ആത്മവിചാരണ, പശ്ചാത്താപം, മുന്നൊരുക്കം, കരുതിവെപ്പ്, ആത്മനിയന്ത്രണം, ധ്യാനം, നിഷ്ഠ തുടങ്ങിയ മൂല്യങ്ങള്‍ക്കായി വര്‍ഷത്തില്‍ ഒരു മാസം നീക്കിവെക്കുന്നുവെന്നതാണ് റമദാനെക്കുറിച്ച പ്രധാനപ്പെട്ടൊരു സങ്കല്‍പം. ആത്മാവിനെയും ശരീരത്തെയും സമ്പത്തിനെയും സ്ഫുടംചെയ്‌തെടുത്ത്, അടുത്ത വര്‍ഷത്തേക്കുള്ള ഊര്‍ജം സംഭരിക്കണം. വ്യക്തിത്വ നിര്‍മിതി, വ്യക്തിത്വ വികാസം എന്നിവയുമായി ബന്ധപ്പെട്ട ഒരുപക്ഷേ, പ്രപഞ്ചത്തിലെ ഏറ്റവും സംഘടിതവും വിപുലവുമായ ആവിഷ്‌കാരമായിരിക്കും റമദാന്‍. ഒരു നാഗരികത അപ്പാടെ ധ്യാനത്തിലേക്ക് പ്രവേശിക്കുന്ന അപൂര്‍വമായ സന്ദര്‍ഭമാണത്. ആഗോള ജനസമൂഹത്തിന്റെ പ്രധാനപ്പെട്ടൊരു ഭാഗം ആത്മീയവും ശാരീരികവുമായ അത്തരമൊരു ധ്യാനത്തിലേക്ക് പ്രവേശിക്കുമ്പോള്‍, തീര്‍ച്ചയായും ഗൗരവപ്പെട്ട ആലോചനകളുടെ സന്ദര്‍ഭംകൂടിയാണത്.
സമകാലിക സാര്‍വദേശീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ റമദാനിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ മുസ്‌ലിം സമൂഹമൊന്നടങ്കം, നേതൃത്വവും അനുയായികളുമുള്‍പ്പെടെ, നിശിതമായ ആത്മവിചാരണകള്‍ നടത്തേണ്ട സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ റമദാന്‍ സമാഗതമാവുന്നത്. മനുഷ്യസമൂഹത്തിന്റെ ഏകതയാണ് ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളിലൊന്നായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മനുഷ്യരെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കാനുള്ള ഒരു ചട്ടക്കൂട് എന്ന നിലക്കാണ് ഇസ്‌ലാം പ്രവാചകന്മാരുടെ കാലത്തും അതിനു ശേഷവും ചരിത്രത്തില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, മനുഷ്യസമുദായത്തെ മൊത്തം ഏകീകരിക്കാനുള്ള ശക്തിസ്രോതസ്സ് എന്ന നില പോകട്ടെ, മുസ്‌ലിം സമുദായത്തെതന്നെ ഒന്നിപ്പിക്കാനുള്ള അതിന്റെ ശേഷി വ്യാപകമായി ചോദ്യംചെയ്യപ്പെടുന്ന കാലമാണിത്. സലഫി, സുന്നി, ശിയാ, കുര്‍ദ്, അലവി, ഹൂഥി എന്നിങ്ങനെയെല്ലാമുള്ള വിഭജനങ്ങളും അതിനത്തെുടര്‍ന്നുള്ള രക്തം കുത്തിയൊലിക്കുന്ന സംഘര്‍ഷങ്ങളും മുസ്‌ലിം ഹൃദയഭൂമികളെ അസ്വസ്ഥഭരിതമാക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും അപകടകരമായ ദേശങ്ങളായി പ്രസ്തുത പ്രദേശങ്ങള്‍ മാറിക്കഴിഞ്ഞു. ആഗോള നാഗരിക, സാമ്പത്തിക ജീവിതങ്ങള്‍ക്ക് മേല്‍ വലിയ സ്വാധീനം ചെലുത്തുന്നവയാണ് ആ പ്രദേശങ്ങള്‍ എന്ന കാരണത്താല്‍തന്നെ പ്രസ്തുത സംഘര്‍ഷങ്ങള്‍ സാര്‍വദേശീയ മനുഷ്യജീവിതത്തത്തെന്നെ സ്വാധീനിക്കുന്നു. അതായത്, മനുഷ്യ നാഗരികതയത്തെന്നെ സന്ദിഗ്ധതയില്‍ പെടുത്തുന്ന വലിയ അപകടങ്ങളാണ് അവിടങ്ങളില്‍ നടക്കുന്നത്. നാഗരികതയുടെ വിളക്കുമാടങ്ങളായി ജ്വലിച്ചുനിന്നിരുന്ന ആ ദേശങ്ങള്‍ എങ്ങനെ ഏറ്റവും കെട്ട വാര്‍ത്തകളുടെ ഉറവിടങ്ങളായി മാറി? മനുഷ്യസമുദായത്തെ ഏകീകരിച്ച് സമാധാനപൂര്‍ണമായ ജീവിതം രൂപപ്പെടുത്താന്‍ ബാധ്യസ്ഥമായ ആളുകള്‍ എങ്ങനെ മനുഷ്യരെ നടുക്കുന്ന സംഘര്‍ഷങ്ങളുടെ നടത്തിപ്പുകാരായി? മഹാപണ്ഡിതരെയും ജനകീയ നേതാക്കളെയും കൂട്ട വധശിക്ഷക്ക് വിധേയമാക്കുന്ന തരത്തില്‍ മുസ്‌ലിംനാടുകള്‍ എങ്ങനെ ജനാധിപത്യവിരുദ്ധരായ സ്വേച്ഛാധിപതികളുടെ കൈകളില്‍ അമര്‍ന്നു? റമദാനിലേക്ക് പ്രവേശിക്കുമ്പോള്‍ മുസ്‌ലിം ജനസമൂഹം സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്. പരസ്പരം കുറ്റപ്പെടുത്തി ഉത്തരം കണ്ടെത്താവുന്നതല്ല മേല്‍ ചോദ്യങ്ങള്‍. ആത്മവിചാരണയുടെ കാലം എന്നാല്‍, പരസ്പരം കുറ്റപ്പെടുത്താനുള്ളതുമല്ല; മറിച്ച്, സ്വയം ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങളിലേക്ക് യാത്ര ആരംഭിക്കാനുള്ളതുമാണ്. ആ നിലയില്‍, ഒരു ജനസമൂഹമെന്ന നിലക്ക് മുസ്‌ലിംകളൊന്നടങ്കം പുതിയ ജീവിതങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട സന്ദര്‍ഭമാണിത്. ലോകത്തെ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള സമൂഹം, ലോകത്തെ ഏറ്റവും വലിയ ഊര്‍ജസ്രോതസ്സുകള്‍ കൈവശംവെച്ചിരിക്കുന്ന സമുദായം, ഉള്‍ക്കനമുള്ള ഒരു ദര്‍ശനത്തെ കൊണ്ടുനടക്കുന്ന സമുദായം എന്നെല്ലാമുള്ള നിലക്ക് അത്യന്തം ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള ഒരു ജനതയാണവര്‍. അവര്‍ തികഞ്ഞ ധ്യാനത്തിലേക്ക് പ്രവേശിക്കട്ടെ. സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ശരിക്കും ആലോചിക്കട്ടെ. പുതുവഴികള്‍ക്കായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ.
കടപ്പാട്: മാധ്യമം