നോമ്പിന് പിന്നിലെ രഹസ്യങ്ങളും അതിലെ യുക്തിയും അറ്റമില്ലാതെ തുടരുന്നതാണ്. അതിന്റെ മുഴുവന്‍ ഫലങ്ങളും നേട്ടങ്ങളും എണ്ണിത്തിട്ടപ്പെടുത്തല്‍ ഏറെ ശ്രമകരമാണ്. അതിന്റെ സാമൂഹികവും ആരോഗ്യപരവുമായ നേട്ടങ്ങള്‍ വെളിപ്പെടുത്തുന്നതിലാണ് ചിലര്‍ വ്യാപൃതരായത്. അതേസമയം മറ്റു ചിലര്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും അതുണ്ടാക്കുന്ന സ്വാധീനങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ അതിന്റെ ഏറ്റവും വലിയ ഫലത്തെ സംബന്ധിച്ച് അവര്‍ അശ്രദ്ധരായി. അന്ത്യദിനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതില്‍ നോമ്പിനുള്ള പങ്കാണത്. പരലോക വിശ്വാസം ഉണ്ടാക്കുന്നതിലും ഹൃദയത്തെ ശാശ്വത ലോകത്തോടും ബന്ധിക്കുന്നതിലും അതിനനുസരിച്ച് അല്ലാഹുവോടുള്ള സമീപനം ചിട്ടപ്പെടുത്തുന്നതിലും നോമ്പിനുള്ള പങ്കിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കാന്‍ ആഗ്രഹിക്കുന്നത്.
പ്രമുഖ ചിന്തകന്‍ സയ്യിദ് ഖുതുബിന്റെ വാക്കുകള്‍ കൊണ്ട് നമുക്കാരംഭിക്കാം. ”ഭൂമിയില്‍ ദൈവിക വ്യവസ്ഥ കൊണ്ടുവരുന്നതിനും മനുഷ്യര്‍ക്ക് മേല്‍ അത് നടപ്പാക്കുന്നതിനും ദൈവമാര്‍ഗത്തിലുള്ള സമരം നിര്‍ബന്ധമാക്കപ്പെട്ട ഒരു സമൂഹത്തിന് മേല്‍ നോമ്പ് നിര്‍ബന്ധമാക്കിയത് സ്വാഭാവികമാണ്. അല്ലാഹുവിന്റെ തൃപ്തിയും അവന്റെ പക്കലുള്ള വിഭവങ്ങള്‍ക്കും മുന്‍ഗണന കല്‍പിച്ച് മുഴുവന്‍ ശാരീരികാവശ്യങ്ങള്‍ക്കും മേല്‍ അധീശത്വത്തിനുള്ള അവസരമാണ് നോമ്പ്.”
നോമ്പിന്റെ ശാരീരിക ഫലങ്ങള്‍ പലതും ഇക്കാലത്തിനിടക്ക് പലപ്പോഴും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിര്‍ബന്ധ കര്‍മങ്ങളെ -പ്രത്യേകിച്ചും ആരാധനാ കര്‍മങ്ങള്‍- കണ്ണുകള്‍ക്ക് മുമ്പില്‍ പ്രകടമായ അവയുടെ ഫലങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല. അവക്ക് പിന്നിലുള്ള അടിസ്ഥാനപരമായ യുക്തിമനുഷ്യനെ ഭൂമിയിലെ അവന്റെ ഉത്തരവാദിത്വ നിര്‍വഹണത്തിന് സജ്ജനാക്കലും പരലോക ജീവിതത്തിലൂടെ അവന് കണക്കാക്കപ്പെട്ടിരിക്കുന്ന പൂര്‍ണതക്ക് ഒരുക്കിയെടുക്കലുമാണ്.
നോമ്പിന്റെ ലക്ഷ്യം തഖ്‌വയാണെന്നത് സുവ്യക്തമാണ്. അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം.” (അല്‍ബഖറ: 183) കല്‍പനകളിലും വിലക്കുകളിലും വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും അല്ലാഹുവിനെ അനുസരിച്ച് പ്രവര്‍ത്തിക്കലാണ് തഖ്‌വ. അപ്പോള്‍ അവനോട് കല്‍പിക്കപ്പെട്ടത് അതിലുള്ള വിശ്വാസത്തോടെയും അവന്റെ വാഗ്ദാനം വിശ്വസിച്ചും ചെയ്യുന്നു. വിലക്കപ്പെട്ടത് അത് വിലക്കപ്പെട്ടതാണെന്ന വിശ്വാസത്തോടെയും അവന്റെ താക്കീതിനെ കുറിച്ച ഭയത്താലും വെടിയുകയും ചെയ്യുന്നു.
അന്ത്യദിനത്തിലുള്ള വിശ്വാസവും അല്ലാഹുവിന്റെ വാഗ്ദാനങ്ങളെയും താക്കീതുകളെയും സംബന്ധിച്ച ദൃഢബോധ്യവും ഇല്ലാതെ തഖ്‌വയുണ്ടാക്കിയെടുക്കാനാവില്ല. അത് കല്‍പനകളാണെങ്കിലും വിലക്കുകളാണെങ്കിലും. പ്രതീക്ഷയുടെയും ഭയത്തിന്റെയും വാതിലാണവന്‍ തുറക്കുന്നത്. അവ രണ്ടുമില്ലെങ്കില്‍ ഹൃദയം എല്ലാ അര്‍ത്ഥത്തിലും നശിച്ചത് തന്നെ.
തഖ്‌വയെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് താബിഇകളില്‍ പ്രമുഖനായ ത്വല്‍ഖ് ബിന്‍ ഹബീബ് പറഞ്ഞു: ”അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അവനില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് ദൈവാനുസരണയോടെ പ്രവര്‍ത്തിക്കലും അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് തെറ്റുകള്‍ വെടിയലുമാണത്.” അബൂഹുറൈറയില്‍ നിന്നുള്ള ഒരു റിപോര്‍ട്ടില്‍ നബി(സ) ഇങ്ങനെ പറഞ്ഞതായി കാണാം: ”നോമ്പ് പരിചയാണ്.” സഈദ് ബിന്‍ മന്‍സൂറില്‍ നിന്നുള്ള റിപോര്‍ട്ടില്‍ ‘നരകത്തെ തടുക്കുന്ന പരിച’ എന്നും അഹ്മദില്‍ നിന്നുള്ള റിപോര്‍ട്ടില്‍ ‘പരിചയും നരകത്തില്‍ നിന്ന് സംരക്ഷിക്കുന്ന കോട്ടയുമാണ്.’ എന്നും കാണാം.
ഇബ്‌നുല്‍ അറബി പറയുന്നു: ‘തീര്‍ച്ചയായും നോമ്പ് നരകത്തെ തടുക്കുന്ന പരിചയാണ്. കാരണം വികാരങ്ങളെ നിയന്ത്രിക്കലാണത്, നരകമോ വികാരങ്ങളാല്‍ വലയം ചെയ്യപ്പെട്ടതും.’ ചുരുക്കത്തില്‍ നോമ്പ് ഈ ലോകത്ത് മനുഷ്യന്റെ തടഞ്ഞുവെച്ചാല്‍ പരലോകത്ത് നരകത്തില്‍ നിന്നും അവനുള്ള മറയായിരിക്കുമത്.’
ശാശ്വതമായ ജീവിതത്തിന് വേണ്ടിയുള്ള മനസ്സിന്റെ സന്തോഷവും ഐശ്വര്യവും സംസ്‌കരവും സാക്ഷാല്‍കരിക്കലാണ് നോമ്പിന്റെ ലക്ഷ്യമെന്നാണ് ഇബ്‌നുല്‍ ഖയ്യിം വിവരിക്കുന്നത്. അദ്ദേഹം പറയുന്നു: ‘നോമ്പുകൊണ്ട് ലക്ഷ്യം വെക്കുന്നത് മോഹങ്ങളുടെ കാര്യത്തില്‍ മനസ്സിനെ നിയന്ത്രിക്കലും ശീലങ്ങളോട് വിടപറയലുമാണ്. അവയിലുള്ള പരമമായ ആനന്ദവും ഐശ്വര്യവും തേടുന്നതിനുള്ള തയ്യാറെടുപ്പും അതുകൊണ്ടുള്ള സംസ്‌കരണത്തെ അംഗീകരിക്കലുമാണത്. അതിലാണ് ശാശ്വത ജീവിതം. നോമ്പ് സൂക്ഷ്മാലുക്കളുടെ കടിഞ്ഞാണും പോരാളികളുടെ പരിചയവും പുണ്യവാന്‍മാരുടെയും ദൈവസാമീപ്യം സിദ്ധിച്ചവരുടെയും പരിശീലനവുമാണ്. കര്‍മങ്ങള്‍ക്കിടയില്‍ അല്ലാഹുവിന്നുള്ളതാണത്. നോമ്പുകാരന്‍ തന്റെ യജമാനന് വേണ്ടിയല്ലാതെ ഒന്നും ചെയ്യുന്നില്ല. വികാരങ്ങളും അന്നപാനീയങ്ങളും അവന്‍ ഉപേക്ഷിക്കുന്നത് അവന് വേണ്ടിയാണ്. അല്ലാഹുവിന്റെ സ്‌നേഹത്തിനും പ്രീതിക്കും മുന്‍ഗണന നല്‍കി അവന്‍ തനിക്ക് പ്രിയപ്പെട്ട കാര്യങ്ങളെയും ആസ്വാദനങ്ങളെയും ഉപേക്ഷിക്കുന്നു.
ചുരുക്കത്തില്‍, നോമ്പിന്റെയും നമസ്‌കാരത്തിന്റെയും മറ്റ് ആരാധനാ കര്‍മങ്ങളുടെയും ഐഹികമായ നേട്ടങ്ങളെയും ഫലങ്ങളെയും കുറിച്ച സംസാരം ഏറ്റെടുത്ത ഒരു വിഭാഗം പ്രബോധകരുണ്ട്. നോമ്പ് സ്വഭാവ സംസ്‌കരണത്തിനാണെന്നും നമസ്‌കാരം ഐഹികമായ വ്യഥകളില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിനാണെന്നും അവര്‍ പറയുന്നു. ചിലര്‍ നമസ്‌കാരത്തിന്റെ ഫലത്തെ അതിന്റെ ശാരീരിക വശത്തില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ദിക്‌റുകളെ ഐഹിക നേട്ടങ്ങള്‍ക്കും ശരീരത്തിന്റെ സംരക്ഷണത്തിനുമുള്ള ഒന്നാക്കി അവര്‍ മാറ്റി.
ഇസ്‌ലാമിന്റെ നിയമങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും ഐഹികവും പാരത്രികവുമായ നേട്ടങ്ങളുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഐഹികമായ നേട്ടങ്ങളുടെ പരിധിയില്‍ അവയെ തളച്ചിടുന്നിടത്താണ് പ്രശ്‌നം. അല്ലാഹുമായുള്ള ബന്ധവും അവന്റെ പ്രതിഫലത്തെയും സ്വര്‍ഗത്തെയും സംബന്ധിച്ച പ്രതീക്ഷയും ദുര്‍ബലമാവുകയും ചെയ്യുന്നു.