നോമ്പുമായി ബന്ധപ്പെട്ട് ഏറെ പരാമര്‍ശിക്കപ്പെടാറുള്ളത് തഖ്‌വയെ കുറിച്ചാണ്. നമസ്‌കാരത്തില്‍ തഖ്‌വ ലഭിക്കുന്നതിന് പ്രവാചകന്‍ നിര്‍ദ്ദേശിച്ച മാര്‍ഗം അവസാനത്തെ നമാസ്‌കാരമാണെന്ന ചിന്തയോടെ നമസ്‌കരിക്കുക എന്നാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന നോമ്പുമായി ബന്ധപ്പെട്ടും ഈ കാര്യം അതിലേറെ പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട പരിശോധന നമ്മുടെ ഉള്ളില്‍ നിരന്തരം നടക്കണം.
‘ദാഹം മാറി, ഞരമ്പുകള്‍ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലവും ഉറപ്പായി’ എന്ന് പ്രവാചകന്‍ നോമ്പു മുറിക്കുമ്പോള്‍ പറയാറുണ്ടായിരുന്നു. ഇതിലെ ആദ്യവാചകങ്ങള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതോടെ നമുക്ക് പറയാവുന്നതാണെങ്കിലും അതിലെ അവസാന വാചകം അത്ര എളുപ്പത്തില്‍ നമുക്ക് പറയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. പ്രവാചകന്‍ ഓരോ നോമ്പും തഖ്‌വയുമായി തട്ടിച്ചുനോക്കാറുണ്ടായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.
വിശുദ്ധ ഖുര്‍ആന്‍ രണ്ടു തരം തഖ്‌വയെ പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന് വെറുതെ കിട്ടുന്ന തഖ്‌വയാണ്. ‘ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി. അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും. തീര്‍ച്ചയായും അത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.’ തഖ്‌വയും ഫുജൂറും (ധര്‍മ്മവും അധര്‍മ്മവും) മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു എല്ലാ മനുഷ്യര്‍ക്കും നല്‍കിയിട്ടുണ്ട്. ധാര്‍മികതയും സംസ്‌കാരവും വലിയ പണിയെടുത്തുണ്ടാക്കുകയാണെന്ന് നാം വിചാരിക്കുന്നു. എന്നാല്‍ നാം പണിയെടുത്തുണ്ടാക്കുന്ന പല ധാര്‍മ്മിക ഗുണങ്ങളും ഒണു പണിയും എടുക്കാതെ തന്നെ പാലിക്കുന്ന പലരും ഭൂമിയിലുണ്ട്. അന്തമാനിലെ ജര്‍വകളെ പോലുള്ള ആദിവാസി വിഭാഗങ്ങള്‍. പൂര്‍ണ നഗ്നരായി നടക്കുന്ന ഇവര്‍ക്കിടയില്‍ ബലാത്സംഗങ്ങള്‍ ഒട്ടും ഇല്ല. ഇത്തരം ധാര്‍മ്മിക ഗുണങ്ങളൊന്നും ഇവരെ ആരും പഠിപ്പിച്ചതല്ല. പിന്നെയെങ്ങനെയുണ്ടായി? ഇതാണ് അല്ലാഹു സൂചിപ്പിച്ച തഖ്‌വയുടെയും ഫുജൂറിന്റെയും ഇല്‍ഹാം. ഈ ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കുമ്പോഴാണ് മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്. മനുഷ്യന്റെ ജീവിതം തന്നെ നിലനില്‍ക്കാന്‍ ആവശ്യമായ ഈ തഖ്‌വയെയാണ് നാം ധാര്‍മ്മികത എന്ന പേരിട്ട് വിളിക്കുന്നത്.
ഭൗതിക താല്‍പര്യങ്ങളില്‍ വശംവദനായി ഈ ധാര്‍മ്മികത മനുഷ്യന്‍ നഷ്ടപ്പെടുത്തി കളയും. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച്, അവനോട് കൂടുതല്‍ അടുത്ത് ആരാധനകളിലൂടെയും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചും ആ തഖ്‌വ തിരിച്ചു പിടിക്കുക എന്നതാണ് വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്‍മാരിലൂടെയും അല്ലാഹു നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. ധാര്‍മ്മികത മനുഷ്യന് അല്ലാഹു നല്‍കിയ ഇല്‍ഹാമാണ്, അത് അവന്റെ പ്രകൃതിപരയമായ സ്വഭാവമുമാണ്. എന്നാല്‍ ഈ തഖ്‌വ മനുഷ്യനില്‍ ഉറച്ചു നില്‍ക്കണമെങ്കില്‍ ഒരു ശക്തമായ തീരുമാനമെടുത്ത് അതില്‍ അടിയുറച്ച് നില്‍ക്കാനുള്ള കരുത്ത് മനുഷ്യനില്‍ ഉണ്ടാകേണ്ടതുണ്ട്. അഥവാ നമ്മുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തഖ്‌വ നിലനില്‍ക്കുന്നത്.
ഈ മനക്കരുത്ത് നമുക്ക് സംഭാവന ചെയ്യുന്നു എന്നതാണ് നോമ്പിന്റെ പ്രധാനപ്പെട്ട വശം. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഭോഗത്തിനും യാതൊരു തടസ്സവുമില്ലാതിരിക്കെ അതെല്ലാം നാം ഒഴിവാക്കുന്നത് അല്ലാഹു വിലക്കിയത് കൊണ്ട് മാത്രമാണ്. ശരീരത്തിന്റെ അവശതകളെല്ലാം മാറ്റിവെച്ച് അല്ലാഹു പറഞ്ഞിടത്ത് ഉറച്ചു നില്‍ക്കും എന്ന തീരുമാനം എടുക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുന്നു നോമ്പ്. നോമ്പിനെ കുറിച്ചുള്ള വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശം അവസാനിപ്പിക്കുന്നത് ‘നിങ്ങള്‍ ധനം അന്യായമായി തിന്നരുതെന്നും കുറ്റകരമായി മറ്റുള്ളവരുടെ മുതല്‍ കൈവശപ്പെടുത്താന്‍ കള്ളക്കേസ് കൊടുക്കരുതെന്നും’ ആവശ്യപ്പെട്ടു കൊണ്ടാണ്. പ്രത്യക്ഷത്തില്‍ നോമ്പുമായി യാതൊരു ബന്ധവുമില്ലെങ്കിലും നോമ്പിലൂടെ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ധാര്‍മികതയിലേക്കാണ് ഈ സൂക്തം വിരല്‍ ചൂണ്ടുന്നത്. സാമ്പത്തിക രംഗത്ത് പുലര്‍ത്തേണ്ട വിശുദ്ധിയുടെ കാര്യത്തില്‍ നാം എത്രമാത്രം സൂക്ഷ്മത പുലര്‍ത്തുന്നുണ്ട് എന്ന് റമദാനില്‍ പ്രത്യേകം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട് എന്നും ഈ സൂക്തം സൂചന നല്‍കുന്നു. ഇപ്രകാരം നിത്യജീവിതത്തില്‍ നാം പുലര്‍ത്തേണ്ട തഖ്‌വ നമ്മളില്‍ വളര്‍ത്താന്‍ ഏറ്റം ഉപകരിക്കുന്ന ഒരു ആരാധന കര്‍മ്മമാണ് നോമ്പ്. ആ അര്‍ഥത്തില്‍ ഫലപ്രദമായി നോമ്പ് അനുഷ്ഠിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.