മനുഷ്യന് അല്ലാഹു അറിവും വിവേചനവും നല്‍കിയിരിക്കുന്നു. അവന് സ്വാതന്ത്ര്യവും ഈ പ്രപഞ്ചത്തിലെ സവിശേഷ സ്ഥാനവും അവന് വകവെച്ച് നല്‍കിയിരിക്കുന്നു. ഇതരസൃഷ്ടികളില്‍ നിന്ന് ഇത്രയധികം വ്യത്യസ്തനായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ജീവിതത്തിന് ഒരു ലക്ഷ്യബോധമുണ്ടായിരിക്കണമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കുകയും ആ ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന ഘടകം.
എന്നാല്‍ വര്‍ത്തമാന കാലത്തിലെ മനുഷ്യനെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ വൈരുദ്ധ്യം അവന് ലക്ഷ്യബോധമില്ലെന്നുള്ളതാണ്. ആറ്റിലകപ്പെട്ട ചപ്പുചവറുകള്‍ കണക്കെയും കാറ്റിലകപ്പെട്ട കരിയിലകള്‍ കണക്കെയും അവന്‍ അലക്ഷ്യമായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ തന്നെയും അവരുടെ ലക്ഷ്യങ്ങള്‍ വളരെ പരിമിതമാണ്. മാത്രമല്ല അത് ഐഹിക കേന്ദ്രീകൃതവുമാണ്. പലപ്പോഴും പരിമിതമായിട്ടുള്ള ആ ഐഹിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് മനുഷ്യന്‍ തന്റെ ജീവിതം തന്നെ കുരുതി കൊടുക്കുന്നതാണ് നാം കാണുന്നത്. മുസ്‌ലിം സമൂഹത്തിന്റെ കാര്യമെടുത്താല്‍ അവര്‍ക്ക് പൊതുവായ ഒരു ജീവിതലക്ഷ്യമില്ലെന്ന് മാത്രമല്ല മറ്റുള്ളവരുടെ ലക്ഷ്യമായി അവര്‍ മാറ്റപ്പെടുകയും ചെയ്യുന്നു എന്നതാണ് സമകാലിക മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യം.
ഖുര്‍ആനിക കാഴ്ച്ചപാടനുസരിച്ച് ഒരു വിശ്വാസിക്ക് രണ്ട് ലക്ഷ്യങ്ങളാണുണ്ടായിരിക്കേണ്ടത്. അതില്‍ ഒന്ന് ഐഹികമാണെങ്കില്‍ മറ്റൊന്ന് പാരത്രികമാണ്. അല്ലാഹു നല്‍കിയ ജീവിതദര്‍ശനമനുസരിച്ച് ജീവിക്കുമ്പോള്‍ വിശ്വാസിക്ക് ലഭിക്കുന്ന സമാധാനം ഈ ലോകത്തുടനീളം സംസ്ഥാപിക്കുക എന്നതാണ് ഐഹികമായ ലക്ഷ്യം. ദൈവിക ദീനിന്റെ സംസ്ഥാപനം എന്ന് നമുക്കതിനെ വിളിക്കാവുന്നതാണ്. ഐഹികമായ ഈ ലക്ഷ്യത്തിന്റെ പ്രത്യേകതയാണ് വളരെ വിദൂരമായ ലക്ഷ്യമാണതെന്നുള്ളത്. അതിന് നൂറ്റാണ്ടുകള്‍ തന്നെ വേണ്ടി വന്നേക്കും. എന്നാല്‍ അതിന് വേണ്ടി പണിയെടുക്കുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. അതില്‍ ഒപ്പമുള്ളവരുടെ അംഗസംഖ്യ കുറവാണെന്നതോ, അതില്‍ നമ്മെ കാത്തിരിക്കുന്നത് വിജയമാണോ പരാജയമാണോ എന്നതൊന്നും പ്രസക്തമല്ല. അങ്ങനെയൊരു പ്രസക്തിയുണ്ടായിരുന്നുവെങ്കില്‍ നീണ്ടു നിന്ന ആത്മത്യാഗത്തിന്റെ പ്രതീകമായി ഖുര്‍ആന്‍ നൂഹ് നബി(അ) നമുക്ക് പരിചയപ്പെടുത്തി തരുമായിരുന്നില്ല.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്യന്തികമായ അവന്റെ ജീവിതലക്ഷ്യം പാരത്രികമായ വിജയമാണ്. സ്വര്‍ഗമാകുന്ന ആ ലക്ഷ്യം വളരെ സമീപസ്ഥമാണെന്നതാണ് അതിന്റെ പ്രത്യേകത. മരണപ്പെടുന്നതോട് കൂടി തന്നെ അതിന്റെ ഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുമെന്നതിനാലാണത്. എന്നാല്‍ സമീപസ്ഥമാണെന്നതോടൊപ്പം തന്നെ ആശങ്കാത്മകവുമാണത്. ദീര്‍ഘകാലം അനിസ്‌ലാമിക രീതിയില്‍ ജീവിതം നയിച്ച് മരണപ്പെടുന്നത് മുസ്‌ലിമായിട്ടാണെങ്കില്‍ അവന് സ്വര്‍ഗം ലഭിക്കുന്നു. അപ്രകാരം ജീവിതത്തിലുടനീളം ഇസ്‌ലാമിന് വേണ്ടി സമര്‍പ്പിച്ച് മരണപ്പെടുന്നത് അനിസ്‌ലാമിക മാര്‍ഗത്തിലാണെങ്കില്‍ അവന് സ്വര്‍ഗം ചുണ്ടിനും കപ്പിനുമിടയില്‍ വെച്ച് നഷ്ടമാകുകയാണ്. അതിനെല്ലാം കാരണം മനുഷ്യന്റെ ഹൃദയമാണ്. ചിലപ്പോള്‍ ആര്‍ത്തിരമ്പുന്ന കടല്‍ പോലെ പ്രക്ഷുബ്ദമായിരിക്കുമത്. മറ്റുചിലപ്പോള്‍ തിരയൊഴിഞ്ഞ കടല്‍ പോലെ പ്രശാന്തവും. നന്മ തിന്മകള്‍ക്കിടയില്‍ സഞ്ചരിക്കാനുള്ള ശേഷിയുള്ളതാണ് മനുഷ്യഹൃദയം. മരത്തില്‍ കെട്ടിതൂക്കിയിരിക്കുന്ന തൂവലിനോടാണ് ഒരിക്കല്‍ പ്രവാചകന്‍(സ) ഹൃദയത്തെ ഉപമിച്ചിട്ടുള്ളതെന്ന് കാണാം.
മനുഷ്യന് രണ്ട് പാതകള്‍ നാം കാണിച്ചു കൊടുത്തു എന്ന് അല്ലാഹു പറയുന്നുണ്ട്. ആ രണ്ട് പാതയിലൂടെയും സഞ്ചരിക്കാനുള്ള ശേഷിയും അല്ലാഹു ഹൃദയത്തിന് നല്‍കിയിട്ടുണ്ട്. ആത്മാവിന്റെ വിളിക്കുത്തരം ചെയ്ത് ഒരാള്‍ക്ക് സഞ്ചരിക്കാമെന്നത് പോലെ തന്നെ ശരീരത്തിന്റെ ഇച്ഛകള്‍ക്കനുസരിച്ചും സഞ്ചരിക്കാം. മനുഷ്യനെ സൃഷ്ടിക്കാനുപയോഗിച്ച മണ്ണിനെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നത് അത് കറുത്തതും ചൂരടിക്കുന്നതുമാണെന്നാണ്. ഭൗമപദാര്‍ത്ഥങ്ങള്‍ കൂടിചേര്‍ന്ന് ചീഞ്ഞളിയുമ്പോഴാണ് മണ്ണ് കറുത്തതും ചൂരടിക്കുന്നതുമായി മാറുന്നത്. അതേ മണ്ണില്‍ നിന്നാണ് അല്ലാഹു കീടങ്ങളെ ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ മനുഷ്യന്‍ കേവലം ഒരു കീടമല്ല. അല്ലാഹു അവന്റെ ആത്മാവില്‍ നിന്നുള്ള അംശം അതിലേക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നു എന്നും ഖുര്‍ആന്‍ വിവരിക്കുന്നു. ഇങ്ങനെയുള്ള രണ്ട് ഘടകങ്ങളും മേളിക്കുന്നതാണ് മനുഷ്യന്‍. സ്വാഭാവികമായും മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട ശരീരം മനുഷ്യനെ നശ്വരമായ മണ്ണിലെ വിഭവങ്ങളിലേക്ക് വലിച്ചു താഴ്ത്തികൊണ്ടിരിക്കും. എന്നാല്‍ അവനില്‍ തന്നെയുള്ള ആത്മാവ് സ്വപ്‌നം കാണുന്നത് അന്വശ്വരമായ സ്വര്‍ഗീയ ജീവിതമാണ്. അത്തരമൊരു ആകാശാരോഹണത്തിന് മനുഷ്യനെയത് പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. മനുഷ്യന്റെ ആത്മാവും ശരീരവും തമ്മിലുള്ള ഒരു വടംവലിയാണ് അവന്റെ ജീവിതം. ആത്മാവിനെയും ശരീരത്തെയും സംഗീത സാന്ദ്രമായി സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ സാധിച്ചവന്‍ വിജയിച്ചു. അല്ലാത്തവന്‍ പരാജയപ്പെടുകയും ചെയ്തു. സ്വന്തത്തെ സംസ്‌കരിച്ചവന്‍ വിജയിക്കുകയും അതിനെ അവഗണിച്ചവന്‍ പരാജയപ്പെടുകയും ചെയ്തു എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
മനുഷ്യനെ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ദൗത്യം പ്രയാസമുള്ളതാണ്. അതിനാലാണ് മറ്റ് സൃഷ്ടികള്‍ അതേറ്റെടുക്കാന്‍ വിസമ്മതിച്ചത്. അല്ലാഹു പറയുന്നു: (അല്‍-അഹ്‌സാബ്: 72)
കാലഘട്ടത്തെയും സാഹചര്യത്തെയും പഴിചാരി കൊണ്ടുള്ള അഴകൊഴമ്പന്‍ നിലപാടാണ് പലപ്പോഴും നാം സ്വീകരിക്കാറുള്ളത്. എന്നാല്‍ നമ്മുടെ ചുറ്റുപാടും സാഹചര്യവും നമ്മുടെ തന്നെ ചെയ്തികളും സംസാരവും സംസ്‌കാരവുമാണ്. അതുകൊണ്ട് ചുറ്റുപാട് മലീമസമാണ്, സാഹചര്യം പ്രതികൂലമാണ് എന്നൊക്കെ ന്യായം കണ്ടെത്തി ഈ കാലഘട്ടത്തില്‍ ഇങ്ങനെ ജീവിക്കാനേ സാധിക്കൂ എന്ന നിലപാടിലാണ് നാം മുന്നോട്ടു പോകുന്നതെങ്കില്‍ നിലവിലുള്ള സാഹചര്യത്തെ നിലനിര്‍ത്താനും പുനരുല്‍പാദിപ്പിക്കാനുമാണ് നാം ശ്രമിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും പുതിയ പാതകള്‍ വെട്ടിത്തെളിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമാണ് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്.
അല്ലാഹു നമ്മെ ക്ഷണിക്കുന്നത് വിജയത്തിന്റെ പാരമ്യത്തിലേക്കാണെന്നും പിശാച് ക്ഷണിക്കുന്നത് അധര്‍മത്തിന്റെ പാതാളത്തിലേക്കാണെന്നതും കൃത്യമായി തിരിച്ചറിവുള്ള സമൂഹമാണ് നമ്മള്‍. എന്നിട്ടും നാം പലപ്പോഴും തെരെഞ്ഞെടുക്കുന്നത് പൈശാചിക പാതകളാണ്. സ്വേച്ഛകള്‍ക്കനുസരിച്ചുള്ള ജീവിതമാണ് നാം നയിക്കുന്നത് എന്നതാണതിന് കാരണം. ആ സ്വേച്ഛകളുടെ നിയന്ത്രണമാണ് റമദാന്‍ മാസം മുന്നോട്ടു വെക്കുന്നത്. മാറണമെന്ന് ആഗ്രഹമുണ്ട് എന്നാല്‍ കഴിയുന്നില്ല എന്ന് പലരും സങ്കടം പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ നോമ്പെടുക്കുന്നവരാണെങ്കില്‍ ആ സങ്കടം പറച്ചിലിന് യാതൊരുവിധ പ്രസക്തിയുമില്ല. എന്തും ഒഴിവാക്കാനാകും എന്ന പരിശീലനമാണ് നോമ്പിലൂടെ ലഭിക്കുന്നത്. നോമ്പിലൂടെ ലക്ഷ്യമാക്കുന്ന ആത്മാവിന്റെ സംസ്‌കരണം മുന്നില്‍ കണ്ട് അതിനനുസരിച്ച് ജീവിതം ക്രമീകരിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. പിശാചിന്റെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വളരെയധികം മാര്‍ക്കറ്റുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പിശാചും ഈ കമ്പോള വിജയത്തില്‍ സന്തുഷ്ടനാണ്. എന്നാല്‍ പിശാചും നിരാശനാകുന്ന ചില ഘട്ടങ്ങളുണ്ടാവാറുണ്ട്. അത്തരമൊരു ഘട്ടമാണ് ആത്മീയ നിര്‍ഭരമായ റമദാനിലെ സന്ദര്‍ഭം. അവന്റെ അസ്വസ്ഥകളെയും നിരാശയെയും സ്ഥായിയായി നിലനിര്‍ത്താന്‍ കഴിയുമ്പോഴാണ് നമ്മുടെ റമദാന്‍ സാര്‍ഥകമായി തീരുന്നത്.