ഒന്ന്, സൃഷ്ടാവിന്റെ അവകാശങ്ങളില്‍ ന്യൂനത വരുത്തുന്നവര്‍. രണ്ട്, ഇബാദത്തുകള്‍ അതിന്റെ ആത്മാവോടെ സ്വീകരിക്കാത്തവര്‍ മൂന്ന്, എല്ലാം അതിന്റെ ആത്മാവോടെ ഉള്‍ക്കൊള്ളുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍. റമദാനോടുള്ള ജനങ്ങളുടെ നിലപാട് ഇപ്പറഞ്ഞ മൂന്നിലൊന്നാണ്. ഇത് പരിഗണിച്ച് കൊണ്ട് ഇമാം ഗസ്സാലി നോമ്പിനെ മൂന്ന് ഭാഗമാക്കി വിശദീകരിക്കുന്നു.
1- ഈ വിഭാഗത്തിന്റെ നോമ്പ് ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കലും വികാരങ്ങളെ അടക്കിനിര്‍ത്തലും മാത്രമാണ്. അതിലപ്പുറം മറ്റൊന്നും അവരില്‍നിന്നും ഉണ്ടാവുന്നില്ല. ജനങ്ങളിലെ ഈ വിഭാഗത്തെ കുറിച്ച് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. ”എത്ര നോമ്പുകാരാണ് അവരുടെ നോമ്പ് കൊണ്ടവര്‍ക്കുള്ളത് വിശപ്പും ദാഹവും മാത്രമാണ്”.
2- നോമ്പെടുക്കുന്നതോടൊപ്പം തെറ്റുകളില്‍ അകപ്പെടുന്നതില്‍നിന്നും ശരീരാവയവങ്ങളെ തടയുകയും കളവ് ഏഷണി പരദൂഷണം തുടങ്ങിയവയില്‍ നിന്നും നാവിനെ സൂക്ഷിക്കുകയും തെറ്റിലേക്ക് ചെന്നുപെടാന്‍ സാധ്യതയുള്ള എല്ലാകാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്യുന്നു. ഇത്തരം ആളുകളെ കുറിച്ചാണ് പ്രവാചകന്‍(സ) സൂചിപ്പിച്ചത് ”നിങ്ങള്‍ നോമ്പുകാരനായാല്‍ ചീത്ത കാര്യങ്ങള്‍ പറയുകയോ അപശബ്ദങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും നിങ്ങളോട് വഴക്കിന് വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറയുക.” ഇവരുടെ ഹ്യദയം പ്രതീക്ഷയ്ക്കും ഭയത്തിനുമിടയിലാണ്. കാരണം അവരുടെ നോമ്പ് അല്ലാഹു സ്വീകരിക്കുമെന്നോ അവന്റെ ഇഷ്ടക്കാരില്‍ അവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നോ ഒന്നും അവര്‍ അറിയില്ല. തങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന ഭയത്താല്‍ തങ്ങള്‍ക്ക് ലഭിച്ചതെല്ലാം ദാനം ചെയ്യുന്നവര്‍, അവരത്രെ നന്മയില്‍ ധ്യതിപ്പെടുന്നവര്‍. (അല്‍ മുഅ്മിനൂന്‍ : 60,61)
3- ഈ വിഭാഗത്തില്‍ പെട്ടവര്‍ അല്ലാഹുവിനെ മാത്രം തങ്ങളുടെ ഹ്യദയത്തില്‍ കുടിയിരുത്തുകയും പൂര്‍ണമായും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍മനിരതരാവുകയും ചെയ്യുന്നു. അവര്‍ പ്രവാചകന്മാരുടെയും സാലിഹീങ്ങളുടെയും പദവികളിലാണ്. ”അല്ലാഹുവിന് കീഴ്‌വണങ്ങി നിഷ്‌കളങ്കരായി ഇബാദത്ത് ചെയ്യാനും നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ ശരിയായ ദീന്‍.” ( അല്‍ ബയ്യിന : 5) റമദാന്‍ വ്രതത്തിലൂടെ സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിച്ച് അവനുമായി ഏറ്റവും അടുത്ത അടിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ നമുക്ക് കഴിയണം. അതാണ് അല്ലാഹു നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത്. ”അത്തരക്കാരില്‍ നിന്ന് അവരുടെ സുകൃതങ്ങള്‍ നാം സ്വീകരിക്കും. ദുര്‍വൃത്തികളോട് വിട്ടുവീഴ്ച കാണിക്കും. അവര്‍ സ്വര്‍ഗവാസികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്കു നല്‍കിയിരുന്ന സത്യവാഗ്ദാനമനുസരിച്ച്.” (അല്‍ അഹ്ഖാഫ് : 16)
അവലംബം : ഇസ്‌ലാം വെബ്