റമദാന്‍ നോമ്പ് ആരംഭിച്ചതോടെ മുസ്ഹഫിന്റെ താളുകള്‍ വീണ്ടും നിവര്‍ത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു എതിരാളിയെ പോലെ അതിനെ അകറ്റി നിര്‍ത്തിയിരുന്നവരും അതിന്റെ താളുകളില്‍ പറ്റിപ്പിടിച്ച പൊടിപടലങ്ങള്‍ തട്ടി പാരായണം ചെയ്യുന്നു. പലരും റമദാന്‍ പൂര്‍ത്തിയാവുന്നതോടെ ഒരു തവണയും അതിലേറെയുമെല്ലാം പാരായണം ചെയ്തു തീര്‍ക്കുന്നു. നല്ല കാര്യം തന്നെയാണിത് എന്നതില്‍ സംശയമില്ല. ഒരു അടിമ തന്റെ നാഥന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്ന സദസ്സിന്റെ പവിത്രത ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് സാധിക്കുക.
എന്നാല്‍ കേവലം പാരായണം കൊണ്ട് ഖുര്‍ആനോടുള്ള തന്റെ ബാധ്യത പൂര്‍ത്തിയായി എന്നൊരാള്‍ മനസ്സിലാക്കുന്നുവെങ്കില്‍ ആ ചിന്ത ആശാസ്യമല്ല. അതുകൊണ്ട് നാഥനിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയുമെന്ന് കരുതുന്നതും ശരിയല്ല. ഖുര്‍ആന്‍ പാരായണത്തിന്റെയും മനപാഠമാക്കുന്നതിന്റെയും ശ്രേഷ്ഠത വിവരിക്കുന്ന നിരവധി പ്രവാചക വചനങ്ങള്‍ ഉണ്ടെന്നത് ശരിതന്നെ. എന്നാല്‍ ഖുര്‍ആനോടുള്ള മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്ന് അതൊരിക്കലും നമ്മെ തടയുന്നില്ല. കേവല പാരായണം കൊണ്ടു തന്നെ പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്. ഈ പാരായണം നമസ്‌കാരത്തിനോ നോമ്പിനോ പകരമാവുന്നില്ലെന്ന് എല്ലാവരും അംഗീകരിക്കും. അതുകൊണ്ട് തന്നെ പാരായണത്തോടൊപ്പം തന്നെ അവര്‍ നമസ്‌കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ നോമ്പിനും നമസ്‌കാരത്തിനുമപ്പുറം മറ്റു ബാധ്യതകളൊന്നും നമുക്ക് ഇല്ലേ?
ആരാണ് ഖുര്‍ആന്റെ ആളുകള്‍?
കര്‍മം കൊണ്ട് പിന്തുടരാത്ത പാരായണത്തെ സംബന്ധിച്ചുള്ള ഒരു പ്രവാചക വചനം നമ്മില്‍ ഞെട്ടലുണ്ടാക്കേണ്ടതാണ്. നുവാസ് ബിന്‍ സംആനില്‍ നിന്നും നിവേദനം, അദ്ദേഹം പറയുന്നു: നബി(സ) പറഞ്ഞതായി ഞാന്‍ കേട്ടു: ”അന്ത്യദിനത്തില്‍ ഖുര്‍ആനും അതനുസരിച്ച് പ്രവര്‍ത്തിച്ച അതിന്റെ ആളുകളും കൊണ്ടുവരപ്പെടും. സൂറത്തുല്‍ ബഖറയും ആലുഇംറാനും കൊണ്ടുവരപ്പെടും. രണ്ട് മേഘങ്ങളെ പോലെ, അല്ലെങ്കില്‍ നടുവില്‍ പ്രകാശം ചൊരിയുന്ന കറുത്ത രണ്ട് മേലാപ്പുകള്‍ പോലെ, അല്ലെങ്കില്‍ നിരനിരയായിട്ടുള്ള രണ്ട് പക്ഷിക്കൂട്ടങ്ങളെ പോലെയായിരിക്കുമത്. അവ രണ്ടും അവയുടെ ആളിന് വേണ്ടി വാദിച്ചു കൊണ്ടിരിക്കും.” (മുസ്‌ലിം)
കേവലം പാരായണത്തില്‍ മതിയാക്കുന്നവരല്ല, അതിനൊപ്പം കര്‍മം കൊണ്ട് അതിനെ പിന്തുടരുക കൂടി ചെയ്യുന്നവരാണ് ഖുര്‍ആന്റെ ആളുകള്‍ എന്നാണ് ഈ ഹദീസ് പറയുന്നത്. അവര്‍ക്കാണ് പരലോകത്ത് ഈ അനുഗ്രഹം ലഭിക്കുക. ഇമാം ബഗവി അതിനെ കുറിച്ച് പറയുന്നു: ”ഖുര്‍ആന്‍ അനുസരിച്ച് കര്‍മം ചെയ്യുന്നില്ലെങ്കില്‍ കേവല പാരായണം ഒരു വ്യക്തിയെ ഖുര്‍ആന്റെ ആളാക്കി മാറ്റുകയില്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.”
മുഹമ്മദ് ഥനാഉല്ലാ മള്ഹരി പറയുന്നു: ”ഖുര്‍ആന്‍ ഓതുകയും അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന ആള്‍ക്ക് – അതായത് അതിന്റെ ഹലാല്‍ ഹറാം നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും അതിന്റെ മഹത്വവും പവിത്രതയും വകവെച്ച് കൊടുക്കാതിരിക്കുകയും ചെയ്യുന്ന – അന്ത്യദിനത്തില്‍ ശിപാര്‍ശകനായി ഖുര്‍ആന്‍ ഉണ്ടാവില്ല. അതിന്റെ പാരായണത്തിന് ഒരോഹരിയും അവനുണ്ടാവുകയില്ല.”
മുല്ലാ അലി അല്‍ഖാരിഅ് പറയുന്നു: ഖുര്‍ആന്‍ ഓതുകയും എന്നിട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തവര്‍ ഖുര്‍ആന്റെ ആളുകളല്ലെന്നും ഖുര്‍ആന്‍ അവര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യില്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. മറിച്ച് ഖുര്‍ആന്‍ അവര്‍ക്കെതിരെ സാക്ഷി പറയും.