പ്രവാചകന്‍ (സ) പറഞ്ഞു. നിങ്ങള്‍ അധികരിച്ച സുഖസൗകര്യങ്ങളെ സൂക്ഷിക്കുക കാരണം അല്ലാഹുവിന്റെ ദാസന്മാര്‍ ആഢംബര ജീവിതം നയിക്കുന്നവരല്ല. ത്യാഗവും പ്രയാസങ്ങളും ജീവിതനിഘണ്ടുവില്‍ വരാന്‍ പാടില്ലാത്ത പദങ്ങളാണ് എന്ന് ആരാണ് നമ്മെ പഠിപ്പിച്ചത്. നമ്മുടെ പൂര്‍വീകരുടെ ചരിത്രമാണോ? അതല്ല പ്രവാചകന്മാരുടെ ജീവിതമാണോ? ഖുര്‍ആനിന്റെ വചനങ്ങളാണോ? പ്രവാചകന്റെ പ്രഖ്യാപനങ്ങളോ? എങ്കില്‍ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമല്ലേ! നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ചതുപോലുള്ളതൊന്നും വന്നുകഴിഞ്ഞിട്ടില്ലെന്നിരിക്കെ സ്വര്‍ഗത്തിലങ്ങ് കടന്നുകയറാം എന്ന് നിങ്ങള്‍ വ്യാമോഹിക്കുകയാണോ? അവരെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ബാധിച്ചു, അല്ലാഹുവിന്റെ സഹായം എപ്പോഴാണ് വന്നെത്തുക എന്ന് കേഴുവോളം അവര്‍ വിറപ്പിക്കപ്പെട്ടു (അല്‍ ബഖറ. 214). സ്വര്‍ഗത്തിലേക്കുള്ള പാത ത്യാഗപരിശ്രമങ്ങള്‍ നിറഞ്ഞതാണ്.. ഒരു റമദാനില്‍ കൂടി ജീവിക്കാന്‍ കഴിയുന്നു എന്നത് സ്വര്‍ഗപാതയിലെ പ്രതിസന്ധികളില്‍ ചങ്കുറപ്പോടെ എഴുന്നേറ്റ് നില്‍ക്കാന്‍ നമുക്ക് കരുത്തു പകരേണ്ടതാണ്. സൗം അഥവാ നോമ്പ് എന്നതിന് കഠിന പരിശീലനം എന്നുകൂടി ഒരു അര്‍ഥം ഉണ്ടല്ലോ? ഇല്ലാത്ത അവസ്ഥയില്‍ സഹനം കൈക്കൊള്ളുക എന്നത് ഒരു പരിധിവരെ മനുഷ്യര്‍ക്ക് സാധിച്ചേക്കും. എന്നാല്‍ റമദാനില്‍ നമുക്കു നല്‍കുന്ന പരിശീലനം അങ്ങനെ അല്ലല്ലോ? ഭക്ഷണം ഇല്ലാത്തതുകൊണ്ടല്ല നാം വിശപ്പു സഹിക്കുന്നത്. വെള്ളം ലഭ്യമല്ലാത്തുകൊണ്ടല്ല നാം ദാഹം സഹിക്കുന്നത്. ഇതെല്ലാം ഉണ്ടായിരിക്കെ നാഥനായ അല്ലാഹുവിന്റെ കല്‍പനക്ക് മുന്നില്‍ നാം സന്തോഷത്തോടെ ആ വേദനകള്‍ സഹിക്കുന്നു. പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കുന്നു.
എന്നാല്‍ റമദാനും നോമ്പും ആചാരമായി മാറുമ്പോള്‍ ഒരു മാസത്തെ അസ്വസ്ഥതയായി അതവസാനിക്കുന്നു. എന്നാല്‍ ഈ കരുത്തും ചങ്കുറപ്പും നാല്‍കവലകളില്‍ ഇസ്‌ലാമിന് വേണ്ടി സധീരം എഴുന്നേറ്റ് നില്‍ക്കാന്‍ നമ്മുടെ നട്ടെല്ലിന് ശക്തി നല്‍കുമ്പോഴാണ് റമദാന്‍ സാര്‍ഥകമാകുന്നത്., ഒരു റമദാനില്‍ ഞാന്‍ ജീവിച്ചിരുന്നു എന്ന് രേഖപ്പെടുത്തപ്പെടുന്നത്. ബദ്‌റിന്റെ ഓര്‍മകള്‍ നമ്മില്‍ ഉണര്‍ത്തുന്ന ധാര്‍മികരോഷം സമൂഹത്തില്‍ തിന്മകളുടെ ശക്തികള്‍ക്ക് താക്കീതാകുന്നത്. അംഗബലവും ആയുധ ശക്തിയും അജണ്ടകള്‍ നിശ്ചയിക്കും എന്ന അന്ധവിശ്വാസം നമ്മെ ബാധിക്കാന്‍ പാടില്ല. അത്തരം മൂഢധാരണകള്‍ നമ്മെ ദുര്‍ബകലരാക്കിയേക്കും. പകരം വെക്കാനൊന്നുമില്ലാത്ത ആദര്‍ശലത്തിന്റെ വാഹകരാണ് നാം. അതിനാല്‍ ആ ആദര്‍ശകത്തെ ചുമലിലേല്‍കാന്‍ നമുക്ക് കരുത്ത് വേണ്ടതുണ്ട്. നമ്മുടെ കരുത്ത് കലവറയില്ലാത്ത ഈമാനാണ്. വിപ്ലവങ്ങളുടെ മാതാവ് ഇസ്‌ലാമാണ്. എന്നാല്‍ പരിവര്‍ത്തതനത്തിന്റെ താക്കോല്‍ ഈമാനാണ്. നമ്മുടെ വിപ്ലവം ജനമനസുകളില്‍ സംഭവിക്കേണ്ടതാണ്. ആ മനസുകള്‍ തുറക്കാന്‍ താക്കോല്‍ ഇല്ലാതെ വന്നാല്‍ എല്ലാ വിപ്ലവങ്ങള്‍ക്കൊടുവിലും പൊരുതിതോറ്റു എന്ന പല്ലവി ആവര്‍ത്തിക്കേണ്ടി വരും.
ഏതൊരു നാഥന്റെ ദീനിനു വേണ്ടിയാണോ നാം ജീവിക്കുന്നത് ആ നാഥനുമായി നമുക്ക് ഹൃദയം തുറന്ന ബന്ധമില്ല എന്ന അവസ്ഥയേക്കാള്‍ നാണക്കേട് മറ്റൊന്നുമില്ല.
നമ്മെ നാഥനിലേക്ക് കൈപിടിച്ചുകൊണ്ടു പോകുന്ന ഒന്നാമത്തെ വഴി ഖുര്‍ആനാണ്. ഖുര്‍ആനിന്റെ അവതതണം കൊണ്ട് അനുഗ്രഹീതമായ മാസത്തില്‍ ഈ വിശുദ്ധ നഗരത്തില്‍ ഹിറയുടെ പരിസരങ്ങളില്‍ ജീവിതത്തില്‍ ഒരു ഭാഗം ചിലവഴിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. അതിന് ശേഷവും ആ വിശുദ്ധ ഗ്രന്ഥത്തിന് മുന്നില്‍ നാം നന്ദികെട്ടവരാകരുത്. അങ്ങനെ ചെയ്താല്‍ നാളെയൊരു നാളില്‍ ആ ഗ്രന്ഥം നമ്മെ നിന്ദ്യനാക്കും , പരലോകത്ത് ജനകോടികളുടെ മുന്നില്‍.
ഖുര്‍ആന്‍ നമ്മുടെ മനസിന്റെ നിത്യ വസന്തവും ഹൃദയത്തിന്റെ തെളിച്ചവുമാകുമ്പോഴാണ് അല്ലാഹുവിനുവേണ്ടി നമുക്ക് ജീവിക്കാന്‍ സാധിക്കുക. ഈ റമദാനില്‍ ഖുര്‍ആനിന്റെ വചനങ്ങള്‍ നമ്മെ ശുദ്ധീകരിക്കേണ്ടതുണ്ട്. അതിനാല്‍ റമദാനിലെ ഓരോ നിമിഷങ്ങളും ഇമാനികമായ കരുത്ത് നേടാനും , ഖുര്‍ആനിന്റെ ഓരോ വചനങ്ങളും പരിവര്‍ത്തനത്തിന്റെ പ്രചോദനമാകാനും കഴിയട്ടെ. നാമറിയുക ഖുര്‍ആന്‍ കൊണ്ട് നാം അല്ലാഹുവിലേക്ക് അടുത്തില്ലെങ്കില്‍ ഒരു റമദാന്‍ കൂടി കഴിഞ്ഞുപോയിട്ടും നമ്മില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ലെങ്കില്‍ വിശുദ്ധ ഭൂമിയില്‍ ജീവിച്ചിട്ടും നമുക്ക് നമ്മുടെ സ്വര്‍ഗം ഉറപ്പാക്കാന്‍ വേണ്ടത് ചെയ്യാനാവുന്നില്ലെങ്കില്‍, ഇനിയും ഏത് സന്ദര്‍ഭത്തെയാണ് നാം കാത്തിരിക്കുന്നത്.
നോമ്പിന്റെ അവസാനം വിശപ്പും ദാഹവും മാത്രം ബാക്കിയാവുന്ന ഒരു വിഭാഗത്തെക്കുറിച്ച് പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. അവരുടെ നോമ്പ് ആമാശയങ്ങള്‍ക്കുമാത്രം ബാധകമായിരിക്കും. എന്നാല്‍ നോമ്പ് ഒരു മനുഷ്യന്റെ ശരീരത്തിലും ആത്മാവിലും നിറഞ്ഞു നില്‍ക്കേണ്ടതാണ്. ശരീരാവയവങ്ങള്‍ മൊത്തം നോമ്പ് ആയിരിക്കും. നോമ്പില്‍ അനുവദനീയമായ കാര്യങ്ങള്‍ പോലും നാം ഒഴിവാക്കുന്നു. അത് ആഹാരത്തില്‍ മാത്രം ചുരുങ്ങേണ്ടതല്ല. കാഴ്ചയിലും കേള്‍വിയിലും സംസാരത്തിലും ചിന്തയിലും വരെ നിയന്ത്രണം നാം സ്വയം സൃഷ്ടിക്കണം. അതിരില്ലാതെയും പരിസര ബോധമില്ലാതെയും ആഗ്രഹിക്കുന്നതെന്തും നിര്‍വഹിക്കുക എന്നത് ഒരു വിശ്യാസിക്ക് യോജിച്ചതല്ല. ആധുനിക കാലത്ത് വലിയ ഒരു വിഭാഗം ജനത സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ അസ്വസ്ഥമായി ജീവിക്കുകയാണ്. നിയന്ത്രണം ഒരു മോശമായ കാര്യമല്ല. മനുഷ്യന് അവന്റെ ജീവിതം ക്രിയാത്മകമാക്കാന്‍ ധാരാളം നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ഇസ്‌ലാമിന്റെ ആ മഹത്തായ സംസ്‌കാരം നമ്മില്‍ സ്വയം ഉല്‍പാദിപ്പിച്ച് പരിസരങ്ങളില്‍ പ്രസരിപ്പിക്കാന്‍ ഈ റമദാന്‍ കരുത്താകട്ടെ.
കാരുണ്യത്തിന്റെ ശവപ്പറമ്പായ ഈ ലോകത്ത് റമദാന്‍ കാരുണ്യം വിതറികൊണ്ടാണ് കടന്നുവരുന്നത്. നമ്മിലും ആ കരുണ ഉണ്ടാകേണ്ടതുണ്ട്. കാരണം അല്ലാഹുവിന് എറെ സ്‌നേഹമുള്ള പദവും സ്വഭാവവും അതാണ്. നമുക്ക് ചുറ്റിലുമുള്ളവരോട് കരുണ കാണിക്കുമ്പോഴാണ് അല്ലാഹു നമ്മോട് കരുണ കാണിക്കുക. ഇസ്‌ലാം മാനവിക മൂല്യങ്ങളെയും ബന്ധങ്ങളെയും ഏറെ പവിത്രമാക്കിയ ദര്‍ശനമാണ്. മനുഷ്യരെ വെറുപ്പിച്ചും അവഗണിച്ചും ആര്‍ക്കെങ്കിലും അല്ലാഹുവിങ്കല്‍ നല്ലവനാകാം എന്ന് ധരിക്കുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. അഗതികളുടെയും പാവപ്പെട്ടവരുടേയും ആവശ്യങ്ങളെ അവഗണിച്ചവനെ അല്ലാഹു വിചാരണ ചെയ്യുമ്പോള്‍ ചോദിക്കും. ഞാന്‍ വിശന്നു എനിക്ക് നീ ഭക്ഷണം തന്നില്ല, ഞാന്‍ രോഗിയായി നീ സന്ദര്‍ശിച്ചില്ല എന്നാണ്. ലോകനാഥന്‍ പറയും ഇന്ന സ്ഥലത്തെ ആ മനുഷ്യന്‍ പ്രയാസപ്പെട്ടപ്പോള്‍ നീ അവനെ സഹായിച്ചില്ല. അത് ചെയ്തിരുന്നുവെങ്കില്‍ എന്നെ നിനക്ക് അവിടെ കാണാമായിരുന്നു. അതിനാല്‍ റമദാന്‍ അല്ലാഹുവുമായുള്ള ആരാധനാ ബന്ധം മാത്രം ശക്തിപ്പെടുത്താനുള്ളതല്ല. മനുഷ്യരുമായുള്ള ബന്ധം ഊഷ്മളമാക്കി അല്ലാഹുവിലേക്ക് നാം ചെല്ലുക. അപ്പോള്‍ ഒരു റമദാനില്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ചെയ്യുന്ന കര്‍മങ്ങളായി മാറും. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..