‘നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോത്സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ, ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു.’ (ആലുഇംറാന്‍: 133-134)
അതില്‍ ഒന്നാമതായി പറയുന്നത് അവര്‍ ക്ഷാമത്തിലും ക്ഷേമത്തിലും സമ്പത്ത് ചെലവഴിക്കുന്നവരായിരിക്കും എന്നതാണ്. സമ്പത്ത് എവിടെ നിന്ന് സമ്പാദിച്ചു എവിടെ ചെലവഴിച്ചു എന്നതിനെ കുറിച്ച് പരലോകത്ത് ഓരോരുത്തരും മറുപടി പറയേണ്ടി വരും. നമ്മുടെ തഖ്‌വയെ അളക്കുമ്പോള്‍ സമ്പത്തിനോടുള്ള സമീപനം വളരെ പ്രധാനമാണ്. ദാരിദ്ര്യത്തിന്റെ അവസ്ഥയിലും സമ്പത്ത് ചെലവഴിക്കുക എന്നത് നമ്മുടെ സ്വഭാവമായി മാറണം. മുത്തഖികളുടെ ഈ ഗുണങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്ന കാര്യമാണ് ഈ ഗുണങ്ങളെല്ലാം ഒരാളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നുള്ളത്. നമ്മെ കുറിച്ച് മറ്റുള്ളവര്‍ എന്ത് ധരിക്കുന്നു എന്നതാണ് നമ്മുടെ വ്യക്തിത്വം. ആ വ്യക്തിത്വത്തില്‍ ഏറ്റവും പ്രധാനമാണ് സാമ്പത്തിക രംഗം.
ദേഷ്യം വരുമ്പോള്‍ അതിനെ അടക്കി നിര്‍ത്തുകയെന്നതാണ് രണ്ടാമത്തെ ഗുണം. മനുഷ്യന്റെ വ്യക്തിത്വവുമായ ബന്ധപ്പെട്ട കാര്യം തന്നയൊണിതും. ദേഷ്യം പിടിക്കാവുന്ന സന്ദര്‍ഭത്തില്‍ മനോഹരമായി ക്ഷമിക്കാന്‍ കഴിയുന്ന ഒരാളെ ആളുകള്‍ ഇഷ്ടപ്പെടും. നാം അനുഷ്ഠിച്ച നോമ്പുകളിലൂടെ നമുക്കതിന് സാധിച്ചിട്ടുണ്ടോ എന്ന് നാം വിലയിരുത്തേണ്ടതുണ്ട്. നാം നേടിയ വിദ്യാഭ്യാസമോ പദവികളോ സമ്പത്തോ ഒന്നുമല്ല നമ്മെ കുറിച്ച ആളുകളുടെ അഭിപ്രായം രൂപപ്പെടുത്തുന്നത്. മറിച്ച് നാം എങ്ങനെ പെരുമാറുന്നു എന്നതാണ് അവര്‍ പരിഗണിക്കുക. അതുകൊണ്ട് തന്നെ നമ്മുടെ ദേഷ്യത്തെയും കോപത്തെയും നിയന്ത്രിക്കാനുള്ള ഒരു പരിശീലനം കൂടിയായി ഈ റമദാന്‍ മാറേണ്ടതുണ്ട്.
മൂന്നാമത്തെ അടയാളമായി ഖുര്‍ആന്‍ പറയുന്നത് ജനങ്ങളോട് വിട്ടുവീഴ്ച്ച കാണിക്കുക എന്നതാണ്. മുസ്‌ലിംകളോട് വിട്ടുവീഴ്ച്ച ചെയ്യുക എന്ന് പ്രയോഗിക്കാതെ മുഴുവന്‍ ജനങ്ങള്‍ക്കും വിട്ടുവീഴ്ച്ച ചെയ്യാനാണ് സൂക്തം ആവശ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരം ഗുണങ്ങളെല്ലാം നമുക്ക് ആവശ്യമായി വരുന്നത്. പല പ്രകൃതക്കാരുമായി ഇടപെടേണ്ടി വരുമ്പോള്‍ നാം പ്രതീക്ഷിക്കാത്ത പല അനുഭവങ്ങളും നേരിടേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയുക എന്നത് തഖ്‌വയുടെ അടയാളമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അതിന്റെ ഏറ്റവും മികച്ച മാതൃകകള്‍ നമുക്ക് പ്രവാചകന്‍(സ)യുടെ ജീവിതത്തില്‍ നമുക്ക് കാണാം. താഇഫില്‍ നിന്ന് ഏറുകൊണ്ട് കാലില്‍ നിന്ന് രക്തമൊലിക്കുമ്പോഴും ആ ജനതക്ക് വിട്ടുവീഴ്ച്ച ചെയ്യുകയാണ് ചെയ്തത്. മക്കാ വിജയവേളയില്‍ എതിരാളികളോട് സ്വീകരിച്ച സമീപനത്തിലും വിട്ടുവീഴ്ച്ചയുടെ മഹത്തായ പാഠം തന്നെയാണ് പ്രകടമാവുന്നത്. പ്രവാചകന്‍(സ) വിട്ടുവീഴ്ച്ചാപരമായ സമീപനങ്ങള്‍ ആളുകളെ ഇസ്‌ലാമിലേക്ക് അടുപ്പിക്കുന്നതിന് കാരണമായി എന്നാണ് ചരിത്രം പറഞ്ഞുതരുന്നത്.
തഖ്‌വയുടെ അടയാളമായി അല്ലാഹു പരിചയപ്പെടുത്തി ഈ ഗുണങ്ങള്‍ നേടിയവര്‍ ജനങ്ങള്‍ക്കിടയിലും സ്വീകാര്യനും പ്രിയങ്കരരുമായി മാറും. ഇങ്ങനെയുള്ള തഖ്‌വ നേടിയെടുക്കാനാണ് ഓരോ വെള്ളിയാഴ്ച്ചയും വിശ്വാസികള്‍ ഉണര്‍ത്തപ്പെടുന്നത്. നാം കേള്‍ക്കുന്ന തഖ്‌വ കൊണ്ടുള്ള ഉപദേശങ്ങളും അനുഷ്ഠിക്കുന്ന നോമ്പും ഈ ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ നമ്മെ സഹായിക്കുന്നില്ലെങ്കില്‍ നമ്മുടെ സ്വര്‍ഗമാണത് നഷ്ടപ്പെടുത്തുകയെന്ന് ഓര്‍ക്കുക. കാരണം മുത്തഖികള്‍ക്കായി ഒരുക്കി വെച്ചിരിക്കുന്നതാണ് സ്വര്‍ഗം.