വിശുദ്ധ റമദാനിലൂടെ നന്മയുടെയും അനുഗ്രഹത്തിന്റെയും മന്ദമാരുതന്‍ ഓരോ വര്‍ഷവും നമ്മെ തഴുകുന്നു. തഖ്‌വയുണ്ടാക്കലാണ് ഈ മാസത്തിന്റെ ലക്ഷ്യമെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് (അല്‍ബഖറ: 183). അഥവാ ഈ മാസം അവസാനിക്കുമ്പോള്‍ ലഭിക്കേണ്ട ഫലമാണ് തഖ്‌വ അഥവാ സൂക്ഷ്മതാ ബോധം. ഒരു വര്‍ഷത്തേക്കുള്ള പാഥേയം കണ്ടെത്താനുള്ള മാസമാണ് റമദാന്‍ എന്നാണ് മഹാന്‍മാര്‍ പറഞ്ഞിട്ടുള്ളത്. നിശ്ചയദാര്‍ഢ്യത്തോടെയും ഉന്മേഷത്തോടെയും ആരാധനകളിലും അനുസരണത്തിലും തുടരാന്‍ ഒരു മുസ്‌ലിമില്‍ വിശ്വാസ ചൈതന്യം നിറക്കുകയാണത്.
വിനാശങ്ങളുടെയും കുഴപ്പങ്ങളുടെയും കാലത്താണ് നാം ജീവിക്കുന്നത്. മുസ്‌ലിംകളെയും അത് പിടികൂടിയിട്ടുണ്ട്. സ്രഷ്ടാവിനോടുള്ള വഴിപ്പെടലിന്റെ കാര്യത്തില്‍ വരെ അത് സ്വാധീനം ചെലുത്തുന്നു. പിശാചുക്കളെ ചങ്ങലക്കിട്ടിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ മനുഷ്യരിലെ പിശാചുക്കള്‍ക്ക് തീവ്രതയും കരുത്തും വര്‍ധിക്കുന്ന കാലമാണ് റമദാന്‍. കളിവിനോദങ്ങളില്‍ അഭിരമിക്കുന്നവരുടെ വിളനിലം പോലെയായി റമദാന്‍ മാറുന്നു. ഓരോരുത്തരും അതില്‍ തങ്ങളുടേതായ രീതിയിലും ശൈലിയും സ്വീകരിക്കുന്നു. എന്നാല്‍ അതെല്ലാം ലക്ഷ്യം വെക്കുന്നത് ഉത്തമസമുദായത്തിന്റെ ഏറ്റവും ശേഷ്ഠനിധികളെ പാഴാക്കലാണ്. എന്തൊക്കെയാണ് ഈ കുഴപ്പങ്ങളുടെ അടയാളങ്ങള്‍? ഒരു മുസ്‌ലിമെന്ന നിലയില്‍ എങ്ങനെ ജാഗ്രതയോടെ അതിനെ കൈകാര്യം ചെയ്യാനും മറികടക്കാനും സാധിക്കും?
നിഷ്ഫലമായ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവിടലാണ് അതിന്റെ പ്രധാന അടയാളം. പല മാര്‍ഗങ്ങളിലൂടെയും റമദാനിലെ സമയം കവര്‍ന്നെടുക്കാനാണ് അവരുദ്ദേശിക്കുന്നത്. അതില്‍ ഒന്നാണ് ടെലിവിഷന്‍. നമ്മെ പോലും അത്ഭുതപ്പെടുത്തും വിധമാണ് നമ്മുടെ സമയമത് കവര്‍ന്നെടുക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനും അല്ലാഹുവിനെ സ്മരിക്കുന്നതിനും വിനിയോഗിക്കേണ്ട വിലപ്പെട്ട സമയമാണ് അതിലൂടെ പാഴാക്കപ്പെടുന്നത്.
സമയം കവരുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് നമ്മുടെ പക്കലുള്ള മൊബൈല്‍ ഉപകരണങ്ങള്‍. പ്രത്യേകിച്ചും അതിലെ സോഷ്യല്‍ മീഡിയ സൗകര്യങ്ങള്‍. അവ നമ്മുടെ റമദാനിനെ അതിന്റെ യഥാര്‍ഥ്യ ഉദ്ദേശ്യലക്ഷ്യത്തില്‍ നിന്ന് തെറ്റിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. മണിക്കൂറുകള്‍ അതില്‍ ചെലവഴിക്കുമ്പോള്‍ പലപ്പോഴും നാം പോലും അറിയാതെ ഏഷണിയിലേക്കും പരദൂഷണത്തിലേക്കും നമ്മെയത് എത്തിക്കുന്നു.
സാമൂഹിക പരിപാടികളുടെ ആധിക്യമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സാമൂഹിക ബന്ധങ്ങളും സംഗമങ്ങളും വളരെ നല്ലതാണ്. എന്നാല്‍ പലരുടെയും റമദാന്‍ നോമ്പുതുറകള്‍ പോലുള്ള പരിപാടികള്‍ ഒരുക്കുന്നതിലും അതില്‍ പങ്കെടുക്കുന്നതിലും മാത്രമായി പരിമിതപ്പെടുന്നു എന്നതാണ് പ്രശ്‌നം. അങ്ങാടികളില്‍ ചെലവഴിക്കപ്പെടുന്ന സമയമാണ് മറ്റൊന്ന്. റമദാന്റെ തുടക്കത്തില്‍ റമദാനിലേക്ക് ആവശ്യമായ വസ്തുക്കല്‍ ഒരുക്കുന്നതിനായി അങ്ങാടിയില്‍ ചെലവഴിക്കപ്പെടുമ്പോള്‍ അവസാന നാളുകള്‍ പെരുന്നാളിനുള്ള ഒരുക്കത്തിനും നീക്കിവെക്കപ്പെടുന്നതാണ് പൊതുവെ കാണുന്നത്.
പ്രശ്‌നങ്ങളെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. ഇതിനെല്ലാമുള്ള പരിഹാരം താങ്കളുടെ അടുക്കല്‍ തന്നെയാണുള്ളത്. കാരണം താങ്കളെയാണ് അവയെല്ലാം ബുദ്ധിപരമായും ആത്മീയമായും ശാരീരികമായും ലക്ഷ്യം വെക്കുന്നത്. യുക്തിയോടെയും അവതാനതയോടെയുമുള്ള ഇടപെടല്‍ കൊണ്ട് താങ്കള്‍ക്ക് അതിനെ മറികടക്കാനും സാധിക്കും. അതിന് ഒന്നാമതായി വേണ്ടത് റമദാനെ കുറിച്ച കാഴ്ച്ചപ്പാട് മാറ്റുകയെന്നതാണ്. റമദാന്‍ അടിമകള്‍ക്ക് തങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുന്നതിനും അനുസരിക്കുന്നതിനുമുള്ള മാസമാണ്. സൂക്ഷ്മതാബോധം വളര്‍ത്തലും നരകമോചനം സാക്ഷാല്‍കരിക്കലുമാണ് റമദാന്റെ ലക്ഷ്യമെന്ന ബോധം നമ്മില്‍ ഉണ്ടായിരിക്കണം. റമദാനിലെ നമ്മുടെ വിലപ്പെട്ട സമയം കവര്‍ന്നെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കളുണ്ടെന്ന കാര്യവും സദാ ഓര്‍മയില്‍ വേണം.
പ്രായോഗിക നിര്‍ദേശങ്ങള്‍
കൃത്യമായ ആസൂത്രണമാണ് അതില്‍ ഒന്നാമത്തേത്. ലക്ഷ്യം നിര്‍ണയിച്ച് അതിലേക്ക് മുന്നേറുന്ന ഒരാളെ വഴിയിലെ തടസ്സങ്ങള്‍ അശ്രദ്ധനാക്കുകയില്ല. ജീവിതത്തില്‍ അനിവാര്യമായ ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന സമയം സാധ്യമാകുന്നത്ര ചുരുക്കുക. വീട്ടില്‍ കുടുംബത്തോടൊപ്പം ഈമാന്‍ ശക്തിപ്പെടുത്താനുതകുന്ന പ്രവര്‍ത്തനങ്ങളില്‍ നിരതരാവുക.
റമദാനില്‍ ഇച്ഛകള്‍ക്ക് മോഹങ്ങള്‍ക്കും പുറകെയാണ് നമ്മുടെ സഞ്ചാരമെങ്കില്‍ മഹാനഷ്ടകാരികളിലാണ് നാം അകപ്പെടുക. വിശുദ്ധ റമദാന്‍ ലഭിച്ചിട്ടും അതിലൂടെ ഒരാളുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നില്ലെങ്കില്‍ മഹാനഷ്ടകാരിയാണ് അവനെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്.