രണ്ട് കിതാബുകൾ ; വിവിധതരം ആയതുകളും
ലോകത്ത് രണ്ടേ രണ്ട് പുസ്തകങ്ങളേ കാലാതിവർത്തിയായവയുള്ളൂ. ഒന്ന് നാം ജീവിക്കുന്ന പ്രപഞ്ചമാവുന്ന പ്രവിശാലമായ പുസ്തകമാണ് / കിതാബ്. രണ്ട് ദിവ്യപ്രോക്ത ഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ അൽ കിതാബും . രണ്ടിലുമുള്ള സൂക്തികളെ ആയാത് എന്നാണ് ഖുർആനികമായി വിളിക്കുക.
ഓരോ ആയതും ഓരോ അടയാളമാണ്. ആയത് എന്നത് പൊതുവെ ഖുർആനിലെ ഒരു “വാക്യം” ആണ് . ചിലപ്പോൾ കേവലാക്ഷരങ്ങളും ആയതാവാം. ആയതിന് സൂക്തം എന്നും പരിഭാഷ പറയാറുണ്ട്. സൂക്തങ്ങൾ/ആയതുകൾ ചേർന്നാണ് അധ്യായങ്ങൾ /സൂറകൾ ഉണ്ടാവുന്നത്. “തെളിവ്”, “അടയാളം” , “അത്ഭുതം” എന്നീ നിലകളിലെല്ലാം ആയത് വിശദീകരിക്കപ്പെടാറുണ്ട്. അറബി ഭാഷയിൽ ദൃശ്യമായ അടയാളം എന്നയർഥത്തിൽ ഉപയോഗിക്കുന്ന പദമാണ് ആയത്. തഅയ്യീ എന്ന പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ പദമാണത്.. സ്ഥിരപ്പെടൽ, താമസിക്കൽ ,കാത്തിരിപ്പ് എന്നെല്ലാമാണ് അതിനർഥം.ഞാൻ അതിന്റെ സാധ്യതയ്ക്കായി കാത്തിരുന്നു എന്നതിന് تأيأت എന്ന് പറയാറുണ്ട് എന്നാണ് ഇബ്നു ഫാരിസ് തന്റെ മഖായീസുല്ലുഗയിൽ പറയുന്നത്.
ആയത് എന്നതിന് ഖുർആനിൽ താഴെ പറയുന്ന അർഥങ്ങൾ വന്നിട്ടുണ്ട്.
1- തെളിവ് / ദൃഷ്ടാന്തം
{ومن آياته منامكم بالليل والنهار} (الروم:23)،
രാപകലുകളിലെ നിങ്ങളുടെ ഉറക്കം അവന്റെ ദൃഷ്ടാന്തമാണ് …
2- സൂക്തം / വാക്യം
{ما ننسخ من آية أو ننسها} (البقر:106)
ഖുർആനിലെ ഏതെങ്കിലും സൂക്തം നാം ഭേദഗതി വരുത്താറില്ല …
3 – അമാനുഷികത
{فلما جاءهم موسى بآياتنا بينات} (القصص:36)
മൂസാ നബി നമ്മുടെ വ്യക്തമായ അമാനുഷിക ദൃഷ്ടാന്തങ്ങളുമായി വന്നപ്പോൾ …
4- ഗുണപാഠം
{ولنجعله آية للناس} (مريم:21)،
അത് ജനങ്ങൾക്കുള്ള ഒരു ഗുണപാഠമാക്കാൻ
5 – ഗ്രന്ഥം
: {يسمع آيات الله تتلى عليه} (الجاثية:8)،
ഓതിക്കേൾപ്പിക്കപ്പെടുന്ന ഗ്രന്ഥസൂക്തികൾ
6-മതവിധികൾ
{كذلك يبين الله لكم آياته} (البقرة:242)،
അവനവന്റെ ഗ്രന്ഥത്തിലെ വിധികൾ നിങ്ങൾക്കായി വ്യക്തമാക്കുന്നു.
7- അടയാളം
{لقد كان لسبإ في مسكنهم آية} (سبأ:15)،
സബഇന് അവരുടെ വാസസ്ഥലങ്ങളിൽ ചില പ്രത്യേക അടയാളങ്ങളുണ്ടായിരുന്നു.
ഖുർആനിൽ മേൽപ്പറഞ്ഞ ഒന്നിലധികം അർത്ഥങ്ങൾ അല്ലെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലുമൊരർത്ഥം ഉപയോഗിച്ച് അർഥം പറയുന്നതിൽ പ്രശ്നമൊന്നുമില്ല. പ്രത്യക്ഷത്തിൽ തന്നെ മേൽപ്പറഞ്ഞ മിക്ക അർത്ഥങ്ങളും പരസ്പരപൂരകങ്ങളും ബന്ധിതവുമാണ്.
ഖുർആനിൽ “ആയത്” എന്ന വാക്ക് ഏകവചന രൂപത്തിൽ 86 തവണയും ഒരു തവണ മാത്രം {وجعلنا الليل والنهار آيتين} (الإسراء: 12.) ദ്വിവചനമായും 295 തവണ ബഹുവചനരൂപത്തിലും പരാമർശിച്ചിട്ടുണ്ട്. ذهب القوم بآياتهم എന്നാൽ യാത്രാ സംഘം അവരുടെ എല്ലാ ലാന്റ്മാർക്കുകളും അടയാളങ്ങളും കൊണ്ട് സ്ഥലം വിട്ടു എന്നാണർഥം.
ഖുർആനിൽ 2 തരം ആയാതുകളെ കുറിച്ച് പറയുന്നുണ്ട്
1-ഇസ്ലാമിലെ മതപരമായ ബാധ്യതകൾ പറയുന്ന ആയതുകളാണ് آيات تكليفية/ ആയാത് തക്ലിഫിയ്യ . അതാണ് ഖുർആനിൽ നാം മുഖ്യമായും കാണുന്നത്.
2 -പ്രാപഞ്ചിക ഗ്രന്ഥത്തിലെ പ്രതിഭാസങ്ങളാണ് ( آيات تكوينية ആയാത് തക് വീനിയ്യ) ഖുർആനിൽ ഇവ രണ്ടും നിരവധി സൂക്തങ്ങളിൽ ചുരുങ്ങിയും വിശദമായും പരാമർശിക്കപ്പെടുന്നുണ്ട് .
സർവ്വശക്തനായ റബ്ബ് സൃഷ്ടിച്ച മുഴുവൻ സൃഷ്ടിയും അവന്റെ ആയാത് തക് വീനിയ്യയാണ്. ആകാശം, ഭൂമി, പർവതങ്ങൾ, സമതലങ്ങൾ, നദികൾ, സൂര്യൻ, ചന്ദ്രൻ, സസ്യങ്ങൾ, മൃഗങ്ങൾ, നിർജീവ വസ്തുക്കൾ, മനുഷ്യന്റെ സൃഷ്ടിപ്പ്, ചക്രവാളങ്ങളിലുള്ള അടയാളങ്ങൾ, അവയിൽ ഉള്ളതും അവയ്ക്കിടയിലുള്ളതുമായ ഗോചരവും (آيات مرئية ) അഗോചരവുമായ (آيات غير مرئية)ദൃഷ്ടാന്തങ്ങളെല്ലാം ആ ഗണത്തിലാണ് പെടുക. ജീവൻ , റൂഹ് , നഫ്സ് …… തുടങ്ങിയ നിരവധി സംഗതികൾ آيات غير مرئية വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
لله في الآفاق آيات لعل أقلها هو ما إليه هداك …
و لعل ما في النفس من آياته عجب عجاب لو ترى عيناك …
(അല്ലാഹുവിന് ചക്രവാളങ്ങളിൽ വ്യത്യസ്ത അടയാളങ്ങളുണ്ട്, ഒരുപക്ഷെ അവയിൽ ഏറ്റവും ചെറിയ അടയാളമാണ് അവൻ നിങ്ങൾക്കേകിയ ഹിദായത് … അതിലൂടെ ആത്മാവ് കൊണ്ട് യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കണ്ണുകളെ അമ്പരപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായ ദൃഷ്ടാന്തങ്ങൾ വേറെയും കാണാമെന്ന് ആധുനിക അറബി കവി ഇബ്രാഹീം ബുദൈവി )
പ്രാപഞ്ചിക അടയാളങ്ങളായ സൃഷ്ടി, രാവും പകലും, അവയുടെ മാറിമാറിവരൽ, മഴ, സസ്യങ്ങളുടെ ജീവിതവും വളർച്ചയും തുടങ്ങി വിവിധ പ്രതിഭാസങ്ങളെ ഖുർആൻ ആയത് എന്ന പദം കൊണ്ട് കൃത്യമായി സൂചിപ്പിക്കുന്നു. അത്ഭുതങ്ങൾ , വിശ്വാസത്തിന്റെ പ്രതിഫലം, അവിശ്വാസികളുടെ അടയാളങ്ങൾ എന്നീ നിലകളിൽ ഖുർആനിൽ ആയത് എന്ന പ്രയോഗം ധാരാളം കാണാം. :-
‘നിശ്ചയമായും, ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിലും, രാവും പകലും വ്യത്യാസപ്പെടുന്നതിലും ബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങ /ആയാതുകളുണ്ട്.’ 3:190
‘ഇത് (ഖുർആൻ) സത്യമാണെന്ന് അവർക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരിൽ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ/ ആയാതുകൾ വഴിയെ നാം അവർക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിൻറെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ? ’41:53
‘അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്, (ആയാതുകൾ) ആകാശങ്ങളെയും ഭൂമിയെയും, ജീവജന്തുക്കളായി അവരണ്ടിലും അവൻ വിതരണം ചെയ്തിട്ടുള്ളതിനേയും സൃഷ്ട്ടിച്ചത്. അവൻ ഉദ്ദേശിക്കുന്നതായാൽ. അവയെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനുമാണ് അവൻ.'(42:29)
‘അവർക്കൊരു ദൃഷ്ടാന്തമാണ്, (ആയത്) നിർജ്ജീവമായ ഭൂമി, – നാമതിനെ ജീവിപ്പിക്കുകയും, അതിൽ നിന്നു ധാന്യം ഉൽപാദിപ്പിക്കുകയും ചെയ്തിരിക്കുന്നു, എന്നിട്ട് അതിൽ നിന്ന് അവർ തിന്നുകൊണ്ടിരിക്കുന്നു. ‘(36:33)
‘അങ്ങനെ, അവർ അദ്ദേഹത്തെ കളവാക്കി. അതിനാൽ, അവരെ നാം [അല്ലാഹു] നശിപ്പിച്ചു. നിശ്ചയമായും, അതിൽ ഒരു വലിയദൃഷ്ടാന്തം (ആയതു)ഉണ്ട്. അവരിൽ, അധികമാളും വിശ്വസിക്കുന്നവരല്ല’.(26:139)
‘നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല. ആകയാൽ, നീ സത്യവാൻമാരിൽ പെട്ടവനാണെങ്കിൽ, ഒരു ദൃഷ്ടാന്തം (ആയതു) കൊണ്ടുവാ?'(26:154)
ഖുർആനിലെ അധ്യായങ്ങൾ /സൂറതുകൾ 3 മുതൽ 286 വരെ എണ്ണത്തിൽ വ്യത്യാസമുള്ള നിരവധി വാക്യങ്ങളാണ് ഉൾക്കൊള്ളുന്നത്. ഒരു നീണ്ട അധ്യായത്തിനുള്ളിൽ വാക്യങ്ങളെ പ്രമേയപരമായി /തീമാറ്റിക് സീക്വൻസുകളിലേക്കോ ഭാഗങ്ങളിലേക്കോ / റുകൂഉകളിലേക്കോ തിരിക്കാം.
വ്യാഖ്യാനത്തിനായി, വാക്യങ്ങളെ രണ്ട് ഗ്രൂപ്പുകളായാണ് പൊതുവെ തിരിച്ചിരിക്കുന്നത്
1- محكمവ്യക്തവുമായവ
2- متشابه അവ്യക്തമായവ
ഈ വേർതിരിവ് ഖുർആനെ തന്നെ അടിസ്ഥാനമാക്കിയുള്ളതാണ്:
ഖുർആനിക നിദാന ശാസ്ത്രത്തിൽ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായവയിൽ ഒന്നാണ് മുഹ്കമും മുതശാബിഹും. ‘സ്പഷ്ടവും വ്യക്തവുമായത് ‘ എന്നർത്ഥം വരുന്ന മുഹ്കമിന്റെ മൂലപദം ‘ഹിക്മത്” എന്നതാണ്. വ്യാഖ്യാനമോ വിശദീകരണമോ ആവശ്യമില്ലാത്ത വിധം വ്യക്തവും, അഭിപ്രായ ഭിന്നതകൾക്ക് പഴുതില്ലാത്ത വിധം സ്പഷ്ടവുമായത് എന്നതാണതിന്റെ സാങ്കേതികാർത്ഥം. അല്ലാഹുവിന്റെ കല്പനകൾ, നിർദ്ദേശങ്ങൾ എന്നിവ വ്യാഖ്യാന സാധ്യതകളില്ലാത്തവയാണ്.
‘ശുബഹ് ‘ എന്ന പദത്തിൽ നിന്നും ഉത്ഭവിച്ചതാണ് മുതശാബിഹ് .അതായത്, രണ്ട് കാര്യങ്ങൾക്കിടയിൽ സാദൃശ്യമുണ്ടാവുകയും അത് വേർതിരിച്ച് മനസ്സിലാക്കാൻ കഴിയാതിരിക്കുകയും ചെയ്യുക. സാങ്കേതികപരമായി, വിശദീകരണമോ വ്യാഖ്യാനമോ കൂടാതെ ഉദ്ദേശ്യം മനസ്സിലാക്കാൻ പ്രയാസമുള്ള, പൂർണ ഉദ്ദേശ്യമെന്തെന്ന് അല്ലാഹുവിന് മാത്രമറിയുന്ന വചനങ്ങൾ. ഇതിലുള്ള ചർച്ചകളാണ് കലാമെന്ന വിജ്ഞാന ശാഖക്ക് വളം വെച്ചത്. അല്ലാഹുവിന്റെ വിശേഷണങ്ങൾ, അർശ്, കുർസി തുടങ്ങിയ നിരവധി സംക്ഷിപ്തമായി പറഞ്ഞ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദൈവശാസ്ത്ര സംവാദങ്ങൾ മധ്യ നൂറ്റാണ്ടിലെ പ്രത്യേകതകളായിരുന്നു.
‘( നബിയേ, ) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതിൽ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിൻറെ മൌലികഭാഗം. ആശയത്തിൽ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാൽ മനസ്സുകളിൽ വക്രതയുള്ളവർ കുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടും, ദുർവ്യാഖ്യാനം നടത്താൻ ആഗ്രഹിച്ചു കൊണ്ടും ആശയത്തിൽ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിൻറെ സാക്ഷാൽ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവിൽ അടിയുറച്ചവാരാകട്ടെ, അവർ പറയും: ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. ബുദ്ധിശാലികൾ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ ‘. 3:7
ഖുർആനിലെ ആയതുകളുടെ ആകെ എണ്ണം 6,666 ആണെന്നാണ് പൊതുവായ ധാരണ. വാസ്തവത്തിൽ, ഖുർആനിലെ ആകെ സൂക്തങ്ങളുടെ എണ്ണം ബിസ്മി ഒഴിവാക്കി 6,236 ഉം ബിസ്മി ഉൾപ്പെടെ 6349 ഉം ആണ്. (ഖുർആനിൽ 114 അധ്യായങ്ങളുണ്ട്, എന്നിരുന്നാലും തുടക്കത്തിൽ 113 ബിസ്മികൾ മാത്രമേയുള്ളൂ, സൂറ: അത്തൗബയുടെ തുടക്കത്തിൽ ബിസ്മിയില്ല. സൂറ:ഫാത്തിഹയുടെ തുടക്കത്തിലുള്ള ബിസ്മി അതിന്റെ ആദ്യ ഭാഗമാണ്) സൂറ: നംലിലെ സുലൈമാന്റെ (അ) കത്ത് പറയുന്നേടത്ത് 30-ാം ആയതിന്റെ മധ്യത്തിൽ മറ്റൊരു ബിസ്മി ഉണ്ട്.
ഖുർആന്റെ അവതരണത്തിന്റെ കാലക്രമത്തിൽ ആദ്യത്തെ ആയതുകൾ ഇഖ്റഅ് എന്ന് തുടങ്ങുന്ന സൂറ: അലഖാണെന്ന് എല്ലാവർക്കുമറിയാം. ഈ ക്രമത്തിലുള്ള ഒരു കയ്യെഴുത്ത് പ്രതി അലി (റ) വ്യക്തിപരമായി സൂക്ഷിച്ചിരുന്നു. നമുക്ക് ലഭ്യമായ പരമ്പരാഗത ക്രമത്തിൽ ആദ്യത്തെ ആയത് സൂറ: ഫാതിഹയിലെ ബിസ്മിയാണ്. ഫാതിഹക്ക് ശേഷമുള്ള ആദ്യത്തെ ആയത് സൂറ: ബഖറയിലെ അലിഫ് ലാം മീം ആണ്.
അവതരിച്ച ആയതുകൾ കേൾക്കുന്നതിനും മുമ്പ് തന്നെ പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങളിൽ നിന്ന് പഠിച്ചതിന്റെ വെളിച്ചത്തിൽ നിരവധി ശാസ്ത്രീയ വസ്തുതകൾ വെച്ച് ഖുർആൻ സത്യമാണെന്ന് വിശ്വസിച്ച് സത്യമാർഗത്തിലേക്ക് എത്തിയവരുണ്ട് ( ഉദാ:മോറിസ് ബുക്കായ് ) .പ്രായോഗികവും സാങ്കേതികവും ദാർശനികവുമായ ശാസ്ത്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള മാർഗം സൃഷ്ടിച്ച ആയതുകൾ (പ്രപഞ്ച പ്രതിഭാസങ്ങൾ)പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്തതാണ് അവരെ സത്യത്തിലേക്കെത്തിച്ചത്.
وَفي كُلِّ شَيءٍ لَهُ آيَةٌ تَدُلُّ عَلى أَنَّهُ واحِدُ (എല്ലാ കാര്യങ്ങളിലും ഒരു ദൃഷ്ടാന്തമുണ്ട് അവൻ [ ദൈവം] ഒന്നാണെന്ന് സൂചിപ്പിക്കുന്നു എന്ന് മുഖ്ദറമി കവി ലബീദ് പാടിയത് ഇവിടെ പ്രത്യേകം സ്മരണീയമാണ്.
ഖുർആൻ ഇതുമായി ബന്ധപ്പെട്ട വിധികൾ വ്യക്തമാക്കിയതല്ലാതെ അതിനു തതുല്യമായി മറ്റൊന്നില്ല എന്ന് മനസ്സിലാക്കാം. “എല്ലാത്തിനും വിശദീകരണമായി നാം നിങ്ങൾക്ക് ഗ്രന്ഥം അവതരിപ്പിച്ചു” ( 16/89). ഒരു വ്യക്തിയുടെ കണക്കുകൂട്ടാനുള്ള കഴിവ് അക്കങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അവന്റെ മുന്നറിവുമായി ബന്ധപ്പെട്ടിരിക്കുന്നു. വാങ്ങുന്നതിനും വിൽക്കുന്നതിനുമെല്ലാം ഈ കണക്ക് ഉപയോഗപ്പെടുത്താം. കിതാബിലെ ആയതും പ്രപഞ്ചത്തിലെ ആയതും തമ്മിലുള്ള ബന്ധങ്ങൾ അറിയുന്ന മുറക്ക് ഈ കിതാബിലെ ആയതുകളെ അംഗീകരിച്ചു തുടങ്ങുമെന്നതിന് തെളിവാണ് ശാസ്ത്ര ലോകത്ത് നിന്നുള്ളവരുടെ ഇസ്്ലാം സ്വീകരണം. എന്നാൽ ചിലർ അവരുടെ അറിവനുസരിച്ച് ഏതെങ്കിലുമൊന്നിൽ നിന്ന് മാത്രം പ്രയോജനം നേടുന്നു. ചിലർക്ക് ആയാത് തക് ലീഫിയ്യയും മറ്റ് ശാസ്ത്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അറിവ് ആഴത്തിലുണ്ടാവും. അത്തരക്കാർക്ക് കൃത്യവും വ്യക്തവും ശക്തവും ആഴത്തിലുള്ളതുമായ അർത്ഥങ്ങളിലേക്ക് എത്താൻ കഴിയും. ഉദാഹരണത്തിന്: സുലൈമാൻ (അ) ന്റെ കാലത്ത് തൗറാതെന്ന അന്നത്തെ ആധികാരിക ഗ്രന്ഥത്തിൽ നിന്ന് അറിവ് നേടിയ ആ ആൾക്ക് (الذي عنده علم من الكتاب ) യമനിലെ സബഇൽ നിന്ന് സുലൈമാന്റെ രാജ്യത്തിലേക്ക് കണ്ണിമവെട്ടും സമയം കൊണ്ട് ബിൽഖീസിന്റെ സിംഹാസനം കൊണ്ടുവരാൻ കഴിഞ്ഞു. സൂറ: നംല് 38 – 40 ഭാഗത്ത് അത് കൃത്യമായി മനസ്സിലാക്കാൻ കഴിയും.
ഖുർആൻ ഒരു മതഗ്രന്ഥം മാത്രമായി കണക്കാക്കിയാൽ ഈ സൂക്തങ്ങൾ ശരിയായി മനസ്സിലാക്കാൻ കഴിയില്ല. സിംഹാസനം കൊണ്ട് വന്നത് സുലൈമാൻ (അ)ന്റെ അത്ഭുത അമാനുഷികതയാണെന്ന് മനസ്സിലാക്കാം. ഒരു പ്രവാചകനും അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം അത്ഭുതം സംഭവിക്കുന്നില്ല, “അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരു ദൂതനും ഒരു അടയാളം കൊണ്ടുവരാൻ കഴിയില്ല” ( 13/38).
ഖുർആനിലെ ചില ആയതുകൾക്ക് പ്രത്യേകം പ്രത്യേകം ശ്രേഷ്ഠതകൾ പറയപ്പെട്ടിട്ടുണ്ട്. ആയതുൽ കുർസി , ആയതുന്നൂർ എന്ന് തുടങ്ങിയ സകല ക്വിസ് മത്സരങ്ങളിലും പ്രത്യേകം പ്രത്യേകമായി ചോദിക്കുന്ന ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ ദൈർഘ്യ ഭയത്താൽ വിടുന്നു. ഖുർആനിലും പ്രപഞ്ചത്തിലുമുള്ള ആയതുകളെല്ലാം നമ്മുടെ പഠനവും അന്വേഷണവും വിലയിരുത്തലും വേണ്ടവയാണ് എന്ന് മാത്രം സൂചിപ്പിക്കുന്നു. ( തുടരും)