നോമ്പ് നമ്മുടെ ജീവിതത്തില്‍ പലവിധത്തിലുളള സ്വാധീനങ്ങളുണ്ടാക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രവാചകന്‍ പഠിപ്പിച്ച നമ്മുടെ നാവിന്റെ നിയന്ത്രണം. പൊളിവാക്കും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഒഴിവാക്കത്തവന്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കിയത് കൊണ്ട് കാര്യമില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. സമാനമായ ആശയങ്ങള്‍ മറ്റു ചില ഹദീസുകളിലും വന്നിട്ടുണ്ട്.
ഇസ്‌ലാമിലെ എല്ലാ ആരാധനാ കര്‍മ്മങ്ങളും സ്വീകാര്യയോഗ്യമാകണമെങ്കില്‍ നാവിന്റെ നിയന്ത്രണം അനിവാര്യമാണ്. നമസ്‌കാരത്തില്‍ അതുമായി ബന്ധപ്പെട്ടതല്ലാത്ത വാക്കുകള്‍ ഉച്ചരിക്കാന്‍ പാടില്ല. ‘ദാനധര്‍മ്മങ്ങല്‍ എടുത്ത് പറഞ്ഞും അവരെ ദ്രോഹിച്ചും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങള്‍ പാഴാക്കരുതെന്ന്’ വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. നാവിനെ നിയന്ത്രിച്ചില്ലെങ്കില്‍ നോമ്പ് പോലെതന്നെ സകാത്തും പാഴായിപ്പോകുമെന്നാണിവിടെ പഠിപ്പിക്കുന്നത്. ഹജ്ജിനെ കുറിച്ച് പറഞ്ഞപ്പോള്‍ ‘അശ്ലീലതയും മ്ലേഛതയും പോലെ തര്‍ക്കവിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഹജ്ജില്‍ അരുതാത്തതാണെന്ന്’ വിശുദ്ധ ഖുര്‍ആന്‍ ഊന്നിപ്പറയുന്നു.
നമ്മുടെ ജീവിതത്തില്‍ മിക്കവാറും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത് നാവാണെന്നത് കൊണ്ടാണ് നാവിന്റെ നിയന്ത്രണത്തിന് ഇത്രയേറെ പ്രാധാന്യം ഇസ്‌ലാം നല്‍കിയത്. ‘ആയുധം കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങിപ്പോയാലും നാവ് ഏല്‍പ്പിക്കുന്ന മുറിവ് ഉണങ്ങുകയില്ല’ എന്ന ആശയത്തിലുള്ള ആപ്തവാക്യങ്ങള്‍ എല്ലാ ഭാഷകളിലും കാണാന്‍ സാധിക്കും. നമസ്‌കാരം ഉള്‍പ്പെടെയുള്ള ആരാധനാ കര്‍മ്മങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പാണ് നാവുമായി ബന്ധപ്പെട്ട ചില കുറ്റകൃത്യങ്ങളെ ഖുര്‍ആന്‍ നിരോധിച്ചിട്ടുള്ളത്. ‘കുത്തുവാക്ക് പറയുകയും ആളുകളെ അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക് നാശം’ (അല്‍ ഹുമസ 1), ‘അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്. അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍. നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി. ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും.’ (അല്‍ഖലം 10-13) എന്നീ സൂക്തങ്ങള്‍ അവതീര്‍ണമാകുമ്പോള്‍ നോമ്പോ നമസ്‌കാരമോ സകാത്തോ നിര്‍ബന്ധമായിരുന്നില്ല.
പിന്നീട്, ഇസ്‌ലാമിക സംസ്‌കാരത്തിലേക്ക് ആളുകളെ നയിച്ചുകൊണ്ടിരുന്ന പ്രവാചകന്റെ മദീനാ ജീവിതത്തിലും ഇതുപോലുള്ള നിരവധി സൂക്തങ്ങള്‍ കാണാനാകും. സത്യവിശ്വാസികളെയും വിശ്വാസിനികളെയും അഭിസംബോധന ചെയ്ത് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : ‘സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്റെ പേരുപയോഗിക്കുന്നത് എത്ര നീചം!ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍. വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക.’ (അല്‍ ഹുജുറാത് 11,12). ‘പച്ചമാംസം തിന്നുക’ എന്നതു പോലെയുള്ള അതിരൂക്ഷമായ പ്രയോഗങ്ങള്‍ ഖുര്‍ആന്‍ അപൂര്‍വമായേ നടത്തിയിട്ടുള്ളൂ. നാവിന്റെ വിപത്തിനെ കുറിച്ച് ബോധ്യപ്പെടുത്താനാണ് ഖുര്‍ആന്‍ ഇത്ര രൂക്ഷമായ ഭാഷ പ്രയോഗിച്ചത്.
മനുഷ്യരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന എല്ലാ വര്‍ത്തമാനങ്ങളും പ്രവാചകനും ഖുര്‍ആനും കണിശമായി വിലക്കിയതായി ഇതിലൂടെ നമുക്ക് ബോധ്യപ്പെടും. റമദാന്‍ നമ്മെ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു പാഠവും അതാണ്. പ്രശസ്ത അറേബ്യന്‍ സാഹിത്യകാരന്‍ ത്വാഹാ ഹുസൈന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ സൂചിപ്പിക്കുന്ന ഒരു അനുഭവമുണ്ട്. കണ്ണ് കാണാത്ത അദ്ദേഹം ഒരു ദിവസം മത പാഠശാലയില്‍ സ്ഥാനം മാറിയിരുന്നു. ക്ലാസ്സിലെത്തിയ അധ്യാപകന്‍ ‘ഇന്ന് നമ്മുടെ കണ്ണുപൊട്ടിനില്ലേ’ എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ ചിരിച്ചു. കുട്ടിയായിരിക്കെ മതാധ്യാപകനില്‍ നിന്നും സഹവിദ്യാര്‍ഥികളില്‍ നിന്നുമുണ്ടായ ഈ അനുഭവം ത്വാഹാ ഹുസൈനെ മതവിരുദ്ധനാക്കി മാറ്റുന്നതില്‍ വരെ പങ്കുവഹിച്ചതായി അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്ന് ബോധ്യമാകും.
മാതാപിതാക്കളുമായുള്ള പെരുമാറ്റത്തിന്റെ കാര്യത്തില്‍ ‘അവര്‍ക്ക് അലോസരമുണ്ടാക്കുന്ന ഒരക്ഷരം പോലും ഉരിയാടരുതെന്ന്’ ഖുര്‍ആന്‍ ശാസന നല്‍കുന്നുണ്ട്. ഇതും നമ്മെ അഗാധമായി സ്വാധീനിക്കേണ്ടതാണ്. പലപ്പോഴും കൂട്ടുകുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അനാവശ്യമായ വാക്കുകളാണ്. അതുകൊണ്ട് പ്രവാചകന്‍ നിര്‍ദ്ദേശിച്ചത് പോലെ ‘നല്ലത് പറയാനും അല്ലെങ്കില്‍ മിണ്ടാതിരിക്കാനും’ നമുക്ക് സാധിക്കണം. സ്വന്തത്തെ നിയന്ത്രിക്കാനുള്ള ഒരു ശിക്ഷണം നാം നേടിയെടുക്കേണ്ടതുണ്ട്. റമദാന്‍ നമുക്ക് നല്‍കുന്ന അതിമഹത്തായ പാഠങ്ങളില്‍ പെട്ടതാണത്.