മനുഷ്യ കുലത്തിന്റെ സ്വാതന്ത്ര്യ സങ്കല്‍പത്തിന് ദൈവം നിശ്ചയിച്ച രേഖയാണ് പരിശുദ്ധ റമദാന്‍. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ പരിധി, വ്യക്തി സ്വാതന്ത്ര്യത്തിനും സാമൂഹ്യ സ്വാതന്ത്ര്യത്തിനും ഇടയിലുള്ള ദൂരം, ആരാധനാ സ്വാതന്ത്ര്യത്തിന്റെ ബൗദ്ധിക തലം എന്നിവയുടെ നിര്‍വചനവും, പുനരാവിഷ്‌കാരവുമാണ് പരിശുദ്ധ റമദാന്‍.
താല്‍പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെ അതിരില്ലാത്ത ഓട്ടമാണ് സ്വാതന്ത്ര്യമെന്ന് കരതുന്നവര്‍ നമുക്കിടയിലുണ്ട്. ഇഛിക്കുന്നത് ഭുജിക്കുകയും, തോന്നിയത് പ്രവര്‍ത്തിക്കുകയും, സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുകയുമാണ് അതിന്റെ പുതുനിര്‍വചനം. അരാജകത്വം അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയ പ്രസ്തുത ലോകം സ്വപ്‌നം കാണുകയാണ് ജനഹൃദയങ്ങള്‍. നിയമബന്ധിതമല്ലാത്ത സ്വാതന്ത്ര്യം അരാജകത്വത്തിന്റെ നേര്‍പതിപ്പാണ്. ലോകത്ത് എല്ലാ കാര്യങ്ങളും നിയമത്തിനും നിയന്ത്രണത്തിനും വിധേയമായാണ് നടക്കുന്നത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നാം ചില നിയമങ്ങള്‍ പാലിക്കുമ്പോഴാണ് വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതെന്ന് ചുരുക്കം. ഭരണഘടനയും, നിയമവ്യവസ്ഥകളും നിര്‍വഹിക്കുന്ന ദൗത്യം ഇതാണ്. വിലക്കുകളും, നിഷിദ്ധങ്ങളും സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളല്ല. കൃത്യമായ സ്വാതന്ത്ര്യം ഹിതകരമായ വിധത്തില്‍ ഉപയോഗിക്കാനുള്ള ചാലകങ്ങളാണവ. ഉപദ്രവകരമായ ഭക്ഷണത്തില്‍ നിന്നും രോഗിയെ തടയുന്നത് അവന്റെ ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള താല്‍ക്കാലിക വിലക്കാണ്. ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം അവന് വീണ്ടെടുക്കുന്നതിന് വേണ്ടിയാണത്. റമദാനിലെ വിലക്കുകള്‍, ത്യാഗങ്ങള്‍, അങ്ങേയറ്റത്തെ വിധേയത്വം തുടങ്ങിയവ ഈയര്‍ത്ഥത്തില്‍ അതിരില്ലാത്ത സ്വാതന്ത്ര്യത്തിലേക്കുള്ള കവാടങ്ങളാണ്.
അതോടൊപ്പം മനുഷ്യന്‍ ഏകനായല്ല ജീവിക്കുന്നത്. പരസ്പര ബന്ധിതമായ ഒരു സാമൂഹ്യ ഘടനയിലെ പ്രതിനിധാനമാണവന്‍. വ്യക്തി സ്വാതന്ത്ര്യം സാമൂഹിക സുരക്ഷിതത്വത്തിന് തടസ്സമാവരുത്. നബി തിരുമേനി(സ) വളരെ മനോഹരമായ ഒരു ഉദാഹരണത്തിലൂടെ അത് പഠിപ്പിക്കുകയുണ്ടായി. കുറച്ചാളുകള്‍ ഒരു കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. മുകള്‍ തട്ടിലും, താഴ്ഭാഗത്തും യാത്രക്കാരുണ്ടായിരുന്നു. താഴെയുള്ളവര്‍ക്ക് പാനജലം മുകളില്‍ പോയി എടുക്കേണ്ടതുണ്ടായിരുന്നു. അപ്പോള്‍ ചിലര്‍ പറഞ്ഞുവത്രെ ‘നമുക്കെന്ത് കൊണ്ട് ഇവിടെ ഒരു ദ്വാരമുണ്ടാക്കി കടലില്‍ നിന്നും നേരിട്ട് വെള്ളമെടുത്ത് കൂടാ’ എന്നിട്ട് തിരുമേനി(സ) അരുളി ‘അവരപ്രകാരം ചെയ്യുന്നുവെങ്കില്‍ അവരും മറ്റുള്ളവരും നശിക്കും. അതല്ല അവരെ അതില്‍ നിന്നും തടയുകയാണെങ്കില്‍ എല്ലാവരും രക്ഷപ്പെടുകയും ചെയ്യും’. മനുഷ്യകുലത്തിന്റെ മഹാനായ അധ്യാപകന്‍ നല്‍കിയ സുന്ദരമായ ഉദാഹരണമാണത്. വ്യക്തി സ്വാതന്ത്ര്യത്തിനും, സാമൂഹിക സ്വാതന്ത്ര്യത്തിനുമിടയിലെ പരിധി അദ്ദേഹം വരച്ച് കാണിക്കുകയാണ് ചെയ്തത്. ധനികന്‍ ദരിദ്രന്റെ കഷ്ടപ്പാടറിയാതിരിക്കുകയും, പൊതു സമൂഹത്തോടുള്ള ബാധ്യത മറന്ന് ന്യൂനാല്‍ ന്യൂനപക്ഷം വരുന്ന സമ്പന്നര്‍ സ്വാര്‍ത്ഥരാവുകയും ചെയ്താല്‍ സമൂഹം നശിക്കുമെന്ന് നോമ്പ് നിര്‍ബന്ധമാക്കിയ നാഥന്‍ സിദ്ധാന്തിക്കുന്നു.
സ്വാതന്ത്ര്യം ആരാധനയോട് ചേര്‍ന്ന് വരുന്ന തലം വളരെ പ്രകടമാണ്. തന്നെപ്പോലുള്ള, തനിക്ക് തുല്യനായ, തന്നെക്കാള്‍ താഴെയുള്ള മറ്റൊരാള്‍ക്ക് ആരാധനയര്‍പ്പിക്കുകയെന്നത് സ്വാതന്ത്ര്യത്തിന്റെ അപൂര്‍ണതയോ, ധ്വംസനമോ ആണ്. തനിക്കിഛിക്കുന്നവന്ന് താന്‍ ആരാധനയര്‍പ്പിക്കുമെന്ന പ്രത്യക്ഷത്തില്‍ സ്വാതന്ത്ര്യ സങ്കല്‍പമായി വിലയിരുത്തപ്പെടുന്ന ആശയം, വ്യക്തമായ സ്വാതന്ത്ര്യ ധ്വംസനമാവുന്നത് ഈയര്‍ത്ഥത്തിലാണ്. തനിക്ക് തുല്യനായ, തന്നെക്കാള്‍ നിസ്സാരമായ സൃഷ്ടിക്കാണ് മനുഷ്യന്‍ കീഴ്‌പെടേണ്ടതെങ്കില്‍ പിന്നെ അവന്ന് നല്‍കപ്പെട്ട സ്വാതന്ത്ര്യം എത്ര പരിമിതമാണ്. ലോകത്തെ സൃഷ്ടിച്ച, അവയെ വ്യവസ്ഥപ്പെടുത്തിയ, പരിപാലിച്ച് കൊണ്ടിരിക്കുന്ന നാഥന്ന് കീഴ്‌പെടാനുള്ള, അവന്റെ ഇംഗിതമനുസരിച്ച് അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കാനുള്ള കല്‍പനയുടെ സാരാംശം ഇതത്രെ. ആസ്വാദനത്തിന് പിന്നാലെ ഓടുകയും, അവക്ക് വേണ്ടി നിയമങ്ങള്‍ ഭേദിക്കുകയും ചെയ്യുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ അവയുടെ അടിമ തന്നെയല്ലേ. ജീവിതത്തിലെ നിസ്സാരമായ ആഗ്രഹങ്ങള്‍ക്ക് കീഴൊതുങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ വില എത്ര നിസ്സാരമാണ്. അതല്ല മനുഷ്യന്‍ നേടുന്ന ആസ്വാദനങ്ങള്‍ക്കനുസരിച്ചാണ് അവന്റെ മൂല്യം നിലനില്‍ക്കുന്നതെങ്കില്‍, അവനേക്കാള്‍ കൂടുതല്‍ ആസ്വദിക്കുന്ന, ആര്‍മാദിക്കുന്ന മൃഗങ്ങള്‍ക്കല്ലേ അവനേക്കാള്‍ മൂല്യമുള്ളത്.
ഭൗതിക വിഭവങ്ങള്‍ക്ക് പിന്നാലെ മാസങ്ങളായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന മനുഷ്യന്‍ അവയെ അടിസ്ഥാനപരമായ ലക്ഷ്യമായി സ്വീകരിക്കാനും ദൈവിക മാര്‍ഗത്തില്‍ നിന്നും വഴിതെറ്റാനും സാധ്യതയുണ്ട്. നിസ്സാരമായ, വിലകുറഞ്ഞ വിഭവങ്ങള്‍ക്കല്ല അവയെ സംവിധാനിച്ച, പ്രദാനം ചെയ്ത നാഥന്നാണ് അടിപ്പെടേണ്ടതെന്ന സൂചനയാണ് റമദാന്‍ നല്‍കുന്നത്. ഭൗതിക വിഭവങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടം, കുടുംബത്തിന്റെയും, രാജ്യത്തിന്റെയും പേരിലുള്ള പക്ഷപാതിത്വം തുടങ്ങി മനുഷ്യ ഹൃദയങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന എല്ലാ കാര്യങ്ങളും നിന്ദ്യമായ ആരാധനയിലേക്കാണ് വഴിമാറുക. അവ അവന്റെ കര്‍മങ്ങളെയും, സ്വഭാവത്തെയും കീഴ്‌പെടുത്തുന്നു. സ്വന്തം ഇഛയെ ദൈവമാക്കി വാഴിക്കുന്നവരെന്ന് ഖുര്‍ആന്‍ വിശദീകരിച്ചത് മറ്റാരെയുമല്ല.
യഥാര്‍ത്ഥ ആരാധന നിയമവിധേയമായ ആസ്വാദനമാണ്. ഒരു രാഷ്ട്രത്തില്‍ നിന്നും മറ്റൊന്നിലേക്ക് യാത്ര ചെയ്യാനുള്ള കഴിവോ, യഥേഷ്ടം ഭക്ഷണം കഴിക്കാനുള്ള അവകാശമോ അല്ല സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ലഘുവായ രൂപം മാത്രമാണത്. മറിച്ച് മനസ്സിന്റെ നന്മതിന്മ വിവേചനവും, അതിന് മേലുള്ള ആധിപത്യവുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം.
റമദാന്‍ സൃഷ്ടിക്കുന്നത് മതനിഷ്ഠയുള്ളവരെയാണ്. മതബോധമുള്ള വിശ്വാസികളാവട്ടെ പൂര്‍ണ സ്വതന്ത്രരുമാണ്. അവരുടെ സ്വാതന്ത്ര്യത്തിന് പരിധിയോ, പരിമിതിയോ ഇല്ല. ഇസ്്‌ലാം അവരുടെ മനസ്സുകളെ ആഗ്രഹങ്ങളില്‍ നിന്നും, വികാരങ്ങളില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്. പ്രപഞ്ച നാഥനായ അല്ലാഹുവുമായാണ് അവരുടെ ഹൃദയങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നത്. അവന്റെ ആഗ്രഹങ്ങളാണ് അവരുടെ ആഗ്രഹങ്ങള്‍. നന്മയുടെയും, കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും നിറകുടമാണത്.
ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ ദൈവാനുസരണമുള്ളവനാണ് ഏറ്റവും നന്നായി സ്വാതന്ത്ര്യമനുഭവിച്ചവന്‍. ഭൗതിക പ്രലോഭനങ്ങളില്‍ നിന്നും, അധികാരമോഹങ്ങളില്‍ നിന്നും സ്വതന്ത്രനായി ദൈവത്തിന് മുന്നില്‍ നമിച്ചവന് മാത്രമെ വിപ്ലവം സാധിക്കുകയുള്ളൂ. ബദര്‍ വിജയം, മക്കാ വിജയം തുടങ്ങി റമദാന്‍ സൃഷ്ടിച്ച ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു. ജീവിക്കാനും, വിശ്വസിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട, ഗോത്ര പക്ഷപാതിത്വത്തിന്റെയും, സവര്‍ണതയുടെയും ചങ്ങലകള്‍ വരിഞ്ഞ് മുറുക്കിയ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ തുടക്കമായിരുന്നു റമദാന്‍ പതിനേഴിലെ ബദര്‍ വിജയമെങ്കില്‍, പ്രസ്തുത സമരത്തിന്റെ പര്യവസാനമായിരുന്നു റമദാന്‍ ഇരുപതിലെ മക്കാ വിജയം. അവകാശ പോരാട്ടങ്ങളുടെ മാര്‍ഗത്തിലെ തുടക്കവും ഒടുക്കവും നിര്‍ണയിക്കുന്ന അടിസ്ഥാന ബിന്ദുവായി പരിശുദ്ധ റമദാന്‍ മാറുമ്പോഴെ സ്വാതന്ത്യത്തിന്റെ ദൈവിക ആവിഷ്‌കാരം ജനസമക്ഷം പൂവണിയുകയുള്ളൂ.