കാലമിനിയുമുരുളും
വിശ്വാസിയുടെ ജീവിതത്തിൽ സമയത്തിന്റെ മൂല്യം വ്യക്തമാക്കുന്നതിനും അതിന്റെ സ്ഥാനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുമുള്ള ചെറിയ ഒരു ശ്രമമാണിത്. വാസ്തവത്തിൽ സമയം ജീവിതത്തിന്റെ സത്തയാണ്. ജീവിതത്തിന്റെ ഞരമ്പുകളിൽ ഒഴുകുന്ന ചൈതന്യവുമാണത്. അമ്മയുടെ ഗർഭപാത്രത്തിനും ശ്മശാനത്തിനുമിടയിലെ ഇടവേള മാത്രമാണ് ജീവിതം എന്നയർഥത്തിൽ ഒരു ആംഗലേയ പഴഞ്ചൊല്ലുണ്ട്. സമയത്തെ യഥാർത്ഥമായി തിരിച്ചറിയുന്നവൻ ജീവിതത്തെ തിരിച്ചറിഞ്ഞു. ജീവിതത്തിൽ പിന്തുടരേണ്ട പാതയുടെ പ്രാചലം/പാരാമീറ്റർ അവന് സ്ഫടികതുല്യം വ്യക്തമാവും. കാലം വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവനാണ് . അതിനെ സംരക്ഷിച്ചാൽ ജീവൻ അവരുടെ സിരകളിൽ ഒഴുകുമെന്നാശിക്കാം. അതിനെ അവഗണിക്കുകയാണെങ്കിൽ അവർ നിർജീവവും ജഢികവുമാകയാവും ഫലം.
ഈ ലോകത്തെ ജീവിതം മുഴുവൻ അടിച്ച് പൊളിച്ച് ജീവിക്കണം എന്നതാണ് ഭൗതിക ലോകം മാത്രം ഇഷ്ടപ്പെടുന്നവർ പറയുക. ബാബറിനെ വഴികേടിലാക്കിയ ചങ്ങാതിമാർ അദ്ദേഹത്തിന് ചൊല്ലിക്കൊടുത്ത മന്ത്രണം അങ്ങനെയായിരുന്നു :
نو روز و نو بہار و مے و دلربا خوش است
بابر بہ عیش کوش کہ عالم دوبارہ نیست
പുതുദിനം, പുത്തൻവസന്തം, മധുവും ; ഹൃദയാർജകമീ നിമിഷം …
ബാബർ അടിച്ചു പൊളിക്കാം , ലോകം ഇനിയില്ലതോർക്കുക ….
ഇത് ബാബറിന്റെ യുവത്വം തുളുമ്പുന്ന കാലത്തുള്ള ജീവിത ശൈലി മാത്രമായിരുന്നില്ല ; മറിച്ച് തുടർന്നും ബാബറിന്റെ ജീവിതമങ്ങനെയായിരുന്നു.
ഇന്നത്തെ യുവാക്കളുടെ അവസ്ഥകൾ നോക്കിക്കാണുന്ന ഒരാൾക്ക് പണ്ടത്തെ ബാബറിനെ പോല നിസ്സാരകാര്യങ്ങളിൽ സമയം കളയുന്നതും പൊതു-സ്വകാര്യമായ ഒരു നേട്ടത്തിനും വഴിവെക്കാത്ത വിധത്തിൽ അവരുടെ നിസ്സാര കളി വിനോദങ്ങൾക്കായി സമയം കൊല്ലുന്നതിലും ചെലവഴിക്കുന്നത് കാണുമ്പോൾ വലിയ സങ്കടമുണ്ട്. പാശ്ചാത്യർ അവരുടെ എല്ലാ സാഹചര്യങ്ങളിലും സമയം സംരക്ഷിച്ചും അവരുടെ ഓരോ മണിക്കൂറും മിനിറ്റും പ്രയോജനപ്പെടുത്തി സാങ്കേതികവും മാനുഷികവുമായ ശാസ്ത്രങ്ങളിൽ ഉന്നതങ്ങളിലെത്തി. പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യാത ജർമ്മൻ തത്ത്വചിന്തകനായ ഇമ്മാനുവേൽ കാൻറ് (1724 ഏപ്രിൽ 22-1804 ഫെബ്രുവരി ) ടൈം മാനേജ്മെൻറിന്റെ ആധുനികകാലത്തെ ഏറ്റവും ശ്രദ്ധേയനായ തത്ത്വചിന്തകനായി കണക്കാക്കപ്പെട്ടുപോരുന്നത് സമയമെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ലോകത്തിന് മാതൃക കാണിച്ചത് കൊണ്ടാണ് .
ഹുലാകു ഖാൻ (1217 – ഫെബ്രുവരി 8, 1265) ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കി തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഭൂരിഭാഗം രാജ്യങ്ങളും കീഴടക്കിയ മംഗോളിയൻ ഭരണാധികാരിയും ചെങ്കിസ് ഖാന്റെ ചെറുമകനുമാണ്.ആധുനിക ഇറാഖ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മംഗോളിയക്കാർ തലസ്ഥാനമായ ബാഗ്ദാദ് ആക്രമിക്കാൻ വരുമ്പോൾ അവിടത്തെ ഉസ്താദുമാർ അവിടത്തെ വലിയ പള്ളിയിൽ ഫിഖ്ഹ് സമ്മേളനത്തിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പൂച്ചകുടിച്ച ബാക്കി വെള്ളം ത്വാഹിറാണോ എന്ന അന്താരാഷ്ട്ര വിഷയമായിരുന്നുവത്രെ സമ്മേളന പ്രമേയം. സമയമെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അന്നും നമ്മുടെ പണ്ഡിതർക്ക് വലിയ ധാരണയുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ഒരു സംഭവം പറഞ്ഞുവെന്ന് മാത്രം.
സ്തംഭനാവസ്ഥയിൽ നിന്നും ജഡത്വ(Inertia) ത്തിൽ നിന്നും ചലനാത്മകതയുടെയും ഫലപ്രാപ്തിയുടെയും അവസ്ഥയിലേക്ക് കടക്കാനുള്ള ശ്രമമാണ് വിശ്വാസികളെന്ന നിലക്ക് നമ്മിൽ നിന്നും ബോധപൂർവ്വമുണ്ടാവേണ്ടത്. ഇനിയും അതേ അവസ്ഥയിൽ തുടർന്നാൽ ഹുല്ലാകുവിന്റെ കാലത്ത് സംഭവിച്ചത് തന്നെയാണ് നമ്മെയും കാത്തിരിക്കുന്നത്.
الزمن في اللغة: اسم لقليل الوقت وكثيره കാലമെന്നത് കുറച്ചായാലും കൂടുതലായാലുമുള്ള സമയത്തെ കുറിക്കുന്ന സൂചികയാണ്. സമയം / വഖ്ത് , കാലം / അസ്വ്ർ ,സമൻ , സമാൻ, അവസരം / ആൻ, സന്ദർഭം / ഹീൻ , ഘട്ടം / ദഹ്ർ എന്നിങ്ങനെ വിവിധ പേരുകളിൽ പ്രമാണങ്ങളിൽ അറിയപ്പെടുന്നത് ഈ സമയബന്ധിത വ്യവസ്ഥയാണ്.
ഉദാ:- ‘വിശ്വസിച്ചവർക്ക് അല്ലാഹുവിന്റെ സ്മരണയിലേക്കും, അവതരിച്ചിട്ടുള്ള യഥാർത്ഥത്തിലേക്കും തങ്ങളുടെ ഹൃദയങ്ങൾ ഒതുങ്ങി വിനയപ്പെട്ടുവരുവാൻ സമയമായില്ലേ?! മുമ്പ് വേദഗ്രന്ഥം നൽകപ്പെട്ടവരെപ്പോലെ അവർ ആകാതിരിക്കുവാനും സമയമായില്ലേ ‘?! 57:16 (ആന യഈനു / ألم يأنഎന്ന ക്രിയ )
‘ആകയാൽ, നിങ്ങൾ (അസ്തമന) സന്ധ്യാവേളയിലാകുമ്പോഴും, പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്റെ പരിശുദ്ധതയെ പ്രകീർത്തനം ചെയ്യുക. 30: 17
അതു (ഓടി) രക്ഷ പ്രാപിക്കുന്ന അവസരമല്ലതാനും.’ 38:3 (രണ്ടായതിലും ഹീന / حين എന്ന നാമപദം)
‘മനുഷ്യൻ പറയത്തക്ക ഒരു വസ്തുവും ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെമേൽ കഴിഞ്ഞു പോയിട്ടുണ്ടോ?!’ 76:1 (ദഹ്ർ / دهر എന്ന പദം )
‘അറിയപ്പെട്ട സമയത്തിന്റെ ദിവസം വരെ.’ 15:38 (വഖ്ത് / وقت എന്ന പദം )
എന്നു തുടങ്ങുന്ന പല പ്രയോഗങ്ങളും ഖുർആനിൽ വന്നിട്ടുണ്ട്.
ഹദീസുകളിൽ വന്ന زمان എന്ന പ്രയോഗം ശ്രദ്ധേയമാണ്: ‘സമയം (അന്തിമ ദിനം ) അടുക്കുമ്പോൾ, വിശ്വാസിയുടെ സ്വപ്നം ഒരു നുണയാവില്ല ‘ എന്നും ‘ സമയം (അന്ത്യദിനം ) അടുത്താൽ ജോലി കുറയുന്നു, പിശുക്ക് നേരിടുന്നു, കുഴപ്പങ്ങൾ വർദ്ധിക്കുന്നു.” അവർ പറഞ്ഞു: എന്താണ് കുഴപ്പം? നബി പറഞ്ഞു: “കൊലയാണത്” ‘
സമയം എന്ന സങ്കൽപ്പവും അതിന്റെ ദാർശനിക അർത്ഥവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഭാഷാ നിഘണ്ടുക്കളും ചരിത്ര പുസ്തകങ്ങളും വ്യാഖ്യാന ഗ്രന്ഥങ്ങളും സമയ സങ്കൽപ്പത്തെക്കുറിച്ച് പറയുമ്പോൾ ബോധപൂർവമായ ദാർശനിക പാതയാണ് സ്വീകരിക്കുന്നത്. തത്ത്വചിന്താപരമായ സിദ്ധാന്തങ്ങളിൽ നിന്ന് മാറി സമയത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ അതുകൊണ്ട് തന്നെ പ്രയാസമാണ്. പ്ലേറ്റോ സമയത്തെ പുതിയതായി സംഭവിക്കുന്നതും കേവല സൃഷ്ടിയുമാണെന്നാണ് വിശ്വസിച്ചിരുന്നത്. അരിസ്റ്റോട്ടിലാവട്ടെ തുടക്കമോ ഒടുക്കമോ ഇല്ലാത്തതാണ് സമയം എന്നാണ് നിരീക്ഷിച്ചിട്ടുള്ളത്. ഇസ്ലാമിക തത്വചിന്തയിൽ മഅർരി അതേ അഭിപ്രായക്കാരനാണ്. ഗസാലിയും കിന്ദിയുമെല്ലാം പ്ലേറ്റോ പക്ഷക്കാരുമാണ് എന്നാണ് മനസ്സിലാവുന്നത്.
സമയത്തിന്റെ മൂല്യം
ഒരു വ്യക്തിയുടെ കൈവശമുള്ള ഏറ്റവും വിലയേറിയ വസ്തുവാണ് സമയം. അത് എല്ലാ പ്രവൃത്തികളുടെയും ഉൽപ്പാദനത്തിന്റെയും യഥാർത്ഥ മൂശയാണ്. അല്ലാഹു നൽകിയ ഈ അനുഗ്രഹത്തിൽ നിന്ന് വ്യക്തിക്ക് എത്രത്തോളം പ്രയോജനം ലഭിക്കുന്നു? അല്ലാഹുവുമായുള്ള ബന്ധത്തിലും അവനുള്ള അനുസരണത്തിലുമല്ലാതെ മറ്റൊന്നിലും അവൻ ഒരു നിമിഷം പാഴാക്കരുത്. വാസ്തവത്തിൽ, ഒരു വ്യക്തിയുടെ ജീവിതം ചില ദിവസങ്ങൾ മാത്രമാണ്. ഈ ദിവസങ്ങളിൽ ഓരോന്നും കടന്നുപോകുമ്പോൾ അവന്റെ ആയുസ്സാണ് ഉരുകിത്തീരുന്നത് എന്ന ചിന്തയാണ് പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. കടന്നുപോകുന്ന ഒരു നിമിഷവും പുനഃസ്ഥാപിക്കാനോ നഷ്ടപരിഹാരം നൽകാനോ നമുക്ക് കഴിയില്ല.
ഇമാം ഹസനുൽ ബസ്വരി (റഹ്) പറഞ്ഞു: ” ആദമിന്റെ മകനേ, നീ ദിവസങ്ങൾ മാത്രമാണ്. ഓരോ ദിവസവും കടന്നുപോവുമ്പോൾ നിന്റെ തന്നെ അംശമാണ് കടന്നു പോകുന്നത്. അദ്ദേഹം തുടരുന്നു: “പ്രഭാതം പൊട്ടിപ്പുറപ്പെടുന്ന ഓരോ ദിവസവും നമ്മോട് വിളിച്ചുപറയുന്നു: ആദമിന്റെ മകനേ, ഞാൻ ഒരു പുതിയ സൃഷ്ടിയും നിന്റെ പ്രവൃത്തിയുടെ സാക്ഷിയുമാണ്, അതിനാൽ എന്നിൽ നിന്നും പാഥേയമൊരുക്കൂ. ഞാൻ കടന്നുപോവുകയാണെങ്കിൽ അന്ത്യനാൾ വരെ തിരിച്ചു വരില്ല. കവിയുടെ വാക്കുകൾ സമയത്തെ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് നോക്കൂ :-
دقاتُ قلبِ المرءِ قائلةً له إنّ الحياةَ دقائق وثوان
ഒരാളുടെ ഹൃദയമിടിപ്പ് അവനോട് പറയുന്നു:
ജീവിതം മിനിറ്റുകളും സെക്കൻഡുകളും മാത്രം
സന്തോഷത്തിന്റെ സമയമായാലും വിഷാദത്തിന്റെ സമയമാണെങ്കിലുംകാലമിനിയുമുരുളും ; സന്തോഷം വേഗത്തിൽ കടന്നുപോകും , ആശങ്കകളുടെ നാളുകൾ സാവധാനത്തിലാവും നീങ്ങുക. നമ്മളിഷ്ടപ്പെട്ടവരോടൊപ്പമാണെങ്കിൽ മാസങ്ങൾ നിമിഷങ്ങൾ പോലെയാവും; അവരെ കാത്തിരിക്കുമ്പോൾ സെക്കന്റുകൾക്ക് മാസങ്ങളുടെ ദൈർഘ്യമാവുമെന്ന് റമദാനിലെ വൈകിയ തിരിച്ചറിവിൽ നിന്നാണ് ഈ എഴുതുന്നത്.
സമയം പ്രയോജനപ്പെടുത്താനും സമൂഹത്തിന് അതിന്റെ മെച്ചം എത്തിക്കാനും ഏറ്റവും ഉത്സുകരായ ആളുകളായിരുന്നു സലഫുസ്സ്വാലിഹുകൾ. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്, അവയിൽ ചിലത് ചുവടെ പരാമർശിക്കുന്നു: ആമിർ ബിൻ അബ്ദു ഖയിസിനോട് ഒരാൾ കുറച്ച് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അയാളോട് ഗൗരവത്തിൽ : ‘കുറച്ചു നേരം സൂര്യനെ പിടിച്ചു വെക്കുക ‘എന്നാണ് പറഞ്ഞത്.
അവർ തങ്ങളുടെ സമയത്തിന്റെ ഓരോ നിമിഷവും സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നവരായിരുന്നു എന്നർഥം. ഥാബിതുൽ ബുനാനി ( D 127 AH ) പറയുന്നു: എന്റെ ഉപ്പ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോൾ കലിമ ചൊല്ലി കൊടുക്കാൻ പോയതാണ് ഞാൻ. അപ്പോളദ്ദേഹം :
മോനേ, എന്നെ വിട്ടേക്കൂ; ഞാനിപ്പോൾ എന്റെ ആറാമത്തെ വിർദ് ചൊല്ലികൊണ്ടിരിക്കുകയാണ്. (ഒരാൾ സ്ഥിരമായി ചൊല്ലുന്ന ദിക്റുകളാണ് വിർദ് ) .
ഫതാവാ വൽവാജിയുയുടെ കർത്താവും ഹനഫീ കർമശാസ്ത്ര പണ്ഡിതനായ അബുൽ ഹസൻ വൽവാൽജി വിവരിക്കുന്നു : അദ്ദേഹം അദ്ദേഹത്തിന്റെ സുഹൃത്ത് അബൂ റൈഹാൻ ബിറൂനി മരണശയ്യയിലായിരിക്കുമ്പോൾ കാണാൻ ചെന്നു.
‘ആ വല്ലിമ്മമാരുടെ അനന്തരാവകാശ നിയമമെന്തായിരുന്നു ? ‘ പറഞ്ഞാണ് അദ്ദേഹത്തെ ബിറൂനി സ്വീകരിച്ചത്.
വൽവാൽജി : (സഹതാപം കൊണ്ട് ) ഇപ്പോഴോ ?
ബിറൂനി : അത് പഠിച്ചുകൊണ്ട് ഞാൻ ഈ ലോകത്തോട് വിടപറയലല്ലേ എനിക്ക് നല്ലത് ?
സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി വല്ലിമ്മയുടെ എല്ലാ മസ്അലകളും പറഞ്ഞു കൊടുത്ത് വീട്ടിൽ നിന്നിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ ചക്രശ്വാസത്തിന്റെ ശബ്ദം കേട്ടു എന്നാണദ്ദേഹം രേഖപ്പെടുത്തുന്നത്.
ഇബ്നുൽ ഖയ്യിം(റഹ്) സംസാര പ്രിയരുമായുള്ള സംസാരങ്ങളും മീറ്റിങ്ങുകളും ബോധപൂർവ്വം ഒഴിവാക്കലായിരുന്നു. നിർബന്ധ സാഹചര്യത്തിൽ
അവർക്ക് ചെവി കൊടുക്കേണ്ടി വന്നാൽ തനിക്കെഴുതാനുള്ള കടലാസ് മുറിക്കാനും പേനകൾ മൂർച്ച കൂട്ടാനും നോട്ട്ബുക്കുകൾ ബൈന്റ് ചെയ്യാനും ആ സമയം ഉപയോഗപ്പെടുത്തുകയായിരുന്നു പതിവ്.
ഗൗരവത്തിലുള്ള വായനക്ക് ആ സമയം ഉപയോഗപ്പെടുത്താൻ പറ്റാത്തതിലായിരുന്നു അദ്ദേഹത്തിന് വിഷമം . ഇബ്നുൽ ജൗസി ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ വല്ലിപ്പ കുളിമുറിയിലായിരിക്കുമ്പോൾ പുറത്തു നിന്നും വളരെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ വായിച്ചു കൊടുത്തതും
യുവാവായതിന് ശേഷം അദ്ദേഹമെഴുതാനുപയോഗിച്ച എഴുത്തുകോലുകൾ കത്തിച്ച് വേണം തന്റെ മയ്യിത് കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കാനെന്ന് വസ്വിയത് ചെയ്തതുമെല്ലാം ചരിത്രത്തിൽ വായിച്ചതോർക്കുന്നു.
ഇമാം ഹസനുൽ ബന്ന (റഹ്) പറയുന്നു: ‘ഉമ്മതിന്റെ അവസ്ഥയും അവരവരുടെ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ എത്തിപ്പെട്ടതും ഉമ്മതിന് ബാധിച്ചിട്ടുള്ള രോഗങ്ങളും വിശകലനം ചെയ്തും പരിഹാരത്തെക്കുറിച്ച് ചിന്തിച്ചും എത്രയോ രാത്രികൾ ഞാനും എന്റെ ഇഖ്വാനും ചെലവഴിച്ചുവെന്ന് അല്ലാഹുവിനെ അറിയൂ.’ الوقت هو الحياة فلا تقتلوه എന്നത് അദ്ദേഹത്തിന്റെ പ്രധാന ഉപദേശമായിരുന്നു. സമയം ജീവിതമാണ്; അതിനെ കൊല്ലരുത് എന്ന് സാരം.
മൻസൂർ നുഅമാനി രാത്രി സമർപ്പിച്ച പരാതികൾക്ക് സ്വുബഹി നമസ്കാരത്തിന് വരുമ്പോഴേക്കും എണ്ണിയെണ്ണി ഉത്തരം പറഞ്ഞു കൊണ്ടുള്ള ലിഖിതം നല്കിയ മൗദൂദിയെ വിമർശിക്കാൻ വേണ്ടിയെങ്കിലും നുഅമാനി ഉദ്ധരിക്കുന്നുണ്ട്. ബന്നയുടെയും മൗദൂദി സാഹിബിന്റെയും അനുയായികളെങ്കിലും അതൊക്കെ ഒന്ന് അറിയുന്നത് നല്ലതാണ്.
സമയത്തിന്റെ ഓരോ നിമിഷത്തെയും ഉപയോഗപ്പെടുത്തിയിരുന്ന ആളുകളുടെ തീക്ഷ്ണത ദൃശ്യമാകുന്ന അത്ഭുതകരമായ ഉദാഹരണങ്ങളാണ് സൂചിപ്പിച്ചത്. ഖുർആനിന്റെ രുചിയും മാധുര്യവും ആസ്വദിച്ചതിനാൽ അവർക്ക് ടൈംപാസിന് തീരെ സമയമുണ്ടായിരുന്നില്ല.വിനോദങ്ങളിലും ആഡംബരത്തിലും മുഴുകി സമയം കളയുന്ന ഇന്നത്തെ യുവത ആ നക്ഷത്രസമൂഹത്തെ അനുകരിക്കുകയും അവരുടെ കാൽച്ചുവടുകൾ പിന്തുടരുകയും ആ കാലഘട്ടത്തെ മാതൃകയാക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് ഒരുവേള ആശിച്ചു പോവുന്നു.
വിശുദ്ധ ഖുർആൻ സമയത്തെ വളരെയധികം ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്യുന്നത്. സമയത്തോടുള്ള അതിന്റെ നിലപാട് നിരവധി പരിഗണനകളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്:
1. സമയം മഹത്തായ അനുഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കുക. നന്ദിയുടെ പരിസരത്ത് മനുഷ്യനോടുള്ള അവന്റെ കൃപയുടെ മഹത്തായ സംഭാവനകൾ പ്രസ്താവിച്ചു കൊണ്ട് പറയുന്നു: രാത്രിയെയും, പകലിനെയും, സൂര്യനെയും, ചന്ദ്രനെയും അവൻ നിങ്ങൾക്കു വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്പനയനുസരിച്ച് വിധേയമാക്കപ്പെട്ടവയാണ്. നിശ്ചയമായും, അതിലൊ ക്കെയും ബുദ്ധികൊടുത്തു ചിന്തിക്കുന്ന ജനങ്ങൾക്കു പല ദൃഷ്ടാന്തങ്ങളുണ്ട്. 16:12
രാത്രി, പകൽ എന്ന രണ്ടു ടൈം യൂണിറ്റുകളെ അനുഗ്രഹങ്ങളായി പറഞ്ഞിട്ടുള്ളത്. രാത്രിയില്ലാത്ത പകലോ പകലില്ലാത്ത രാത്രിയോ ഉള്ള ഭൂമിയിലെ മനുഷ്യജീവിതം ഒന്നു സങ്കൽപ്പിച്ചു നോക്കുക.
പ്രകൃതിയിലെ ഓരോ നന്മകൾ ഒന്നൊന്നായി എണ്ണിപ്പറയുന്ന പശ്ചാത്തലത്തിൽ അല്ലാഹു പറയുന്നു:
പതിവായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നിലയിൽ, സൂര്യനെയും, ചന്ദ്രനെയും അവൻ നിങ്ങൾക്കു വിധേയമാക്കിത്തന്നിരിക്കുന്നു; രാത്രിയെയും, പകലിനെയും നിങ്ങൾക്കവൻ വിധേയമാക്കിത്തന്നിരിക്കുന്നു; 14:33
1 -രാത്രിയും പകലും മനുഷ്യന്റെ ആവശ്യമനുസരിച്ച് ലോകത്ത് ഇൻസ്റ്റാൾ ചെയ്തു. അവന്റെ പ്രവർത്തനത്തിനും വിശ്രമത്തിനും അനുയോജ്യമായ രീതിയിലാണ് അവയെ സംവിധാനിച്ചത്.സ്ഥിരമായ പകലോ സ്ഥിരമായ രാത്രിയോ ആണെങ്കിൽ كلية ناموس الكون (പ്രപഞ്ച സാകല്യ വ്യവസ്ഥ ) തന്നെ തകരാറിലായേനെ .
2- അല്ലാഹുവിന്റെ അസ്തിത്വത്തെ സൂചിപ്പിക്കുന്ന അടയാളങ്ങളിൽ ഒന്നാമത്തെതായി സമയത്തെ നിശ്ചയിച്ചു.സർവ്വശക്തനായ റബ്ബ് രാവും പകലും ഉണ്ടാക്കുകയും അവയുടെ സാന്നിധ്യവും സ്വാധീനവും വ്യക്തമാക്കി കൊണ്ട് പറയുന്നത് ശ്രദ്ധിക്കൂ:
‘രാത്രിയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. എന്നാൽ, രാത്രിയാകുന്ന ദൃഷ്ടാന്തത്തെ നാം മായിച്ചു (ഇരുട്ടിയതാക്കി) വെച്ചു; നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള അനുഗ്രഹം നിങ്ങൾ തേടിയെടുക്കാൻ വേണ്ടി പകലാകുന്ന ദൃഷ്ടാന്തത്തെ നാം കാണത്തക്ക (വെളിച്ചമുള്ള)താക്കുകയും ചെയ്തിരിക്കുന്നു; നിങ്ങൾ കൊല്ലങ്ങളുടെ എണ്ണവും, കണക്കും അറിയുവാൻ വേണ്ടിയും. എല്ലാ കാര്യവും തന്നെ, നാമതു വിസ്തരിച്ച് വിശദീകരിച്ചിരിക്കുന്നു. (ആവശ്യമായതൊന്നും നാം വിവരിക്കാതിരുന്നിട്ടില്ല.).’ 17:12
മാസത്തിന്റെ രണ്ട് യൂണിറ്റുകളായ അമാവാസിയും പൗർണമിയും സൂര്യനെയും ചന്ദ്രനെയും പോലെ വ്യക്തമായ രണ്ടു ഏകകങ്ങളായി നിശ്ചയിച്ച്
അവയുടെ പ്രവർത്തനത്തെയും കൃത്യതയെയും പ്രപഞ്ചാസ്തിത്വത്തിന്റെ സൂചകങ്ങളായി നിശ്ചയിക്കുകയും ചെയ്തു . രാപകലുകളുടെ സംഗമത്തെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമെല്ലാമെല്ലാമുള്ള ഏറ്റവും ചെറിയ യൂണിറ്റായി നിശ്ചയിച്ചത് സമയത്തിന് അവൻ നല്കിയ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
ഖുർആനിലെ സമയം കൊണ്ടുള്ള പ്രതിജ്ഞകൾ
വിശുദ്ധ ഖുർആനിൽ സമയത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ കുറിച്ചുള്ള പ്രതിജ്ഞകൾ റബ്ബ് സമയത്തിന് നല്കിയ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ്. വളരെ ഗൗരവമുള്ള വസ്തുക്കളെ കൊണ്ടല്ലാതെ അവൻ ഖുർആനിൽ ശപഥം ചെയ്തു പറയാറില്ല.
a- കാലത്തെ കൊണ്ട് സത്യം
കാലം തന്നെയാണ (സത്യം)! നിശ്ചയമായും, മനുഷ്യൻ നഷ്ടത്തിൽ തന്നെയാണ് ;-
വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും യഥാർത്ഥത്തെ കുറിച്ചു അന്യോന്യം ” വസിയ്യത്ത്” (ബലമായ ഉപദേശം) ചെയ്യുകയും, ക്ഷമയെക്കുറിച്ചു അന്യോന്യം “ഒസിയ്യത്ത്” ചെയ്യുകയും ചെയ്തവരൊഴികെ. [ഇവർ മാത്രം നഷ്ടത്തിൽ അല്ല] 103:1-3
b – പ്രഭാതത്തെ കൊണ്ട് സത്യം
പ്രഭാതം തന്നെയാണ (സത്യം)!പത്ത് രാത്രികൾ തന്നെയാണ സത്യം 89: 1-2
പ്രഭാതവും-അത് പ്രകാശിച്ചുവന്നാൽ അവ തന്നെയാണ് സത്യം 74:34
പ്രഭാതം പ്രകാശമാനമാകുമ്പോൾ അതു കൊണ്ടും ഞാൻ സത്യം ചെയ്തു പറയുന്നു: 81:18
c- പൂർവ്വാഹ്നം കൊണ്ട് സത്യം
സൂര്യനും, അതിന്റെ പൂർവാഹ്ന പ്രഭയും തന്നെയാണ സത്യം! 91:1
പൂർവ്വാഹ്നം തന്നെയാണ സത്യം! 93:1
d- അസ്തമയ ശോഭ കൊണ്ട് സത്യം
അസ്തമയ ശോഭകൊണ്ടു ഞാൻ സത്യം ചെയ്തു പറയുന്നു; 84: 16
e- പകലിനെ കൊണ്ട് സത്യം
പകൽ തന്നെയാണ സത്യം – അതു അതിനെ പ്രത്യക്ഷപ്പെടുത്തുമ്പോൾ! 91:3
പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോൾ 92:2
f- രാത്രിയെ കൊണ്ട് സത്യം
രാവിനെതന്നെയാണ് സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോൾ 92:1
രാത്രി തന്നെയാണ് സത്യം- അതു അതിനെ മൂടിക്കൊണ്ടിരിമ്പോൾ! 91:4
രാത്രി പിന്നിട്ട് പോകുമ്പോൾ അതിനെ തന്നെയാണ് സത്യം. 74:33
രാത്രി നീങ്ങുമ്പോൾ അതു കൊണ്ടും സത്യം, 81 :17
രാത്രിയും, അതുൾക്കൊള്ളുന്നവയും കൊണ്ടും- 84 : 17
രാത്രി അത് തന്നെയാണ് സത്യം , അത് ചരിച്ചു കൊണ്ടിരിക്കെ. 89:4
രാത്രിതന്നെയാണ് സത്യം.അത്ശാന്തമാകുമ്പോൾ93: 2
g – പത്ത് രാത്രി കൊണ്ട് സത്യം
പത്ത് രാത്രികൾ തന്നെയാണ സത്യം 89: 2
(ദുൽ ഹജ്ജിലെ ആദ്യ പത്തു രാത്രികളാണുദ്ദേശമെന്നാണ് പണ്ഡിത മതം)
h- ഖിയാമത് നാൾ കൊണ്ട് സത്യം
‘ഖിയാമത്തു’നാൾ [ഉയിർത്തെഴുന്നേൽപിൻറെ ദിവസം] കൊണ്ടു ഞാൻ സത്യം ചെയ്തു പറയുന്നു;- 75: 1
വാഗ്ദത്തം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം 85: 2
i- ആയുസിനെ കൊണ്ട് സത്യം
നിന്റെ ആയുഷ്ക്കാലം തന്നെ സത്യം! നിശ്ചയമായും അവർ, അവരുടെ ലഹരിയിൽ മതിമറന്ന് അലഞ്ഞു നടക്കുകയാണ്! 15:72
(നബിയാണ് അഭിസംബോധിതൻ)
ഈ കണ്ട ശപഥങ്ങളെല്ലാം വളരെ വിലപിടിച്ച വസ്തുക്കൾ കൊണ്ടുള്ള സത്യങ്ങളാണ്.
ഖുർആനിലെ ചില ശ്രേഷ്ഠകാലങ്ങൾ
നിങ്ങളുടെ ജീവിതത്തിന്റെ ചില നാളുകളിൽ സൗരഭ്യം കൂടുതലുണ്ടാകും. അവയെ തുറന്നുകാട്ടുക. ഒരുപക്ഷേ നിങ്ങളിൽ ആർക്കെങ്കിലും അതിന്റെ സൗരഭ്യം ലഭിച്ചേക്കാം.അതിനുശേഷം അവൻ ഒരിക്കലും ദുർഭഗനാകില്ല എന്ന ഒരു അറബി ചൊല്ലുണ്ട്.
അഥവാ ചില നാളുകൾക്ക് മറ്റു ചില നാളുകളെക്കാൾ ശ്രേഷ്ഠതയും മഹത്വവും പ്രാധാന്യവും പ്രസക്തിയും ഉള്ളത് ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും വ്യക്തമാണല്ലോ ?? മുമ്പ് സൂചിപ്പിച്ച ചില പ്രത്യേക സമയങ്ങളും സന്ദർഭങ്ങളും അല്ലാഹു ശപഥം ചെയ്തത് നാം വായിച്ചല്ലോ ? അപ്രകാരം ശ്രേഷ്ഠമായ ചില കാലങ്ങൾ ഖുർആനിൽ അനുസ്മരിച്ചിട്ടുണ്ട്.
الأشهر الحرم / വിശുദ്ധ മാസങ്ങൾ യുദ്ധം നിഷിദ്ധമായ ശ്രേഷ്ഠകരങ്ങളായ الأشهر الحرم നാലുമാസങ്ങളെ ഖുർആൻ വ്യത്യസ്ത സ്ഥലങ്ങളിൽ അനുസ്മരിക്കുന്നുണ്ട്. നോക്കുക 9:36,22:32,2:217. ഈ വിശുദ്ധ മാസങ്ങളെ കുറിച്ച വിശദാംശങ്ങൾ ഹദീസുകളിൽ ലഭ്യമാണ്.
പരിശുദ്ധ റമദാൻ മാസം
2: 185 എല്ലാവർക്കും വളരെ സുപരിചിതമായ സൂക്തം
شهر رمضان الذي …..
ലൈലതുൽ ഖദ്ർ
സൂറതുൽ ഖദർ (97 : 1-5) വർഷത്തിലെ ഏറ്റവും വലിയ പ്രത്യേകതയുള്ള ഒരു രാത്രിയെ കുറിച്ചുള്ള വിവരങ്ങൾ മിക്കവാറും ലഭ്യമാണ്. വിശദാംശങ്ങൾക്ക് ഹദീസ് ഗ്രന്ഥങ്ങൾ വായിക്കുക.
അയ്യാമുത്തശ്രീഖ്أيام التشريق
ബലിപെരുന്നാളിന്റെ സന്തോഷങ്ങളും ബലിയുമെല്ലാം പെരുന്നാൾ ദിവസത്തിന് ശേഷമുള്ള മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ്. അവ തിന്നാനും കുടിക്കാനും മാത്രമുള്ളതല്ല എന്ന ഓർമപ്പെടുത്തലാണ് 2: 203 ലുള്ളത്.വിശദാംശങ്ങൾക്ക് ഹദീസ് ഗ്രന്ഥങ്ങൾ വായിക്കുക.
أيام معدودات പ്രയോഗം റമദാനിന് ശേഷം أيام التشريق ലാണ് ഖുർആൻ ഉപയോഗിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച
ഏഴു ദിവസങ്ങളിൽ ഖുർആൻ പേരെടുത്ത് പറഞ്ഞ ദിവസമാണ് يوم الجمعة/വെള്ളിയാഴ്ച . ആ പേരിൽ ഒരു അധ്യായം തന്നെയുണ്ട്. (62: 9 -11).വിശദാംശങ്ങൾക്ക് ഹദീസ് ഗ്രന്ഥങ്ങൾ വായിക്കുക.
അത്താഴ സമയം
ഖുർആൻ സദ്ഗുണങ്ങൾ സൂചിപ്പിച്ച സമയങ്ങളിൽ പ്രധാനപ്പെട്ട സമയമാണ് അത്താഴ സമയം. നേരം പുലരുന്നതിന് മുമ്പുള്ള രാത്രിയുടെ അന്ത്യയാമങ്ങളാണത്. നോമ്പുകാരൻ നോമ്പിനായി കഴിക്കുന്ന ഭക്ഷണത്തിന്റെ പേരാണ് സുഹൂർ.
സ്വർഗം വാഗ്ദത്തം ചെയ്യപ്പെട്ട തന്റെ ഭക്തരായ ദാസന്മാരുടെ അവസ്ഥ വിവരിച്ചുകൊണ്ട്, ഈ സമയത്ത് പാപമോചനം തേടുന്നവർ എന്ന ഗുണത്തെ പ്രത്യേകം പ്രശംസിക്കുന്നുണ്ട് ഖുർആൻ :-
‘ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരുമാകുന്നു അവർ അല്ലാഹുവിൻറെ ദാസൻമാർ. ‘ 3:17
‘നിശാന്ത്യസമയങ്ങളിലാകട്ടെ, അവർ പാപമോചനം തേടുകയും ചെയ്തിരുന്നു.’ 51:18
‘നാം അവരുടെ മേൽ ഒരു ചരൽക്കാറ്റു അയച്ചു- ലൂത്ത്വിന്റെ കുടുംബം ഒഴിച്ചു. അവരെ നാം ഒരു നിശാന്ത്യത്തിൽ [ അത്താഴ സമയത്ത്] രക്ഷപ്പെടുത്തി;-‘ 54:34
ഏതു സമയവും പ്രയോജനപ്പെടുത്തുന്നവർ കുറവാണെന്നും നഷ്ടപ്പെടുത്തുന്നവരാണധികമെന്നും പ്രവാചകൻ (സ)വ്യക്തമാക്കിയിട്ടുണ്ട്: “പലരും പാഴാക്കുന്ന രണ്ട് അനുഗ്രഹങ്ങളുണ്ട്: ആരോഗ്യവും ഒഴിവുസമയവും. .”ഹാഫിസ് ഇബ്നുൽ ജൗസി (ഹി. 597) ഈ ഹദീസിനെ കുറിച്ച് പറയുന്നു: “ഒരു വ്യക്തി ആരോഗ്യവാനായിരിക്കാം, പക്ഷേ അവൻ തന്റെ മുഴുവൻ സമയവും ഉപയോഗപ്പെടുത്തുന്നുണ്ടായിരിക്കില്ല. മറ്റൊരു പക്ഷേ അവന് ജോലിത്തിരക്കില്ലായിരിക്കാം. എന്നാൽ എന്തെങ്കിലും ചെയ്യാനുള്ള ആരോഗ്യമില്ലാതെ പോവാം . അതിനാൽ തന്റെ ഒഴിവുസമയവും ആരോഗ്യവും റബ്ബിനെ അനുസരിച്ച് ഉപയോഗിക്കുന്നവൻ ഭാഗ്യവാനാണ് എന്നാണ് ആ പറഞ്ഞതിന്റെ ഉദ്ദേശം.
“ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവന്റെ ജീവിതത്തെക്കുറിച്ച് ചോദിക്കുന്നതുവരെ അവന്റെ കാലുകൾ അനങ്ങുകയില്ല…. “എന്നു തുടങ്ങുന്ന മറ്റൊരു ഹദീസുണ്ട്. കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ റസൂൽ ആഹ്വാനം ചെയ്യുകയാണ് ആ ഹദീസിൽ നബി (സ) ആഹ്വാനം ചെയ്തിട്ടുള്ളത്. സമയത്തിന്റെ പ്രാധാന്യവും മൂല്യവും കൃത്യമായി പ്രഖ്യാപിക്കുകയും ചെയ്തു.നബി (സ) പറയുന്നു: “അഞ്ച് കാര്യങ്ങൾക്ക് മുമ്പുള്ള അഞ്ചെണ്ണം പ്രയോജനപ്പെടുത്തുക: നിങ്ങളുടെ യൗവനം പ്രായമാകുന്നതിന് മുമ്പ് , നിങ്ങളുടെ അസുഖത്തിന് മുമ്പ് നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ ദാരിദ്ര്യത്തിന് മുമ്പ് നിങ്ങളുടെ സമ്പത്ത്, നിങ്ങളുടെ ജോലിക്ക് മുമ്പ് നിങ്ങളുടെ ഒഴിവു സമയം, നിങ്ങളുടെ മരണത്തിന് മുമ്പുള്ള നിങ്ങളുടെ ജീവിതം.” ഈ അഞ്ചു കാര്യങ്ങളിൽ പെടാത്ത വല്ലതുമുണ്ടോ എന്നാലോചിച്ചു നോക്കൂ.
സമയം വളരെ വേഗത്തിലാണ് കടന്നുപോകുന്നത്. പോയ സമയം ഒരിക്കലും മടങ്ങിവരില്ല. مضى ما مضى ، فات ما فات പോയത് പോയി , കഴിഞ്ഞത് കഴിഞ്ഞു. ഇരുതല മൂർച്ചയുള്ള വാളാണ് സമയം. അത് നന്നായി ഉപയോഗിച്ചാൽ ഗുണം ചെയ്യും, അത് ദുരുപയോഗം ചെയ്താൽ ഇന്നല്ലെങ്കിൽ നാളെ ദോഷം ചെയ്യും.ഒരു വ്യക്തി അത് നന്നായി ഉപയോഗിക്കുകയും പ്രയോജനകരമായത് മാത്രം ചെയ്യുന്നുവെങ്കിൽ അതവന് നന്മയും അനുഗ്രഹവുമാവും. നമ്മുടെ സമയത്തിൽ ബറകത് വലിയ സംഗതിയാണ്. പലപ്പോഴും നാം ചെയ്തത് തന്നെ രണ്ടാമതും മൂന്നാമതുമൊക്കെ ചെയ്യേണ്ടി വരുന്നത് ഈ ബറകത് നഷ്ടപ്പെടുമ്പോഴാണ് …. അതിനാൽ നാം പ്രാർഥിക്കുക
( اللهم بارك لي في وقتي ، ولا تَحرِمْني جُهْدي ) അല്ലാഹുവേ,എന്റെ സമയത്തിൽ എന്നെ അനുഗ്രഹിക്കണമേ, എന്റെ പ്രയത്നങ്ങൾ നീ നഷ്ടപ്പെടുത്തരുതേ .( തുടരും )