മനുഷ്യനില്‍ ത്യജിക്കാനുള്ള കഴിവ് വളര്‍ത്തുന്ന മാസമാണ് റമദാന്‍. എല്ലാം ത്യജിക്കാനുള്ള ഒരു പരിശീലനത്തിന്റെ പശ്ചാത്തലമൊരുക്കുകയാണ് റമദാന്‍ ചെയ്യുന്നത്. സമ്പത്ത്, കുടുംബം, നാട്, വീട് അങ്ങനെ വിലപ്പെട്ടതെന്ന് നാം കരുതുന്ന പലതിനെയും ത്യജിച്ചതിന്റെ ഐതിഹാസികമായ ചരിത്രങ്ങള്‍ ഇസ്‌ലാമില്‍ ധാരാളമുണ്ട്. വിശ്വാസികള്‍ക്ക് തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവേശം നല്‍കുന്ന ചരിത്രങ്ങളാണത്.
എന്നാല്‍ ത്യാഗമെന്നത് വലിയ ഐതിഹാസികമായ സംഭവങ്ങളില്‍ മാത്രം ആവശ്യപ്പെടുന്ന ഒന്നല്ല. സ്വന്തം അഭിമാനമെന്നത് മനുഷ്യര്‍ക്ക് ഏറെ വിലപ്പെട്ടതാണ്. അഭിമാനം ത്യജിക്കാന്‍ മനുഷ്യന്‍ തയ്യാറാകാറില്ല. ഒരര്‍ഥത്തില്‍ അത് ശരിയായ നിലപാടാണ്. കാരണം, അഭിമാന സംരക്ഷണം ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. എന്നാല്‍ അഭിമാനത്തെ പോലും അല്ലാഹു വിലയായി ചോദിച്ച സന്ദര്‍ഭങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. സൂറത്ത് അഹ്‌സാബിലെ പ്രധാന പ്രമേയങ്ങളിലൊന്നായ സൈദ്-സൈനബ് വിവാഹമോചനവും, സൈനബിനെ പ്രവാചകന്‍ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത് വ്യക്തമാകും. (സൂക്തം 37). പ്രവാചകന്റെ ദത്തുപുത്രനായ സൈദ് (റ) ഭാര്യയായ സൈനബിനെ വിവാഹമോചനം ചെയ്താല്‍ അവരെ താന്‍ വിവാഹം കഴിക്കേണ്ടി വരുമെന്ന ബോധ്യം പ്രവാചകനുണ്ടായിരുന്നു. ദത്തുപുത്രനെ സ്വന്തം പുത്രനെ പോലെ കണ്ടിരുന്ന അറേബ്യന്‍ സാഹചര്യത്തില്‍ ദത്തുപുത്രന്‍ വിവാഹമോചനം നടത്തിയ സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെ സമൂഹത്തിലുണ്ടായേക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പ്രവാചകന് നല്ല ബോധ്യമുണ്ടായിരുന്നു. മകന്‍ വിവാഹം മോചനം ചെയ്ത സ്ത്രീയെ കല്യാണം കഴിച്ചതുപോലെയാണ് അതിനെ സമൂഹം വിലയിരുത്തുക. ഇത് വലിയ നാണക്കേടാണെന്ന് പ്രവാചകനറിയാമായിരുന്നു, പ്രത്യേകിച്ച് മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഒരു സമൂഹത്തില്‍. ഈയൊരു പ്രയാസം പ്രവാചകന്‍ ശരിക്കും അനുഭവിച്ചിരുന്നു. അതിനാല്‍ അവരുടെ വിവാഹ ബന്ധം നിലനിര്‍ത്താന്‍ പ്രവാചകന്‍ ശ്രമിച്ചു.
എന്നാല്‍ പ്രവാചകന്‍ ഇങ്ങനെ പ്രയാസമനുഭവിക്കാന്‍ കാരണം, ജനങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണെന്നും ജനങ്ങളെയല്ല അല്ലാഹുവിനെയാണ് ഭയപ്പെടേണ്ടതെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഈ വിഷയത്തില്‍ പ്രവാചകനോട് അല്ലാഹു വിലയായി ചോദിച്ചത് അദ്ദേഹത്തിന്റെ സല്‍പ്പേരായിരുന്നു എന്ന് അലീ ശരീഅത്തി Women in Heart of Prophet എന്ന തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. എല്ലാ മഹാന്മാരില്‍ നിന്നും അല്ലാഹു ബലി വാങ്ങിയിട്ടുണ്ട്. പ്രവാചകന്‍ ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ മകനെയാണ് അല്ലാഹു ബലിയായി ചോദിച്ചത്. എന്നാല്‍ പ്രവാചകനോട് അല്ലാഹു ചോദിച്ചത് സ്വന്തം സമൂഹത്തില്‍ തനിക്കുള്ള സല്‍പേരാണ്. നമ്മള്‍ ത്യജിക്കാന്‍ മടികാണിക്കുന്ന സല്‍പേര് പോലും ചിലപ്പോള്‍ ബലി നല്‍കേണ്ടി വരുമെന്ന പാഠമാണ് ഇവിടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതൊരു പാഠമാണ്. സംഘടനയുടെ ആവശ്യം ന്യായമാണെങ്കിലും തന്റെ സല്‍പ്പേരിനും അന്തസ്സിനും കോട്ടം തട്ടിക്കുമെന്ന കാരണത്താല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നവരെ കൂടിയാണ് ഈ സൂക്തം കൈകാര്യം ചെയ്യുന്നത്.
സൂറത്ത് മര്‍യമില്‍ അവരുടെ ഗര്‍ഭധാരണവും പ്രസവവും തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങളും പരിശോധിച്ചാല്‍ ഇതിന്റെ മറ്റൊരു ചിത്രം വ്യക്തമാകും. പ്രത്യേകിച്ച് ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍. എന്നാല്‍ ഈ പ്രയാസങ്ങളെയെല്ലാം അല്ലാഹുവിന്റെ സഹായത്താല്‍ ആ മഹതി മറികടക്കുന്നതിന്റെ വാഗ്മയ ചിത്രങ്ങള്‍ ഖുര്‍ആനില്‍ കാണാന്‍ സാധിക്കും.
അപ്പോള്‍ ത്യജിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആരോരും അറിയാതെ നമ്മള്‍ നടത്തിയ ത്യാഗങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ സ്ഥാനമുണ്ട്. ഗുഹയില്‍ അകപ്പെട്ട മൂന്ന് പേരുടെ ചരിത്രം വിവരിച്ചുതന്നതിലൂടെ പ്രവാചകന്‍ അത് നമ്മെ പഠിപ്പിക്കുകയായിരുന്നു. പ്രതിസന്ധിയുടെ ആ ഘട്ടത്തില്‍ രക്ഷതേടി അവര്‍ മൂന്ന് പേരും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് അവരുടെ വളരെ സ്വകാര്യമായ ത്യാഗങ്ങള്‍ മുന്‍നിര്‍ത്തിയാണ്. യെര്‍മൂക്ക് യുദ്ധത്തില്‍ പരിക്കുപറ്റി മരണാസന്നരായ മൂന്ന് സ്വഹാബികള്‍ അവസാനമായി ലഭിച്ച വെള്ളം അപരന്ന് വേണ്ടി ത്യജിച്ച ത്യാഗപൂര്‍ണമായ ചരിത്രവും നമുക്കറിയാം.
ഇങ്ങനെ ത്യജിക്കാനുള്ള കഴിവാണ് നമ്മെ അസാധാരണ വ്യക്തിത്വങ്ങളാക്കി മാറ്റുന്നത്. ഭക്ഷണവും വെള്ളവും പകലിലെ ലൈംഗികതയെയും മറ്റു പലതിനെയും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതിലൂടെ ത്യജിക്കാനുള്ള ഈ കഴിവ് നേടിയെടുക്കാനാണ് റമദാന്‍ നമ്മെ പഠിപ്പിക്കുന്നത്. ഇങ്ങനെ മനുഷ്യനെ ഒരു ശരാശരി മൃഗത്തില്‍ നിന്ന് സാംസ്‌കാരിക ഔന്നത്യമുള്ള മഹാമനുഷ്യനിലേക്ക് ഉയര്‍ത്താനുള്ള പ്രാപ്തിയാണ് റമദാന്‍ നമുക്ക് നല്‍കുന്നത്.