ആരാധനകള്‍ക്കിരട്ടി പ്രതിഫലം ലഭിക്കുന്ന, പ്രാര്‍ഥനകള്‍ക്ക് ഏറെ ഫലം ലഭിക്കുന്ന റമദാനിന്റെ പുണ്യരാവുകള്‍ നമുക്ക് മുമ്പിലേക്ക് തുറക്കുകയാണ്. വിശ്വാസികള്‍ കാത്തിരിക്കുകയാണ്; റമദാനിന്റെ ആ പുണ്യരാവുകള്‍. ചുറ്റുമുള്ള എല്ലാ പൈശാചികതയെയും അതിജീവിച്ച് പാരത്രിക നേട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍.
ആത്മീയതയെ നിരാകരിച്ചുകൊണ്ടുള്ള ഭൗതികതക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല. ഭൗതികനേട്ടങ്ങളെ നിരാകരിക്കുന്ന ആത്മീയതയും ഇസ്‌ലാമിന് അന്യമാണ്. വെറും ചടങ്ങുകളില്‍ ഒതുങ്ങുന്നതല്ല ഇസ്‌ലാമിലെ ആരാധനകള്‍. നോമ്പ്, നമസ്‌കാരം പോലുള്ള എല്ലാ ആരാധനകളും ബാഹ്യമായി മാത്രമല്ല മാനസികമായി കൂടി തയ്യാറെടുക്കേണ്ട ആരാധനകളാണ്.
വൃത്തി ഈമാനിന്റെ പകുതിയെന്നാണ് ഇസ്‌ലാമികാധ്യാപനം. അതുകൊണ്ടുതന്നെ പുണ്യറമദാനെ വരവേല്‍ക്കാനൊരുങ്ങുന്ന വിശ്വാസി അവന്റെ മനമെന്നപോലെ അവനോടു ബന്ധമുള്ളതെന്തും വൃത്തിയും വെടിപ്പുള്ളതാക്കി റമദാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങും. പള്ളികള്‍ പെയിന്റടിച്ചും നമസ്‌ക്കാരപ്പായകള്‍ കഴുകിയും അവര്‍ കാത്തിരിക്കുകയാണ്. നോമ്പു തുറപ്പിക്കാനുള്ള ഓഫറുകള്‍ പള്ളികളില്‍ എത്തിക്കഴിഞ്ഞു. റമദാന്‍ വരവിന്റെ ചലനങ്ങള്‍ മാര്‍ക്കറ്റിലും കാണാം. മുന്തിയ തരം കാരക്കയും ഈത്തപ്പഴവും കൊണ്ട് വിപണികള്‍ സജീവമാണ്.
എല്ലാവരെക്കാള്‍ മുന്നേ റമദാനിനെ വരവേല്‍ക്കാനൊരുങ്ങുന്നവരാണ് വീട്ടിലെ നായികമാരായ സ്ത്രീ സമൂഹം. റജബ് തൊട്ട് ശഅ്ബാന്‍ അവസാനം വരെ അവര്‍ ഒരുങ്ങിക്കൊണ്ടേയിരിക്കുകയാണ്. വീടും പരിസരവും അടിച്ചുവാരിയും മാറാലനീക്കിയും പൊടിതട്ടിയും വീടുകള്‍ വൃത്തിയാക്കി. അരിപൊടിച്ചു വറുത്തും മുളകും മല്ലിയും നിറച്ച പാത്രങ്ങളാലും സമ്പന്നമാണ് അടുക്കള. കാലിയായ പാത്രങ്ങളൊക്കെ നിറക്കുന്നതുപോലെ തന്നെ ചോദിച്ചുവരുന്നവര്‍ക്ക് ‘സകാത്ത’് നല്‍കാനായി ഭണ്ഡാരങ്ങളില്‍ ചില്ലറയും നിറച്ചുകൊണ്ടിരിക്കുകയാണ്. പാചകവും ഒരു കലയാണ്. നോമ്പിനു മുന്നേ നോമ്പ് തുറപ്പിക്കാനുള്ള വിഭവങ്ങളുണ്ടാക്കി പഠിക്കാന്‍. നോമ്പ് തുറപ്പിക്കേണ്ട ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണക്കെടുക്കാനുമുള്ള തയ്യാറെടുപ്പിലാണവര്‍. വര്‍ഷത്തില്‍ മറ്റൊരു മാസത്തിനും ദിവസത്തിനുമില്ലാത്തത്ര കാത്തിരിപ്പിന്റെ പരിശുദ്ധമായ സമാപ്തിയാണിതൊക്കെ. അത് വളരെ നല്ലതും സ്വാഗതാര്‍ഹവുമാണ്. നോമ്പിന്റ നല്ലൊരു കാത്തിരിപ്പ് തന്നെയാണത്.
എന്നാല്‍ വളരെ വലിയൊരു ‘പക്ഷേ’യുണ്ടിവിടെ. പ്രാര്‍ഥനാനിരതമായ ഈ രാവുകള്‍ക്കായി കാത്തിരിക്കുന്ന വിശ്വാസി ബാഹ്യമായ ചടങ്ങുകള്‍ കൊണ്ട് മാത്രം നോമ്പിനെ സമ്പന്നമാക്കിയാല്‍ മതിയോ എന്ന വലിയൊരു ചോദ്യം നമുക്ക് മുന്നിലുണ്ട്. സ്ത്രീ സമൂഹത്തിന്റെ ആരാധനകളും കര്‍മ്മങ്ങളും എത്രമാത്രം ആത്മനിഷ്ഠയോടും ആത്മാര്‍ഥതയോടും കൂടി നിര്‍വ്വഹിക്കാന്‍ കഴിയുന്നുണ്ട് എന്ന് പരിശോധിക്കപ്പെടണം. നമ്മുടെ മുന്നിലെ സാമൂഹ്യ രാഷ്ട്രീയ കുടുംബ സംവിധാനത്തിനകത്ത് എത്രകണ്ട് സ്ത്രീകള്‍ക്കത് സാധ്യമാകുന്നുണ്ട് എന്ന ചോദ്യം ബാക്കിയാവുകയാണ്. ഇത്തരം വ്യവസ്ഥിതികളില്‍ ഏറെ മാനസിക അടിമത്തം പേറേണ്ടി വരുന്നവരാണ് സ്ത്രീകള്‍.
അല്ലാഹുവിന്റെ പള്ളിയെ പ്രവാചകന്‍ (സ) സ്ത്രീക്കു മുന്നില്‍ കൊട്ടിയടച്ചിട്ടില്ല. പക്ഷേ പള്ളികളില്‍ തിങ്ങിനിറയുന്ന ആബാല വൃദ്ധം ജനങ്ങളില്‍ തുലോം വിരളമാണ് സ്ത്രീ സാന്നിധ്യം. ജുമുഅ നമസ്‌കാരങ്ങളും മറ്റ് ജമാഅത്ത് നമസ്‌കാരങ്ങളും ഇഅ്തികാഫും സ്വതന്ത്രമായി നിര്‍വ്വഹിക്കാന്‍, പ്രാര്‍ഥനാ നിര്‍ഭരമായ രാപ്പകലുകളില്‍ മനസ്സറിഞ്ഞ് പ്രാര്‍ഥനയിലാണ്ടുകിടക്കാന്‍ സ്ത്രീ സമൂഹത്തിന് വല്ലാതെയൊന്നും കഴിയാറില്ല. അതിനു കാരണം കുടുംബത്തിന്റെ ‘ഭാരമാണ്’. എല്ലാവരും ഭരണാധികാരികളാണ്. സ്ത്രീ വീട്ടിലെ ഭരണാധികാരിയാണ് അവളാ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടും’. തന്റെ അധീനതയിലുള്ളവരുടെ ശിക്ഷണ ധാര്‍മിക സദാചാര നിയമങ്ങള്‍ പഠിപ്പിച്ച് പാരത്രിക മോക്ഷത്തിന് അര്‍ഹരാകുന്ന വിധത്തില്‍ മാറ്റിയെടുത്തില്ലെങ്കില്‍ നാളെ അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടും എന്നായിരുന്നു പ്രവാചകാധ്യാപനം. എന്നാല്‍, തരാതരം ഭക്ഷണമുണ്ടാക്കി നാലുനേരം മക്കളെയും ഭര്‍ത്താവിനെയും ഊട്ടലും അതിനായി അടുക്കളയില്‍ ചുറ്റിത്തിരിഞ്ഞും അതിനനുബന്ധ ജോലികള്‍ ചെയ്തും കാലം കഴിക്കലാണെന്ന ധാരണ ഏതൊക്കെയോ സാഹചര്യങ്ങളില്‍ കുടുംബത്തിനകത്ത് രൂഢമൂലമാണ്. അതുകൊണ്ടുതന്നെ നോമ്പുകാലവും പെണ്ണുങ്ങളെ സംബന്ധിച്ചിടത്തോളം അടുക്കളക്കാര്യം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. മക്കളെയും ഭര്‍ത്താവിനെയും ഉപ്പയെയും ആങ്ങളയെയും പള്ളിയില്‍ പറഞ്ഞയച്ച് നോമ്പുതുറ വിഭവമുണ്ടാക്കാനായി അടുക്കളയിലേക്കാണവളുടെ ഓട്ടം. നാടു നീളെ നടക്കുന്ന ഖുര്‍ആന്‍ പഠനക്ലാസ്സില്‍ പോയാലും വേവലാതിഅടുക്കളക്കാര്യമോര്‍ത്ത് തന്നെ. നോമ്പുതുറയും അത്താഴവും മുത്താഴവും സുഭിക്ഷതയോടെ ഉണ്ടാക്കല്‍ പെണ്ണിനുമാത്രമായി. അടുക്കളവാതിലെപ്പോഴും തുറന്നുവെക്കുമ്പോഴാണ് പള്ളികള്‍ അവള്‍ക്കുമുമ്പില്‍ അടഞ്ഞുപോകുന്നത്. പള്ളികളിലെ ആരാധനയില്‍ നിന്നും പള്ളികളിലെ സമൂഹ നോമ്പുതുറയില്‍ നിന്നും പെണ്ണിനിടമില്ലാതായിപ്പോകുന്നു. ഭര്‍തൃവീട്ടിലെ രാജ്ഞിയായ പെണ്ണ് പത്തിരി ചുടാത്തതിന്റെ പേരിലല്ല നാളെ അല്ലാഹുവിന്റെ മുമ്പില്‍ ചോദ്യം ചെയ്യപ്പെടുകയന്നും അവളെ പള്ളിയിലേക്കയക്കാതെ പത്തിരി പരത്തിപ്പിച്ചതിനാണെന്നും ഇനിയെങ്കിലും വീട്ടിലെ ആണുങ്ങള്‍ മനസ്സിലാക്കണം.
അതുപോലെ സ്ത്രീ സമൂഹത്തിനു മുന്നിലും നോമ്പു വരുമ്പോള്‍ ചില ചിന്തകള്‍ ഉണ്ടാകണം. ആരാധനകളും ആത്മീയ ചിന്തകളും വഴിപാടായി മാറുന്ന തരത്തിലുള്ള വിപണിയുടെ ഇടപെടലുകളും തന്ത്രങ്ങളും നമുക്കുമുന്നിലുണ്ട്. പരിശുദ്ധ നാളുകളിലെ ഏറ്റവും പരിശുദ്ധമെന്ന് പറഞ്ഞ നാളുകള്‍ പലപ്പോഴും ഇത്തരക്കാരുടെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവസ്ഥയുണ്ടാകാം. നോമ്പിന് പരിസമാപ്തികുറിച്ച് കടന്നുവരുന്ന ഈദിനെ വരവേല്‍ക്കാനായി ഒരുങ്ങുന്നതിനായി അങ്ങാടികളില്‍ ചുറ്റിത്തിരിഞ്ഞ് സമയം പാഴാക്കുന്നതില്‍ നാം സ്ത്രീകള്‍ വളരെ മുന്നില്‍ തന്നെയാണ്. പരസ്യത്തില്‍ കണ്ടതുപോലെയുള്ള പുതിയ മെറ്റീരിയല്‍സ് വാങ്ങാനും വാങ്ങിയത് പിന്നെ മാറ്റാനും നാം അങ്ങാടികളില്‍ വലിയ തോതില്‍ കറങ്ങിത്തിരിക്കാറുണ്ട്. ആരും പറഞ്ഞയച്ചില്ലെങ്കിലും പാചക കല പഠിപ്പിച്ചുകൊണ്ടേയിരിക്കുന്ന ചാനലുകള്‍ക്കുമുമ്പില്‍ പുതിയൊരു ഐറ്റം പരീക്ഷിച്ച് പഠിക്കാന്‍ പേനയെടുത്ത് നോമ്പുകാലത്തും നാം പലരും ഓടാറുണ്ട്.
സമുദായത്തിന്റെ പ്രതിനിധി എന്നനിലയില്‍ ഭാരിച്ച ഉത്തരവാദിത്തം സ്ത്രീ സമൂഹത്തിനുണ്ട്. പ്രത്യേകമായ രാഷ്ട്രീയ സാമൂഹ്യ കാലാവസ്ഥയിലൂടെയാണ് നാം ഈ വര്‍ഷം നോമ്പനുഷ്ഠിക്കുന്നത്. നമുക്കുചുറ്റിലും ദൈവത്തിന്റെ ഏകത്വത്തെ നിഷേധിക്കുന്ന ബാഹ്യ ഘടകങ്ങള്‍ ഏറിവരികയാണ്. വിദ്യാഭ്യാസ പാഠ്യപദ്ധതിയിലൂടെയും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയും ബഹുദൈവത്വ ആശയങ്ങളെ പോഷിപ്പിക്കുന്ന തരത്തിലുള്ള നയങ്ങള്‍ ചുറ്റിലും ബോധപൂര്‍വം വളര്‍ത്തിയെടുക്കപ്പെടുന്നുണ്ട്. വല്ലാതെ വിപണി താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നവര്‍ ഇതിന്റെ കൂടി സംരക്ഷകരാണ്. ഈ തിരിച്ചറിവോടുകൂടിയാണ് നാം നോമ്പിനെ വരവേല്‍ക്കേണ്ടത്. നമ്മുടെ മടിത്തട്ടില്‍ വളരുന്ന തലമുറയെ ദൈവത്തിന്റെ ഏകത്വത്തിലേക്ക് നയിക്കുന്ന തരത്തില്‍ കുടുംബ ചുറ്റുപാടുകളെ മാറ്റിയെടുക്കാന്‍ നേരത്തെ പറഞ്ഞ പാചക പരീക്ഷണമൊക്കെ മാറ്റി പണിയെടുക്കണം. കാരുണ്യമാണ് റമദാനിന്റെ സവിശേഷത. ചുറ്റുമുള്ള ദൈന്യതയും നിസ്സഹായതയും പട്ടിണിയും രോഗവും കാണാതെ നോമ്പിന്റെ സത്ത നമുക്കുള്‍ക്കൊള്ളാനാവില്ല. സകാത്തും സദഖയും ഇവരിലേക്കെത്തിക്കാന്‍ നാം ശ്രമിക്കണം. മക്കളെ അതു പഠിപ്പിക്കണം. ജാതി-മത ഭേദമന്യേ കനിവിന്റെയും സ്‌നേഹത്തിന്റെയും നന്മ വിതറാന്‍ മക്കളെ പഠിപ്പിക്കാന്‍ എളുപ്പം മാതാക്കള്‍ക്ക് സാധിക്കും. തൗഹീദില്‍ അടിയുറച്ച മൂല്യവത്തായ ഒരു തലമുറയുടെ പിറവിക്കുവേണ്ടി അത്യധ്വാനം ചെയ്യുന്ന ദിനങ്ങളായി നോമ്പിന്റെ രാവുകളെ നമുക്ക് മാറ്റിയെടുക്കാനാവട്ടെ.