വിടപറയുകയാണെന്ന ബോധം സമയം അവന് തികയാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. ഒരു കാര്യവും നീട്ടിവെക്കാതെ എല്ലാറ്റിനും വളരെയധികം പ്രാധാന്യവും ഗൗരവവും നല്‍കുന്നു. ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്ന് എനിക്ക് പ്രതിഫലം കിട്ടുന്ന ഒരു കാര്യം അറിയിച്ചു തരണമെന്നാവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) അയാളോട് പറഞ്ഞു: ‘നീ നമസ്‌കാരത്തിന് നിന്നാല്‍, വിടപറയുന്നവന്റെ നമസ്‌കാരം നിര്‍വഹിക്കുക’. ഈ നമസ്‌കാരം കഴിയുന്നതോടെ നീ മരിക്കുമെന്ന് നീ സങ്കല്‍പ്പിച്ച് നോക്കുക. നിനക്ക് എത്രത്തോളം അതില്‍ ദൈവഭക്തിയും മനസാന്നിദ്ധ്യവും ലഭിക്കും? അതില്‍ എത്രത്തോളം പൂര്‍ണ്ണതയും ആത്മാര്‍ഥതയും നിനക്കുണ്ടാവും?
നമ്മുടെ ആരാധനകളില്‍ വിടപറയുന്നവന്റെ മനസ് നാം കൊണ്ടുവരാത്തെന്താണ്? ഈ റമദാനില്‍ നാമെടുക്കുന്ന നോമ്പ് വിടപറയുന്ന ഒരാളുടെ നോമ്പായി അനുഭവപ്പെടേണ്ടതുണ്ട്. വിടപറയുന്ന ഒരാളെ പോലെയാണ് നാം റമദാനിനെ സ്വീകരിക്കേണ്ടത്. കവി പറയുന്നത് ഇവിടെ വളരെ ശ്രദ്ധേയമാണ്:
പൂര്‍വ്വികരായ നോമ്പെടുത്തിരുന്ന എത്ര ആളുകളെ നിനക്കറിയാം, അവരില്‍ നിന്റെ കുടുംബവും അയല്‍ക്കാരും സഹോദരന്‍മാരുമുണ്ടല്ലോ
മരണം അവരെ ഇല്ലാതാക്കി, നീ ജീവനോടെ അവശേഷിക്കുകയും ചെയ്തു, അടുത്തുള്ളവനേക്കാള്‍ വിദൂരത്തുള്ളവന്‍ എത്ര സമീപത്താണ്!
എത്ര അദ്ഭുതകരമാണ്, പെരുന്നാള്‍ വസ്ത്രമായി മുറിക്കപ്പെട്ടത് നാളെ നിന്റെ കഫന്‍ പുടവയാകുന്നത്. നിനക്ക് പൂര്‍ത്തീകരിക്കാനാവാത്ത എത്ര വരും ദിനങ്ങളാണുള്ളത്! നിനക്ക് അപ്രാപ്യമായ എത്ര നാളെകളെയാണ് നീ കാത്തിരിക്കുന്നത്! വരൂ സഹോദരാ.. നമുക്ക് വിടപറയുന്നവന്റെ ബോധം ഉള്‍ക്കൊള്ളാം. എത്രയെത്ര ദിവസങ്ങളെയാണ് നാം അലസത കാരണം നശിപ്പിച്ചിട്ടുള്ളത് അത്തരം നാളുകളോട് നമുക്ക് വിടപറയാം. നമ്മുടെ വിശ്വാസത്തെ നശിപ്പിച്ചിരുന്ന വ്യാമോഹങ്ങളോട് വിടചൊല്ലാം. നമുക്ക് വിടപറയുന്നവന്റെ നോമ്പെടുത്ത് ഈ വര്‍ഷത്തെ റമദാനിന് കൂടുതല്‍ പരിഗണന നല്‍കാം. ഇതുവരെ നാം ശീലിച്ചിരുന്ന സമ്പ്രദായങ്ങളെ നമുക്കുപേക്ഷിക്കാം. ചൈതന്യവത്തായ ആരാധനകളിലേര്‍പ്പെടാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ.
എല്ലാ വര്‍ഷവും നാം നോമ്പെടുക്കുന്നത് ഒരു കടമ വീട്ടുന്നത് പോലെയാണ്. എന്നാല്‍ ഈ വര്‍ഷം നോമ്പിന്റെ ഉദ്ദേശ്യം യാഥാര്‍ത്ഥ്യാമാക്കുന്നതാവണം. എന്നാല്‍ മാത്രമേ നമ്മുടെ പാപങ്ങള്‍ റമദാനിലൂടെ പൊറുക്കപ്പെടുകയുള്ളൂ. ഖുര്‍ആനിന്റെ മാസം കൂടിയായ റമദാനില്‍ പലതവണ നമ്മള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ട്. ഈ വര്‍ഷത്തെ പാരായണം അക്ഷരങ്ങളില്‍ നിന്ന് വിട്ട് അതിനെ കുറിച്ച് ചിന്തിക്കുകയും ആലോചിപ്പിക്കുന്നതുമാകണം. നല്ല ശബ്ദ സൗകുമാര്യത്തോടെയുള്ള പാരായണവും ഏറ്റവും ചുരുങ്ങിയതും തെരെഞ്ഞെടുത്ത് പള്ളിയില്‍ രാത്രി നമസ്‌കാരത്തിന് പോയിരുന്ന നമ്മുടെ നമസ്‌കാരങ്ങള്‍ പരിപൂര്‍ണ്ണമായ നമസ്‌കാരത്തിന് വേണ്ടിയാവണം. പാവങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നാം നിര്‍വഹിച്ചിരുന്ന ദാനധര്‍മ്മങ്ങള്‍ നമ്മെ നരകത്തില്‍ നിന്ന് രക്ഷിക്കുന്നതിനായിരിക്കട്ടെ. റമദാനിലെ ഉദാരത വളരെ പുണ്യകരമാണ് നിന്റെ ഔദാര്യത്തിന്റെ കരങ്ങള്‍ നിന്നോട് മോശമായി പെരുമാറിയവരിലേക്കും നീളട്ടെ. നിന്നോട് ബന്ധം മുറിച്ചവനോട് നീ ബന്ധം ചേര്‍ക്കണം.
നമ്മുടെ ഇഅ്തികാഫ് നമ്മുടെ മനസിനെ വിചാരണ ചെയ്തുകൊണ്ടാവണം. മരണം എപ്പോഴും നമ്മെ പിടികൂടാം, ഖബറിലെ വിചാരണക്ക് മുമ്പ് തന്നെ നമുക്ക് ജീവിച്ചിരിക്കെ നമ്മെ വിചാരണ ചെയ്യാം. നോമ്പ്കാരന്റെ വയറിന്റെ വിശപ്പ് മാറ്റുന്നതിന് അവനെ നോമ്പ് തുറപ്പിക്കല്‍ സുന്നത്താണ്. എന്നാല്‍ പട്ടിണി കിടക്കുന്ന ഹൃദങ്ങളുടെ വിശപ്പകറ്റേണ്ടത് നിര്‍ബന്ധ ബാധ്യതയാണ്. ഇക്കാര്യത്തിലും നാം പ്രത്യേക ശ്രദ്ധപുലര്‍ത്തണം. ഗുണകാംക്ഷക്കായി ദാഹിച്ചിരിക്കുന്ന എത്രയോ ആളുകളുണ്ട്. വികാരങ്ങളില്‍ മുങ്ങി രക്ഷാവളയം തേടുന്ന എത്രയോ ആളുകളുണ്ട്. നമസ്‌കാരത്തില്‍ നിന്റെ കാലുകള്‍ ചേര്‍ത്തുവെക്കുമ്പോള്‍ മനസുകള്‍ കൂടി ചേര്‍ത്തു വെക്കുക.
നീ റമദാനിനോട് വിടപറയുമ്പോള്‍ അല്ലെങ്കില്‍ റമദാന്‍ നിന്നോട് വിടപറയുമ്പോള്‍ അതോടൊപ്പം റമദാനില്‍ നീ നേടിയെടുത്ത നന്മകളും വിടപറയുകയാണെങ്കില്‍ നിനക്കത് വന്‍ നഷ്ടമായിരിക്കും. വിശുദ്ധമായ ഈ മാസം നമ്മുടേതായി തീരാന്‍ നാം ദൃഢപ്രതിജ്ഞയെടുക്കേണ്ടതുണ്ട്. ഈ മാസം കഴുകികളയുന്നതും തണുപ്പുള്ളതും പാനീയവുമാണ്. ഹൃദയത്തിന്റെ മാലിന്യങ്ങള്‍ കഴുകി നമുക്കതില്‍ പശ്ചാതപിക്കാം. ഹൃദയത്തെ ജീവിപ്പിക്കുന്ന ഉപദേശങ്ങള്‍ ആവോളം കോരിക്കുടിക്കാം. അത് നല്ല ഒരു തുടക്കവും നാഥനിലേക്കുള്ള സത്യസന്ധമായ മടക്കവുമാണ്. അല്ലാഹു റമദാനിന്റെ എല്ലാ അനുഗ്രങ്ങളും നമ്മില്‍ ചൊരിയട്ടെ.
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി