1) ‘ശഅ്ബാന്‍ അവസാനത്തെ ആഴ്ച ഒരു പ്രസംഗത്തില്‍ റസൂല്‍(സ) പറഞ്ഞു: ജനങ്ങളേ, മഹത്തായ ഒരു മാസം നിങ്ങള്‍ക്ക് തണലിട്ടിരിക്കുന്നു. നിങ്ങള്‍ക്കത് അനു ഗ്രഹീത മാസമത്രേ. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ ഒരു രാത്രിയുള്ള മാസമാണത്. അതില്‍ വ്രതമനുഷ്ടിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കുകയും രാത്രി നമസ്‌കാരം ഐഛികമാക്കുകയും ചെയ്തിരിക്കുന്നു. ഈ മാസം വല്ല നന്മയും ചെയത് ദൈവസാമീപ്യം തേടുന്നവന്‍ ഇതര മാസങ്ങളില്‍ ഒരു നിര്‍ബന്ധകര്‍മം അനുഷ്ടിച്ചവനെ പോലെയാണ്. ഈ മാസം ഒരു നിര്‍ബന്ധകര്‍മം ചെയ്തവന്‍ മറ്റ് ദിവസങ്ങളില്‍ എഴുപത് നിര്‍ബന്ധകര്‍മം അനുഷ്ടിച്ചവനെ പോലെയാണ്’.
റമദാന്‍ അടുത്താല്‍ ഏകദേശം എല്ലാ പള്ളി മിമ്പറുകളില്‍ നിന്നും കേല്‍ക്കുന്ന ഒരു ഹദീസാണിത്. ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇമാം നാസിറുദ്ദീന്‍ അല്‍ബാനി രേഖപ്പെടുത്തിയിട്ടിണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമായ ‘ദുര്‍ബല ഹദീസുകളുടെ സമാഹാരത്തില്‍’ ഈ ഹദീസിനെ നിരൂപിച്ചത് ‘മുന്‍കര്‍’ എന്നകൂട്ടത്തിലാണ്. അതായത് ഗുരുതരമായ അബദ്ധമോ അശ്രദ്ധയോ സംഭവിക്കുകയും ധാര്‍മികതക്ക് നിരക്കാത്തതുമായ കാര്യങ്ങള്‍ ആക്ഷേപിക്കപ്പെടുകയും ചെയ്തയാള്‍ നിവേദക പരമ്പരയില്‍ ഉണ്ടാകുമ്പോഴാണ് മുന്‍കര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രാമാണികരായ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു വിരുദ്ധമായി ദുര്‍ബലന്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ്.
2) ‘റമദാനിന്റെ ആദ്യം കാരുണ്യത്തിന്റെയും മധ്യം പാപവിമോചനത്തിന്റെതും അവസാനം നരകവിമുക്തിയുടേതുമത്രേ’. ഈ ഹദീസിനെ കുറിച്ച് ഇബ്‌നു ഹുസൈമ(റ) എന്ന പണ്ഡിതന്‍ ദുര്‍ബലമാണെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ഇതിനെയും ‘മുന്‍കറായ’ ഹദീസുകളുടെ കൂട്ടത്തിലാണ് വിശദീകരിച്ചത്.
3) ‘അല്ലാഹുവേ റജബിലും ശഅബാനിലും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ, റമദാനില്‍ ഞങ്ങളെ എത്തിക്കേണമേ’ ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇമാം അല്‍ബാനി രേഖപ്പെടുത്തിയിട്ടുണ്ട്.
4) ‘നിങ്ങള്‍ വ്രതമനുഷ്ടിക്കുക ആരോഗ്യമുള്ളവരാവുക’ ആശയം ശരിയാണെങ്കിലും ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇമാം അല്‍ബാനി പറഞ്ഞിരിക്കുന്നു.
5) ‘നോമ്പുകാരന്‍ നോമ്പ് മിറിക്കുന്ന അവസരത്തില്‍ തള്ളപ്പെടാത്തൊരു പ്രാര്‍ത്ഥനയുണ്ട്’. ഇമാം ഇബ്‌നുല്‍ ഖയ്യിം ഈ ഹദീസ് ദുര്‍ബലമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അപ്രകാരം അല്‍ബാനിയും രേഖപ്പെടുത്തിയിരിക്കുന്നു.
ഇതുപോലെ ധാരാളം ഹദീസുകള്‍ സാധാരണക്കാര്‍ക്കിടയിലും പ്രഭാഷകന്മാര്‍ക്കിടയിലും ഉപയോഗിക്കപ്പെടുന്നതായി കാണാം. സുന്നത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ഒരു ജാഗ്രതക്കുറവാണിതിനു കാരണം. ഹദീസുകള്‍ അതിന്റെ നിദാനശാസ്ത്രമനുസരിച്ച് സ്വീകാര്യമായതിനെയും അസ്വീകര്യമായതിനെയും രേഖപ്പെടുത്തി വെച്ചിട്ടും അതില്‍ ഉണ്ടാകുന്ന അശ്രദ്ധ ഏറെ ഗൗരവമുള്ളതാണ്. പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. ”എന്റെ പേരില്‍ ആരെങ്കിലും ഇല്ലാത്തത് പറഞ്ഞാല്‍ അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ.”