ചിലര്‍ തെറ്റിദ്ധരിച്ചത് പോലെ ഉറക്കത്തിന്റെയും, ആലസ്യത്തിന്റെയും, നിര്‍ജീവതയുടെയും മാസമല്ല റമദാന്‍. പോരാട്ടത്തിന്റെയും, ആരാധനകളുടെയും, പ്രവര്‍ത്തനനൈരന്തര്യത്തിന്റെയും മാസമാണത്. അതിനാലാണ് സന്തോഷത്തോടും, ആഹ്ലാദത്തോടും, പുഞ്ചിരിയോടും കൂടി നാമതിനെ സ്വീകരിക്കുന്നത്. നോമ്പനുഷ്ഠിക്കാന്‍, ഐഛിക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍, വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ അല്ലാഹു തെരഞ്ഞെടുത്ത മാസമാണല്ലോ അത്. സ്വര്‍ഗ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന, നരകത്തിലേക്കുള്ള വഴികള്‍ പാടെ അടച്ച് കളയുന്ന, പിശാചുക്കള്‍ ബന്ധിക്കപ്പെടുന്ന മാസത്തില്‍ സന്തോഷിക്കാതിരിക്കാനം നമുക്കെങ്ങനെ സാധിക്കും?
നമ്മുടെ യുവത്വം, ആരോഗ്യം, ജീവിതം തുടങ്ങിയവയെ ദൈവത്തിനായുള്ള അനുസരണത്തിന് നാം ഉപയോഗിക്കേണ്ടതുണ്ട്. അല്ലാഹുവുമായുള്ള നമ്മുടെ കരാര്‍ പുതുക്കുകയാണ് നാം. സത്യസന്ധമായ പശ്ചാത്താപത്തിലൂടെ, ആത്മാര്‍ത്മായ പ്രാര്‍ത്ഥനയിലൂടെ. അവന്റെ കല്‍പനകള്‍ അനുസരിക്കുന്നതിലൂടെ, നിരോധനങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്നതിലൂടെ. നാം വിജയിക്കുന്നതിന് വേണ്ടി. ‘സമ്പത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത ദിനത്തില്‍. പവിത്രമായ ഹൃദയത്തോടെ അല്ലാഹുവിനെ കണ്ട്മുട്ടുന്നവന്നല്ലാതെ’. (ശുഅറാഅ് 88, 89)അല്ലാഹു പറഞ്ഞത് എത്ര സത്യം. ‘അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിച്ചവനാണ് മഹത്തായ വിജയം വരിച്ചവന്‍’ അഹ്‌സാബ് : 71. മരിക്കുന്നത് വരെ നന്മകള്‍ ചെയ്യാനും, തിന്മകള്‍ വര്‍ജ്ജിക്കാനുമുള്ള പ്രേരകമാണത്. (ഹിജര്‍ : 99).
നോമ്പും നമസ്‌കാരവും വിശ്വാസവും പുലര്‍ത്തുമെന്ന നിശ്ചദാര്‍ഢ്യത്തോടെയാണ് നാം റമദാനെ സ്വീകരിക്കേണ്ടത്. കേവലം ആചാരമോ, അനുകരണമോ അല്ല ഇത്. നമ്മുടെ അവയവങ്ങള്‍ ദുഷ്പ്രവര്‍ത്തികളില്‍ നിന്നും, മോശമായ സംസാരങ്ങളില്‍ നിന്നും നോമ്പനുഷ്ഠിക്കേണ്ടതുണ്ട്. നരകമോക്ഷത്തിനും, പാപമോചനത്തിനും അവ നമ്മുടെ സഹായിയാവേണ്ടതുണ്ട്.
നോമ്പിന് ചില മര്യാദകളുണ്ട്. അത്താഴം പരമാവധി പിന്തിപ്പിക്കുകയും നോമ്പുതുറ പരമാവധി മുന്തിക്കുകയും ചെയ്യണം. നന്മകള്‍ അധികരിപ്പിക്കുകയും, അസഭ്യത്തെയും അക്രമത്തെയും ക്ഷമയോടും സഹനത്തോടും നേരിടുകയും ഉത്തമമായത് കൊണ്ട് പ്രതിരോധിക്കുകയും ചെയ്യണം.
ആരാധനകളുടെ ആണിക്കല്ലാണ് ആത്മാര്‍ത്ഥത. ദൈവപ്രീതി മാത്രം കാംക്ഷിച്ച് ചെയ്യുന്ന കര്‍മങ്ങളേ അവന്‍ സ്വീകരിക്കുകയുള്ളൂ. സല്‍ക്കര്‍മമെന്നാല്‍ കര്‍മം മാത്രം മഹത്തരമായാല്‍ പോരാ മറിച്ച് അതിന്റെ പിന്നിലെ താല്‍പര്യവും ഉന്നതമായിരിക്കണം. പ്രവാചകമാതൃക പിന്തുടര്‍ന്ന് അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച് രാത്രിനമസ്‌കാരം പതിവാക്കണം. കഴിഞ്ഞ് പോയ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അവ മാത്രം പര്യാപ്തമാണ്.
റമദാനിലെ അവസാന പത്തുകള്‍ നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന, പശ്ചാത്താപം തുടങ്ങിയ സല്‍ക്കര്‍മങ്ങള്‍ കൊണ്ട് ജീവസ്സുറ്റതാക്കണം. ലൈലതുല്‍ ഖദര്‍. അഥവാ വിധിനിര്‍ണയ രാവിനെ വരവേല്‍ക്കാന്‍ എപ്പോഴും തയ്യാറായിരിക്കണം. വിശുദ്ധ ഖുര്‍ആന്റെ അവതരണം കൊണ്ട് അല്ലാഹു പവിത്രമാക്കിയ രാവാണത്. മാലാഖമാരും, അവരുടെ മുന്‍നിരയില്‍ ജിബരീലും അന്ന് ആഗതമാവും. അവസാന പത്ത് ദിവസങ്ങളില്‍ ഭജനമിരിക്കാറുണ്ടായിരുന്നു പ്രവാചകന്‍. പത്‌നിമാരില്‍ നിന്നും അകന്ന് ദൈവചിന്തയില്‍ കഴിച്ചുകൂട്ടുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പാരായണവും, അതിനെക്കുറിച്ച ചിന്തയും, അതിന്റെ മാര്‍ഗത്തിലുള്ള സഞ്ചാരവും തന്നെയാണ് അടിസ്ഥാനം. ‘എന്റെ മാര്‍ഗം പിന്‍പറ്റിയവന്‍ വഴിതെറ്റുകയോ, ദൗര്‍ഭാഗ്യമേല്‍ക്കുകയോ ചെയ്യുകയില്ല’ (ത്വാഹ : 123) എന്നത് ഖുര്‍ആനിക വാഗ്ദാനമാണല്ലോ.
മറ്റുള്ളവരോട് ചേര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിക്കുന്നത് പുണ്യകരമാണ്. അല്ലാഹുവില്‍ നിന്നും സമാധാനം ലഭിക്കാനും, കാരുണ്യം കൊണ്ട് പൊതിയാനും, മാലാഖമാരുടെ സംരക്ഷണം നേടാനും, അല്ലാഹുവിന്റെ അടുത്ത് സ്മരിക്കപ്പെടാനും അത് കാരണമാവുമെന്ന് പ്രവാചകന്‍ തിരുമേനി (സ) അറിയിച്ചിട്ടുണ്ട്.
നോമ്പ് തുറക്കുന്ന സമയത്ത് പ്രാര്‍ത്ഥിക്കുകയെന്നത് സുപ്രധാനമാണ്. അല്ലാഹു പ്രത്യേകമായി ഉത്തരം നല്‍കുന്ന പ്രാര്‍ത്ഥനയാണത്.
തന്റെ സമയങ്ങള്‍ അവ എത്ര ചെറുതാണെങ്കിലും ഇബാദത്തുകളിലും മറ്റ് പുണ്യകരമായ പ്രവര്‍ത്തനങ്ങളിലും ചെലവഴിക്കാന്‍ വിശ്വാസി ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. റമദാനിലെ സമയങ്ങള്‍ക്ക് പകരമില്ല. അവക്ക് വിലനിര്‍ണയിക്കാനും സാധ്യമല്ല. അതിനാല്‍ സൂക്ഷ്മതയോടെ സമയം വ്യവസ്ഥപ്പെടുത്തണം. അവയെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന ബോധം ഹൃദയത്തില്‍ സജീവമാക്കണം. ദൈവിക കാരുണ്യം പ്രതീക്ഷിച്ച്, അവന്റെ ശിക്ഷയെ ഭയന്ന് അവന്‍ തന്നെ നിരീക്ഷിക്കുന്നുവെന്ന ദൃഢമായി വിശ്വസിച്ച് ജീവിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. ദൈവബോധമാണ് കര്‍മങ്ങളെ സ്വീകാര്യയോഗ്യമാക്കുന്നതെന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ‘തീര്‍ച്ചയായും അല്ലാഹു ദൈവബോധമുള്ളവരില്‍ നിന്നാണ് കര്‍മം സ്വീകരിക്കുക’. (അല്‍മാഇദ : 27)
വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി