ഒരിക്കല്‍ കൂടി പുണ്യറമദാന്‍ നമ്മില്‍ സമാഗതമായിരിക്കുന്നു. വിഹ്വലമായ മനസ്സുകള്‍ക്ക് ശാന്തി നുകരാനുള്ള ശാദ്വല തീരം. മണ്ണും വിണ്ണും പവിത്രമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സ്വര്‍ഗ്ഗലോകം ആഹ്ലാദത്തിന്റെ ആരവത്തിലാണ്. പിശാചിന്റെ ദുര്‍മന്ത്രതന്ത്രങ്ങള്‍ക്ക് വിലങ്ങ് വീഴാന്‍ സമയമായി. വിശ്വാസികള്‍ക്ക് സംഭവിച്ച അബദ്ധങ്ങളുടെ പാപക്കറകള്‍ കണ്ണീര്‍ ചാലുകളായി വാര്‍ന്നൊഴുകാന്‍ അവസരമായി. കാരുണ്യത്തിന്റെ, വിട്ടുവീഴ്ചയുടെ, സഹാനുഭൂതിയുടെ സമസൃഷ്ടിസൗമനസ്യത്തിന്റെ കുളിര്‍ക്കാറ്റ് തഴുകിത്തലോടാന്‍ വിശ്വാസി ഹൃദയങ്ങള്‍ വെമ്പല്‍ കൊള്ളുകയായി. സത്യത്തിന്റെ, സമാധാനത്തിന്റെ, സൗഹൃദത്തിന്റെ, വെള്ളരിപ്രാവുകള്‍, അശാന്തി പടരുന്ന പ്രദേശങ്ങളുടെ മാനത്തു വട്ടമിട്ട് പറക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചു പോകുന്ന നിമിഷങ്ങള്‍.
പരിശുദ്ധ റമദാന്‍ ആഗതമായപ്പോള്‍ പ്രവാചകന്‍(സ ) സഹാബികളോട് പറഞ്ഞു ‘മഹത്തായ ഒരു മാസം ഇതാ നിങ്ങള്‍ക്ക് തണല്‍ വിരിച്ചിരിക്കുന്നു. അതില്‍ കാരുണ്യമുണ്ട്, പാപമോചനമുണ്ട്, നരകത്തില്‍ നിന്ന് വിടുതിയുണ്ട്. അതിനെ വേണ്ട പോലെ നിങ്ങള്‍ പ്രയോജനപ്പെടുത്തുക ‘വിശ്വാസികള്‍ക്ക് ആവേശമായി, ആശ്വാസമായി, ആനന്ദത്തിന്റെ വസന്തോത്സവമായി കടന്നു വരുന്ന റമദാനിനെ അര്‍ഹിക്കുന്ന ആദരവോടെത്തന്നെ വരവേല്‍ക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു റസൂല്‍(സ). തീര്‍ച്ചയായും അങ്ങനെത്തന്നെ ആവേണ്ടതുണ്ട്. ഇഹലോകത്തെ വര്‍ണ്ണപ്പകിട്ടുകളോട് അല്‍പ്പം പോലും പ്രതിബദ്ധത ഇല്ലാതിരുന്ന പ്രവാചകന്‍, റമദാനിന്ന് രണ്ട് മാസം മുമ്പ് മുതല്‍ തന്നെ പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ ‘റമദാനിലേക്ക് ഞങ്ങളെ നീ എത്തിക്കേണമേ’ എന്ന്. അപ്പോള്‍ വേണ്ടത്ര മുന്നൊരുക്കത്തോടു കൂടി തന്നെ റമദാനിനെ സമീപിക്കേണ്ടതുണ്ട് എന്നത് നിര്‍ബന്ധമത്രെ.
എന്തൊക്കെയാണ് ആ മുന്നൊരുക്കങ്ങള്‍? 11 മാസക്കാലം ജീവിത സന്ധാരണങ്ങളുടെ നെട്ടോട്ടത്തിനിടയില്‍ സംഭവിച്ചിരിക്കാനിടയുള്ള മനുഷ്യന്റെ ദൗര്‍ബല്യങ്ങള്‍ അസൂയ, അഹങ്കാരം, പക, വിദ്വേഷം, പരദൂഷണം, അസത്യപ്രചാരണം തുടങ്ങി പൈശാചികമായിട്ടുള്ള ദൂഷ്യങ്ങളെ കുറിച്ച് സ്വയം വിലയിരുത്തുകയും അതിനെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്യുക എന്നുള്ളതാണ് അതില്‍ പ്രധാനം. നാഥന്റെ പ്രീതി നേടിയെടുക്കാന്‍ നാം തയാറെടുക്കുമ്പോള്‍, അതിന് ചില ഉപാധികളും അല്ലാഹു നമ്മോട് താല്‍പര്യപ്പെടുന്നുണ്ട്. സമസൃഷ്ടികളോട് വിട്ടുവീഴ്ച ചെയ്യുക എന്നുള്ളതാണ് അതിലൊന്ന്. ‘നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗ്ഗവും നേടാനായി ധൃതിയില്‍ മുന്നോട്ടു വരിക. ഭക്തന്മാര്‍ക്കായി തയാറാക്കിയതാണത്. ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും, കോപം കടിച്ചിറക്കുന്നവരുമാണവര്‍. ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു. (ആലുഇമ്രാന്‍: 133, 134 ) നമ്മെ സൃഷ്ടിച്ചു പരിപാലിച്ചു സംരക്ഷിക്കുന്നവനായ അല്ലാഹുവോട് നിരന്തരം അക്രമങ്ങളും കൊള്ളരുതായ്മകളും അനുസരണക്കേടും കരാര്‍ ലംഘനവും നാം തുടര്‍ന്നുകൊണ്ടിരിക്കുമ്പോളും അവന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും വേണ്ടി നാം യാചിച്ചുകൊണ്ടിരിക്കുമ്പോള്‍, നമുക്ക് ചുറ്റും ജീവിച്ചുകൊണ്ടിരിക്കുന്നവരുമായി ജീവിതവ്യവഹാരങ്ങള്‍ക്കിടയില്‍ സംഭവിച്ചുപോകുന്ന ചെറിയ ചെറിയ അരുതായ്മകളും തെറ്റുകുറ്റങ്ങളും സ്വാഭാവികമായും വന്നു പോകും.പക്ഷെ അതിന്റെ പേരില്‍ ദിവസങ്ങളോളം, ആഴ്ചകളോളം, മാസങ്ങളോളം, വര്‍ഷങ്ങളോളം തന്നെ മിണ്ടാതെ, അവരോടുള്ള വിദ്വേഷവും പേറി ഹൃദയഭിത്തികളില്‍ കാഠിന്യത്തിന്റെ കനല്‍കട്ടകള്‍ കൊണ്ട് കാലം കഴിക്കുന്നവരാണ് ഏറെ പേരും. അതെല്ലാം വിട്ടുവീഴ്ച ചെയ്തുകൊണ്ട് പരസ്പരം പൊറുത്തു പൊരുത്തപ്പെട്ട് ക്ലാവ് പിടിച്ച ഹൃദയങ്ങളെ തേച്ചു മിനുക്കി വൃത്തിയാക്കികൊണ്ട് നമുക്ക് അല്ലാഹുവിന്റെ സവിധത്തിലേക്ക് തിരിച്ചു ചെല്ലാം. അവന്‍ സസന്തോഷം സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. വിട്ടുവീഴ്ച ചെയ്യുന്നവര്‍ക്ക് ഇസ്സത്ത് വര്‍ധിപ്പിക്കുകയല്ലാതെ ചെയ്യുന്നതല്ലെന്ന് ഖുര്‍ആന്‍. ‘വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോട് തന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍, അപ്പോള്‍ത്തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍. തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വ്വം ഉറച്ചുനില്‍ക്കുകയില്ല.’ (ആലുഇംറാന്‍ 135 ) ഇനിയും വിട്ടുവീഴ്ച ചെയ്യാന്‍ മടികാണിക്കുന്നവരെക്കുറിച്ചാകാം അല്ലാഹു വീണ്ടും പറഞ്ഞത് ‘അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ?’ നാം ബന്ധപ്പെട്ട ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ മറ്റുള്ളവര്‍ക്ക് പൊറുത്തുകൊടുക്കാന്‍ നാം തയാറില്ലെങ്കില്‍ ഗുരുതരമായ പിഴവുകള്‍ അനുദിനം അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നമുക്ക് അല്ലാഹു പൊറുത്തുതരണമെന്ന് ആവശ്യപ്പെടാന്‍ എന്തവകാശം!
റമദാനിന്റെ രാപ്പകലുകള്‍ ദൈവ സ്‌തോത്രവും പ്രകീര്‍ത്തനങ്ങളും ഇസ്തിഗ്ഫാറും കൊണ്ട് സമ്പന്നമാക്കേണ്ടതുണ്ട്. അനാവശ്യ വര്‍ത്തമാനങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും ഒഴിവാക്കി, അല്ലാഹുവിനെ താന്‍ കാണുന്നില്ലെങ്കിലും അല്ലാഹു തന്നെ കണ്ടുകൊണ്ടിരിക്കുന്നു എന്ന ബോധത്തോടെ പ്രാര്‍ത്ഥനാ നിരതമാകട്ടെ അന്തരംഗം. അനാവശ്യ വര്‍ത്തമാനങ്ങളിലൂടെയും തര്‍ക്കങ്ങളിലൂടെയും നാശമല്ലാതെ വരുത്തിവെക്കുന്നില്ല. അത് റമദാനിന്റെ പവിത്രതയെ കളങ്കപ്പെടുത്തും. കുത്തുവാക്ക്, ഏഷണി, പരദൂഷണം, പരിഹാസം തുടങ്ങി മറ്റുള്ളവര്‍ക്ക് അരോചകമായിട്ടുള്ള സ്വഭാവ വൈകൃതങ്ങളില്‍ നിന്ന് വിട്ടു നിന്നുകൊണ്ട്, ക്ഷമയുടെയും സഹനത്തിന്റെയും മാര്‍ഗ്ഗത്തില്‍ ഉറച്ചുനിന്നുകൊണ്ട് റമദാന്‍ ലക്ഷ്യമിടുന്ന തഖ്‌വയെ പ്രാപിക്കാന്‍ ഈ റമദാനില്‍ നമുക്ക് പരിശ്രമിക്കാം. ഇനിയുമൊരു റമദാന്‍ നമുക്ക് ആസ്വദിക്കാനാകുമോ എന്നാര്‍ക്കറിയാം. ഇതെന്റെ അവസാനത്തെ റമദാനും പാപങ്ങള്‍ പൊറുത്തുകിട്ടാനുമുള്ള അവസാന അവസരവുമാണെന്ന ചിന്തയോടെ കര്‍മ്മമണ്ഡലത്തിലിറങ്ങുക. പുണ്യം വാരിക്കൂട്ടാനുള്ള മറ്റൊരു സുവര്‍ണ്ണാവസരമാണ് റമദാനിലെ ദാനധര്‍മ്മങ്ങള്‍. ചെലവഴിക്കുന്ന ഓരോ തുട്ടുകള്‍ക്കും അനേകമനേകം ഇരട്ടിയായി പ്രതിഫലം രേഖപ്പെടുത്തുന്ന പുണ്യകര്‍മ്മം. അശരണരെയും അവശത അനുഭവിക്കുന്ന, അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും ഒരു കൈത്താങ്ങായി സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമായി പരിശുദ്ധ റമദാന്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രവാചകന്‍(സ ) റമദാനില്‍ അടിച്ചു വീശുന്ന കാറ്റ് പോലെ ഉദാരനായിരുന്നു എന്ന് കാണാം. ജനസേവനപ്രവര്‍ത്തനവും എടുത്തുപറയേണ്ട മറ്റൊരു സല്‍ക്കര്‍മ്മമാണ്. തന്റെ സഹോദരന്റെ ഒരു ആവശ്യം നിര്‍വ്വഹിക്കാനായി പരിശ്രമിക്കുന്നവരുടെ ഉദ്ദേശങ്ങള്‍ അല്ലാഹു പൂര്‍ത്തീകരിച്ചു കൊടുക്കുമെന്ന് പ്രവാചകന്‍(സ ) പറയുകയുണ്ടായി. അതിന് വേണ്ടി ഇറങ്ങിതിരിച്ചവരുടെ കൂടെ രണ്ട് മലക്കുകള്‍ അകമ്പടി ഉണ്ടാകുമെന്നും പഠിപ്പിക്കപ്പെടുകയുണ്ടായി.
കൂട്ടത്തില്‍ പറയട്ടെ, അത്താഴം കഴിക്കാതെ നോമ്പ് തുടങ്ങാനും, എന്തെങ്കിലും കഴിച്ച് നോമ്പ് തുറക്കാനും വകയില്ലാതെ, അല്ലാഹുവിന്റെ കനിവിന് വേണ്ടി മാത്രം കേണുകൊണ്ട് ഒരു പറ്റം മനുഷ്യജന്മങ്ങള്‍ ഈ ഭൂമിയില്‍ അങ്ങിങ്ങായി കഴിഞ്ഞുകൂടുന്നുണ്ട്. അവരെ കൂടി നാം നമ്മുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുകയും കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണമെന്ന് കൂടി ഓര്‍മ്മപ്പെടുത്തുന്നു. നീതിയും സമാധാനവും പുലരുന്ന ഒരു ലോകത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ചൈതന്യപൂര്‍ണ്ണമായ റമദാന്‍ കരഗതമാകാന്‍ നമുക്ക് ശ്രമിക്കാം. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ.!