പ്രവാചകന്‍ മുഹമ്മദ്(സ) പറയുകയുണ്ടായി, ‘മികച്ച ധാര്‍മിക അധ്യാപനങ്ങളേക്കാള്‍ വലിയ സമ്മാനമൊന്നും ഒരു പിതാവും തന്റെ മക്കള്‍ക്ക് നല്‍കിയിട്ടില്ല.’ (തിര്‍മിദി)
വ്രതം, പ്രാര്‍ത്ഥനകള്‍, ധാര്‍മിക മൂല്യങ്ങള്‍, ദാനധര്‍മ്മം, ഖുര്‍ആന്‍, കുടുംബം, ഈദ് അങ്ങനെ തുടങ്ങി റമദാനിന്റെ ഒരുപാട് വശങ്ങള്‍, കുട്ടികളെ നല്ലശീലങ്ങള്‍ പരിശീലിപ്പിക്കാനുള്ള അതിമഹത്തായ അവസരം നമുക്ക് മുന്നില്‍ തുറന്നിടുന്നുണ്ട്. നിങ്ങളുടെ തന്നെ കുട്ടികളോ അല്ലെങ്കില്‍ നിങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളോ ആരുമായിക്കൊള്ളട്ടെ, വിദ്യാഭ്യാസം അഥവാ പരിശീലനം എന്നു പറയുന്നത് ലളിതമായ ഒരു പ്രക്രിയയല്ല. അതിന് ഒരുപാട് പരിശ്രമവും, ഊര്‍ജ്ജവും, കുറച്ച് നുറുങ്ങ് വിദ്യകളും അനിവാര്യമാണ്.
ഈ റമദാനില്‍ നമ്മുടെ കുട്ടികളുടെ മനസ്സിനെ പരിവര്‍ത്തിപ്പിക്കാനുള്ള ചില പരിശീലന വിദ്യകളും, നുറുങ്ങുകളുമാണ് ഇവിടെ വിവരിക്കുന്നത്:
1. അവരുടെ കൈകളില്‍ ചെളി പുരളാന്‍ അനുവദിക്കുക.
‘വിജ്ഞാനമല്ല, മറിച്ച് പ്രവര്‍ത്തനമാണ് വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം.’
ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍
കുട്ടികള്‍ ‘പ്രവര്‍ത്തനത്തിലൂടെ’ പഠിക്കട്ടെ. ഒരു ശരാശരി കണക്കെടുത്താല്‍, പ്രവര്‍ത്തനത്തിലൂടെ പഠിക്കുന്ന ഒരു കാര്യത്തിന്റെ 75 ശതമാനം മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുമ്പോള്‍, പ്രഭാഷണത്തിലൂടെ കേട്ട് പഠിക്കുന്നതിന്റെ 5 ശതമാനവും, വായിച്ച് പഠിക്കുന്നതിന്റെ 10 ശതമാനവുമാണ് കുട്ടികള്‍ക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നത്. (ബ്രണ്‍മര്‍, ജെറോം, ‘ദി പ്രോസസ്സ് ഓഫ് ലേണിംഗ്’)
ഉദാഹരണമായി, സകാത്തിനെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ നിങ്ങല്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, നിങ്ങളുടെ സകാത്ത് കണക്ക് കൂട്ടുന്നതിലും, ആര്‍ക്കൊക്കെ കൊടുക്കണമെന്ന് തീരുമാനിക്കുന്നതിലും, പണം അയക്കുന്നതിലുമൊക്കെ അവരെയും ഒപ്പം കൂട്ടുക. കുട്ടികള്‍ ഒരു കാര്യം പഠിക്കുന്ന സമയത്ത് തന്നെ അതിന്റെ പ്രയോഗവല്‍ക്കരണവും നടക്കണം.
പ്രവാചകന്‍(സ) നമസ്‌ക്കരിക്കാനായി പോകുമ്പോഴെല്ലാം ഫാത്തിമ(റ)യെയും കൂടെ കൊണ്ടുപോകുമായിരുന്നു. പിന്നീട്, മദീനയില്‍ വെച്ച്, നമസ്‌കാരമെന്തെന്ന് അറിയാത്ത പ്രായത്തില്‍ തന്നെ ഹസനെയും(റ), ഹുസൈനെയും(റ) പ്രവാചകന്‍ പള്ളിയിലേക്ക് കൊണ്ടുപോയിരുന്നു.
ഒരു കാര്യം കേവലം വായിച്ചറിയുന്നതിനേക്കാള്‍ അത് അനുഭവിച്ചറിയുമ്പോഴാണ് അക്കാര്യം കുട്ടികളെ സംബന്ധിച്ചിടത്തോളം യാഥാര്‍ഥ്യവും, പ്രാധാന്യമുള്ളതുമായി തീരുക. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അക്കാര്യം എങ്ങനെ ചെയ്യാമെന്ന് അവര്‍ ഓര്‍ക്കുന്നുണ്ടാകും. ‘കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഞാന്‍ സകാത്ത് കണക്ക് കൂട്ടിയിരുന്നു’ എന്ന വര്‍ത്തമാനം ഒരുപക്ഷെ നിങ്ങള്‍ അവരില്‍ നിന്നും കേള്‍ക്കാന്‍ ഇടവന്നേക്കും.
2. അവരുടെ വൈകാരിക പങ്കാളിത്തം ഉറപ്പുവരുത്തുക
ഒരു കാര്യത്തില്‍ വളരെ വൈകാരികമായി കുട്ടികള്‍ മുഴുകുമ്പോള്‍, അവര്‍ അതില്‍ നിന്നും എളുപ്പം വിട്ടുപോരില്ല. വീഡിയോ ഗെയ്മുകളും, ടി.വി ഷോകളും കുട്ടികളുടെ വൈകാരിക തലത്തെയാണ് ലക്ഷ്യം വെക്കുന്നത്. രക്ഷിതാക്കളും പരിശീലകരും എന്ന നിലയില്‍, നമുക്കും അതേ വിദ്യ തന്നെ പ്രയോഗിക്കാം.
കഥകള്‍, പാട്ടുകള്‍, അഭിനയം, കരകൗശല നിര്‍മാണം, കളികള്‍ തുടങ്ങിയവ കുട്ടികളുടെ മനോവികാരത്തെ പിടിച്ചെടുക്കും. ഒരിക്കല്‍ കുട്ടിയില്‍ താല്‍പര്യം ജനിക്കുകയും, അതിനോട് വൈകാരിക അടുപ്പമുണ്ടാവുകയും ചെയ്താല്‍, അത് അവസാനിക്കുന്നത് വരേക്കും, നിങ്ങള്‍ എന്ത് സന്ദേശമാണോ നല്‍കാന്‍ ഉദ്ദേശിച്ചത് അത് ലഭിക്കുന്നത് വരേക്കും അവന്‍/ അവള്‍ അതില്‍ മാത്രം ശ്രദ്ധിച്ച് തന്നെ ഇരിക്കാനാണ് കൂടുതല്‍ സാധ്യത. നമ്മെ സംബന്ധിച്ചിടത്തോളം വൈകാരികമായി വളരെ പ്രാധാന്യമുള്ള സംഭവങ്ങള്‍ നാം ഓര്‍ത്തിരിക്കുന്നത് പോലെ തന്നെ, ‘തമാശ നിറഞ്ഞതും’, ‘അത്ഭുതപെടുത്തുന്നതും’, ‘വ്യത്യസ്തവുമായ’ പ്രവര്‍ത്തനങ്ങളിലൂടെ പഠിക്കുന്ന കാര്യങ്ങള്‍ കുട്ടികളും ഓര്‍ത്ത് വെക്കും.
പരിശീലനത്തില്‍ അല്‍പ്പം വിനോദം കലര്‍ത്തുന്നതില്‍ ഭയപ്പെടേണ്ടതില്ല – സംതൃപ്തിദായകമായ ഒന്നും തന്നെ നഷ്ടപ്പെടുത്തേണ്ടതില്ല. പെരുന്നാളിനെ കുറിച്ചൊരു ഗാനമെഴുതുക, ഒരു റമദാന്‍ നിശാക്യാമ്പ് സംഘടിപ്പിക്കുക, അല്ലെങ്കില്‍ മദീനയിലെ റമദാനിനെ കുറിച്ചൊരു കഥ വായിച്ച് കേള്‍പ്പിക്കുക, അവര്‍ അത് ആസ്വദിച്ചാല്‍, തീര്‍ച്ചയായും കൂട്ടികള്‍ നിങ്ങളെ തേടിവരിക തന്നെ ചെയ്യും!
3. ഉദ്ദേശം വ്യക്തമാക്കുക
നാം എപ്പോഴും വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ പരാതിപ്പെടുന്നത് കേള്‍ക്കാറുണ്ട്, ‘ഞങ്ങളെന്തിനാണ് ഇത് ചെയ്യുന്നത്?’ അല്ലെങ്കില്‍ ‘ഈ ഗണിത അഭ്യാസം ഒരു കാര്യവുമില്ലാത്തതാണ്’ എന്നിങ്ങനെ. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ‘പറയുന്നത് അങ്ങോട്ട് കേട്ടാല്‍ മതി’, ‘നിങ്ങളത് നിര്‍ബന്ധമായും ചെയ്യണം’, ‘പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് പുതിയ ടാബ് വാങ്ങിത്തരും’ എന്നിങ്ങനെയുള്ള മറുപടികളാണ് നാം എപ്പോഴും കേള്‍ക്കാറുള്ളത്.
നമ്മെ പോലെ തന്നെ, ഒരു കാര്യം ചെയ്യുന്നതിന്റെ ഉദ്ദേശലക്ഷ്യമോ, പ്രാധാന്യമോ കുട്ടികള്‍ക്ക് മനസ്സിലായിട്ടില്ലെങ്കില്‍, അത് പൂര്‍ത്തികരിക്കാന്‍ യാതൊരു ആവേശവും അവര്‍ കാണിക്കില്ല. നമസ്‌കാരത്തെ കുറിച്ചും നോമ്പിനെ കുറിച്ചും കുട്ടികളില്‍ നിന്നും അത്തരം പ്രതികരണങ്ങള്‍ വരുന്നത് ഒഴിവാക്കാന്‍, അവയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ അവര്‍ക്ക് മനസ്സിലായിട്ടുണ്ടെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരു പാഠം തുടങ്ങുന്നതിന് മുമ്പ്, അത് എന്തിനെ കുറിച്ചുമാകട്ടെ, എന്തിനാണ് ആ പാഠം പഠിക്കുന്നതെന്നും, അതുകൊണ്ട് എന്തൊക്കെ ഉപകാരങ്ങളാണ് ലഭിക്കാന്‍ പോകുന്നതെന്നും അവര്‍ക്ക് വിശദീകരിച്ചു കൊടുക്കുക.
നമ്മെ സന്തോഷിപ്പിക്കാനല്ല, മറിച്ച് അല്ലാഹുവിനെ പ്രീതിപ്പെടുത്താനാണ് ആരാധനകള്‍ നിര്‍വഹിക്കുന്നതെന്ന് കുട്ടികളെ ഓര്‍മപ്പെടുത്തുക. എന്തിനാണ് നാം അല്ലാഹുവിനെ പ്രീതിപ്പെടുത്തുന്നതെന്ന് അവര്‍ക്ക് വിശദീകരിച്ച് കൊടുക്കുക. നമ്മെ സന്തോഷിപ്പിക്കാനാണ് കുട്ടികള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നതെങ്കില്‍, നമ്മുടെ അസാന്നിധ്യത്തില്‍, നമസ്‌കരിക്കാനുള്ള അവരുടെ ആവേശവും പ്രചോദനവും അപ്രത്യക്ഷമാവും.
എന്തെങ്കിലും സമ്മാനങ്ങളോ, ഭൗതിക നേട്ടങ്ങളോ പ്രതീക്ഷിച്ചിട്ടാണ് കുട്ടികള്‍ നോമ്പ് നോല്‍ക്കുകയും, ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുകയും ചെയ്യുന്നതെങ്കില്‍, അല്ലാഹുവിനോടുള്ള ഒരു സ്‌നേഹബന്ധമോ, ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള ഒരു സ്വയം പ്രേരണയോ അവരില്‍ ചിലപ്പോള്‍ വളര്‍ന്നുവരില്ല. അവര്‍ ആ സമ്മാനങ്ങളായിരിക്കും വിലമതിക്കുക. സമ്മാനങ്ങള്‍ ഇല്ലാതാകുന്നതിന്റെ കൂടെ പ്രവര്‍ത്തനങ്ങളും ഇല്ലാതായേക്കാം.
4. വലിയ ആശയങ്ങളെ ഹൈലൈറ്റ് ചെയ്യുക
‘സ്‌കൂളില്‍ നിന്നും പഠിച്ചതെല്ലാം പൂര്‍ണ്ണമായും മറന്നതിന് ശേഷം ബാക്കിയാവുന്നതാണ് വിദ്യാഭ്യാസം’ – ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
12-ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ എത്ര സമവാക്യങ്ങളും സൂത്രവാക്യങ്ങളും നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടെന്ന് സ്വയം ചോദിച്ച് നോക്കുക. ചിലപ്പോള്‍ അഞ്ച്, അല്ലെങ്കില്‍ രണ്ട്, ചിലപ്പോള്‍ ഒന്നുമുണ്ടാകില്ല. സത്യംപറഞ്ഞാല്‍, നമ്മളില്‍ ഭൂരിഭാഗവും പഠിച്ച കാര്യങ്ങളില്‍ വളരെ കുറച്ച് മാത്രമേ മനസ്സില്‍ സൂക്ഷിക്കുന്നുള്ളു.
സകാത്ത്, വുദൂഅ്, നമസ്‌ക്കാരം തുടങ്ങിയ കാര്യങ്ങളുടെ എല്ലാ കര്‍മ്മശാസ്ത്ര വിധികളും കുട്ടികള്‍ ഒരിക്കലും മനസ്സില്‍ സൂക്ഷിക്കില്ല? അവര്‍ക്ക് അതിന്റെ ആവശ്യവുമില്ല.എല്ലായ്‌പ്പോഴും ഓര്‍ക്കണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അവര്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തുക. സുപ്രധാന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഏത് പോലെ; അല്ലാഹു നമ്മെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ഉത്തമബോധ്യം, ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമാണ് നമുക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത്, ആത്മശുദ്ധി കൈവരിക്കാനുള്ള ഒരു മാര്‍ഗമാണ് പ്രാര്‍ത്ഥന തുടങ്ങിയ കാര്യങ്ങള്‍. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഈ ആശയങ്ങള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കുക. ഈ തത്വങ്ങള്‍ കുട്ടികള്‍ തങ്ങളുടെ മനസ്സില്‍ ഉറപ്പിക്കുന്ന സമയത്ത് തന്നെ ബാക്കിയുള്ള കാര്യങ്ങള്‍ സ്വയം പഠിക്കുന്നത് എങ്ങനെയെന്ന് കൂടി അവര്‍ക്ക് പറഞ്ഞ് കൊടുക്കുക.
‘എങ്ങനെ പഠിക്കണമെന്ന്’ പഠിക്കുവാന്‍ കുട്ടികളെ സഹായിക്കുക. തങ്ങള്‍ക്ക് ആവശ്യമുള്ള ഫിഖ്ഹുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എവിടെ നിന്നാണ് ലഭിക്കുക, ഒരു വിഷയത്തെ കുറിച്ച് എങ്ങനെയാണ് ഗവേഷണം നടത്തുക, വിവരങ്ങള്‍ക്ക് വേണ്ടി ആരെയൊക്കെ സമീപിക്കാം തുടങ്ങിയ കാര്യങ്ങള്‍ അവരെ പഠിപ്പിക്കുക. അടിസ്ഥാന കാര്യങ്ങളില്‍ അവര്‍ അവഗാഹം നേടുകയാണെങ്കില്‍ അവര്‍ ഒന്നുകൂടി നന്നായി തയ്യാറാകും. ഓരോ വിധികളും കാണാതെ പഠിക്കുക എന്നത് നിങ്ങളുടെയും അവരുടെയും സമയം വെറുതെ പാഴായി പോകുന്നതിന് മാത്രമാണ് വഴിവെക്കുക.
5. അവര്‍ നയിക്കട്ടെ
മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് ഉത്തരവാദിത്തങ്ങള്‍ ഗൗരവത്തിലെടുക്കുക. ചില സുപ്രധാന ദൗത്യങ്ങള്‍ പ്രവാചകന്‍(സ)യുവാക്കളായ അലി, അനസ്, ഉസാമ ബിന്‍ സൈദ് തുടങ്ങിയവരെ ഏല്‍പ്പിക്കാറുണ്ടായിരുന്നു. അവരേക്കാള്‍ മുതിര്‍ന്നവരും, പരിചയസമ്പന്നരുമായ സഹാബികള്‍ ഉള്ളപ്പോള്‍ തന്നെ, പ്രവാചകന്‍ യുവാക്കളെ നേതൃത്വം ഏല്‍പ്പിച്ചിരുന്നു.
സുപ്രധാന കാര്യങ്ങളുടെ നേതൃത്വം കുട്ടികള്‍ക്ക് നല്‍കിയതിന് ശേഷം മാറി നില്‍ക്കുക. അത്താഴത്തിന് സഹോദരങ്ങളെ വിളിച്ചുണര്‍ത്താന്‍ ഒരു കുട്ടിയെ ചുമതപ്പെടുത്തുക. മാറുന്ന നോമ്പ്തുറ സമയത്തിന് അനുസരിച്ച് സമയം ക്രമീകരിക്കാന്‍ ഒരാളെ ഏല്‍പ്പിക്കുക. കുടുംബാംഗങ്ങള്‍ക്ക് പെരുന്നാള്‍ സമ്മാനങ്ങള്‍ വാങ്ങാനും, ബഡ്ജറ്റ് കാണാനും, പ്ലാന്‍ ചെയ്യാനും കുട്ടികളെ അനുവദിക്കുക. ഇഷ്ടമുള്ള ചുമതല ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുക.
കുട്ടികളെ പിഴവുകള്‍ വരുത്താന്‍ അനുവദിക്കുക. അങ്ങനെ എന്താണ് ശരിക്കും ചെയ്യേണ്ടതെന്ന് അവര്‍ തിരിച്ചറിയട്ടെ. നിര്‍ദ്ദേശങ്ങളേക്കാള്‍, അനുഭവങ്ങളാണ് എല്ലായ്‌പ്പോഴും ഒരുപാട് പാഠങ്ങള്‍ പകര്‍ന്ന് നല്‍കുക. ഒരിക്കല്‍ കുടയെടുക്കാന്‍ മറന്നാല്‍, പിന്നീട് നിങ്ങള്‍ ഓര്‍മപ്പെടുത്തുന്നതിന് മുമ്പ് തന്നെ അവന്‍/അവള്‍ കുടയെടുത്തിരിക്കും.
സ്വന്തം പഠനത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്ത ബോധം ഉണ്ടായിരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ‘പല്ല് തേച്ചാല്‍ നോമ്പ് മുറിയുമോ?’ എന്ന് കുട്ടി ചോദിച്ചാല്‍ ‘മുറിയും’ അല്ലെങ്കില്‍ ‘മുറിയില്ല’ എന്ന ലളിതമായ ഉത്തരത്തില്‍ ഒതുക്കാം. പക്ഷെ അതൊരിക്കലും മതിയായ ഒരു ഉത്തരമല്ല. അതിന് പകരം ‘അതിന്റെ ഉത്തരം എവിടെ നിന്നാണ് ലഭിക്കുക? ഒന്ന് അന്വേഷിച്ച് നോക്ക്.’ എന്ന് സൗമ്യമായി കുട്ടിയോട് പറയുക.
എന്തൊക്കെ കാര്യങ്ങളാണ് നോമ്പ് മുറിയുന്നതിന് ഇടവരുത്തുക, എന്തൊക്കെ കാര്യങ്ങള്‍ നോമ്പ് മുറിയുന്നതിന് ഇടവരുത്തില്ല എന്ന ഒരു പ്രൊജക്ട് കുട്ടികള്‍ക്ക് നല്‍കി കൊണ്ട് റമദാന്‍ ആരംഭിക്കുക. അതു സംബന്ധമായ വിവരങ്ങള്‍ അവര്‍ സ്വയം കണ്ടെത്തുകയാണെങ്കില്‍ അവര്‍ അത് ഓര്‍ത്ത് വെക്കും. കൂടാതെ അടുത്ത വര്‍ഷം ഇങ്ങനെയൊരു ചോദ്യം മുന്നില്‍ വന്നാല്‍ ഉത്തരം എവിടെയുണ്ടാകുമെന്ന് അവര്‍ക്കൊരു ധാരണയും ഉണ്ടായിരിക്കും.
‘എങ്ങനെ പഠിക്കാമെന്നും, മാറാമെന്നും പഠിച്ചവനാണ് യഥാര്‍ത്ഥ വിദ്യാസമ്പന്നന്‍’ – കാള്‍ റോജേഴ്‌സ്
6. ആശ്ചര്യപ്പെടുക
‘Education is not the filling of a pail, but the lighting of a fire.’ – W. B. Yeast
നിങ്ങളുടെ ആശ്ചര്യപ്രകടനം കുട്ടികള്‍ പെട്ടെന്ന് പിടിച്ചെടുക്കും. നിങ്ങള്‍ പഠിപ്പിക്കുന്ന വിഷയത്തോട് ചില കുട്ടികള്‍ ഭയങ്കര ആവേശവും, ഉത്സാഹവും കാണിക്കും. പ്രാര്‍ത്ഥനാ സമയങ്ങളെ സന്തോഷത്തോടെ വരവേല്‍ക്കുക. പെരുന്നാള്‍ ദിനത്തിന് കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാത്തത് പോലെ വീടുകള്‍ ഇപ്പോള്‍ ഒരുക്കുക.
ഇത് ഒരു ഉദാഹരണത്തിലൂടെ പ്രവാചകന്‍(സ)പഠിപ്പിക്കുന്നുണ്ട്. തിരുമേനിയുടെ സ്വഭാവവും, പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തെ ആളുകളുടെ സ്‌നേഹഭാജനമാക്കി മാറ്റിയത്. കുട്ടികള്‍ എങ്ങനെ ആയി തീരണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അവ്വിധം അവരോട് പെരുമാറുക. സ്വയം മാതൃക കാണിക്കുക.
7. പഠനത്തില്‍ സ്‌നേഹവും ചാലിക്കുക
അബൂഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്നു, ഒരിക്കല്‍ പ്രവാചകന്‍(സ) കുട്ടിയായ ഹസനെ ചുംബിക്കുന്നത് അല്‍അഖ്‌റഅ് ബിന്‍ ഹാബിസ് കാണാന്‍ ഇടയായി. അയാള്‍ നബിയോട് പറഞ്ഞു: ‘എനിക്ക് പത്ത് കുട്ടികളുണ്ട്, പക്ഷെ ഒരിക്കല്‍ പോലും ഞാന്‍ അവരിലൊരാളെ പോലും ചുംബിച്ചിട്ടില്ല. അപ്പോള്‍ അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞു: കരുണ കാണിക്കാത്തവന്‍ കരുണ കാണിക്കപ്പെടുകയില്ല. (മുസ്‌ലിം)
അവരുടെ പഠനമികവ് എന്തായിരുന്നാലും ശരി, നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കുക. തന്റേതായ കഴിവിനനുസരിച്ച് ഓരോ കുട്ടിയേയും മുന്നേറാന്‍ അനുവദിക്കുക. ‘നിന്റെ കസിന്‍ ആമിനയെ നോക്ക്, അവള്‍ 15-ാമത്തെ ജുസ്അ് പൂര്‍ത്തിയാക്കി കഴിഞ്ഞു’ എന്ന് പറയുന്നത് നിങ്ങളുടെ കുട്ടിയുടെ ആത്മവിശ്വാസം കെടുത്തുന്നതിനും, സ്വയം വിലകുറച്ച് കാണുന്നതിനും, അവന്‍/അവള്‍ ഇതുവരെ പൂര്‍ത്തീകരിച്ചതിനെ വിലകുറച്ച് കാണുന്നതിനുമാണ് വഴിവെക്കുക.
അമിത മത്സരവും, മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും പതുക്കെ കാര്യങ്ങള്‍ മനസ്സിലാക്കുന്ന കുട്ടികളെ കൂടുതല്‍ തളര്‍ത്തുന്നതിന് വഴിവെക്കും. കുട്ടികള്‍ സ്വന്തം പുരോഗതിയെ സ്വയം തന്നെ വിലയിരുത്തട്ടെ. മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുന്നതിന് പകരം അവരുടെ തന്നെ മുന്‍കാല പ്രകടനവുമായി നിലവിലെ അവസ്ഥ താരതമ്യം ചെയ്യുക.
നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു റമദാനായി ഈ റമദാന്‍ മാസത്തെ മാറ്റിത്തീര്‍ക്കുക.
വിവ: ഇര്‍ഷാദ് കാളാച്ചാല്‍