ഖിലാഫത് പുനഃപരിശോധിക്കാൻ വേണ്ടത്
”നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാൽ ഉപ്പിന് വീണ്ടും എങ്ങനെ ഉറകൂട്ടും. നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല. പീഠത്തിന്മേലാണ് വയ്ക്കുക” (മത്താ. 5:13). നാം ഭൂമിയിൽ നികത്തേണ്ട ഇടം എന്തെന്ന് ബൈബിൾ നിർദ്ദേശിക്കുന്ന വളരെ ആലങ്കാരികമായ പ്രയോഗമാണിത്. ഉപ്പകെട്ടാൽ ഭൂമിയുടെ രുചികെട്ടു എന്നാണ് ആ പറഞ്ഞതിന്റെയർഥം. നമ്മുടെ ഭാഗധേയം വ്യക്തിമാക്കി സൂറതുൽ ബഖറ:30 ാം സൂക്തത്തിൽ അല്ലാഹു നമ്മെ ഓർമപ്പെടുത്തുന്നതതാണ് {إنِّيْ جَاْعِلٌ فِيْ الأَرْضِ خَلِيفَةً} നാം ഭൂമിയിൽ ഒരു പ്രതിനിധിയെ നിയോഗിക്കുന്നു.
ആ അത്ഭുതകരമായ നിയോഗത്തെ അടിസ്ഥാനമാക്കി അവന്റെ ദൗത്യത്തെ അരക്കിട്ടുറപ്പിക്കുന്ന പ്രയോഗം “ഖലീഫ” എന്ന വാക്ക് സമഗ്രമായ , സൃഷ്ടിപരമായ ജീവിത സങ്കൽപ്പത്തിന് വേണ്ടിയാണ് ഖുർആൻ ഉപയോഗിക്കുന്നത്.
‘എനി, നിങ്ങൾ തിരിഞ്ഞുകളയുകയാണെങ്കിൽ, എന്നെ നിങ്ങളിലേക്ക് യാതൊന്നുമായി അയ ക്കപ്പെട്ടിരിക്കുന്നുവോ അത് (ഇതാ) നിങ്ങൾക്ക് ഞാൻ എത്തിച്ചുതന്നിട്ടുണ്ട്. എൻറെ റബ്ബ് നിങ്ങളല്ലാത്ത ഒരു ജനതയെ നിങ്ങൾക്കു പകരം പിന്നാലെ (ഖലീഫമാരായി) കൊണ്ടുവരുകയും ചെയ്യും. അവനു നിങ്ങൾ യാതൊന്നും (തന്നെ) ഉപദ്രവം ചെയ്കയുമില്ല….
നിശ്ചയമായും, എൻറെ റബ്ബ് എല്ലാ വസ്തുവിൻറെയും മേൽനോട്ടം ചെയ്ത് കാത്തുപോരുന്നവനാകുന്നു.’ …
‘അവൻ നിങ്ങളെ ഭൂമിയിൽനിന്നു സൃഷ്ടിച്ചുണ്ടാക്കുകയും, നിങ്ങളെ അതിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ, അവനോട് നിങ്ങൾ പാപമോചനം തേടുകയും, പിന്നെ അവനി ലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിൻ. നിശ്ചയമായും എൻറെ റബ്ബ് സമീപസ്ഥനും, ഉത്തരം നൽകുന്നവനുമാകുന്നു.’ 11:57, 61
ഖുർആനിൽ خلف യുടെ നിഷ്പന്നരൂപങ്ങൾ 55 തവണ വന്നിട്ടുണ്ട്. ഈ പ്രതിനിധിയെന്ന അർഥത്തിലാണ് യാത്രയുടെ പ്രാർഥനയിൽ …
(اللهم أنت الصاحب في السفر والخليفة في الأهل …..). അല്ലാഹുവേ,നീയാണ് യാത്രയിലെ എന്റെ ചങ്ങാതി, കുടുംബത്തിലെ എന്റെ പകരക്കാരനും .
അതിലൊരു തവണ തീർത്തും വ്യത്യസ്തമായ മറ്റൊരു അർഥത്തിലാണ് വന്നിട്ടുള്ളത്.
എന്നാൽ മനുഷ്യൻ ഖലീഫയാവുന്നു എന്ന് പറയുമ്പോൾ അല്ലാഹുവിന്റെ ഉത്തരാധികാരി / പ്രതിനിധി എന്നയർഥമതിനില്ലെന്നും മുമ്പ് ഭൂമിയിലുണ്ടായിരുന്ന സൃഷ്ടികളുടെ പ്രതിനിധി എന്ന പരിമിതമായ അർഥത്തിൽ ഉപരിസൂചിത ഖലീഫ എന്ന സങ്കല്പത്തെ ആധാരമാക്കി നിർമ്മിച്ച ചില വാർപ്പുമാതൃകകളുമുണ്ട്. അഥവാ ദൈവികമായ പ്രാതിനിധ്യമല്ല ; സൃഷ്ടിപരമായ ഡെപ്യുട്ടേഷൻ മാത്രമാണു ആദ (അ)മിന് നിർവഹിക്കാനുള്ള പരിമിതമായ അർഥം.
തീർത്തും വ്യത്യസ്തമായ മറ്റൊരു അർഥത്തിൽ خلف വന്നിട്ടുള്ള ഒരു സന്ദർഭമിതാ :- فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُواْ ٱلصَّلَوٰةَ وَٱتَّبَعُواْ ٱلشَّهَوَٰتِ ۖ فَسَوْفَ يَلْقَوْنَ غَيًّا
എന്നാൽ, അവരുടെ [ആ നബിമാരുടെ] ശേഷം, ഒരു (തരം) പിൻഗാമികൾ പിന്നീടു സ്ഥാനത്തുവന്നു; അവർ നമസ്കാരം പാഴാക്കികളയുകയും, സ്വേച്ഛകളെ പിൻതുടരുകയും ചെയ്തു: അതിനാൽ അവർ ദുർമ്മാർഗ്ഗ(ഫലം) പുറകെ കണ്ടെത്തുന്നതാണ്. 19:59
ഇതിനെ വിശദീകരിച്ചു കൊണ്ട് ഖൽഫും ഖലഫും തമ്മിലുള്ള വ്യത്യാസം പറഞ്ഞു കൊണ്ട് തഫ്സീറുകളിൽ പറയുന്നത് ഖൽഫ് നെഗറ്റീവ് അർത്ഥത്തിലാണെന്നാണ്. നല്ല പാരമ്പര്യത്തിന്റെ തുടർച്ചയായി വന്ന മോശം പിൻഗാമികൾ എന്ന നിലയിലാണ് ഖൽഫ് ഉപയോഗിക്കുന്നത്.
തസ്ബീഹും തഹ്ലീലും ദിക്റും ദുആയും ആണ് ഖിലാഫത്തിന് വേണ്ടെതെന്ന് ധരിച്ച് വശായ മാലാഖമാരെ അത്തരം കേവല ആത്മീയത കൊണ്ട് മാത്രം ഈ ദൗത്യം പൂർത്തിയാകില്ലെന്ന് അവർക്ക് വെളിപ്പെടുത്തി കൊടുക്കുകയാണ് 2:30-31 ഭാഗത്ത്; പണിയെടുക്കുകയും അധ്വാനിക്കുകയും ഭാരം / ഉത്തരവാദിത്വം വഹിക്കുക എന്നത് ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ദൗത്യമാണെന്നു ആ ഉത്തരവാദിത്വം
മണ്ണും വെള്ളവും പ്രകൃത്യാ ഉള്ളവനെ ഏൽപ്പിക്കുന്നു എന്നുമാണ് അല്ലാഹു വ്യക്തമാക്കുന്നത്. സൂറ: ദാരിയാത് 56 ൽ പറഞ്ഞതുപോലെ ഇബാദതിന് ജിന്നുകളെയും തെരെഞ്ഞെടുത്തപ്പോൾ ഭൂമിയിലെ ഖിലാഫതിന് ആദമിനെയാണ് തെരെഞ്ഞെടുത്തത്.ആകാശവും ഭൂമിയും പർവതങ്ങളും ഏറ്റെടുക്കാൻ വിസമ്മതിക്കുകയും മനുഷ്യൻ ഏറ്റെടുക്കുകയും ചെയ്ത അതിശയകരമായ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള സഞ്ചിതവും സ്വമേധയാ ഉള്ളതുമായ സന്നദ്ധതകൊണ്ട് വിജയിക്കുമ്പോഴല്ലാതെ ഖിലാഫത് നിർവഹണം നടക്കില്ല. അതുകൊണ്ടാണ് ﴿إِنَّهُ كَانَ ظَلُومًا جَهُولًا﴾ [سورة الأحزاب: 72]. മനുഷ്യൻ അക്രമിയും വിവരദോഷിയുമാണെന്ന ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഈ അമാനത് / ദൗത്യം ഏറ്റെടുത്ത സന്ദർഭത്തെ ചിത്രീകരിക്കുന്നത്.ഖിലാഫത് ഈ സത്തയുടെ സ്വതന്ത്ര ഇച്ഛാശക്തിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അടിസ്ഥാനമാക്കിയുള്ളതാണ് ﴿وَهَدَيْنَاهُ النَّجْدَيْنِ﴾ [سورة البلد: 10]. (തെളിഞ്ഞുകാണുമാറ്) പൊന്തിനിൽക്കുന്ന രണ്ട് വഴികൾ അവന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞത് ഈ അമാനതിന്റെയും ഖിലാഫതിന്റെയും പ്രിവിലേജ് ആണ് .
സഊദിയിലെ ജനകീയ പണ്ഡിതൻ ശൈഖ് സൽമാനുൽ ഔദ (B 1376 AH -1956 CE വർഷങ്ങളായി ജയിലിലാണ് )
എഴുതുന്നു:- ഭൂമിയിലെ ഖിലാഫതും ഇസ്തിഅമാറും / അധിവാസവും മനുഷ്യരാശിയെ സേവിക്കുന്നതിനുള്ള പദവികളാണ്. ഉത്തരവാദിത്വത്തോടെയുള്ള ഇമാറതുൽ അർദ്, സംരക്ഷണം എന്നിവയാണ് അവിടെ നിർവഹിക്കപ്പെടേണ്ട മാനവിക ദൗത്യങ്ങൾ ; അവയാവട്ടെ നാമമാത്രമോ ദ്വിതീയമോ അല്ല.മാലാഖമാരുടെ മറ്റൊരു പകർപ്പാകാനല്ല, പ്രത്യുത മനുഷ്യരായ പ്രതിനിധിയാവാനാണ്
ആദം സന്തതികൾ സൃഷ്ടിക്കപ്പെട്ടത്.
അഥവാ ഖിലാഫത് എന്നത് ദൈവത്തിന്റെ വ്യവസ്ഥയ യമനുസരിച്ച് ഭൂമിയുടെ പുനർനിർമ്മാണമാണ്. തസ്ബീഹും ദിക്റുമെല്ലാം ആ ചുമതലയുടെ പൂർത്തീകരണത്തിനുള്ള സഹായവും പിന്തുണയും മാത്രം. ക്ഷമ, അല്ലാഹുവുമായുള്ള ബന്ധം ,പ്രത്യാശ, സ്നേഹം, സഹിഷ്ണുത, വിജയം എന്നിവയാണ് ആമാർഗത്തിലെ ഇന്ധനങ്ങൾ . ഇഹത്തിലെ നന്മയും പരത്തിലെ സന്തോഷവും ഒരു പോലെ അതിന് പ്രധാനമാണ്.ഖിലാഫത് കേവലമൊരു രാഷ്ട്രീയ ദൗത്യം മാത്രമല്ല, വിശാലമായ വൈജ്ഞാനികവും മാനുഷികവുമായ നിയോഗമാണ്
(علمني أبي مع آدم من الطين إلى الطين، ص 94).
ഖലീഫ: എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആദം എന്ന വ്യക്തിയെ മാത്രമല്ല, പൊതുവെയുള്ള മനുഷ്യനെയാണ് എന്നാണ് ഇസ്ലാമിസ്റ്റുകളുടെ വാദവും വിശ്വാസവും . ഭൂമിയിലെ ഈ ഖിലാഫതിന് ഭൂമിയിൽ അങ്ങനെയൊരു ജീവിതം സ്ഥാപിക്കുന്നതിലും ദൈവഹിതം നടപ്പിലാക്കേണ്ടതുണ്ട്. ഖിലാഫതിന്റെ അർത്ഥങ്ങളിലൊന്ന് ഭൂമിയുടെ പുനർനിർമ്മാണവും സർവ്വശക്തനായ റബ്ബിന്റെ സമ്പൂർണമായ അടിമത്വവും അവന്റെ മാത്രം പരമാധികാരവും/ supreme sovereignty പിന്തുടരലും ലക്ഷ്യമാക്കിയുള്ള നിയോഗമാണ്. ഈയൊരു ഇടത്തിലാണ് ഖലീഫയുടെ സ്ഥാനവും ആദരവും . റബ്ബിന്റെ കൽപ്പനകൾക്കും നിരോധനങ്ങൾക്കും അനുസൃതമായി ഭൂമിയിൽ പുനർനിർമ്മാണ ദൗത്യം നടത്തുക എന്നതാണ് ഖലീഫയുടെ പരിധിയിലുള്ള മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. അങ്ങനെ എല്ലാ ഭൗതിക – ധാർമ്മിക പ്രവർത്തനങ്ങളിലും അവൻ സർവ്വശക്തനായ അല്ലാഹുവിനാൽ നയിക്കപ്പെടുന്നു. ; റബ്ബ് ആഗ്രഹിക്കുന്നത് അവൻ നിർവഹിക്കുന്നു, അത് അന്വേഷിക്കുന്നു, തേടുന്നു, അത് നേടിയെടുക്കാൻ ശ്രമിക്കുന്നു, ഈ അർത്ഥത്തിൽ, ഭൂമിയിലെ മനുഷ്യന്റെ എല്ലാ വ്യക്തിഗത -കൂട്ടായ -ഭൗതിക -ധാർമ്മിക ദിശകളിലെ ചലനം സർവ്വശക്തനായ അല്ലാഹുവിനോടുള്ള ഇബാദതിന്റെ ഭാഗമാണ്.
മനുഷ്യരാശിയുടെ ഉത്ഭവത്തിന്റെ അടിസ്ഥാനം : {ഞാൻ ഭൂമിയിൽ ഒരു പ്രതിനിധിയെ സൃഷ്ടിക്കുന്നു} എന്ന മഹത്തായ ഈ വിളംബരമാണ്.
“ഖലീഫ” എന്നതിന് പ്രത്യേകമായ രീതിയിൽ, ഭൂമിയുടെ പുനർനിർമ്മാണത്തിൽ സങ്കലനം ചെയ്യാനും അർത്ഥവത്തായ ദൗത്യവുമാണ്. ഇന്ന് ഭൂമിയിൽ നിറഞ്ഞിരിക്കുന്ന ശതകോടിക്കണക്കിന് ആളുകളുമായും അതിനുശേഷം വരാനിരിക്കുന്ന ശതകോടികളുമായും അന്ത്യനാൾ വരെ വരാനിരിക്കുന്ന മനുഷ്യർക്കിടയിലും നിർവഹിക്കപ്പെടേണ്ട ദൗത്യമാവുമ്പോഴേ ഈ ഖിലാഫതിന് വിലയും നിലയും കനവുമുള്ളൂ. അല്ലായെങ്കിൽ ചരിത്രത്തിലെപ്പോഴോ സംഭവിച്ച വെറും മാറ്റിപ്പണിയൽ മാത്രമായി ഖിലാഫത് മാറും.
സയ്യിദ് ഖുതുബ് (1906-66 CE) ‘വഴിയടയാള’ങ്ങളിൽ പറയുന്നു: “ഇസ്ലാം ഒരു യാഥാർത്ഥ്യബോധമുള്ള ദീനാണ്. വിലക്കുകളും നിർദ്ദേശങ്ങളും മാത്രം പോരാ. ഉത്തരവാദിത്വ ബോധമുള്ള വ്യവസ്ഥ ഇല്ലാതെ ദീനിന് നിലനിൽപ്പില്ലെന്ന് അത് മനസ്സിലാക്കുന്നു. ഈ ദീൻ ആളുകളുടെ പ്രായോഗിക ജീവിതം അടിസ്ഥാനമാക്കിയുള്ള രീതിയോ വ്യവസ്ഥയോ ആണ് ; അഥവാ ആവണം.” “ഖലീഫ” എന്ന പദത്തിന്റെ അർത്ഥങ്ങളിലൊന്നാണിത്; ഭൂമിയിൽ മനുഷ്യർ പരസ്പരം ഉത്തരാധികാരകളായതിനാലും, അവരോരോരുത്തരും ഭൂമിയിൽ റബ്ബിന്റെ സ്വതന്ത്ര പടപ്പുകളായതിനാലും ഓരോ മനുഷ്യനും ഈ ഖിലാഫതിന്റെ തുടർച്ചയായി.
ഹേ, മനുഷ്യരേ! ഒരേ ആത്മാവിൽ [ആളിൽ] നിന്നു നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ റബ്ബിനെ നിങ്ങൾ സൂക്ഷിക്കുവിൻ; അതിൽ നിന്നു തന്നെ അതിൻറെ ഇണയെ സൃഷ്ടിക്കുകയും, ആ രണ്ടാളിൽനിന്നുമായി ധാരാളം പുരുഷന്മാരെയും, സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത (റബ്ബിനെ); യാതൊരുവൻറെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെയും, കുടുംബ ബന്ധങ്ങളെയും നിങ്ങൾ സൂക്ഷിക്കുവിൻ. നിശ്ചയമായും, അല്ലാഹു നിങ്ങളിൽ മേൽനോട്ടം ചെയ്യുന്നവനാകുന്നു. 4:1
അതുപോലെ റബ്ബ് മനുഷ്യരുടെ അനന്തരാവകാശം അംഗീകരിച്ചു കൊണ്ട് അവർ ഒരേ ഉത്ഭവത്തിൽ നിന്നുള്ളവരാണ് എന്ന് പ്രഖ്യാപിക്കുന്നു :
ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു. നിശ്ചയമായും അല്ലാഹു, സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്. 49: 13
അന്ത്യനാൾ വരെയുള്ള എല്ലാ മനുഷ്യരും അവരുടെ പിതാവായ ആദമിന്റെ മക്കളാണ്. മാലാഖമാരെ കൊണ്ട് നമ്മുടെ പിതാവിന് സാഷ്ടാംഗം പ്രണമിപ്പിച്ചുവെന്ന് വിശുദ്ധ ഖുർആൻ സ്ഥിരീകരിക്കുന്നു. മനുഷ്യവർഗ്ഗമെന്ന നിലക്കാണ് ഈ ആദരവും അംഗീകാരവും നമുക്ക് ലഭ്യമായത്.
തീർച്ചയായും, നാം നിങ്ങളെ സൃഷ്ടിക്കുകയുണ്ടായി; പിന്നീടു നിങ്ങളെ നാം രൂപപ്പെടുത്തി; പിന്നെ, മലക്കുകളോടു നാം പറഞ്ഞു: “നിങ്ങൾ ആദമിന്നു ‘സുജൂദു’ ചെയ്യുവിൻ”. എന്നിട്ട് അവർ ‘സുജൂദു’ ചെയ്തു – ഇബ്ലീസ് ഒഴികെ. അവൻ ‘സുജൂദു’ ചെയ്തവരുടെ കൂട്ടത്തിൽ ആയില്ല. [സുജൂദു ചെയ്തില്ല]. 7:11
പ്രാവചനികവും ശാസ്ത്രീയവുമായ അമാനുഷികത വ്യക്തമാക്കുന്ന സൂക്തമാണ് 2:30. ആധുനിക നാഗരികത ആദമിന്റെയും ഹവ്വയുടെയും ചരിത്രപരമായ പിതൃത്വമെന്ന സത്യത്തെ നിഷേധിക്കാൻ ആഗ്രഹിച്ചു. അവരുടെ അഭിപ്രായത്തിൽ മനുഷ്യരാശി നിർണ്ണായകമായ തെളിവുകളില്ലാതെ തർക്കിക്കുന്ന കേവലം ജീവശാസ്ത്ര സൃഷ്ടിമാത്രമായി അധ:പ്പതിച്ചു എന്ന് സഗ്ലൂൽ നജ്ജാർ ( B 17 /11 / 1933 ) അഭിപ്രായപ്പെടുന്നു. ( من آيات الإعجاز الإنبائي والتاريخي، 1/81)
സമഗ്രമായ ഖിലാഫത് എന്ന ആശയം രാഷ്ട്രീയം, സാമ്പത്തികം, സാമൂഹിക ജീവിതം, കായികം, കല, സാഹിത്യം, കവിത എന്നിവകളെയും ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതാണ്. ജീവിതത്തിന്റെ ഏതെങ്കിലും മേഖലയിലുള്ള ഓരോ വ്യക്തിയും മാനുഷിക മൂല്യങ്ങളോടെ ജീവിച്ചാൽ അവനാ മേഖലയിലെ ഖലീഫയാവുന്നു. അഥവാ ഓരോ മനുഷ്യനും അവന്റെ മേഖലയിൽ ഭൂമിയിലെ ഖലീഫയാണ്.
മനുഷ്യ സൃഷ്ടിയുടെ ലക്ഷ്യവും അക്ഷവും ഉപരി സൂചിത 2:30 , 51:56 സൂക്തങ്ങളിലായി വ്യക്തമാണ്. ഖിലാഫത് എന്ന പദവിയും ഇബാദത് എന്ന ധർമവും സംസ്കാരവും പൈതൃകവും ആദം (അ) ന്റെ സൃഷ്ടിപ്പ് മുതൽ ഇന്നും എന്നും നിലനില്ക്കുന്നു. ഈ ദൗത്യം ഏറ്റെടുത്ത ശേഷം അവരിലെ പ്രാപ്തരെ ഏല്പിച്ച പദവിയാണ് خَيْرَ أُمَّةٍ എന്നത് .
﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ﴾ [سورة آل عمران: 110]. “മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു. ”
ആധുനിക കാലത്തെ ദാർശനിക പണ്ഡിതൻ ഖാലിദ് അബ്ദുൽ അലീം (B 12-06-1961 CE) എഴുതുന്നു: ഈ ദഅവത് മുസ്ലിം ഉമ്മതിന്റെ യാഥാർത്ഥ്യമാണ്. നന്മകളിലുള്ള നൈരന്തര്യം / ഖൈരിയ്യ: നിലനില്ക്കുവോളം ഈ ദൗത്യത്തിന്റെ ഭാഗമായി അവർ അവരെ പുനസ്ഥാപിച്ചു കൊണ്ടിരിക്കണം. അല്ലാത്തപക്ഷം അവർ മൃഗങ്ങളുടെ പദവിയിലേക്ക് തരംതാഴ്ത്തപ്പെടും. റബ്ബിനെ അംഗീകരിച്ച്, അവനെ വഴിപ്പെട്ട് മറ്റുള്ളവരെ അതിലേക്ക് വെളിച്ചം നല്കുന്ന ഒരു ഉറച്ച ഖലീഫയായാണ് നാമോരോരുത്തരും സൃഷ്ടിക്കപ്പെട്ടത്. അല്ലാഹുവിനെ അനുസരിക്കുകയും അവന്റെ കൽപ്പന അംഗീകരിക്കുകയും ചെയ്യുക.
ഈ ദൗത്യം ഏറ്റെടുത്തു നിർവഹിക്കുമ്പോൾ നാം നല്ല വൃക്ഷം പോലെയാണ്.അത് ഏറ്റവും നല്ലതും മധുരമുള്ളതുമായ ഫലം കായ്ക്കുകയും അതിന്റെ നാഥന്റെ അനുവാദത്താൽ എല്ലായ്പ്പോഴും നല്ല ഫലം കായ്ക്കുകയും ചെയ്യുന്ന ഉത്തമവൃക്ഷം.തന്റെ അസ്തിത്വത്തിന്റെ മഹനീയ ലക്ഷ്യം അവഗണിക്കുന്നവൻ ഫലമില്ലാത്ത തരിശായ വൃക്ഷത്തെപ്പോലെയാണ്. അവൻ അന്തിമ വിശകലനത്തിൽ അവനെത്തന്നെ വെട്ടിമുറിക്കുകയാണ്. സ്വയം തന്നെ വിറകും ഇന്ധനവും ആയി കത്തിയെരിയാൻ വിധിക്കപ്പെട്ട വെറും പാഴ്മരം. ( وقفات في حياة الأنبياء، ص 13) ഈ ലക്ഷ്യത്തിന്റെ തിരിച്ചറിവ് നേടിയെടുത്താൽ ഇമാമത് എന്ന ഉന്നതപദവിയിലേക്ക് നമ്മെ പുനസ്ഥാപിക്കുവാൻ കഴിയുമെന്ന് അല്ലാമാ ഇഖ്ബാലും (1877 – 1938 CE) ഈ ഉമ്മത്തിന് ദിശാബോധം നൽകാൻ ശ്രമിച്ചിട്ടുണ്ട്.
سبَق پھر پڑھ صداقت کا، عدالت کا، شجاعت کا
لیا جائے گا تجھ سے کام دنیا کی امامت کا
സത്യത്തിന്റെ, നീതിയുടെ, ധൈര്യത്തിന്റെ പാഠം വീണ്ടും വായിക്കുക ..
ലോകത്തിന്റെ ഇമാമത് നിങ്ങളെ കൊണ്ട് നിർവഹിക്കപ്പെടും.
ഈ ഇസ്തിഖ്ലാഫാണ് ( ഖിലാഫതിന്റെ നിർവഹണം) വിശ്വാസികൾക്ക് ഖുർആൻ വാഗ്ദാനം ചെയ്തിട്ടുള്ളത്.
“നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവർക്ക് പ്രാതിനിധ്യം ( ഖിലാഫത് ) നൽകിയത് പോലെതന്നെ തീർച്ചയായും ഭൂമിയിൽ അവൻ അവർക്ക് പ്രാതിനിധ്യം ( ഖിലാഫത് ) നൽകുകയും, അവർക്ക് അവൻ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിൻറെ കാര്യത്തിൽ അവർക്ക് അവൻ സ്വാധീനം നൽകുകയും, അവരുടെ ഭയപ്പാടിന് ശേഷം അവർക്ക് നിർഭയത്വം പകരം നൽകുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവർ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവർ പങ്കുചേർക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവർ തന്നെയാകുന്നു ധിക്കാരികൾ.” 24:55
ഇസ്ലാം പഠിപ്പിച്ച അമാനതും ഇമാമതുമെല്ലാം ഈ ഖിലാഫതിന്റെ വ്യത്യസ്തമായ ഊന്നലുകളെയാണ് പ്രത്യക്ഷീകരിക്കുന്നത്. ( തുടരും)