ഹൃദയങ്ങള്‍ക്ക് നവോന്മേഷവും ആനന്ദവും പകര്‍ന്നു നല്‍കുന്ന മുപ്പത് ആഘോഷ ദിനങ്ങളെയാണ് വിശ്വാസികള്‍ വരവേല്‍ക്കുന്നത്. പകലുകള്‍ സന്തോഷ മുഖരിതവും രാത്രികള്‍ പ്രകാശപൂരിതമാവുകയും ചെയ്യുന്നു. മനുഷ്യന്റെ നെട്ടോട്ടത്തിനിടയില്‍ കാലം അവനോട് തേടുന്നു. മനുഷ്യപുത്രാ…അല്‍പം സാവകാശത്തോടെ ആലോചിക്കൂ..പതിനൊന്ന് മാസങ്ങളായി ശാരീരികേഛകളെ മാത്രം പുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കുകയാണല്ലോ നീ…ഭക്ഷണത്തിന്റെ ആധിക്യം പലതും നിന്നെ വിസ്മൃതിയിലാക്കി…പാനീയങ്ങളുടെ വര്‍ദ്ധനവ് നിന്നെ ദാഹമുഖരിതമാക്കി….ദൈര്‍ഘ്യമേറിയ ഉറക്കുകള്‍ നിന്നെ ക്ഷീണിതനാക്കി… നില്‍ക്കൂ! വിശ്വാസത്തിന്റെ രശ്മികള്‍ പ്രസരിപ്പിക്കാനുള്ള സമയമായി, ഹൃദയങ്ങളെ ഖുര്‍ആന്‍ കൊണ്ട് ജീവസ്സുറ്റതാക്കാനുമുള്ള സമയം, ദൗര്‍ബല്യത്തില്‍ നിന്നും കരകയറി നിശ്ചയദാര്‍ഢ്യം പ്രാപിക്കാനുള്ള സന്ദര്‍ഭമാണിത്.
സഹോദരാ ആഗതമായ റമദാന്‍ വിവിധ കാരണങ്ങളാല്‍ സവിശേഷതയര്‍ഹിക്കുന്നതാണ്.
1.ഇസ്‌ലാമിന്റെ പഞ്ചസതംഭങ്ങളിലൊന്നായ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത് ഈ മാസത്തിലാണ്. ‘വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.’ (അല്‍ബഖറ: 183)
2.ഖുര്‍ആന്‍ അവതീര്‍ണമായ മാസം : ‘ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. ‘(അല്‍ബഖറ :185)
3. സ്വര്‍ഗപ്രവേശനത്തിനും നരകവിമോചനത്തിനുമുള്ള ഇടം
റസൂല്‍ (സ) പറഞ്ഞു. സ്വര്‍ഗത്തില്‍ നോമ്പുകാര്‍ക്ക് പ്രവേശിക്കാനുളള റയ്യാന്‍ എന്നു പേരുള്ള ഒരു കവാടമുണ്ട്. അവര്‍ക്കല്ലാതെ മറ്റാര്‍ക്കും അതിലൂടെ പ്രവേശിക്കാന്‍ സാധിക്കുകയില്ല.
നബി(സ) പറഞ്ഞു. റമദാന്‍ ആഗതമായാല്‍ നരകവാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കളെ ബന്ധിതരാക്കുകയും ചെയ്യും. സ്വര്‍ഗവാതായനങ്ങള്‍ തുറക്കപ്പെടും. അവിടെ നിന്നും വിളിച്ചു പറയും. നന്മേച്ചുക്കളായവരേ, മുന്നിട്ടു വരൂ, തിന്മയില്‍ വിഹരിച്ച മനുഷ്യാ, നീ പരമാവധി നിയന്ത്രണ വിധേയമാക്കുക, എല്ലാ രാത്രികാലങ്ങളിലും നരകത്തില്‍ നിന്നും നിരവധി പേരെ അല്ലാഹു മോചിപ്പിക്കും.
റസൂല്‍ (സ) പറഞ്ഞു. അന്ത്യനാളില്‍ ഖുര്‍ആനും നോമ്പും അതിന്റെ വാഹകര്‍ക്ക് ശുപാര്‍ശകനാകും. നോമ്പ് പറയും. നാഥാ! എനിക്ക് വേണ്ടി ഭക്ഷണവും വികാരങ്ങളും അവന്‍ അടക്കി നിര്‍ത്തി, എന്നെ ഈ കാര്യത്തില്‍ അവന് ശുപാര്‍ശകനാക്കിയാലും, നമസ്‌കാരം പറയും . രാത്രി കാലങ്ങളില്‍ എനിക്ക് വേണ്ടി അവന്‍ ഉറക്കമൊഴിച്ചു. എന്നെ ഈ കാര്യത്തില്‍ അവന് ശുപാര്‍ശകനാക്കിയാലും.
പ്രവാചകന്‍ (സ) പറഞ്ഞു. നോമ്പ്കാരന്‍ നോമ്പ് മുറിക്കുന്ന സമയത്തെ പ്രാര്‍ഥന തടയപ്പെടുകയില്ല.
ആരെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നോമ്പ് അനുഷ്ടിച്ചാല്‍ അവന്റെ മുഖം നരകത്തില്‍ നിന്നും എഴുപത് മുഴം വിദൂരത്താക്കും.
റമദാനില്‍ ധാരാളം ഇബാദത്തുകള്‍ നാം നിര്‍വഹിക്കേണ്ടതുണ്ട്
1.നോമ്പ് സമയബന്ധിതമായി ഈ മാസത്തിലാണ് നിര്‍ബന്ധമാക്കപ്പെട്ടത്.
2.നിര്‍ബന്ധ നമസ്‌കാരങ്ങള്‍, ഐഛിക നമസ്‌കാരങ്ങള്‍, ഖിയാമുല്ലൈല്‍, തറാവീഹ്, തഹജ്ജുദ്
3.സകാത്ത്, സദഖ, നോമ്പ് തുറപ്പിക്കല്‍
4.വളരെ പ്രാധാന്യമുള്ള ഉംറ നിര്‍വഹിക്കല്‍
5.ദൈവ പ്രീതിമാത്രം കാംക്ഷിച്ചു കൊണ്ട് കര്‍മങ്ങള്‍ അനുഷ്ടിക്കല്‍ . മനുഷ്യപുത്രന്റെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്. നോമ്പൊഴികെ. അത് എനിക്കുള്ളതാണ് , അതിന്റെ പ്രതിഫലം ഞാനാണ് നല്‍കുന്നത്. (ഹദീസ്)
6. പ്രത്യേക പ്രാര്‍ഥനകള്‍. അത്താഴത്തിന്റ സമയം, നോമ്പ് തുറക്കുന്ന സമയം, നമസ്‌കാരത്തിലെ ഖുനൂത് എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്.
7.ഖുര്‍ആന്‍ അവതീര്‍ണമായ മാസമെന്ന നിലക്ക് ഖുര്‍ആന്‍ പഠന പാരായണങ്ങള്‍
ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
1. ആസൂത്രണവും മുന്നൊരുക്കവും
ഏത് കാര്യവും വിജയകരമാവണമെങ്കില്‍ ആസൂത്രണവും മുന്നൊരുക്കവും അനിവാര്യമാണ്. റമദാന്‍ ഫലപ്രദമാകണമെങ്കില്‍ ആസൂത്രണം അനിവാര്യമാമണ്.
2.ദൃഢനിശ്ചയവും മനക്കരുത്തും
മനുഷ്യന്റെ പ്രകൃതമനുസരിച്ച് ദുര്‍ബലാവസ്ഥയും ക്ഷീണവും സാധാരണമാണ്. ജീവിത വ്യവഹാരവുമായി അത് ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ദേഹേഛകളെ കടിഞ്ഞാടാനുള്ള സുവര്‍ണാവസരം എന്ന നിലക്ക് ദൃഢനിശ്ചയത്തോട് കൂടി ദൗര്‍ബല്യങ്ങളെ നേരിടാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
3.പുതുമയും നവീകരണവും
സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള നൂതന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും നന്മകളില്‍ മുന്നേറുകയും
ചെയ്യുക. ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത് സല്‍കര്‍മങ്ങളില്‍ മുന്നേറുകയും കൂടുതല്‍ പ്രതിഫലവും പ്രതികരണവും നേടുന്ന കര്‍മങ്ങള്‍ ചെയ്യുകയും ചെയ്യുക എന്നതാണ്.
നമസ്‌കാരം കൃത്യതയോടെ നിര്‍വഹിക്കുക, ഐഛിക നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക, ഖതം ഓതുക, നമസ്‌കാരങ്ങളില്‍ ഭയഭക്തി വര്‍ദ്ധിപ്പിക്കുക, കുടുംബ ബന്ധം ചേര്‍ക്കുക, കയ്യഴിഞ്ഞ് ദാനം ചെയ്യുക, ദിക്‌റുകള്‍, പ്രാര്‍ഥനകള്‍ എന്നിവ വര്‍ധിപ്പിക്കുക, ആത്മസംസ്‌കരണത്തിനുതകുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക, ആത്മവിചാരണ നടത്തുക തുടങ്ങിയ കാര്യങ്ങളാല്‍ റമദാന്‍ സമ്പന്നമാക്കുക.
വിവ.അബ്ദുല്‍ ബാരി കടിയങ്ങാട്