മനുഷ്യാ, നിനക്ക് വേണ്ടി
മനുഷ്യനാണ് ഖുർആന്റെ പ്രധാന പ്രമേയം. ലോകരുടെ നാഥന് സ്തുതിയിൽ എന്ന് തുടങ്ങി ജിന്ന്, ഇൻസുകളുടെ കെടുതിയിൽ നിന്ന് എന്നു പറയുന്നത് വരെ 114 അധ്യായങ്ങളിലും (من الحمد لله رب العالمين إلى من الجنة والناس يعني من الفاتحة إلى الناس) ഓരോ വരികൾക്കിടയിലും പറഞ്ഞും മറഞ്ഞും നിറഞ്ഞ് നില്ക്കുന്നത് മനുഷ്യനാണ്. إنس ، إنسان ، بشر ، برية എന്നു തുടങ്ങുന്ന ഒരുപാട് വിശേഷണങ്ങളോടെ മനുഷ്യനെന്ന വിഷയത്തെ ഖുർആൻ കൈകാര്യം ചെയ്യുന്ന വർണവൈവിധ്യങ്ങൾ നമുക്ക് ഖുർആനുട നീളം കാണാം.
ഒരുപിടി മണ്ണ് / قبضة من تراب, ദൈവികാത്മാവിന്റെ നിശ്വാസം /نفخة من روح الله എന്നിവയുടെ സംഗമമാണ് ചുരുക്കിപ്പറഞ്ഞാൽ മനുഷ്യസൃഷ്ടിപ്പ്.
( റബ്ബ് നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു) 35:11, (മനുഷ്യനെ നാം കളിമണ്ണിൽ നിന്ന് സൃഷ്ടിച്ചു) 23:12 (അതിൽ നിന്ന് നാം നിങ്ങളെ സൃഷ്ടിച്ചു, അതിലേക്ക് നിങ്ങളെ തിരികെ കൊണ്ടുവരും, അതിൽ നിന്ന് നിങ്ങളെ മറ്റൊരിക്കൽ പുറത്തുകൊണ്ടുവരികയും ചെയ്യും) 20:55
‘സർവ്വശക്തനായ റബ്ബ് ആദമിനെ സൃഷ്ടിച്ചത്, അവൻ ഭൂമിയിൽ നിന്ന് എടുത്ത ഒരു പിടി മണ്ണിൽ നിന്നാണ്, ആദമിന്റെ പുത്രന്മാർ ഭൂമിയുടെ പ്രകൃതത്തിനനുസരിച്ചാണ് ; അവരിൽ ചുവപ്പ്, വെള്ള, കറുപ്പ് നിറമുള്ളവരുണ്ടായി.അവർക്കിടയിൽ, എളുപ്പമുള്ളത്, ദുഃഖകരം, ചീത്തയും , നല്ലതും അവക്കിടയിലുള്ളതുമെല്ലാമുണ്ടായി’ എന്ന് നബി (സ) ആലങ്കാരികമായി വ്യക്തമാക്കിയിട്ടുണ്ട്. ആ സൃഷ്ടിപ്പിന് ശേഷമാണ് മനുഷ്യനിലേക്ക് ദൈവികമായ ഊത്ത് / نفخة സംഭവിക്കുന്നത്. അതാണ് മനുഷ്യനെ മണ്ണിൽ നിന്നും വിണ്ണിലേക്ക് വളർത്തിയത്.
(അങ്ങനെ ഞാൻ അവനെ ശരിയാക്കുകയും എന്റെ ആത്മാവ് അവനിൽ ഊതുകയും ചെയ്താൽ, അവന്റെ മേൽ സാഷ്ടാംഗം പ്രണമിക്കുക) 38:72 തനി മണ്ണിന്റെ മണവും രുചിയും നിറവുമുള്ള മനുഷ്യരും നാഥൻ സന്നിവേശിപ്പിച്ച ദൈവിക ആത്മാവിന്റെ പ്രതീകങ്ങളും മനുഷ്യരിലുണ്ട്. അവൻ നന്നായാൽ മാലാഖമാരേക്കാൾ നന്നാവുമെന്നും മോശമായാൽ തനി ചെളിയാവുമെന്നും ഈ സൃഷ്ടിസ്ഥിതി വിളിച്ചോതുന്നു.
“ജനങ്ങൾ” /നാസ് എന്ന വാക്ക് ഖുർആനിൽ 240 തവണ പരാമർശിച്ചിട്ടുണ്ട്. “ഇൻസ് “എന്ന വാക്ക് 70 തവണയാണ് വന്നിട്ടുള്ളതെങ്കിൽ 39 സൂറ:കളിൽ “ഇൻസാൻ” എന്ന വാക്ക് വന്നിരിക്കുന്നു. ഖുർആനിലെ 56 വാക്യങ്ങളിലായി ഈ വാക്ക് 58 തവണയാണ് ആവർത്തിക്കുന്നത്. “ബശർ ” എന്ന പദം 5 തവണയും രണ്ടുതവണ “ബരിയ്യ ” എന്ന പദവും ഖുർആനിൽ വന്നിട്ടുണ്ട്. ഇവയൊന്നും പര്യായപദങ്ങളല്ലെങ്കിലും ഏകദേശ അർത്ഥങ്ങളിൽ ഉപയോഗിച്ചിട്ടുള്ള പദവിന്യാസങ്ങളാണ്.
للناس /മനുഷ്യർക്ക് വേണ്ടി
ഖുർആനെ കുറിച്ചും (هدى للناس ജനങ്ങൾക്കൊന്നാകെ സന്മാർഗം 2: 185) നബിയെ കുറിച്ചും (كافة للناس ജനങ്ങൾക്കാസകലം 34:28 ) ഉമ്മതിനെ കുറിച്ചും ( أخرجت للناس ജനങ്ങൾക്കൊന്നാകെ പുറപ്പെടുവിക്കപ്പെട്ട 3:110 ) മാത്രമല്ല അല്ലാഹു തആലാ ഈ അതി സൂക്ഷ്മ തല പ്രയോഗം നടത്തിയിട്ടുള്ളത്; ചന്ദ്രനെ കുറിച്ച് കൂടിയാണ് ( مواقيت للناس ജനങ്ങൾക്കുവേണ്ടിയുള്ള കലണ്ടർ 2:189 ) .
പക്ഷേ പലപ്പോഴും നമ്മുടെ ജീവിതയാത്രയിൽ ജനങ്ങൾക്ക് മൊത്തമുള്ള കാലഗണന മാത്രം അഗണ്യകോടിയിൽ തള്ളിയ മട്ടാണ്. അതാർക്കും വലിയ പ്രശ്നമോ പ്രയാസമോ ചർച്ചാ വിഷയമോ ആവാറുണ്ടോ എന്ന കാര്യം സംശയമാണ്. ബാക്കിയുള്ള വിഷയങ്ങൾ സ്റ്റേജുകളിലും പേജുകളിലും കൈകാര്യം ചെയ്യുന്നവർ പോലും നാലാമത് പറഞ്ഞ ലിന്നാസ് അയ്യുഹന്നാസിനു (പൊതു സമൂഹത്തിന് ) വ്യക്തമാക്കി കൊടുക്കുന്നതിൽ പരാജിതരാണ്.
ഈ കുറിപ്പിൽ ഖുർആനിലെ ചില മാനുഷിക സ്വഭാവങ്ങളും വിശേഷണങ്ങളും വളരെ ചുരുക്കി അവതരിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നത്. മനുഷ്യൻ വ്യക്തിപരമായി പൂർണ്ണ ബാധ്യതകളും ഉത്തരവാദിത്തങ്ങളുമുള്ളവനാണെന്ന തിരിച്ചറിവിന് മാത്രമേ അവനെ വെറും ചെളിമണ്ണിൽ ( طين / تراب )നിന്നും ബശറിന്റെ ഘട്ടം കടന്നു ഇൻസാനും ഇൻസുമായി ഖലീഫ എന്ന പദവിയിലേക്കും അമാനത് എന്ന സ്ഥാനത്തേക്കും പരിവർത്തിപ്പിക്കാനാവൂ
‘ആകാശങ്ങളുടെയും, ഭൂമിയുടെയും, പർവ്വതങ്ങളുടെയുംമേൽ ‘അമാനതിനെ നാം എടുത്ത് കാട്ടുകയുണ്ടായി. എന്നാലവ അത് ഏറ്റെടുക്കുന്നതിന് വിസമ്മതിക്കുകയും, അതിനെപ്പറ്റി പേടിക്കുകയും ചെയ്തു. മനുഷ്യൻ അതു ഏറ്റെടുത്തു. നിശ്ചയമായും അവൻ, അക്രമകാരിയും, അറിവുകെട്ടവനുമാകുന്നു.’ 33:72
‘എല്ലാ മനുഷ്യന്നും തന്നെ, അവന്റെ ശകുനം അവന്റെ കഴുത്തിൽ നാം ഏർപ്പെടുത്തി ഉറപ്പിച്ചു വെച്ചിരിക്കുന്നു. ഖിയാമത് നാളിൽ അവനു ഒരു ഗ്രന്ഥം (രേഖ) നാം വെളിക്കുകൊണ്ടുവരുകയും ചെയ്യും; തുറന്നു വിരുത്തപ്പെട്ടതായി അതവൻ കണ്ടെത്തുന്നതാണ്. ’17:13
ഈ വാക്യങ്ങളിൽ നിന്ന് നാം മനസ്സിലാക്കുന്നത് മനുഷ്യൻ അവന്റെ പ്രവൃത്തികൾക്ക് പൂർണ്ണ ഉത്തരവാദിയാണെന്നും അവയ്ക്ക് മറ്റാരും ഉത്തരവാദികളായിരിക്കില്ലെന്നും ,ചെയ്തത് നല്ലതാണെങ്കിൽ നല്ലത്, തിന്മയാണെങ്കിൽ തിന്മ അവന് അനുഭവിക്കേണ്ടി വരുമെന്നുമുള്ള വാസ്തവമാണ്. പലപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് മനുഷ്യന്റെ ജന്മ സ്വഭാവമാണ്.അതിനാലാണ് പലപ്പോഴും പിശാചിനെ പഴിചാരി അവൻ രക്ഷപ്പെടാൻ ശ്രമിക്കുന്നത് :- ‘എനിക്കു ബോധനം വന്നെത്തിയതിനുശേഷം അവനെന്നെ അതിൽനിന്ന് വഴിപിഴപ്പിച്ചുകളഞ്ഞുവല്ലോ!’ പിശാച് മനുഷ്യനെ കൈവെടിയുന്നവനാകുന്നു.’ 25:29
അല്ലെങ്കിൽ തന്നെക്കാൾ ശക്തരായ, തന്നെ ചൂഷണം ചെയ്യുന്നവരുടെ മേൽ പൂർണ്ണ ഉത്തരവാദിത്തം ചുമത്താനാവും അവന്റെ ശ്രമം മുഴുവനും
‘(അതെ) പിൻപറ്റപ്പെട്ടവർ (തങ്ങളെ)പിൻപറ്റിയവരിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സന്ദർഭം: അവർ (രണ്ടു കൂട്ടരും) ശിക്ഷ(നേരിൽ) കാണുകയും, അവരിൽ (നിന്ന്) ബന്ധങ്ങൾ മുറിഞ്ഞു പോകുകയും ചെയ്യുന്ന (സന്ദർഭം) പിൻപറ്റിയവർ പറയുകയും ചെയ്യും: ഞങ്ങൾക്ക് ഒരു മടക്കം ഉണ്ടായിരുന്നുവെങ്കിൽ, എന്നാൽ – ഞങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞുമാറി യതുപോലെ, അവരിൽ നിന്ന് ഞങ്ങളും ഒഴിഞ്ഞുമാറുമായിരുന്നു! അപ്രകാരം, അവരുടെ കർമങ്ങളെ അവരുടെ മേൽ ഖേദങ്ങളായി അല്ലാഹു അവർക്ക് കാണിച്ചു കൊടുക്കുന്നതാണ്. അവർ നരകത്തിൽ നിന്ന് പുറത്ത് പോകുന്നവരല്ലതാനും. ‘2:166-167
‘മനുഷ്യന് അവൻ പ്രയത്നിക്കുന്നത് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ അധ്വാനിക്കാതെ അയാൾ ആഗ്രഹിച്ചതും അയാൾക്ക് ലഭിക്കില്ലെന്ന് നമുക്കറിയാം : അതല്ല, മനുഷ്യന് അവൻ വ്യാമോഹിക്കുന്നതു മൊത്തം ഉണ്ടെന്നോ?!’ 53:24
കഴിഞ്ഞ നൂറ്റാണ്ടിലെ ഖുർആനിക ഇതിഹാസം ഇമാം മുതവല്ലി അശ്ശഅ്റാവി (റഹ്) (1329 – 1419 AH ) പറയാറുള്ളത് പോലെ “ഖുർആനിൽ ഇൻസാൻ ആഖ്യ ആകുന്നയിടങ്ങളിൽ അതിന്റെ ആഖ്യാതം അവന് സന്തോഷദായകമല്ല. ”
ഉദാ:- ( وَخُلِقَ الْإِنسَانُ ضَعِيفًا)(النساء :28) ദുർബലനാണവൻ
(والعصر (1) إِنَّ الْإِنسَانَ لَفِي خُسْرٍ (2)നഷ്ടത്തിലാണവൻ
(خُلِقَ الْإِنسَانُ مِنْ عَجَلٍ ) (الأنبياء :37) ധൃതിയുള്ളവൻ
(إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ) (إبراهيم : 34)അക്രമിയും നിഷേധിയും
എന്നിങ്ങനെ പല വിധത്തിലുള്ള ദുർഗുണങ്ങൾ പറഞ്ഞതിന് ശേഷമാണ് ഇല്ലാ إلا എന്ന അപവാദം ( exception ) പറയൽ. അഥവാ വിശ്വാസമില്ലാത്ത ഇൻസാൻ ഇപ്പറഞ്ഞതു പോലെയുള്ള പരിഭ്രാന്തി, ഉത്കണ്ഠ, നിഷേധം, നിരാശ, അശ്രദ്ധ, വിസ്മൃതി, പുനരുത്ഥാനത്തെ മറക്കൽ, ഭൗതിക ലോകത്തിലും അതിന്റെ ആഗ്രഹങ്ങളിലും മുങ്ങൽ തുടങ്ങിയ നിരവധി ദുർഗുണങ്ങളിൽ വ്യാപൃതരാവുമെന്നർഥം.
ഖുർആൻ പരിചയപ്പെടുത്തുന്ന ഇൻസാന് വിശ്വാസം എന്ന സദ്ഗുണം വന്ന് ചേർന്നാൽ അവൻ ഭൂമിയിലെ ഖലീഫയാവാ (2:30) നുള്ള യോഗ്യത നേടും, പിന്നീടവൻ സർവ്വസന്മാർഗത്തിന്റെയും കേന്ദ്ര അച്ചുതണ്ടായിരിക്കും (2:38 ) ആ മനുഷ്യന് റബ്ബ് സകല ജീവജാലങ്ങളേക്കാളും ആദരവ് നല്കും (17:70), സകല കാര്യങ്ങളും അവന് വേണ്ടി വിധേയപ്പെടുത്തി കൊടുക്കും ( 31:20 )
കേവല ജീവശാസ്ത്രപരമായ മനുഷ്യനാണ് ബശർ / بشر . ശരീര പ്രധാനമായ മാനുഷിക പരിഗണന നൽകിയാണ് ഖുർആൻ ബശർ എന്ന പ്രയോഗം നടത്തിയിട്ടുള്ളത്. 3:47, 6:91, 14:10 – 11, 16:103,18: 110, 19:20 എന്നു തുടങ്ങിയ നിരവധി ആയതുകളിലുള്ള ബശർ / بشر പ്രയോഗം ഒന്ന് എടുത്തു നോക്കിയാൽ സംഗതി സത്യമാണെന്ന് വിശ്വസിക്കാൻ കഴിയും. വെറും ബയോളജിക്കലായ ബശറിൽ നിന്നും ഇൻസാൻ എന്നതിലെ അപവാദ ( exception ) പദവി കൈവരിച്ച് നിയോഗ ലക്ഷ്യമായ ഖിലാഫത് നെഞ്ചിലേറ്റാനും (2:30) അമാനത് (33:72) നിർവഹിക്കാനും യോഗ്യത നേടിയ സാമൂഹിക ജീവി (ഇൻസ് ) ആകുമ്പോഴാണ് ആ സ്ഥാനങ്ങളിലേക്ക് അവനെ പ്രതിഷ്ഠിക്കാൻ സ്വയം പ്രാപ്തനാവൂ. അല്ലാത്ത പക്ഷം അവൻ ജീവി മാത്രമാവും; പരമാവധി അവനെ കുറിച്ച് ബശർ എന്ന് പറയാമെന്ന് മാത്രം ; അവൻ നാസിന്റെ കൂട്ടത്തിൽ പെടുന്നില്ല എന്ന് മാത്രമല്ല;ഇൻസ് പോയിട്ട് ഇൻസാൻ പോലുമാവാൻ അവനായിട്ടില്ല.
نَسِيَ الطينُ ساعَةً أَنَّهُ طينٌ حَقيرٌ فَصالَ تيها وَعَربَد ഒരു നിമിഷം തന്റെ ഉത്ഭവം ചെളിയാണെന്ന് മറന്നു പോയി അഹങ്കാരിയായ മനുഷ്യനെ ചിത്രീകരിക്കുന്നുണ്ട്
അറബ് – അമേരിക്കൻ പ്രവാസ കവിയായ ഏലിയാ അബൂ മാദി . നമ്മുടെ ഉത്ഭവവും ചരിത്രവും പദവിയും തിരിച്ചറിയുമ്പോൾ മാത്രമാണ് അവ തിരിച്ചറിയാനും തിരിച്ച് പിടിക്കാനും സന്തോഷദായകമായ ആഖ്യാതങ്ങളുമാവാൻ നമുക്കാവൂ.
(NB: പലയിടത്തും ആയത്തുകൾ നമ്പർ കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. വായിക്കുമ്പോൾ കൂടെ ഖുർആൻ ഉണ്ടാവുന്നത് ഗൗരവമായ വായനക്ക് നന്നാവും)
( തുടരും )