ത്വാഗൂത് ≠ ദുർമൂർത്തി
ഖുർആനിൽ അല്ലാഹു എന്നതിന്റെ ദ്വന്ദ്വമായി വന്നിട്ടുള്ള പ്രയോഗമാണ് ത്വാഗൂത് . എട്ടിടങ്ങളിലാണ് അല്ലാഹു എന്നു പറഞ്ഞതിന്റെ നേരെ എതിർപദമായി ത്വാഗൂത് എന്ന പദം ഖുർആനിൽ വന്നിട്ടുള്ളത്. ആ ഇടങ്ങളിൽ ദുർമൂർത്തി എന്ന കനവും ഭാരവും കുറഞ്ഞ പരാവർത്തനം ചില പ്രാദേശിക ഭാഷാ തഫ്സീറുകളിൽ കാണുന്നു. ആ അർഥം ശരി എന്ന് പരിഗണിച്ചാൽ അല്ലാഹുവിന്റെ അർഥം സദ്മൂർത്തി എന്നാവുമെന്ന് പറയാതെ പറയുന്ന ദൈവദോഷം സംഭവിക്കുന്നുവെന്ന് ആ പാവങ്ങൾ അറിയുന്നുണ്ടാവില്ല (ലാ ഖദ്ദറല്ലാഹ്). സത്യത്തിനു മേൽ പരിധി ലംഘിക്കുന്ന എല്ലാവരും ത്വാഗൂതാണ് . അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്നവരും ആ ആരാധനയിൽ തൃപ്തരാകുന്നവരുമായ എല്ലാം ത്വാഗൂതാവും . അല്ലാഹുവിനും അവന്റെ ദൂതന്റെയും മുകളിൽ അനുസരിക്കപ്പെടുന്നവരും ആരാധിക്കപ്പെടുന്നവരും പിന്തുടരുകപ്പെടുന്നവരുമെല്ലാം ത്വാഗൂത് തന്നെ.
‘ദീനിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സൻമാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ത്വാഗൂതിനെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.’ 2:256
ത്വാഗൂതുകൾ പലതരം,അവരിൽ പ്രധാനികൾ :-
1- ശൈത്വാൻ : അല്ലാഹുവിനെ അല്ലാത്തവരെ ഇബാദത് ചെയ്യാൻ വിളിക്കുന്നു :-
‘നിങ്ങൾക്കു ഞാൻ ആജ്ഞാപനം നൽകിയില്ലേ – ആദമിന്റെ മക്കളേ, നിങ്ങൾ പിശാചിനെ ആരാധിക്കരുത്; നിശ്ചയമായും അവൻ നിങ്ങൾക്കു പ്രത്യക്ഷ ശത്രുവാണ് എന്ന്’?! ’36: 60
2 – ധിക്കാരിയായ ഭരണാധികാരി : അല്ലാഹുവിന്റെ വിധികളെ മാറ്റിമറിക്കുന്ന നീതികെട്ട ഭരണാധികാരി :
‘നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് ജൽപിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ത്വാഗൂതുകളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവർ ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ ത്വാഗൂതുകളെ അവിശ്വസിക്കുവാനാണ് അവർ കൽപിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാൻ ഉദ്ദേശിക്കുന്നു.’4:60
3 -അല്ലാഹു ഇറക്കിയതല്ലാത്തവ വിധിക്കുന്ന നിഷേധി :
‘അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാത്തവരാരോ അവർ തന്നെയാണ് അവിശ്വാസികൾ. ‘5:44
4-അല്ലാഹുവിന് പുറമെ അദൃശ്യകാര്യങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടെന്ന് അവകാശപ്പെടുന്നവൻ:-
‘അദൃശ്യം അറിയുന്നവനത്രെ (അവൻ). എന്നാൽ, തന്റെ അദൃശ്യകാര്യങ്ങളെപ്പറ്റി അവൻ ഒരാൾക്കും വെളിവാക്കിക്കൊടുക്കുന്നതല്ല. 72:26
അവന്റെ [അല്ലാഹുവിന്റെ] പക്കലാണ് അദൃശ്യ കാര്യത്തിന്റെ താക്കോലുകൾ; അവനല്ലാതെ അവയെക്കുറിച്ച് അറിയുകയില്ല.
കരയിലും കടലിലുമുള്ളതു ഒക്കെയും അവൻ അറിയുന്നു.ഒരു ഇലയുംതന്നെ, അതവൻ അറിയാതെ (കൊഴിഞ്ഞു) വീഴുന്നതല്ല;ഭൂമിയുടെ അന്ധകാരങ്ങളിലുള്ള ഒരു ധാന്യമണിയാകട്ടെ, ഒരു (ഈറമുള്ള) പച്ച വസ്തുവാകട്ടെ, ഉണങ്ങിയതാകട്ടെ, സ്പഷ്ടമായ ഒരു ഗ്രന്ഥത്തിൽ (രേഖപ്പെടുത്തപ്പെട്ടിട്ട്) ഇല്ലാതെയില്ല. 6:59
5 -അല്ലാഹുവിന് പുറമെ ഇബാദത് ചെയ്യപ്പെടുകയും ആ ഇബാദതിൽ സ്വയം തൃപ്തിപ്പെടുകയും ചെയ്യുന്നവൻ:
‘അവരിൽനിന്ന് ആരെങ്കിലും, ഞാൻ അവനു [അല്ലാഹുവിനു] പുറമെയുള്ള ഒരു ആരാധ്യനാണെന്ന് പറയുന്നതായാൽ, അങ്ങിനെയുള്ളവന് നാം നരകത്തെ പ്രതിഫലം കൊടുക്കുന്നതാകുന്നു. അപ്രകാരം, അക്രമകാരികൾക്കു നാം പ്രതിഫലം കൊടുക്കുന്നതാണു്. ’21:29
അല്ലാഹുവിനെക്കൂടാതെ ആരാധിക്കപ്പെടുന്നവനും തന്നോടുള്ള മറ്റുള്ളവരുടെ ആരാധനയിൽ തൃപ്തിപ്പെടുന്നവനും ത്വാഗൂതാണെന്ന് ഈ ആയതിൽ നിന്നും മനസിലാക്കിയല്ലോ ? എന്നാൽ തങ്ങൾ ആരാധിക്കപ്പെട്ടുകൂടാ എന്ന് പ്രബോധനം നടത്തിയിരുന്ന പ്രവാചകന്മാരും പണ്ഡിതന്മാരും മറ്റ് സജ്ജനങ്ങളും വിശുദ്ധന്മാരും അവരെ ആരാധിക്കാൻ ആളുകളെ ഇന്ന് വരെ നിർബന്ധിച്ചില്ല. പകരം അവർ അതിനെതിരെ ഏറ്റവും കഠിനമായി മുന്നറിയിപ്പ് നൽകിയവരാണ്. അല്ലാഹുവിനെ മാത്രം ഇബാദത് ചെയ്യാവൂ എന്ന് ഉദ്ബോധനം നടത്തിയിരുന്ന അവർ തന്നെ ആരാധിക്കപ്പെടുന്ന അവസ്ഥയുണ്ടായതിന്റെ പേരിൽ അവരെ ത്വാഗൂതുകൾ എന്ന് വിശേഷിപ്പിക്കുക വയ്യ.
‘തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ഇബാദത് ചെയ്യുകയും, ത്വാഗൂതുകളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. എന്നിട്ട് അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക’. 16:31
ഭാഷയിൽ:
إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ . الحاقة 11
വെള്ളം കവിഞ്ഞൊഴുകിയപ്പോൾ നാം നിങ്ങളെ കപ്പലിൽ വഹിച്ചു. അല്ലാഹുവിന്റെ ദാസൻ തന്റെ ആരാധനയിലോ പിന്തുടർച്ചയിലോ അനുസരണയിലോ പരിധി ലംഘിച്ചാൽ അവനും ത്വാഗീയായി. ശൈഖ് ഇബ്നുൽ ഖയ്യിം (റഹ്) നിർവചിച്ചതുപോലെ അക്രമത്തിൽ പരിധിവിട്ട ആക്രമണകാരിയായ / അധികമായി പരിധിവിട്ട ആരും ത്വാഗൂതാണ്. നന്മയുടെ പാതയിൽ നിന്ന് വ്യതിചലിപ്പിക്കുന്ന എല്ലാവരും ഈ ദുർഗുണത്തിനർഹരായി. പിശാച്, പുരോഹിതൻ, മന്ത്രവാദി, അല്ലാഹുവിനെയല്ലാത്തവരെ ആരാധിക്കുന്നവരും അതാഗ്രഹിക്കുന്ന ആരാധ്യന്മാരും ത്വാഗൂതായി. ജിന്ന്, ഇൻസ്, വിഗ്രഹങ്ങൾ, വിഗ്രഹങ്ങളുടെ ഗേഹം ഇവയെല്ലാം ത്വാഗൂതാണ്. അതിന് പുല്ലിംഗ-സ്ത്രീലിംഗ വ്യത്യാസമോ ഏകവചന- ബഹുവചന വ്യത്യാസമോ ഇല്ല. (مجموع فتاوى ورسائل الشيخ محمد صالح العثيمين ج ٢ الطاغوت والشرك)
കടുത്ത അനീതി കാണിക്കുന്ന, അഹങ്കാരിയായ, ശാഠ്യക്കാരനായ, ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും അവരെ അടിച്ചമർത്തുകയും ചെയ്യുന്നവനാണ് ത്വാഗിയ: എന്നാണ് മുഅജമുൽ വസീത്വ് طاغية യുടെ അർഥത്തെ ക്ലിപ്തപ്പെടുത്തുന്നത്.
ഖുർആനിൽ طاغوت എന്ന പദം എട്ട് തവണ പരാമർശിച്ചിട്ടുണ്ട്. സൂറ:ബഖറ 256, 257 സൂക്തങ്ങളിൽ, സൂറ:നിസാ 51, 60, 76 സൂറ:മാഇദ വാക്യം 60, സൂറ: നഹ്ൽ: വാക്യം 36, സൂറ:സുമർ: സൂക്തം: 17. മുപ്പത്തിയൊൻപത് സ്ഥലങ്ങളിൽ “طغى” എന്ന വാക്കും അതിന്റെ വ്യത്യസ്ത രൂപങ്ങളും സംയോജനങ്ങളും ഉപയോഗിച്ച് ഖുർആൻ പരാമർശിച്ചിട്ടുണ്ട്. അവിടെയെല്ലാം പരിധിവിടുക അഥവാ “مجاوزة الحد”، എന്ന
അർഥം അവിടങ്ങളിലെല്ലാം ഉണ്ട് . ഉദാ : 2:15, 20:24, 55:8, 69: 11 എന്നീ ആയതുകൾ എടുത്ത് വായിച്ചു നോക്കുക.
ത്വാഗൂതിന്റെ അർഥതലങ്ങൾ
1- വിധേയത്വവും ആരാധനാ മനോഭാവവും :
വിഗ്രഹങ്ങളുടെയും മറ്റ് സൃഷ്ടികളുടെയും മുമ്പിലുള്ള വിധയത്വവും ആരാധനാ മനോഭാവവും ത്വാഗൂതിന്റെ പ്രധാന അർത്ഥം നിശ്ചയിക്കുന്നു. ദൈവേതരമായ ഒന്നിനെ അല്ലാഹുവിനെ പോലെയോ അവനോടൊപ്പമോ ഇബാദത് ചെയ്താൽ അത് അവിശ്വാസമോ ബഹുദൈവാരാധനയോ ആണ് . “ദീനാറിന്റെയും ദിർഹമിന്റെയും അടിമ ദുർഭഗനാണ്” എന്ന ഹദീസ് നല്കുന്ന ആ വിധേയത്വ ബോധമാണ് ഓരോ ത്വാഗൂതും തന്റെ ആരാധ്യരിൽ സൃഷ്ടിക്കുന്ന ബോധം .
2- അദ്ഭുതവും അഹങ്കാരവും: ഇത് പൊതുവെ സ്വേച്ഛാധിപതികളുടെ രീതിയാണ്. താനല്ലാത്ത ആരെയും പുഛത്തോടെ മാത്രം കാണുന്ന അവസ്ഥ.
ആദിനെ സംബന്ധിച്ചിടത്തോളം, അവർ ഭൂമിയിൽ അവകാശമില്ലാതെ അഹങ്കാരികളായിരുന്നു, അവർ പറഞ്ഞു: ഞങ്ങളെക്കാൾ ശക്തൻ ആരുണ്ട്? അല്ലെങ്കിൽ അവർ അത് കണ്ടില്ലേ? 41 : 15
സ്വേച്ഛാധിപതിയായ ഫിർഔൻ ചരിത്രത്തിൽ പൊങ്ങച്ചത്തിന്റെയും വീമ്പിളക്കലിന്റെയും ഒരു രൂപകമാണ് . മറ്റുള്ളവരെ ചെറുതാക്കുകയും പരിഗണിക്കാതിരിക്കുകയും ചെയ്ത ത്വാഗൂത് . മൂസ (അ)യോട് അയാൾ പുലർത്തിയ സമീപനത്തിൽ നിന്ന് അത് വ്യക്തമാണ് …
അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാൻ കഴിയാത്തവനുമായ ഇവനെക്കാൾ ഉത്തമൻ ഞാൻ തന്നെയാകുന്നു 43:52
3 -വെറുപ്പും അസൂയയും: മറ്റുള്ളവരിൽ ദൈവാനുഗ്രഹം കാണുമ്പോൾ സഹിക്കാൻ വയ്യാതെ സ്വന്തം ഹൃദയം ചുട്ടുപൊള്ളുന്ന രോഗമാണിത്. ഈ മനോഭാവം അവനെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്നു. ഇതവനെ ത്വാഗൂതാക്കുന്നു. യഹൂദരുടെ സ്വേച്ഛാധിപത്യത്തിനും മൂസാ പ്രവാചകന്റെ സന്ദേശം സ്വീകരിക്കാൻ അവർ വിസമ്മതിച്ചതിനും നിമിത്തം അതായിരുന്നു.
നിനക്ക് നിൻറെ രക്ഷിതാവിങ്കൽ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരിൽ അധികം പേർക്കും ധിക്കാരവും അവിശ്വാസവും വർദ്ധിപ്പിക്കുക തന്നെ ചെയ്യും. 5:64
4-രാജത്വവും അധികാരവും: സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണിത്, പ്രത്യേകിച്ച് ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും “അസുഖം” വന്നാൽ പിന്നെയുണ്ടാകുന്ന അവസ്ഥാന്തരമാണിത്. നംറൂദിന്റെ പൊങ്ങച്ചത്തിൽ അത് സുതരാം വ്യക്തം:-
നീ കണ്ടില്ലേ, ഇബ്റാഹീമിനോട് അദ്ദേഹത്തിൻറെ റബ്ബിൻറെ കാര്യത്തിൽ ന്യായവാദം നടത്തിയ ഒരുവനെ?- (അതെ) അവന് അല്ലാഹു രാജത്വം നൽകിയതിനാൽ! (അതായത്:) ‘എൻറെ റബ്ബത്രെ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നവൻ’ എന്ന് ഇബ്റാഹീം പറഞ്ഞപ്പോൾ, അവൻ പറഞ്ഞു: ‘ഞാൻ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നു (വല്ലോ),’ ഇബ്റാഹീം പറഞ്ഞു: ‘എന്നാൽ, അല്ലാഹു സൂര്യനെ കിഴക്കുഭാഗത്തു നിന്നു കൊണ്ടു വരുന്നു; നീ അതിനെ പടിഞ്ഞാറ് ഭാഗത്തുനിന്ന് (ഒന്ന്) കൊണ്ടു വരുക! അപ്പോൾ, (ആ) അവിശ്വസിച്ചവൻ (ഉത്തരം മുട്ടി) സ്തംഭിച്ചു. അല്ലാഹു, അക്രമകാരികളായ ജനങ്ങളെ നേർമാർഗത്തിലാക്കുകയില്ല 2:258 ഫിർഔന്റെ പൊങ്ങച്ചം ഖുർആൻ വളരെ കൃത്യമായി ചീത്രികരിക്കുന്നു. (എനിക്ക് ഈജിപ്തിലെ അധികാരമില്ലേ, ഈ നദികൾ എന്റെ താഴെ ഒഴുകുന്നത് നിങ്ങൾ കാണുന്നില്ലേ?) (43 :51).
5 – ജനങ്ങൾ അവരുടെ അവകാശങ്ങൾ മറക്കുകയും അടിച്ചമർത്തലിനെ അംഗീകരിക്കുകയും ചെയ്യുന്ന
അവസ്ഥ: ജനങ്ങൾ നിസ്സങ്കോചം അടിച്ചമർത്തലിൽ തുടരുകയും അപമാനവും ഭയവും സ്വയം ഏറ്റുവാങ്ങുകയും ചെയ്ത് അവർ ഭയത്താൽ കീഴടങ്ങും
എൻറെ ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയിൽ നിങ്ങൾ പ്രവേശിക്കുവിൻ. നിങ്ങൾ പിന്നോക്കം മടങ്ങരുത്. എങ്കിൽ നിങ്ങൾ നഷ്ടക്കാരായി മാറും.
അവർ പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവർ അവിടെ നിന്ന് പുറത്ത് പോകുന്നത് വരെ ഞങ്ങൾ അവിടെ പ്രവേശിക്കുകയേയില്ല. അവർ അവിടെ നിന്ന് പുറത്ത് പോകുന്ന പക്ഷം തീർച്ചയായും ഞങ്ങൾ ( അവിടെ ) പ്രവേശിച്ചുകൊള്ളാം. 5:21-22
ഫിർഔന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവന്റെ സ്വേച്ഛാധിപത്യത്തോടുള്ള ആ ജനങ്ങളുടെ സ്വീകാര്യതയും അവനെ കൂടുതൽ ധിക്കാരിയാക്കി
അങ്ങനെ ഫിർഔൻ തൻറെ ജനങ്ങളെ വിഡ്ഢികളാക്കി. അവർ അവനെ അനുസരിച്ചു. തീർച്ചയായും അവർ അധർമ്മകാരികളായ ഒരു ജനതയായിരുന്നു. 43:54
6 -അനീതി, സ്വേച്ഛാധിപത്യം: ഭരണീയരോടുള്ള അനീതി, അവരുടെ പാർശ്വവൽക്കരണം, അവരുടെ അവകാശങ്ങൾ തന്റെ വേണ്ടപ്പെട്ടവർക്ക് നല്കൽ , അവരുടെ കഴിവുകളുടെയും ഇഷ്ടങ്ങളുടെയും കവർച്ച എന്നിവയാണ്; സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന്.പുരാതന കാലത്തും ആധുനിക കാലത്തും അടിച്ചമർത്തപ്പെട്ടവരും ദുർബലരുമായ ജനവിഭാഗങ്ങൾ സ്വേച്ഛാധിപതികളുടെ അടിച്ചമർത്തലും അനീതിയും ബലപ്രയോഗവും മൂലം എത്രയോ കഷ്ടപ്പെട്ടിട്ടുണ്ട്!
താഴ്വരയിൽ പാറവെട്ടി (കെട്ടിടങ്ങൾ) ഉണ്ടാക്കിയവരായ “ഥമൂദി”നെകക്കൊണ്ടും;കുറ്റികളുടെ ആളായ ഫിർഔനെ കൊണ്ടും ;
(അതെ) രാജ്യങ്ങളിൽ അതിക്രമം നടത്തിയവർ. അങ്ങനെ, അവർ അതിൽ കുഴപ്പം വർദ്ധിപ്പിച്ചു.അതിനാൽ നിൻറെ റബ്ബ് അവരുടെ മേൽ ശിക്ഷയുടെ ചമ്മട്ടി ചൊരിഞ്ഞു. നിശ്ചയമായും, നിൻറെ റബ്ബ് പതിസ്ഥാനത്ത് (വീക്ഷിച്ചു കൊണ്ടിരിക്കുക) തന്നെയാണ്. 89: 9-14
7-കൊലപാതകം, പീഡനം, അധികാര ദുരുപയോഗം: ഇത് സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നികൃഷ്ടവും മ്ലേച്ഛവുമായ രൂപങ്ങളിലൊന്നാണ്. അധികാരത്തിനുവേണ്ടി, തന്റെ ജനത്തെ കൊല്ലാനും അവരെ പട്ടിണിക്കിടാനും അവരെ കൂലിപ്പടയാളികളാക്കാനും ശ്രമിക്കുന്ന സ്വേച്ഛാധിപത്യം . ഉദാ: ഫിർഔനെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കൂ :-
ഫിർഔന്റെ ജനങ്ങളിൽ നിന്നുള്ള പ്രധാനികൾ പറയുകയും ചെയ്തു; ‘മൂസയെയും, അവന്റെ ജനങ്ങളെയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാനും, അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും അവൻ വിട്ടുകളയുവാനും അങ്ങുന്നു (ഒഴിച്ചു) വിടുകയോ?! [അതിനൊരു പരിഹാരമുണ്ടാക്കുക തന്നെ വേണം.]’
അവൻ പറഞ്ഞു: ‘അവരുടെ ആൺമക്കളെ നാം (നിർദ്ദയം) കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ (ബാക്കിയാക്കി) ജീവിക്കുവാൻ വിടുകയും ചെയ്തുകൊള്ളാം. നാം അവരുടെ മേൽ സർവ്വാധിപത്യം നടത്തുന്നവരുമാകുന്നു.’ 7:127
8 -അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുകയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പിടിച്ചെടുക്കുകയും ചെയ്യുക: ചരിത്രത്തിലുടനീളം, സ്വേച്ഛാധിപതികൾ അവരുടെ ജനങ്ങളുടെമേൽ അവരുടെ അഭിപ്രായങ്ങളും ഇച്ഛകളും അടിച്ചേൽപ്പിക്കുന്നവരായിരുന്നു. നിർബന്ധിത നിയമങ്ങളാക്കി അവ നിർബന്ധിതമായി അംഗീകരിക്കാനും കീഴടങ്ങാനും അവരെ നിർബന്ധിക്കുകയും, സ്വാതന്ത്ര്യങ്ങളും തിരഞ്ഞെടുക്കാനും അംഗീകരിക്കാനുമുള്ള അവരുടെ നിയമപരമായ അവകാശങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ലോകത്തുള്ള സകല സ്വേച്ഛാധിപതികളുടെയും യുക്തിയും ലോജികും ഒന്നുതന്നെയാണ്.
ഫിർഔൻ പറയുകയാണ്: ‘ഞാൻ (നല്ലതെന്നു) കാണുന്ന കാര്യമല്ലാതെ, നിങ്ങൾക്കു ഞാൻ കാട്ടിത്തരുന്നില്ല; ശരിയായ (തന്റേടത്തിന്റെ) വഴിക്കല്ലാതെ നിങ്ങളെ ഞാൻ നയിക്കുന്നുമില്ല. 40:29
ചരിത്രത്തിൽ ഭരണീയരിൽ സ്വാധീനം ചെലുത്തി കടന്നു പോയ ചില ത്വാഗൂതുകളുടെ വിശേഷണങ്ങൾ എടുത്തു പറഞ്ഞു എന്ന് മാത്രം. ചരിത്രത്തിൽ കഴിഞ്ഞു പോയ പ്രവാചകന്മാരെല്ലാം ഇബാദതിനോടൊപ്പം വളരെ കൃത്യമായി ഊന്നിപ്പറഞ്ഞ സംഗതിയാണ് “നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, طاغوت നെ വെടിയുകയും ” ചെയ്യണമെന്ന് . ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘എന്നതിൽ ത്വാഗൂതിനെ വെടിയുക എന്നതും ഉൾച്ചേർന്നിട്ടുണ്ട്. ഖുർആന്റെ അധ്യാപനത്തോടൊപ്പം പൗരാണികരും ആധുനികരുമായ പണ്ഡിതൻമാരുടെ അഭിപ്രായങ്ങൾ മുന്നിൽവെച്ച് ചില വിശദാംശങ്ങൾ നല്കുന്നു :
ഇമാം ത്വബരി ജാമിഉൽ ബയാനിൽ വ്യക്തമാക്കുന്നു: ത്വാഗൂത് എന്നാൽ ഉമർ(റ), മുജാഹിദ്, ശഅബി, ദഹ്ഹാക്, ഖതാദഃ, സുദ്ദി തുടങ്ങി പണ്ഡിതരുടെ വീക്ഷണത്തിൽ പിശാച് شيطان ആണ് . അബുൽആലിയ, മുഹമ്മദ് തുടങ്ങിയവരുടെ വീക്ഷണത്തിൽ ആഭിചാരകൻ / ساحر
എന്നാണ് അതിന്റെ വിവക്ഷ. എന്നാൽ അല്ലാഹുവിനെതിരെ അതിക്രമനയം കൈക്കൊള്ളുകയും അങ്ങനെ അവനെ വിട്ട് ഇബാദത് ചെയ്യപ്പെടുന്ന സകലതിനെയും ത്വാഗൂത് എന്ന് പറയും . ഇബാദത് ചെയ്യപ്പെടുന്നത് ആ ത്വാഗൂതിന്റെ നിർബന്ധം കൊണ്ടോ, സ്വാഭീഷ്ടമനുസരിച്ചോ ആകട്ടെ ഇബാദത് ചെയ്യപ്പെടുന്ന വസ്തു മനുഷ്യനോ , പിശാചോ, വിഗ്രഹമോ, ബിംബമോ മറ്റെന്തെങ്കിലുമോ ആകട്ടെ എല്ലാം ത്വാഗൂത് തന്നെ.
ഇബ്നു അബ്ബാസ് (റ ) : ത്വാഗൂത് എന്നാൽ വിഗ്രഹങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുകയും ജനങ്ങളെ കബളിപ്പിക്കാൻ ഈ വിഗ്രഹങ്ങളെ സംബന്ധിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരുമാണ് .
ഇബ്നു കഥീർ (റഹ്) : ഖുർആനിൽനിന്നും സുന്നത്തിൽനിന്നും വ്യതിചലിച്ച് മറ്റ് വിധികൾ തേടിപ്പോകുന്ന എല്ലാ ത്വാഗൂതുകളെയുമാണ് ഇത് കുറ്റപ്പെടുത്തുന്നത്.
ശൈഖ് റശീദ് രിദാ: ഏതൊന്നിൽ വിശ്വസിക്കലും അതിന് ഇബാദത്ത് ചെയ്യലും കടുത്ത വഴികേടിനും സത്യമാർഗത്തിൽ നിന്നുള്ള വ്യതിചലനത്തിനും കാരണമാകുമോ അതെല്ലാം ത്വാഗൂതാണ്. അത് ഏതെങ്കിലും സൃഷ്ടിയോ അനുകരിക്കപ്പെടുന്ന നേതാവോ , ദേഹേഛയോ ആയിക്കൊള്ളട്ടെ..
(4: 60),'(2: 257) എന്നീ സൂക്തങ്ങളിലെ പരാമർശങ്ങൾ മുന്നിൽവെച്ചുകൊണ്ട് കേവല വിഗ്രഹങ്ങൾ, ശൈത്വാൻ എന്നിങ്ങനെ ചില പണ്ഡിതൻമാർ ത്വാഗൂതിന് നൽകിയ പരിമിത നിർവചനങ്ങൾ സൂക്ഷ്മമല്ല എന്നാണ് മനസ്സിലാക്കാൻ കഴിയുക. മനുഷ്യനെ വഴിതെറ്റിക്കാൻ കഴിയുന്ന സ്വാധീനശക്തിയാണെന്ന് പറയുമ്പോൾ നിർജീവമായ വിഗ്രഹം അതിൽ പെടില്ലല്ലോ?!. മാത്രമല്ല, ത്വാഗൂതുകൾ നരകത്തിലേക്കാണ് ചെന്നെത്തുകയെന്ന് ഹദീസുകളിൽ കാണാം. പല വിഗ്രഹങ്ങളും പൂർവകാലത്ത് ജീവിച്ചിരുന്ന സദ് വൃത്തരായ ആളുകളാണെന്നും അവരുടെ മരണാനന്തരം ആളുകൾ ആദരസൂചകമായി വിഗ്രഹവത്കരിച്ചതാണെന്നും ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും .അതിനാൽ വിഗ്രഹങ്ങളെ ചുറ്റിപ്പറ്റി അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ദുർമാർഗത്തിലകപ്പെടുത്താൻ മത്സരിക്കുന്ന മനുഷ്യരാണ് ത്വാഗൂതുകളെന്ന ഇബ്നു അബ്ബാസിന്റെ നിരീക്ഷണം വളരെ കൃത്യമാണ് . ത്വാഗൂതെന്നാൽ ശൈത്വാനാണെന്ന നിരീക്ഷണത്തിൽ പിശകുണ്ടെന്ന് പറയാം. കാരണം, എല്ലാ തിൻമകളുടെയും പ്രേരകം മാത്രമാണ് ശൈത്വാൻ . ത്വാഗൂതിന് വിധേയപ്പെടണമെന്ന് മനുഷ്യരെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ശൈത്വാൻ അവരെ നേർവഴിയിൽനിന്ന് തെറ്റിച്ച് സത്യത്തിൽനിന്ന് ഏറെ ദൂരെയാക്കാനാണ് ആഗ്രഹിക്കുന്നത് എന്ന 4:60 സൂക്തം ആ യാഥാർഥ്യം വെളിപ്പെടുത്തുന്നുണ്ട്. ജ്യോത്സ്യൻ, മാരണക്കാരൻ എന്നിവരെ ത്വാഗൂതിന്റെ ഗണത്തിൽപെടുത്തിയത് അവർ മനുഷ്യരെ വഴിതെറ്റിക്കുന്നു എന്നതുകൊണ്ടാണെന്ന് ചിലർ പറയുന്നു. ആ അർഥത്തിൽ മനുഷ്യരെ വഴിപിഴപ്പിക്കുന്ന എല്ലാവരും ത്വാഗൂതാവും. അല്ലാതെ ആ രണ്ടുകൂട്ടരിൽ മാത്രം പരിമിതപ്പെടുത്തുന്നതിന് അടിസ്ഥാനമില്ല. ‘അവർ ത്വാഗൂതിലേക്ക് വിധി തേടിപ്പോകാനാഗ്രഹിക്കുന്നു’ (4:60 )എന്ന് അല്ലാഹു പറയുമ്പോൾ അവന്റെ വിധികർതൃത്വാധികാരത്തെ മാനിക്കാതെ നിയമമുണ്ടാക്കുന്നവരെല്ലാം ത്വാഗൂതാണെന്ന് വ്യക്തം. ചുരുക്കത്തിൽ ഈ ലോകത്ത് നടപ്പിലാകേണ്ട നീതി, ധർമം, സദാചാരം, സമാധാനം, നിർഭയത്വം എന്നീ മൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് നിലനിൽക്കുന്ന വ്യക്തികളും വ്യവസ്ഥകളും ഭരണകൂടങ്ങളും സംവിധാനങ്ങളുമെല്ലാം ത്വാഗൂതാണ്.അതേസമയം വിധികർതൃത്വാധികാരം/ حاكمية / supreme sovereignty
ആർക്ക് എന്ന വിഷയത്തിൽ ഊന്നിനിന്നുകൊണ്ടല്ല ത്വാഗൂത് വിവക്ഷിക്കപ്പെടേണ്ടത്. മറിച്ച് ശരീഅതിന്റെ പൊതുലക്ഷ്യങ്ങൾ / مقاصد الشريعة പരിഗണിച്ചുകൊണ്ടാണ് ത്വാഗൂതിനെ നിർണയിക്കേണ്ടതും നിലപാടുകൾ സ്വീകരിക്കേണ്ടതും.ഇബ്നുതൈമിയ്യയുടെ അഭിപ്രായത്തിൽ അക്രമത്തിലധിഷ്ഠിതമായ ഭരണകൂടത്തിൽ ഒരാൾക്ക് ഒരു പ്രദേശത്തിന്റെ അധികാരം നൽകപ്പെട്ടാൽ അവിടെ പരമാവധി നീതി നടപ്പാക്കാനും അക്രമത്തിനറുതിവരുത്താനും അതേറ്റെടുക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. യൂസുഫ് നബി (അ)യുടെ ഭരണ പങ്കാളിത്തവും , നജ്ജാശി രാജാവിന്റെ ഭരണക്രമവും(അവിടെ ശരീഅത്ത് ഉണ്ടായിരുന്നില്ലെങ്കിലും ശരീഅത്തിന്റെ ലക്ഷ്യമായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിഞ്ഞു) അദ്ദേഹം അതിന് തെളിവായുദ്ധരിക്കുന്നുണ്ട്.
സിയാസ:ശർഇയ്യയുടെ (ഇസ്ലാമിക രാഷ്ട്രീയം ) പൊതുലക്ഷ്യങ്ങളായ നീതി, ധർമം, സുരക്ഷിതത്വം , ക്ഷേമം തുടങ്ങിയവ സാക്ഷാത്കരിക്കുന്നതിന് തടസ്സംനിൽക്കുന്ന സംവിധാനങ്ങളും കേന്ദ്രങ്ങളും ത്വാഗൂതാണ് എന്നത് ശരി തന്നെ. എന്നാൽ ക്രമാനുഗതികമായി ശരീഅതിന്റെ ലക്ഷ്യങ്ങൾ/ മഖ്സ്വിദുകൾ സാക്ഷാത്കരിക്കാൻ സാധ്യതയുള്ള സംവിധാനങ്ങളെ പൂർണാർഥത്തിൽ ത്വാഗൂത് എന്ന് വിധിയെഴുതി പടിയടച്ച് പിണ്ഡം വെയ്ക്കുന്ന ആത്യന്തിക നിലപാടും ,ത്വാഗൂതെന്നാൽ ദുർമൂർത്തികളാണ് എന്ന് അർഥം പറഞ്ഞ് സമാധാനിക്കുന്നതും തത്വത്തിൽ പ്രമാണങ്ങൾക്കും ചരിത്രത്തിനും എതിരാണ് . ( തുടരും )