” അഥവാ നേർമാർഗം!
കഠിനമായ അഗ്നിപരീക്ഷയെത്തുടർന്ന് ഗുഹയിൽ അഭയം തേടിയ ‘ഗുഹാവാസികൾ ‘
എന്താണ് അല്ലാഹുവിനോട് ആത്യന്തികമായി ആവശ്യപ്പെട്ടത്?
” رُشد ” അഥവാ നേർവഴി! ഭൗതിക സഹായമോ വിജയമോ അതിജീവനമോ ഒന്നുമല്ല അവർ ചോദിച്ചത്; നേർവഴി മാത്രം!!
“ഗുഹയിൽ അഭയം തേടിയ ആ യുവാക്കൾ പ്രാർഥിച്ചു: ഞങ്ങളുടെ നാഥാ, നിന്റെ ഭാഗത്തുനിന്നുള്ള കരുണയും, ഞങ്ങളുടെ കാര്യത്തിൽ നേരായ വഴിയും ഞങ്ങൾക്ക് നൽകേണമേ..” (18: 10)
ആദ്യമായി ദൈവിക വചനം കേൾക്കാനിടയായ ജിന്നുകൾ എന്താണ് പറഞ്ഞത്? ( റുശ്ദിലേക്ക് )
നേർവഴിയിലേക്ക് നയിക്കുന്ന ഖുർആൻ..! (72: 2)
അല്ലാഹു അരുളി: “എന്റെ ദാസന്മാർ എന്നെ ചോദിച്ചാൽ ഞാനിതാ അവരുടെ ചാരത്തു തന്നെയുണ്ട്. എന്നെ വിളിച്ചാൽ ഞാനവർക്കുത്തരം നൽകാം. അവർ എന്നോട് ചോദിക്കട്ടെ..എന്നെ വിശ്വസിക്കട്ടെ.. എങ്കിലവർ ( റുശ്ദ് ) നേർവഴി അണഞ്ഞേക്കാം..”
(2: 186)
അപ്പോൾ എന്താണ് റുശ്ദ്?
1. സത്യമുഖത്തെ ശരിയായ നിലപാട്.2. നേരായ ചര്യ.
3. ശരിയായ ദിശയിലൂടെയുള്ള പ്രയാണം.
ഈ “റുശ്ദ്” റബ്ബ് ഒരാൾക്ക് കനിഞ്ഞേകിയാൽ വമ്പിച്ച സൗഭാഗ്യവും അനുഗ്രഹവും അയാൾ നേടിക്കഴിഞ്ഞു!
അതുകൊണ്ടാണ് സദാ റുശ്ദിനു വേണ്ടി തേടാൻ അല്ലാഹു നമ്മെ ഉപദേശിച്ചത്.
“റുശ്ദ്” കൊണ്ട് വഴിദൂരം കുറയും.. പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും.. ഗുണഫലങ്ങൾ വർധിക്കും..
മൂസാ നബി അല്ലാഹു നിർദ്ദേശിച്ച മഹാപുരുഷനെ കണ്ടെത്തിയപ്പോഴും ഇതേ കാര്യം തന്നെയാണ് ആവശ്യപ്പെട്ടത്:
“അങ്ങേക്ക് ലഭ്യമായ റുശ്ദിൽ നിന്നൽപം എനിക്കും ലഭിക്കാനായി അങ്ങയെ അനുഗമിച്ചോട്ടെ..?” (18: 66)
അതെ ,മറ്റൊന്നും നമുക്ക വേണ്ട! മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇഹലോകത്തിലെ പുരോഗതിയും പരലോകത്തിലെ വിജയവുമാണ് ഈ റുശ്ദ് . ആ അർഥത്തിൽ അത് തന്നെ ഹിദായതും.
റുശ്ദ് ഗയ്യിന്റെ വിപരീതമാണ്. വിവരക്കേടാണ് ഗയ്യ് .
وَإِنْ يَرَوْا سَبِيلَ الْغَيِّ [الأعراف:146]
അവരെങ്ങാനും ഗയ്യ് /വിവരക്കേട് കണ്ടാൽ …
എന്നാൽ ഹിദായത് ദലാലതിന്റെ ( വഴികേടിന്റെ ) എതിർ വചനമാണ്. ഹിദായത് / ഹുദാ എന്ന് പറയുമ്പോൾ അതിൽ റുശ്ദ് അടക്കമുള്ള സകല മാർഗദർശനങ്ങളും ഉൾചേരുന്നു. എന്നാൽ റുശ്ദ് മാത്രം പറഞ്ഞാൽ അത്തരം സന്ദർഭങ്ങളിൽ ഹിദായതിന്റെ അർഥം അതിൽ വന്നു ചേരുന്നു. റുശ്ദ് വിജ്ഞാനം കൊണ്ട് പ്രാപിക്കേണ്ടതും അധ്വാനം ആവശ്യമുള്ളതുമാണ്. ഹിദായത് നാം കർമവും പ്രാർഥനയും കൊണ്ട് നേടിയെടുക്കേണ്ടതാണ്. റുശ്ദിനായി അധ്വാനിക്കുക; ഹിദായതിനായി പ്രാർഥിക്കുകയും ചെയ്യുക.