അല്‍ഹംദുലില്ലാഹ്… എങ്ങിനെയാണ് അല്ലാഹുവിന് നന്ദി പറയുക എന്നറിയില്ല. ഇന്നലെ നോമ്പ് തുറന്നത് മരുഭൂമിയില്‍ ഒട്ടകങ്ങളെ പരിപാലിക്കുന്ന ഒരുപറ്റം ആളുകളോടോപ്പമായിരിന്നു. 65 ഓളം ആളുകള്‍. അവരുടെ ദയനീയ മുഖങ്ങള്‍. ഇപ്പോഴും മനസ്സിനെ വല്ലാതെ കുത്തി നോവിക്കുന്നു. മരുഭൂമിയിലെ പൊരിവെയിലത്ത് എയര്‍കണ്ടീഷനില്ലാതെ, എന്തിന് തല ചായ്ക്കാന്‍ ഒരു കൂര പോലുമില്ലാതെ, തുണികള്‍ വലിച്ചുകെട്ടി അതിനടിയില്‍ കുടുംബത്തിനുവേണ്ടി ഉരുകിത്തീരുന്ന ജീവിതങ്ങള്‍. ചൂട് കൂടുമ്പോള്‍ ഒട്ടകത്തിന് കൊടുക്കാന്‍ വേണ്ടി വെള്ളം നിറച്ചു വെച്ചിട്ടുള്ള പാത്തികളില്‍ കിടക്കുന്നവര്‍. മണല്‍ക്കാറ്റടിച്ചാല്‍ അതില്‍നിന്ന് പോലും രക്ഷ നേടാന്‍കഴിയാത്ത ദയനീയ ജന്മങ്ങള്‍. എന്നാല്‍ നമ്മളോ.. ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ?
ജനനവും മരണവും അതിനിടയിലെ അനവധി അനുഭവങ്ങളും ആഘോഷമാക്കി മാറ്റുന്നതാണ് ഇന്നിന്റെ നമ്മുടെ ശൈലി. ആഘോഷങ്ങളുടെ ആരവങ്ങള്‍ മുഖമുദ്രയാക്കിയിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ ലാളിത്യമെന്ന പുണ്യം പാടേ നാം മറന്നിരിക്കുന്നു. ഭക്ഷണവും വസ്ത്രവും അലങ്കാരവും ആഭരണവുമൊക്കെയായി ധാരാളിത്തത്തിന്റെ കോലം കെട്ടിയാടുകയാണു സമൂഹം. മിതത്വവും ലാളിത്യവും ദൈവികാംശം നിറഞ്ഞു നില്‍ക്കുന്ന പുണ്യങ്ങളാണെന്ന തിരിച്ചറിവിലേക്കു തിരികെ നടക്കുവാന്‍ നോമ്പുകാലം നമ്മോട് ആഹ്വാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ നോമ്പനുഷ്ഠാനത്തിന്റെ ഇടുങ്ങിയ വഴികള്‍ക്കിന്നു പ്രസക്തിയേറുന്നു.
അല്‍ഹംദുലില്ലാഹ്… ഞങ്ങള്‍ എത്ര അനുഗ്രഹീതര്‍… നിനക്കാണ് സര്‍വ സ്തുതിയും തമ്പുരാനേ…
സഹ്ല്‍(റ) നിവേദനം: നബി(സ) അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല.
നിത്യവും 24 മണിക്കൂറും തുറന്ന് വെച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് യഥേഷ്ടം വാങ്ങി തിന്നുകയും കുടിക്കുകയും ചെയ്യുന്നവരാണ് നാം. വിശപ്പില്ലെങ്കിലും നാം ഭക്ഷണം കഴിക്കും; കുടുംബ സംഗമങ്ങളിലും കൂട്ടുകാരോടൊത്തുള്ള ബോഫെകളിലും ബാര്‍ബിക്യൂ പാര്‍ട്ടികളിലും വിളമ്പുന്ന രുചികരമായ വിഭവങ്ങളെ വിശപ്പില്ലെങ്കിലും നാം രുചിച്ച് നോക്കാതിരിക്കില്ല. ഉച്ചക്ക് ശേഷം ചോക്ലേറ്റോ ഒരു കഷ്ണം കേക്കോ തിന്നാന്‍കൊതി തോന്നിയാല്‍ അടുത്ത കടയിലേക്ക് പോയി നാമത് വാങ്ങി ഭക്ഷിക്കുന്നു.
ടി.വി കണ്ടുകൊണ്ടിരിക്കുന്നതിനിടയിലും, കമ്പ്യൂട്ടര്‍തുറന്ന് വെച്ച് അതിലെ വൈവിധ്യങ്ങളായ വിഭവങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴും, അരികിലുള്ള പാത്രം കാലിയാകാറുണ്ട്. ശരീരത്തിന് ശക്തിയും ഊര്‍ജവും പകരുന്ന ഭക്ഷണം, എങ്ങനെയായിരിക്കണമെന്ന പാഠം പ്രവാചകന്‍പഠിപ്പിച്ചിട്ടുണ്ട്: ”തന്റെ വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. നടുനിവര്‍ത്താന്‍ ഏതൊരു ആദം സന്തതിക്കും ഏതാനും കവിള്‍ നിറയെ മതിയാകും. അത്യാവശ്യമായാല്‍ വയറിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് കുടിക്കാനും, മൂന്നിലൊന്ന് ശ്വസിക്കാനുമാകട്ടെ.” ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു മനുഷ്യര്‍. അഥവാ ഭക്ഷണത്തിന്റെ ധര്‍മം എന്താണെന്ന് അവര്‍പാടേ മറന്നുപോയിരിക്കുന്നു.
ആഗ്രഹിക്കുമ്പോള്‍ ഭക്ഷിക്കാനും കുടിക്കാനും കഴിയാതിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും ഭൗതികലോകത്ത് നമുക്ക് സാധ്യമല്ല. നമുക്ക് നല്‍കപ്പെട്ടത് പോലെ ലോകത്തുള്ളവര്‍ക്കെല്ലാം നല്‍കപ്പെട്ടിട്ടില്ല. നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന ഭക്ഷണം അല്ലാഹുവിന്റെ സമ്മാനമാണെന്നോര്‍ക്കാനും നാം മറന്നുപോയിരിക്കുന്നു. എന്നാല്‍, റമദാന്‍ ഈ ഒരു അവസരം കൂടി നമുക്ക് നല്‍കുന്നു. ഭക്ഷണവും വെള്ളവുമില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യരുടെ ദൈനംദിന ജീവിതം നോമ്പിലൂടെ നമ്മളും അറിയുന്നു.
കൈയിലുള്ളത് നഷ്ടപ്പെടുന്നതുവരെ താനനുഭവിക്കുന്നതിനെ വിലമതിക്കാത്തവരാണ് മനുഷ്യന്‍. ഓരോ റമദാനിലും നാം വായിലേക്ക് വെക്കുന്ന ശകലം ഭക്ഷണവും, മൊത്തിക്കുടിക്കുന്ന ഓരോ ഇറക്ക് വെള്ളവും നാം അനുഭവിക്കുന്ന എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളെ വിലമതിക്കാന്‍ അല്ലാഹു നമ്മെ പഠിപ്പിക്കുന്നു.
ഓരോ ദിനവും നിരന്തരം ലഭിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ദൈവാനുഗ്രഹങ്ങളെ ഓര്‍മപ്പെടുത്തുകയാണ് റമദാന്‍. നാം മരിച്ചാല്‍ കുടുംബം എന്താകും അല്ലെങ്കില്‍ മക്കള്‍ എന്താകും എന്ന് നാം വേവലാതിപ്പെടാറുണ്ട്, അതിനുവേണ്ടി പരമാവധി ഒരുക്കങ്ങളും നടത്താറുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ കോടതിയിലേക്ക് നാം മരിച്ചു ചെല്ലുമ്പോ നമ്മുടെ കാര്യം എന്താകും എന്ന ചിന്തയുണ്ടാകാന്‍, അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഈ റമദാനിലെ ബാക്കിയുള്ള ദിനങ്ങളിലെങ്കിലും നാം ഓരോരുത്തരും കഠിനമായി പരിശ്രമിക്കുക.