സന്തോഷ വാർത്ത അറിയിക്കുന്നവരാവൂ ; വെറുപ്പിക്കല്ലേ
ഹൃദയങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനമുണ്ടാക്കുക ഭീഷണിയുടെ സ്വരമാവില്ല. അതിനാലാണ് ഖുർആൻ വഈദു/ ഭീഷണിയേക്കാൾ വഅദ് / വാഗ്ദാനം നടത്തുന്നത് എന്നതിൽ തർക്കമില്ല. ആരാണ് വെറുതെ പേടിപ്പിക്കുന്നവരെ ഇഷ്ടപ്പെടുക?! ഒരിക്കലുമില്ല (يسِّروا ولا تعسِّروا، وبشِّروا ولا تنفِّروا)
എളുപ്പമാക്കുക, ബുദ്ധിമുട്ടിക്കരുത്, സന്തോഷവാർത്ത അറിയിക്കുക, വെറുപ്പിക്കരുതെന്ന് ഏത് പ്രബോധക സംഘത്തെ നിയോഗിക്കുമ്പോഴും നബി (സ) പ്രത്യേകം ഉപദേശിക്കാറുണ്ടായിരുന്നു . ഉദാഹരണത്തിന് മുആദുബ്നു ജബലി (റ) നെ യമനിലേക്ക് നിയോഗിച്ച സംഭവം ഹദീസ് / സീറ ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാണ്. പ്രബോധന / പ്രഘോഷണ വഴികളിലേക്ക് പ്രവേശിക്കുമ്പോൾ സംസാരിക്കുന്നയാളും സംബോധിതനും തമ്മിലുള്ള ബന്ധത്തെ സജീവമാക്കുന്നത് സന്തോഷവാർത്ത അറിയിക്കുന്നവന്റെ ഭാഷയും ശൈലിയുമാവും . പ്രബോധകന്റെ വർത്തമാനം കൂടുതൽ വ്യക്തവും തിളക്കവുമുള്ളതാണെങ്കിൽ, അത് ആത്മാവിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു.
دل سے جو بات نکلتی ہے اثر رکھتی ہے
پَـر نـہیں، طاقـتِ پـرواز مگـر رکھتی ہے
(ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന വാക്കിന് ഫലമുണ്ട്.
ചിറകില്ലെങ്കിലും പറക്കാനുള്ള ശക്തിയതിനുണ്ടാവും)
എന്ന് ജവാബെ ശിക്വയിൽ ഇഖ്ബാൽ പറയുന്നതിന്റെ അർഥം അതുകൂടിയാണ്.
ഖുർആനിക പദപ്രയോഗങ്ങളിൽ പലപ്പോഴും ഉപയോഗിച്ചിട്ടുള്ള പദമാണ് ( بشارة സന്തോഷവാർത്ത) ഖുർആനിലെ ഈ വാക്കിന്റെ പ്രസക്തി എന്താണ്? ഈ വാക്കിന്റെ ഭാഷാപരമായ അർത്ഥം നമുക്കൊന്ന് പരിശോധിച്ചറിയാം. . അറബി നിഘണ്ടുക്കൾ ബശറിന് (മനുഷ്യന്) അവനോട് ഏറ്റവും യോജിച്ച രീതി بشارة/ സന്തോഷവാർത്തയുടെ ശൈലിയാണ് എന്നാണ് കാണുന്നത്.
ഭൂമി സസ്യങ്ങളെ പുറപ്പെടുവിക്കുന്നതിനെയാണ് ഭാഷയിൽ തബ്ശീർ എന്ന് പറയുന്നത്. വിവരദാതാവ് എപ്പോഴും സന്തോഷിപ്പിക്കുന്ന വാർത്തയുടെ ഉറവിടമാവണം, പ്രതീക്ഷയുടെ പുതിയ നാമ്പുകൾ മുളപ്പിക്കുന്നതാവണം അവന്റെ വർത്തമാനം. ഒരു മരണ വാർത്ത മറ്റൊരാളിലേക്ക് ഏതെല്ലാം രീതിയിൽ നമുക്ക് എത്തിച്ച് കൊടുക്കാൻ കഴിയും. ശ്രോതാവിൽ ആഘാതം കുറക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നവനാണ് ശരിക്കും മുബശ്ശിർ/ സന്തോഷവാർത്ത അറിയിക്കുന്നവൻ . നബിമാർ മുന്നറിയിപ്പ്കാരാവുന്നതിന് മുമ്പ് സന്തോഷവാർത്ത അറിയിക്കുന്നവരായിരുന്നു. മുന്നറിയിപ്പ് അതിന്റെ സമയത്ത് മാത്രം നിർവഹിക്കേണ്ടതാണ്.
﴿فبشرهم بعذاب أليم﴾ വേദനാജനക ശിക്ഷ സന്തോഷ വാർത്ത അറിയിക്കുക എന്ന ഖുർആനിക ശൈലി (ആലു ഇംറാൻ 21,തൗബ 34 , ഇൻശിഖാഖ് 24 )വിരോധാഭാസ രൂപകം /സർകാസമാണ് .നിയന്ത്രണത്തോടെയല്ലാതെ ആ പദം ദുരിതത്തിലും തിന്മയിലും ഉപയോഗിക്കാറില്ല ..
وَبَشِّرِ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أَنَّ لَهُمْ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ (നബിയേ) വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് നീ സന്തോഷമറിയിക്കുകയും ചെയ്യുക: 2:25
എന്നതാണ് ഖുർആനിക ശൈലി. വിശുദ്ധ ഖുർആനിൽ നൂറ്റി ഇരുപത്തിമൂന്ന് സ്ഥലങ്ങളിൽ ( تبشير) എന്ന വാക്കും അതിന്റെ നിഷ്പന്നിത രൂപങ്ങളും പരാമർശിച്ചിരിക്കുന്നു. നാൽപ്പത്തിയെട്ട് സ്ഥലങ്ങളിൽ അത് ക്രിയാ രൂപത്തിൽ പരാമർശിച്ചിരിക്കുന്നു. എഴുപത്തിയഞ്ച് സ്ഥലങ്ങളിൽ പ്രസ്തുത വാക്ക് നാമരൂപത്തിലാണ് വന്നിട്ടുള്ളത്.
ഖുർആനോ റസൂലോ നിരാശ വിതരണം ചെയ്യുന്ന ഒരു വർത്തമാനവും പറഞ്ഞിട്ടില്ല എന്നതാണ് ശരി. മുഴുവൻ സന്തോഷദായകമാണ് അവയുടെ ശൈലിയും ഭാഷയും. എന്നിട്ടും ജനങ്ങളുടെ ഇടയിലെ നിരാശ വ്യാപിച്ച പൊതു അവസ്ഥക്ക് കാരണമാവുന്നത് മിക്കവാറും നമ്മുടെ പ്രഭാഷകന്മാരും എഴുത്തുകാരും സാംസ്കാരിക നായകരും പറയുന്ന നിരാശ പ്രസരിപ്പിക്കുന്ന വർത്തമാനങ്ങളും വഅളുകളുമാണ്. ഉദാ:-
‘ഇസ്ലാം നിസ്സഹായമായ ഒന്നായി ആരംഭിച്ചു, അത് വീണ്ടും നിസ്സഹായമായ അവസ്ഥയിലേക്ക് മാറും’ പോലെയുള്ള തലയും വാലും വെട്ടിമാറ്റിയ വാചകങ്ങളാണ് പൊതുജന സമക്ഷം അവരിൽ പലരും അലക്കുന്നത്.
فطوبى للغرباء هم الذين يصلحون ما أفسد الناس ‘മനുഷ്യർ ദുഷിപ്പിച്ചത് നന്നാക്കുന്ന അപരിചിതർക്ക് ഭാവുകങ്ങൾ ‘ എന്ന സന്തോഷദായകമായ ഭാഗം പറയാതെയാണ് നിരാശയുണ്ടാക്കുന്ന വർത്തമാനം മാത്രം പൈസക്ക് വിളമ്പുന്നത്…
لا تزال طائفة من أمتي على الحق ظاهرين (എന്റെ ഉമ്മത്തിലെ ഒരു കൂട്ടം സത്യത്തിൽ ഉറച്ചു നിൽക്കുന്നവരായി എന്നുമുണ്ടാവും) എന്ന പ്രവാചക വചനത്തിൽ പറയുന്ന സന്തോഷ വാർത്തയാണ് ശോക ഹദീസോതി അവർ കൂടുതൽ ശോകാത്മകമാക്കുന്നത്.
إلا ذرية من قومه / حواريون എന്നൊക്കെ പറയുന്നത് പോലെയുള്ള ഒരു ചെറിയ സംഘം സത്യത്തിൽ ഉറച്ചു നിൽക്കുന്നവരായി എന്നുമുണ്ടാവുമെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം. അത് മിഡിലീസ്റ്റിലായാലും ഈജിപ്റ്റിലായാലും തുർക്കിയിലായാലും അറബ് ഉപദ്വീപിലായാലും …..
അറബ് വസന്തത്തിന്റെ തകർച്ചയ്ക്ക് ശേഷം ആഗോള ഇസ്ലാമിക സമൂഹം അനുഭവിക്കുന്ന ത്വരിതഗതിയിലുള്ളതും വേദനാജനകവുമായ ചില സംഭവങ്ങൾ – പ്രത്യേകിച്ച് അതിന്റെ അവസാന കാലഘട്ടങ്ങളിൽ – ചിലയിടങ്ങളിലെങ്കിലും പ്രതിവിപ്ലവത്തിന്റെ ബാഹ്യ വിജയങ്ങൾ, നിരവധി യുവാക്കളെയും പക്വതയെത്തിയ മുതിർന്നവരെ പോലും നിരാശയിൽ വീഴ്ത്തി കളഞ്ഞിട്ടുണ്ട്. നിരാശയുടെയും ഇച്ഛാഭംഗത്തിന്റെയും അവസ്ഥയിലേക്ക് നമുക്കറിയാവുന്ന നിരവധി മുസ്ലിം – അറബ് സമൂഹങ്ങളും എത്തിപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ ഈ നിരാശയുടെ കാരണങ്ങൾ പലതാണ്. ദീനിന്റെ എല്ലാ അടയാളങ്ങളെയും നിയന്ത്രിക്കുക, അതിന്റെ ഉറവിടങ്ങൾ ഉണക്കുക എന്നിങ്ങനെ വിവിധ രൂപത്തിലുള്ള നിയന്ത്രണങ്ങൾ മുസ്ലിം തട്ടകങ്ങളിൽ തന്നെ ഉണ്ടായി. വളരെ ശക്തമായി രംഗത്തുണ്ടായിരുന്ന പ്രബോധകരെ ജയിലിലടച്ച് നിശബ്ദരാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.ഇസ്ലാമിനും മുസ്ലിം ജനങ്ങൾക്കുമെതിരായ ഈ ആഗോള ഗൂഢാലോചന ലോകത്തിന്റെ എല്ലാ ഭാഗത്തും മുസ്ലിംകളുടെ രക്തം ചൊരിയപ്പെടുന്ന അവസ്ഥയിലേക്ക് വരെയെത്തിച്ചു.
പ്രബോധകരുടെയും ദീനീബോധമുള്ള യുവാക്കളുടെയും ഹൃദയങ്ങളിൽ വരെ നിരാശ നുഴഞ്ഞുകയറി. ഈ സാഹചര്യത്തിലാണ് നിരാശ മാത്രം ഉണ്ടാക്കുന്ന തലയും വാലുമില്ലാത്ത ഹദീസുകളോതി അവരെ കൂടുതൽ വിഷാദികളാക്കിമാറ്റുന്നതോർക്കണം.
അവരെ ഭരിക്കുന്ന ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യ ശക്തികൾ അവിടങ്ങളിൽ നാമ്പെടുക്കുന്ന പുത്തൻ പ്രഭാതത്തെ ഇല്ലാതാക്കാനും ഇഞ്ചക്ഷൻ നൽകി കൊന്നുകളയാനുമാണ് ശ്രമിക്കുന്നത്.ശത്രുക്കളുടെ വഞ്ചനയുടെ ഏജന്റുമാരായി ഇസ്ലാമിക ലോകത്തിന്റെ കാവൽക്കാർ തന്നെ മാറുന്ന സാഹചര്യത്തിൽ ‘എന്റുപ്പാപ്പാക്കൊരാനണ്ടാർന്നു കഥകൾ ‘ പറഞ്ഞു പറഞ്ഞു മുൻ തലമുറയും കേട്ട് കേട്ട് പുതു തലമുറയും ഉറക്കമായി.ഈയൊരു പശ്ചാത്തലത്തിലാവണം ഡോ. യൂസുഫുൽ ഖറദാവിയുടെ പുസ്തകം ( المبشرات بانتصار الإسلام /ഇസ്ലാമിന്റെ വിജയത്തിന്റെ സന്തോഷവാർത്തകൾ) ഈ ഇരുട്ടിന്റെ അന്ധകാരത്തെ അകറ്റുന്ന പ്രകാശത്തിന്റെ വിളക്കായി അറബ് ലോകത്തെ യുവാക്കൾ ഏറ്റെടുത്തത്.
ഖുർആനിലെയും സുന്നത്തിലെയും സന്തോഷവാർത്തകൾ :-
ഇസ്ലാമിന്റെ വിജയത്തെ ഉദ്ഘോഷിക്കുന്ന വാക്യങ്ങൾ സൂറ: തൗബ മുതൽ സൂറ: നൂറ് വരെ 14 അധ്യായങ്ങൾ ഇത്തരം മുബശ്ശിറാതു / സന്തോഷവാർത്തകളുടെ യൂണിറ്റാണ് എന്നാണ് മർഹും മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹിയുടെ നിരീക്ഷണം. ഖുർആനിലെ സപ്ത ഊന്നലുകളിൽ ഒന്നാണ് ഇത്തരം മുബശ്ശിറാതുകളെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അവയിൽ ചിലത് മാത്രം താഴെ കൊടുത്തിരിക്കുന്നു :-
‘അവരുടെ വായ്കൊണ്ട് അല്ലാഹുവിൻറെ പ്രകാശം കെടുത്തിക്കളയാമെന്ന് അവർ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തൻറെ പ്രകാശം പൂർണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികൾക്ക് അത് അനിഷ്ടകരമായാലും.അവനാണ് സൻമാർഗവും സത്യദീനുമായി തൻറെ ദൂതനെ അയച്ചവൻ. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാൻ വേണ്ടി. ബഹുദൈവവിശ്വാസികൾക്ക് അത് അനിഷ്ടകരമായാലും. ‘ 9:32 – 33
ഇത് മുതൽ സൂറ: നൂർ 55 വരെ സൂക്തങ്ങൾ ആ ശൃംഖലയുടെ ഭാഗങ്ങളാണ് :-
‘നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവർക്ക് പ്രാതിനിധ്യം / ഖിലാഫത് നൽകിയത് പോലെതന്നെ തീർച്ചയായും ഭൂമിയിൽ അവൻ അവർക്ക് പ്രാതിനിധ്യം/ ഖിലാഫത് നൽകുകയും, അവർക്കവൻ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ ദീനിന്റെ കാര്യത്തിൽ സ്വാധീനം നൽകുകയും, അവരുടെ ഭയപ്പാടിന് ശേഷം നിർഭയത്വം പകരം നൽകുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവർ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവർ പങ്കുചേർക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവർ തന്നെയാകുന്നു ധിക്കാരികൾ. 24:55
ഇത്തരം വാഗ്ദത്തങ്ങൾ വിശ്വാസത്തിലും പ്രവൃത്തിയിലും വ്യവസ്ഥാപിതമാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട് ഈ സൂക്തം.
വിശുദ്ധ ഖുർആനിലെ നബിമാരുടെ ചരിത്രങ്ങളിൽ വിശ്വാസികളുടെയും നിഷേധികളുടെയും പരിണതിയും അന്ത്യവും ധാരാളമുണ്ട്. വിശ്വാസികളെ സഹായിക്കുമെന്നും രക്ഷിക്കുമെന്നും പ്രതിരോധിക്കുമെന്നും റബ്ബ് വാഗ്ദാനം ചെയ്യുകയും അവിശ്വാസികളുടെ കുതന്ത്രങ്ങളും കളികളും
പരാജയപ്പെടുത്തുമെന്നും ഉറപ്പ് നൽകിയിരിക്കുന്നത് വളരെ വ്യക്തമായി കാണാൻ സാധിക്കുന്ന ഒരു ആയതാണ് 24:55 . ഖറദാവിയുടെ ഭാഷയിൽ മുബശ്ശിറാതിന്റെ കേന്ദ്ര സൂക്തം.
മദീനയിലെ മുസ്ലിങ്ങളെ ആക്രമിക്കാൻ മുന്നൊരുക്കങ്ങളുമായി വന്ന ഖുറൈശികളും ജൂതരും സഖ്യകക്ഷികളായ ഗോത്രങ്ങളും അടങ്ങിയ അഹ്സാബിനെ മദീനയിലെ മുസ്ലിംങ്ങൾ ലളിതമായ കിടങ്ങ് /ഖൻദഖ് കുഴിച്ച് നേരിട്ട യുദ്ധമാണ് ഖൻദഖ് യുദ്ധം. ഹിജ്റ വർഷം അഞ്ചിൽ നടന്ന ഈ യുദ്ധത്തിൽ നബി (സ) കിടങ്ങ് കുഴിക്കുമ്പോൾ നടത്തിയ പ്രസ്താവനകൾ :
‘അല്ലാഹു അക്ബർ, എനിക്ക് ശാമിന്റെ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. അവിടത്തെ ചുവന്ന കൊട്ടാരങ്ങൾ ഞാൻ കാണുന്നു. രണ്ടാമതും പാറയിൽ വെട്ടിയിട്ട് അദ്ദേഹം പറഞ്ഞത് ‘അല്ലാഹു അക്ബർ, എനിക്ക് പേർഷ്യയുടെ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു ‘ എന്നാണ്. തുടർന്ന് മൂന്നാമതും ആഞ്ഞു വെട്ടിയിട്ട് പറഞ്ഞു: ” അല്ലാഹു അക്ബർ,എനിക്ക് മദാഇനിലെ വെളുത്ത കൊട്ടാരം കാണാൻ കഴിയുന്നു ‘ ഈ വർത്തമാനം
എത്ര പ്രതിസന്ധികൾക്കിടയിലും അനുയായികൾക്ക് ശുഭപ്രതീക്ഷകൾ മാത്രം നല്കുന്ന ഒരു മാതൃകാ നേതാവിന്റെ പ്രസ്താവനയായാണ് നാം വായിക്കേണ്ടത്.
ഈ ആയതിന്റെ അവതരണ പശ്ചാത്തലത്തിൽ നബി (സ) അവിടെ ഹാജറുണ്ടായിരുന്ന അദ്യ്ബ്നു ഹാതമിനോട് ചില പ്രത്യേക ചോദ്യങ്ങൾ ചോദിച്ച് തുടർന്ന് ‘നിനക്ക് ദീർഘായുസ്സുണ്ടെങ്കിൽ, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയക്കാതെ ഒരു പെൺകുട്ടി യമനിലെ ഹീറയിൽ നിന്നും പുറപ്പെട്ടു കഅബയെ ത്വവാഫ് ചെയ്യുമെന്ന ‘ പോസിറ്റീവ് എനർജി പ്രധാനം ചെയ്യുന്ന ഹദീസിനെ ‘പെണ്ണ് ഒറ്റക്ക് യാത്ര ചെയ്യുകയോ ‘ എന്ന ഫിഖ്ഹിൽ കെട്ടിയിട്ടാൽ ഈ ഹദീസ് ഉൾകൊള്ളുന്ന സന്തോഷ വാർത്ത ഉൾകൊള്ളാൻ കഴിയുമെന്ന് തോന്നുന്നില്ല.
അദിയിനോട് നബി തുടർന്ന് പറഞ്ഞു: ‘കോൺസ്റ്റാന്റിനോപ്പിളും റോമും കീഴടങ്ങും..’
സംശയ ലേശമന്യേ അദിയ് ചോദിച്ചത് : കോൺസ്റ്റാന്റിനോപ്പിളോ റോമോ രണ്ട് സാമ്രാജ്യങ്ങളിൽ ഏതാണ് ആദ്യം കീഴടങ്ങുക എന്നാണ്.
അതിന് നബിയുടെ മറുപടി കോൺസ്റ്റാന്റിനോപ്പിൾ എന്നായിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ എന്നർത്ഥം വരുന്ന ഹെറാക്ലിയസ് നഗരത്തിന്റെ വിജയം മുഹമ്മദുൽ ഫാതിഹിന്റെ കാലത്ത് ( 1444- 1481 CE/848 – 886 AH) സുസാധ്യമായെങ്കിൽ ബാക്കിയുള്ള വാഗ്ദാനവും പുലരുക തന്നെ ചെയ്യുമെന്ന ശുഭാപ്തി വിശ്വാസമാണ് വിശ്വാസികൾക്ക് വേണ്ടത്. ഇത്തരം പ്രവചനങ്ങളിൽ പല പ്രദേശങ്ങളുടെയും പ്രത്യേകം പ്രത്യേകം പേരെടുത്ത് പറഞ്ഞതായിട്ട് ചില ഹദീസുകളുണ്ട്.
വേറൊരു ഹദീസിലുള്ളത് മൊത്തത്തിലാണ്. ‘എന്റെ റബ്ബ് എനിക്ക് ഭൂമി പരത്തി കാണിച്ചു തന്നു . ഞാൻ അതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു, എന്റെ ഉമ്മതിന്റെ അധികാരമാണ് എനിക്ക് പരത്തി കാണിച്ച് വെളിപ്പെടുത്തിയത് ‘എന്നും ‘നുബുവ്വതിന് ശേഷമുള്ള ഖിലാഫത്ത് മുപ്പത് വർഷമായിരിക്കുമെന്നും തുടർന്ന്, ആജ്ഞകൾ പുറപ്പെടുവിക്കുന്നവരും രാജാക്കളും സ്വേച്ഛാധിപതികളും ആയിരിക്കുമെന്നും ശേഷം നുബുവ്വതിന്റെ മാതൃകയിലുള്ള ഖിലാഫത് ആവർത്തിക്കുമെന്നു’മെല്ലാം ഹദീസുകളിലുണ്ട്.
‘അറബികളുടെ നാട് പുൽമേടുകളിലേക്കും നദികളിലേക്കും മടങ്ങുന്നത് വരെ അന്ത്യനാൾ വരില്ല’ എന്ന ഹദീസ് ഇന്നത്തെ കലുഷിതമായ അന്തരീക്ഷം മാറി ശാന്തസുന്ദരമായ ഒരു നാളെയെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ കപടന്മാർ പലപ്പോഴും പ്രതികരിക്കുന്നത് :
‘നമ്മോട് അല്ലാഹുവും അവൻറെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദർഭം ‘ 33:12 എന്ന രീതിയിലായിരിക്കും
ഈ വാഗ്ദാനങ്ങൾ ചരിത്രത്തിൽ രണ്ടു തവണ പുലർന്നിട്ടുണ്ട്. ഒന്നാമത്തേത്: ഒന്ന് നബി തങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അല്ലാഹുവിന്റെ വാതിലല്ലാതെ, വിശ്വാസികളുടെ മുഖത്ത് മറ്റു വാതിലുകളെല്ലാം അടഞ്ഞ ഘട്ടത്തിൽ . ഹിജ്റയും ബദ്റും മക്കാ വിജയവുമെല്ലാം അതിന്റെ ചില മാതൃകകൾ മാത്രം.
രണ്ടാമത്തേത്: നബിയുടെ വിയോഗത്തിന് ശേഷം ഉമ്മത് പല പ്രതികൂല സാഹചര്യങ്ങളിലൂടെയും കഷ്ടതകളിലൂടെയും നടന്നു നീങ്ങിയ ഘട്ടങ്ങളിൽ . ഉമ്മതിന്റെ മനഃശാസ്ത്രപരവും ആത്മീയവുമായ മുന്നേറ്റങ്ങളിലൂടെ ചരിത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലായുണ്ടായ മതപരിത്യാഗത്തിന്റെ യുദ്ധങ്ങൾ / Apostasy Wars,കുരിശുയുദ്ധങ്ങൾ, താർതാരികളുമായുണ്ടായ യുദ്ധങ്ങൾ, ഖുദ്സ് വിജയം എന്നിവ ഇതിന് തെളിവാണ്. അവിശ്വാസത്തിനെതിരെ വിശ്വാസം വീണ്ടും വെന്നിക്കൊടി പാറിച്ച കാലഘട്ടം, അല്ലാഹുവിന്റെ പിന്തുണയും വിജയവും കൊണ്ട് വിശ്വാസികൾ വീണ്ടും വിജയിച്ച കാലഘട്ടം ഇവയെല്ലാം അതാത് കാലത്തെ വിശ്വാസികൾക്ക് നല്കിയ ആത്മവിശ്വാസം ചെറുതല്ല.
യാഥാർത്ഥ്യലോകത്ത് നിന്നുള്ള ചില ശുഭ സൂചനകൾ:
നാം ജീവിച്ചിരിക്കുന്ന ലോകത്ത് യാഥാർത്ഥ്യത്തിന്റെ പ്രത്യാശ നൽകുന്ന വാഗ്ദാനങ്ങൾ എമ്പാടുമുണ്ട്. പേരിനെങ്കിലുമുണ്ടായിരുന്ന ഖിലാഫതിന്റെ പതനത്തിന് ശേഷം എത്ര ദുരന്തങ്ങളും കഷ്ടപ്പാടുകളും സഹിച്ചിട്ടും ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി നിലനില്ക്കുന്ന പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും മുന്നേറ്റങ്ങളും ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് തന്നെ ഇസ്ലാമിക നവജാഗരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇസ്ലാമിക ഉണർവ് പകർന്നു നൽകിയ യുവത്വത്തിന്റെ നവോത്ഥാന സംരംഭങ്ങൾ നിരാശയല്ല; ശുഭാപ്തി വിശ്വാസം ശതഗുണീഭവിപ്പിക്കുന്നതാണ്.
പ്രപഞ്ചത്തിലെ ദൈവിക നിയമങ്ങളിൽ നിന്നുള്ള ശുഭ വാർത്തകൾ:
ഖുർആനും സുന്നത്തും ചരിത്രവും യാഥാർത്ഥ്യവും ഇസ്ലാമിന്റെ വിജയത്തെ അറിയിക്കുന്നുവെന്ന് നാം സൂചിപ്പിച്ചു. അക്കൂട്ടത്തിൽ ചേർത്ത് വെക്കാനുള്ള രണ്ട് സൂചകങ്ങളാണ് (سنة التداول) ഉം (التغيير) ഉം /deliberation and change (وتلك الأيام نداولها بين الناس) آل عمران:140
കാലം മാറിവരുമെന്നതാണ് അല്ലാഹുവിന്റെ ഒരു സുന്നത്.
(ذلك بأن الله لم يك مغيرا نعمة أنعمها على قوم حتى يغيروا ما بأنفسهم) الأنفال:53 സ്വയം മാറാതെ അല്ലാഹു ഒരു സമൂഹത്തെയും മാറ്റില്ല എന്നതാണ് മറ്റൊരു സുന്നത്. രണ്ടും അതാത് കാലത്തെ അതിജീവിക്കുന്ന ഇസ്ലാമിക പ്രബോധനത്തിന് അനുഭവിക്കാനായിട്ടുണ്ട്.
جہاں میں اہلِ ایماں صورتِ خورشید جیتے ہیں
اِدھـر ڈُوبـے اُدھـر نکلے، اُدھـر ڈُوبـے اِدھـر نـکلـے
സൂര്യസമാനം വിശ്വാസികൾ ജീവിച്ചിടുകിലുലകിൽ
ഒരിടത്തസ്തമിച്ചാലും ഒരിടത്തുദിച്ചിരിക്കും , കട്ടായം
എന്ന് ഇഖ്ബാൽ പറയുന്നത് ആ സുന്നതുല്ലായാണ്.
ഉപരിസൂചിത സന്തോഷവാർത്തകൾ അനുഭവിക്കാൻ സാധിക്കുന്ന മറ്റുചില ഖുർആനിക സൂക്തങ്ങൾ കാണുക :-
1-പശ്ചാത്തപിച്ചു മടങ്ങുന്നവർ, (അല്ലാഹുവിനെ) ആരാധിക്കുന്നവർ, (അവന്) സ്തുതി കീർത്തനം ചെയ്യുന്നവർ, ദേശാടനക്കാർ (അഥവാ നോമ്പുകാർ), ‘റുകൂഉ്’ [കുമ്പിട്ട് നമസ്കാരം] ചെയ്യുന്നവർ, ‘സുജൂദ്’ [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവർ, സദാചാരംകൊണ്ട് കൽപിക്കുന്നവരും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുന്നവരുമായുള്ളവർ, അല്ലാഹുവിൻറെ അതിർത്തികളെ [നിയമപരിധികളെ] കാത്തുസൂക്ഷിക്കുന്നവരും! സത്യവിശ്വാസികൾക്ക് സന്തോഷമറിയിക്കുകയും ചെയ്യുക. 9: 112
2-നിശ്ചയമായും ഞെരുക്കത്തോടുകൂടി സൗകര്യം ( എളുപ്പം) ഉണ്ടായിരിക്കും. 94:5
3 -തങ്ങളുടെ വായകൊണ്ടു അല്ലാഹുവിന്റെ പ്രകാശം കെടുത്തികളയുവാൻ അവർ ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പൂർത്തിയാക്കുന്നവനുമാണ് – അവിശ്വാസികൾക്കു വെറുപ്പായാലും ശരി. 61:8 (9:8 ലും ഇതേ ആശയമുണ്ട് )
4-അവനത്രെ, സന്മാർഗ്ഗവും, യഥാർത്ഥ ദീനുമായി തന്റെ റസൂലിനെ അയച്ചവൻ, എല്ലാ മതങ്ങളെക്കാളും അതിനെ മേലേയാക്കി പ്രത്യക്ഷപ്പെടുത്തുവാൻവേണ്ടി. അല്ലാഹു തന്നെ മതി, സാക്ഷിയായിട്ട്!. 48:28
5 -നിന്നെ പിന്തുടർന്നവരെ ഉയിർത്തെഴുന്നേൽപിൻറെ നാൾ വരേക്കും സത്യനിഷേധികളെക്കാൾ ഉന്നതൻമാരാക്കുകയും ചെയ്യുന്നതാണ്. 3:55
6-നിങ്ങളുടെ ആൾകൂട്ടം – അതു അധികമായിരുന്നാലും ശരി – നിങ്ങൾക്കു ഒട്ടും ഉപകരിക്കുകയേ ഇല്ല; അല്ലാഹു സത്യവിശ്വാസികളുടെ കൂടെയാണെന്നുള്ളതുമാണു കാര്യം. 8:19
6 -നിങ്ങൾ ദൌർബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതൻമാർ 3: 139
7-നമ്മുടെമേൽ കടമയായിരുന്നു സത്യവിശ്വാസികളെ സഹായിക്കൽ. (അത് നാം നിർവ്വഹിക്കും). 30:47
8 -അവനത്രെ, നിങ്ങളെ ഭൂമിയിലെ പിൻഗാമികൾ/ ഖലീഫ ആക്കിയവൻ.നിങ്ങളിൽ ചിലരെ ചിലർക്കു മീതെ അവൻ പദവികൾ ഉയർത്തുകയും ചെയ്തിരിക്കുന്നു; നിങ്ങൾക്കവൻ നൽകിയതിൽ നിങ്ങളെയവൻ പരീക്ഷണം ചെയ്വാൻ വേണ്ടി.നിശ്ചയമായും, നിന്റെ രക്ഷിതാവ് വേഗം ശിക്ഷാനടപടി എടുക്കുന്നവനാകുന്നു; നിശ്ചയമായും, അവൻ വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാണുതാനും. 6:165
ഒരുപക്ഷേ നിരീക്ഷണം വ്യക്തിപരമായിരിക്കാം ; ഉപരിസൂചിത സൂക്തങ്ങൾ വായിക്കുമ്പോൾ ഈയുള്ളവന് അനുഭവപ്പെടുന്ന ആവേശവും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് . ഇസ്ലാമിന്റെ വളർച്ച നിലക്കില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെയല്ലാത്ത ഈ ആയതുകൾ വെറുതെ ഓതി വിടാൻ കഴിയാറില്ല. ഇഖ്ബാൽ പറഞ്ഞത് പോലെ
شامِ غم لیکن خبر دیتی ہے صبحِ عید کی
ظُلـمتِ شـب میں نظر آئی کـرن اُمّیـد کی
ദുഃഖത്തിന്റെ സായാഹ്നം, എങ്കിലും ഈദിന്റെ പ്രഭാതത്തെക്കുറിച്ചത് വാർത്തകൾ നൽകുന്നു;
രാത്രിയുടെ ഇരുട്ടിലും പ്രതീക്ഷയുടെ കിരണം പ്രത്യക്ഷപ്പെടുന്നുണ്ടങ്ങ് ദൂരെ ; അങ്ങ് ദൂരെ
ياربِّ نقِّ أيامَنا من الهم والضيق والحزن ،
و افتح لنا أبوابَ السعادةِ والراحةِ والأمل ..
(നാഥാ, ഞങ്ങളുടെ ദിവസങ്ങളെ ആകുലതകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും ശുദ്ധീകരിക്കേണമേ.
ഒപ്പം സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വാതിലുകൾ ഞങ്ങൾക്കായി നീ തുറക്കുകയും ചെയ്യേണമേ ) ( തുടരും )