1- ഈ സവിശേഷരാവുകളില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്നറിയാനും മനസ്സിലാക്കാനും സൂറത്തുല്‍ ഖദ്‌റിന്റെ തഫ്‌സീര്‍ വായിക്കാന്‍ ഇന്ന് കുറച്ച് സമയം മാറ്റിവെക്കുക. തീര്‍ച്ചയായും, ആ സവിശേഷരാവിന്റെ ശക്തിയും മഹത്വവും നിങ്ങള്‍ കൂടുതല്‍ അനുഭവിച്ചറിയുക തന്നെ ചെയ്യും !
2- തളര്‍ച്ച മറന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുക, ജീവിതത്തിലെ നിങ്ങളുടെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമാക്കി അതിനെ മാറ്റാന്‍ തയ്യാറാവുക!
നിങ്ങള്‍ ഇതുവരെ കാഴ്ച്ചവെച്ച ‘പ്രകടനം’ ഇനി വരാന്‍ പോകുന്ന നിങ്ങളുടെ പത്ത് ദിവസങ്ങളെ ഒരുവിധത്തിലും ബാധിക്കാന്‍ അനുവദിക്കാതിരിക്കുക. സര്‍വ്വപാപങ്ങളും പൊറുക്കപ്പെടുന്ന ആ നിമിഷം ചിലപ്പോള്‍ ഇന്നായിരിക്കാം, അല്ലെങ്കില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ എപ്പോഴും അത് സംഭവിക്കാം! ഇനിയുള്ള ഓരോ നിമിഷവും പ്രാര്‍ത്ഥനങ്ങള്‍ കൊണ്ടും, പാപമോചന തേട്ടങ്ങള്‍ കൊണ്ടും നിറക്കുക.
3- ‘എല്ലാം’ ചെയ്യുവാന്‍ 27-ാം രാവ് വരെ കാത്തിരിക്കുന്ന ശീലം വെടിയുക. ഇനിയുള്ള പത്ത് ദിവസങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. ‘ബൈ ചാന്‍സില്‍’ പോലും ലൈലത്തുല്‍ ഖദ്ര്‍ നഷ്ടപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
4- ബിദ്അത്തുകളില്‍ ചെന്ന് വീഴാതിരിക്കുക. നബി തിരുമേനി (സ)യുടെ സുന്നത്ത് അനുധാവനം ചെയ്യുക, അത് മുറുകെപിടിക്കുക. വളരെ ലളിതമായി പ്രവാചകന്‍ നമ്മോട് പറയുന്നു: ‘ആര്‍ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന രാവുകളില്‍, പ്രതിഫലേച്ഛയോടെ എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുന്നുവോ, അയാളുടെ മുന്‍കഴിഞ്ഞ പാപങ്ങള്‍ തീര്‍ച്ചയായും പൊറുക്കപ്പെടും.’
5- പള്ളിയിലോ, വീട്ടിലോ സ്വസ്ഥമായ ഒരു ഇടം തെരഞ്ഞെടുക്കുക. ഖുര്‍ആന്‍, മുസ്വല്ല, ഒരു കുപ്പി വെള്ളം എന്നിവ കൈയ്യില്‍ കരുതുക. എങ്കില്‍ എപ്പോഴും എഴുന്നേറ്റ് പോകുന്നതിലൂടെ ഉണ്ടാകാന്‍ ഇടയുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
6- പ്രവാചകന്‍(സ) പഠിപ്പിച്ച് തന്ന ഈ പ്രാര്‍ത്ഥന മനഃപ്പാഠമാക്കി എപ്പോഴും ഉരുവിട്ടു കൊണ്ടിരിക്കുക: ‘അല്ലാഹുമ്മ ഇന്നക്ക അഫ്ഫുവുന്‍ തുഹിബ്ബുല്‍ അഫ്‌വ, ഫഅ്ഫു അന്നീ’
അല്ലാഹുവേ, എല്ലാ മാപ്പാക്കുന്നവനല്ലോ അങ്ങ്, മാപ്പ് നല്‍കുന്നത് അങ്ങ് ഇഷ്ടപ്പെടുകയും ചെയ്യുന്നു, ആയതിനാല്‍ എനിക്ക് പൊറുത്ത് മാപ്പാക്കി തരേണമേ..’
7- ഒരു ചെറിയ പ്രാര്‍ത്ഥനാ ലിസ്റ്റ് തയ്യാറാക്കുക. ഇത് ഖദ്‌റിന്റെ, വിധിയുടെ രാവാണെന്ന് ഓര്‍ക്കുക. ഈ ദുനിയാവ്, ദീന്‍, കുടുംബം, നിങ്ങളുടെ പരലോക ജീവിതം എന്നിവയുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍ ബോധപൂര്‍വ്വം അതില്‍ ഉള്‍പ്പെടുത്തുക.
8- കുടുംബത്തെ ഒരുകാരണവശാലം അവഗണിക്കരുത്. അല്ലാഹുവിന്റെ തിരുദൂതര്‍ (സ) അദ്ദേഹത്തിന്റെ ഭാര്യമാരെ ഈ സവിശേഷരാവുകളില്‍ പ്രാര്‍ത്ഥനാനിരതരാവുന്നതിന് വേണ്ടി ഉറക്കില്‍ നിന്നും വിളിച്ചുണര്‍ത്തുമായിരുന്നു.!
രാവിന്റെ ചില ഭാഗങ്ങളില്‍ എഴുന്നേറ്റ് പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ സാധിക്കാത്ത വണ്ണം ചെറുപ്പമൊന്നുമായിരിക്കില്ല ചിലപ്പോള്‍ നിങ്ങളുടെ സന്താനങ്ങള്‍. വീഡിയോ ഗെയിം കളിക്കാനും, ടി.വി കാണാനും അവരെ നിങ്ങള്‍ക്ക് അനുവദിക്കാമെങ്കില്‍, ഈ സവിശേഷരാവുകളുടെ കുറച്ച് ഭാഗമെങ്കിലും എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥനാനിരതരാകുന്നതിന് അവരെ പ്രചോദിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.!
9- അല്ലാഹുവോടൊത്തുള്ള നിങ്ങളുടെ പ്രാര്‍ത്ഥനാനിമിഷങ്ങളും, അനുഭവങ്ങളുമെല്ലാം ഫേസ്ബുക്കില്‍ സ്റ്റാറ്റസായി ഇടാന്‍ വേണ്ടിയും, ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകളാക്കി അപ്‌ലോഡ് ചെയ്യാന്‍ വേണ്ടിയുമുള്ള രാവുകളല്ല ഇനി വരാന്‍ പോകുന്നതെന്ന് മനസ്സിലുറപ്പിക്കുക.
ആ സവിശേഷ നിമിഷങ്ങളെല്ലാം അല്ലാഹുവിനും നിങ്ങള്‍ക്കുമിടയിലെ രഹസ്യ മുഹൂര്‍ത്തങ്ങളായി തന്നെ സൂക്ഷിക്കുക.!
10- കഴിയുമെങ്കില്‍ പകല്‍ നേരം ലഘുവായി മയങ്ങുക. വയറ് നിറഞ്ഞിരിക്കുന്ന അവസ്ഥ ഒഴിവാക്കുക.
11- ഉറക്കത്തിലേക്ക് വഴുതി വീഴുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, ആരാധനാനുഷ്ഠാനങ്ങള്‍ മാറ്റി പിടിക്കാന്‍ ശ്രദ്ധിക്കുക. ഒന്നില്‍ തന്നെ എപ്പോഴും മുഴുകാതിരിക്കുക. ഖുര്‍ആന്‍ പാരായണവും, സുന്നത്ത് നമസ്‌കാരവും, പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നതും ഇടവിട്ട് ചെയ്താന്‍ മടുപ്പൊഴിവാക്കാന്‍ സാധിക്കും.
സമ്പാദനം: ഇര്‍ഷാദ് കാളാച്ചാല്‍