വിശുദ്ധ റമദാന്‍ മാസത്തില്‍ ഓരോ സത്യവിശ്വാസിയും പ്രത്യേക ലക്ഷ്യം വെച്ച് നേടിയെടുക്കാന്‍ പരിശ്രമിക്കേണ്ട നാലു കാര്യങ്ങളാണുള്ളത്. നമ്മുടെ ജീവത റെക്കോര്‍ഡിന്റെ ശുദ്ധീകരണമാണ് അതില്‍ ഒന്നാമത്തേത്, നമ്മുടെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങുക എന്നതാണ് രണ്ടാമത്തേത്, റമദാനില്‍ അല്ലാഹു പ്രത്യേകം തെരഞ്ഞെടുക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാനുള്ള പ്രാര്‍ഥനയും പ്രവര്‍ത്തനവുമാണ് മൂന്നാമത്തേത്, അല്ലാഹുവുമായി കൂടുതല്‍ അടുക്കം വിധം ജീവിത ശീലങ്ങളെ മാറ്റിപ്പണിയുക എന്നതാണ് അവസാനത്തേത്.
ഈ നാലു കാര്യങ്ങളില്‍ രണ്ടാമത് പറഞ്ഞ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങുക എന്നതുമായി ബന്ധപ്പെട്ടാണ് ഇവിടെ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നത്. ഒരുപാട് ആവശ്യങ്ങളുള്ളവരാണ് നമ്മള്‍. പലര്‍ക്കും പല പ്രശ്‌നങ്ങളുണ്ട്, പുഞ്ചിരിക്കുന്ന മുഖത്തോടെ നാം കാണുന്ന പലരും പുകയുന്ന അഗ്നി പര്‍വതങ്ങളാണെന്ന് അവരുടെ ഉള്ളറിഞ്ഞാല്‍ ബോധ്യപ്പെടും. വിവര ദോഷികള്‍ തങ്ങളുടെ അസ്വസ്ഥതകള്‍ അവസാനിപ്പിക്കാന്‍ പലവഴികള്‍ തേടുന്നു. എന്നാല്‍ ഇസ്‌ലാം നിശ്ചയിച്ചു തന്ന വഴി പ്രാര്‍ഥനയാണ്. നോമ്പിനെ കുറിച്ച് പറയുന്നതിനിടയിലാണ് അല്ലാഹു പ്രാര്‍ഥനയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ പ്രാര്‍ഥനയും നോമ്പും തമ്മിലുള്ള ബന്ധം വ്യക്തമാകും. റമദാനില്‍ മനുഷ്യന്‍ അല്ലാഹുവുമായി കൂടുതല്‍ അടുക്കുന്നുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തി അല്ലാഹുവില്‍ നിന്നും നമ്മുടെ ആവശ്യങ്ങള്‍ നാം ചോദിച്ചു വാങ്ങണം. ‘നിങ്ങളുടെ റബ്ബ് നിങ്ങളോട് പറയുന്നു ; നിങ്ങളെന്നോട് പ്രാര്‍ഥിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും’ എന്ന് അല്ലാഹു നമുക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു.
പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കണമെങ്കില്‍ നാലു കാര്യങ്ങള്‍ ഉണ്ടാകുകയും നാലു കാര്യങ്ങള്‍ ഇല്ലാതിരിക്കുകയും വേണം. ഉണ്ടാകേണ്ട നാലു കാര്യങ്ങളില്‍ ഒന്നാമത്തേത് ആരോടാണ് ചോദിക്കുന്നത് അവനിലുള്ള അടിയുറച്ച വിശ്വാസമാണ്. വാഹനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ വഴിയരികില്‍ കാണുന്ന കല്ലില്‍ കൊത്തിയ പ്രതിമകള്‍ വിലപേശി വാങ്ങി വീട്ടില്‍ കൊണ്ടു പോയിവെച്ച് അതിനോട് സഹായം തേടുന്ന വിദ്യാസമ്പന്നരായ ആളുകളുണ്ട് സമൂഹത്തില്‍. എന്നാല്‍ വിശ്വാസി പ്രാര്‍ഥിക്കുന്നത് പ്രപഞ്ചങ്ങളെ എല്ലാം സൃഷ്ടിച്ച് അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവോടാണ്. ചോദിക്കാന്‍ പറ്റിയ കേന്ദ്രവും അവന്‍ തന്നെ. ചോദിക്കുന്ന കാര്യം നടന്നുകിട്ടണമെന്ന ആഗ്രഹത്തോടായിരിക്കണം പ്രാര്‍ഥന എന്നതാണ് രണ്ടാമത്തേ കാര്യം. ‘അല്ലാഹുവേ നീ ഉദ്ദേശിച്ചാല്‍ എനിക്ക് പൊറുത്ത് തരേണമേ’ എന്ന് പ്രാര്‍ഥിക്കരുതെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. പ്രാര്‍ഥനക്കുണ്ടായിരിക്കേണ്ട ഉണ്ടായിരിക്കേണ്ട മറ്റു ഘടകങ്ങള്‍ വിനയവും പ്രത്യാശവും ഭക്തിയും വിധേയത്തവുമാണ്.
തെറ്റുകുറ്റങ്ങള്‍ക്ക് വേണ്ടിയും കുടുംബ ബന്ധം മുറിക്കാന്‍ വേണ്ടിയും പ്രാര്‍ഥിക്കാന്‍ പാടില്ലെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, മോഷണം വെളിവാകുമെന്ന് വ്യക്തമായ വേളയില്‍ മോഷ്ടാവ് തന്റെ അഭിമാനം കാക്കാന്‍ വേണ്ടി പ്രാര്‍ഥിച്ചാല്‍ അത് അല്ലാഹു സ്വീകരിക്കില്ല, അതുപോലെ തന്റെ മകള്‍ക്ക് കല്യാണം ശരിയാകുന്നതിന് മുമ്പ് ബന്ധുവിന്റെ മകള്‍ക്ക് കല്യാണം ശരിയായാല്‍ അത് മുടങ്ങാന്‍ വേണ്ടി നടത്തുന്ന പ്രാര്‍ഥനയും അല്ലാഹു സ്വീകരിക്കില്ല. കുടുംബ ബന്ധം മുറിക്കുന്നയാളുമായി അല്ലാഹു ബന്ധം മുറിക്കുമെന്നും കുടുംബബന്ധം ചേര്‍ക്കുന്നവരുമായി അല്ലാഹു ബന്ധം ചേര്‍ക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. പ്രാര്‍ഥനയില്‍ ധൃതി പാടില്ല. രണ്ടോ മൂന്ന് തവണ പ്രാര്‍ഥിക്കുമ്പോഴേക്ക് ഉത്തരം കിട്ടണമെന്ന് കരുതുന്നത് ശരിയല്ല. അതുപോലെ അസംഭവ്യമായത് ചോദിക്കാനും പാടില്ല. എഴുത്തും വായനയും അറിയാത്ത വൃദ്ധന്‍ ഐ.എ.എസ് പോലുള്ള ഉന്നത സ്ഥാനങ്ങള്‍ ലഭിക്കണമെന്ന് പ്രാര്‍ഥിക്കുന്നത് അസംഭവ്യമാണല്ലോ.
ഉള്‍പ്പെടുത്തേണ്ട നാലുകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയും ഒഴിവാക്കേണ്ട നാലുകാര്യങ്ങള്‍ ഒഴിവാക്കിയും പ്രാര്‍ഥിക്കുന്നവന് മൂന്നില്‍ ഏതെങ്കിലുമൊരു രൂപത്തിലൂടെ ഉത്തരം ലഭിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. 1. അവന്‍ ചോദിച്ചത് അല്ലാഹു അവന് നല്‍കും. 2. അല്ലെങ്കില്‍ പ്രാര്‍ഥന സല്‍ക്കര്‍മ്മമായി രേഖപ്പെടുത്തി പരലോകത്ത് പ്രതിഫലം നല്‍കും. 3. അല്ലെങ്കില്‍ പ്രാര്‍ഥന വഴി മറ്റൊരു വിപത്ത് തട്ടിമാറ്റപ്പെടും. ഉദാഹരണത്തിന്, മക്കളില്ലാത്ത ദമ്പതികള്‍ മക്കളെ ചോദിച്ച് പ്രാര്‍ഥിക്കുന്നു, എന്നാല്‍ അവര്‍ക്ക് മക്കളുണ്ടായാലുള്ള അനര്‍ഥങ്ങള്‍ എന്തെല്ലാമെന്ന് അറിയുന്ന അല്ലാഹു അവര്‍ക്ക് മക്കളെ നല്‍കില്ല. അല്ലെങ്കില്‍ അല്ലാഹുവിന്റെ നേരത്തെയുള്ള വിധിപ്രകാരം അവര്‍ക്ക് സംഭവിച്ചേക്കാവുന്ന മറ്റെന്തെങ്കിലും വിപത്ത് അവരുടെ പ്രാര്‍ഥന ഫലമായി അല്ലാഹു തട്ടിമാറ്റുന്നു.
പ്രാര്‍ഥിക്കുന്നവര്‍ക്ക് ഉത്തരം നല്‍കാമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളതാണ്, അല്ലാഹു വാഗ്ദാനങ്ങള്‍ ലംഘിക്കുന്നവനല്ലല്ലോ. അതിനാല്‍ പ്രാര്‍ഥിക്കുന്ന കാര്യത്തില്‍ നാം പിശുക്ക് കാണിക്കരുത്. നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പറയില്‍ നിന്ന് എഴുന്നേറ്റ് വരുന്നവരാണ് സത്യവിശ്വാസികളെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. നമ്മുടെ ഏതേത് കാര്യവും അല്ലാഹുവോട് പ്രാര്‍ഥിക്കണം. ചെരുപ്പിന്റെ വാറ് പൊട്ടിയാല്‍ പോലും അല്ലാഹുവോട് പ്രാര്‍ഥിക്കണമെന്ന് പ്രവാചകന്‍ കല്‍പ്പിച്ചു. പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനകള്‍ പരിശോധിച്ചാല്‍ സകല കാര്യങ്ങള്‍ക്ക് വേണ്ടിയും പ്രവാചകന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് ബോധ്യമാകും.
‘നിങ്ങളുടെ പ്രാര്‍ഥന ഇല്ലായിരുന്നുവെങ്കില്‍ നാഥന്‍ നിങ്ങളെ വിലവെക്കുമായിരുന്നില്ലെ’ന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്. അതുകൊണ്ട് ആവശ്യങ്ങള്‍ അല്ലാഹുവോട് നിരന്തരം ചോദിക്കുക. തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്നതാണ് അല്ലാഹുവിന് ഏറെ ഇഷ്ടം. ഒരു ദാസന്‍ രണ്ടുകൈയ്യും നാഥനിലേക്ക് ഉയര്‍ത്തിയിട്ട് അതിനെ ശൂന്യമായി വിട്ടുപോകാന്‍ അല്ലാഹു ലജ്ജിക്കുന്നതായി ഹദീസില്‍ വന്നിട്ടുണ്ട്. നമ്മുടെ പ്രവര്‍ത്തന ക്ഷമമായ അവയവങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണമെന്ന് ഹദീസ് പഠിപ്പിക്കുന്നു. ചുരുക്കത്തില്‍ നഷ്ടമില്ലാത്ത കച്ചവടമാണ് പ്രാര്‍ഥന, അതുകൊണ്ട് പ്രാര്‍ഥന ജീവിതത്തിന്റെ ഭാഗമാക്കുക.