സമാധാന സംസ്ഥാപനത്തിന് മാത്രം യുദ്ധം
അക്രമം, സംഘർഷങ്ങൾ, അക്രമാസക്തമായ സാഹചര്യങ്ങളോടുള്ള ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയുടെ അഭാവത്തിന്റെ അവസ്ഥ എന്നാണ് സമാധാനത്തിന് നല്കപ്പെടാറുള്ള നിർവചനം. ഖുർആനിൽ വന്ന സമാധാനത്തെക്കുറിച്ച് ഒറ്റ ലേഖനത്തിൽ സംഗ്രഹിക്കുവാൻ കഴിയില്ല. ഇസ്ലാം സമാധാനത്തിന്റെ ധർമവും പ്രവാചകൻ മുഹമ്മദ് (സ) കാരുണ്യത്തിന്റെ പ്രവാചകനും ആയിരുന്നു എന്നതിൽ സംശയവുമില്ല. { “ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം താങ്കളെ അയച്ചിട്ടില്ല} ” ( 21 107) , “ഞാൻ അയക്കപ്പെട്ടത് നല്ല പെരുമാറ്റങ്ങളുടെ പൂർത്തീകരണത്തിന് മാത്രമാണ്.” എന്ന് പ്രവാചകൻ (സ) പറഞ്ഞതിന്റെയർഥം സമാധാനമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ല എന്ന് കൂടിയാണ്..
പ്രവാചകത്വത്തിന് മുമ്പുള്ള അറബികളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അപ്പുറത്തെ വീടിന്റെ പറമ്പിൽ നിന്നും അയൽവാസിയുടെ ഒട്ടകം പുല്ല് തിന്നതിന്റെ പേരിൽ വർഷങ്ങൾ നീണ്ട നിലക്കുന്ന യുദ്ധം നടത്തിയവരായിരുന്നു അവർ. നിസ്സാര കാരണങ്ങൾക്കും ഒരു കാരണവുമില്ലാതെയും അവർ യുദ്ധം ആസ്വദിച്ചിരുന്നു.WWW (Wine, Women and War ) എന്നത് അവരുടെ ജീവിതത്തിന്റെ പ്രധാന ആസ്വാദനങ്ങളായിരുന്നു. എന്നാൽ അവരുടെ പ്രകൃതത്തിൽ നിന്നും വ്യത്യസ്തമായി നബിക്ക് ഹർബ് അഥവാ യുദ്ധം എന്ന പേര് പോലും കേൾക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. മക്കൾ ധീരരാവാൻ ഹർബ് എന്ന പേര് അവർ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ സന്തോഷമുണ്ടാക്കുന്ന മനോഹരമായ പേരുകൾ മാത്രമേ അദ്ദേഹം തന്റെ വേണ്ടപ്പെട്ടവർക്ക് തിരഞ്ഞെടുക്കുമായിരുന്നുള്ളൂ. ഹർബ് / യുദ്ധം എന്ന പേര് തന്റെ സ്വാധീനവലയത്തിൽ ആർക്കുണ്ടെങ്കിലും ആ പേര് മാറ്റും. സ്വന്തം പുത്രി ഫാത്വിമക്ക് കടിഞ്ഞൂൽ പുത്രൻ ഹസൻ ജനിച്ചപ്പോൾ അലി (റ) ഹർബ് എന്നാണ് പേരിട്ടിരുന്നത്. വല്ലിപ്പയായ മുഹമ്മദ് നബിയുടെ സമ്മർദ്ദത്തിലാണാപേര് മാറ്റി ഹസൻ എന്നാക്കിയത്.
(ഹാനിഉബ്നു ഹാനിഇൽ നിന്ന് അഹ്മദ് റിപ്പോർട്ട് ചെയ്തത് )
ഇത്രമേൽ യുദ്ധത്തെ വെറുത്ത ആ പ്രവാചകന്റെ സന്ദേശത്തെ വാൾകൊണ്ട് പ്രചരിച്ച മതം എന്നാണ് ഇസ്ലാമോഫോബുകൾ ഇന്നും പറയുന്നത്.
ബലപ്രയോഗത്തിലൂടെ പ്രചരിപ്പിച്ചില്ലായിരുന്നുവെങ്കിൽ, ലോകമെമ്പാടും ദശലക്ഷക്കണക്കിന് അനുയായികൾ അറേബ്യൻ ഗോത്രമതമായ ഇസ്ലാമിന് ഉണ്ടാകുമായിരുന്നില്ല എന്നാണ് അവരുടെ വാദം. ചില ഓറിയന്റലിസ്റ്റുകൾ ഉണ്ടാക്കിയെടുത്ത പൊതുവായ തെറ്റിദ്ധാരണയാണത്. ഇപ്പോഴും ചില ഇവാഞ്ചലിക്കൽ സംഘങ്ങളും ലിബറൽ ജബ്റകളും അതേപടി പകർത്തി ഇസ്ലാമിനെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തി ജനങ്ങളെയാകെ അവരാഗ്രഹിക്കുന്നതു പോലെ ഇസ്ലാം ഭീതിയിലാഴ്ത്തി പാശ്ചാത്യന് വിടുവേല ചെയ്തു കൊണ്ടിരിക്കുകയാണവർ . സത്യത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ചിന്തിക്കുന്നവർ കേൾക്കുന്ന മാത്രയിൽ തന്നെ തള്ളിക്കളയുന്ന തള്ളാണത്. ഇസ്ലാമിന്റെ അടിത്തറ തന്നെ സമാധാനം /സലാമാണ് . സലിമ എന്ന പദത്തിൽ നിന്നാണ് സലാം ഉണ്ടായത്. രക്ഷപ്പെടുക , ന്യൂനതകളില്ലാതാവുക എന്നൊക്കെയാണ് ആ ക്രിയയുടെ അർഥം. സലാമെന്നാണ് സമാധാനത്തിന് പൊതുവെ അറിയപ്പെടുന്ന അറബി പദം. ഇസ്ലാമെന്നാൽ സമാധാന (സലാം)ത്തിലേക്കുള്ള പ്രവേശവും ഈമാനെന്നാൽ ശാന്തി (അംൻ ) യുടെ പ്രസരണവുമാണെന്നാണ് ആഗോള ചിന്തകൻ ഇസ്സുദ്ദീൻ ബലീഖ് അഭിപ്രായപ്പെടുന്നത്. അതിനാൽ തന്റെ കാര്യം അത്യുന്നതന്ന് സമർപ്പിക്കുകയും അവന്റെ കൽപ്പനകൾക്ക് കീഴടങ്ങുകയും അവന്റെ വിധികൾക്കും വ്യവസ്ഥക്കും വിധേയരാകുകയും ചെയ്യുന്ന വ്യക്തിക്ക് ലഭ്യമാവുന്ന മനസ്സമാധാനം അതിനാൽ തന്നെ അനിർവചനീയമാണ്.
സർവ്വശക്തൻ മനുഷ്യന് നല്കുന്ന ശാന്തി പ്രസ്തുത വിശ്വാസിയുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ആളുകളുമായുള്ള ഇടപാടുകളിലും പ്രകടമാവും. അവർക്കിടയിൽ സമാധാനം വ്യാപിപ്പിക്കാൻ പ്രവാചകൻ പഠിപ്പിച്ച സലാമെന്ന അഭിവാദ്യ രീതി സമാധാനത്തിന്റെ അമ്പാസിഡർമാരാവണം നാമോരുത്തരും എന്നാണ് സദാ അവനെ ഓർമിപ്പിക്കുന്നത്. അറിയുന്നവർക്കും അറിയാത്തവർക്കും സലാമോതുക എന്ന പ്രവാചകാധ്യാപനം യാന്ത്രികമല്ലെങ്കിൽ ജാതി – മത – ഭാഷാ- സംസ്കാര ഭേദമന്യേ ജനങ്ങൾക്കിടയിൽ സൗഹൃദം, സ്നേഹം, അടുപ്പം എന്നിവയുടെ ചൈതന്യം പകരുന്നതിൽ അത്ഭുതകരമായ ഫലങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കേണ്ടതാണ് . എന്നാലും സലാം പറയുന്നതിലും കർമശാസ്ത്രം പരതുന്നതിന്റെ പ്രയാസം നമ്മുടെ തലമുറയായിരിക്കില്ല അനുഭവിക്കുക.
എല്ലാവരോടും സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ഇടപെടേണ്ടവനാണ് മുസ്ലിം. ഇസ്ലാമിക സമൂഹത്തിൽ
എല്ലാ വിശ്വാസങ്ങൾക്കും ആദരവും ആരാധനാ സ്വാതന്ത്ര്യവും ഖുർആൻ നൽകിയിട്ടുണ്ട്. മതസ്വാതന്ത്ര്യം ഖുർആനിൽ വളരെ ശക്തമായി അനുശാസിച്ചിരിക്കുന്നു: ‘മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. ‘2:256
സമാധാനം സ്ഥാപിക്കാനായി അനിവാര്യമായ കാരണങ്ങളാൽ ഉണ്ടായിട്ടുള്ളതാണ് ഇസ്ലാമിക ചരിത്രത്തിലെ യുദ്ധം. ബദ്റു മുതൽ മുഅതവരെയുള്ള എല്ലാ യുദ്ധങ്ങളും സമൂഹത്തിലെ നിയമവ്യവസ്ഥയുടെയും സമാധാനത്തിന്റെയും വീണ്ടെടുപ്പിന് നടത്തേണ്ടി വന്ന നിയമപരമായ പോരാട്ടമായിരുന്നു. നിരപരാധരെ വധിക്കരുതെന്ന് പ്രത്യേകം ഉണർത്തിയിട്ടാണ് ഇസ്ലാമിക ചരിത്രത്തിലെ ഓരോ സൈനിക വിന്യാസവും നടന്നിട്ടുള്ളത്.
ലോക പ്രശസ്ത റഷ്യൻ എഴുത്തുകാരനും ചിന്തകനുമായ ടോൾസ്റ്റോയിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയായ യുദ്ധവും സമാധാനവും (War and Peace) അദ്ദേഹം പതിനെട്ടു വർഷം എടുത്തെഴുതിയ നോവലാണ് . ഏഴു തവണ അദ്ദേഹത്തിന് മാറ്റിഎഴുതേണ്ടി വന്നുവെന്നാണ് സത്യം. കാരണം എല്ലാ സത്യവും എഴുതിയില്ലെങ്കിലും എഴുതുന്നത് സത്യമാവണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അഥവാ ചരിത്രത്തിൽ നടന്ന യുദ്ധങ്ങളെ കുറിച്ചും അതിന്റെ പിന്നിൽ കേൾക്കുന്ന കിംവദന്തികളും അങ്ങനെ തന്നെ രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളിൽ നിന്നും ഇസ്ലാമിനെ വായിക്കാൻ തുടങ്ങിയാൽ പിന്നെ നാം ആമുഖത്തിലെഴുതിയതിനപ്പുറവും പറയാൻ കഴിയും.
ഖുർആനിലെ സലാം
ഖുർആനിൽ ‘യുദ്ധം’ മൂന്ന് തവണ മാത്രമേ പരാമർശിച്ചിട്ടുള്ളൂ. എന്നാൽ അതിന്റെ മൂന്നിരട്ടിയിലേറെ തവണ സമാധാനത്തെ സംബന്ധിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഹദീസുകളിൽ 1,132 തവണയാണ് സമാധാനത്തെ പറ്റി പറയുന്നത് .
1- 99 ദിവ്യനാമങ്ങളിലൊന്നായി الأسماء الحسنى അല്ലാഹു സ്വന്തം പേരായി പറയുന്ന പേരാണ് سلام / സമാധാനം.
താനല്ലാതെ വേറെ യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവൻ. അവൻ രാജാധിപതിയാണ്, മഹാ പരിശുദ്ധനാണ്, അന്യൂനനാണ് അഭയം നൽകുന്നവനാണ്, മേൽനോട്ടം ചെയ്യുന്നവനാണ്, പ്രതാപശാലിയാണ്. പരമാധികാരിയാണ്, മഹത്വശാലിയാണ്. അവർ പങ്കുചേർക്കുന്നതിൽനിന്നു അല്ലാഹു എത്രയോ പരിശുദ്ധൻ!( 59:23)
2- നിർണയ രാവിന്റെ ليلة القدرസാന്നിധ്യവും ഭാവവും سلام /സമാധാനം ആണെന്ന് ഖുർആൻ പറയുന്നു:
സമാധാനശാന്തിയത്രെ അത്! പ്രഭാതോദയം വരേക്കുമുണ്ടായിരിക്കും!(97:5)
3-സ്വർഗക്കാരുടെ അഭിവാദ്യ രീതിയായി ഖുർആൻ പഠിപ്പിക്കുന്നതാണ് سلام
അവിടങ്ങളിൽ അവരുടെ പ്രാർത്ഥന ‘അല്ലാഹുവേ, നീ മഹാപരിശുദ്ധൻ!’ [നിനക്കുസ്തോത്രം] എന്നുമായിരിക്കും; അവിടത്തിൽ അവരുടെ ഉപചാരം ‘സലാം’ [സമാധാനം ശാന്തി!] എന്നുമായിരിക്കും. അവരുടെ അവസാന പ്രാർത്ഥന ‘സ്തുതി (യെല്ലാം) ലോക രക്ഷിതാവായ അല്ലാഹുവിനാണ്’ എന്നുമായിരിക്കും (10:10)
സലാം, സലാം’ എന്നു പറയപ്പെടുന്നതല്ലാതെ. (56:26)
അവർ സ്വർഗ്ഗത്തിലെ ആൾക്കാരെ വിളിച്ചു പറയും: ‘നിങ്ങൾക്കു സലാം [സമാധാനശാന്തി] ഉണ്ടാവട്ടെ’ എന്നു. അവർ അതിൽ പ്രവേശിച്ചിട്ടില്ല – അവരാകട്ടെ (അതിനു) മോഹിച്ചുകൊണ്ടിരിക്കുന്നു. (7:46)
4- സ്വർഗത്തിന്റെ പര്യായമായും സലാം വന്നിരിക്കുന്നു :
അല്ലാഹുവാകട്ടെ, ശാന്തിയുടെ ഭവനത്തിലേക്ക് / ദാറുസ്സലാമിലേക്ക് ക്ഷണിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ ചൊവ്വായ പാതയിലേക്ക് വഴി ചേർക്കുകയും ചെയ്യുന്നു. ( 10:25)
5- അവിവേകികളിൽ നിന്നുമുള്ള വിമുക്തി പ്രഖ്യാപനമായി പഠിപ്പിച്ചിട്ടുള്ളതും സലാം തന്നെ.
അറിവില്ലാത്തവർ അവരെ അഭിമുഖീകരിക്കുന്നതായാൽ, അവർ സമാധാനപരമായതു പറയുന്നതാണ്.
(25:63 )
പ്രഖ്യാപനമായുമെല്ലാം ഈ സമാധാനമെന്ന സലാമാണ് ഖുർആൻ പഠിപ്പിച്ചിട്ടുള്ള സമാധാനം.
യുദ്ധാടിയന്തിരാവസ്ഥയിൽ പോലും സന്ധിക്കും സമാധാനത്തിനും വേണ്ടി ശ്രമമമുണ്ടായാൽ അതിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവണമെന്നാണ് ഖുർആന്റെ നിർദ്ദേശം :-
നബിയേ) അവർ സമാധാനത്തിനു [സന്ധിക്കു] തുനിയുന്നപക്ഷം, നീയും അതിനു തുനിയുക; അല്ലാഹുവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്യുക. നിശ്ചയമായും, അവൻ തന്നെയാണു (എല്ലാം) കേൾക്കുന്നവനും, അറിയുന്നവനും. 8:61
ലോകഭാഷകളിൽ എഴുതപ്പെട്ട കവിതകളിൽ യുദ്ധത്തേക്കാൾ സമാധാനത്തിന് വേണ്ടിയാണ് കൂടുതൽ തൂലിക ചലിപ്പിക്കപ്പെട്ടിട്ടുള്ളത്.
‘സമാധാനം നമ്മുടെ പതാകയിൽ പാറിയാൽ മതിയോ?’ ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വീരാൻ കുട്ടിയുടെ ഒരുക്കം എന്ന കവിതയിൽ നമ്മുടെ നാട്ടിലെ കൊണ്ടാടപ്പെടുന്ന സമാധാന സങ്കല്പത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന ഒരു വരിയാണിത്. എളിയിൽ തിരുകിയ കഠാര സമാധാനത്തോടെ പുറത്തെടുക്കുന്ന മത- രാഷ്ട്രീയ-സാമൂഹിക ക്രമത്തിലെ മാറുന്ന സമാധാന വിവക്ഷയെ വളരെ സർകാസ്റ്റിക്കായി ചിത്രീകരിക്കുന്ന മറ്റൊരു കവിതാശകലം ഈയടുത്തൊന്നും വായിച്ചതായി ഓർക്കുന്നില്ല.
ശാന്തി പ്രസരിക്കുന്നതും അക്രമമില്ലാത്തതുമായ അവസ്ഥാന്തരമാണ് സമാധാനം. എല്ലാ മതങ്ങളുടേയും അധ്യാപനങ്ങളുടെ സാരാംശവുമതു തന്നെ. പൊതുവെ ശത്രുത ഇല്ലായ്മയെ സൂചിപ്പിക്കുന്ന സമാധാന സങ്കല്പം ആരോഗ്യപരമായ വ്യക്തിബന്ധം, രാജ്യാന്തര ബന്ധം, സാമൂഹിക സാമ്പത്തിക മേഖലകളിലുള്ള അഭിവൃദ്ധി, സമത്വ സ്ഥാപനം, ഏവരുടെയും യഥാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ വ്യവസ്ഥ തുടങ്ങിയവയുടെ നിലനിൽപ്പ് എന്ന അർത്ഥമാണ് പ്രഘോഷിക്കുന്നത് . അന്താരാഷ്ട്രബന്ധങ്ങളിൽ സാമാധാനകാലം എന്നത് യുദ്ധമില്ലായ്മ മാത്രമല്ല സാംസ്കാരികവും സാമ്പത്തികവുമായ പരസ്പരം മനസ്സിലാക്കലും ഐക്യവുമുള്ള അവസ്ഥകൂടിയാണ് എന്ന് യു എൻ പരിചയപ്പെടുത്തുന്നു. മനശാസ്ത്രപരമായി സമാധാനം എന്നത് ശാന്തവും ക്ലേശങ്ങളില്ലാത്തതുമായ അത്യുന്നത മാനസികാവസ്ഥയാണ്.
ലോകത്ത് സമാധാനകാംക്ഷികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി സമാധാനത്തിനുള്ള നോബൽ സമ്മാനമാണ് . 1901 മുതൽ നോർവീജിയൻ നൊബേൽ കമ്മിറ്റി ഈ അവാർഡ് സഗൗരവം നൽകിപ്പോരുന്നു. എന്നാൽ 1988 മുതലാണ് ഈ അവാർഡിന് അന്തർ ദേശീയ പ്രാധാന്യം കൈവരുന്നത്. ആൽഫ്രഡ് നോബേലിന്റെ താല്പര്യപ്രകാരം അന്തർദേശീയ പ്രശസ്തരായ സമാധാന കാംക്ഷികൾക്ക് നല്കി വരുന്ന അവാർഡിന് രണ്ട് വർഷം മുമ്പ് , കൃത്യമായി പറഞ്ഞാൽ 2020 ൽ അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് നിർദ്ദേശിക്കപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് കാരണമായത് നാമറിഞ്ഞു കാണും. അതിനെ തുടർന്നുണ്ടായ ട്രോൾ പെരുമഴ നിന്നത് മഹാമാരി പരന്നതോടെയാണ്.രാഷ്ട്രങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും, നിലകൊള്ളുന്ന സൈന്യങ്ങളെ ലഘൂകരിക്കുന്നതിനും രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ സമാധാന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും കൂടുതൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കായിരുന്നു ഇതുവരേക്കും ആ പ്രൈസ് നിർദ്ദേശിക്കപ്പെട്ടിരുന്നത് എന്നാണ് നൊബേൽ സമ്മാന ജേതാക്കളുടെ ഇതപര്യന്തമുള്ള ലിസ്റ്റിൽ നിന്നു നമുക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നത്.
ആഗോള തലത്തിലും രാഷ്ട്ര തലത്തിലും സംസ്ഥാന തലത്തിലും സമാധാനത്തെ കുറിച്ചുള്ള മതാധ്യാപനങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ സജീവമാക്കിയാൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമാധാന സങ്കല്പത്തെ തിരിച്ചു പിടിക്കാൻ ഉപകാരപ്പെട്ടേക്കും. ആകാശത്തും അന്തരീക്ഷത്തിലും ഭൂമിയിലും സമാധാനം ഉണ്ടാകട്ടെ. വെള്ളത്തിൽ തണുപ്പും ഔഷധ സസ്യങ്ങളിൽ രോഗശാന്തിയും മരങ്ങളിൽ നിന്ന് പുറപ്പെടുന്ന തണലുപോലും സമാധാന ഹേതുവാകട്ടെ. ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ഐക്യവും നിത്യവിജ്ഞാനത്തിൽ പരിപൂർണ്ണതയും ഉണ്ടാകട്ടെ. പ്രപഞ്ചത്തിലെ എല്ലാം സമാധാനമായിരിക്കട്ടെ. എല്ലായിടത്തും എല്ലായിടത്തും സമാധാനം വ്യാപിക്കട്ടെ. ആ സമാധാനം എന്റെ ഹൃദയത്തിൽ അനുഭവിക്കട്ടെ എന്നാണ് യജുർവേദം (36.17)
സമാധാനത്തെ പരിചയപ്പെടുത്തുന്നതെങ്കിൽ ആത്മാവിന്റെ ഫലങ്ങളായാണ് ബൈബിൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നൻമ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയെ പരിചയപ്പെടുത്തുന്നത്. (ഗലാത്തി 5: 22,23).
ശാലോം : സമാധാനം, ഐക്യം, സമ്പൂർണ്ണത, സമൃദ്ധി, ക്ഷേമം, എന്നീ അർത്ഥങ്ങളുള്ള ഹീബ്രു പദമാണിത്. രണ്ട് പ്രബല മത സമൂഹങ്ങളുടെ അടിസ്ഥാന പരമായ അഭിവാദ്യ രീതി. അറബിയിൽ അതിന് സലാം എന്ന് പറയും. ഈ അഭിവാദന രീതി തിരിച്ചു പിടിച്ചാൽ ജൂത / ക്രൈസ്തവ /ഇസ്ലാമിക സമൂഹങ്ങളിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ സമാധാനം വ്യാപിപ്പിക്കുന്നതിലേക്ക് നയിക്കും. ഒരു വ്യക്തിയ്ക്കെതിരായ എല്ലാത്തരം ആക്രമണങ്ങളെയും നിരോധിക്കുകയും പ്രശ്നം തുടങ്ങുന്നവനെ കുറ്റവാളിയായി കാണുകയും ചെയ്യുന്ന നിയമ വ്യവസ്ഥിതി പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇസ്ലാമിക നിയമം സമാധാനത്തിന്റെ ആശയം കൂടുതൽ ഗ്രാഹ്യവും ലളിതവുമാക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ആത്മാവിനെ സമാധാനത്തിൽ നിലനിർത്തുകയും നിയമത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തുകയുമാണ് ചെയ്യുന്നത്. സമഗ്രമായ നിയമനിർമ്മാണത്തിലൂടെ മനുഷ്യാത്മാവിനെ ധാർമ്മികമോ ഭൗതികമോ ആയ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് പടച്ചവൻ നിശ്ചയിച്ചിരിക്കുന്ന പരിമിതികൾ ഉറപ്പുനൽകുന്നു. മനുഷ്യരക്തത്തിന്റെ ലംഘനത്തെയും അതിനുള്ള പ്രതികാരത്തിന്റെ ആവശ്യകതയെയും സ്ഥിരീകരിക്കുന്ന പ്രതികാര / ഖിസാസ് നടപടികളും മുസ്ലിംകൾക്കിടയിൽ ജീവിക്കുന്ന ദിമ്മികളുടെ വിധികളും അവരുടെ അവകാശങ്ങളിലും മുസ്ലിം -അമുസ്ലിം പരിഗണനയേതുമില്ലാതെ സമാധാനപരമായി ജീവിക്കുന്നതും അവരുടെ പണം, അഭിമാനം എന്നിവ സംരക്ഷിക്കുന്നതും അവരുടെ ജീവൻ സംരക്ഷിക്കുന്നതും ഉൾപ്പെടുന്നു.
ലോകത്തിലെ ജനങ്ങൾക്കിടയിൽ സമാധാനം ആവശ്യപ്പെടുന്ന എല്ലാ അന്താരാഷ്ട്ര ഉടമ്പടികൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും മാതൃകയാണ് ഇസ്ലാമിന്റെ സമാധാന പാഠങ്ങൾ എന്നു നാം സൂചിപ്പിച്ചു . മുസ്ലീങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ അടിത്തറയും മറ്റുള്ളവരുമായുള്ള ഉടമ്പടികളുടെ സംരക്ഷണവും സംബന്ധിച്ച് പ്രവാചകൻ മദീനയിൽ തന്റെ സമാധാന രാഷ്ട്രം സ്ഥാപിച്ചു കാണിച്ചു തന്നു . ചരിത്രത്തിലെ ഏറ്റവും വലിയ സന്ധിയായ മദീനാ പാക്റ്റ് നാം രണ്ടാമത് പഠിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ ഘടകങ്ങളും അതിന്റെ അവകാശങ്ങളും കടമകളും അറിയുന്ന വിധത്തിൽ പരസ്പര സഹകരത്തിന്റേയും ഉൾകൊള്ളലിന്റേയും വിതാനത്തിലേക്ക് വളർന്നത് മദീനയുടെ ചരിത്രത്തിൽ നമുക്ക് വായിക്കാനാവും.
എല്ലാവരും സുരക്ഷിതത്വത്തിലും സമാധാനത്തിലും ജീവിക്കുന്ന സാഹചര്യം നിലവിൽ വരുന്ന ,സമാധാനത്തിലും യുദ്ധത്തിലും ധാർമ്മികതയുള്ള സാമൂഹിക ക്രമം ഇസ്ലാം നിർബന്ധമാക്കുന്നു. യുദ്ധത്തിൽ പോലും വൃദ്ധരേയും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയോ വീടുകൾ തകർക്കുകയോ പുരോഹിതരെ ഭയപ്പെടുത്തുകയോ മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യുന്നത് അനുവദനീയമല്ല എന്ന അധ്യാപനം അതിനുദാഹരണമാണ്. അഥവാ അടിയന്തരാവസ്ഥയിലും ഭീതിയല്ല, പ്രത്യുത ശാന്തതയാണ് സമാജങ്ങളെ സജീവമാക്കേണ്ടതെന്നാണ് പ്രസ്തുത സമാധാന പാഠങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇന്നത്തെ ലോകത്തിന് നല്കേണ്ട സന്ദേശവും അത് തന്നെ.
ഈ സമാധാനമാണ് നാം എപ്പോഴും തേടിക്കൊണ്ടിരിക്കുന്നതും.
اللَّهُمَّ أنت السلام ومنك السلام وإليك يعود السلام فحينا ربنا بالسلام وأدخلنا الجنة دار السلام تباركت ربنا وتعاليت يا ذا الجلال والإكرام (അല്ലാഹുവേ, നീ സമാധാനമാണ്, നിന്നിൽ നിന്നാണ് സമാധാനം. സമാധാനം നിന്നിലേക്ക് തന്നെ മടങ്ങുന്നു, അതിനാൽ നാഥാ, നമ്മെ സമാധാനത്തോടെ ജീവിപ്പിക്കണമേ . നമ്മെ സമാധാനത്തിന്റെ വാസസ്ഥലമായ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യേണമേ; അത്യുന്നതനും പ്രതാപവാനുമായ നാഥാ ) ( തുടരും)